മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ദീപതിയുടെ അമ്മയ്ക്ക് താൻ സ്വപ്നം കാണുകയാണോ എന്ന് തോന്നിപോയി. എങ്കിലും തന്റെ മകൾക്ക് കൈവന്ന ഭാഗ്യത്തിൽ സന്തോഷിച്ചു കൊണ്ട് അവർ ആ വിവാഹത്തിന് സമ്മതം നൽകി.
എല്ലാവരുടെയും അനുഗ്രഹത്തോടെ ഹരീഷിന്റെയും ദീപ്തിയുടെയും വിവാഹനിശ്ചയം ചെറിയ ഒരു ചടങ്ങായി നടത്തി. എല്ലാത്തിനും മുൻപന്തിയിൽ ശീതൾ ഉണ്ടായിരുന്നു. ദീപ്തി ശീതളിന്റെ കയ്യിൽ പിടിച്ചു കൊണ്ട് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു .
“താങ്ക്സ് മാഡം, എനിക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ജീവിതമാണിത്. എങ്ങനെ നന്ദി പറയണമെന്നു എനിക്കറിയില്ല “
ശീതൾ മനസ്സിൽ പരിഹാസം ഒളിപ്പിച്ചു വച്ചു കൊണ്ട് മറുപടി പറഞ്ഞു.
“ഹേയ്, നീയിനി അമ്പാടിയിലെ മരുമകൾ ആണ്, എന്നെ മാഡം എന്നൊന്നും വിളിക്കണ്ട, ചേച്ചി എന്ന് വിളിച്ചോളൂ, പിന്നെ നന്ദി പ്രകടിപ്പിക്കാൻ അവസരം ഞാൻ ഒരിക്കൽ ഉണ്ടാക്കിത്തരാം കേട്ടോ. അപ്പോൾ മറുത്തൊന്നും പറയാതെ നന്ദി പ്രകടിപ്പിച്ചാൽ മതി.”
ദിവസങ്ങൾ കടന്നു പോയി,അവരുടെ കല്യാണത്തിന് വേണ്ടി എല്ലാവരും കൂടി ഒരുമിച്ച് ഡ്രസ്സ് എടുക്കാൻ പോയി, ദീപ്തിയെയും അമ്മയേയും കൊണ്ട് ജ്വല്ലറിയിൽ പോയി രാമചന്ദ്രൻ 50 പവൻ ആഭരണങ്ങളും അവൾക്ക് വാങ്ങി നൽകി, എല്ലായിടത്തും കൂടെ ഉണ്ടായിട്ടും ഹരീഷ് അവളെ അധികം ശ്രദ്ധിച്ചില്ല. തന്നെ കണ്ടിഷ്ടപ്പെട്ടു വിവാഹം ആലോചിച്ചിട്ട് ഹരീഷ് ഒന്നു ഫോൺ വിളിക്കുകയോ നേരിട്ട് കാണാൻ വരികയോ ചെയ്തില്ല തന്നെയുമല്ല ഇത്രയും നേരം കുടെയുണ്ടായിട്ടും മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ എന്നാലോചിച്ചപ്പോൾ ദീപ്തിയ്ക്ക് എന്തോ ആശങ്ക തോന്നി.
ജ്വല്ലറിയിൽ നിന്നിറങ്ങുമ്പോൾ ദീപ്തിയ്ക് ശീതളിന്റെ കാൾ വന്നു. കാൾ അറ്റൻഡ് ചെയ്തതിന് ശേഷം ദീപ്തി സങ്കടത്തോടെ അവളോട് പറഞ്ഞു.
“ചേച്ചി, അദ്ദേഹത്തിന് എന്നോടെന്തോ അകൽച്ച ഉള്ളത് പോലെ എനിക്ക് തോന്നുകയാണ് “
“എന്താ നിനക്ക് അങ്ങനെ തോന്നാൻ? “
” അദ്ദേഹം ഇതുവരെ എന്നോടൊന്നും സംസാരിക്കാൻ പോലും താല്പര്യം കാണിച്ചിട്ടില്ല, ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടിന്ന് വരെ എന്നെ നേരിട്ട് ഒന്ന് കാണാൻ ശ്രമിക്കുകയോ ഫോണിലെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നത് പോട്ടെ, ഇപ്പോൾ ഇത്ര നേരം കൂടെ ഉണ്ടായിരുന്നിട്ട് പോലും എന്നോടൊരു വാക്ക് പോലും സംസാരിക്കുകയോ എന്റെ നേർക്കൊന്ന് നോക്കുക പോലും ചെയ്തിട്ടില്ല.”
