എന്നെന്നും…
Story written by NIJILA ABHINA
“കെട്ടിച്ചു വിട്ടാൽ അടങ്ങിയൊതുങ്ങിയവിടെ നിക്കണം അല്ലാണ്ട് കെട്ട്യോന്റെയും അമ്മായമ്മേടേം പെടലിക്ക് കേറാൻ നിന്നാ ഇതുപോലെ വീട്ടിലിരിക്കും”
പുച്ഛത്തോടെയുള്ള നാത്തൂന്റെ വാക്കുകൾ കേട്ടില്ലെന്ന് നടിച്ചു….
മുറ്റത്തു ബോളിനു വേണ്ടിയോടുന്ന ഉണ്ണിമോനെ പുച്ഛത്തോടെ നോക്കി സ്വന്തം കുഞ്ഞിനെ ഒക്കത്തെടുത്ത് അകത്തേക്ക് പോകുന്നയവളെ പറ്റിയാലോചിച്ചപ്പോൾ എന്തുകൊണ്ടോ കണ്ണൊന്നു നനഞ്ഞു…
അപ്പോഴെന്റെ മുന്നിൽ തെളിഞ്ഞത് അന്നത്തെ രാത്രിയായിരുന്നു..
അച്ഛന്റെയും അമ്മയുടെയും മുന്നിൽ ഒരു കുറ്റവാളിയെ പോലെ തല കുമ്പിട്ടു നിന്ന ഏട്ടനും ഏട്ടന് പിന്നിൽ തല കുനിച്ചു നിന്ന തന്റെ കൂട്ടുകാരി ശിഖയും…..
ചെയ്ത തെറ്റിനെ വിമർശിക്കാനോ കുറ്റപ്പെടുത്താനോ നിൽക്കാതെ വിളക്കെടുക്കാൻ പോയ അമ്മയെ തടഞ്ഞു നിർത്തിയത് ഏട്ടന്റെ കരണം പുകച്ചു കൊണ്ടുള്ള അടിയുടെ ശബ്ദമാണ്… മുഖത്ത് കൈവെച്ച ഏട്ടനെയും കൈകുടയുന്ന അച്ഛനെയും നോക്കുമ്പോൾ എന്റെ കാലുകളും വിറയ്ക്കുന്നുണ്ടായിരുന്നു..
അച്ഛനെന്നെ കൈകൾക്കുള്ളിലേക്ക് ചേർത്ത് നിർത്തിയാണ് പറഞ്ഞത്.
“നീ താഴെയും തലയിലും വെക്കാതെ വളർത്തിയയിവളെ നാളെയൊരുത്തൻ ഇരുട്ടിന്റെ മറവിൽ ഇതുപോലെ ഇറക്കി കൊണ്ട് പോയാൽ…… ശേഖരന്റെ മോള് കണ്ടോന്റോപ്പം പോയീന്നു നാട്ടാരു പറഞ്ഞാ സഹിക്കോടാ നിനക്ക്…..
അച്ഛനത് പറയുമ്പോൾ ഏട്ടന്റെ മുഖം കുറ്റബോധം കൊണ്ട് നിറയുന്നുണ്ടായിരുന്നു…
അച്ഛൻ സ്നേഹത്തോടെ ശിഖയെ മുന്നിലേക്ക് വലിച്ചു നിർത്തി…
കുനിഞ്ഞു നിന്നയവളുടെ താടി പിടിച്ചുയർത്തി…
കവിളുകളിൽ കണ്ണീർച്ചാലുകൾ..
മൃദുവായി അവളോട് ചോദിച്ചു.
“വീട്ടിലറിയോ ഇത്?
“ഇ… ഇല്ല “
“അറിഞ്ഞാൽ?
അവളുടെ മുഖത്ത് കുറ്റബോധമോ ഭയമോ എന്നറിയാത്ത ഒരു വികാരം നിറഞ്ഞു…
“കാണാതെയായാൽ സഹിക്കും ന്ന് തോന്നുന്നുണ്ടോ…. അതോ അത് പ്രശ്നമില്ലെന്നാണോ?
