ജ്വരം
Story written by NITYA DILSHE
അയാളുടെ വരവിൽ അവൾക്ക് ദേഷ്യം തോന്നി .രാത്രി കിടക്കും നേരം ഭർത്താവിനോട് അവൾ നീരസം തുറന്നു പറഞ്ഞു .
നാട്ടിലെ സുഹൃത്ത് എന്ന ലേബലിൽ ആണൊരുത്തനെ വീട്ടിൽ കയറ്റി താമസിപ്പിക്കാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു .
“നാട് കോയമ്പത്തൂർ ആണെങ്കിലും നാട്ടുകാരുടെ സംസാരത്തിനു പഞ്ഞം ഉണ്ടാവില്ല. എനിക്കത് കേൾക്കാൻ ഒട്ട്താല്പര്യോം ഇല്ല .”
“ഉം .”
സുകുവിന് എന്തിനും ഉണ്ടൊരു മൂളൽ .പറഞ്ഞതിനോട് അനുനയിച്ചതാണോ അതോ എതിരാണോ എന്നൊന്നും ആ മൂളലിലില്ല എന്നവൾക്ക് അറിയാം .അത് അദ്ദേഹത്തിന്റെ വെറുമൊരു രീതിയാണ് .
അവൾ കെറുവിച്ചു .ചുമരിലെ ചെറിയ അല്മാരയിലേക്ക് കട്ടിലിൽ ഇരുന്ന് കൊണ്ട് കയ്യെത്തിച്ചു .
അവളുടെ കൂട്ടി പുസ്തകം .അല്ലെങ്കില് ഇഡലി പുസ്തകം എന്നും പറയാം .അതെടുത്തു നിവർത്തി പിടിച്ചു .വിരൽകൊണ്ട് കൂട്ടി എന്തൊക്കെയോ കണക്കുകൾ അതില് കുത്തി കുറിച്ചു .
സുകു ചെരിഞ്ഞു തന്നെ കിടന്നു .
അവൾ പുസ്തകം അടച്ചു വക്കുന്നതിനിടെ വീണ്ടും അയാളെ കുറിച്ച് സുകുവിനോട് സൂചിപ്പിച്ചു .
സുകുവിന്റെ മൂളലിന് ആക്കം കൂടി .
“ജോലി അന്വേഷിച്ചു വന്നതാണ് .അത് ശരിയാകും വരെ നീ ക്ഷമിച്ചേ മതിയാവൂ എന്നും പറഞ്ഞു അയാൾ പുതപ്പ് വലിച്ചു മുഖത്തേക്കിട്ടു” .
തീരുമാനം വീട്ടുകാരൻ എടുത്തു കഴിഞ്ഞിരിക്കുന്നു .ഇനി അതിലവൾക്ക് ഒരു പങ്കുമില്ലെന്ന് അറിയിക്കും വിധം ആ ചര്ച്ച പര്യവസാനിച്ചു .
അവൾക്ക് ഉറക്കം വന്നില്ല . തിരിഞ്ഞും മറിഞ്ഞുംകിടന്നു .ആ വീട്ടിലെ സുരക്ഷിതത്വത്തിൽ അവൾക്ക്ആശങ്ക തോന്നി .
താഴെ വിരിച്ച കിടക്കയിൽ മകൾ ഭദ്രമാണ് എന്നുറപ്പ് വരുത്തി .നടേ മുറി പുരയില് നിന്നും പുതിയ വുരുന്നുകാരന്റെ ശ്വാസഗതി ഉയര്ന്നു കേട്ടു .
മുടി നെറുകയിൽ തിരുകികെട്ടി കട്ടിലിന്റെ വശത്തേക്ക് ചേർന്ന് അവളും ഉറങ്ങാൻ കിടന്നു .
രാവിലെ തണുപ്പ് മൂടിയപ്പോൾ അവൾ കണ്ണ് തുറന്നു .കുട്ടികളും അവരുടെ അച്ഛനും ഉറങ്ങുന്നു .
