പതിനഞ്ചുകാരിയാവുക…

എഴുത്ത്: അപരിചിത

ജീവിതത്തിൽ ഒരിക്കലെങ്കിലും പെണ്ണായി മാറാൻ അവസരം ലഭിക്കുകയാണെങ്കിൽ നിങ്ങൾ ഒരു പതിനഞ്ചുകാരിയാകണം.

ഏത് വസ്ത്രം ധരിക്കുമ്പോഴും അത് ശരീരത്തിന്റെ വളർച്ചയെ മറയ്ക്കുന്ന തരത്തിലാണോ എന്ന് വീണ്ടും വീണ്ടും ഉറപ്പ് വരുത്തുന്ന ഒരു പതിനഞ്ചുകാരി.

തിരക്കുള്ള ബസിൽ ആണുങ്ങൾക്കിടയിലേക്ക് നിൽക്കേണ്ടി വരുന്നതോർത്ത് കിളിയുടെ വഴക്കുകളൊക്കെ കേട്ടില്ലെന്ന് നടിച്ച് വീണ്ടും സ്ത്രീകളുടെ തിരക്കിനിടയിലേക്ക് ഞൂന്നുകയറാൻ ശ്രമിക്കുന്ന ഒരു പതിനഞ്ചുകാരി.

ഇടയ്ക്കൊക്കെ തിരക്കിനിടയിൽപ്പെട്ട് പിന്നിലേക്ക് തള്ളപ്പെടുമ്പോൾ അടുത്ത് നിൽക്കുന്ന പുരുഷന്റെ കണ്ണും കയ്യും തനിക്ക് നേരെ നീളുമോ എന്ന് ഭയക്കുന്ന ഒരു പതിനഞ്ചുകാരി.

ബസ് സ്റ്റോപ്പിലിറങ്ങി തനിയെ നടക്കുമ്പോൾ കവലയിലെ ആൺകുട്ടികളിൽ നിന്നുയരുന്ന പൊട്ടിച്ചിരിക്ക് പിന്നിലുള്ള കാരണം താനാണോ എന്ന് കരുതുന്ന ഒരു പതിനഞ്ചുകാരി.

എവിടെയെങ്കിലും അല്പനേരം ഇരുന്ന് എഴുന്നേൽക്കുമ്പോൾ പെണ്ണാണെന്ന അടയാളം ഉടുപ്പിലേക്ക് പടർന്നുപോയിട്ടുണ്ടോ എന്ന് വേവലാതിപ്പെടുന്ന ഒരു പതിനഞ്ചുകാരി.

അറിയാതെ പുറത്തേക്ക് എത്തിനോക്കിയ പെറ്റിക്കോട്ടിന്റെ അറ്റം ആരെങ്കിലും ചൂണ്ടികാണിക്കുമ്പോൾ എന്തോ അപരാധം ചെയ്തവളെ പോലെ ചൂളിപ്പോകുന്ന ഒരു പതിനഞ്ചുകാരി.

താഴെ വീണ പേന എടുക്കാൻ കുനിഞ്ഞപ്പോൾ നെഞ്ചിന്റെ ചുഴിയിലേക്ക് നീളുന്ന കണ്ണുകൾ ഉണ്ടായിരുന്നോ എന്നോർത്ത് പെട്ടെന്ന് നിവർന്നു നിന്ന ഒരു പതിനഞ്ചുകാരി.

ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും പെണ്ണാണെന്ന ഓർമ്മപ്പെടുത്തലിൽ പിടഞ്ഞു കൊണ്ടിരിക്കുന്ന ഒരു പതിനഞ്ചുകാരി.

പതിനഞ്ചുകാരിയാവുക അത്ര എളുപ്പമല്ല. ആ പതിനഞ്ചുകാരിയുടെ വേവലാതികളിൽ നിന്നുമാണ് തന്റേടമുള്ള പെണ്ണ് ജനിക്കുന്നത്.

വീണ്ടും പറയട്ടെ പെണ്ണായി മാറാൻ അവസരം കിട്ടുമ്പോൾ നിങ്ങൾ ഒരു പതിനഞ്ചുകാരിയാവുക.. അവിടെ നിന്നുമാണ് അവൾ മാറാൻ തുടങ്ങുന്നത്.

Image Credit