അല്ലെങ്കിലും ഇഷ്ടപ്പെട്ടയാളോടൊപ്പം സ്വന്തം ജീവിതം കിട്ടിയില്ലേ അതിനിടയിൽ അച്ഛനും അമ്മയും.. എന്തേലും ആവട്ടെ ല്ലേ.. കുറച്ചു ദിവസം കഴീമ്പോ അവരങ്ങു മറക്കും അതുമല്ലെങ്കിൽ തീ കൊളുത്തിയോ ഒരു കഷ്ണം കയറിൽ കുരുങ്ങിയോ ഒരിത്തിരി കുരുടാൻ കലക്കിയോ അവരങ്ങു തീർന്നോളും…
അച്ഛനത് പറഞ്ഞതും അവളിൽ നിന്നൊരു ഏങ്ങലടിയുയർന്നു…
“എനിക്ക് വീട്ടിൽ പോണം… അച്ഛനെ കാണണം… അച്ഛന്റെ കാൽക്കീഴിലേക്ക് ഊർന്നിറങ്ങിയ അവളെ അദ്ദേഹം എഴുന്നേൽപ്പിച്ചാ കണ്ണ് തുടച്ചു..
“മോളോട് വിരോധമുണ്ടായിട്ടല്ല.. കൈ വളരുന്നതും കാൽ വളരുന്നതും നോക്കി വളർത്തി വലുതാക്കി കൊണ്ട് വരുന്ന മക്കളെ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ നെഞ്ചോട് ചേർത്തു പിടിക്കുന്നവരാ എല്ലാ മാതാപിതാക്കളും….ജനിച്ചു വീഴുന്നത് പെണ്ണാ എന്നറിയുമ്പോ തൊട്ട് എല്ലാ അച്ഛനും സ്വപ്നം കാണുന്നൊരു നിമിഷം ണ്ട്…. അതിപ്പോ എത്ര പുരോഗമന വാദി ആയാലും… അത് സ്വന്തം മകളെ കൈ പിടിച്ചൊരുത്തനെ ഏൽപ്പിക്കുന്ന നിമിഷം തന്നെയാ …
അന്നച്ഛനും ഏട്ടനും ചേർന്നവളെ തിരിച്ചു വീട്ടിൽ കൊണ്ട് ചെന്നാക്കി നാട്ടു നടപ്പനുസരിച്ച് വിവാഹമുറപ്പിച്ചു വരുമ്പോൾ ഏട്ടന്റെ മുഖത്ത് നിറഞ്ഞു നിന്ന സന്തോഷം,, . അമ്മയിൽ കണ്ട ആശ്വാസം,,, അച്ഛന്റെ മുഖത്തെ അഭിമാനം…. അന്നെടുത്ത തീരുമാനമാണ് ഒരു ജീവിതമുണ്ടെങ്കിൽ അത് വീട്ടുകാര് തീരുമാനിക്കുന്നവനൊപ്പം മാത്രമെന്ന്…
ഏട്ടന്റെ താലിയേന്തി വീട്ടിലേക്കു വന്നയന്നു തൊട്ട് എത്ര സ്നേഹത്തോടെ എന്നോട് പെരുമാറിയവളാണ്… ഏട്ടന്റെ അനിയത്തി എന്റേം അനിയത്തിയല്ലേയെന്ന് വീമ്പു പറഞ്ഞവൾ…. ആ വാക്കുകൾ ഓർക്കുമ്പോൾ തന്നെ ചിരി വരുന്നുണ്ട്..
അച്ഛന്റെ അന്നത്തെ വാക്കുകൾ മനസ്സിൽ തറച്ചിരുന്നു… അതുകൊണ്ട് തന്നെ പ്രണയം പറഞ്ഞു വന്നവരെയൊക്കെയും കണ്ടില്ലെന്ന് നടിച്ചു.. എന്നോ മനസ്സിൽ കയറിക്കൂടിയ ചെറിയ ഇഷ്ടത്തെ മനഃപൂർവം വേണ്ടെന്ന് വെച്ചു.
