നാളുകൾക്ക് ശേഷം വീണ്ടും അന്ന് അവർ മഴയുടെ സൗന്ദര്യം ബാൽക്കണിയിലിരുന്ന് ആസ്വദിച്ചു….

തിരോഭാവം

Story written by PRAVEEN CHANDRAN

പുറത്ത് മഴയുടെ ശബ്ദം കനത്തുകൊണ്ടിരുന്നു..ജനാലച്ചില്ലുകൾക്കിടയിലൂടെയുളള ഇരുണ്ട പ്രകാശത്തിലും അവളുടെ കണ്ണുകളുടെ തിളക്കം മങ്ങിയിട്ടില്ലെന്ന് അവന് തോന്നി… ആ വിരലുകളിൽ ജീവന്റെ തുടിപ്പുകളുണ്ടാവാം… ഇന്ന് പതിവിലേറെയായ് മഴ തുടരുന്നുണ്ടെന്ന് അവന് തോന്നി…

അല്ലേലും മഴ അവൾക്ക് വലിയ ഇഷ്ടമാണല്ലോ.. അത് കൊണ്ടായിരിക്കാം ഇങ്ങനെ തിമിർത്ത് പെയ്യുന്നത്…

“ഇന്നേക്ക് ആറാം ദിവസമാണ് മീരാ!… എനി ക്കൊട്ടും വിശപ്പ് തോന്നുന്നില്ലടോ..നിന്റെ കൈ കൊണ്ട് നീ വാരിത്തന്ന ഭക്ഷണം ഇനിയും ദഹിച്ചിട്ടില്ല…” അതു പറയുമ്പോൾ അവന്റെ ഉളളു പിടയുകയായിരുന്നു.. ഒരിക്കലും തീരാത്ത പിടച്ചിൽ…

ഒരു നിമീഷം അവൻ പഴയതെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു… എത്ര മനോഹരമായി രുന്നു നമ്മളുടെ ജീവിതം…

ആദ്യമായ് ജോലി കിട്ടിയതിന്റെ ട്രെയ്നിംഗ് സെക്ഷനിൽ വച്ചാണ് അവനാദ്യമായ് അവളെ കാണുന്നത്…

ആദ്യ കാഴ്ച്ചയിൽ തന്നെ അവനവളോട് ഒരു പ്രത്യേക ഇഷ്ടം തോന്നി… അവർ അവിടെ വച്ച് നല്ല സുഹൃത്തുക്കളായ് മാറുവാൻ അധിക സമയം വേണ്ടി വന്നില്ല… ആ സൗഹൃദം പിന്നീടെ പ്പോഴോ അഗാധ പ്രണയമായ് മാറുകയായിരു ന്നു…

ഇരു വീട്ടുകാരുടേയും ശക്തമായ എതിർപ്പിനെ അവഗണിച്ചു കൊണ്ടായിരുന്നു അവരുടെ വിവാഹം… അത് കൊണ്ട് തന്നെ അവരുടെ ജീവിതത്തിലേക്ക് പിന്നീടൊരിക്കലും അവർ കടന്നു വന്നതുമില്ല…

മധുവിധു നാളുകൾ അവർ ആഘോഷമാക്കിയി രുന്നു… അവരുടെ സ്വപ്നമായിരുന്നു ആ വീട്.. അവളുടെ ആഗ്രഹമായിരുന്നു ചുറ്റും വലിയ പാടവും പുഴയുമൊക്കെയുള്ള ഒരു സ്ഥലത്തിന് നടുവിൽ ഒരു വീട്… വീടിന്റെ ബാൽക്കണിയിൽ നിന്ന് കണ്ണെത്താ ദൂരത്തേക്ക് നോക്കി നിന്ന് മഴ കാണണം…

അങ്ങനെയാണ് അവർ ആ വീട് കണ്ടെത്തിയത്.. ചുറ്റുവട്ടത്തൊന്നും അധികം വീടുകളില്ലാത്തതി നാൽ പലരും അവരെ പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു… പക്ഷെ അവർക്ക് ആ വീട് ഒരു സ്വർഗ്ഗമായിരുന്നു ….

