മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“അഞ്ജലി.. താനെന്താ ഒന്നും മിണ്ടാതെ…കോഫി ഷോപ്പിൽ വരണമെന്ന് പറഞ്ഞിട്ട് ഒന്നും മിണ്ടാതെ ഇരിക്കുവാണോ “
“മാഷ് പറ.. “
“തന്റെ കാര്യം പറ. എന്താ മാര്യേജ് ഒന്നും വേണ്ടാന്ന് വെച്ചോ? “
“ഏയ്.. അതൊന്നും അല്ല മാഷേ.. ഡിഗ്രി കഴിഞ്ഞു പിജി ക്ക് പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. അതോടെ എല്ലാം തകിടം മറിഞ്ഞു.
അനിയത്തിക്ക് ഹാർട്ട് ന് പ്രോബ്ലം ആണ്. ഒരിക്കൽ അവൾക്കു സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയപ്പോൾ, അച്ഛൻ വണ്ടിയിൽ വരുമ്പോൾ വഴിയിൽ വെച്ചൊരു ആക്‌സിഡന്റ്..എല്ലാം അവിടേ അവസാനിച്ചു..ടെൻഷൻ കൊണ്ട് ശ്രദ്ധ കുറഞ്ഞിട്ടുണ്ടാകും…അതു പറയുമ്പോൾ അവളുടെ കണ്ണു നിറഞ്ഞിരുന്നു.,..
“അച്ഛനായിരുന്നു ഞങ്ങൾക്കെല്ലാം. അച്ഛൻ പോയതോടെ സ്വാഭാവികമായും വീട് നോക്കേണ്ട ഉത്തരവാദിത്തം എനിക്കായി. അങ്ങനെ ഞാൻ പിജി കഴിഞ്ഞു ഒരു ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ പോയി.. അതിനിടയിൽ സെറ്റ്, നെറ്റ് എല്ലാം പാസ്സായി..പിന്നെ കുറെ പി എസ് സി പരീക്ഷ എഴുതി. അങ്ങനെ അവസാനം ഇവിടെ എത്തി.. ഇതാണ് മാഷേ എന്റെ കഥ…അതിനിടയിൽ കുറച്ചു കല്യാണ ആലോചന വന്നിരുന്നു. പക്ഷേ വീട്ടിലെ കാര്യം അറിയുമ്പോ എല്ലാരും പിന്മാറും. പിന്നെ മടുപ്പായി. ആരോടും വരണ്ടാന്ന് പറഞ്ഞു.”
“മാഷേ.. സുനിത ടീച്ചർ പറഞ്ഞു, മാഷ് ഡിവോഴ്സ് ആയെന്ന്…എന്താ സംഭവിച്ചത്? മാഷിന് കോളേജിൽ പഠിക്കുമ്പോ ഒരിഷ്ടം ഉണ്ടായിരുന്നില്ലേ. അവളെ തന്നെ ആണോ കല്യാണം കഴിച്ചത്? “
“തനിക്കറിയാമോ അതൊക്കെ “
“ഉം..അറിയാം.. “
“ഞാൻ ഒരു സാധാരണ കുടുംബത്തിൽ ആണ് ജനിച്ചത്. അച്ഛൻ ഒരു കർഷകൻ. അമ്മയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം. എനിക്ക് മൂത്തത് രണ്ടു പെങ്ങൾമാരാ. രണ്ടു പേരുടെയും കല്യാണം കഴിഞ്ഞതിൽ പിന്നെ കുറച്ചു ബാധ്യതയും ഉണ്ട്… അത് വീട്ടിയിരുന്നില്ല…ഇതൊക്കെ ഞാൻ അവളോട് തുറന്നു പറഞ്ഞു. എന്നിട്ടും അവൾക്കു എന്നോടൊപ്പം ജീവിക്കാൻ ആണ് താല്പര്യം കാട്ടി വീട്ടിൽ നിന്നും ഇറങ്ങി വന്നു…അവൾ സാമ്പത്തികമായി ഉയർന്ന കുടുംബം ആണ്. രണ്ടു മക്കൾ. അവളും അവളുടെ ചേട്ടനും. ഇറങ്ങി വന്നതിന്റെ പേരിൽ കുറച്ചു പ്രശ്നങ്ങളൊക്കെ അവളുടെ കുടുംബത്തിലുണ്ടായി…
പിന്നീട് അതെല്ലാം ഒത്തു തീർപ്പാക്കി അമ്പലത്തിൽ വച്ച് കല്യാണം നടത്തി തന്നു. “….
