ആർക്ക് വേണ്ടിയാ അവര് ഈ വീട്ടിൽ താമസിക്കുന്നത്. ജീവിതകാലം മുഴുവൻ അമ്മയുടെ….

Story written by Kavitha Thirumeni

::::::::::::::::::::::::::::

“ഏട്ടത്തി മറ്റൊരു കല്യാണത്തിന് സമ്മതിക്കണം..ഏട്ടൻ്റെ വിധവയെന്ന പട്ടം ഇവരൊരിക്കലും അഴിച്ച് മാറ്റാൻ സമ്മതിക്കില്ല..നീറി നീറി എരിഞ്ഞടങ്ങിയാൽ പോലും… അതെനിക്ക് നന്നായി അറിയാം….”

നിച്ഛലമായി ഇരിക്കുന്ന ഏടത്തിയിൽ നിന്ന് മറുപടിയെന്നോണം ഒരു തേങ്ങൽ മാത്രമാണ് എനിക്ക് ലഭിച്ചത്.

ഇപ്പൊൾ കുറേയയിട്ട് ഏടത്തി ഇങ്ങനെ തന്നെയാണ്. എപ്പോഴും തനിച്ചിരിക്കും. എന്തെങ്കിലും ചോദിച്ചാൽ കണ്ണ് നിറയുന്നത് മാത്രം കാണാം.മറ്റൊരു ചലനവും ഉണ്ടാവില്ല.

“നീ എന്താ പറയുന്നതെന്ന് നിനക്ക് നിശ്ചയമുണ്ടോ ഹരീ…? ഭർത്താവ് മരിച്ച സ്ത്രീ വേറെ കല്യാണം കഴിക്ക്യെ… നാട്ടുകാര് ന്താ പറയാ.. അങ്ങനൊരു സമ്പ്രദായം ഈ കുടുംബത്തിൽ ഇല്ല. ഇനിയൊട്ട് ഉണ്ടാവാനും പോണില്ല…”

എന്റെ വാക്കുകളെ മുറിക്കാൻ അമ്മയ്ക്കായിരുന്നു എപ്പോഴും തിടുക്കം. ഏടത്തിയെ ഏട്ടൻ ഉപദ്രവിക്കുമ്പോഴും ഞാൻ കേട്ടിരുന്നത് ഇതുപോലുള്ള അമ്മയുടെ ന്യായങ്ങളാണ്.

” ആർക്ക് വേണ്ടിയാ അവര് ഈ വീട്ടിൽ താമസിക്കുന്നത്.. ജീവിതകാലം മുഴുവൻ അമ്മയുടെ പഴിയും കേട്ട് ഇവിടുത്തെ അടുക്കളയിലും ഇരുട്ട് നിറഞ്ഞ മുറിയിലുമായിട്ട് അടച്ചിടാനാണോ തീരുമാനം..? പാപമാണ് അമ്മേ….!” തെല്ലൊരു നോവോടെ ഞാൻ പറഞ്ഞു…

” നീ എന്നെ ഉപദേശിക്കണ്ട.. ഇതിന് ഞാൻ സമ്മതിക്കില്ല.. “

” വേണ്ട.. അമ്മയുടെ സമ്മതം ആരും ചോദിച്ചില്ല.. ഏടത്തിക്കൊരു കൂട്ട് വേണം അത് ഞാൻ കണ്ടുപിടിക്കുക തന്നെ ചെയ്യും… “

ഇങ്ങനൊരു തീരുമാനത്തിലെത്താൻ എനിക്ക് ഏടത്തി ഈ വീട്ടിൽ കഴിച്ചുകൂട്ടിയ ദിനങ്ങളൊന്ന് ഓർമിച്ചാൽ മതിയായിരുന്നു..ആരും തുണയില്ലാതെ ബന്ധുക്കളുടെ വീട്ടിൽ ആശ്രിതയായി നിന്നപ്പോൾ ഏട്ടനൊരു രക്ഷ ആവുമെന്ന് ആ പാവം വിശ്വസിച്ചു കാണും.. അതുകൊണ്ടാവും പ്രായത്തിൽ ഒരുപാട് വ്യത്യാസമുണ്ടായിട്ടും ഈ വിവാഹത്തിന് സമ്മതിച്ചത്…പഠനം പോലും പൂർത്തിയാക്കാതെ ഇവിടേക്ക് വലതു കാല് വെച്ച് കയറി വരുമ്പോൾ നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ കണ്ണുകളുണ്ടായിരുന്നു ഏട്ടത്തിക്ക്. പതിയെ പതിയെ ആ കണ്ണുകളുടെ തിളക്കം മങ്ങി വന്നിരുന്നു. പിന്നെ അത് പാടെ ഇല്ലാതായി.

