അവൾ വെളുത്തു സുന്ദരമായ അയാളുടെ മുഖത്തെ താടിരോമങ്ങളിൽ മെല്ലെ പിടിച്ചു വലിച്ചു…

മുൻവിധികൾ

Story written by AMMU SANTHOSH

നഗരത്തിലെ നല്ല തിരക്കുള്ള ഒരു ഓഫീസിൽ ഉച്ചസമയത്തെ ഒഴിവ് വേളയിലായിരുന്നു ദൃശ്യയും ശില്പയും

“എത്ര നാളായല്ലേ കണ്ടിട്ട്?”ദൃശ്യ അതിശയത്തോടെ കൂട്ടുകാരി ശിൽപയുടെ കൈ പിടിച്ചു. ശില്പ പുഞ്ചിരിച്ചു

“നീ ഇവിടെ ആണോ വർക്ക്‌ ചെയ്യുന്നത്? ഞാൻ അറിഞ്ഞില്ല ട്ടോ..ഞാൻ എന്റെ ഫ്രണ്ടിനെ കാണാൻ വന്നതാ ഇവിടെ. ഞങ്ങൾ കോഴിക്കോട് ആയിരുന്നു. ഏട്ടൻ ഇങ്ങോട്ട് ട്രാൻസ്ഫർ ആയി.ഈ ടൗണിൽ തന്നെ..നീ ഒത്തിരി മാറിപ്പോയി.ആ പഴയ ഫാഷൻ ഗേൾ എവിടെ പോയി?”

ശില്പ വെറുതെ ചിരിച്ചു. പിന്നെ കോട്ടൺ ചുരിദാറിന്റെ ഷാൾ ഒന്ന് ഒതുക്കിയിട്ടു.

“നിന്റെ കല്യാണം കഴിഞ്ഞോ ?ആൾ എന്ത് ചെയ്യുന്നു? എത്ര കുട്ടികൾ ആയി?”ദൃശ്യ ചോദിച്ചു

“കഴിഞ്ഞു.. അശ്വിൻ .. കർഷകനാണ്. മക്കൾ ആയിട്ടില്ല “

“കൃഷിയോ.. അത് കൊണ്ട് ജീവിക്കാൻ പറ്റുമോ? ഇത്രയും പഠിച്ചിട്ട് കൃഷിക്കാരനെയാണോ കെട്ടിയെ? ലവ് മാര്യേജ് ആയിരുന്നോ?’ഒറ്റ ശ്വാസത്തിൽ അവൾ ചോദിച്ചു നിർത്തി

“ഹേയ് വീട്ടിൽ ആലോചിച്ചു വന്നതാ. ലഞ്ച് ടൈം കഴിഞ്ഞു.. സീറ്റിലേക്ക് പോട്ടെ “ശില്പ ശാന്തമായി പറഞ്ഞു

ശില്പ തന്റെ സെക്ഷനിലേക്ക് പോയി

പിന്നെ ദൃശ്യ വീണ്ടുമവളെ കാണുമ്പോൾ അവൾ ബസിൽ നിന്നിറങ്ങി റോഡ് ക്രോസ്സ് ചെയ്തു വരികയായിരുന്നു.

“ശില്പ ബസിലാണോ വരുന്നത്?” ഒരു ദിവസം ദൃശ്യ ചോദിച്ചു

“അതേ.വീട്ടിന്റെ മുന്നിൽ നിന്നു ബസ് കിട്ടും..”

