എഴുത്ത്: മഹാ ദേവൻ
::::::::::::::::::::::::::::
നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു . പതിവിലും വൈകി കടയിൽ നിന്നും ഇറങ്ങിയത് കൊണ്ട് അവസാനബസ്സും പോയെന്ന് മനസ്സിലായപ്പോൾ ഗായത്രിയുടെ ഉള്ള് പിടയ്ക്കുന്നുണ്ടായിരുന്നു . ഇനി ഉള്ളത് ഒരു KSRTC. മാത്രമാണ്. അത് വന്നാൽ വന്നു എന്നത് കൊണ്ട് തന്നെ ഇനി എപ്പോ വീട്ടിലെത്തുമെന്ന് ആലോചിച്ചു ഒരു എത്തും പിടിയുമില്ലായിരുന്നു അവൾക്ക്.
ഇടക്കിടെ വാച്ചിൽ നോക്കിക്കോണ്ട് അക്ഷമയോടെ നിൽക്കുമ്പോൾ മുന്നിലൂടെ പോകുന്ന പല ഓട്ടോക്കും അവൾ കൈ കാണിക്കുന്നുണ്ടായിരുന്നു.
പക്ഷേ അവൾക്ക് മുന്നിൽ ഒരു വണ്ടിയും നിർത്താതെ കടന്ന് പോകുമ്പോൾ ഭയം മനസിലേക്ക് ഇരച്ചുകേറിത്തുടങ്ങി. അതോടൊപ്പം വീട്ടിൽ മോള് ഒറ്റക്കാണെന്നുള്ള ചിന്ത അവളുടെ ഹൃദയമിടിപ്പിന്റെ താളം വർധിപ്പിച്ചു.
” ഈശ്വരാ… ഇനി ഒരു വണ്ടി കിട്ടി എപ്പോ വീട്ടിലെത്താനാ.. മോളിപ്പോ പേടിച്ചിരിപ്പാകും.. പാവം… “
അവൾ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് പിന്നെയും റോഡിലേക്കിറങ്ങി മുന്നിൽ വരുന്ന ഓട്ടോക്ക് കൈ കാണിച്ചു. ഭാഗ്യം പോലെ ആാാ ഓട്ടോ അവൾക്ക് മുന്നിൽ നിർത്തുമ്പോൾ അവൾ വേഗം ആ ഓട്ടോയിലേക്ക് കയറി. പിന്നെ “ചേട്ടാ, പനങ്ങാമരം ” എന്നും പറഞ്ഞ് അവൾ ഒരു ആശ്വാസം പോലെ സീറ്റിലേക്ക് ചാരിയിരുന്നു.
അപ്പോഴും വീട്ടിൽ പേടിയോടെ തന്നെയും കാത്തിരിക്കുന്ന മോളുടെ മുഖമായിരുന്നു മനസ്സ് നിറയെ. ഇഷ്ട്ടപ്പെട്ട ഒരുത്തന്റെ കൂടെ വീട്ടുകാരെ ഉപേക്ഷിച്ചു പടിയിറങ്ങുമ്പോൾ പ്രതീക്ഷിച്ചത് ആശിച്ച ജീവിതവും സ്വർഗ്ഗതുല്യമായ നാളുകളും ആയിരുന്നു. എന്നാൽ സ്നേഹിത്തോടെ മാത്രം സംസാരിച്ചിരുന്നവന്റെ മറ്റൊരു മുഖമായിരുന്നു പിന്നീടുള്ള രാത്രിയുടെ ഉറക്കം കെടുത്തിയത്.
ക ള്ളും പെണ്ണും ക ഞ്ചാവുമായി നടക്കുന്നവന്റെ ക്രൂ രതയ്ക്ക് പാത്രമാകുമ്പോൾ കേറിചെല്ലാൻ ഇനി സ്വന്തം വീടുപോലും ഇല്ലെന്ന സത്യം എല്ലാം അനുഭവിക്കാൻ പഠിപ്പിച്ചു. പലപ്പോഴും അവന്റെ വരവ് പ്രതീക്ഷ മാത്രമായി രാത്രി വെളുപ്പിക്കുമ്പോൾ ആശ്വാസമായിരുന്നു. ഒരു ദിവസമെങ്കിലും സമാധാനത്തോടെ നേരം വെളുക്കുന്നതിന്റെ സന്തോഷം…
അന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്, ആ രാത്രി പുലരാതിരുന്നെങ്കിൽ എന്ന്.
മകളെ ഗർഭിണി ആയപ്പോൾ എങ്കിലും മാറ്റം പ്രതീക്ഷിച്ചു.
