ന്യൂ ഇയർ ഗിഫ്റ്റ്
എഴുത്ത്: ദേവാംശി ദേവ
“അലക്‌സേ….ടാ…. എഴുന്നേൽക്കേടാ….”
അപ്പച്ചന്റെ വിളികേട്ടാണ് ഞാൻ കണ്ണു തുറന്നത്. അല്ല തുറക്കാൻ ശ്രെമിച്ചത്…
സൂര്യ പ്രകാശം കൃത്യമായി മുഖത്തു തന്നെ അടിക്കുന്നുണ്ട്. പോരാത്തതിന് നശിച്ച തലവേദനയും.
ഒരുവിധം കണ്ണുകൾ വലിച്ച് തുറന്ന് അപ്പച്ചനെ നോക്കി.
“എന്തുവാടാ ഇത്…ഇന്നലെ നല്ല ആഘോഷം ആയിരുന്നല്ലേ.”
അപ്പച്ചൻ എനിക്ക് ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
അപ്പച്ചന്റെ കണ്ണുകൾക്ക് പിന്നാലെ എന്റെ കണ്ണുകളും സഞ്ചരിച്ചു.
ഇന്നലെ രാത്രി ടെറസ്സിൽ ആണ് കിടന്നത്. ചുറ്റും ബിയർ ബോട്ടിലുകളും.
‘കർത്താവേ ഇത്രയും ഞാൻ കുടിച്ചോ.’ മനസിൽ പറഞ്ഞു കൊണ്ട് അപ്പച്ചനെ നോക്കി ഒന്നു ചിരിച്ചു.
‘വേഗം എഴുന്നേറ്റ് വൃത്തിയാക്കിക്കോ നിന്റെ അമ്മച്ചി വന്നുകണ്ടാൽ എന്താ സംഭവിക്കാൻ പൊന്നതെന്ന് ഞാൻ പറയണ്ടല്ലോ.”
അപ്പച്ചൻ പോയതും ഞാൻ ഒരുവിധം എഴുന്നേറ്റിരുന്നു. ഫോൺ എടുത്തു നോക്കിയപ്പോൾ ഇരുന്നൂറ്റിപതിനാറ് മിസ്ഡ് കോൾസ്.
വലിയ പ്രതീക്ഷയോടെ ഞാൻ കാൾ ലിസ്റ്റ് മുഴുവൻ നോക്കി. നിരാശ ആയിരുന്നു ഫലം.
വാൾ പേപ്പറിലേ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നതും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.
ദേവാംശി….എല്ലാവരുടെയും ദേവു…..എന്റെ മാത്രം ദേവ…..
“അലക്സിച്ചായ….ഇച്ഛായൻ മാത്ര എന്നെ ദേവ എന്ന് വിളിക്കുന്നെ….ബാക്കി എല്ലാവർക്കും ഞാൻ ദേവു ആ.”
“നിനക്കിതിൽ ഏതാ ഇഷ്ടം.”
“എനിക്ക് ദേവാ എന്നുള്ളതാ ഇഷ്ടം.”
“എന്നാലേ ഇനി എല്ലാവരോടും അങ്ങനെ വിളിക്കാൻ പറയാം.”
“വേണ്ട..എന്നെ എന്റെ ഇച്ഛായൻ മാത്രം അങ്ങനെ വിളിച്ചമതി. ഞാൻ എന്റെ അലക്സിച്ചായന്റെ മാത്രം ദേവ കൊച്ചാ…”
ഒരു പുഞ്ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന ആ ഫോട്ടോ ഞാൻ നെഞ്ചോട് ചേർത്തു.
അഞ്ച് വർഷം മുമ്പുള്ള ഒരു ന്യൂ ഇയർ പുലരി. അന്നാണ് എന്റെ ദേവ ,എന്റെ ലൈഫിലേക്ക് കടന്നു വന്നത്.
അമ്മച്ചിയുടെ നിർബന്ധം കാരണം ആണ് അന്ന് അപ്പച്ചന് പകരം ഞാൻ ബേക്കറിയിൽ പോയത്.