അമ്പലത്തിൽ വെച്ച് കണ്ടിഷ്ടായി എന്ന് പറഞ്ഞാണ് മനുവേട്ടന്റെ ആലോചന വരുന്നത്…
അച്ഛന്റെയും അമ്മയുടെയും കാഴ്ച്ചയിൽ എന്ത് കൊണ്ടും തനിക്കിണങ്ങുന്നവൻ.. ഏട്ടന്റെ വിശദമായ അന്വേഷണങ്ങൾക്കൊടുവിലും നെഗറ്റീവ് മാർക്കൊന്നും ലഭിക്കാത്തവൻ…
അച്ഛന്റെ ആഗ്രഹത്തെ അപ്പാടെ നടത്തിക്കൊടുക്കണം എന്ന് മാത്രമേ എനിക്കുമുണ്ടായിരുന്നുള്ളൂ…
കെട്ടി കേറി ചെല്ലുമ്പോൾ അച്ഛന്റെ കണ്ടു പിടുത്തം തെറ്റിയില്ല എന്ന് ഞാൻ വീണ്ടും വീണ്ടും തിരിച്ചറിഞ്ഞു…
വീട്ടിലെ രാജകുമാരിക്ക് അവിടെ റാണിയിലേക്ക് പരിവേഷം കിട്ടിയിരുന്നു എന്നതൊഴികെ സന്തോഷം മാത്രം നിറഞ്ഞ ജീവിതം..
സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ചുറ്റുപാട്.
അച്ഛനും അമ്മയും പെങ്ങളുമുള്ള സന്തുഷ്ട കുടുംബമായിരുന്നു അവിടെയും… മനുവേട്ടന്റെ ഒരാളുടെ വരുമാനത്തിന്റെ ബലത്തിൽ മാത്രമാണ് അവിടുത്തെ നിലനിൽപ്… അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ തിരിച്ചു പോകണം എന്നുള്ള ഏട്ടന്റെ സങ്കടത്തിൽ ഞാൻ കൂടെ നിന്നു..
മൂന്ന് മാസം കൊണ്ട് പകർന്നു തന്ന സ്നേഹത്തെ ഓർമ്മകളിൽ സൂക്ഷിച്ചു കൊണ്ട് ഒരു നനുത്ത മുത്തം നെറ്റിയിൽ ഏറ്റു വാങ്ങി ഏട്ടന്റെ പോയി വരട്ടെ എന്നുള്ള തലയാട്ടലിൽ ഞാൻ കരയാതെ പിടിച്ചു നിന്നു…
അന്ന് അമ്മയാണ് പറഞ്ഞു തന്നത്.. മനു നിന്റെ ഭർത്താവ് മാത്രമല്ല ആ വീട്ടിലുള്ളവർക്ക് മകനും ആര്യക്ക് ഏട്ടനും ആണ്.. അവരുടെ സന്തോഷവും നിലനിൽപ്പും കൂടി അവന് നോക്കണം… കരയരുത് കൂടെ നിൽക്കണം താങ്ങായും തണലായും..
പിന്നീട് അവധികളും മടങ്ങി പോക്കും മുറയ്ക്കു നടന്നു.. ഒരിക്കൽ പോലും മുടക്കു പറഞ്ഞില്ല..ഞങ്ങളുടെ സന്തോഷവും സ്നേഹവും ഒരു കുഞ്ഞു തലോടലായി ഒരു കുഞ്ഞു ജീവനായി എന്നിലുരുവായപ്പോഴും തിരികെ വിളിച്ചില്ല…. ഫോൺ വിളികളിൽ നിന്ന് ഒരച്ഛന്റെ കരുതൽ ഒരു ഭർത്താവിന്റെ ശാസന ഇതൊക്കെയും ഞാൻ ശേഖരിച്ചു വെച്ചു….
വയറു വീർത്തുന്തി തുടങ്ങിയപ്പോൾ,,,, കണ്ണിനു ചുറ്റും കറുപ്പ് വീണു തുടങ്ങിയപ്പോൾ കാലിൽ നീരു വന്നു വീർത്തു തുടങ്ങിയപ്പോൾ വെറുതെ വെറുതെ ആശിച്ചു….
