എഴുത്ത്: ജിമ്മി ചേന്ദമംഗലം
മക്കളെ സ്കൂളിൽ വിട്ടു അടുക്കളയിലെ പണികൾ ചെയ്യുമ്പോൾ ആണ് …പുറത്തു ബെൽ അടിക്കുന്നത് മീര കേട്ടത് ….
മുംബൈയിൽ ബിസിനസ് മീറ്റിംഗ് കഴിഞ്ഞു വരുന്ന ഏട്ടൻ ആണെന്ന് അറിയാവുന്നതു കൊണ്ട് …വേഗം കൈകൾ തുടച്ചു അവൾ ഉമ്മറത്തേക്ക് ഓടിച്ചെന്നു വാതിൽ തുറന്നു
കയ്യിൽ ബ്യാഗുമായി രവിയേട്ടൻ …..
ബാഗും വാങ്ങി രവിയേട്ടന്റെ കൂടെ അകത്തേക്ക് നടന്നു …..
നല്ല തലവേദന …ഞാൻ ഒന്ന് കിടക്കട്ടെ എന്നും പറഞ്ഞു രവി അകത്തേക്ക് നടന്നു …..
മീര വേഗത്തിൽ അടുക്കളയിൽ ചെന്ന് ചായ തയ്യാറാക്കി കപ്പിൽ ഒഴിച്ച് റൂമിലേക്ക് ചെന്നു …
കണ്ണുകൾ അടച്ചു കിടക്കുകയായിരുന്ന രവിയെ തട്ടി വിളിച്ചു ….
ഞാൻ പറഞ്ഞില്ലേ തലവേദന ആണെന്ന് പിന്നെന്തിനാ ശല്യപ്പെടുത്തുന്നത് …കുറച്ചു നേരം ഉറങ്ങണം രവി അവളോട് ദേഷ്യപ്പെട്ടു …
നിറഞ്ഞ കണ്ണുകൾ തുടച്ചു …അവൾ ഹാളിൽ വന്നിരുന്നു ……
ഓർമ്മകൾ ചിറകു വിടർത്തി മനസ്സിന്റെ അനന്ത വിഹായസ്സിൽ പ്രയാണം തുടങ്ങി
എന്നാണ് ആദ്യമായി രവിയേട്ടനെ കണ്ടത് …..
വീടിനു അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന്റെ അന്ന് കൂട്ടുകാരുടെ കൂടെ കണ്ടത് ……
തന്റെ അടുത്ത് വന്നു പേര് ചോദിച്ചതും ……..പരിചയ പെട്ടതും …
ഒരു ദിവസം കോളേജിൽ പോകുമ്പോൾ ആണ് രവിയേട്ടൻ അടുത്ത് വന്നു ചോദിച്ചത്….
ഞാൻ തന്നെ വിവാഹം കഴിച്ചോട്ടെ …പെട്ടെന്നുള്ള ചോദ്യത്തിൽ പകച്ചു പോയെങ്കിലും
വീട്ടുകാരോട് ചോദിയ്ക്കാൻ പറഞ്ഞു ഒഴിഞ്ഞു മാറി …..