“നീ വെറുതെ വിഷമിക്കണ്ട, ഇപ്പോൾ അവൻ വിവാഹത്തിന്റെ തിരക്കിലും ആ ടെൻഷനിലുമാണ്. അവന്റെ സ്നേഹം വിവാഹശേഷം പൂർണ്ണമായി നിനക്ക് നൽകാനാണ്,”
ശീതൾ ദീപ്തിയെ ആശ്വസിപ്പിച്ചു.
എന്നിട്ടവൾ ഉടനെ തന്നെ ഹരീഷിനെ ഫോൺ ചെയ്തു പറഞ്ഞു.
“ദീപ്തി പൊട്ടിയാണെന്നു നീ കരുതണ്ട, അവൾക് നിന്നെ ഇപ്പോളെ സംശയമുണ്ട്, നമ്മൾ കഷ്ടപ്പെട്ടതെല്ലാം വെറുതെയാകണ്ടെങ്കിൽ നീ അവളോട് കുറച്ചു സ്നേഹം അഭിനയിക്കൂ. അവൾ നമ്മുടെ കള്ളത്തരം മനസിലാക്കി ഈ വിവാഹം വേണ്ടെന്ന് വച്ചാൽ നമ്മുടെ എല്ലാ പദ്ധതികളും പൊളിയും “
ശീതൾ പറഞ്ഞതനുസരിച് അവൻ ദീപ്തിയുടെ മുന്നിൽ സ്നേഹം അഭിനയിച്ചു തുടങ്ങി.
ഒടുവിൽ ആ ദിവസം വന്നെത്തി, ഹരീഷിന്റെയും ദീപ്തിയുടെയും വിവാഹദിവസം. ടൗണിലുള്ള വൃന്ദാവൻ ഓഡിറ്റോറിയത്തിൽ വച്ചാണ് വിവാഹം. സർവ്വാഭരണ വിഭൂഷിതയായി അതിസുന്ദരിയായി തന്റെ അരികിൽ ഇരുന്ന ദീപ്തിയുടെ കഴുത്തിൽ ഹരീഷ് താലി ചാർത്തി.
എല്ലാ ചടങ്ങുകൾക്കും ശീതൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഇടയ്ക് അവൾ എല്ലാവരുടെയും കണ്ണു വെട്ടിച്ചു ഹരീഷിന്റെ അരികിലെത്തി ശബ്ദം താഴ്ത്തി അവനോട് പറഞ്ഞു.
“ഒരു സുന്ദരി പെണ്ണിനെ കൂടെ ആക്കിയിട്ടാണ് ഞാൻ പോകുന്നത്, ഇനിയവൾ തന്നെ ഭാര്യ ആയി മതിയെന്ന് നിനക്ക് തോന്നുമോ?”
“നീ പറഞ്ഞിട്ടല്ലേ മോളെ ഈ വിവാഹത്തിന് ഞാൻ സമ്മതിച്ചത് തന്നെ, പിന്നെന്താ ഈ സംശയം? “
“സംശയം ഒന്നുമില്ല, എത്രയും പെട്ടന്ന് അവളെ ഒഴിവാക്കണം, ഞാൻ കാത്തിരിക്കുന്നു എന്നോർമ വേണം “
ഹരീഷിനോട് യാത്ര പറഞ്ഞിട്ട് ദീപ്തിയുടെ അടുത്തെത്തി ശീതൾ രഹസ്യമായി പറഞ്ഞു.
“നിങ്ങളുടെ വിവാഹം ഒരു തടസ്സവും ഇല്ലാതെ നടക്കാൻ വേണ്ടി ഹരീഷ് ഒരു നേർച്ച നേർന്നിരുന്നു, 41 ദിവസത്തെ വൃതം. ഇന്നുമുതലാണ് അതാരംഭിക്കുന്നത്, അതുകൊണ്ട് ദീപ്തി അവനിൽ നിന്നൊരകലം പാലിക്കണം കേട്ടോ “
അവൾ നാണത്തോടെ തലയാട്ടി. പിന്നെ ശീതൾ സമാധാനത്തോടെ തന്റെ വീട്ടിലേക് പോയി.
രാത്രിയിൽ, താൻ കാരണം അവന്റെ വൃതം മുടങ്ങണ്ട എന്ന് കരുതി, ദീപ്തി ബെഡ്ഷീറ്റ് നിലത്തു വിരിച്ചു കിടന്നു. ഹരീഷ് റൂമിലെത്തിയപ്പോൾ നിലത്ത് വിരിച്ച പായയിൽ അവൾ കിടക്കുന്നത് കണ്ടപ്പോൾ അവളോട് അവന് സഹതാപം തോന്നി.അവനെ കണ്ടതും ദീപ്തി എഴുന്നേൽക്കാൻ ശ്രമിച്ചു. ഹരീഷ് അവളെ വിലക്കികൊണ്ട് പറഞ്ഞു.