കൂടെ അപ്പച്ചന്റെ അനിയന്റെ മകൻ എബിയും ഉണ്ട്.
“ഇച്ഛായ..ദേ ഇതു കണ്ടോ പുതുവത്സര നക്ഷത്രഫലം.
എന്റേത് നോക്കിക്കേ..പ്രണയ ബന്ധത്തിൽ ഏർപ്പെടാനും വിദേശ യാത്രക്കും യോഗം.
അപ്പൊ ഞാൻ ഏതെങ്കിലും വിദേശിയെ പ്രേമിക്കുമായിരിക്കും അല്ലെ.”
“അങ്ങനെ ആയിരിക്കില്ലെടാ..നീ കുറെയെണ്ണത്തിന്റെ പിറകെ നടക്കുന്നില്ലേ. അതിൽ ഏതിന്റെയെങ്കിലും വീട്ടുകാർ നിന്നെ പഞ്ഞിക്കിടാനും അതുകാരണം നിന്റെ അപ്പൻ നിന്നെ നാടുകടത്താനും സാധ്യത ഉണ്ട്.”
“ഒന്ന് പോ ഇച്ഛായ…അങ്ങിനെ ഒന്നും ഉണ്ടാകാതെ നോക്കാൻ ഈ എബിക്ക് അറിയാം.
ദേ ഇച്ചായന്റെ നക്ഷത്ര ഫലം നോക്കിയെ..വിലപ്പെട്ട ഒരു സമ്മാനം കിട്ടും.”
“എന്റെ എബി ഇതൊന്നും സത്യം അല്ലെടാ.ഞാനും നീയും ജനിച്ച ദിവസം അതേ സമയത്ത് ജനിച്ച എത്ര പേരുണ്ടാകും. എല്ലാവർക്കും ഒരു പോലെ സംഭവിക്കോ.”
“അതൊന്നും എനിക്ക് അറിയില്ല. എന്തായാലും ഞാൻ വിദേശത്തുപോകും.”
“നീ പൊക്കോ…”
അവനുമായിട്ട് സംസാരിച്ചു കൊണ്ട് ബേക്കറിയിൽ ഇരിക്കുമ്പോഴാണ് ഒരു പെൺകുട്ടി,പതിനാറോ പതിനേഴോ വയസ്സുവരും.
കൂടെ അവളുടെ അച്ഛനും ഉണ്ട്.
“ഒരു കേക്ക് വേണം.”
അവളുടെ അച്ഛൻ പറഞ്ഞു.
എബി അവർക്ക് കേക്ക് കാണിച്ചു കൊടുത്തു. അവളുടെ അച്ഛൻ ഒരു ക്രീം കേക്ക് എടുത്തെങ്കിലും അവൾക്ക് ഇഷ്ടപ്പെട്ടത് ചുവപ്പ് നിറത്തിലെ ഹൃദയത്തിന്റെ ആകൃതിയുള്ള കേക്കായിരുന്നു.
അതിനല്പം വില കൂടുതൽ ആയതു കൊണ്ട് അവളുടെ അച്ഛൻ വേണ്ട എന്ന് പറഞ്ഞു.
പക്ഷെ അവൾ കൊച്ചുകുട്ടികളെ പോലെ വാശി പിടിക്കാൻ തുടങ്ങി.
ഒടുവിൽ അവളുടെ കണ്ണുകൾ നിറഞ്ഞു..
അത് ഏറ്റു…..അവളുടെ അച്ഛൻ അത് വാങ്ങി….
അപ്പൊ അവളുടെ മുഖത്തുണ്ടായ സന്തോഷം അവളുടെ ഓരോ ഭാവങ്ങളും നോക്കി നിന്ന എന്റെ മുഖത്തും തെളിഞ്ഞു.
എബി കേക്ക് പാക്ക് ചെയ്യാൻ തുടങ്ങിയതും നാൻ ഓടി അങ്ങോട്ടു ചെന്നു.