“ആദ്യമൊന്നും ഒരു പ്രശ്നവും ഉണ്ടായില്ല. ഞാൻ ചില പ്രൈവറ്റ് കമ്പനികളിൽ ഒക്കെ ജോലി ചെയ്തു. കഷ്ടിച്ചു ജീവിച്ചു പോന്നു. പക്ഷേ വല്യ സൗകര്യത്തിൽ ജനിച്ചു വളർന്ന അവൾക്കു എന്റെ വീട്ടിലെ സാഹചര്യം ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയില്ല. പിന്നീട് അവൾക്കും എന്തെങ്കിലും ജോലി നോക്കാൻ തുടങ്ങി. ഒരു പ്രൈവറ്റ് കമ്പനിയിൽ പോകാൻ തുടങ്ങിയപ്പോ കുറച്ചു ആശ്വാസം തോന്നി. അപ്പോഴെങ്കിലും അവളുടെ കുറ്റപ്പെടുത്തൽ മാറിക്കിട്ടുമല്ലോ എന്നു കരുതി.
വീട്ടിൽ അച്ഛനോടും അമ്മയോടും അവൾ അന്യരെ പോലെയാണ് പെരുമാറിയത്. എന്നോടുള്ള സ്നേഹം കൊണ്ട് അവർ ഒന്നും പറഞ്ഞില്ല. പിന്നീട് അവൾക്കു എന്നെയും കൂട്ടി വേറെ താമസിക്കാൻ പോകണം എന്നായി. ഞാൻ അതിനു സമ്മതിച്ചില്ല. ഞാൻ പോയാൽ എന്റെ അച്ഛനും അമ്മയ്ക്കും വേറെ ആരാ ഉള്ളത്….അവർ എന്നെ നിർബന്ധിച്ചു…നിന്റെ ജീവിതം ഞങ്ങൾ കാരണം ഇല്ലാതാവരുതെന്നായിരുന്നു അവരുടെ അഭിപ്രായം
പക്ഷേ ഞാൻ അതിന് തയ്യാറല്ലായിരുന്നു….അങ്ങനെ കുറെ നാളുകൾ കഴിഞ്ഞു. അവൾക്ക് കിട്ടുന്ന സാലറി അവളുടെ ആവശ്യത്തിന് മാത്രം ഉപയോഗിച്ചു. ഞങ്ങൾ തമ്മിൽ സംസാരം കുറഞ്ഞു. ഞാൻ പറയുന്നതൊന്നും കേൾക്കാൻ അവൾ തയ്യാറായില്ല. അതിനിടയിൽ അവളുടെ വീട്ടുകാർ അവളുമായി അടുപ്പം കാണിച്ചു തുടങ്ങി…എന്നെ അറിയിക്കാതെ അവൾ അവളുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. ഞാൻ ഒന്നും പറഞ്ഞില്ല. അവൾക്കു അതൊരു ആശ്വാസം ആവുമെങ്കിൽ അത് നടക്കട്ടെന്ന് കരുതി..
ഒരു ദിവസം എനിക്ക് വീട്ടിൽ നിന്നും ഒരു കാൾ. അവൾ സന്ധ്യ കഴിഞ്ഞിട്ടും വീട്ടിൽ എത്തിയില്ല എന്ന് പറഞ്ഞു അച്ഛൻ വിളിച്ചതാണ്. ഞാൻ അവളെ വിളിച്ചു നോക്കി. കിട്ടിയില്ല. കുറേ കഴിഞ്ഞു അച്ഛൻ വീണ്ടും വിളിച്ചു. അവൾ എത്തി എന്നും പറഞ്ഞ്. കമ്പനി മീറ്റിംഗ് ഉണ്ടായിരുന്നു എന്നാണ് അവൾ എന്നോട് പറഞ്ഞത്. പിന്നെയും മൂന്നു നാലു തവണ അങ്ങനെ ഉണ്ടായി…
ഒരു ദിവസം ഞാൻ വീട്ടിൽ വരുന്ന വഴി ഒരു കാറിൽ നിന്നും ഇറങ്ങി പോകുന്ന അവളെയാണ് ഞാൻ കണ്ടത്.