“താൻ കിടന്നോളു.. നല്ല ക്ഷീണം ഉള്ളതല്ലേ, ഉറങ്ങിക്കോളൂ “
ദീപ്തി മന്ദാഹാസത്തോടെ അവന്റെ നേർക്ക് നോക്കിയിട്ട് കിടന്നു. പിറ്റേന്ന് രാവിലെ ദീപ്തി ഉണർന്നു കുളിച്ചിട്ട് അടുക്കളയിലേക്ക് ചെന്നു. അവിടെ ഗീത ഉണ്ടായിരുന്നു. ദീപ്തിയെ കണ്ടയുടനെ നിറപുഞ്ചിരിയോടെ അവർ പറഞ്ഞു.
“മോൾ ഇത്ര നേരത്തെ അടുക്കളയിലേക്കൊന്നും വരേണ്ടിയിരുന്നില്ല. അതിനും വേണ്ടിയുള്ള ജോലിയൊന്നും ഇവിടെ ഇല്ലല്ലോ. മോൾ പൊയ്ക്കോ. ഹരികുട്ടൻ ഉണർന്നു വരുമ്പോൾ അവനോടൊപ്പം വന്നാൽ മതി “.
“സാരമില്ലമ്മേ, ഞാനും കൂടി അമ്മയെ സഹായിക്കാം “
ദീപ്തി ഗീതയോടൊപ്പം നിന്ന് ജോലി ചെയ്യാൻ തുടങ്ങി. വളരെ വേഗം തന്നെ ദീപ്തി അമ്പാടിയിൽ എല്ലാവർക്കും പ്രിയപെട്ടവളായി മാറി. തന്റെ വീട്ടിലേക്ക് വിരുന്ന് പോയപ്പോളും ദീപ്തിയുടെ മുഖത്ത് സന്തോഷമായിരുന്നു. അമ്പാടിയിലെ വീട്ടിൽ തന്റെ മകൾ സന്തോഷമായി ഇരിക്കുന്നു എന്നറിഞ്ഞപ്പോൾ ദീപ്തിയുടെ അമ്മയ്ക്കും സന്തോഷമായി.
ദിവസങ്ങൾ കടന്നു പോയി, തന്റെ മകനും ദീപ്തിയും തമ്മിലുള്ള ബന്ധം തൃപ്തികരമല്ലെന്ന് ഗീത മനസിലാക്കി. അവർ തന്റെ സംശയം ഭർത്താവിനോട് പറഞ്ഞു.
രാമചന്ദ്രൻ രഹസ്യമായി മകനെ നിരീക്ഷിക്കാൻ തുടങ്ങി. പകൽ സമയങ്ങളിൽ അവനും ശീതളും ഒരുമിച്ചു കറങ്ങി നടക്കുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. വിവാഹം കഴിഞ്ഞിട്ട് ഇത്രയും ദിവസമായിട്ട് ദീപ്തിയെ ഒന്ന് പുറത്തു പോലും കൊണ്ട് പോയിട്ടില്ലാത്തവൻ ഇപ്പോളും പഴയ കാമുകിയുമായി കറങ്ങി നടക്കുന്നത് അയാളെ ദേഷ്യം പിടിപ്പിച്ചു.
അവനോടു ചോദിക്കാതെ അയാൾ ദീപ്തിയ്ക്കും ഹരീഷിനും മലേഷ്യയിലേക്ക് ഹണിമൂണിനു പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തു. ആ ടിക്കറ്റ് അവന്റെ കയ്യിൽ കൊടുത്തിട്ട് അയാൾ പറഞ്ഞു.
