നൈർമല്യം ~ ഭാഗം 03 ~ എഴുത്ത് : NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഹലോന്നു വിറച്ച് കൊണ്ട് പറയുമ്പോഴേക്കും അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു

ഇപ്പോ സമാധാനായോ ചിറ്റേടെ കുട്ടിക്ക്

സമാധാനായോന്നു ചോദിച്ചാ സമ്മതാന്നു പറഞ്ഞ് വേറെ ഒന്നും പറയാതെ ഫോൺ വെച്ചു

ന്റെ കുട്ടീ അവനങ്ങനെ തന്നെയാ…വല്ല തെരക്കും കാണും ചെലപ്പോ വിളിച്ചാ എട്ക്ക പോലും ചെയ്യില്ല.സമയം കിട്ടുമ്പോ തിരിച്ച് വിളിക്കും

ആവോ….അർജുവേട്ടനോട് ഇത് വരെ ഫോണിൽ സംസാരിച്ചിട്ടില്ല.ഫോണിൽ പോയിട്ട് ആള് നേരിട്ട് ശരിക്ക് സംസാരിച്ചിട്ടില്ല.ചിറ്റ ഫോണിൽ സംസാരിക്കുമ്പോ അടുത്ത് പോയിരുന്നു കേൾക്കാറ്ണ്ട്.ചിറ്റ ചെറിയ ചെറിയ കാര്യങ്ങൾ പോലും പറയുമ്പോ ആൾക്ക് ഞാനൊഴിച്ച് എല്ലാം വിഷയമാവും.

എന്താ കുട്ടി ഇങ്ങനെ ചിന്തിച്ചുകൂട്ടണത്.എന്റെ മോന്റെ കൈ പിടിച്ച് ഈ വീട്ടിൽ തന്നെ അമ്മാളു ജീവിക്കും.എന്റെയും നാദേട്ടന്റെയും ആഗ്രഹാ അത്.മറ്റൊന്നും ചിന്തിക്കണ്ട ന്റെ കുട്ടി…ഇനി അർജുന്റെ ഇഷ്ടാനിഷ്ടങ്ങളൊക്കെ നോക്കേണ്ടത് മോളാ.

ചിറ്റയുടെ ചുമലിൽ തലവെച്ചിരുന്നു.

ഇനി മോൾക്ക് വല്ല ഇഷ്ടക്കേടുണ്ടോ.ഉണ്ടേൽ പറയണംട്ടോ…

ഇഷ്ടക്കേടോ…എനിക്കോ…ഇഷ്ടം മാത്രേ ഉള്ളൂ…ഇഷ്ടംന്നു പറഞ്ഞാ പ്രാണനിൽ തുളച്ചു കയറിയ ഇഷ്ടം….തിരിച്ച് കിട്ടിയത് അവഗണനയും ദേഷ്യവുമായിട്ട് കൂടി…….ആ വെറുപ്പും ദേഷ്യവും കലർന്ന നോട്ടത്തെ പോലും ഒരു നിമിഷം പ്രണയിച്ചു പോയിട്ടുണ്ട്….തൂണിന്റെയും മറ്റും മറവിൽ നിന്ന് നോക്കി നിന്നിട്ടുണ്ട്….പണ്ട് അർജുവേട്ടന്റെ നിഴലിനോട് എന്റെ നിഴൽ ചേർത്ത് വെക്കാൻ നോക്കും പക്ഷെ അപ്പോഴേക്കും അർജുവേട്ടൻ മാറി പോവും

ഇല്ലയെന്ന് തലയാട്ടുക മാത്രം ചെയ്തു.

എന്തിനാ കുട്ടിയേ ഇങ്ങനെ കഷ്ടപെടണത്.ഞാൻ സന്ധ്യക്ക് മൊട്ട് പറച്ചു തന്നതല്ലേ..

അത് തികഞ്ഞില്ല വാസുമാമേ…

മുല്ലപ്പൂ കഷ്ടപ്പെട്ട് കാലുകളുയർത്തി എത്തി പറിക്കുന്നതിനിടയിൽ പറഞ്ഞു.

ഇനി ഈ കഷ്ടപ്പാടൊന്നും വേണ്ടല്ലോ.കല്യാണപ്പെണ്ണായില്ലേ.നിശ്ചയം കഴിഞ്ഞ പിന്നെ മുല്ല മാല കണ്ണനു ചാർത്താൻ പാടില്ലാട്ടോ.കല്യാണം വരെ മാല ചാർത്താംന്ന നേർച്ച.