വീട്ടിലെത്തി ചോദിച്ചപ്പോൾ കൂടെ ജോലി ചെയ്യുന്ന ആളാണെന്ന് മറുപടി. ഒരു ദിവസം ഞാൻ അവളുടെ ഓഫീസിലേക്ക് പോയപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു. ലീവ് ആണെന്ന് പറഞ്ഞു.
ഞാൻ വീട്ടിലെത്തി അവൾ വരുന്നത് വരെ കാത്തു നിന്നു. വൈകിയാണ് എത്തിയത്. ഞാൻ കുറെ ചൂടായി സംസാരിച്ചു….അവൾ തിരിച്ചും. വഴക്കും ബഹളവും ആയി. അച്ഛനും അമ്മയും കൂടി രണ്ടു പേരെയും സമാധാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ വീട്ടിനു മുൻപിൽ ഒരു കാർ വന്നു നിന്നു. നോക്കിയപ്പോ അവളുടെ അമ്മ. അവൾ അപ്പോഴേക്കും അവളുടെ ഡ്രെസ്സ് ഒക്കെ എടുത്തു റെഡി ആയി നിന്നിരുന്നു. ഇനി ഇവിടെ നിൽക്കാൻ താല്പര്യമില്ല എന്നും പോവുകയാണെന്നും പറഞ്ഞു അവൾ ഇറങ്ങാൻ തുടങ്ങി. അച്ഛനും അമ്മയും കാലു പിടിച്ചു പറഞ്ഞു നോക്കി….ഒരു ഫലവും ഉണ്ടായില്ല ഞാൻ തടയാൻ നോക്കിയില്ല. എനിക്കറിയാമായിരുന്നു ഇനി ഒത്തു പോകാൻ പറ്റാത്ത വിധം ഞങ്ങൾ അകന്നു പോയെന്ന്..
പിന്നെ കുറെ കൌൺസിലിംഗ്.. കേസ്.. കോടതി.. അവസാനം ഡിവോഴ്സ് ആയി..
പിന്നീട് അറിഞ്ഞു അവൾ ജോലി ചെയ്തിരുന്ന കമ്പനിയിലെ എംഡി യുമായി കല്യാണം ഉറപ്പിച്ചു വെന്ന്…അവൾക്കു ചേരുന്ന ബന്ധം തന്നെ നടക്കട്ടെ..
പിന്നെ ഞാനും പിജി ചെയ്തു. ജോലിക്ക് ശ്രമിച്ചു. അങ്ങനെ കഴിഞ്ഞ വർഷം ആണ് ഇവിടെ എത്തിയത്.
ബാധ്യത ഒക്കെ തീർന്നു. പുതിയ വീട് പണി നടക്കുന്നുണ്ട്. അച്ഛനും അമ്മയും വേറെ കല്യാണത്തിന് നിർബന്ധിക്കുന്നുണ്ട്. എന്നാലും …സത്യം പറഞ്ഞാൽ പേടിയാണ്. ഇനി വരുന്നവൾ എങ്ങനെ ആയിരിക്കുമോ ആവോ എന്ന് വിചാരിച്ച്…
ചിരിച്ചു കൊണ്ടാണ് ശ്രീകുമാർ അങ്ങനെ പറഞ്ഞത്..
എല്ലാം പരസ്പരം തുറന്നു പറഞ്ഞപ്പോൾ രണ്ടു പേർക്കും എന്തോ ഒരാശ്വാസം തോന്നിയിരുന്നു. ഒരു പെരുമഴ പെയ്തൊഴിഞ്ഞതു പോലേ…
” മാഷേ എന്നാൽ പോകാം. സമയം ഒരുപാട് ആയി..”