“എന്നാലും… നിനക്ക് കോളേജിൽ പഠിച്ചപ്പോൾ ടു വീലർ ഉണ്ടായിരുന്നല്ലോ..ഫിനാൻഷ്യൽ പ്രശ്നം ആവും ല്ലേ?” ദൃശ്യ സഹതാപത്തോടെ ചോദിച്ചു. ശില്പ മെല്ലെ ചിരിച്ചു

“ഞങ്ങൾക്ക് ഇവിടെ ഒരു ഫ്ലാറ്റ് ഉണ്ട് . .ഒരു ദിവസം നീ ഫ്ലാറ്റിൽ വാ എല്ലാവരെയും പരിചയപ്പെടാമല്ലോ. നിന്റെ ഭർത്താവിനെയും കൊണ്ട് വാ “ദൃശ്യ അവളോട് പറഞ്ഞു

“നോക്കട്ടെ നല്ല തിരക്കാ ആൾക്ക്. ഫ്രീ ആകുമ്പോൾ ഒരു ദിവസം വരാം “

“കൃഷിക്കാർക്കൊക്കെ അത്ര തിരക്ക് ഉണ്ടൊ കൊച്ചേ? നീ വലിയ ജാടയിറക്കല്ലേ.. “ദൃശ്യ പരിഹാസരൂപത്തിൽ പറഞ്ഞു ചിരിച്ചു.

“ഓരോരുത്തർക്കും ഓരോ തിരക്കല്ലേ? നിങ്ങൾ അങ്ങോട്ട് വാ ഒരു ദിവസം. “ശില്പ പറഞ്ഞു

“ആ ഞാൻ നൊ പറയില്ല ട്ടോ. ഏട്ടൻ ഫ്രീ ആകുന്ന ദിവസം വരാം വരാം.. ഒരു സൺ‌ഡേ “

“നീ ജോലിക്ക് ശ്രമിച്ചില്ലേ?”ശില്പ ചോദിച്ചു

“എന്തിന്? അടിച്ചു പൊളിച്ചു ജീവിക്കാൻ ഉള്ള കാശ് കെട്ടിയോൻ ഉണ്ടാക്കുന്നുണ്ട്..പിന്നെ നമ്മളെന്തിനാ കഷ്ടപ്പെടുന്നേ? പിന്നെ പുള്ളിക്കും ഞാൻ ജോലിക്ക് പോകുന്നത് ഇഷ്ടമല്ല.. പുള്ളി വരുമ്പോൾ ഞാൻ വീട്ടിൽ വേണം “

അവൾ കണ്ണിറുക്കി കള്ളച്ചിരി ചിരിച്ചു

ശില്പ തലയാട്ടി

“അപ്പൊ സൺ‌ഡേ കാണാം “

അങ്ങനെ അത് തീരുമാനമായി

ദൃശ്യയുടെ ഫ്ലാറ്റ്

“ഈ ശിൽപയുണ്ടല്ലോ കോളേജ് ബ്യൂട്ടി ആയിരുന്നു ട്ടോ..ആലിയ ഭട്ട് എന്നൊക്കെ ആയിരുന്നു വിളിപ്പേര്.ഫാഷൻഷോയും പൊളിറ്റിക്‌സും, ചാരിറ്റി പ്രവർത്തനങ്ങളും.. ഹോ കോളേജിലെ സ്റ്റാർ ആയിരുന്നു.. ഇന്ന് കണ്ടോ ഒരു കൃഷിക്കാരന്റ കൂടെ ഒരു ഗ്രാമത്തിൽ.. ഇപ്പൊ ഫാഷനുമില്ല,രാഷ്ട്രീയവുമില്ല, ചാരിറ്റിയുമില്ല ” ദൃശ്യ ഭർത്താവ് വിവേകിനോട് പറഞ്ഞു

“നമ്മൾ എന്തിനാണ് അവരുടെ വീട്ടിലേക്ക് പോകുന്നത്? ഇത് വെറും ഷോ ആണ് കേട്ടോ..കല്യാണം കഴിഞ്ഞു ഇത്രയും നാളായിട്ടും നീ ഇങ്ങനെ ഒരു ഫ്രണ്ടിനെ കുറിച്ച് പറഞ്ഞിട്ടേയില്ലല്ലോ “

അയാൾ അസ്വസ്ഥതയോടെ പറഞ്ഞു

“അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല. ഒരെ ക്ലാസ്സിൽ ആയിരുന്നു. ഞാൻ പറഞ്ഞില്ലേ അവൾ ഭയങ്കര പോപ്പുലർ ആയിരുന്നു. .ഇപ്പൊ കണ്ടില്ലേ? എന്തായാലും പോകണം. ചെറിയൊരു പ്രതികാരമാണത്. എന്റെ ഒരു സന്തോഷം.”