ഒടുവിൽ എല്ലാവരുടെയും സമ്മതത്തോടെ താലി ചാർത്തിയിട്ടു ഇന്നേക്ക് പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു
ശെരിക്കും വിവാഹത്തിന് ശേഷമാണു മരുഭൂമിയിൽ പെയ്യുന്ന പുതു മഴപോലെ പ്രണയത്തിന് ഗന്ധം ആസ്വദിക്കാൻ തുടങ്ങിയത്
പ്രണയത്തിന്റെ അനാഥ വിഹായസ്സിൽ ഇണക്കുരുവികളെ പോലെ സീമകൾ കടന്ന് പറന്നു പറന്നു വർഷങ്ങൾ എത്ര കടന്നു പോയി …
കുറച്ചു നാളുകൾക്കു മുൻപ് വരെ എല്ലാ വിശേഷ ദിവസങ്ങളും ഓർത്തു വച്ച് സമ്മാന പൊതിയുമായി വന്നു സ്നേഹം കൊണ്ട് മൂടുന്ന രവിയേട്ടനിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ട് കുറച്ചു നാളുകളായി …
കഴിഞ്ഞ വിവാഹ വാർഷികത്തിന് ….രാവിലെ അയ്യോ മോളുസ് ഞാൻ സമ്മാനം വാങ്ങാൻ മറന്നു പോയല്ലോ എന്ന് പറഞ്ഞതും …താൻ പിണക്കം അഭിനയിച്ചതും ഒടുവിൽ ഓഫീസിൽ ചെന്നിട്ടു …വീട്ടിൽ ഒരു സമ്മാനം വച്ചിട്ടുണ്ട് എന്നും പറഞ്ഞു കുറെ ക്ലൂ തന്നതും ഒടുവിൽ വീട്ടിലെ സ്റ്റോർ റൂമിൽ വച്ചിരുന്ന ഡയമണ്ട് മാല കണ്ടെടുത്തതും ..എന്ത് രസമായിരുന്നു അന്നൊക്കെ
തുലാവർഷത്തെ കാർമേഘങ്ങൾ പെയ്യാൻ വിതുമ്പി നിൽക്കുന്ന പോലെ അവളുടെ മനസ്സിൽ ദുഖത്തിന് മേഘങ്ങൾ ഉരുണ്ടു കൂടി ….
രവിയേട്ടൻ മനഃപൂർവം ഇപ്പോൾ ഒഴിഞ്ഞു മാറുന്ന പോലെ തന്നെയും മക്കളെയും പഴയ പോലെ ശ്രദ്ധിക്കുന്നില്ല …..കളിചിരികൾ ഇല്ലാതെ ..എപ്പോളും ദേഷ്യം ..മക്കൾ പോലും അച്ഛന്റെ അടുത്ത് ഇപ്പോൾ പേടിച്ചിട്ടു അധികം പോകാറില്ല
എന്താണ് കാരണം എന്ന് പലപ്പോഴും ചോദിച്ചു എങ്കിലും …എല്ലാം നിന്റെ തോന്നൽ ആണ് എന്നും പറഞ്ഞു രവി അവളെ കളിയാക്കി
രവിയേട്ടൻ എഴുനേറ്റു വരുമ്പോൾ പുറകിലൂടെ വന്നു കെട്ടിപിടിച്ചു കവിളിൽ ഉമ്മ തന്നു മോളുസ് ഇതാ ആനിവേഴ്സറി ഗിഫ്റ് എന്ന് പറയുന്നതും സ്വപനം കണ്ടു അവൾ കിച്ചണിൽ ഓരോ പണികളിൽ ആയിരുന്നു
ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് മീര ചിന്തകളിൽ നിന്നും ഉണർന്നത് ….
അനിയൻ ആയിരുന്നു
ചേച്ചി അളിയൻ എവിടെ പോയതായിരുന്നു ……
മുംബൈയിൽ ഒരു ബിസിനസ് മീറ്റിംഗ്
എത്ര ദിവസത്തെ
ആറു ദിവസം..
വേറെ എവിടെ എങ്കിലും പോകുന്ന കാര്യം പറഞ്ഞിരുന്നോ
ഇല്ല…
എന്താടാ നീ ഇങ്ങനെ ചോദിക്കുന്നെ…
അളിയനെ തിരുവന്തപുരത്തെ വച്ച് എന്റെ കൂട്ടുകാരൻ ഇന്നലെ കണ്ടിരുന്നു ..കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു …ഒരു റെസ്റ്റോറന്റിൽ ഇരിക്കുന്നത് കണ്ടതെന്ന് പറഞ്ഞു
നീ ഒന്ന് പോടാ ..കൂട്ടുകാരന് ആള് മാറിയതാകും
ചേച്ചി ..വിവേകിനെ ചേച്ചിക്ക് അറിയില്ലേ ..അവനു എങ്ങനെയാ ആള് മാറുന്നേ
അതും ശെരിയാ വിവേക് എത്രയോ പ്രാവശ്യം അനിയന്റെ കൂടെ ഇവിടെ വന്നിരിക്കുന്നു ..അവനു ആള് മാറാൻ വഴി ഇല്ല
ഞാൻ ചോദിച്ചു നോക്കാം എന്നും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു …..