ഞാൻ കൊണ്ടു വിടണോ വീട്ടിൽ..
വേണ്ട മാഷേ ബസ്‌റ്റോപ്പ് അടുത്തല്ലേ…ഞാൻ പൊയ്ക്കോളാം..
ശരി എന്നാൽ നാളെ കാണാം. അഞ്ജലി…
അങ്ങനെയാവട്ടെ മാഷേ…ബൈ…
അവൾ ശ്രീയോട് യാത്ര പറഞ്ഞു അവിടേ നിന്നും മടങ്ങി…
************************
അന്ന് രാത്രി അഞ്ജലി തന്റെ സുഹൃത്തായ കാവ്യ യെ വിളിച്ചു.
“ഡീ ഞാൻ ഇന്ന് ശ്രീയുമായി സംസാരിച്ചു. കാര്യങ്ങൾ എല്ലാം അറിഞ്ഞു. “
“എന്നിട്ട് ഇനിയും നീ അവന്റെ പിന്നാലെ പോവുകയാണോ..??
ദേ അഞ്ജലി ഞാൻ ഒരു കാര്യം പറഞ്ഞേക്കാം….
എന്താടി… !
നീ വെറുതെ ഓരോന്ന് മനസിൽ കണക്കു കൂട്ടി അവസാനം വിഷമിക്കാൻ ഇടയാക്കരുത്. എനിക്കത്രയെ പറയാൻ ഉള്ളു.. “
“ഏയ് ഇല്ലെടി.. ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല. “
“ഉം.. “അതാണ് നല്ലത് . പഴയതൊന്നും ഇനി മനസ്സിൽ കൊണ്ടു നടക്കേണ്ട..അവളുടെ വക ഉപദേശം….
അഞ്ജലിയും ശ്രീയും വളരേ വേഗം നല്ല സുഹൃത്തുക്കളായി..മാറി..എല്ലാം തുറന്നു പറയാനും സംസാരിക്കാനും പറ്റുന്ന രണ്ടു സുഹൃത്തുക്കൾ..
അതിനിടയ്ക്ക് ആ കോളേജിലെ വേറൊരു മാഷ് അഞ്ജലിയെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.
ഫിസിക്സ് ഡിപ്പാർട്മെന്റ്ലെ വിനീത് മാഷ്……. അവൾ അതറിഞ്ഞില്ല
അവളുടെ പെരുമാറ്റവും പക്വതയും അയാൾക്ക് ഒരുപാട് ഇഷ്ടമായി. നേരിട്ട് അവളോട് സംസാരിക്കാൻ സംസാരിക്കാൻ വയ്യാ. എന്തോ ഒരു ചമ്മൽ അവൾക്കിഷ്ടമായില്ലെങ്കിലോ.. !
ശ്രീകുമാർ മാഷോട് പറഞ്ഞു നോക്കാം. അവർ സുഹൃത്തുക്കളല്ലേ…ഒന്ന് സൂചിപ്പിക്കാം..
രാത്രിയിൽ ശ്രീകുമാർ വിനീത് മാഷ് പറഞ്ഞതിനെ പറ്റി തന്നെ ആലോചിച്ചു..
പക്ഷേ അത് തന്നിൽ അസ്വസ്ഥത ഉണ്ടാക്കുകയാണ് ചെയ്തത്….
അഞ്ജലി… അവൾ തനിക്ക് സുഹൃത്ത് മാത്രമാണോ.. ഏയ്…അല്ല…
അവൾ അങ്ങനെ ഒന്നും ചിന്തിച്ചിട്ടുണ്ടാവില്ല.അപ്പോഴാണ് വിനീത് മാഷ്ടെ കാൾ..
“മാഷേ എന്തായി.. ചോദിച്ചോ? “
“ഇല്ല മാഷേ നാളെ നേരിട്ട് ചോദിക്കാം. ഇന്ന് സമയം ഉണ്ടായില്ല. നാളെ മറുപടി തരാം “..