വഴിയോരക്കച്ചവടക്കാർക്ക് വില്ക്കാൻ ഉള്ള ഇഡ്ലികൾ ഉണ്ടാക്കണം .ഇരുന്നൂറ് ഇഡ്ലികൾ .പിന്നെ ബാക്കി മാവ് കൊണ്ട് അവൾക്കും കുട്ടികൾക്കും അവരുടെ അച്ഛനുമുള്ള ഇഡ്ലികൾ ഉണ്ടാക്കിയെടുക്കും .വിൽക്കാനുള്ള സാമ്പാറിലേക്ക് വേണ്ട വഴുതിനകൾ ചുട്ട് ഉടച്ചു ചേർക്കും .നാളികേരം ചിരവി ഒരു ചമ്മന്തിയും .ആ പണി തുടങ്ങിയാൽ അവളും ഭൂമിയും തമ്മിലുള്ള ബന്ധം നിലക്കും .അവളുടെ ലോകം ഇഡലി തട്ടിലേക്ക് ചുരുങ്ങും .പിന്നെ കലത്തിൽ വേവിക്കുന്ന സാമ്പാറിലേക്ക് .ഗ്രൈണ്ടറിൽ അരയുന്ന തേങ്ങയിലേക്ക് .അങ്ങനെ ചുരുങ്ങിച്ചുരുങ്ങി അവൾക്ക് ഇഡലി മാവിന്റെ ഗന്ധമാകും .
സുകു എഴുന്നേൽക്കും മുൻപേ പുതിയ വിരുന്നുകാരൻ എഴുന്നേറ്റു .കറുത്ത നിറം. അഞ്ചേമുക്കാൽ അടി ഉയരം കാണും .കറുത്ത മുഖത്ത് വസൂരികലകൾ പോലെ എന്തോ നിറയെ പടർന്ന് കിടക്കുന്നു .വലിയ വയറ് വിക്രുതമായി തോന്നിച്ചു .മുഷിഞ്ഞ മുഖത്തോടെ അയാൾ മുറ്റത്തേക്ക് ഇറങ്ങി പോവുന്നത് അവൾ അടുക്കള വാതിലിലൂടെ കണ്ടു .
പിന്നീട് സുകു ഉണർന്നപ്പോൾ അയാൾ കൂട്ടുകാരനോട് എന്തോ മുറ്റത്തൊക്കെ നിന്ന് സംസാരിക്കുന്നത് കണ്ടു .അവൾ അടർത്തി എടുത്ത ഇഡലികൾ അലുമിനിയം ഫോയിൽ വിരിച്ച വലിയ തളികകളിലേക്ക് മാറ്റി .മുറ്റത്തു വണ്ടിയുടെ ശബ്ദം കേട്ടു .ദാസണ്ണൻ ആണ് .ഇഡ്ലിക്കാരൻ .അവൾ മൂടി വച്ച ഇഡലി തളികയുമായി മുറ്റത്തേക്ക് ഇറങ്ങി ചെന്നു .ദാസണ്ണൻ വായയിൽ ചവച്ചുതിർത്ത പുകയില മുറ്റത്തേക്ക് നീട്ടി തുപ്പി .ശേഷം സാമ്പാറും അച്ചാറും അരച്ചതും ഓട്ടോയിൽ കയറ്റി വച്ചു .
ഇന്നമ്മ പൈസ .
അയാൾ നീട്ടിയ ചുളിവ് വീണ നോട്ടുകൾ അവൾ അകത്തേക്ക് കയറി ചെന്നു .മകൾ എഴുന്നേറ്റിരുന്നു … അച്ഛന്റേയും പുതിയ വിരുന്നുകാരന്റെയും നടുവിൽ ഇരുന്നു തന്റെ കുഞ് വർത്തമാനം പറയുന്നത് നോക്കി നിന്നു .സ്വപ്നത്തിൽ കിളികൾ പറക്കുന്നത് കണ്ടെന്നും മേഘങ്ങളെ തൊട്ടു എന്നൊക്കെ അവൾ പറഞ്ഞു കൊണ്ടിരുന്നു .അവർ തമ്മിൽ ലോഹ്യത്തിൽ ആയി കഴിഞിരുന്നു .
“മീശമാമോ ” മകൾ അഭിരാമി അയാളെ അങനെ വിളിച്ചു .അഞ്ചുവയസുകാരിയുടെ ഇളകി നിന്ന മേലെ വരിയിലെ പല്ല് അയാൾ നോവിക്കാതെ മടിയിൽ ഇരുത്തി പറിച്ചു കൊടുത്തു .