“എന്താ പേര്.”
അവളോടുള്ള എന്റെ ചോദ്യം കേട്ട് അവളുടെ അച്ഛൻ എന്നെ തുറിച്ചു നോക്കി.
“ഈ കേക്ക് വാങ്ങുന്നവർ ഇതിൽ പേര് എഴുതിവാങ്ങാറുണ്ട്…”
“ദേവാംശി….”
അവൾ മറുപടി പറഞ്ഞു. ഞാൻ ആ കേക്കിൽ മനോഹരമായി ദേവ എന്ന് എഴുതി കൊടുത്തു.
“സർ…പിന്നെ ന്യൂ ഇയർ പ്രമാണിച്ച് ഞങ്ങൾ ഒരു നറുക്കെടുപ്പ് മത്സരം നടത്തുന്നുണ്ട്. നിങ്ങളുടെ പേരും നിങ്ങൾ പഠിക്കുന്ന സ്കൂളിന്റെയോ കോളേജിന്റെയോ പേരും എഴുതി ഇടുക.നിങ്ങളാണ് വിജയി എങ്കിൽ സമ്മാനം ഞങ്ങൾ സ്കൂളിലോ കോളേജിലോ എത്തിക്കും.”
ഓണത്തിനോ മറ്റോ നടത്തിയ നറുക്കെടുപ്പ് മത്സരത്തിന്റെ ബോക്സ് എടുത്ത് അവൾക്ക് നേരെ നീട്ടി.
അവൾ അതിൽ അവളുടെ പേരും സ്കൂളിന്റെ പേരും എഴുതിയിട്ടു.
“ഇങ്ങനെ ഒരു മത്സരത്തിന്റെ കാര്യം ഞാൻ അറിഞ്ഞില്ലല്ലോ.”
“അങ്ങിനെ ഒന്ന് ഇല്ലല്ലോ.”
“പിന്നെ…”
“നീ കുറച്ച് മുൻപ് ഒരു ഗിഫ്റ്റിന്റെ കാര്യം പറഞ്ഞില്ലേ…അതാണോ ഇപ്പൊ പോയതെന്ന് ഒരു സംശയം”
അന്തം വിട്ട് നിൽക്കുന്ന എബിയെ നോക്കി ഞാൻ ഒന്നു ചിരിച്ചു.
പിന്നെ അവളെ തേടിയുള്ള യാത്രയായിരുന്നു..അവളുടെ സ്കൂളിന്റെ മുൻപിൽ ദിവസവും പോയി നിൽക്കും…അങ്ങനെ അവളെ കണ്ടു പിടിച്ചു. ഇഷ്ടം പറഞ്ഞു.
പുറകെ നടന്നു….ഒടുവിൽ അവളെ കൊണ്ട് ഇഷ്ടം ആണെന്നും പറയിച്ചു.
അവളെന്റെ ദേവയും ഞാൻ അവളുടെ അലക്‌സിച്ചായനും ആയി.
പിന്നെ ഞങ്ങളുടെ പ്രണയ കാലം ആയിരുന്നു. അഞ്ച് വർഷം …..
ഒരിക്കൽ പോലും ഞാൻ കാരണം അവളുടെ കണ്ണ് നിറയാൻ സമ്മദിച്ചിട്ടില്ല. അവളുടെ കുറുമ്പും കുസൃതികളും ഞാൻ ആസ്വദിച്ചിട്ടെ ഉള്ളു.
എട്ട് ദിവസം മുൻപ് വരെ….ക്രിസ്‌മസിന്റെ തലേ ദിവസം രാത്രിവരെ ഞങ്ങൾ സംസാരിച്ചതായിരുന്നു.
പിറ്റേന്ന് മുതൽ അവൾ വിളിക്കാറില്ല. അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കില്ല. ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആഴപ്പോഴാണ് അവളുടെ വീടിന്റെ മതിൽ ചാടാൻ തീരുമാനിച്ചത്.