എന്തായാലും അവളുടെ മനസ്സ് അറിയുക തന്നെ വഴി. കൂടെ വിനീത് മാഷ്ടെ കാര്യം കൂടി പറയാം..
പിറ്റേന്ന് കോഫി ഷോപ്പിൽ ശ്രീയെയും കാത്തു ഇരിക്കുകയാണ് അഞ്ജലി. ഈ മാഷെ കാണുന്നില്ലല്ലോ…ഒന്ന് വിളിച്ചു നോക്കട്ടെ.
“അഞ്ജലി.. “
” ഓ.. മാഷ് വന്നോ.. ഞാൻ വിളിക്കാൻ തുടങ്ങുവാരുന്നു. എന്താ മാഷേ കാണണം ന്ന് പറഞ്ഞത്? “
” ഉം.. പറയാം..രണ്ടു കോഫി പറയട്ടെ. “
അപ്പോഴാണ് അഞ്ജലിക്ക്. ഒരു കാൾ വന്നത്. വീട്ടീന്ന് അമ്മയാണ്.
“എന്താ അമ്മേ..? “
അഞ്ജലിയുടെ മുഖം മാറുന്നത് ശ്രീ ശ്രദ്ധിച്ചു.
” എന്താ അഞ്ജലി..എന്തെങ്കിലും പ്രോബ്ലം?? “
” ഉം.. അനിയത്തി ഹോസ്പിറ്റലിൽ ആണ്. എനിക്ക് പെട്ടെന്ന് പോണം മാഷേ..പിന്നെ കാണാം.. “
” നിൽക്കൂ അഞ്ജലി ഞാനും കൂടെ വരാം.. തനിച്ചു പോകേണ്ട. “
ശ്രീയും അഞ്ജലിയുടെ കൂടെ ഹോസ്പിറ്റലിൽ പോയി..ഹോസ്പിറ്റലിൽ ഐ സി യു വിന്റെ മുന്നിൽ കരഞ്ഞു കൊണ്ട് ഇരിക്കുന്ന അമ്മയെയും കാവ്യയെയും ആണ് അവൾ കണ്ടത്. ശരീരം മൊത്തം വിറയ്ക്കുന്നത് പോലെ തോന്നി. ശ്രീ അവളെ ചേർത്ത് പിടിച്ചു അമ്മയ്ക്ക് അരികിൽ ഇരുത്തി…
” എന്താ പറ്റിയത്?”..
“കോളേജിൽ നിന്ന് പെട്ടന്ന് കുഴഞ്ഞു വീണു. ബോധം തെളിഞ്ഞില്ല. ഡോക്ടർ പോയിട്ടുണ്ട്. ഒന്നും പറഞ്ഞില്ല. നിന്നെ വിളിച്ചു കിട്ടാത്തത് കൊണ്ട് അമ്മ എന്നെ വിളിച്ചു. അതാ ഞാൻ ഉടനേ തന്നെ വന്നത്. “
കാവ്യയാണ് എല്ലാം പറഞ്ഞത്…
ഡോക്ടർ പുറത്തു വന്നു….”അഞ്ജലി റൂമിലേക്ക് വരൂ…”
അഞ്ജലി ഡോക്ടറോടൊപ്പം റൂമിലേക്ക് പോയി.
“അഞ്ജലി.. സിസ്റ്ററുടെ കാര്യം കുറച്ചു സീരിയസ് ആണ്.. പെട്ടന്ന് തന്നെ സർജറി നടത്തണം.. അല്ലെങ്കിൽ… “!
അഞ്ജലിക്ക് മുഴുവൻ കേൾക്കാൻ ഉള്ള ശക്തിയില്ലായിരുന്നു. അവൾ പുറത്തു വന്നു..
“എന്താ അഞ്ജലി..ഡോക്ടർ എന്താ പറഞ്ഞത്?
ശ്രീ യായിരുന്നു… അത്..
” പെട്ടന്ന് തന്നെ സർജറി നടത്തണം എന്നാ ഡോക്ടർ പറഞ്ഞത്. “
അവൾ അമ്മയോട് ഹോസ്പിറ്റലിൽ തന്നെ നിൽക്കാൻ പറഞ്ഞു. കൂട്ടിന് കാവ്യയോടും….