മുല്ലപ്പൂ പറിച്ച് എന്റെ കയ്യിൽ തന്നു കൊണ്ട് വാസുമാമ പറഞ്ഞു.

ഒന്നു പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.

ഈ ഞായറാഴ്ച നിശ്ചയം നടത്താന്നാ മൂത്തോര് പറയണത്.അർജു വെള്ളിയാഴ്ച വൈകുന്നേരം എത്തും.

ദിവസങ്ങളുടെ കണക്കെടുത്ത് കൊണ്ട് വാസുമാമ പറഞ്ഞു.

അടക്കളയിലെത്തിയപ്പോ സാവിത്രിയമ്മയ്ക്ക് പറയാനുള്ളതും കല്യാണത്തെ പറ്റി തന്നെ.

മുല്ലപ്പൂക്കളെടുത്ത് അതിൽ കെട്ടുകൾ ഇട്ടുകൊണ്ടിരിക്കെ സന്തോഷത്തിന്റെ അത്ര തന്നെ ചോദ്യങ്ങളും മനസിൽ അലയടിക്കുന്നു .ഇഷ്ടത്തോടെ ആയിരിക്ക്വോ അർജുവേട്ടൻ കല്യാണത്തിനു സമ്മതിച്ചത് .

അമ്പലത്തിലെത്തിയപ്പോൾ എല്ലാർക്കോം വേണ്ടി പ്രാർത്ഥിച്ച കൂട്ടത്തിൽ എനിക്കായ് വേണ്ടി അത് മാത്രമേ പ്രാർത്ഥിച്ചുള്ളൂ

ആരോ അടുത്ത് നിൽക്കുന്നു എന്ന് തോന്നി കണ്ണു തുറന്നു.അടുത്ത് നിന്ന് വിഷ്ണുവേട്ടൻ ശ്രീകോവിലിൽ നോക്കി കണ്ണടച്ച് നിന്ന് പ്രാർത്ഥിക്കുന്നു. ശല്യപ്പെടുത്താതെ യക്ഷീടെ പ്രതിഷ്ടയ്ക്കടുത്തേക്ക് പോയി.ഷാരടീടെയോ വിഷ്ണുവേട്ടന്റെയോ പതിവ് സംസാരത്തിന് ഇട നൽകാതെ പറ്റാവുന്നത്ര വേഗത്തിൽ ആ അമ്പല നട ഇറങ്ങി.അർജുവേട്ടനെ കണ്ടാൽ മാത്രം തീരുന്ന ആശങ്ക അത് തീരാതെ മനസ് ശരിയാവുകയോ ആരോടെങ്കിലും ചിരിച്ച് സംസാരിക്കാനോ പറ്റില്ല.അതാണ് ആ ഒഴിഞ്ഞ് മാറ്റത്തിന് കാരണം.ഇടയ്ക്ക് ഒരു ദിവസം വിഷ്ണുവേട്ടൻ സംസാരിക്കാൻ വന്നപ്പോൾ രണ്ട് വാക്കിൽ മറുപടി ഒതുക്കി.അങ്ങോട്ട് ഒരു ചോദ്യവും ചോദിച്ചതുമില്ല

വെള്ളിയാഴ്ച രാവിലെ ഉണർന്നത് തൊട്ട് വല്ലാത്ത വെപ്രാളം.ചെയ്യുന്ന കാര്യങ്ങളിലെല്ലാം അത് കാണാനുണ്ട്.മാല കെട്ടൽ ശ്രമകരമായി തോന്നി.കുറേ പൂക്കൾ കെട്ടുന്നത് തെറെറിയിട്ട് ചതഞ്ഞ പോലെ ആയി.ഒരേ കാര്യം തന്നെ രണ്ടു വട്ടമൊക്കെ സാവിത്രിയമ്മയോടും ചിറ്റയോടും ചോദിച്ചു.അച്ഛന്റെ കസേരക്കൈയിൽ തല വെച്ചിരിക്കുമ്പോൾ കസേരകൈയിലെ പിടുത്തത്തിന്റെ മുറുക്കം കൂടി.എന്റെ വെപ്രാളം കണ്ട് ചിറ്റയും സാവിത്രിയമ്മയും പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

കണ്ണന്റെ മുന്നിൽ നിന്ന് നിൽക്കുമ്പോൾ പ്രാർത്ഥിക്കാനുണ്ടായിരുന്നത് ആളിന്റെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം തരണേന്നായിരുന്നു.