മഴക്കാലത്ത് അവനോടൊപ്പം ഒരു പുതപ്പിൽ ചുറ്റിയമർന്ന് ബാൽക്കണിയിൽ ഇരുന്ന് മഴകാണുന്നത് ആയിരുന്നു അവൾക്ക് ഏറ്റവും ഇഷ്ടം..അങ്ങനെ എത്രയെത്ര രാവുകൾ പകലുകൾ… മത്സരിച്ച് സ്നേഹിക്കുകയായിരു ന്നു അവർ….

അത് കണ്ട് ചിലപ്പോൾ ദൈവത്തിന് അസൂയതോന്നിയിട്ടാവാം അങ്ങനൊരു വിധി അവർക്കായ് കാത്തുവച്ചത്…

അന്ന് അവളുടെ പിറന്നാളായിരുന്നു.. അവൾക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് വാങ്ങാനായി അവൻ ബൈക്കുമെടുത്ത് പോയ് വരുന്ന വഴി എതിരേ വന്നൊരു വാഹനവുമായി കൂട്ടിയിടിക്കുകയായി രുന്നു…

ആ അപകടത്തിൽ പെട്ട് അവന്റെ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപെട്ടിരിക്കുന്നു എന്ന വാർത്ത അവൾ ഞെട്ടലോടെയാണ് കേട്ടത്…

ആ സംഭവം അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു… അവൾ തളർന്ന് പോകുമെന്ന് അവൻ കരുതിയിരുന്നു… അവനായിരുന്നു അവൾക്കെല്ലാം….

പക്ഷെ ഒരു വിധിക്കും തളർത്താനാവുന്നതാ യിരുന്നില്ല അവൾക്ക് അവനോടുളള പ്രണയം എന്ന് അവൻ മനസ്സിലാക്കുകയായിരുന്നു പിന്നീട്..

പ്രതിസന്ധികൾക്കിടയിലും അവളുടെ മനോധൈര്യം പലപ്പോഴും അവനെ അത്ഭുതപെടുത്തിയിരുന്നു..അവൻ തളരാതിരിക്കാൻ അവനെന്നും ആത്മവിശ്വാസം പകർന്നുനൽകിയിരുന്ന അവൾ ചിലപ്പോഴൊക്കെ അവൻ കാണാതെ പൊട്ടിക്കരയുമായിരുന്നു…

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയതും അവന് കൂടുതൽ വിഷമമായി.. ഇനിയൊരിക്കലും പഴയത് പോലെ അവളോടൊപ്പം ഈ വീടിൽ പറന്ന് നടക്കാനും ബാൽക്കണിയിലിരുന്ന് മഴ ആസ്വദിക്കാനും കഴിയില്ലെന്ന വിഷമം അവനെ അലട്ടാൻ തുടങ്ങി…

പക്ഷെ അവൾ അവന് ആശ്വാസമേകി… അവളുടെ സ്നേഹത്തിന്റെ ഫലമായെന്നോണം അല്പ നാളുകൾക്കുള്ളിൽ തന്നെ അവന് വീൽചെയറിലിരിക്കാനായി…

നാളുകൾക്ക് ശേഷം വീണ്ടും അന്ന് അവർ മഴയുടെ സൗന്ദര്യം ബാൽക്കണിയിലിരുന്ന് ആസ്വദിച്ചു….

“മീരാ …. എന്നെ മഴയത്തേക്ക് കൊണ്ട് പോകാമോ?”

അവനത് പറഞ്ഞതും അവളവനെ നോക്കി പുഞ്ചിരിച്ചു….