പക്ഷേ, അവന്റ പുച്ഛത്തോടെ ഉള്ള വാക്കുകൾ ഉള്ള് നീറിക്കുന്നതായിരുന്നു,
” ഇനി നിന്നെ എന്തിന് കൊള്ളാടി… വയറും വീർപ്പിച്ചു നടക്കുന്ന നിന്നെ ഇനി രാത്രി അനുഭവിക്കാൻ പറ്റോ? നിന്നെ ഒക്കെ ഇങ്ങോട്ട് കെട്ടിയെടുത്തതെ അതിനൊക്കെ വേണ്ടിയാ..നിന്നെ പോലെ കുറെ എണ്ണം ഉള്ളത് കൊണ്ട് എന്നെപോലെ ഉള്ളവർക്ക് ചുളിവിൽ കാര്യങ്ങൾ നടത്താം.ആണുങ്ങൾ ഒന്ന് കണ്ണും കയ്യും കാണിക്കുമ്പോൾ കൂടെ ഇറങ്ങും ഇവിടെ എന്തൊക്കെയോ എടുത്തുവെച്ചപോലെ. അവസാനം ഒന്നുമില്ലെന്ന് കാണുമ്പോൾ കണ്ണീരും കയ്യുമാകും.നിന്നെ വയറും വീർപ്പിച്ചു ആട്ടുതൊട്ടിലിൽ കിടത്തി ആട്ടി ഊട്ടാൻ കൊണ്ടുവന്നതല്ല ഞാൻ.. എനിക്ക് രാത്രി വരുമ്പോൾ കേറികിടക്കാൻ ഒരു മെത്ത. അത്രേ ഉളളൂ നീ..അതിനിടക്ക് എങ്ങനെ സംഭവിച്ചതാണോ ഈ വീർത്തു നിൽക്കുന്നത്. കാണുമ്പോൾ ഒറ്റച്ചവിട്ടിനു വീർത്ത വയറ് ഇളക്കിക്കളയാനാ തോന്നുന്നത്. നാശം പിടിക്കാൻ ” .
അവന്റെ വാക്കുകൾ ഹൃദയത്തെ മുറിവേല്പിക്കും അല്പം ആശ്വാസം പകർന്നത് വീർത്ത വയറിന്റെ പ്രതീക്ഷയുള്ള വളർച്ചയായിരുന്നു.
പിന്നെ ഉള്ള പല ദിവസങ്ങളും അവനൊപ്പം കേറി വരാൻ വേറെ പെണുങ്ങൾ ഉണ്ടായിരുന്നു.. വീർത്ത വയറുമായി അവർക്ക് വേണ്ടി പാ വിരിക്കേണ്ട ഗതികേട് കൂടി വന്നപ്പോൾ മനസ്സിൽ മുഴുവൻ വീടായിരുന്നു.
മകളുടെ നല്ല ജീവിതം സ്വപ്നം കണ്ട അച്ഛനെയും അമ്മയെയും ധിക്കരിച്ചതിന്റെ ഫലമാണ് ഈ അനുഭവിക്കുന്നത് എന്നോർക്കുമ്പോൾ ചെയ്ത തെറ്റിന്റെ കൂലിയായി എല്ലാം ഏറ്റുവാങ്ങി.