തൃപ്താ….

ചുറ്റമ്പലത്തിൽ നിന്നും ഇറങ്ങുമ്പോൾ വിഷ്ണുവേട്ടൻ പിറകിൽ നിന്നും വിളിച്ചു. സത്യത്തിൽ ഞാൻ കണ്ടിരുന്നു വിഷ്ണുവേട്ടനെ.കണ്ടിട്ടും കാണാത്ത പോലെ നടന്നതാണ്

അമ്മാളു….കല്യാണം ഒറപ്പിച്ചല്ലേ.നാദനെ കണ്ടപ്പോ പറഞ്ഞു.ഒരു സദ്യ തരായ്.അർജു എപ്പോഴാ വരണേ

ഷാരടി വഴിപാട് കൗണ്ടറിന്റെ അടുത്തൂന്ന് വിളിച്ച് ചോദിക്കുന്ന കേട്ടാണ് വിഷ്ണുവേട്ടൻ അടുത്തേക്ക് വന്നത്.

ഇന്ന് വൈകുന്നേരം

ഷാരടിക്ക് മറുപടി കൊടുത്ത് വിഷ്ണുവേട്ടനെ നോക്കുമ്പോ അത്ഭുതത്തിൽ എന്നെ നോക്കി നിക്കുന്നു.

തൃപ്തയുടെ കല്യാണം ഒറപ്പിച്ചോ…

മുഖത്തെ അത്ഭുതം ചോദ്യത്തിലും ഉണ്ടായിരുന്നു

ഉവ്വ്…

ആരാ ആള്…..അർജുവാണോ

അതേന്നു തലയാട്ടി.എന്റെ മുഖത്ത് നിന്ന് കണ്ണുമാറ്റാതെ വിഷ്ണുവേട്ടൻ നിന്നു.

അതാണോ ഇത്രയും ദിവസം ഒഴിഞ്ഞുമാറി നടന്നത്

ഹേയ് അതൊന്നു അല്ല.എന്തൊക്കെയോ ഓർത്ത് ടെൻഷനിലായിരുന്നു

പിന്നെ ഒരു ചോദ്യ്ങ്ങളൊന്നും ഉണ്ടായില്ല.

പതിയെ പതിയെ അമ്പല നട ഇറങ്ങുമ്പോ വിഷ്ണുവേട്ടൻ ഒന്നു നോക്കുക കൂടി ചെയ്യാതെ എന്നെ കടന്ന് പോയി.

ചിറ്റ അർജുവേട്ടന്റെ ഇഷ്ട വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്.അവ്ടെ ചുറ്റിപ്പറ്റി ഞാനും നിന്നു.അർജുവേട്ടന്റെ ഓരോ ഇഷ്ടങ്ങളെ പറ്റിയും ചിറ്റ വാചാലയാവുന്നു.എന്നെ പോലെ ചിറ്റയ്ക്കും ഉണ്ട് വെപ്രാളം.എങ്കിലും എല്ലാം ആസ്വദിച്ചാണ് ചെയ്യുന്നത്.ഇടക്ക് സ്വാദ് നോക്കാൻ സാവിത്രിയമ്മയ്ക്കും എനിക്കും തരും.ഉപ്പ് കറക്ടാണോ മധുരം കറക്ടാണോന്നു ചോദിക്കും.ഞങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് ഓരോന്ന് ചേർക്കും.ഇടക്ക് പാകം നോക്കാനായി ചിറ്റ തന്നെ രുചിച്ച് നോക്കും.

അമ്മാളൂ….ദേ …അർജു വന്നു.

