ഭർത്താക്കന്മാരെ ഉപദ്രവിക്കുന്ന ഭാര്യമാർക്ക് എതിരെ ഇവിടെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കാൻ പറ്റുമോ…

വീണ്ടും ചില വീട്ടുകാര്യങ്ങൾ…..

Story written by MAREELIN THOMAS

രാത്രി നല്ല ഉഗ്രൻ കാറ്റും മഴയും ആയിരുന്നു…. പോരാത്തതിന് കറൻറ് ഉം കാറ്റിന്റെ വഴിയേ പോയി…

വളരെയേറെ ഉത്തരവാദിത്തങ്ങൾക്കിടയിലും വഴികാട്ടി ആയി കാറ്റിന്റെ കൂടെ പോകാൻ വിദ്യുത് ചേട്ടൻ (അത് തന്നെ. വൈദ്യുതി)കാണിച്ച ആ മഹാ മനസ്സ് ആരും കാണാതെ പോകരുത്.. ( ലൈറ്റ് തെളിയിക്കണം,ഫാൻ കറക്കണം, എസി പ്രവർത്തിപ്പിക്കണം,മിക്സി കറക്കണം.. എന്തൊക്കെ ഉത്തരവാദംസ്)

റൊമാൻസ് ന് പറ്റിയ അന്തരീക്ഷം.. നല്ല തണുപ്പ്.. ഭാര്യയെ ഇത്തിരി നല്ലോണം സ്നേഹിക്കാം എന്ന് വെച്ച് കുറച്ചേറെ റൊമാൻസ് കുത്തി നിറച്ച് തോൾ ഒന്ന് ചെരിച്ച് നമ്മുടെ ലാലേട്ടന്റെ സ്റ്റെപ് ഇട്ട്‌ ലാ ല ലാ പാടി കട്ടിലിൽ വശ്യമനോഹരി ആയി കിടക്കുന്ന, എന്റെ പ്രിയ പത്നിയുടെ അടുത്തേക്ക് മെല്ലെ മെല്ലെ ചെന്നതെ ഓർമ്മ ഉള്ളൂ.. പിന്നെ എന്റെ സാറേ… ആകെമൊത്തം തലക്കകത്ത് ഒരു മൂളൽ..

ഭർത്താക്കന്മാരെ ഉപദ്രവിക്കുന്ന ഭാര്യമാർക്ക് എതിരെ ഇവിടെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കാൻ പറ്റുമോ..

കൊടുക്കണം പിള്ളേച്ചാ.. അമ്മാതിരി തള്ളാ തള്ളിയത്..

ഹൊ…തല പോയി കട്ടിലിന്റെ ഹെഡ് റസ്റ്റിൽ ഇടിച്ചു പണ്ടാരം അടങ്ങി..

എന്നാലും ഈ തള്ളിന്റെ കാരണം അറിയണമല്ലോ..അങ്ങനെ സ്വന്തം റിസ്കിൽ ചോയിച്ചു ചോയിച്ചു വന്നപ്പോ സംഭവം കുഞ്ഞുവാവേ സിൽമ കാണിക്കാൻ കൊണ്ടോവാം ന്നു അടിയൻ ഏറ്റിരുന്ന്.. കഷ്ടകാലത്തിന് ഒരു അത്യാവശ്യം വന്നതുകൊണ്ട് പോക്ക് നടന്നില്ല.. സില്ലീ മാറ്റർ…

അതിനു എന്റെ സ്നേഹം നിരസിക്കണോ..പാവം ഞാൻ..അങ്ങോട്ട് ഇല്ലെങ്കിൽ ഇങ്ങോട്ടും ഇല്ല പോലും..ഇതെന്താ ബാർട്ടർ സിസ്റ്റ്മോ

പക്ഷേ ദിത് “ട്രംപ്- കൊറോണ ” ബന്ധം വഷളായത് പോലെ വഷളാക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല..

ട്രംപ്‌ —- “ഹെയ് സില്ലി കൊറോണ” കൊറോണ– “ഹെയ് MIGHTY Trump”

(കൊറോണ ഉദ്ദേശിച്ചത് അങ്ങേരുടെ വണ്ണം ആണ് പക്ഷേ അങ്ങേർക്കത് മനസ്സിലായില്ല )..

പക്ഷേ വന്നു വന്നു mighty കൊറോണ യും സില്ലീ ട്രംപും ആയി..

ഓരോരോ അവസ്ഥകളെ..ആ അവസ്ഥ ഉണ്ടാക്കരുത് സ്വയം..

അതോണ്ട്.. അതോണ്ട് മാത്രം തലയിലെ വേദന പോലും മറന്ന് അവളോട് ഞാൻ വിട്ടുവീഴ്ച ചെയ്യാൻ തയാർ ആയി..സിൽമ ക്ക് മാത്രം പോകേണ്ടിയിരുന്നിടത്ത് ഇപ്പൊ സിൽമയും ഡിന്നറും..

