Written by Ezra Pound
ബുദ്ധിയുറച്ച കാലം തൊട്ട് കേൾക്കാൻ തുടങ്ങിയതാണ്..ആണായാൽ കുറച്ചു അടക്കോം ഒതുക്കോം വേണം..മറ്റൊരു വീട്ടിലേക്കു പോവേണ്ട ചെക്കനാണെന്നൊക്കെ അച്ഛന്റെ വക..
വീട്ടിലേക്കെത്താൻ അല്പമൊന്നു വൈകിയാൽ വെറുതെ ആളുകളെക്കൊണ്ട് പറയിക്കാതെ നേരത്തെ കാലത്തെ വീട്ടിലെത്തിക്കൂടെന്ന് അമ്മ…
അതെങ്ങനാ..നിന്റെ കെട്യോന്റെ സ്വഭാവല്ലേ ഇവനും കിട്ടാ..പിന്നെങിനെ നേരെയാവാനാ ന്ന് മുത്തശ്ശിയുടെ വകയും..
എല്ലാം കൂടെ കേക്കുമ്പോ ഭ്രാന്ത് പിടിക്കും..ഒരു പെണ്ണായി ജനിച്ചാൽ മതിയാരുന്നു..എന്തു രസമാ..പാതിരാവരെ പൊറത്തൊക്കെ കറങ്ങി നടക്കാം..ആരും തുറിച്ച കണ്ണുകളോടെ നോക്കില്ല..ദ്വയാർത്ഥങ്ങളോടെയുള്ള കമന്റുകൾ ഉപയോഗിക്കില്ല..
അതെസമയം ഒരാൺകുട്ടി പുറത്തേക്കിറങ്ങിയാൽ ചോദ്യങ്ങളായി..പി ഴച്ചവനായി..വീട്ടുകാരുടെ കഴിവുകേട് കൊണ്ടാണ് മക്കളിങ്ങനെ ചീത്തയാവുന്നെന്നുള്ള കുറ്റപ്പെടുത്തലുകളും..സത്യത്തിൽ ആണിനും പെണ്ണിനും ഒരെ നീതിയാവണ്ടേ സമൂഹത്തിൽ..പക്ഷെ ആരോടു പറയാൻ..സ്ത്രീയാധിപത്യം നിലനിൽക്കുന്നൊരു സമൂഹത്തിൽ ആണിന്റെ വേദനകൾ ആരറിയാൻ..
വീട്ടിലെ കാര്യമാണെങ്കിൽ അതിലും കഷ്ടമാണ്..അമ്മ ജോലി കഴിഞു വരുമ്പോഴെക്കും വീട്ടുജോലികളൊക്കെ തീർത്തു ഭക്ഷണം റെഡിയാക്കി വെക്കണമെന്നാണ് ഓർഡർ..പാവം അച്ഛനെക്കൊണ്ടൊറ്റക്ക് കൂട്ടിയാൽ കൂടില്ലല്ലോ…അതുകൊണ്ടു ഞാനും സഹായിക്കാൻ കൂടും..
ചേച്ചിമാര് രണ്ടുപേരുണ്ടെന്നല്ലാതെ ഒരു കാര്യത്തിനും ഉപകാരപ്പെടില്ല..ഉച്ചവരെ കിടന്നുറങ്ങി വൈകുന്നേരവുമ്പോ ഫ്രണ്ട്സിനൊപ്പം കറങ്ങാനിറങ്ങും..പിന്നെ പാതിരാത്രി ആവുമ്പോഴാ കയറിവരിക..അതുവരെ ഉറങ്ങാതെ കാത്തിരിക്കുന്ന അച്ഛനെ കാണുമ്പൊൾ സങ്കടം തോന്നും..അവർക്കുള്ള ഭക്ഷണമൊക്കെ വിളമ്പിക്കൊടുത്തു അച്ഛൻ കിടക്കുമ്പോഴേക്കും നേരം ഒരു മണിയാവും..ഒന്നു കണ്ണടക്കുമ്പോഴേക്ക് വീണ്ടും ഉണരാനുള്ള സമയാവും..വല്ലാത്തൊരു ജീവിതം തന്നെ..