” മാഷേ മാഷ് വീട്ടിലേക്കു പൊയ്ക്കോ. അവർ അന്വേഷിക്കും.
ഞാൻ സർജറി ക്ക് വേണ്ട പണം റെഡിയാക്കാൻ നോക്കട്ടെ. “
അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടിട്ട് ശ്രീക്ക് അവിടെ നിന്ന് പോകാൻ തോന്നിയില്ല. അവനോട് യാത്ര പറഞ്ഞു അവൾ വേഗം ഒരു ഓട്ടോയിൽ കയറി പോയി. പിന്നെ അവൾ എത്തുമ്പോൾ രാത്രി ആയിരുന്നു..
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ അമ്മയുടെ അടുത്തെത്തി. അമ്മയെ കണ്ടയുടൻ കെട്ടിപിടിച്ചു കരഞ്ഞു..
” മോളെ.. കരയാതെ… “
” അമ്മേ.. എനിക്ക് അത്രയും പണം കിട്ടിയില്ല.. കുറച്ചു പണം കൂടി വേണം സർജറിക്ക്. ഇനി എന്തു ചെയ്യും നമ്മൾ..?
” ആരും ഇല്ലാത്തവർക്ക് ദൈവം തുണയുണ്ടാകും എന്നല്ലേ..മോളെ.. “
അപ്പോഴേക്കും ഡോക്ടർ വന്നിരുന്നു.. അഞ്ജലി.. ഓപ്പറേഷൻ വിജയകരമായി പൂർത്തിയായി. ഷി ഈസ് പെർഫെക്ട്ലി ആൾറൈറ്റ്..
എത്രയും വേഗം തന്റെ അനിയത്തിക്ക് സുഖമാവും.. വിഷമിക്കേണ്ട..
അഞ്ജലി ഒന്നും മനസിലാകാതെ അമ്മയെ നോക്കി.. അമ്മയുടെ മുഖത്തു ആശ്വാസത്തിന്റെ പുഞ്ചിരി..
“അതെ. മോളെ..
ദൈവം നമ്മുടെ പ്രാർത്ഥന കേട്ടു. മോൾടെ കോളേജിലെ മാഷ്ടെ രൂപത്തിൽ.. “
അഞ്ജലിക്ക് ഒന്നും മനസിലായില്ല..
“അഞ്ജലി.. “
അത് ശ്രീകുമാർ ആയിരുന്നു.
“അപ്പൊ മാഷാണോ..? “
“അതേല്ലോ… “
“എന്തിനാ മാഷേ.. വെറുതെ..മാഷിന് ബുദ്ധിമുട്ടായി.. “
“അതേയ്.. ഞാൻ പറഞ്ഞില്ലേ.. എനിക്ക് വീട് പണി നടക്കുന്നുണ്ടെന്ന് . അതിനായി സൂക്ഷിച്ചു വച്ച പണം ഉണ്ടായിരുന്നു
നമുക്ക് ഇപ്പൊ ഇതല്ലേ അത്യാവശ്യം…. ഇതു നടക്കട്ടെ.
പിന്നെ തന്റെ കൂട്ടുകാരി കാവ്യ എന്നോട് ചിലതൊക്കെ പറഞ്ഞു.. താനെന്താ ഒന്നും പറയാതിരുന്നത്..തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണെടോ.. അതു കൂടി പറയാൻ ആണ് രാവിലെ കാണാൻ വന്നത്..അതുകൊണ്ട് ഇനി നമുക്ക് ഒരുമിച്ച് വീടെടുക്കാം. നമുക്ക് മാത്രമായി….എന്താ..? “
“അഞ്ജലി യുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. “
അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് അവളെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു നെറുകയിൽ ചുംബിച്ചു കൊണ്ട് ശ്രീ പറഞ്ഞു..
” ഇനി നീ എന്റേതാണ്..ആർക്കും വിട്ടു കൊടുക്കില്ല നിന്നെ….”
ശുഭം