എങ്ങനെ ചോദിക്കും എന്നറിയാതെ ..അവളുടെ ഉള്ളിൽ സംശയത്തിന്റെ അന്ഗ്നി പർവതം പുകയാൻ തുടങ്ങി ….
ദിവസങ്ങൾ പലതും കടന്നു പോയി……
ഒരു ദിവസം ഓഫീസിൽ നിന്നും എത്തിയ രവി നന്നായി മദ്യപിച്ചിട്ടുണ്ട് എന്നവൾക്കു മനസിലായി …അവിടെ എല്ലാം മദ്യത്തിന്റെ രൂക്ഷ ഗന്ധം
ഏട്ടൻ കുടിച്ചിട്ടുണ്ടോ
ഉം അയാൾ വെറുതെ മൂളി
എന്താണ് ഏട്ടന് പറ്റിയത് ….
എനിക്ക് ഇത്തിരി മനസമാധാനം തരുമോ അയാളുടെ ശബ്ദം ഉയർന്നു …
ഇപ്പോൾ ഏട്ടന് ഞാനും മക്കളും സമാധാനകേടായല്ലേ
എങ്ങനെ ഏട്ടന് ഇതൊക്കെ പറയാൻ കഴിയുന്നു
എത്ര സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന വീടാണ് നമ്മുടേത്
ഏട്ടന്റെ ദേഷ്യവും ഒച്ചയും കാരണം മക്കൾ പോലും ഇപ്പോൾ ഏട്ടന്റെ അടുത്ത് വരാൻ പേടിക്കുകയാ
ഏട്ടൻ കഴിഞ്ഞ ആഴ്ച ബിസിനസ് മീറ്റിംഗ് എന്നും പറഞ്ഞു എവിടെയാണ് പോയത്
അത് നിനക്ക് അറിയാവുന്നതല്ലേ …..
എനിക്കറിയാം പക്ഷെ അനിയന്റെ കൂട്ടുകാരൻ വിവേക് നിങ്ങളെ തിരുവന്തപുരത്തെ കണ്ടെന്നു പറഞ്ഞല്ലോ
അയാളുടെ കണ്ണുകളിൽ പരിഭ്രമത്തിന്റെ മിന്നൽ പിണറുകൾ തെളിയുന്നത് അവൾ കണ്ടു ….
എന്ത് പറയണം എന്നറിയാതെ അയാൾ തല താഴ്ത്തി നിന്നു
മറുപടി വാക്കുകൾ കിട്ടാതെ അയാൾ കുഴങ്ങി
വിവേകിന് ആള് മാറിയതാകും …..എന്നയാളുടെ മറുപടിക്കു അവൾ നൽകിയത് ഒരു ട്രെയിൻ ടിക്കറ്റ് ആയിരുന്നു
ഇതു ഏട്ടൻ തിരുവന്ത പുരത്തേക്കു പോകാൻ എടുത്തതല്ലേ
അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല
ഈ ടിക്കറ്റ് ഏട്ടന്റെ പോക്കറ്റിൽ നിന്നും കിട്ടിയതാ
ഇപ്പോൾ ഒരു കാര്യം മനസിലായി ..അന്ന് ഏട്ടൻ പോയത് തിരുവന്തപുരത്തേക്കു തന്നെ ..കൂടെ ഒരു പെണ്ണുണ്ടായിരുന്നു എന്നുള്ളതും സത്യമാണ്
എന്നെ ഏട്ടന് ഇത്ര പെട്ടെന്ന് മടുത്തോ …..
