അവൾ പറഞ്ഞു തീർത്ത വാചകങ്ങളിലൂടെ അയാൾ ഒന്ന് കൂടി പാഞ്ഞു. കൂടെ കിടക്കുന്ന സ്വന്തം ഭാര്യയെ പ്രാപിക്കാൻ മൃഗമാകേണ്ടി വരുകയോ….

ആദ്യ രാത്രിയിലെ പ്രതികാരം

എഴുത്ത്: സമീർ ചെങ്ങമ്പള്ളി

സമയം 10 മണി കഴിഞ്ഞു. ഒരു പകൽ മുഴുവൻ നീണ്ടു നിന്ന കല്യാണ ആഘോഷങ്ങൾ അവസാനിച്ചു. ബന്ധുക്കളും നാട്ടുകാരും ചില കൊച്ചുവർത്തമാനങ്ങൾക്ക് ശേഷം പിരിഞ്ഞു പോയി. ഒരു പകൽപ്പൂരത്തിന്റെ അവശേഷിപ്പു പോലെ ഇനിയും അഴിച്ചു വെച്ചിട്ടില്ലാത്ത കല്യാണ പന്തൽ മാത്രം ബാക്കിയായി.

കയ്യിൽ ഒരു ഗ്ലാസ് പാലുമായി അവൾ ആ മണിയറയിലേക് കാലെടുത്തുവെച്ചു. അവളുടെ വരവിനെ ഒട്ടും ഗൗനിക്കാതെ അവൻ മൊബൈൽ ഫോണിൽ ആരോടെക്കെയോ ചാറ്റ് ചെയ്യുകയായിരുന്നു.അവൾ ആ ഗ്ലാസ് തൊട്ടടുത്ത ടേബിളിൽ വെച്ചു.പിന്നെ അവന്റെ ശ്രദ്ധയെ ആകർഷിക്കാൻ ചെറുതായൊന്നു ചുമച്ചു.അവൻ തിരിഞ്ഞു നോക്കി.പക്ഷെ,അവന്റെ മുഖത്തു യാതൊരു ഭാവ മാറ്റവും ഉണ്ടായില്ല.അവൻ വീണ്ടും തന്റെ പഴയ പ്രവർത്തിയിൽ തന്നെ മുഴുകി.

”പാല്…???”

”ഞാൻ കിടക്കുമ്പോൾ പാൽ കഴിക്കാറില്ല”

”പിന്നെ ഈ സൗന്ദര്യത്തിന്റെ രഹസ്യം??”

ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്ന അവൻ അവളുടെ മുഖത്തേക്ക് നോക്കി അവിശ്വസനീയതയോടെ പുഞ്ചിരിച്ചു.

”നീ ആള് കൊള്ളാല്ലോ..??..നല്ല സോപ്പിങ്ങാണല്ലോ??”

”ഏയ്..ഞാനോ??…ഞാനൊന്ന് ചോദിച്ചാൽ നിങ്ങൾ സത്യം പറയുമോ??”

”ചോദ്യം പോലിരിക്കും??”

”അന്നത്തെ ആ സംഭവം നടന്നത് ആരും കണ്ടില്ലായിരുന്നുവെങ്കിൽ നിങ്ങൾ എന്നെ വിവാഹം കഴിക്കുമായിരുന്നോ???”

”ഒരിക്കലുമില്ല…എനിക്ക് എന്റെ ഡാഡി നല്ല കുടുംബത്തിൽ നിന്ന് വേറെ വിവാഹം റെഡി ആക്കിയതാ..അപ്പോഴല്ലേ നീ നാട്ടുകാരേം കൂട്ടി വന്നേ..ഇയാളെന്നെ ബലാത്സംഗം ചെയ്തു എന്നും പറഞ്…ആ തെണ്ടി ചെത്തുകാരൻ അത് കണ്ടില്ലായിരുന്നുവെങ്കിൽ എനിക്ക് നിന്നെ പോലൊരു ഗതിയില്ലാത്തവളെ കെട്ടേണ്ടി വരില്ലായിരുന്നു…my bad luck …”