“അതിനെന്താ കണ്ണാ…. പോകാം നമുക്ക്…. “

ആ മഴത്തുള്ളികൾ അവന്റെ നെറ്റിയിൽ പതിഞ്ഞപ്പോൾ അവനറിയുകയായിരുന്നു അവളുടെ സ്നേഹത്തിന്റെ കുളിര്……

എത്ര സംസാരിച്ചാലും അവർക്ക് മതിവരില്ലായി രുന്നു… അവന്റെ നെഞ്ചിൽ തലവച്ച് അവളുറങ്ങു ന്നത് വരെ അവൻ അവളുടെ മുടിയിൽ തലോടി ക്കൊണ്ടിരിക്കുമായിരുന്നു…

സോഫ്റ്റ് വെയർ എൻജിനീയേഴ്സായിരുന്നു അവർ രണ്ട് പേരും…അവനെ തനിച്ചാക്കി പോകാൻ അവൾക്ക് താൽപ്പര്യമില്ലായിരു ന്നെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മടങ്ങി ജോലിക്കു കയറാൻ അവളെ പ്രേരിപ്പിക്കുകയായിരുന്നു.. പകൽ സമയത്ത് അവനെ നോക്കാൻ ഒരു സ്ത്രീ യെ അവൾ ഏർപ്പാടാക്കിയിരുന്നു..

അവൻ കിടപ്പിലായതോടെ ബാദ്ധ്യതയാവുമെന്ന് കരുതിയ സുഹൃത്തുക്കളും അവരെ അവഗണി ക്കാൻ തുടങ്ങിയിരുന്നു..

അങ്ങനെയിരിക്കെയാണ് അവനെ നോക്കിയിരു ന്ന സ്ത്രീയുടെ മകന്റെ മരണവുമായി അവർക്ക് നാട്ടിലേക്ക് പോകേണ്ടി വന്നത്..

അതുകൊണ്ട് അന്നുമുതൽ ലീവെഴുതികടുത്ത് അവളവന് കൂട്ടിരുപ്പായി..

അങ്ങനെ ശക്തമായ ഇടിവെട്ടും മഴയുമുളള ഒരു ദിവസം…

പതിവ്പോലെ രാത്രി അവന് ചോറ് വാരി കൊടുത്തതിന് ശേഷം അവൾ വാതിലുകളടക്കാൻ പോയതായിരുന്നു..

ആ സമയം അവളുടെ മൊബൈലിൽ നിന്നും അവനേറ്റവും ഇഷ്ടമുളള “കബി കബി മേരേ ദിൽമേ ഖയാല് ആത്താഹേ..” എന്ന ഗാനം ഒഴുകിക്കൊണ്ടിരുന്നു..

അവൾ അടുക്കളയിൽ പോയി വരുന്നതും കാത്ത് അവന്റെ കണ്ണുകൾ അവളെ തേടിക്കൊണ്ടിരു ന്നു…

ഇടിവെട്ടിനെ അവൾ ഭയന്നിരുന്ന കാര്യം അവനോ ർത്തു.. ആ ദിവസങ്ങളിലൊക്കെ അവനെ മുറു കെ ചുറ്റിപിടിച്ച് പുതപ്പ് മൂടിയാണ് അവൾ കിടക്കാറുളളത്..

തന്റെ നെഞ്ചിലെ ചൂടിനിപ്പോഴും ഒരു കുറവുമില്ലെന്ന് അവൾ പറയുമായിരുന്നു..അതുകൊണ്ട് തന്നെയായിരുന്നു അവളുടെ വരവിനായ് അവന്റെ നെഞ്ച് തുടിച്ച് കൊണ്ടിരുന്നത്..

അവന്റെ ചുണ്ടിലും ആ ഗാനം ഒഴുകിയെത്തി…

“എന്താ ഇന്ന് നല്ല മൂഡിലാണല്ലോ?” കയ്യിലെ വെളളം തോർത്തുകൊണ്ട് തുടച്ച് കൊണ്ട് അവൾ ചോദിച്ചു…

“എന്താന്നറിയില്ല പെണ്ണേ… ദേഹത്ത് നല്ല തണുപ്പ് ഒന്നു ചൂടാക്കണമെന്ന് തോന്നുന്നു!..”