അതിനും മാത്രം എന്ത് തെറ്റാണു ഞാൻ ചെയ്തത്
നമ്മുടെ മക്കളെ എങ്കിലും ഓർക്കമായിരുന്നില്ലേ
അയാൾ മറുപടി ഒന്നും പറഞ്ഞില്ല
പിന്നീടുള്ള ദിവസങ്ങൾ ഒരു വീട്ടിലെ അപരിചിതരെ പോലെ ആയിരുന്നു രണ്ടുപേരും
ഏട്ടാ …ഞാൻ നാളെ എന്റെ വീട്ടിലേക്കു പോകുകയാണ് ……മക്കളെയും കൊണ്ട് പോകുന്നു
ഏട്ടന് ഞങ്ങളെ വേണ്ടല്ലോ ……ഏട്ടന് ഇപ്പോൾ പുതിയ ആളുകൾ കൂടെ ഇല്ലേ ……
ഇഷ്ടമായിരുന്നു ..ഒരുപാടു ഏട്ടനെ ..വിശ്വാസമായിരുന്നു എന്നെക്കാളേറെ
പക്ഷെ അതെല്ലാം നിമിഷങ്ങൾ കൊണ്ട് ഏട്ടൻ തകർത്തു തരിപ്പണമാക്കി ….
ഇല്ല മോളുസ് ..അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല …..മോളുസ് കേട്ടതെല്ലാം നുണയാണ് എന്ന് ആ നാവിൽ നിന്നും കേൾക്കാൻ ഞാൻ ഒരുപാടു കൊതിച്ചു പക്ഷെ …..
.ഏട്ടന്റെ മൗനം അതെല്ലാം കേട്ടത് സത്യമാണെന്നു തെളിയിക്കുന്നതായിരുന്നു
മക്കളെയും കൂട്ടി വീടിന്റെ പടികൾ ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല…….മുഖത്തു നിഴലിച്ചതു എന്തൊക്കെയോ ചെയ്യാനുള്ള നിശ്ചയ ദാർഢ്യം മാത്രം….
എങ്ങനെ എങ്കിലും ..മക്കളെ നല്ല നിലയിൽ എത്തിക്കണം അത് മാത്രമായിരുന്നു അവളുടെ ചിന്ത ….
നഗരത്തിലെ ഒരു ഓഫീസിൽ അക്കൗണ്ടന്റ് ആയി ജോലിക്കു കയറി ……..
ഉള്ളതുകൊണ്ട് അവരുടെ ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു …..
പലരും പറഞ്ഞു അറിയുന്നുണ്ടായിരുന്നു ……തിരുവന്തപുരത്തെ വച്ച് പലപ്പോഴും രവിയേട്ടനെ കണ്ടു ….
ഏതോ സ്ത്രീ സ്ഥിരമായി വീട്ടിൽ വരുന്നു എന്നെല്ലാം …
അവൾ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല …തന്റെ സ്നേഹം വേണ്ട എന്ന് വച്ച് …മറ്റൊരുവളുടെ പുറകെ പോയ ഒരാളെ കുറിച്ച് എന്തിനു വിഷമിക്കണം ……
ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ഫോൺ വന്നത് ….
മറുതലക്കൽ നിന്നും പറഞ്ഞത് കേട്ട അവൾ സ്‌തംഭിച്ചു നിന്നു …
രവിയേട്ടൻ മരിച്ചു …..
ഒരുതരം നിർവികാരത മാത്രമേ അവളുടെ മനസ്സിൽ തോന്നിയുള്ളൂ ……
ഒരിക്കൽ തന്റെ എല്ലാമായിരുന്നു ….പക്ഷെ ഇപ്പോൾ താൻ ഏട്ടന് ആരുമല്ലാതായി തീർന്നിരിക്കുന്നു
ലോകത്തു ഒരുപെണ്ണും സഹിക്കാത്ത പൊറുക്കാത്ത കാര്യമല്ലേ ഏട്ടൻ ചെയ്തത്…..താലി കെട്ടിയ പെണ്ണിനെ വഞ്ചിച്ചു വേറെ ഒരുവളുടെ കൂടെ പോയ ആളോട് താൻ ചെയ്തതിലും തെറ്റുണ്ടെന്ന് അവൾക്കു തോന്നിയില്ല
അമ്മയെയും മക്കളെയും കൂട്ടി അവിടെ ചെന്ന് കയറുമ്പോൾ കുറച്ചാളുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നൊള്ളു
അകത്തേക്ക് കയറുമ്പോൾ വെള്ള തുണി പുതച്ചു ..രവിയേട്ടൻ
മക്കളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് അവൾ കണ്ടു
അവൾക്കു കരയാൻ കഴിഞ്ഞില്ല ….മനസ്സ് അത്രയേറെ അയാളെ വെറുത്തിരുന്നു …..