“ഓക്കേ “അയാൾ മനസ്സില്ലമനസ്സോടെ മൂളി.

” കോളേജിൽ പഠിക്കുമ്പോൾ കുറെ മിടുക്കിയായതല്ലേ.. ഇന്നെന്റെ പോസ്റ്റിലല്ലേ ഗോൾ? ദൈവം കൊണ്ട് തരുന്നതാണ് ഇതൊക്കെ. നമുക്ക് പോകണം. എന്റെ സുന്ദരൻ, സ്റ്റൈലിഷ് ഭർത്താവിനെ അവൾ ഒന്ന് കാണട്ടെ “

അവൾ വെളുത്തു സുന്ദരമായ അയാളുടെ മുഖത്തെ താടിരോമങ്ങളിൽ മെല്ലെ പിടിച്ചു വലിച്ചു.

ശിൽപയുടെ വീട്ടിലേക്കുള്ള വഴി അവൾ എഴുതി കൊടുത്തിരുന്നു. പ്രധാന നഗരത്തിൽ നിന്ന് ഒരു വഴിയിലേക്ക് കാർ തിരിഞ്ഞു ഓടി തുടങ്ങി.. വഴിയരുകിലെ ബോർഡിൽ പേര് കണ്ടവൾ തെല്ല് സംശയത്തോടെ നോക്കി.

“ശില്പ കൺസ്ട്രക്ഷൻസ് “

പിന്നീട് അങ്ങോട്ട്

“ശില്പ tailoring units “

“ശില്പ ചാരിറ്റബിൾ ട്രസ്റ്റ്‌ “

അവൾ അമ്പരപ്പോടെ ഭർത്താവിനെ നോക്കി. കാർ ശിൽപയുടെ വീടിന്റെ ഗേറ്റ് കടന്നു നിന്നു.

“ഹായ്..”ശില്പ പുഞ്ചിരിയോടെ അവരെ എതിരേറ്റു.

മുട്ടിനു താഴെ നിൽക്കുന്ന ചെറിയ പാവാടയിലും നീല ടോപിലും അവളെ കാണാൻ ഒരു സ്കൂൾ കുട്ടിയെ പോലെയുണ്ടായിരുന്നു അവളുടെ ഉയർത്തികെട്ടിയ സ്വർണമുടിയിലും ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയിലും മിഴിയുടക്കി ദൃശ്യ ഒരു നിമിഷം നിശ്ചലയായി.ഓഫീസിൽ വെച്ചു കണ്ട ആളെയല്ല.

“അശ്വിൻ ഒരു അഞ്ചു മിനിറ്റിനുള്ളിൽ വരും.. കയറി ഇരിക്കു”

അവൾ വിവേകിനെ നോക്കി കൈ കൂപ്പി പറഞ്ഞു.അയാളും തെല്ല് അമ്പരന്ന് നിൽക്കുകയായിരുന്നു. അയാൾ ദൃശ്യയെ സംശയത്തോടെ ഒന്ന് നോക്കി.ഇവളീ പറഞ്ഞതൊക്കെ അപ്പോൾ എന്തായിരുന്നു എന്നർത്ഥത്തിൽ.പിന്നെ അകത്തേക്ക് നടന്നു