പോരാത്തതിന് മുത്തശ്ശനും മുത്തശ്ശിക്കുമുള്ള മരുന്നുകൾ ക്രിത്യമായി കൊടുക്കേണ്ടതും അവർക്കു കുളിക്കാനുള്ള വെളളം ചൂടാക്കേണ്ടതുമൊക്കെ അച്ഛൻ തന്നെ ചെയ്യണം..
വീട്ടിലൊരു സ്പെഷ്യലുണ്ടാക്കിയാൽ അമ്മയ്ക്കും ചേച്ചിമാർക്കുമുള്ളത് മാറ്റിവെച്ചേ ഞങ്ങൾക്കെന്തെങ്കിലും കിട്ടുള്ളു..മീൻ പൊരിച്ചാൽ പോലും അവർക്ക് വാലും എനിക്ക് തലഭാഗവും..ബാക്കിയെന്തെലും ഉണ്ടെങ്കിൽ മാത്രം അച്ഛൻ കഴിക്കും..അല്ലെങ്കിൽ ഉള്ളതുപോലെ അഡ്ജസ്റ്റ് ചെയ്യും..
ഈ സാഹചര്യങ്ങളെയൊക്കെ അതിജീവിച്ചു വളർന്നു പഠിച്ചൊരു ജോലിനേടാമെന്നു വെച്ചാലോ വെച്ചുണ്ടാക്കാൻ അറിയാണ്ട് കലക്ടറാവാൻ നടക്കാണെന്നൊക്കെയുള്ള പരിഹാസം വേറെയും..
പഠിച്ചൊരു ജോലിനേടിയാലും ചെന്നു കയറുന്ന വീട്ടിലും ആദ്യത്തെ ചോദ്യം പഠനത്തെക്കുറിച്ചോ നേടിയ ജോലിയെക്കുറിച്ചോ ഒന്നുമാവില്ല..സാമ്പാറുണ്ടാക്കാനറിയോ ഉള്ളിത്തീയലുണ്ടാക്കാൻ പഠിച്ചിട്ടുണ്ടോ എന്നൊക്കെയാവും..
ഇപ്പൊ അതിനു മാറ്റമുണ്ട്..ഫ്രെയ്ഡ് റൈസും ചിക്കൻ ചില്ലിയും ഉണ്ടാക്കാനറിയോ എന്നായി..ചോദ്യം കേൾക്കുമ്പൊ തോന്നും ഇവരൊക്കെ തിന്നാനായി മാത്രം ജനിച്ചവരാണെന്നാ..
ജോലിക്ക് പോവാൻ തുടങ്ങിയാലും സന്തോഷിക്കാനുള്ള വകുപ്പൊന്നുമുണ്ടാവില്ല..അമ്മായിയമ്മക്കും ചേട്ടത്തിയമ്മമാർക്കുമൊക്കെയുള്ളത് വെച്ചുണ്ടാക്കീട്ടു വേണ്ടിവരും ജോലിക്കിറങ്ങാൻ..
ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നൊക്കെയാവും ഇതു വായിക്കുന്ന പലരുടെയും ചിന്ത..ആണ്മക്കളുള്ള ഒട്ടുമിക്ക വീടുകളിലും ഇതു തന്നെയാകും അവസ്ഥ..
ഈ അവസ്ഥകളൊക്കെ നേരിട്ടു വളർന്ന് വന്നതുകൊണ്ടാവും ഓരോ ആൺകുട്ടിയും ചെന്നുകയറുന്ന വീടുകളിൽപ്പോലും പ്രതിസന്ധികളെ അതിജീവിച്ചു വാടിവീഴാതെ വേരാഴ്ത്തി തളിരുകളും ചില്ലകളുമായി തണലേകുന്നതും.
സ്ത്രീകളോട് ഒരപേക്ഷയുണ്ട്..ആണിനെ ദേവനും ഭൗമ പിതാവൊന്നുമാക്കണ്ട..അവരെ മനസിലാക്കി ഒപ്പം നിൽക്കാനും ചേർത്ത് പിടിക്കാനും കഴിഞാൽ മതി.