Story written by Dhanya Shamjith
അല്ല…. ഇന്ന് നേരം വൈകിയോ ദിനേശാ..
പടിയ്ക്കലെ കരിയില തൂത്ത് ഒരു മൂലയിലേക്ക് കൂട്ടുന്നേനിടെയാണ് ശബ്ദം കേട്ടത്… അപ്രത്തെ വീട്ടിലെ സുകുവേട്ടനാണ്.. ജോലിക്ക് പോവാനിറങ്ങിയതാണെന്ന് ഒരുക്കം കണ്ടാലേ അറിയാം..
ഇന്നല്പം വൈകി, രാവിലെ ഓള് എണീക്കാൻ താമസിച്ചു… ചിരിയോടെ ദിനേശൻ ചൂല് പിറകിലേക്ക് മാറ്റിപ്പിടിച്ചു.
നിനക്കിതിൻ്റെയൊക്കെ വല്ല ആവശ്യോണ്ടോ ടോ… ഭാര്യ ഗർഭിണിയായീന്നും വച്ച് പെണ്ണുങ്ങൾടെ പണി മൊത്തം ചെയ്യാൻ.. നല്ലൊന്നാന്തരം തൊക മാസാമാസം കിട്ടണ്ണ്ടല്ലോ ഒര് ഹോം നഴ്സിനെ വച്ചാ പോരേ…
അതുമല്ല ഇപ്പ വീട്ടിലെ പണിയൊക്കെ മെഷീനല്ലേ മിക്സീം വാഷിംഗ് മെഷീനുമൊക്കെ ഇല്ലാത്ത വീടുണ്ടോ? ദേഹമനങ്ങത്തൂല്ല പണിയൊക്കെ എളുപ്പാവേം ചെയ്യും.. ഇവടേം ഒണ്ടല്ലോ…
ബൈക്ക് ഒതുക്കി നിർത്തി അയാൾ അവൻ്റെ അടുത്തേക്ക് ചെന്നു.
ദേവൂന് അലക്കലൊക്കെ കല്ലിൽ തന്നാ.. അഴുക്ക് പോവില്ലെന്നാ പറച്ചില്..ദിനേശൻ ചൂല് ഒതുക്കി വച്ചു.
നീ ഇങ്ങനൊരുത്തനായി പോയല്ലോ ദിനേശാ… ഒര് തവണ നമ്മള് അയഞ്ഞു കൊടുത്താ ഇവളുമാര് പിന്നെ അതൊരു ശീലാക്കും…
ഏയ്,, ഇവടെയെല്ലാം ദേവൂ തന്നാ ചെയ്ക ഇതിപ്പോ രണ്ടാം മാസല്ലേ ഡോക്ടറ് ഫുൾ റെസ്റ്റ് പറഞ്ഞോണ്ടാ…
ഡോക്ടറ് അങ്ങനെ പലതും പറയും , എന്നും പറഞ്ഞ് അലക്കലും തൂക്കലുമൊക്കെ ചെയ്യുകാന്ന് പറഞ്ഞാ? ആണ്ങ്ങൾടെ വെല കളഞ്ഞ് കുളിക്കൂലോ ദിനേശാ നീ…ലോകത്ത് ആദ്യായിട്ടൊന്നല്ലല്ലോ പെണ്ണുങ്ങള് ഗർഭിണി ആവണത്.. അയാൾ ഉച്ചത്തിൽ ചിരിച്ചു.
അതു കേട്ട് ദിനേശൻ്റെ മുഖത്തെ ചിരി മാഞ്ഞു.
അതേ…. സുകുവേട്ടാ… ഇങ്ങ് വന്നേ…സുകുവിൻ്റെ തോളത്ത് കൈയ്യിട്ട് അവൻ ബൈക്കിനരികിലേക്ക് നീങ്ങി.
ലോകത്തെ പെണ്ണുങ്ങൾ ടെ കാര്യം എനിക്കറിയില്ല, പക്ഷേ എൻ്റെ പെണ്ണ് ആദ്യായിട്ടാ ഗർഭിണി ആവണേ. അപ്പോ അത് എനിക്കൊരു പുതുമ തന്നെയാ… ഇത്രേം നാളും, ഇനിയുള്ള നാളും വീട്ടിലെ പെണ്ണുങ്ങള് തന്നാ നമ്മള് ആണുങ്ങൾടെ കാര്യങ്ങളൊക്കെ നോക്കീം കണ്ടും ചെയ്യണത്.. പറ്റാത്ത പണിയാണേൽ കൂടി എന്ത് വയ്യായ്ക ഉണ്ടേലും അത് പുറത്തു കാട്ടാതെ അവര് ചെയ്യും.. ഒരു പരാതിയോ, കണക്കോ പറയാറില്ല.. അങ്ങനെയുള്ള അവരെ സഹായിക്കാൻ ദൈവം തരുന്ന സമയാ ഈ ഗർഭകാലം..
നമ്മടെ ചോരയെ വയറ്റി ചൊമന്ന് ഇക്കണ്ട പണിയൊക്കെ ചെയ്യണതും കണ്ട് കാലിൻമേൽ കാലും കേറ്റി വച്ച് ഇരിക്കണ ആണ്ങ്ങള് ഇണ്ടാവും പക്ഷേ ഞാനാ തരക്കാരനല്ല… വല്യ കൊമ്പത്തെ ഉദ്യോഗസ്ഥൻമാരായാലും സ്വന്തം വീട്ടിലെ ജോലി ചെയ്തൂന്നും വച്ച് മാനം ഇടിഞ്ഞു വീഴൊന്നുമില്ല.. പകരം ഭാര്യേടേം മക്കടേം മുന്നില് നല്ലൊരു ഭർത്താവും അച്ഛനും ആവുകയേ ഉള്ളൂ… അതിലും വല്യ അഭിമാനൊന്നും വേറൊന്നിനും കിട്ടില്ല സുകുവേട്ടാ…
കുടുംബത്തെ ജോലി ഷെയറിട്ട് ചെയ്താ അതു മതി മിക്ക കുടുംബങ്ങളിലേം പാതി പ്രശ്നങ്ങള് തീരാൻ.. അതിലൊരു അഭിമാനക്കുറവും തോന്നേണ്ട കാര്യോല്ല.
സുകുവേട്ടൻ ചെല്ല് ന്നിട്ട് ഷൂവിൻ്റെ വള്ളീം കൂടി അഴിക്കാൻ ഭാര്യേനെ വിളിക്ക്…ആണുങ്ങൾടെ മാനം കളയണ എന്നോട് സംസാരിക്കാനേ നിക്കണ്ട… എനിക്കൽപ്പം പണീണ്ട്… ദേവൂന് കുളിക്കാൻ വെള്ളം ചൂടാക്കണം.. ന്നാ പോട്ടേ…
അതും പറഞ്ഞ് ചാരി വച്ച ചൂല് കയ്യിലെടുത്ത് ദിനേശൻ ബാക്കിയായ കരിയില അടിച്ചുകൂട്ടാൻ തുടങ്ങിയതും അകത്തുനിന്നൊരു വിളി കേട്ടു..
ദിനേശേട്ടാ…… വെള്ളം തിളച്ചുട്ടോ…
അത് കേട്ട് ദിനേശൻ സുകുവിനെ നോക്കവേ കുനിഞ്ഞ മുഖത്തോടെ അയാൾ ബൈക്കിൻ്റെ ചാവി തിരിച്ചു..