ഒന്ന് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്..
തന്റെ വയറിൽ ചെവി ചേർത്തു വെച്ചാ ശബ്ദം കേൾക്കാൻ,,, വയറ്റിലെ കുട്ടി കുറുമ്പനു കഥയും പാട്ടും പറഞ്ഞു കൊടുക്കാൻ ഒന്നിങ്ങു വന്നിരുന്നെങ്കിൽ എന്ന്….
ഡെലിവറിക്ക് പോവുന്നു എന്ന് അറിയിക്കുമ്പോൾ ലീവ് കിട്ടിയില്ലെന്ന് പറഞ്ഞു കരഞ്ഞ കരച്ചിൽ ഇന്നും കാതിലുണ്ട്….
ഉണ്ണിമോനുണ്ടായി കഴിഞ്ഞുള്ള ദിനങ്ങൾ അവന്റെ ചിരിയും കളിയും കുസൃതിയും നിറഞ്ഞതായിരുന്നു..
ഏട്ടന് കൂടി അവകാശപ്പെട്ട സന്തോഷം… പൊരിവെയിലിൽ കഷ്ടപ്പെടുന്നതും മോന്റെ ശബ്ദം കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നതും അറിയുന്നുണ്ടായിരുന്നു ഞാനും….
ന്റെ മോൻ ഞാൻ വന്നാ എന്റടുത്തു വരോടിയെ?? അവന് എന്നെ അറിയോ?? അതോ അപരിചിതനെ പോലെ നോക്കി നിക്കേണ്ടി വരോ?
ആ വാക്കുകൾ പൊള്ളിച്ചു വല്ലാതെ…..
ആദ്യമായി ചോദിച്ചു. തിരിച്ചു വന്നൂടെ എന്ന്.. ഇവിടുള്ളത് കൊണ്ട് ജീവിച്ചാ പോരെ എന്ന്…
കരച്ചിലും പരിഭവം പറച്ചിലും പിണക്കവും നടത്തി ഏട്ടനെ സമ്മതിപ്പിക്കുമ്പോൾ ആ മനസ്സിനിയും വേദനിക്കരുത് എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ….
ഏട്ടൻ തിരിച്ചു വരുന്നു എന്നറിഞ്ഞതിൽ പിന്നെയാണ് അവിടുത്തെ അമ്മയ്ക്കും അനിയത്തിക്കും താൻ കണ്ട് കൂടാത്തവളായത്…
പിന്നീട് വരുന്ന കോളുകൾ തനിക്ക് തരാതെയായത്..
സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചവർ കഴിക്കുന്ന ഭക്ഷണത്തിന് പോലും കണക്ക് പറഞ്ഞു തുടങ്ങിയത്….
പുറത്തേക്കുള്ള യാത്രയും ഫോണും വാങ്ങി വെച്ചതും തിരക്കി വന്ന ഏട്ടനോട് ചിരിച്ചു സംസാരിച്ച് തനിക്ക് മിണ്ടാൻ അവസരമില്ലാതെ തനിക്കിവിടെ സുഖമാണെന്ന് തെറ്റിദ്ധരിപ്പിച്ചു പറഞ്ഞയക്കുമ്പോഴും രണ്ട് മാസങ്ങൾക്കപ്പുറം തിരിച്ചു വരുന്ന ഏട്ടന്റെ മുഖമായിരുന്നു മനസ്സിൽ.
പ്രതീക്ഷ തെറ്റിച്ചു മൂന്നാം മാസത്തിലും അച്ഛനെപ്പോ വരുമെന്ന ഉണ്ണിമോന്റെ ചോദ്യം നെഞ്ചു തുളച്ചപ്പോഴാണ് ആരുമറിയാതെ അമ്മയുടെ ഫോണിൽ നിന്നേട്ടനെ വിളിച്ചത്…
അമ്മ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല താരാ.. നിനക്ക് മറ്റൊരിഷ്ടമുണ്ടെങ്കിൽ അതെന്നോട് പറയാരുന്നു…. പക്ഷേ നീയെന്നെ വിളിക്കാതെ,,, ന്റെ മോന്റെ ശബ്ദം കേൾപ്പിക്കാതെ,,, തിരിച്ചു വരാൻ പറ്റാത്തത് സാഹചര്യം കൊണ്ടാണ് അല്ലാതെ നിന്നെ ചേർത്തു പിടിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല….