“ഒരാഴ്ച, രണ്ട് പേരും ഒന്ന് അടിച്ചു പൊളിച്ചിട്ട് വരൂ “
അച്ഛനോട് മറുത്തൊന്നും പറയാൻ കഴിയാത്തത് കൊണ്ട് ഹരീഷ് ആ ടിക്കറ്റ് വാങ്ങി. അത് കയ്യിൽ വച്ച് ആലോചനയോടെ നിന്നതിനു ശേഷം അവൻ ശീതളിനെ ഫോൺ ചെയ്തു വിവരം പറഞ്ഞു. ഈ യാത്ര എങ്ങനെയെങ്കിലും മുടക്കണം അവർ ആലോചിച്ചു. പിറ്റേന്ന് ഞായറാഴ്ചയായതിനാൽ ഓഫീസ് അവധിയായത് കൊണ്ട് ശീതൾ അതിരാവിലെ അമ്പാടിയിലെത്തി. രാമചന്ദ്രൻ അവളോടുള്ള തന്റെ അനിഷ്ടം അറിയിക്കാൻ ശ്രമിച്ചു
“ശീതൾ, പഴയത് പോലെ അല്ല. ഹരീഷ് ഇപ്പോൾ ഒരു ഭർത്താവ് ആണെന്നുള്ളത് നിനക്കോർമ്മ വേണം. ഇപ്പോളും അവനോടൊപ്പമുള്ള ഈ സഹവാസം അത്ര നല്ലതായി എനിക്കു തോന്നുന്നില്ല “
“ഞങ്ങൾ ഫ്രണ്ട്സ് അല്ലേ അങ്കിൾ, അവന്റെ വിവാഹം കഴിഞ്ഞെന്ന് കരുതി അവനെന്റെ ഫ്രണ്ട് അല്ലാതെയാകുമോ? ” ശീതൾ ഉള്ളിൽ തിളച്ചു പൊന്തിയ ദേഷ്യം മറച്ചു പിടിച്ചു പറഞ്ഞു. എന്നിട്ടവൾ ഹരീഷിന്റെ റൂമിലേക്കു കയറിപ്പോയി. അവർ ചേർന്ന് എന്തൊക്കെയോ കൂടിയാലോചിച്ചു ഒരു തീരുമാനത്തിൽ എത്തിയിരുന്നു. അവൾ തിരിച്ചു പോകാൻ ഇറങ്ങുമ്പോൾ രാമചന്ദ്രൻ അവളോട് പറഞ്ഞു
“മോളെ, ഇനി അവനോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അതു ഫോണിൽ കൂടി പറയണം, ഇല്ലെങ്കിൽ ഓഫീസിൽ വച്ചു, അല്ലാതെ അവനെ കാണാൻ വേണ്ടി മാത്രം ഇനിയിങ്ങോട്ട് വരരുത് “
ശീതൾ ഇരുണ്ട മുഖത്തോടെ ആ വീടിന്റെ പടിയിറങ്ങി.
അന്നായിരുന്നു നാൽപത്തിയൊന്ന് ദിവസം കഴിയുന്നത്, ഇതേസമയം ദീപ്തി ഗീതയോടൊപ്പം അമ്പലത്തിൽ പോയിരിക്കുകയായിരുന്നു. ഭഗവാന്റെ മുൻപിൽ തന്റെ കുടുംബ ജീവിതം സന്തോഷഭരിതമാകാൻ അവൾ മനമുരുകി പ്രാർത്ഥിച്ചു. വീട്ടിലെത്തിയ ഉടനെ അവൾ അമ്പലത്തിലെ പ്രസാദമായി കിട്ടിയ സിന്ദൂരം ഹരീഷിനു നേരെ നീട്ടിയിട്ട് ചോദിച്ചു.
“എന്റെ നെറ്റിയിൽ തൊട്ടു തരുമോ ഏട്ടാ “
“അതു…. പിന്നെ.. എന്റെ വൃതം…. “
“ഏട്ടന് ഓർമയില്ലേ ഇന്നാണ് ആ നാല്പത്തിയൊന്നു ദിവസം കഴിയുന്നത്, രാവിലെ ഏട്ടൻ ഉറങ്ങിക്കോട്ടെ എന്ന് കരുതിയാണ് ഞാൻ അമ്മയോടൊപ്പം അമ്പലത്തിൽ പോയത്, വൃതം അവസാനിക്കുന്ന ദിവസമല്ലേ ഏട്ടൻ വൈകുന്നേരം ആണെങ്കിലും അമ്പലത്തിൽ പോകുമെന്ന് എനിക്ക് അറിയാമായിരുന്നു”
അവനു ഒരു മറുപടിയും പറയാൻ കഴിഞ്ഞില്ല. ഒടുവിൽ അവൾക് സംശയമൊന്നും തോന്നാതിരിക്കാൻ, അവളുടെ കയ്യിലിരുന്ന പ്രസാദത്തിൽ നിന്ന് ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്തരേഖയിൽ അവൻ ചാർത്തി, സിന്ദൂരം അവളുടെ കണ്ണിലേക്കു പറന്നു വീഴാതിരിക്കാൻ അവൻ അവളുടെ നെറ്റിയിൽ ഊതി. അവന്റെ നിശ്വാസവായു മുഖത്തു പതിഞ്ഞതും ദീപ്തി പ്രണയപൂർവ്വം അവനെ നോക്കി.
തുടരും…