വേം പോയി തണുത്ത വെള്ളത്തിൽ വാ കഴുകാൻ അയാൾ കുട്ടിയോട് പറയുന്നത് കേട്ടു .പറിച്ച പല്ലും കയ്യിൽ ചുരുട്ടി പിടിച്ചു കുഞ് അവൾക്ക് അരികിലെക്ക് ചെന്നു .
മീശമാമൻ പല്ല് പറിച്ചു തന്നു .”
അവൾ പുഞ്ചിരിച്ചു .കുട്ടിയുടെ കയ്യിൽ നിന്നും പല്ല് വാങി പുരപുറത്തേക്ക് എറിഞ്ഞു .അത് ഓടിൻ പുറത്തു എവിടേയോ വീണു .
കൂട്ടി മിഴിച്ചു നോക്കി കൊണ്ട് അകത്തേക്ക് കയറി പോയി .
അൽപനേരം കഴിഞപ്പോൾ സുകുവും കൂട്ടുകാരനും കൂടി പുറത്തേക്ക് ഇറങ്ങി പോയി .പുറത്തേക്ക് പോകുന്നു എന്നുള്ള സൂചന നൽകുന്ന “ട്യേ ഉഷേ “എന്നുള്ള വിളി ഒരുവുരി വന്ന് അവളുടെ ചെവിയിൽ പ്രഹരിച്ചു ചിതറിപോയി .
നാട്ടില് നിന്നും സുകുവിന്റെ അമ്മ വിളിച്ചു .അവളുമായി അവർ അധികം സംസാരിക്കാൻ നിൽക്കാറില്ല .ആണ്മക്കളുടെ ശരീരം പച്ചക്ക് കൊത്തി തിന്നുന്ന കഴുകന്മാരെന്നാണ് അവർ മരുമക്കളെ കുറിച്ച് പറയാറുള്ളത് .സുകുവും ഉഷയും കോയമ്പത്തൂർ പോന്നു .സുകുവിന്റെ ചേട്ടൻ സുബ്രുവും ഭാര്യയും മക്കളും ഡൽഹിയിലെ ഏതോഗല്ലിയിൽ ചെറിയ ഹോട്ടൽ നടത്തുന്നു .താഴെയുള്ള ഗോപിയും ഭാര്യയും വയനാട്ടിലേ ഒരു ഫാമിൽ ജോലിക്ക് കയറി .മൂന്ന് മരുമക്കളെയും കാണുമ്പോൾ അവർക്ക് തലയിൽ തൂവലില്ലാത്ത കറുത്ത കഴുകന്മാരെ പോലെ മാത്രം തോന്നിച്ചു .പിന്നെ ഉള്ളത് സുകുവിന്റെ പെങ്ങൾ ആണ് .അവരെ ആണിനെ തിന്നുന്ന ജീവി ആയി കണക്കാക്കിയിട്ടില്ല എന്നത് അത്ഭുതമാണ് .
സുകു വരുമ്പോൾ വിളിക്കാൻ പറയാൻ പറഞ്ഞു അവർ ഫോൺ വച്ചു .മകന്റെ കൂട്ടുകാരൻ ജോലി തേടി വന്നതിനെ കുറിച്ചു പറയണം എന്ന് അവൾക്കുണ്ടായിരുന്നു .പക്ഷെ ഭയം അനുവദിച്ചില്ല .
നാട്ടിലെ താഴെ പറമ്പിലെ അറുപത് വയസുള്ള അംബ്രാള്ക്ക് പറമ്പിൽ തേങ്ങയിടാൻ വരുന്ന മെഴുക്കോല് കുട്ടനുമായി അവിഹിതം ഉണ്ടെന്ന് പറഞ്ഞ ആളാണ് സുകുവിന്റെ ‘അമ്മ .അംബ്രാള്ക്ക് നേരെചൊവ്വെ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും വയ്യ !സാധു !എന്നിട്ടാണ് ആ കഥ അന്നവിടെ ആളുകൾ ഘോഷിച്ചത് .
അവളും കൂടുതൽ ഒന്നും പറയാതെ ആ ഫോൺ വച്ചു . ആ വർത്തമാനംമുറിഞ്ഞു പോയതിൽ സന്തോഷിച്ചു . നേരം ഒന്ന് വെയിൽ കീറി വന്നപ്പോൾ പച്ചക്കറിക്കാരൻ വന്നു .അവൾ എന്തൊക്കെയോ തപ്പി തിരഞ്ഞു മേടിച്ചു .