മനുവേട്ടാ… ന്താ ഈ പറയുന്നേ..
പറയാൻ വന്ന വാക്കുകൾ തൊണ്ടക്കുഴിയിൽ കുടുങ്ങി…. കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയതിനാലാവാം എന്താ അമ്മേ എന്നുള്ള മോന്റെ ചോദ്യത്തിന് വിളറിയ പുഞ്ചിരി സമ്മാനിച്ച് അതേ നിമിഷം ഏട്ടനെ വിളിച്ചു വരുത്തിയത്….
പടിയിറങ്ങുമ്പോൾ ആകെ മനസ്സിലുണ്ടായിരുന്നത് അച്ഛൻ തോറ്റു പോയല്ലോ എന്ന ചിന്ത മാത്രമാണ്….
ഇന്നിപ്പോൾ വർഷമൊന്നു കഴിയുന്നു അച്ഛനും ഏട്ടനും മനുവേട്ടനോട് സംസാരിക്കാമെന്ന് പറഞ്ഞുവെങ്കിലും തന്നെ വിശ്വാസമില്ലാത്തവരെ വേണ്ടെന്ന നിലപാടിൽ ഉറച്ചു നിന്നു.. പക്ഷേ ഇന്നിപ്പോൾ…. എല്ലാവർക്കും ഭാരമാവുന്നോ എന്ന തോന്നൽ… അറിയാതെ കണ്ണുകൾ നിറഞ്ഞു..
“കണ്ണ് നിറയാനല്ല ഇത്രനാൾ ഈ ചിറകിനുള്ളിൽ ചേർത്തു വെച്ചത് …. ഈ സ്നേഹത്തിൻ കീഴിൽ നിന്നും മറ്റൊരിടത്തേക്ക് പറിച്ചു നടുമ്പോൾ എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു എന്നും കൂടെ താങ്ങായി തണലായി ആ കൈകൾ ഉണ്ടാവുമെന്ന്…. അച്ഛന്റെ പ്രതീക്ഷ തെറ്റിയിട്ടില്ല മോളെ…. മനു ഒന്നുമറിഞ്ഞിരുന്നില്ല.. അവനെ തെറ്റിദ്ധരിപ്പിച്ചതാണ് വീട്ടിലേക്കുള്ള വരുമാനം നിലയ്ക്കുമോ എന്ന തോന്നൽ കൊണ്ട് അമ്മയും മോളും ചേർന്ന് നടത്തിയ നാടകം…
അച്ഛന്റെ വാക്കുകൾ കൂടുതൽ സങ്കടം തരികയാണ് ചെയ്തത്… തെറ്റിദ്ധാരണയാണെന്ന് അറിയാമായിരുന്നു… പക്ഷേ… അവിശ്വസിച്ചു എന്നതാണ് ഇപ്പോഴും ഒരു നീറ്റലായി നെഞ്ചിൽ കിടക്കുന്നത്….
ഒന്നും മിണ്ടാൻ കഴിഞ്ഞില്ല….മനസിലാക്കിയെന്നോണം അച്ഛനെന്നേ ചേർത്തു പിടിക്കുമ്പോൾ അതുവരെയുള്ള സങ്കടങ്ങൾ ഒഴിഞ്ഞു പോവുന്നത് പോലെ തോന്നി….