അശ്വിൻ വേഗം തന്നെ വന്നു. ഒരു കർഷകൻ എന്ന് ചിന്തിച്ചപ്പോ അവരുടെ ഉള്ളിൽ ഒരു രൂപമുണ്ടായിരുന്നു. മുഷിഞ്ഞ തോർത്ത്‌, മുണ്ട്, ബനിയൻ, ചെളി.. ക്ഷീണം.. അതൊന്നുമില്ല.. ത്രീ ഫോർത്തും ടി ഷർട്ടും ആണ് വേഷം. തിളങ്ങുന്ന കണ്ണുകൾ, ചെമ്പൻ മുടിയിഴകൾ നെറ്റിയിൽ വീണു കിടക്കുന്നു.ചുറുചുറുക്കുള്ള സംസാരം

“ആക്ച്വലി കൃഷി ആണോ ചെയ്യുന്നത്?”

ദൃശ്യ ചോദിച്ചു

“യെസ്.നെൽകൃഷിയാണ്.കാട്ടി തരാം.. വരൂ..” ഹെക്ടർ കണക്കിന് പരന്നു കിടക്കുന്ന നെൽപാടങ്ങൾ..

“Wow”അവർ ഒന്നിച്ച് അറിയാതെ പറഞ്ഞു പോയി

അശ്വിൻ ചിരിച്ചു

“ഇങ്ങോട്ട് വന്നപ്പോൾ ശില്പ യുടെ പേരിൽ കുറച്ചു കെട്ടിടങ്ങൾ കണ്ടിരുന്നു.. “ദൃശ്യ സംശയത്തോടെ പറഞ്ഞു

“അത് ശില്പ സ്വയം ചെയ്യുന്നതാ.. ഞാൻ സപ്പോർട്ട് ചെയ്യുന്നു എന്നേയുള്ളു.”അവൻ ചിരിയോടെ മറുപടി പറഞ്ഞു

“ഒരു ഡൌട്ട് .. ഈ കൺസ്ട്രക്ഷൻ ഒക്കെ.. അത് എഞ്ചിനീയർമാര് ഒക്കെ ചെയ്യുന്നതല്ലേ? “വിവേക് ചോദിച്ചു

“അശ്വിൻ IIT പ്രോഡക്റ്റ് ആണ്. സിവിൽ എഞ്ചിനീയർ.കൃഷി ഭ്രാന്ത് കേറി ജോലിയൊക്കെ വിട്ട് ചെന്നൈയിൽ നിന്നു ഇങ്ങോട്ട് പോന്നതാ.. എന്റെയെന്ന് വെറുതെ പറയുന്നതാ അശ്വിൻ ആണ് മെയിൻ..”ശില്പ വിനയത്തോടെ പറഞ്ഞു

“Tailoring യൂണിറ്റ് ശിൽപയുടെ ഐഡിയ ആണ്. ഇയാൾ ഡ്രസ്സ്‌ ഡിസൈൻ ചെയ്യും നന്നായിട്ട്.. കുറച്ചു സ്റ്റാഫ് ഉണ്ട്..ചാരിറ്റബിൾ സൊസൈറ്റിയും ശില്പ തന്നെ ആണ് നടത്തുക.. അവിടെ കുറച്ചു old age പീപ്പിൾ ഉണ്ട്.. അതൊക്കെ ശില്പ തന്നെ നോക്കുന്നതാണ്..I am proud of her “അശ്വിൻ ശില്പയെ തന്നോട് ചേർത്ത് പിടിച്ചു

“അതിനിടയിൽ ഈ ജോലി ക്കൊക്കെ… ശരിക്കും അതിന്റ ആവശ്യം ഇല്ലല്ലോ?”ദൃശ്യ അറിയാതെ പറഞ്ഞു പോയി

“ജോലിക്ക് പോകണം എന്നത് അവളുടെ ഇഷ്ടമാണ്.. അവൾ പഠിച്ചത് അക്കൗണ്ടൻസി ആണ്.. You know,She is a charted accountant..”