”ശെരിയാ ഞാൻ ഗതിയില്ലാത്തവളാണ്…പാവപെട്ടവളാണ്…പക്ഷെ,ചില സ്വപ്‌നങ്ങൾ എനിക്കും ഉണ്ടായിരുന്നു….സുമുഖനും സൽസ്വഭാവിയുമായ ഒരു ചെറുപ്പക്കാരനെ…അവൻ എന്നെയും എന്റെ കുടുംബത്തെയും കണ്ണിലെ കൃഷ്ണമണിപോലെ നോക്കുന്ന നാളുകളെ കുറിച്ച്..ഒടുവിൽ ഒരു മകനില്ലാത്ത ദുഃഖഭാരം പേറി നടന്നിരുന്ന എന്റെ അച്ഛനും അമ്മയും അവനിലൂടെ നിർവൃതി അണയുന്ന ആ നിമിഷങ്ങളെ കുറിച്ച്…പക്ഷെ,എല്ലാം നിങ്ങൾ തട്ടിത്തെറിപ്പിച്ചു…ഓർമ്മയുണ്ടോ….ജോലി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന എന്നെ മദ്യ ലഹരിയിലായിരുന്ന നിങ്ങൾ ആ തെങ്ങിൻ തോപ്പിൽ വെച്ച് ആക്രമിച്ചത്.ഒന്ന് പ്രതികരിക്കാൻ പോലും ശേഷിയില്ലാത്ത വിധം എന്നെ പിച്ചിച്ചീന്താൻ തുടങ്ങിയത്.നിങ്ങൾക്കറിയോ എന്റെ ദുർവിധിയെ ഓർത്തു ഹൃദയം പൊട്ടിയാണ് എന്റെ അച്ഛൻ മരിച്ചത്.. എന്നിട്ട് എത്ര നിസ്സാരമായി നിങ്ങൾ പറഞ്ഞു കളയുന്നു…ഞാൻ ഗതിയില്ലാത്തവളാണെന്ന്.”

”എന്നിട്ടെന്താ അതിന് പകരം നിന്നെ ഞാൻ വിവാഹം കഴിച്ചില്ലേ…നീ ഇപ്പോൾ എന്റെ ഭാര്യ അല്ലെ..??”

”ഹും ഭാര്യ….”

അവളുടെ വാക്കുകൾ മുറിഞ്ഞു.ഒരല്പ സമയത്തെ മൗനത്തിന് ശേഷം അവൾ തുടർന്നു.

”ഇന്ന് ഇങ്ങനെ ഇരുന്നാൽ മതിയോ…ഉറങ്ങണ്ടേ..??”

”(ഒരു കള്ള ചിരിയോടെ) നിനക്കപ്പോഴേക്കും ധൃതി ആയല്ലേ..??”

”സത്യത്തിൽ നിങ്ങൾക്കിപ്പോ എന്നോട് തോന്നുന്നത് വെറും കാമം മാത്രമാണോ….ഒരൽപം പോലും സ്നേഹമില്ല ??”

”സംശയമെന്ത്..??..വെറും കാമം മാത്രം…??”

”ആണോ…??”

”ആണ്…”

”എന്നാൽ നമുക്ക് തുടങ്ങാം…ആദ്യം ഈ കട്ടിൽ ഇവിടെനിന്ന് മാറ്റി ഈ ചുമരിനോട് ചാരി വെക്കണം…എന്നാൽ കുറച്ചു കൂടി സ്പേസ് കിട്ടും ”

‘അതെന്തിന്…??”

”പറയാം….. ഞാൻ അന്നത്തെപ്പോലെ നിങ്ങളുടെ മുന്നിലൂടെ പേടിച്ചരണ്ടമുഖവുമായി നടക്കും.അപ്പോൾ നിങ്ങളെന്നെ പിറകെ നിന്ന് കടന്നു പിടിക്കണം…ഞാൻ കുതറി ഓടാൻ ശ്രമിക്കുമ്പോൾ നിങ്ങൾ എന്നെ വലിച്ചു കൊണ്ടുപോയി ആ കിടക്കയിലേക്ക് തള്ളിയിടണം…പിന്നെ എന്നെ ബലാത്സംഗം ചെയ്യണം..”

”സത്യം പറയെടി…നിനക്ക് ഭ്രാന്തുണ്ടോ..??”