“ആഹാ.. ഇപ്പം വരാട്ടോ കണ്ണാ! ഈ ലൈറ്റ് ഒന്ന് ഓഫ് ചെയ്യട്ടെ!.. അല്ലേലെ എനിക്ക് നാണമാകും ചെക്കാ… വരാട്ടോ” അതു പറഞ്ഞ് അവൾ ലൈറ്റ് ഓഫ് ചെയ്യാനായി പോയതായിരുന്നു…

അപ്പോണ് അത് സംഭവിച്ചത്…..

സ്വിറ്റ്ച്ചിൽ അവൾ കൈവച്ചതും ശക്തമായ ഇടിവാൾ മിന്നിയതും ഒരുമിച്ചായിരുന്നു..സ്വിച്ചിൽ നിന്നും ഷോക്കേറ്റ് അവൾ തെറിച്ച് വീണു.. അവളുടെ തല ശക്തമായി തറയിലടിച്ചത് മാത്രമേ അവൻ കണ്ടുളളൂ.. അതോടെ കറന്റും പോയിരുന്നു…

നിലക്കാത്ത മഴയും ഇടിവെട്ടും ആ മുറിയിലെ അന്ധകാരത്തിന്റെ ഭീകരത കൂട്ടുന്നതായിരുന്നു.. തന്റെ പ്രിയതമയ്ക്ക് എന്ത് സംഭവിച്ചെന്ന് മനസ്സിലാവാതെ അവന്റെ നെഞ്ച് പിടഞ്ഞു കൊണ്ടിരു ന്നു….

ഓരോ നിമിഷവും ഓരോ യുഗങ്ങളായി മാറി ക്കൊണ്ടിരുന്ന ആ സമയം അവനലറി വിളിക്കു കയായിരുന്നു….

അവന്റെ അവസ്ഥയെ ആദ്യമായി അവൻ ശപിച്ച സമയം…

“മീരാ……….” തൊണ്ട പൊട്ടുമാറ് അവനലറിക്കൊ ണ്ടിരുന്നു… പക്ഷെ അതിനും മേലെയായി ശബ്ദ തരംഗങ്ങൾക്കൊണ്ട് ഇടിവെട്ടും മഴയും മത്സരിച്ച് കൊണ്ടിരുന്നു…

ആ താളം നിലച്ചെന്ന് അവന് തോന്നിയ നിമിഷം… മഴയ്ക്കും ശമനമായിരിക്കുന്നു… തൊടിയിൽ വെള്ളത്തുള്ളികളുടെ ഒച്ച കേൾക്കാം… തന്റെ ജീവന്റെ പാതി തന്നെ വിട്ടുപോയെന്ന സത്യം അവന് ഉൾക്കൊളളാനാവുന്നതിലും അപ്പുറമാ യിരുന്നു..

അനക്കമില്ലാതെ കിടക്കുന്നുണ്ടവൾ ആ കണ്ണു കൾ അവസാനമായി കണ്ടത് അവന്റെ മുഖമായി രുന്നിരിക്കാം.. മനസ്സ് മരവിച്ചപോലെ അവന് തോന്നി… ഒന്ന് എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നെ ങ്കിൽ എന്ന് അവനാശിച്ചു… മറ്റൊന്നിനുമല്ല അവളുടെ ആ തിരുനെറ്റിയിൽ അവസാനമായൊ രു മുത്തം നൽകാൻ വേണ്ടി മാത്രം…