അങ്ങനെ പറഞ്ഞു കൊണ്ട് അശ്വിൻ മാവിൽ നിന്നു കുറച്ചു താഴെ നിൽക്കുന്ന കുറച്ചു പഴുത്ത മാങ്ങാ പറിച്ചു..

“ഞാൻ ഇത് ജ്യൂസ്‌ ആക്കി കൊണ്ട് വരാം.. ശില്പ you stay there ” സംസാരിച്ചു സമയം പോകുന്നതറിയുന്നില്ലായിരുന്നു

അശ്വിൻ നന്നായി പാചകം ചെയ്യും. ശിൽപക്ക് അത് അത്ര വശമില്ലെന്നവൾ തന്നെ പറഞ്ഞു. അവനുണ്ടാക്കിയ മാമ്പഴ പുളിശേരിയും ഇടിച്ചക്കത്തോരനും കരിമീൻ കറിയുമൊക്കെ കൂട്ടി ഊണ് കഴിച്ച് ഉച്ച കഴിഞ്ഞ് അവർ ഇറങ്ങിയപ്പോൾ അവരുടെ കാറിന്റെ ഡിക്കിയിൽ അവരുടെ വീട്ടുവളപ്പിലുണ്ടായ പച്ചക്കറികളും, തേങ്ങയും അവരുടെ പാടത്തുണ്ടായ നെല്ലിന്റ അരിയും ഒക്കെ നിറച്ചു അശ്വിനും ശില്പയും.

“ടൗണിൽ ഇത്രയും ഓർഗാനിക് പച്ചക്കറി കിട്ടില്ലട്ടോ..പിന്നെ…. പണ്ടേ ഞങ്ങൾ നാട്ടിൻപുറത്ത് കാർ ഇങ്ങനെയാ ആര് വന്നാലും വെറും കൈയോടെ വിടില്ല. ഒന്നും തോന്നേണ്ട.”

വേണ്ട എന്ന് വിവേക് തടഞ്ഞപ്പോൾ സ്നേഹത്തോടെ അശ്വിൻ പറഞ്ഞു

അവിടെ നിന്ന് പോരുമ്പോൾ ദൃശ്യ മൂകയായിരുന്നു

“പ്രതികാരം ചെയ്യാൻ പോയിട്ട് സാധിക്കാഞ്ഞതിന്റ ക്ഷീണം ആണോ?”

അവൾ ഒന്ന് ചിരിച്ചു

“ഹേയ്… അല്ലെങ്കിലും അവൾ എന്നും unique ആയിരുന്നു. പഠിക്കുന്ന കാലത്തും. എല്ലാവരും പോകുന്ന വഴിയിൽ അവൾ പോയിട്ടേയില്ല.. എനിക്കാ മിസ്റ്റേക് പറ്റിയത്. ഭർത്താവ് കൃഷിക്കാരനാണ് എന്ന് പറഞ്ഞപ്പോൾ,ബസിൽ ഒക്കെ യാത്ര ചെയ്തു കണ്ടപ്പോ, വില കുറഞ്ഞ കോട്ടൺ ചുരിദാർ ഒക്കെ ധരിച്ചു കണ്ടപ്പോൾ..”

“അപ്പൊ നിന്റെ കാഴ്ചയുടെ കുഴപ്പമാണ് എന്ന് മനസിലായില്ലേ? അവൾ സഞ്ചരിച്ച ആ ബസ് അവരുടെ സ്വന്തമായിരുന്നു എന്ന് അവൾ ഒരിക്കലും പറഞ്ഞുമില്ല..അതാണ് വിനയം.. “

“She is great “

ദൃശ്യ അറിയാതെ പറഞ്ഞു പോയി

“ഇപ്പൊ എന്ത് തോന്നുന്നു?”

“ഒരു ശൂന്യത “അവൾ പുറം കാഴ്ചകളിലേക്ക് കണ്ണയച്ചു.

ചില മുൻവിധികൾ തെറ്റിപോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത ആയിരുന്നു അത്…മനുഷ്യന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്.