ചടങ്ങുകൾ എല്ലാം കഴിഞ്ഞു ..പലരും പോയി തുടങ്ങി …
അവൾ പതിയെ അവരുടെ ബെഡ്റൂമിലേക്ക് നടന്നു
ഒരുപാടു വർഷങ്ങൾ സ്നേഹവും സുഖവും ദുഖങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമായി കഴിഞ്ഞ തങ്ങളുടെ സ്വന്തം ബെഡ് റൂം
ബെഡിൽ ഇരിക്കുമ്പോൾ അവൾക്കു തോന്നി താൻ ഇവിടെ ഒരു അന്യയല്ലേ
തനിക്കുപകരം ആരോ ഒരാൾ ഈ ബെഡിന്റെ അവകാശി ആയിരിക്കുന്നു …
റൂമിൽ എല്ലാം അടക്കി പെറുക്കി വച്ചിരിക്കുന്നു
താൻ ഉണ്ടായിരുന്നപ്പോൾ എപ്പോളും തല്ലുപിടിക്കുന്നതു ഇതിനൊക്കെ വേണ്ടിയായിരുന്നു
അന്നതൊരു രസമായിരുന്നു
എന്ത് പിണക്കം ഉണ്ടായാലും ..പുറകിലൂടെ വന്നു ചേർത്ത് പിടിച്ചു ഒരു ഉമ്മയിൽ തീരുമായിരുന്നു എല്ലാം
നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ റൂമിനു പുറത്തേക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് മേശപുറത്തിരിക്കുന്ന ഡയറി കണ്ടത്
ഡയറി എഴുതുന്ന ശീലം രവിയേട്ടന് ഇല്ലല്ലോ എന്ന് മനസ്സിൽ ഓർത്തു അവൾ പതിയെ ഡയറി തുറന്നു
എന്റെ മാത്രം പ്രിയപ്പെട്ട മോളൂസിനു ….
മോളൂസിനു സുഖമല്ലേ …..എന്നോട് ദേഷ്യം ആണെന്ന് എനിക്കറിയാം ……..
നമ്മുടെ ജീവിതത്തിൽ ചില പ്രശ്ങ്ങൾ ഉണ്ടായതു കൊണ്ട് മക്കളെയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാനും …ഒരു ജോലി കണ്ടുപിടിച്ചു ധൈര്യമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവ് നീ നേടിയെടുത്തു ..അതിൽ എനിക്ക് ഒരുപാടു സന്തോഷം ഉണ്ട് …
ഞാൻ ഇല്ലെങ്കിലും നിങ്ങൾ ജീവിക്കും എന്ന് എനിക്ക് മനസിലായി അത് മാത്രം മതിയായിരുന്നു എനിക്ക് …അതിനു വേണ്ടിയാണു ഹൃദയം നുറുങ്ങുന്ന വേദനയിലും നിന്നോടും മക്കളോടും അങ്ങനെ എല്ലാം പെരുമാറിയത്
പക്ഷെ എന്റെ മനസ്സിൽ മോളുസ് മാത്രമേ ഉണ്ടായിട്ടൊള്ളു
വേറെ ഒരു പെണ്ണിനും എന്റെ ജീവിതത്തിൽ സ്ഥാനമില്ലായിരുന്നു …..