പക്ഷേ, പെട്ടന്നൊരു നാൾ അപ്രത്യക്ഷനായ അവൻ പിന്നെ വന്നില്ല.. പല രാത്രികളും കാത്തിരുന്നു. ഗർഭിണിയായവൾക്ക് ഒരു തണലാക്കൻ വന്നിരുന്നെങ്കിൽ എന്ന് മോഹിച്ചു. പക്ഷേ, വന്നില്ല. ഇപ്പോൾ മകൾക്ക് വയസ്സ് ഒന്പതായി. ഇപ്പോൾ ഓർക്കാറില്ല ഒന്നും.. മകൾക്ക് വേണ്ടി ജീവിക്കണം.. അവളെ നല്ല പോലെ വളർത്തണം. തന്റെ ഗതി അവൾക്ക് വരാതെ ആ ജീവിതം സുരക്ഷിതമാക്കണം.. “
അവൾ സീറ്റിലേക്ക് ചാരി കിടന്ന് ഓരോന്ന് ആലോചിക്കുമ്പോൾ ഇടക്ക് ഒന്ന് നോക്കിയ ഡ്രൈവർ ചോദിക്കുന്നുണ്ടായിരുന്നു ” മോളെന്താ ഇത്ര ആലോചിക്കുന്നത് ” എന്ന്. അതിന് ” ഏയ്യ് ഒന്നുമില്ല ചേട്ടാ ” എന്നും പറഞ്ഞ് പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോൾ അയാൾ ആ ചിരി കണ്ടില്ലെങ്കിലും അവളോടായി പറയുന്നുണ്ടായിരുന്നു
” മോളെ… ഈ സമയത്തൊക്കെ റോഡിലേക്ക് ഇറങ്ങുമ്പോൾ സൂക്ഷിക്കണം.. എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല. പെൺകുട്ടികൾക്ക് രാത്രി ഇറങ്ങിനടക്കാൻ പറ്റിയ അത്ര നല്ല നാടല്ല നമ്മുടെ. മോളുടെ അച്ഛന്റെ പ്രായമുള്ളത് കൊണ്ട് പറയുവാ.. മോളെ പോലെ ഉള്ളവരെ കാത്തിരിക്കുന്ന കഴുകൻകണ്ണുകൾ ഉണ്ടാകും നാലുപാടും.. ഒന്ന് കണ്ണ് തെറ്റിയാൽ കൊത്തിപ്പറിക്കാൻ.. അതുകൊണ്ട് ആവുന്നതും നേരത്തെ വീട്ടിലെത്താൻ നോക്കണം. ” എന്ന്.
അത് കേട്ടപ്പോൾ ആ മനുഷ്യനോട് അവൾക്ക് വല്ലാത്തൊരു ബഹുമാനം തോന്നി. ഒരു മകളേ പോലെ ഉപദേശിക്കുമ്പോൾ അവൾക്ക് ഓർമ്മ വന്നത് അവളുടെ മാതാപിതാക്കളെ ആയിരുന്നു.
” അവരെ ധിക്കരിച്ചത് കൊണ്ട് തനിക്ക് സംഭവിച്ചതും ഇതൊക്കെ തന്നെ അല്ലെ, ഇതിൽ കൂടുതൽ ഇനി എന്ത് വരാനാ ” എന്നും ചിന്തിച്ചുകൊണ്ട് അയാളെ നോക്കുമ്പോൾ അവൾ ചോദിക്കുന്നുണ്ടായിരുന്നു
” ചേട്ടന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് ” എന്ന്..
അത് കേട്ട് അയാൾ ഒന്ന് ദീർഘനിശ്വസിച്ചു. പിന്നെ മുന്നിലേക്ക് നോക്കികൊണ്ട് ചെറിയ വിമ്മിഷ്ടത്തോടെ പറയുന്നുണ്ടായിരുന്നു
” വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് ചോദിച്ചാൽ ഇപ്പോൾ ആരുമില്ല മോളെ.. ഞാനും ഈ ഓട്ടോയും മാത്രം. അതുകൊണ്ട് ആണ് ഈ സമയവും ഇവിടെ തന്നെ ഇങ്ങനെ കറങ്ങുന്നത്.. വീട്ടിൽ പോയിട്ട് എന്തിനാ.. ഒന്ന് മിണ്ടാനോ പറയാനോ ആരും ഇല്ലാതെ വീട്ടിൽ കേറുന്നത് തന്നെ മനസിനെ നോവിക്കും. അതുകൊണ്ട് അധികവും ഇതിൽ തന്നെ ആണ് ജീവിതം. പിന്നെ ഇതുപോലെ വഴിയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ വീട്ടിൽ എത്തിക്കും.. എന്റെ മകൾക്ക് പറ്റിയ പോലെ ഇനി ഒരു പെണ്ണിനും പറ്റാതിരിക്കാൻ. “
അത് പറയുമ്പോൾ അയാൾ ഒന്ന് വിതുമ്പി. പിന്നെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് മൗനം പാലിക്കുമ്പോൾ അവൾ അമ്പരപ്പോടെ ചോദിക്കുന്നുണ്ടായിടുന്നു ” എന്ത് പറ്റി മോൾക്ക് ” എന്ന്.