ബാക്കറിയിൽ നിന്ന് ഷന്മുഖ്ം വിളിച്ചു .
ഉഷാ 250 ലഡ്ഡുക്ക് ഓർഡർ ഇരുക്ക് .പണ്ണ മുടിയുമാ ?
ഒട്ടും ശങ്കിക്കാതെ അവൾ ഉവ്വെന്ന് പറഞ്ഞു .അഭിരാമിയെ ഒന്ന് കുളിപ്പിച്ച് നിർത്തി അവൾ വീണ്ടും മ മഞ്ഞ സ്വർഗത്തിലേക്ക്കടന്നു .ലഡു ലോകം .
ഉച്ച ആയപ്പോൾ സുകുവും കൂട്ടുകാരനും വന്നു .അയാൾ അവളെ “പെങ്ങളെ ” എന്ന് വിളിച്ചു .ഭയത്തിനു ഒരാശ്വാസം വന്ന മട്ടിൽ അയാളോട് അവൾ ഇടയ്കെല്ലാം സംസാരിച്ചു .അയാളുടെ വലിയ മീശയും ചുണ്ടുകൾക്ക് ഒപ്പം സംസാരിക്കുന്നത് പോലെ ഇളകി കൊണ്ടിരുന്നു .
അയാൾ ഒരു ദിവസം കൊണ്ട് തന്നെ അവിടെ ഒരിടം നേടി .അഭിരാമി മീശമാമന്റെ മീശ പിരിച്ചു വച്ചു കൊടുത്തു .അയാൾ അവളെ “പല്ലില്ലാ കൂട്ടി” എന്ന് വിളിച്ചു കളിയാക്കി .
അത്താഴം കഴിഞ്ഞു കിടക്കും നേരം അയാൾക്ക് ഒരു ജോലി ശെരിയായി എന്ന് സുകു പറഞ്ഞു .ദാസണ്ണന്റെ കടയിൽ ആണ് ജോലി .നിത്യം കൂലി കിട്ടും .
അവൾ ഒന്നും പറയാതെ തിരിഞ്ഞു കിടന്നു .
ജോലി കിട്ടിയാൽ പുതിയ താമസം എടുത്തു കൂടെ ?
അവന് തമിഴ് ഒന്നും വശമില്ല .കുറച്ചു ദിവസം കഴിഞാൽ മാറിക്കൊള്ളും .
എനിക്കെന്തൊ ഒരു പേടി .
പെണ്ണിന് എന്തിനാ പേടി ഇല്ലാത്തത് ?
പിന്നെ അവൾ ഒന്നും മിണ്ടിയില്ല .അനങ്ങാതെ കിടന്ന് ഉറങ്ങി പോയി .
രാവിലെ എഴുന്നേൽക്കുമ്പോൾ അയാൾ കുളിച്ചു വസ്ത്രം മാറിയിരിക്കുന്നു .മീശ പിരിച്ചു ചേർത്ത് വച്ചിരുന്നു .
“ദാസണ്ണന്റെ ഓട്ടോയിൽ പോകണം എന്നാ പറഞ്ഞിരിക്കുന്നെ .”
ഉം .അവൾ ഒന്ന് മൂളി .
“കഴിക്കാൻ രാവിലെയും ഉച്ചക്കും അവിടെ നിന്നും കിട്ടും .”
ഉം .അവൾ വീണ്ടും മൂളി .
അവൾ അടുക്കളയിൽ ചെന്ന് ഇഡലിക്കുള്ള പണി നോക്കി .പതിവ് പോലെ ഇഡലി, സാമ്പാർ ,ചമ്മന്തി എന്നിവയൊക്കെ തയാറായി .പുറത്തു ഓട്ടോ വന്നു നിന്നപ്പോൾ അയാൾ ഓടി വന്നു ഇഡലി തട്ട് എടുത്ത് ഓട്ടോയിൽ കൊണ്ട് വച്ചു .ശേഷം സാമ്പാറും ചമ്മന്തിയും കൊണ്ട് വച്ചു പണിയിൽ ഒരു കഴിഞ്ച് എങ്കിലും മറ്റൊരാൾ ചെയ്തു സഹായിച്ച ആശ്വാസത്തിൽ അവൾ അവിടെ നിന്നു .മീശ വീണ്ടും പിരിച്ചു കൊണ്ട് അയാൾ ആ ഓട്ടോയിൽ കയറി ജോലിക്ക് പോയി .