ആറ് മാസങ്ങൾക്കു മുൻപാണ് ഒരിക്കൽ ഓഫീസിൽ വച്ച് തല കറങ്ങി വീണത് മൂക്കിൽ നിന്നും കുറച്ചു ബ്ലഡ് വന്നിരുന്നു …
ഹോസ്പിറ്റലിൽ എത്തിച്ചു ചെക്ക് അപ്പ് നടന്നപ്പോൾ ആണ് ….എനിക്ക് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത് ….അതും ഫൈനൽ സ്റ്റേജ് …രക്ഷപെടാൻ ഒട്ടും ചാൻസ് ഇല്ലെന്നു ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ചില തീരുമാനങ്ങൾ എടുത്തു
ഞാൻ പെട്ടെന്ന് ഒരു ദിവസം മരിച്ചു പോയാൽ നീയും മക്കളും കൂടി ജീവിത യാഥാർഥ്യങ്ങൾക്കു മുൻപിൽ പകച്ചു നിൽക്കും അതെനിക്കറിയാം …..പക്ഷേ ഇപ്പോൾ ഞാൻ ഇല്ലെങ്കിലും ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിനക്കറിയാം
കീമോ ചെയ്യാൻ വേണ്ടി തിരുവന്തപുരത്തെ പോകാൻ വേണ്ടിയാണ് മുംബൈയിൽ ബിസിനസ് മീറ്റിംഗ് എന്നും പറഞ്ഞു ഞാൻ പോയത് …
അന്ന് എന്റെ കൂടെ ഒരു പെണ്ണിനെ കണ്ടു എന്ന് പറഞ്ഞത് സത്യമാണ് …കൂട്ടുകാരന്റെ വൈഫ് ആയിരുന്നു ….
അവർ രണ്ടുപേരുമാണ് എന്റെ കൂടെ വന്നത് ….
അവൻ മരുന്ന് വാങ്ങാൻ പോയപ്പോൾ ..ഞങൾ ക്യാന്റീനിൽ ഇരുന്നു ചായ കുടിച്ചപ്പോൾ ആയിരിക്കും വിവേക് കണ്ടത് …
പിന്നെയും പലതും നീ കേട്ടുകാണുമല്ലോ ..നമ്മുടെ വീട്ടിൽ ഏതോ പെണ്ണ് വരുന്നുണ്ട് എന്ന് …
വേദന കൂടുന്ന ദിവസങ്ങളിൽ മോർഫിൻ ഇൻജെക്ഷൻ എടുക്കാൻ വേണ്ടി വന്നിരുന്ന നേഴ്സ് ആണ് ….
ഞാൻ ഒരിക്കലും മദ്യപിച്ചിട്ടില്ലാ ..എന്നോടുള്ള നിന്റെ ദേഷ്യം കൂട്ടാൻ വേണ്ടി ഞാൻ ഉണ്ടാക്കിയ നാടകമാണ് മദ്യപാനം
പലപ്രാവശ്യം വിചാരിച്ചതാണ് നിന്നെ ഇതെല്ലാം അറിയിക്കണം എന്ന് ..പക്ഷെ നിന്റെ ദുഃഖം കാണാൻ എനിക്ക് കഴിവ് ഇല്ലായിരുന്നു …മാത്രമല്ല അത് നിന്നെ തളർത്തുമെന്നു എനിക്ക് അറിയാം ..
നിന്നെയും മക്കളെയും പിരിയാൻ മനസ്സ് അനുവദിച്ചില്ല …..
പക്ഷെ വിധി അതിനെ തടുക്കാൻ നമുക്ക് കഴിയില്ലല്ലോ
ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ …നമുക്ക് വീണ്ടും പഴയ ഉത്സവ പറമ്പിൽ വച്ച് കണ്ടുമുട്ടണം …നിന്നെ ജീവിത സഖിയാക്കി ഒരുപാടു ജന്മങ്ങൾ നിന്റേതാകണം ..
ഇപ്പോൾ ഞാൻ ഉറങ്ങട്ടെ നിൻ ഓർമ്മകൾ നിറയുന്ന മനസ്സോടെ ……
ഒരുപാടു സ്നേഹത്തോടെ നിന്റെ രവിയേട്ടൻ ..
നിറഞ്ഞു ഒഴുകുന്ന കണ്ണുനീർ ഡയറി താളുകളെ നനച്ചു …..വിറക്കുന്ന കരങ്ങളോടെ…രവിയേട്ടന്റെ ഫോട്ടോ അവൾ നെഞ്ചോടു ചേർത്തു …