എഴുത്ത്: ജിഷ്ണു രമേശൻ
“ആ പച്ചമരുന്ന് മൂന്നു ദിവസം കഴിച്ചാൽ കളയാവുന്നതേ ഉള്ളൂ ഈ കുഞ്ഞിനെ.. എന്തിനാണ് പിന്നെ ഓരോന്ന് ഓർത്ത് ടെൻഷൻ കൂട്ടുന്നത്..!”
ഒരു നേരത്തെ കാമശമനത്തിന്റെ ഫലമായി അവളിൽ വിരിഞ്ഞ പൂമോട്ടിനെ ഇല്ലാതാക്കാൻ രണ്ടുപേരും പരസ്പരം വഴികൾ തിരഞ്ഞു തുടങ്ങി..
‘ അല്ലാ ഇനി അമ്മയോട് എന്ത് പറയും..?’
” അതാണോ ഇത്ര വലിയ കാര്യം, നീയൊന്നു വീണു എന്നോ മറ്റോ പറഞ്ഞാൽ പോരെ… നമുക്കിനിയും ജീവിതം ആസ്വദിക്കാനുള്ളതാണ്…”
‘ ഈ പച്ചമരുന്നൊക്കേ അപകടമല്ലെ, എന്തെങ്കിലും ആയിപോയാൽ..! ഏതെങ്കിലും ഡോക്ടറെ കണ്ട് കളയുന്നതാണ് നല്ലത്..’
ലോകം കാണാത്ത, നോവറിയാത്ത, രുചിയറിയാത്ത ഒരു നേർത്ത ജീവനെ ഇല്ലാതാക്കുവാൻ അവർ തന്ത്രങ്ങൾ മെനഞ്ഞു…ആ ക്രൂരരായ പുരുഷനും സ്ത്രീയും സ്വന്തം ജീവനെ കുറിച്ച് വ്യാധികൊള്ളുന്നത് കണ്ട് പ്രകൃതി മുഖം താഴ്ത്തി, അവരുടെ ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികൾ വരണ്ടു…
അവരൊരു ഡോക്ടറെ സമീപിച്ചു… ഡോക്ടർക്ക് മുന്നിൽ തല താഴ്ത്തി അയാള് പറഞ്ഞു, ” ഞങ്ങൾക്കിപ്പോ ഒരു കുഞ്ഞിനെ വേണ്ട..”
ഡോക്റ്റർ അവരോടായി പറഞ്ഞു,
” ദാ ഈ കൈകൾ കൊണ്ട് ഒരുപാട് കുഞ്ഞു ജീവനുകളെ ഒരു സ്ത്രീയുടെ സുരക്ഷിത കൂടിനുള്ളിൽ നിന്ന് ലോകം കാണിച്ചിട്ടുണ്ട്… ഈ കുഞ്ഞിനെ ഇല്ലാതാക്കാൻ നിങ്ങളെനിക്ക് എത്ര രൂപ തരും..?”
‘ ഡോക്ടർ ഇത് അഞ്ചു ലക്ഷം രൂപയുടെ ചെക്കാണ്..കൂടുതൽ വേണമെങ്കിൽ അങ്ങനെ..! ഈ കുഞ്ഞിനെ…!!’
ഡോക്ടർ മേശ വലിപ്പിൽ നിന്നൊരു ചെക്ക് ബുക്ക് എടുത്തിട്ട് അവർക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു,
” ഇതൊരു ബ്ലാങ്ക് ചെക്കാണ്.. പത്തു മാസം ഈ കുഞ്ഞിനെ നിങ്ങൾക്ക് വയറ്റിൽ ചുമക്കാൻ എത്രയാണ് വേണ്ടതെന്ന് വെച്ചാൽ എഴുതിയെടുക്കൂ..എനിക്ക് രണ്ടു പെൺകുട്ടികളാണ്..നിങ്ങളെന്ന സ്ത്രീ ഈ കുഞ്ഞിന് ജന്മം നൽകിയാൽ എനിക്ക് തന്നേക്കൂ, ഞാൻ എന്റെ കുട്ടികളുടെ കൂടെ വളർത്തും എന്റെ കുഞ്ഞായി..”