അങ്ങനെ കാറും കോളും മാറി.. ചക്കരെ പൊന്നെ ആയി ഞങൾ വീണ്ടും..

രാവിലെ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ വീണ്ടും ഒരു സോപ്പിടൽ..

“ജിത്തേട്ട… ഇന്നലെ രാത്രി സമ്മതിച്ചത് ആണ്.. ഇനി ഒരു ഒഴിവുകഴിവും പറയണ്ട..”

“ഹൊ….ഹേന്‍റെ പൊന്നോ .. പോകാം.. പോയി ഫൂഡ് എടുത്തു വേക്ക്‌..സമയം പോകുന്നു..”

“മ്.. ശെരി ശെരി..”

ഒന്നിരുത്തി നോക്കിയിട്ട് പെണ്ണ് താഴേക്ക് പോയി.. എങ്ങാനും നിങ്ങള് ഇന്ന് എന്നെ തേച്ചാൽ “പട്ടിണിക്കിട്ട്” കൊല്ലും എന്ന് പറഞ്ഞപോലെ ഒരു നോട്ടം..

താഴെ ചെന്നപ്പോൾ അവളെ അവിടെയൊന്നും കാണാത്തത് കൊണ്ട് വിളിക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ അവിടേക്ക് വന്നത്..

ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അമ്മയുടെ വക ചോദ്യം.

“എടാ ഇന്ന് വൈകിട്ട് നീ നേരത്തെ വരുവോ??” ഇത് കേട്ടതും അപകടം വരുന്നത് മണത്തു..

“എന്താ അമ്മേ”..

“എനിക്ക് സരസ്വതിയുടെ(ചിറ്റ) വീട് വരെ ഒന്ന് പോകണം. ഒരുപാട് നാളായി അവളെ ഒന്ന് കണ്ടിട്ട്… “

തീർന്നു.. എന്റെ കാര്യം തീരുമാനം ആയി..

അമ്മയോട് എന്ത് പറയും..

പറ്റില്ല എന്ന് പറഞ്ഞിട്ട് അവളെ സിനിമക്ക് കൊണ്ടുപോയാൽ പിന്നെ അമ്മ കണ്ണീർ സീരിയലിനേ വെല്ലുന്ന പ്രകടനം ആയിരിക്കും.. കൂടാതെ 10 മാസം ചുമന്നതും നൊന്തു പ്രസവിച്ച കഥയും ബോണസ്..

പോകാം എന്ന് അമ്മയോട് പറഞാൽ..അവള് എന്നെ നിർത്തി പൊരിച്ചു കളയും..മസാല ഒക്കെ തേച്ച്.. നമ്മുടെ ഇന്നസെന്റ് പറയുന്നതുപോലെ.. ദിങ്ങനെ ദിങ്ങനെ ദിങ്ങനെ.. തിരിച്ചും മറിച്ചും ,മറിച്ചും തിരിച്ചും..

തിളച്ച എണ്ണക്കകത് കിടക്കാൻ ആരാണ് ഉണ്ണി ഇഷ്ടപ്പെടുക…

വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ എങ്ങനെ നോക്കിയാലും പണി ആവും.. മന:സമാധാനം കപ്പലും കയറും

അതോണ്ട് ആരെയെങ്കിലും ഒരാളെ പിണക്കിയിട്ട് ജന്മത്ത് മന:സമാധാനം കിട്ടും എന്ന് ആരും വിചാരിക്കേണ്ട..

എന്റെ കാര്യം ഖുദ ഗവാ…’

‘അല്ലെങ്കിൽ തന്നെ രണ്ട് പേർക്കും എന്തെങ്കിലും ചെറിയ കാരണം കിട്ടാൻ നോക്കി ഇരിക്കുവാ….

ഗോമ്പറ്റീഷൻ ആണ്.. ഗോമ്പറ്റീഷൻ ന്റെ പേര്..”ആര് ജിത്തു നേ കൂടുതൽ സ്നേഹിക്കുന്നു”.. അതിന്റെ ഫലം ആയി അല്ലറ ചില്ലറ പൊട്ടലുകൾ ഇവിടെ നടക്കാറുണ്ട്..ഈ സ്നേഹം ഓക്കേ മേടിച്ചു കൂട്ടി ഞാൻ ഒരു വഴിയായത് ഇവർ അറിയുന്നില്ല..