”പിന്നെ നിങ്ങളെന്നെ കുറിച്ച് എന്താണ് കരുതിയത് …നിങ്ങൾക്ക് ഭോഗിക്കാൻ തോന്നുമ്പൊഴാല്ലാം ശരീരം സമർപ്പിക്കാൻ തയ്യാറാകുന്ന ഭാര്യയാണ് ഞാനെന്നോ…നിങ്ങളെ ഞാൻ ഒരു ഭർത്താവ് പോയിട്ട് ഒരു മനുഷ്യനായിട്ട് പോലും കരുതിയിട്ടില്ല…..ആഗ്രഹം തോന്നുമ്പോഴെല്ലാം തന്റെ ഇരയെ ആക്രമിച്ചു കിഴ്പ്പെടുത്തി ഭോഗ സുഖം അനുഭവിക്കുന്ന മൃഗം മാത്രമാണ് നിങ്ങൾ ..,നിങ്ങളിൽ ആഗ്രഹം ജനിക്കുമ്പോഴെല്ലാം നമ്രമുഖിയായി നാണത്തോടെ ശരീരം സമർപ്പിക്കുന്ന ഭാര്യയായിട്ട് നിങ്ങളെന്നെ ഒരിക്കലും പ്രതീക്ഷിക്കരുത്…അത്കൊണ്ട് എപ്പോഴല്ലാം നിങ്ങളിൽ വികാരം ജനിക്കുന്നുവോ അപ്പോഴെല്ലാം നിങ്ങൾക്കൊരു മൃഗത്തിന്റെ വേഷം കെട്ടേണ്ടി വരും???”

അവളുടെ വാക്കുകൾക്ക് മുന്നിൽ പ്രതിരോധമില്ലാതെ അവൻ കുഴങ്ങി.അവൾ പറഞ്ഞു തീർത്ത വാചകങ്ങളിലൂടെ അയാൾ ഒന്ന് കൂടി പാഞ്ഞു. കൂടെ കിടക്കുന്ന സ്വന്തം ഭാര്യയെ പ്രാപിക്കാൻ മൃഗമാകേണ്ടി വരുകയോ….എന്തൊരു അപഹാസ്യമാണ് തന്റെ ജന്മം

കുറ്റബോധവും അപകർഷതാ ബോധവും അയാളെ കീഴ്‌പ്പെടുത്തി കളഞ്ഞിരുന്നു. മനസ്സ് നിറയെ അസ്വസ്ഥതകൾ കൊണ്ട് മൂടിയ അയാൾക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.

പിറ്റേന്ന് രാവിലെ കണ്ണ് തുറന്ന അവൾ കണ്ടത് അവനിലെ പുതിയ മനുഷ്യനെയായിരുന്നു. മനോഹരമായ ഒരു പുഞ്ചിരിയിലൂടെ അവളുടെ പ്രഭാതത്തെ സ്വാഗതം ചെയ്തു.

”നീ ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഞാൻ വീണ്ടും വീണ്ടും ഓർത്തുപോയി.ഞാൻ ചെയ്തത് ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റാണെന്നെനിക്കറിയാം. പക്ഷെ,ഞാനിന്നൊരു പുതിയ മനുഷ്യനാണ്.നീ എന്നോട് അൽപ്പം കരുണ കാണിക്കണം…എന്റെ തെറ്റുകളെല്ലാം ക്ഷമിക്കണം ..എനിക്കുറപ്പുണ്ട് എനിക്ക് നല്ല ഭർത്താവാകാൻ കഴിയും ”

പിന്നെ,അവൻ തന്റെ കയ്യിലുണ്ടായിരുന്ന സിന്ദൂരം അവളുടെ നെറ്റിയിൽ ചാർത്തി.

മറുപടിയൊന്നും പറയാതെ അവൾ അവനിൽ നിന്നും മാറി നടന്നു. അവളിൽ നിന്നും ഒരു നോട്ടത്തെ പ്രതീക്ഷിച്ച് ക്ഷമയോടെ അവൻ നിന്നു.

കുറേകൂടി മുന്നോട് നടന്ന അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.

അവൾ തന്റെ കൈകൾ പതിയെ ഉയർത്തി.പിന്നെ…..അവൻ ചാർത്തിയ ആ സിന്ദൂരം നിസ്സാരഭാവത്തിൽ മായ്ച്ചു കളഞ്ഞു.അവളുടെ കണ്ണുകളിലെ ആ തീക്ഷണത കൂടുതൽ ശക്തിയായതുപോലെ.അവൾ പറഞ്ഞു:

”പക്ഷെ, മരിക്കും വരെ എനിക്ക് നിങ്ങളോട് ക്ഷമിക്കാൻ കഴിയില്ല’’