ഏട്ടന്റെ ദുർനടപ്പിന് അമ്മ ഒരിക്കലും എതിർപ്പ് പറഞ്ഞില്ല.. അവയെല്ലാം സമർത്ഥമായി മൂടി വെയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. അതുകൊണ്ട് തന്നെ ഏട്ടന് നല്ലൊരു ഭർത്താവും ആവാൻ കഴിഞ്ഞില്ല.. രാത്രികളിലെല്ലാം മദ്യപിച്ച് വന്ന് ഏട്ടത്തിയെ ഉപദ്രവിക്കുന്ന കാഴ്ച്ച വീട്ടിൽ സ്ഥിരമായി.. തടയാനൊരുങ്ങുമ്പോഴെല്ലാം “ഭാര്യയും ഭർത്താവും ആവുമ്പോ വഴക്കും പിണക്കവുമൊക്കെ പതിവാണെന്ന് ” പറഞ്ഞ് അമ്മയെനിക്ക് വിലങ്ങുതടിയായി നിന്നു.

സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളെ കുറിച്ച് ഞാൻ ചോദിക്കുമ്പോൾ അടുക്കളയിലെ വിറക് അടുപ്പൊരു കാരണമായി ഏടത്തി കണ്ടെത്തി. ആരോടുമൊരു പരാതിയും പരിഭവവും പറഞ്ഞില്ല. എല്ലാം ഉള്ളിലൊതുക്കി ഒന്നുറക്കെ കരയാൻ പോലും പറ്റാതെ നിൽക്കുമ്പോൾ,ഏടത്തി ഇവിടെനിന്ന് ഇറങ്ങി പോയിരുന്നെങ്കിൽ എന്ന് ഞാൻ തീവ്രമായി ആഗ്രഹിക്കും. പക്ഷേ അതിനുള്ള ധൈര്യമൊന്നും അതിനുണ്ടായിരുന്നില്ല..

ഒന്നിനോടും പ്രത്യേക ഇഷ്ടങ്ങളോ താല്പര്യങ്ങളോ പ്രകടിപ്പിക്കാത്ത അവർ ചിലപ്പോഴെല്ലാം ആരും കേൾക്കാതെ പാടുകയും ചിത്രങ്ങൾ വരക്കുകയും ചെയ്തു…അതിലൂടെ സന്തോഷം കണ്ടെത്തുന്നതായി എനിക്ക് തോന്നി തുടങ്ങി..ചെറിയൊരു ആശ്വാസമെങ്കിലും കിട്ടുമല്ലോ.. പക്ഷേ ആ ചിത്രങ്ങളൊക്കെ ചവറ് പോലെ കൂട്ടിയിട്ട് കത്തിച്ച് ആനന്ദിക്കുന്ന ഏട്ടനെ എനിക്ക് ഭയമായിരുന്നു, എപ്പോഴും..

ഏടത്തിക്ക് എന്തെങ്കിലും വേണോന്ന് ഞാൻ ഇടക്ക് ചോദിക്കും..അപ്പോഴേല്ലാം ഒന്ന് ചിരിക്കും… ഏടത്തി വളരെ വിരളമായെ ചിരിച്ച് കാണാറുള്ളൂ…അതും മറന്ന് പോയിട്ടുണ്ടാവും എന്നാണ് ഞാൻ കരുതാറ്.

ഒരുദിവസം കോളേജിൽ പോവാൻ നിൽക്കുന്ന സമയത്താണ് ഏട്ടന് അപകടം പറ്റിയെന്ന് പറഞ്ഞ് ഫോൺ വരുന്നത്..സ്ഥിതി ഗുരുതരമാണെന്നാണ് പറഞ്ഞതെങ്കിലും ഏട്ടൻ മരിച്ചു എന്നത് എനിക്ക് ഊഹിക്കത്തക്കത്തായിരുന്നു. ആ വിയോഗത്തിൽ സങ്കടമാണോ തോന്നിയതെന്ന് എനിക്കറിയില്ല.. ഉള്ളിലൊരു തണുപ്പായിരുന്നു. അത് ശരീരം മുഴുവൻ വ്യാപിച്ച് വന്നു…

സംസാകാരവും ചടങ്ങുമെല്ലാം കഴിഞ്ഞിട്ടും ഏടത്തിയെ കൂട്ടിക്കൊണ്ട് പോവാൻ ആരും വന്നില്ല. വീണ്ടും അകത്തളത്തിലെ ഇരുട്ടിലേക്ക് അവരെ തള്ളപ്പെടുമെന്നും.. ജീവിതകാലം മുഴുവൻ ഒരു വേലക്കാരിയായിട്ടോ ചിലപ്പോൾ അതിനേക്കാൾ താഴെ, ഈ വീട്ടിൽ കഴിഞ്ഞു കൂടാൻ നിർബന്ധിക്കപ്പെടുമെന്നും എനിക്കുറപ്പായിരുന്നു.. അതിനോട്‌ യോജിക്കാൻ ഞാൻ തയ്യാറായില്ല. എന്റെ തീരുമാനം ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് ഏടത്തിയെ ഞാൻ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു..