കഴിഞ്ഞ ആഴ്ച മീൻ കറിക്ക് എരിവ് കൂടിപ്പോയി എന്ന് പറഞ്ഞു കുറച്ചു പഞ്ചസാര എടുത്തു ഇട്ടു ലവൾ.. പഞ്ചാര ഇടണമെങ്ങിൽ സ്വന്തം പാത്രത്തിൽ ഇട്ടാൽ മതിയില്ലേ ചട്ടിയിൽ ഇടുന്നോ എന്ന് ചോദിച്ചു മാതാശ്രീ ചട്ടിയോടെ എടുത്ത് എറിഞ്ഞു…

ആ ഏറു കൊള്ളാതെ ഞാൻ തല നാരിഴക്ക് ആണ് രക്ഷപെട്ടത്..

“ജിത്തേട്ടാ.. ജിത്തെട്ടാ…”

“ങ്ഹെ എന്താ… “

“കഴിച്ചു കഴിഞ്ഞെങ്കിൽ ആ പാത്രം ഇങ്ങു താ മനുഷ്യാ…” എന്ത് സ്വപ്നം കണ്ട് ഇരിക്കുവാ..

…………………………………………………

വൈകിട്ട് ഓഫീസിൽ നിന്ന് കുറച്ചു നേരത്തെ വീട്ടിൽ എത്തി.. വീടിനുള്ളിൽ നിന്നും ചിരിയും സംസാരവും കേട്ടു..

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെള്ളരിപ്രാവ് അത്യുന്നതങ്ങളിൽ നിന്ന് എന്നെ നോക്കി അതി മധുരമായി പുഞ്ചിരിക്കുന്നത് ഞാൻ കണ്ടൂ..

അകത്തേക്ക് കയറി ചെന്നപ്പോൾ ചിറ്റ അമ്മയുടെ കാൽ മുട്ടിൽ തൈലം ഇട്ടു കൊടുക്കുന്നു

“ചിറ്റേ.. ഇതെന്താ യാതൊരു മുന്നറിയിപ്പും ഇല്ലാതെ.. ഞങൾ ഇന്ന് അങ്ങോട്ട് വരാൻ ഇരിക്കുക ആയിരുന്നു..”

“എന്റെ ചേച്ചിയെ കാണാൻ വരാൻ എനിക്ക് മുന്നറിയിപ്പ് തരണോടാ.. ഞാനിനി രണ്ടു ദിവസം കഴിഞ്ഞേ പോകുന്നുള്ളു”.. ചിറ്റ സെന്റിയോട് സെന്റി..

ഒന്ന് ഫ്രഷ് ആയി താഴെ വന്നു ചായ കുടിച്ചൊണ്ടിരുന്നപ്പോ അമ്മയോട് വിഷയം അവതരിപ്പിച്ചു..

“അമ്മേ ഞങൾ ഒന്ന് പുറത്ത് പോയിട്ട് വരാം..അവൾക്ക് എന്തൊ അത്യാവശ്യമായി വാങ്ങണം എന്ന് പറഞ്ഞിരുന്നു..പോകുന്ന വഴി ഒരു സിനിമ യും കാണാം.. ഇന്നിപ്പോ ഒത്തിരി നേരത്തെ എത്തിയതല്ലെ..”

“പോയിട്ട് വാ മോനെ.”. എന്ന് അമ്മ പറഞ്ഞതും.. ഒരു കൊടുങ്കാറ്റ് അടിച്ചതുപോലെ തോന്നി..ഒരു വിധം, ചായ തുളുമ്പി പോവാതെ പിടിച്ചു നിന്നു..

പേടിക്കണ്ട..അവള് ഒരുങ്ങാൻ പോയ പോക്കിൽ ഞാൻ ഒന്ന് ആടി ഉലഞ്ഞു പോയതാ.. അമ്മാതിരി ഓട്ടം ആയിരുന്നു..

ഇവളെ ഒന്നും പി ടി ഉഷയെ കണ്ടെത്തിയത് പോലെ ഒരു മാഷും “കണ്ടെത്തിയില്ല ലോ”.. മഹാ മോശം ആയിപ്പോയി.. ഭാരതത്തിന് ഒരു മടൽ പ്രതീക്ഷ ആണ് നഷ്ടമായത്..

പക്ഷേ അമ്മ ഇത്ര പെട്ടെന്ന് എങ്ങനെ സമ്മ്തിച്ചോ ആവോ..

അപ്പോഴാ കത്തിയത്.. ഇവൾ വീട്ടിൽ ഇല്ലെങ്കിൽ അമ്മക്ക് അനിയത്തിയോട് പാത്തും പതുങ്ങിയും ഇരുന്നു ഇവളുടെ കുറ്റം പറയണ്ടല്ലോ..ക്ലാസ് മൂവ് ….

ഞാൻ അമ്മയുടെ ഫാൻ ആയി

……………………………………………

അടുത്തുള്ള ഷോപ്പിംഗ് മാളിലെ ക്ക് ആണ് പോയത്..തീയേറ്റർ മൂന്നാം നിലയിൽ ആണ്..

സത്യം പറഞാൽ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ സർപ്രൈസ് എന്ന് പറഞ്ഞു ഇവരുടെ കണ്ണ് കെട്ടണം..