ഫോണിലൂടെ അവളുടെ വീടിന്റെ മുക്കും മൂലയും അവൾ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.
നേരേ അവളുടെ മുറിയുടെ ജനലിൽ തട്ടി വിളിച്ചു.
“ഇച്ഛായനെന്താ ഇവിടെ.”
“നീ എന്താ ഫോൺ എടുക്കാത്തെ…ഞാൻ എത്ര പ്രാവശ്യം വിളിച്ചു.”
“ഇച്ഛായൻ ഇനി വിളിക്കേണ്ട. ഞാൻ ഫോൺ എടുക്കില്ല. എന്റെ വിവാഹം ഉറപ്പിച്ചു. അമേരിക്കയിൽ ഡോക്ടർ ആ.”
അവളുടെ ഓരോ വാക്കും തീ പോലെ എന്നിൽ പതിച്ചുകൊണ്ടിരുന്നു.
“ദേവാ.. നീ എന്തൊക്കെയാ ഈ പറയണേ.”
“ഇച്ഛായൻ പൊക്കോ.” അവൾ ജനലടച്ചു.
ഒരുവിധം എങ്ങിനെയോ വീട് എത്തി. ഫ്രണ്ട്‌സുമായി ന്യൂ ഇയർ ആഘോഷിക്കാൻ വാങ്ങി വെച്ചിരുന്ന ബിയർ കുപ്പികളിൽ അഭയം തേടി.
ഫ്രണ്ട്‌സ് വിളിച്ചിട്ടും ഫോൺ എടുത്തില്ല.
“ടാ..”
അമ്മച്ചി.
“നീ വീടും ബാറാക്കിതുടങ്ങിയോട.” ഞാൻ മിണ്ടാതെ തല കുനിച്ചിരുന്നു.
“നിന്നെ കാണാൻ ഏതോ ഫ്രണ്ട് വന്നിട്ടുണ്ട്. അത് കഴിഞ്ഞ് ബാക്കി തരാം ഞാൻ.”
കൂട്ടുകാർ പഞ്ഞിക്കിടാനുള്ള വരവാണ്. അവരുടെ കൂടെ പോയില്ല എന്നു മാത്രമല്ല അവർക്കും കൂടുള്ള ബിയർ ഒറ്റക്ക് കുടിച്ചും തീർത്തു.
ഞാൻ വേഗം ഫ്രഷായി താഴേക്ക് ചെന്നു. അവിടെ അപ്പച്ചനും അമ്മച്ചിയും ഉണ്ട്.
“ആരാ കാണാൻ വന്നത്.”
“പുറത്തുണ്ട്. വിളിച്ചിട്ട് അകത്തേക്കു വന്നില്ല.”
അപ്പൊ എന്റെ കാര്യത്തിൽ തീരുമാനം ആയി.
ഞാൻ പുറത്തേക്ക് ഇറങ്ങി. എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവിടെ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി.
ദേവ……
കയ്യിൽ ബാഗൊക്കെ ഉണ്ട്.
“നീ എന്താ ഇവിടെ…”
“ഞാൻ ഇങ്ങ് പോന്നു. ഇന്ന് എന്നെ കാണാൻ ആ ഡോക്ടർ വരും. അയാളോട് ഞാൻ പറഞ്ഞതാ ഇച്ചയാന്റെ കാര്യം. അയാളത് കാര്യമാക്കിയില്ല. അതു കൊണ്ട് ഞാൻ ഇങ്ങ് പൊന്നു.”
“നീ ഇന്നലെ ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്.”
“അത് ന്യൂ ഇയർ ആയിട്ട് ഇച്ഛായന് ഒരു സർപ്രൈസ് തരാൻ വേണ്ടി അല്ലെ. അതിനല്ലേ ഞാൻ ഇത്രയും ദിവസം ഇച്ഛായനോട് മിണ്ടാതിരുന്നത്.”
ചിരിച്ചു കൊണ്ട് അവളതു പറഞ്ഞപ്പോൾ സന്തോഷമാണോ സങ്കടമാണോ ദേശ്യമാണോ തോന്നിയത് എന്നറിയില്ല.
