ഞാൻ ഇപ്പോൾ ജോലിക്ക് പോകുകയാണ് വരുമ്പോൾ നീ ഇവിടെ ഉണ്ടാവരുത്…

മച്ചി പെണ്ണിന്റെ കല്യാണം

എഴുത്ത്: അരുൺ നായർ

::::::::::::::::::::::::::::::::::

“” എന്തൊക്കെ പറഞ്ഞാലും ഇന്നു നീ ഈ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടോണം….എനിക്കു വയ്യ പ്രസവിക്കാത്ത ഒരുത്തിയെ ഇനിയും സഹിക്കാൻ…. കല്യാണം കഴിച്ചത് തന്നെ ഒരു കുഞ്ഞിനെ ഒമാനിക്കാനുള്ള കൊതികൊണ്ട് ആണ്…..””

എന്റെ വാക്കുകൾ പ്രിയയുടെ കാതുകളിൽ ഒരു ഇടിമിന്നൽ ആയി കയറുക ആയിരുന്നു…… ഏക ആയി ബെഡ്റൂമിലെ കട്ടിലിന്റെ കാലിൽ തളർന്നിരുന്ന അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചു ഇറങ്ങി…… പക്ഷേ അതു കണ്ടത് കൊണ്ടൊന്നും എനിക്കു അവളോടുള്ള ദേഷ്യത്തിന് ഒരു കുറവും വന്നില്ല മാത്രമല്ല കൂടുതൽ ദേഷ്യത്തോടെ ശബ്ദം ഉയരുകയും ചെയ്തു…… എന്റെ ശബ്ദം കെട്ടു അമ്മ മുറിയിലേക്ക് കയറി വന്നു…..

“”ആദി എന്താണ് ഇത്…. നമ്മുടെ വീടിന്റെ വിളക്കല്ലേ അവൾ…. കല്യാണം കഴിഞ്ഞു ഇന്നു വരെ നമ്മുടെ കുടുംബത്തിനു വേണ്ടി മാത്രമല്ലേ അവൾ ജീവിച്ചത്…. പിന്നെ നീ എന്തിനാണ് ഒരു ഡോക്ടർ എന്തോ പറഞ്ഞു എന്നും പറഞ്ഞു അവളുടെ മാനം നാട്ടുകാരുടെ മുൻപിൽ കളയുന്നത്….. “”

അമ്മയുടെ ചോദ്യത്തിൽ എന്നോടുള്ള ദേഷ്യത്താൽ ഉപരി പ്രിയയോടുള്ള സ്നേഹവും അവളുടെ നിസ്സഹായ അവസ്ഥ കണ്ടുള്ള വിഷമവും ആയിരുന്നു….

“” ഇവൾക്കും മാനമോ…. നല്ല കഥ ആയി…. മച്ചികൾക്കും മാനം ഉണ്ടെന്നു…… ഒരു പെണ്ണിനെ ഏറ്റവും സ്നേഹിക്കുന്നത് അവളൊരു അമ്മ ആകുമ്പോൾ ആണ് അതിനു കഴിവ് ഇല്ലാത്ത ഇവളൊക്കെ ഈ ഭൂമിയിൽ പെണ്ണുങ്ങൾക്ക്‌ തന്നെ നാണക്കേട് ആകാൻ ജനിച്ചതാണ്……. ഇരിപ്പു കണ്ടില്ലേ എന്റെ ജീവിതം നശിപ്പിച്ചിട്ടു……. ഒറ്റ ചവിട്ടിനു കൊല്ലണം,, അതാണ് വേണ്ടത്….. അതു ഞാൻ ചെയ്യുന്നില്ല എനിക്കു വേറെ പെണ്ണ് കെട്ടണം ഒരു കുഞ്ഞിന്റെ അച്ഛൻ ആകണം അതെനിക്ക് നിർബന്ധം ആണ്….. “”

“” മോനെ ആദി ഇങ്ങനെയൊന്നും പറയാതെ…. നിൻറെ പെങ്ങൾക്ക് ആണ് ഇങ്ങനെ ഒരു വിധി വരുന്നതെങ്കിലോ…. നിൻറെ പെങ്ങളെ പോലെയും അമ്മയെ പോലെയും ഉള്ള ഒരു സ്ത്രീ ജന്മം ആണ് ഇവളും…. ഇനിയും വിഷമിപ്പിക്കരുതേടാ നമ്മുടെ കുടുംബം മുടിഞ്ഞു പോകും….. “”

“” എന്റെ അമ്മയും പെങ്ങളുമൊക്കെ പെണ്ണുങ്ങൾ ആണ്…. മാതൃത്വം എന്തെന്ന് അറിഞ്ഞ പെണ്ണുങ്ങൾ,,, ഈ ലോകത്തിനു കാട്ടി കൊടുത്ത പെണ്ണുങ്ങൾ……നിങ്ങളുടെ ഒപ്പം എനിക്കി മച്ചി പെണ്ണിനെ കാണാൻ കഴിയില്ല…. “”

“” ഇങ്ങനെ പറയാതെ മോനെ…. ദൈവം തരുന്നത് അല്ലേ കുഞ്ഞുങ്ങളെ….. അതു നൽകാൻ അവൾക്കു കഴിവ് ഇല്ലെങ്കിലും ബാക്കി എല്ലാ കാര്യത്തിലും നിൻറെ അമ്മയെയും പെങ്ങളെയും കടത്തി വെട്ടും നിൻറെ പുണ്യപാതി ആയ ഇവൾ….അതു മറന്നു സംസാരിക്കാതെ…… “”