എന്നിട്ട് നേരെ തീയേറ്റർ ന്റെ മുൻപിൽ വന്നു നിന്നിട്ട് കൺകെട്ട് അഴിക്കണം.. കൂടെ ഒരു ലവ് യു ബേബി.. ഒരു റോസ്… ഫ്ലാറ്റ് ആയിക്കൊളും..

അല്ലെങ്കിൽ എനിക്ക് പറ്റിയത് പോലെ ഇരിക്കും..

ഇടക്ക് കണ്ട കടകളിൽ എല്ലാം കയറി.. അവിടൊക്കെ തൂങ്ങി കിടന്നിരുന്ന ചുവന്ന ഷിഫോൺ സാരി യും വയലറ്റ് അനാർക്കലിയും പിങ്ക്‌ സ്കർട്ട് ഉം ബ്ലൂ ടോപ്പും…എല്ലാം ദാ ഇപ്പൊൾ എന്റെ കയ്യിലെ ഷോപ്പിംഗ് ബാഗിൽ ഉണ്ട്..

പക്ഷേ എന്തോ ഒരു ഭാരക്കുറവ് അനുഭവപ്പെടുന്നുണ്ട്.. പോക്കറ്റ് കാലി ആയതു കൊണ്ട് തൊന്നുന്നതായിരിക്കാം..

പോപ് കോണും പെപ്സി യും വാങ്ങി സീറ്റിൽ ചെന്ന് ഇരുന്നു..പടം തുടങ്ങാറായി…

പുകവലി ചേട്ടൻ വന്നു..

“ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്”…

സത്യം…

അതുകൊണ്ടാണല്ലോ രാവിലെ ഓഫീസിൽ പോകുന്ന വഴി കിഷോർ(ചിറ്റയുടെ മകൻ,എന്റെ ചങ്ക്) നേ വിളിച്ച് അമ്മക്ക് സംശയം തോന്നാത്ത രീതിയിൽ ചിറ്റ യെ വീട്ടിലേക്ക് കൊണ്ട് വരാനുള്ള പ്ലാൻ തയ്യാറാക്കിയത്.. അമ്മക്ക് ഈയിടെയായി മുട്ടിനു വേദന ഇത്തിരി കൂടുതൽ ആണെന്നും ഇടക്കിടക്ക് ചിറ്റയുടെ കാര്യം പറയുന്നുണ്ടെന്നും കൂടെ പറഞ്ഞപ്പോ സംഭവം സെറ്റ്…ലെഹ്യവും അരിഷ്ടവും തൈലവും ഒക്കെ ആയി പുള്ളിക്കാരി ഹാജർ..

ഇതിങ്ങനെ അവസാനിച്ചത് കൊണ്ട് ഇന്ന് രക്ഷപെട്ടു… അല്ലെങ്കിൽ അമ്മായിയമ്മയും മരുമോളും എന്നെ തേച്ച് ഒട്ടിച്ചെനെ.. ആ ഒരു കാര്യത്തിൽ ഒടുക്കത്തെ ഒരുമയാ രണ്ടു പേർക്കും..

പക്ഷേ എന്നെ സമ്മതിക്കണം.. ഭാര്യയെയും അമ്മയെയും പിണക്കാതെ രണ്ടു പേരുടെയും ആഗ്രഹങ്ങൾ നടത്തി കൊടുത്തില്ലെ….

ഇവർക്ക് ഈ ചെറിയ ചെറിയ വാശി ഒക്കെ ഉള്ളുന്നെ. മനസ്സ് നിറച്ച് നമ്മളോട് ഉള്ള സ്നേഹം മാത്രം ആണ്.. ആര് നമ്മളെ കൂടുതൽ സ്നേഹിക്കുന്നു എന്ന് തെളിയിക്കാനുള്ള ചെറിയ ചെറിയ “കൊലാ” പരിപാടി.. അത്രേയുള്ളൂ..

പക്ഷേ ഇടക്ക്, നമ്മൾ ആരെ കൂടുതൽ സ്നേഹിക്കുന്നു എന്ന് തെളിയിക്കാൻ നമ്മളോട് പറയും.. അത് കുറച്ചു പേടിക്കണം.. അപ്പൊ ഇതുപോലെ ചെറിയ കലാപരിപാടികൾ അങ്ങോട്ടും ഇറക്കണം

ബാക്കി ഇന്ന് പറയാൻ നേരമില്ല.. സിനിമ തുടങ്ങി.. ഇത് കഴിഞ്ഞ് ഡിന്നർ കഴിക്കാൻ പോണം.. അപ്പൊ പറഞ്ഞപോലെ.. എപ്പൊഴേലും കാണാം..

അടുത്ത പ്രാവശ്യം എന്താകുമോ എന്തോ..