“എന്നാ ഇച്ഛായൻ കൊച്ചിനൊരു ഗിഫ്റ്റ് തരട്ടെ.ഒരു ന്യൂ ഇയർ ഗിഫ്റ്റ്.”
“ങും…” ചിരിച്ചു കൊണ്ട് അവൾ തലയാട്ടി.
കൊടുത്തു കരണം നോക്കി ഒന്ന്.
ആള് നന്നായി പേടിച്ചു. കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ട്. എന്റെ ഇങ്ങനൊരു മുഖം ആദ്യമായിട്ടാണ് അവൾ കാണുന്നത്.
പക്ഷേ അവളുടെ കണ്ണുനീർ എനിക്ക് കണ്ടു നിൽക്കാൻ പറ്റില്ല.
“ദേവാ.. നീ കാണിച്ച കുരുത്തകേടിനാ ഇച്ഛായൻ നിന്നെ തല്ലിയെ. പോട്ടെ സാരമില്ല…”
നോ രക്ഷ..ആള് പിണങ്ങി നിൽപ്പ…
“എന്റെ ദേവ കൊച്ച് രാവിലെ ഒന്നും കഴിച്ച് കാണത്തില്ലല്ലോ.ഇച്ഛായനും കഴിച്ചില്ല. അമ്മച്ചി നല്ല പാലപ്പവും താറാവ് കറിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്.”
അതു കേട്ടതും അവളുടെ മുഖം തെളിഞ്ഞു.
ഇത്രയേ ഉള്ളു എന്റെ ദേവകൊച്ച്. ഒരു പൊട്ടി പെണ്ണ്.
അവളെയും ചേർത്ത് പിടിച്ച് വീട്ടിലേക്ക് കയറാൻ പോയതും വാതിൽക്കൽ അപ്പച്ചനും അമ്മച്ചിയും.
രണ്ടും കലിപ്പിലാ…
“ഇറങ്ങി ഓടിയാലോടി…”ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു.”
“കഴിച്ചിട്ട് ഓടാം ഇച്ഛായാ…എനിക്ക് വിശക്കുന്നു.”
ഞാൻ ദയനീമായി അവളെ ഒന്ന് നോക്കി. പിന്നെ ആ നോട്ടം അപ്പച്ചനിൽ ചെന്ന് നിന്നു.
“അന്നമ്മോ കുരിശ് വരച്ച് അകത്ത് കേറ്റിക്കോ.എന്തായാലും ഇങ്ങനെ ഒരു ഗിഫ്റ്റ് നമ്മളും കുറെ കാലമായി ആഗ്രഹിക്കുന്നെ അല്ലെ.”
അതു കേട്ടതും അമ്മച്ചി ചിരിച്ചു കൊണ്ട് ഞങ്ങളെ കുരിശ് വരച്ച് അകത്തേക്ക് കയറ്റി.
ഇതിലും വലിയൊരു ന്യൂ ഇയർ ഗിഫ്റ്റ് ഇതുവരെ എന്റെ ലൈഫിൽ കിട്ടിയിട്ടില്ല. എന്തായാലും ഈ ന്യൂ ഇയർ ഞങ്ങൾ അടിച്ച് പൊളിക്കാൻ പോവാ…
(അടിച്ച് പൊളിക്കോ ഇവളുടെ വീട്ടുകാർ വന്ന് എന്റെ കൈയ്യും കാലും തല്ലി ഓടിക്കോ എന്ന് കണ്ടറിയണം.)
എന്തായാലും നിങ്ങൾക്കെല്ലാവർക്കും എന്റെയും എന്റെ ദേവകൊച്ചിന്റെയും….
“ഇച്ഛായ…..ഞാൻ പറയാം പ്ലീസ്…”
“ങും…പറഞ്ഞോ.”
“എല്ലാവർക്കും എന്റെയും എന്റെ അലക്സിച്ചായന്റെയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ❤️❤️❤️❤️❤️