അത് കെട്ട അയാൾ പതിയെ ഇടതുകൈകൊണ്ട് കണ്ണുകൾ തുടയ്ക്കുന്നത് അവൾ കണ്ടിരുന്നു. അയാൾ കരയുകയാണെന്ന് മനസ്സിലായപ്പോൾ ചോദിച്ചത് തെറ്റായിപോയോ എന്ന് തോന്നി അവൾക്ക്. പക്ഷേ, അതിനിടയ്ക്ക് അയാൾ ഗദ്ഗദത്തോടെ പറയുന്നുണ്ടായിരുന്നു
” എന്റെ മോളും ഇതുപോലെ ടൗണിൽ ഒരു കടയിൽ നിൽക്കുകയായിരുന്നു. പഠിക്കാൻ നല്ല മിടുക്കി. പക്ഷേ, ആ ഇടക്ക് എനിക്ക് ഒരു ആക്സിഡന്റ് പറ്റി കുറച്ച് കാലം ഒരേ കിടപ്പായിരുന്നു. അതുകൊണ്ട് തന്നെ തുടർന്നു പഠിക്കാൻ കഴിഞ്ഞില്ല അവൾക്ക്.. പിന്നെ വീട്ടിലെ അവസ്ഥ… ഭാര്യ തൊഴിലുറപ്പിനും മറ്റും പോകുമായിരുന്നു, പക്ഷേ, ഞാൻ കിടപ്പിലായതോടെ അതിനും പോകാൻ പറ്റാത്ത അവസ്ഥ ആയി. വീട്ടിലെ അവസ്ഥ തന്നെ മാറിമറിഞ്ഞപ്പോൾ അവൾ ടൗണിൽ ഒരു ചെറിയ ജോലിക്ക് കയറി. ആ ഇടയ്ക്കായിരുന്നു ഒരുത്തനുമായി ഇഷ്ടത്തിലായത്. എല്ലാം തുറന്ന് പറയുന്ന അവൾ അതും ഞങ്ങളോട് പറഞ്ഞിരുന്നു. നല്ലതാണെങ്കിൽ നടത്താമെന്ന് പറഞ്ഞപ്പോൾ അവളുടെ ഒരു സന്തോഷം കാണണമായിരുന്നു. പക്ഷേ, ആ സന്തോഷം അധികനാൾ നീണ്ടില്ല. പതിയെ എഴുനേറ്റ് നടന്ന് തുടങ്ങിയ ഞാൻ വണ്ടിയുമായി ഇറങ്ങാൻ തുടങ്ങിയപ്പോൾ അവളോട് പറഞ്ഞതാണ് ഇനി മോള് ജോലിക്ക് പോണ്ട എന്ന്. പക്ഷേ, പെട്ടന്ന് അവിടെ നിന്നും പോരാൻ പറ്റില്ലെന്ന് പറഞ്ഞ് അവൾ പിന്നെയും പോയി. ആ ഇടക്ക് അവൾ പറഞ്ഞ ആളെ കുറിച്ച് അന്വോഷിച്ചപ്പോൾ കേട്ടത് നല്ലതൊന്നും അല്ലായിരുന്നു. അതുകൊണ്ട് തന്നെ മോളോട് അത് വേണ്ടെന്ന് കാര്യകാരണം സഹിതം പറഞ്ഞ് മനസിലാക്കിയപ്പോൾ അവൾ അയാളിൽ നിന്നും അകന്നു.. പക്ഷെ, അത് അവളുടെ ജീവിതം നശിപ്പിക്കാൻ ഉള്ള തുടക്കമാണെന്ന് അറിഞ്ഞില്ല. അന്ന് ജോലി കഴിഞ്ഞിറങ്ങിയ അവൾ വീട്ടിൽ എത്തിയില്ല… രണ്ട് ദിവസത്തിനു ശേഷം വന്ന് കേറിയത് ജീവനറ്റായിരുന്നു.
