കാരണം കൺകണ്ട ദൈവങ്ങളിൽ അവന്റെയുള്ളിൽ ആകെ പേടിയുള്ള ദൈവം, അവന് അക്ഷരങ്ങൾ ചൊല്ലി കൊടുത്ത ഗുരുക്കൻമാർ ആയിരുന്നു…

എഴുത്ത്: ആദർശ് മോഹനൻ

അവൻ നാടിനും വീടിനും ഗുണമില്ലാത്ത ആർക്കും ഉപകാരമില്ലാത്ത ജോലിയും കൂലിയും ഇല്ലാതെ തേരാപ്പാരാ തെണ്ടി നടക്കുന്നവനായിരുന്നു , ബന്ധുക്കളുടെ ഉപദേശങ്ങൾക്കും മുതിർന്നവരുടെ ശാസനക്കു മുൻപിലും ഒപ്പം പഠിച്ചവരുടെ കളിയാക്കുന്നവരുടെ വാക്കുകൾക്കും മുൻപിൽ പല്ലിളിച്ചു മുണ്ട് മടക്കി കുത്തി കേൾക്കാത്ത ഭാവം നടക്കുന്നവൻ ഒരു കുരുത്തം കെട്ടവൻ, ആരുടെ വാക്കും വകവെയ്ക്കാത്തവൻ………………..

അവനെ അമ്മ വാ തോരാതെ വഴക്ക് പറഞ്ഞു, വിശക്കുന്നമ്മേ എന്ന ഒറ്റ വാക്കിലവനമ്മയെ തളച്ചു, ഊണ് മേശയിലിരുന്ന വെള്ളരിച്ചോറും കറിയും മൂക്ക് മുട്ടെ വാരി വലിച്ചു കേറ്റി മുണ്ടും മടക്കി കുത്തി അമ്മയുടെ സാരിത്തലപ്പിൽ മുഖം തുടച്ചു തല ഉയർത്തിപ്പിടിച്ചുകൊണ്ട് അമ്മക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഉമ്മറത്തേക്ക് പോയി………………….

ഉമ്മറത്തെത്തിയപ്പോൾ അച്ഛനവനെ വഴക്ക് പറഞ്ഞു, അച്ഛന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ തന്നെയവൻ മുഴുവനുമത് കേട്ടു തീർത്തു, ഒരക്ഷരം തിരിച്ചു പറഞ്ഞില്ല, എല്ലാം കേട്ടു കേട്ടില്ലെന്ന മട്ടിൽ മുഖത്ത് ഭാവവ്യത്യാസമില്ലാതെയവൻ ദഹിച്ച കുത്തരിചോറിനോടൊരൽപ്പം ബഹുമാനമെന്നോണം നീട്ടിയൊരു ഏമ്പക്കം വിട്ടു, മുണ്ട് മടക്കിക്കുത്തിയവൻ ഉയർത്തി പിടിച്ച ശിരസ്സോടെ സുഹൃത്തുക്കളോടൊപ്പം സർക്കീട്ടിനായി പുറത്തേക്ക് പോയി…………..

കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞു നിൽക്കുമ്പോളും ഇടയ്ക്കിടെയവൻ മുണ്ട് മുറുക്കെ മടക്കി കുത്തി മീശ കൂട്ടി പിരിച്ചു വഴിയരികിൽ നിന്നുകൊണ്ടവൻ സൗഹൃദം പങ്കിടുകയായിരുന്നു

അകലെ നിന്നും മധ്യവയസ്കയായ ഒരു സ്ത്രീ രൂപം ആ സഭക്ക് നേരെ നേരെ നടന്നു വരുന്നത് പോലെ തോന്നി

അടുത്തേക്ക് അടുക്കും തോറും ആ മുഖം പരിചിതമാണെന്നവന് തോന്നി

ആ സ്ത്രീ ഓരോ ചുവടും മുൻപോട്ട് വെക്കുമ്പോഴും കയറ്റി കുത്തിയുടുത്ത അവന്റെയ ഒറ്റ മുണ്ടിന്റെ കുത്ത് ഇഴഞ്ഞിഴഞ്ഞു നിലം തൊടാൻ വിതുമ്പുന്നുണ്ടായിരുന്നു, അവന്റെ ഉയർത്തിപ്പിടിച്ച ശിരസ്സ് ആർക്ക് മുൻപിലും കുനിക്കാത്ത ആ ശിരസ്സ് പതിയെ താഴ്ന്നു വരുന്നുണ്ടരിരുന്നു അവനറിയാതെ തന്നെ അവന്റെ കൂട്ടി പിരിച്ച മീശയുടെ ഇരുവശവും താഴ്ന്നു, ചൂട് ചോറ് ഉരുളയുരുട്ടി അണ്ണാക്കിലേക്ക് തള്ളുമ്പോൾ പോലും വിയർക്കാത്ത അവന്റെ നെറ്റിയിലന്നെരം വിയർപ്പുകണങ്ങൾ പൊടിഞ്ഞു പൊന്തിയിരുന്നു