ഉച്ച തിരിഞ്ഞു വന്നപ്പോൾ അയാൾ അഭിരാമിക്ക്മിട്ടായികളും മറ്റും കൊണ്ട് വന്നു .അവൾ മീശമാമന്റെ മീശ പിരിച്ചു .”പല്ലില്ലാ പെണ്ണ്” എന്നും പറഞ്ഞു അയാൾ കളിയാക്കി ചിരിച്ചു .ഒരോ ദിവസവും കഴിയുമ്പോൾ അയാൾ ആ വീടിന്റെ ചുവരിലെ ഒരു ഉറച്ച കല്ല് പോലെയായി .
അഭിരാമി കൂടാതെ അയല്പക്കത്തെ സരസ്വതി അംമ്ബാളുടെ പേരകുട്ടിക്കും രജനിയുടെ ചെറിയ മകൾക്കും എല്ലാം അയാൾ മീശ മാമൻ ആയി .
അടുക്കള ചുമരിന്റെ വലത് ഭാഗത്തുള്ള വിള്ളൽ കൂടി കൂടി വന്നു .സുകുവിനോട് പറഞ്ഞു പറഞ്ഞു അവൾ മട്ടി പോയിരുന്നു .നാല് ചിരട്ട സിമന്റും അല്പം മണ്ണും ചേർത്ത് ഒന്ന് തേച്ചു പിടിപ്പിച്ചാൽ മതി .
അവളുടെ പരാതിക്ക് അറുതി എന്നോണം മീശമാമൻ സിമന്റ് കൊണ്ട് വന്ന് പൂഴി ചേർത്ത് ഭിത്തി തേച്ചു .ഒരു പരാതി കുടുക്ക പൊട്ടി പോയ സമാധാനം സുകുവിനും കിട്ടി .
സുകുവിന്റെ അമ്മ വിളിച്ചു .ഉഷയോട് സംസാരിച്ചില്ല .സുകുവിനോട് എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു .അവൾ അമ്മയുടെയും മകന്റെയും ലോകത്തിലേക്ക് ക്ഷണിക്കാതെ ഒരിക്കലും കടന്നു ചെന്നില്ല .
അന്ന് സുകു ഉറങ്ങിയില്ല .അമ്മയുടെ ഫോൺ സംഭാഷണം എവിടെയൊ എന്തോ മുറിച്ചു തുന്നിയിട്ടുണ്ട് .സുകു തിരിഞ്ഞും മറിഞ്ഞും കിടന്നു .ഇടയ്ക്കിടെ വാതിൽ തുറന്ന് ഹാളിൽ പോയി ഉറങ്ങുന്ന സുഹൃത്തിനെ നോക്കി തിരിച്ചു വന്നു .
സുകുവിന്റെ ആധി തട്ടി ഉഷക്കും അല്പം പൊള്ളി .
“എന്താ കാര്യം പറയു” .അമ്മ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് .അയാളെ അലട്ടുന്നത് വിരുന്നുകാരനേ കുറിച്ച് എന്തോ ആണെന്ന് മാത്രം അവൾക്ക് തോന്നി .
സുകു മറുത്തൊന്നും പറഞ്ഞില്ല .പതിവുള്ള മൂളൽ പോലും തന്നില്ല .
അദേഹം ഇടയ്ക്കിടെ എഴുന്നേൽക്കുകയും മുറിയിൽ നിന്നും ഹാൾ വരെ നടക്കുകയും ചെയ്തു .മീശമാമൻ ഉറങ്ങുന്നിടം വരെ പോവുകയും തിരികെ വന്ന് കിടക്കയിൽ അമരുകയും ചെയ്തു .പിന്നീട് വെളുക്കാം നേരത്ത് മാത്രം ഒന്ന് ഉറങ്ങി പോയി .
അഭിരാമിക്ക് ഒരു പനി .
ഇഡലി തട്ട് ഇറക്കി വച്ചു നനച്ച തുണി കീറി കുട്ടിയുടെ നെറ്റിയിലിട്ടു .സുകു എഴുന്നേറ്റിട്ടില്ല .
മുറ്റത്ത് ഓട്ടോ വന്ന ശബ്ദം കേട്ടു .അവൾ ഇഡലികൾ തട്ടിൽ പെറുക്കി കൂട്ടി മൂടി വച്ചു .സഹായത്തിനു മീശ മാമനേ കാണുന്നില്ല .