എനിക്കൊരു ഭാരമാവണ്ടാന്ന് വിചാരിച്ചിട്ടാവും ഒടുവിലാ പാവം അതിനും വഴങ്ങി തന്നു. ഏടത്തിയെ മറ്റൊരാളുടെ കൈയിൽ ഏല്പ്പിച്ചിട്ട് ജീവിച്ച് കാണിക്കണമെന്ന് പറഞ്ഞു.. ഒരു പ്രതിമയെ പോലെ അവരാ മനുഷ്യന്റെ കൂടെ ഇറങ്ങി പോയി.

ഏട്ടത്തിയുടെ ജീവിത്തിലേക്ക് ഞാൻ പിന്നീട് കയറി ചെന്നില്ല.. പഴയ കാലത്തിന്റെ ഓർമ പോലും ഒരു നോവായി അവരിൽ ഉണ്ടാവരുതെന്ന് ഞാൻ ആശിച്ചു..നീണ്ട ആറു വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ ഏടത്തിയെ കണ്ടു. വെർച്വൽ ആർട്ട്‌ എക്സിബിഷനിൽ വെച്ച്… ഏടത്തി പാടെ മാറിയിരിക്കുന്നു… തടി വെച്ചു… നിറവും.. മോൻ ആണെന്ന് തോന്നുന്നു വിരലിൽ തൂങ്ങി ഒപ്പം നടക്കുന്നു.

എന്റെ പ്രീയതമയുടെ നിർബന്ധത്തിനു വരേണ്ടി വന്നതാണ്.. എങ്കിലും ആ കാഴ്ച്ച കണ്ടപ്പോൾ സന്തോഷം തോന്നി. കുറച്ചു പിന്നിലായി ഏടത്തി കാണാതെ ഞാനും നടന്നു. അവര് നോക്കിയ ചിത്രങ്ങളിലെല്ലാം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഇഷ്ടങ്ങളും ദൗർബല്യങ്ങളും വികാരങ്ങളും നിറഞ്ഞിരുന്നു. ഒരുപക്ഷെ ജീവിതം അതിൽ കാണുന്നതിനാലാവാം ഏടത്തി അവയിൽ കൂടുതൽ ആകൃഷ്ടയാവുന്നത്.

അതിവേഗത്തിൽ പ്രിയ ഓടി ഏടത്തിക്ക് അരികിലേക്ക് പോകുന്നത് ഞാൻ സംശയത്തോടെ നോക്കി… വളരെക്കാലം പരിചയം ഉള്ളതുപോലെ അവർ സംസാരിക്കുന്നു. അടുത്തേക്ക് ചെല്ലാൻ തോന്നിയില്ല. പതിയെ പുറത്തേക്ക് നടന്നു.. കുറച്ചു കഴിഞ്ഞു ഒരു പെയിന്റിംഗുമായി അവൾ തിരിച്ചു വന്നു പറഞ്ഞു തുടങ്ങി “ചേട്ടാ അതാണ് ദേവിക മാഡം…എന്റെ കോളേജില്… മ്യൂസിക് ടീച്ചർ… ഞാൻ പറഞ്ഞിട്ടില്ലേ…അസാധ്യയായിട്ട് വരയ്ക്കേം ചെയ്യും…”

“ഹും.. ഇവളിതാരോടാ ഈ പറയുന്നത്… എന്റെ ഏടത്തി വരയ്ക്കുമെന്ന് എനിക്ക് അറിയില്ലേ…” ഞാൻ കുറച്ചു പുച്ഛഭാവത്തോടെ മനസ്സിൽ പറഞ്ഞു…

“ഏതായാലും കിട്ടിയില്ലേ…. വാ പോകാം…” ധൃതിയിൽ അവളേം കൂട്ടി അവിടെ നിന്ന് പോന്നു…

“മാഡത്തിന്റെ എക്സിബിഷനാണ് അവിടെ നടക്കുന്നത് ഹരിയേട്ടാ…. രണ്ടു ദിവസയത്രേ..എന്ത് രസാ എല്ലാം കാണാൻ….

അവളത് പറയുമ്പോൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ഞാൻ ഓർത്തു അല്ലെങ്കിൽ തന്നെ ഏടത്തി ഇങ്ങനെ അല്ലാണ്ട് എങ്ങനെ ആവാനാണ്….ഒരുപാട് കഴിവുള്ള സ്ത്രീ… ഇനിയും ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും… അവള് വാങ്ങിയ ചിത്രം ഞാൻ വേഗത്തിൽ തുറന്ന് നോക്കി…

വിഷാദം നിറഞ്ഞൊരു പെണ്ണിന്റെ മുഖമായിരുന്നില്ല ആ ചിത്രത്തിൽ പകരം എന്തൊക്കെയോ നേടിയെടുത്തവളുടെ ആത്മവിശ്വാസമായിരുന്നു..ആ കണ്ണുകളിലെ തിളക്കം ഏട്ടത്തിയുടേത് പോലേം…..!