ആ സ്ത്രീയും പുരുഷനും വിയർത്തു… പരസ്പരം നോക്കി.. അയാളിൽ ദേഷ്യം കലർന്നു..പക്ഷേ പ്രകടിപ്പിക്കാൻ കഴിയുന്നില്ല…
” പക്ഷേ കുഞ്ഞ് ജനിച്ചതിനു ശേഷം ഒരിക്കൽ പോലും അവകാശം പറഞ്ഞ് വരരുത്…ഒരിക്കൽ പോലും നിങ്ങൾക്ക് നൊന്ത് പ്രസവിക്കാൻ അവകാശമില്ല..
ഈ ബ്ലാങ്ക് ചെക്ക് ഈ കുഞ്ഞിനെ പത്തു മാസം ഒരു കുഴപ്പവും കൂടാതെ സംരക്ഷിക്കുവാനുള്ള വാടകയാണ്.. എനിക്ക് മുന്നിൽ കുഞ്ഞിനെ ഇല്ലാതാക്കാൻ വന്നത് മുതൽ നിങ്ങള് രണ്ടു പേരും വെറും കച്ചവടക്കാരാണ്…
നിങ്ങൾക്കിടയിൽ ഒരു കുഞ്ഞു ജീവൻ ആവശ്യമില്ല എങ്കിൽ അതിനുള്ള വഴികൾ സ്വീകരിക്കാം… അബോർഷൻ എന്ന വാക്കുതന്നെ നിങ്ങൾക്കൊരു പുതുമയാവാം.. ശരീര ഭാഗങ്ങൾ അറുത്തു മാറ്റി അലിയിച്ചു കളയുന്ന നിമിഷം നിങ്ങളിലെ സ്ത്രീ മരിക്കും…പിന്നെ ആണിന് സുഖത്തിന് വേണ്ടിയൊരു ഉപഭോഗ വസ്തു മാത്രമാകും നിങ്ങള്… താനും അതുപോലെ ഒരു പാഴ്ത്തടി മാത്രമാകും.. അച്ഛനെന്ന സ്ഥാനം പിന്നീട് നിങ്ങളിൽ ഉണ്ടാവില്ല..”
ആ സ്ത്രീ ഭർത്താവിന്റെ കൈകളിൽ ഇറുക്കി പിടിച്ചു…കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങിയ ലായനിക്ക് ചൂട് കൂടുതലായിരുന്നു… അയാളുടെ കാലുകൾ വിറച്ചു… ആ പെണ്ണ് തന്റെ വയറിൽ കൈകളമർത്തി…
ഡോക്ടർ അവർക്ക് നേരെ നീട്ടിയ ചെക്ക് വിറയ്ക്കുന്ന കൈകളോടെ അയാള് തട്ടിയെറിഞ്ഞു.. ചുണ്ട് വിറച്ചുകൊണ്ട് അയാള് പറഞ്ഞു,
” എന്നിലൂടെ ഇവളിൽ വളരുന്ന ഞങ്ങളുടെ കുഞ്ഞിനെ പ്രാണനായി വളർത്തും…”
അവര് അവിടുന്നിറങ്ങി.. ഡോക്ടറുടെ ബ്ലാങ്ക് ചെക്ക് മേശ വലിപ്പിലേക്ക് തിരികെ വീണു…അവരിപ്പോ വെറുമൊരു സ്ത്രീയും പുരുഷനും അല്ല തയ്യാറെടുക്കുന്ന, കാത്തിരിക്കുന്ന അച്ഛനും അമ്മയും കൂടിയാണ്…
അന്ന് രാത്രി ഡോകടർ ഡയറിയിൽ കുറിച്ചു,
” ഞാനിന്ന് ഒരു കുഞ്ഞിനേക്കൂടി രക്ഷപ്പെടുത്തി.. ആ ജീവനും ഈ ലോകത്ത് വളരട്ടെ… രുചികളറിഞ്ഞ്, പ്രണയിച്ച്, സങ്കടവും സന്തോഷവും അറിഞ്ഞ്, കരഞ്ഞും ചിരിച്ചും ഈ ഭൂമിയിൽ ജീവിച്ച് മരിക്കട്ടെ…”