അത് രണ്ട് ആഘാതമായിരുന്നു തന്നത്. അവളെ അടക്കുന്നതിനൊപ്പം അവളുടെ അമ്മയെയും അടക്കേണ്ടി വന്നു. ഒറ്റ നിമിഷം കൊണ്ട് ഒറ്റപ്പെട്ടുപോയ ജീവിതം…ആരോരുമില്ലാത്ത വീട്ടിൽ ഒറ്റക്ക്…. മടുപ്പായിരുന്നു..ആരും തിരഞ്ഞുവരാൻ പോലും ഇല്ലാത്ത വീട്ടിൽ അവസാനം ഞാൻ ഒരാളെ കൂടെ കൂട്ടി… എന്റെ മകളുടെ മരണത്തിന് കാരണമായവനെ…ആർക്കുമറിയാതെ അവൻ ഇന്നും എന്റെ വീട്ടിലുണ്ട് ഉണരാത്ത ഉറക്കത്തിൽ. ഇവിടെ എന്റെ മോളെ പോലെ ഉള്ള പെണ്മക്കൾക്കല്ല ജീവിക്കാൻ അവകാശമില്ലാത്തെ. അവരെ ഇതുപോലെ ചതിക്കാൻ വേണ്ടി വല വിരിച്ചു കാത്തിരിക്കുന്ന കഴുകന്മാർക്ക് ആണ് ഇവിടെ ജീവിക്കാൻ അവകാശമില്ലാത്തത്. ഇനി അവനാൽ ഒരു പെണ്ണും ചതിക്കപ്പെടാതിരിക്കാൻ അവന്റ അവകാശമില്ലാത്ത ഈ ജന്മം ഞാൻ തന്നെ ഇല്ലാതാക്കി.. എന്റെ മോൾക്ക് വേണ്ടി.. അല്ല, എന്റെ മോളെ പോലെ ഉള്ള എല്ലാ പെൺകുട്ടികൾക്കും വേണ്ടി. “
അത് പറയുമ്പോൾ അയാളുടെ വാക്കുകൾ അഗ്നി ചിതറുന്നുണ്ടെന്ന് തോന്നി അവൾക്ക്. മകൾക്ക് വേണ്ടി അത്രയെങ്കിലും ചെയ്‌തതിന്റെ സന്തോഷം. പക്ഷേ, അയാളോട് എന്ത് പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. മകൾക്ക് വേണ്ടി ജീവിക്കുന്ന ആ അപ്പനെ നിറഞ്ഞ കണ്ണാൽ മനസ്സ് കൊണ്ട് കൈ കൂപ്പുമ്പോൾ ഓട്ടോ നിർത്തിക്കൊണ്ട് അയാൾ പറയുന്നുണ്ടായിരുന്നു
” മോളെ, സ്ഥലം എത്തി ” എന്ന്.
അതും പറഞ്ഞുകൊണ്ട് അയാൾ അവളെ തിരിഞ്ഞുനോക്കുമ്പോൾ അയാൾ ഒന്ന് പുഞ്ചിരിച്ചുകൊnd.ഓട്ടോയിൽ നിന്നും പുറത്തേക്കിറങ്ങി കാശ് കൊടുത്തു ” പോട്ടെ ” എന്നും പറഞ്ഞ് തിരിയുമ്പോൾ അയാൾ പിറകിൽ നിന്നും മോളെ എന്ന് വിളിച്ചുകൊണ്ട് മൊബൈൽ എടുത്ത് അവൾക്ക് നേരെ നീട്ടി.
” ഇതാണെന്റെ മോള്.. ചിലപ്പോൾ മക്കള് കണ്ടിട്ടുണ്ടാകും.. പാവം കുട്ടി ആയിരുന്നു.. അവളുടെ കൂടെ നിൽക്കുന്നവനെ കണ്ടോ.. അതാണ് അവൻ. എന്റെ മോളെ……” അത് പറയുമ്പോൾ അയാളൊന്ന് വിതുമ്പി..
” ഇതുപോലെ പല മുഖങ്ങളും ഇപ്പോഴും ഉണ്ട് നമിക്ക് ചുറ്റും. ശ്രദ്ധിക്കണം ” എന്ന് പറയുമ്പോൾ അവളുടെ മുഖം ആ ഫോട്ടോയിൽ ആയിരുന്നു. കുറച്ചു നേരം അതിലേക്ക് നോക്കിനിന്ന ശേഷം ഫോൺ തിരികെ നൽകി ഒന്നും പറയാൻ കഴിയാതെ അവൾ തിരിഞ്ഞു നടക്കുമ്പോൾ മനസ്സ് സന്തോഷംകൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ മഥിക്കുകയായിരുന്നു..
ആ ഫോട്ടോയിൽ കണ്ട നിഷ്ക്കളങ്കമായ പെൺകുട്ടിയുടെ മുഖം അവളെ അത്രമേൽ വേദനിപ്പിച്ചിരുന്നു. കൂടെ, അതോടൊപ്പംചേർന്ന് നിന്നിരുന്നവന്റെ മുഖത്തിന് തന്റെ ഭർത്താവിന്റെ ഛായയാണെന്ന് തിരിച്ചറിയുമ്പോൾ എന്തോ സന്തോഷിക്കാൻ ആണ് തോന്നിയത്… ആ അച്ഛൻ പറഞ്ഞ പോലെ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലാത്ത ഒരാളുടെ മുഖമായിരുന്നു അവളും ആ ഫോട്ടോയിൽ കണ്ടത്. !
ഭൂമിയുടെ അവകാശിയല്ലാത്തവന്റെ മുഖം !!
✍️ ദേവൻ