തികച്ചും വാത്സല്യത്തോടെ അവന്റെ മുഖത്ത് നോക്കി ആ സ്ത്രീ ചോദിച്ചു

“ഇപ്പൊ എവിടെയാ ജോലി ചെയ്യുന്നേ കണ്ണാ” എന്ന്

പഠിച്ച കോഴ്സ് ന്റെ ജോലി തേടി തെണ്ടി നടന്നു തരപ്പെടാതെ ജീവിക്കാൻ വേണ്ടി പന്തല് പണിക്കും ടൈൽ പണിക്കും ട്രസ് പണിക്കും, പെയിന്റ് പണിക്കും ഒക്കെ പോകാറുണ്ടായിരുന്ന അവന്റെ കുമ്പിട്ടു കണ്ണുകളവനേ കബളിപ്പിച്ചു, ഉത്തരമില്ലാതെ അവന്റെ ചുണ്ടുകൾ വിറയ്ച്ചു ഉള്ളിലെ മിടിപ്പിന്റെ താളത്തിന്റെ വേഗത്തെയവന് പിടിച്ചു നിർത്താൻ കഴിയാതെയായി അവന്റെ ചുണ്ടുകൾ ഇടറാതെ ഇടറി

“ശ്ര….. ശ്രമിക്കുന്നുണ്ട്……………..”

“ഇ…… ഇതുവരെയൊന്നും ആയില്ല “

ആ മുഖത്തേക്ക് ഒന്ന് ഇടക്കണ്ണിട്ട് നോക്കിയപ്പോൾ അവന്റെ ഉള്ളിലെ ഭീതിയിരട്ടിയായിരുന്നു, എന്ത് കൊണ്ട് ഇപ്പോഴും ആ മുഖത്തേക്കൊന്ന് സധൈര്യം നോക്കാൻ സാധിക്കുന്നില്ല എന്നാ ഉത്തരം കിട്ടാത്ത ചോദ്യം അവനെ അപ്പോഴും കുഴക്കിക്കൊണ്ടിരുന്നു

അവരവന്റെ തലയിൽ മെല്ലെയൊന്ന് തലോടി

” തോറ്റു കൊടുക്കരുത്, ശ്രമിക്കണം ശ്രമിച്ചു കൊണ്ടേ ഇരിക്കണം, തോൽവി സമ്മതിക്കരുത് കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം ഒരു ജോലിയും ചെറുതല്ല, ആർക്കു മുൻപിലും തല കുനിക്കാതെ ജീവിക്കാൻ അത് മതിയാകും “

അതുപറഞ്ഞവർ നടന്നകന്നു അവന്റെ ദൃഷ്ട്ടിയിൽ നിന്നവർ മാഞ്ഞു പോകുമ്പോഴും വരേയ്ക്കും അവന്റെ ശിരസ്സ് കുനിഞ്ഞു തന്നെയായിരുന്നു, മുൻപ് മുറുക്കി വെച്ചയാ മീശത്തുമ്പിലേക്കവന്റെ കൈ നീണ്ടില്ല, ആ ഒറ്റ മുണ്ടിന്റെ തലപ്പപ്പോഴും മണ്ണിൽ തന്നെ പറ്റി കിടപ്പുണ്ടായിരുന്നു

അവർ പോയി കഴിഞ്ഞപ്പോൾ അവന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നൊരുവൻ അവനോട് ചോദിച്ചു,

“ആരാണ് ആ സ്ത്രീ ” എന്ന്

ഉത്തരമായി അവൻ പറഞ്ഞു……….

“ലില്ലി ടീച്ചർ, എന്നേ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച എന്റെ ക്ലാസ്സ്‌ ടീച്ചർ “

ഒരു കൂട്ടച്ചിരിയോട് കൂടെ എല്ലാവരും അവനെ കളിയാക്കി,

” ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച ടീച്ചറെ ആണോ ഇത്രക്ക് പേടി “

അവനതിനു മറുപടിയൊന്നും കൊടുത്തില്ല, ഒരു നേർത്ത പുഞ്ചിരിയിലവൻ എല്ലാം ഒതുക്കി അവരുടെ ഓരോ വാക്കുകളും അവനിൽ ഊർജം നൽകിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു

ആരുടെ വാക്കിനും വില കൊടുക്കാത്ത ആ കുരുത്തംകെട്ടവന് അക്ഷരങ്ങൾ ചൊല്ലി തന്ന് അമ്മയായ അനുസരണക്കേടിനും കുറുമ്പുകൾക്കും ചൂരല്ക്ക് തല്ലി അച്ഛനായ ഗുരുനാഥയുടെ വാക്കുകളോട് ഭയവും ഭക്തിയും ബഹുമാനവും അനുസരണയും ആയിരുന്നു

കാരണം കൺകണ്ട ദൈവങ്ങളിൽ അവന്റെയുള്ളിൽ ആകെ പേടിയുള്ള ദൈവം, അവന് അക്ഷരങ്ങൾ ചൊല്ലി കൊടുത്ത ഗുരുക്കൻമാർ ആയിരുന്നു………

അധ്യാപകദിനാശംസകൾ