ഒരിക്കൽ കേൾക്കാൻ ഏറെ കൊതിച്ച ശബ്ദം ഉമ്മറത്തു നിന്ന് കേട്ടപ്പോൾ അനങ്ങാൻ തോന്നിയില്ല… മോന്റെ കൊഞ്ചലും അച്ഛനാണെന്ന് അവനോട് ഏട്ടൻ പറഞ്ഞു കൊടുക്കുന്നതും കേട്ടപ്പോൾ നിയന്ത്രണം വിട്ട് കണ്ണുനീർ ഒഴുകി…
“ക്ഷമിക്കാൻ കഴിയില്ല എന്നറിയാം… ഞാൻ ന്യായീകരിക്കാൻ ശ്രമിക്കുകയും അല്ല.. സാഹചര്യങ്ങൾ അങ്ങനെയായിരുന്നു… തകർന്നു പോയി ഞാൻ… തെളിവുകൾ പോലും അങ്ങനെ ആയിരുന്നു. നീ ഒരു കോൺടാക്ടും ഇല്ല. ന്റെ മോന്റെ ശബ്ദം പോലും കേൾക്കാതെ നിന്റെ ഒരു വിളി ഇല്ലാതെ…. ഫോൺ വാങ്ങി വെച്ചതോ ഒന്നും ഞാനറിഞ്ഞില്ല…
ഞാനാർക്ക് വേണ്ടി ജീവിച്ചോ അവരൊക്കെ തന്നെ ന്നേ ചതിച്ചു…. അതറിഞ്ഞപ്പോ മുതൽ നിന്നെ വിളിക്കാൻ ശ്രമിച്ചു….അച്ഛന്റെ ഒരു വിളിക്കായി കാത്തിരിക്കുവായിരുന്നു… ഇനിയും വയ്യെടാ ന്റെ മോനെ കാണാതെ മൂന്ന് വർഷം… മൂന്ന് വർഷമാണ് എനിക്ക് നഷ്ടം…നിന്റെ ശബ്ദം കേൾക്കാതെ ആ സ്നേഹം കിട്ടാതെ വീർപ്പു മുട്ടി…. ഇനി നിനക്കെന്നെ കാണേണ്ട എന്ന് പറഞ്ഞില്ലേ ഒരിക്കൽ… മരിക്കാൻ തോന്നിയിട്ടുണ്ട്.. പക്ഷേ അപ്പോഴും ഇതുവരെ കാണാത്ത ഇവന്റെ അച്ഛാന്നുള്ള വിളിയാ ഓർമ്മ വരാ…
ഇനിയെങ്കിലും എനിക്കൊരവസരം തന്നൂടെ എനിക്ക് വേണ്ടി ജീവിക്കാൻ…. നമുക്ക് വേണ്ടി മാത്രം ജീവിക്കാൻ…
അത് പറയുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു… കണ്ണുകൾ നിറയുകയും ചുണ്ടുകൾ വിറയ്ക്കുകയും ചെയ്തു….
അത്രയും ശക്തി മാത്രമേ എനിക്കുമുണ്ടായിരുന്നുള്ളൂ.. നിറഞ്ഞയാ കണ്ണുകൾ തുടയ്ക്കുമ്പോൾ മറുകയ്യാൽ ഏട്ടനെന്നെ മുറുകെ പിടിക്കുമ്പോൾ ഞാനറിഞ്ഞിരുന്നു ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന സത്യം… ന്റെ സന്തോഷം, സമാധാനം, സ്നേഹം കുടുംബം… അങ്ങനെ എല്ലാം… നഷ്ടപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ ഒരു കുട്ടിയുടെ സന്തോഷമായിരുന്നു ഏട്ടനപ്പോൾ…
കുഞ്ഞു പല്ലുകൾ കാട്ടി മോൻ ഞങ്ങളെ നോക്കി ചിരിക്കുമ്പോൾ വാതിൽപ്പടിക്ക് പിന്നിൽ അച്ഛനും കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു… തോറ്റു പോയില്ല എന്ന ചിന്തയോടെ…. തെറ്റ് പറ്റിയില്ല,,,, താൻ ശെരിയായിരുന്നു എന്ന ആത്മവിശ്വാസത്തോടെ….
അവസാനിച്ചു
സ്നേഹപൂർവ്വം നിജില അഭിന ????