ഒന്നിനും തനിക്ക് കഴിയില്ലെന്ന് അവന് ബോധ്യമാ യ്ക്കൊണ്ടിരുന്നു…

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു…

ലീവിലായതുകൊണ്ട് ഓഫീസിൽ നിന്നും അവളെ ആരും തിരക്കിയിരുന്നില്ല…

അവനവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ക്കിടന്നു..നേരം ഇരുട്ടുന്നതും പുലരുന്നതും അവനറിഞ്ഞതേയില്ല…

ഒന്നും അവൾ കേൾക്കുന്നില്ലെന്നറിയാമായി രുന്നിട്ടും അവനവളോട് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു…അന്ന് മുതൽ മരണത്തെ അവൻ സ്നേഹിക്കാൻ തുടങ്ങി..

അവിചാരിതമായി പോലും അവിടെ ആരും വരരുതേയെന്ന് അവൻ ആഗ്രഹിച്ചു.. അത്രക്ക് തിടുക്കമായിരുന്നു.. അവനവളുടെ അടുത്തെത്താൻ..

ഇടക്കെപ്പോഴോ കണ്ണുകളടഞ്ഞപ്പോൾ മേഘപാളികൾക്കിടയിലൂടെ അവളുടെ രൂപം അവനെ കൈ നീട്ടി വിളിക്കുന്നതായി അവന് തോന്നി…

ആ കിടക്കയിൽ ജീവച്ഛവം പോലെ അവൻ കിടന്നു.. ആറുദിവസമായിട്ടും ആരും അവിടേക്ക് വന്നില്ല.. അവളുടെ ജ ഡം ജീർണിച്ചു തുടങ്ങിയിരുന്നു… ഇനിയും അവളെ കണ്ട് കൊണ്ടിരിക്കാൻ അവന് കഴിയില്ലെന്ന് അവന് ബോധ്യമായി…

അവന്റെ തൊണ്ട വരളാൻ തുടങ്ങി.. നെഞ്ചിലെ ന്തോ ഭാരം അനുഭവപെടുന്നത് പോലെ… അനി വാര്യമായത് സംഭവിക്കാറായെന്ന് അവന് മനസ്സിലായി…അവനവളുടെ ചലനമറ്റ കണ്ണുകളിലേക്ക് നോക്കി അവസാനമായി സംസാരിച്ച് കൊണ്ടിരുന്നു…

“എന്താണാവോ പെണ്ണെ ഇന്ന് നിന്നോടെനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു… നിന്റെ കവിൾ ത്തടമമരാനായി എന്റെ ഇടനെഞ്ച് പതിവിലേറെ തുടിക്കുന്നു..നിന്റെ നെറ്റിയിൽ പതിയാനായി എന്റെ ചുണ്ടുകൾ ഇന്ന് വല്ലാത്ത തിടുക്കം പോലെ…നിന്റെ മുടിയിൽ തഴുകുവാനായ് എന്റെ വിരലുകൾ ഇന്നേറെയായ് താളം പിടിക്കുന്നുണ്ട്… നിന്നിലലിയാൻ സമയമായെന്ന് തോന്നുന്നു.. വരൂ മീരാ…. “

അവളുടെ സാന്നിദ്ധ്യം അവിടെ അവനനുഭവ പെടാൻ തുടങ്ങി… പുറത്ത് ശക്തമായ് മഴ പെയ്ത് കൊണ്ടിരുന്നു….

കഴിഞ്ഞ അഞ്ച് ദിവസമായി അവൻ കൊതിച്ചി രുന്ന ആ തണുപ്പന് അനുഭവപ്പെടാൻ തുടങ്ങി… അവസാന ശ്വാസമെടുക്കുമ്പോൾ പോലും അവളുടെ രൂപമായിരുന്നു അവന്റെ മനസ്സിൽ…

മേഘപാളികൾക്കിടയിലൂടെ അവനെ കൈപിടിച്ച് കൊണ്ടുപോകുന്ന അവളുടെ രൂപം…….

Based on a True story..

പ്രവീൺ ചന്ദ്രൻ