ചിറ്റയുടെ ഉത്സാഹത്തോടെ ഉള്ള ശബ്ദം കേട്ടതും ശരീരത്തിൽ ഒരു വിറയൽ ബാധിച്ചു.കാലുകൾക്ക് ഭാരം പോലെ.എങ്ങനെയൊക്കെയോ ഏന്തി തൂണിന്റെ മറവിൽ നിന്നു.അച്ഛനോടും വാസുമാമയോടും സംസാരിച്ചു നിക്കുന്ന അർജുവേട്ടന്റെ മുഖഭാവം പഠിക്കുകയായിരുന്നു ഞാൻ.എവിടെ എങ്കിലും അനിഷ്ടംണ്ടോന്നു നോക്കി.സാധാരണയിൽ കവിഞ്ഞ് ഒരു ഗൗരവം നിക്കുന്നില്ലേന്നു സംശയം.എന്നെ കണ്ടിട്ടും കാണാതെ പോവുന്നതാണോന്നറിയില്ല ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കാതെ മുറിയിലേക്ക് പോയി.കുറേ സമയം വെറുതേ പോവുന്നത് നോക്കി നിന്നു.

അടുക്കളയിൽ ചിറ്റ വാ തോരാതെ സംസാരിക്കുന്നുണ്ട്.അർജുവേട്ടൻ മെലിഞ്ഞതെ പറ്റിയൊക്കെയാണ്.കൂടെ ചായയ്ക്കുള്ള പലഹാരവും എടുത്ത് വെക്കുന്നുണ്ട്.

ചായ കുടിച്ചു കൊണ്ട് സംസാരിക്കുന്ന അർജുവേട്ടനെ തൂണിന്റെ മറവിൽ നിന്നും നോക്കി നിന്നു.എന്റെ നേരെ കണ്ണുകൾ പായ്ച്ചതും തിരിഞ്ഞ് തൂണിനെ ചാരി നിന്ന് നാവിൻ തുമ്പൊന്നു കടിച്ചു.കുറച്ച് കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ ആള് അവിടെ ഉണ്ടായിരുന്നില്ല.കുറച്ച് നേരം അവിടെ തന്നെ നിന്നു.പിന്നെ മുന്നിൽ പോവാതെ അടുക്കളയിലും മുറിയിലുമൊക്കെ നിന്നു സമയം കളഞ്ഞു

രാത്രി അച്ഛൻ വിളിക്കാൻ പറഞ്ഞിട്ട് ധൈര്യം സംഭരിച്ച് ഏട്ടന്റെ റൂമിലേക്ക് പോയി.അവിടെ കാണാഞ്ഞ് ചിറ്റേടെ റൂമിലേക്ക് പോയി .

അമ്മയ്ക്കെന്താ ആ ചട്ടുകാലി പെണ്ണിനെ എന്റെ തലയിൽ കെട്ടി വെക്കണംന്നു നിർബന്ധം.

അർജൂ…

ചിറ്റയുടെ ദേഷ്യത്തിലുള്ള വിളിയിൽ അർജുവേട്ടൻ പറഞ്ഞു വരുന്നതൊന്നു നിർത്തി.അത് കേട്ട് വാതിക്കൽ തറഞ്ഞു നിന്നുപോയി

അമ്മേ…എന്താമ്മേ എന്നെ മനസിലാക്കാതെ…അവളുടെ ജീവിതം..സുരക്ഷ ഇത് മാത്രണോ അമ്മയ്ക്ക് ഇംപോർട്ടന്റ്..എന്റെ ഇഷ്ടം…എന്റെ ജീവിതം..അതൊന്നും എന്താ അമ്മ ചിന്തിക്കാതെ

നിർത്ത് അർജു.നിന്നോട് മുന്നേ പറഞ്ഞത് തന്നെയാ ഇപ്പോഴും പറയുന്നേ…ഞാൻ ജീവിച്ചിരിപ്പുണ്ടേൽ ഈ കല്യാണം നടത്തും.ഇല്ലേ ഞാൻ മരിച്ചൂന്നാ അർത്ഥം.നിന്നെ പോലെ തന്നെയാ എനിക്ക് അമ്മാളുവും

അമ്മയോട് ഞാൻ പറഞ്ഞതല്ലേ എനിക്ക്….

അത് മുഴുവിക്കുമ്പോഴേക്കും ധാവണിയിൽ മുറുകെ പിടിച്ച് കണ്ണു നിറച്ച് നിക്കണ എന്നെ കണ്ട് അർജുവേട്ടൻ സംസാരം നിർത്തി.എന്നിട്ട് എന്നെ ദേഷ്യത്തിൽ നോക്കീട്ട് പുറത്തേക്ക് പോയി

തുടരും…