സുകു പെട്ടന്ന് എണീറ്റു അടുക്കളയിലും മുറ്റത്തും എല്ലാം ആരെയോ പരതി കൊണ്ട് വന്നു .
അവനെവിടെ ?ഉറക്കച്ചടവിൽ വീർത്ത മുഖവുമായി സുകു ചോദിച്ചു .
അയാളെ കാണുന്നില്ല .
അന്നേരം മുറ്റത്ത് ഓട്ടോ വന്നു നിന്നു . ദാസണ്ണൻ ഇറങ്ങി വന്നു .
അവനെവിടെ ?സുകു അതെചോദ്യം ആവർത്തിച്ചു .
അയാളെ കാണാനില്ല .ഞാനും തിരക്കി .ഉഷ പണികൾക്കിടയിൽ ഒച്ചയിൽ മറുപടി പറഞ്ഞു .
കാണുന്നില്ലേ ?
ഇല്ല .എന്താ പ്രശ്നം ?
ഒന്നുമില്ല .സുകു തലമുടികളിക്കിടയിൽ വിരൽ കടത്തി പിരിച്ചു .
ഉഷ ഓടി ചെന്ന് അലമാരയിൽ വിരലുകൾ കൊണ്ട് പരതി .നീട്ടിമാല .മുട്ടുകമ്മൽ രണ്ട് ,പൊട്ടിയ വള മൂന്ന് .ഇല്ല ,ഒന്നും പോയിട്ടില്ല ..എല്ലാം ഉണ്ട് .
നനഞ തുണി നെറ്റിയിൽ വച്ചു കൊണ്ട് അഭിരാമി മുറ്റത്തേക്ക് ഇറങ്ങി വന്നു .
എന്നാച് അഭി ?ദാസണ്ണൻ ചോദിച്ചു
ജ്വരം .
സുകു പാതി ബോധത്തിൽ എന്ന പോലെ ഓടി വന്ന് മകൾക്ക് മുൻപിൽ നിലത്തിരുന്നു.
മീശ മാമൻ എവിടെ ?
കുട്ടി ഒന്നും മിണ്ടിയില്ല .
എന്താ ?അവൾ സുകുവിനോട് ചോദിച്ചു .
അയാൾ അതെ പടി ഇരുപ്പ് തുടർന്നു .
ഉഷ അടുക്കളയിലേക്ക് കടന്നു .
കുട്ടിയുടെ കുഞി ഷിമ്മിക്ക് മേലെ തുടയിൽ ഒരു ചുവന്ന പാട് കണ്ടു .ഒരു ചെറിയ മുറിവും
എന്താ മോളെ ഇത് ?സുകുവിന്റെ ചോദ്യത്തിൽ അല്പം വിറ കലർന്നിരുന്നു .
കൂട്ടി മുഖം താഴ്ത്തി .
മീശ മാമൻ എവിടെ ?
എന്നുടെ പേരയ്ക്കും ജ്വരം താൻ .മൂത്രം കൂടെ പോകലെ .ദാസണ്ണൻ ആശ്വസിപ്പിച്ചു .അവളും മീശ മാമനെ തിരക്കും .
സാവിത്രി അംബാളുടെ പേരക്കുട്ടിക്കും രജനിയുടെ മോൾക്കും പനിയാണെന്ന് മതിലിനപ്പുറം നിന്ന് അവർ പറഞ്ഞു .ആ കുട്ട്യോൾ ഒന്ന് മിണ്ടുന്ന പോലും ഇല്ലത്രെ .മീശ മാമനെ തിരക്കി പോലും .
അടുക്കളയിലെ കുക്കർ ശബ്ദിച്ചപ്പോൾ ഉഷ എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടു .
ദാസെണ്ണൻ ഓട്ടോയിൽ കയറി പോയി .
ഉള്ളിലേക്ക് മാത്രം ഒരു നിലവിളിയെ പറഞ്ഞു വിട്ട് അയാൾ അഭിരാമിയെ മടിയിൽ വച്ചു .
വേദനിക്കുന്നു അച്ഛാ .കൂട്ടി തുടയിടുക്കുകൾ വളരെ പതുക്കെ കൂട്ടി പിടിച്ചു .
സ്നേഹത്തോടെ ….Nitya Dilshe