“” എനിക്കു അങ്ങനെ ഒരുപാട് കാര്യത്തിൽ ഉള്ള കഴിവ് ഒന്നും വേണ്ട…. എനിക്കു വേണ്ടത് എന്റെ രക്‌തത്തിൽ ഉള്ള കുഞ്ഞുങ്ങളെ ആണ്,,, അതിവൾക്കു നൽകാൻ കഴിയില്ല എങ്കിൽ ഇവൾ എന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞു…. ഇനി അമ്മ കൂടുതൽ ഒന്നും ഈ കാര്യത്തിൽ പറയണ്ട…. “”

അതിനു ശേഷം പ്രിയയോട് ആയി ഞാൻ പറഞ്ഞു…..

“” ഇനിയും ബുദ്ധിമുട്ടിക്കരുത് ഒഴിഞ്ഞു പോകണം…. ഞാൻ ഇപ്പോൾ ജോലിക്ക് പോകുകയാണ് വരുമ്പോൾ നീ ഇവിടെ ഉണ്ടാവരുത്,,, വേറെ ഒന്നും ഓർക്കേണ്ട നിനക്കു അറിയാമല്ലോ എന്റെ സ്വപ്‌നങ്ങൾ…. ഇനി നിനക്കു അതിനു വയ്യ എങ്കിൽ ഞാൻ നാട് വിടും…. എന്തായാലും നിന്നോട് ഒപ്പം ഒരു ജീവിതം ഇനി ഉണ്ടാവില്ല…. “”

അതും പറഞ്ഞു ഞാൻ ജോലിക്ക് പോകാനായി ഇറങ്ങി…. അമ്മ അകത്തു പ്രിയയെ സമാധാനിപ്പിച്ചപ്പോൾ വെളിയിലേക്കു ഇറങ്ങിയ ഞാൻ പുതിയ ക്ടാവിനു ജന്മം നൽകിയ പശുവിനെ കണ്ടു അമ്മയോട് വിളിച്ചു പറഞ്ഞു…..

“” അമ്മേ ആ മച്ചിയെ നോക്കി സമയം കളയാതെ ദേ ഈ പശിവിനു വേണ്ടത് ഒരുക്കി കൊടുക്ക്‌ പശു ആണെങ്കിലും അതൊരു കുഞ്ഞിന് ജന്മം നൽകിയ ജീവൻ ആണ്….”‘

അതും പറഞ്ഞു ഞാൻ ജോലിക്ക് ഇറങ്ങി….

ജോലിക്ക് പോകും വഴി സിഗ്നലിൽ വണ്ടി നിർത്തി ഇരിക്കുമ്പോൾ ഞാൻ രണ്ടു വൃദ്ധർ ഭിക്ഷ യാചിച്ചു കിട്ടിയ പൈസകൊണ്ട് മേടിച്ചു ആഹാരം കഴിക്കുന്നത്‌ കണ്ടു…. പച്ച സിഗ്നൽ തെളിഞ്ഞപ്പോൾ എന്റെ കണ്ണുകൾ അവരിൽ നിന്നും മാറിയെങ്കിലും എന്റെ മനസ് അവരിൽ ഉടക്കി നിന്നു…. ആരോ എന്നോടു അവരുടെ അടുത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത് പോലെ ,,,, ഞാൻ പതുകെ ബൈക്ക് അവരുടെ അടുത്തേക്ക് വിട്ടു……. അടുത്തു കൊണ്ടേ ബൈക്ക് നിർത്തിയിട്ടു ഞാൻ അവരോട് ഇനിയും കഴിക്കാൻ വല്ലോം മേടിക്കണോ ചോദിച്ചപ്പോൾ അവർ വേണ്ടെന്നു പറഞ്ഞു എങ്കിലും ഒരു അഞ്ഞൂറിന്റെ നോട്ടു എടുത്തു ഞാൻ അവർക്കു നേരെ നീട്ടി…….. ആ വൃദ്ധൻ പൈസ കണ്ടു ഒന്നു ചിരിച്ചിട്ട് വേണ്ടെന്നു തലയാട്ടി കാണിച്ചു…..

ഞാൻ അവർക്കു അരികിലായി ഇരുന്നു എന്നെ പരിചയപെടുത്തിയിട്ടു അവരോട് വീട് എവിടെയാണ്…. മക്കൾ ഒന്നും ഇല്ലേ എന്നുള്ള ചോദ്യങ്ങൾ ചോദിച്ചു…. ആദ്യം അവർ മുഖത്തോടു മുഖം നോക്കി കുനിഞ്ഞു ഇരുന്നു എങ്കിലും എന്റെ തുടച്ചയായുള്ള ആവശ്യം അവരെകൊണ്ട് മറുപടി പറയിച്ചു….ഞാൻ തന്നെ മനസ്സിലോർത്തു അധികമാരോടും സംസാരിക്കാത്ത എനിക്കു ഇത് എന്ത് പറ്റി എല്ലാം ആരോ എന്നെ കൊണ്ട് ചെയ്യിക്കും പോലെ എനിക്കു തോന്നി…..

“” ഞങ്ങൾ കുറച്ചു ദൂരെ ഉള്ളവരാണ് മകനെ…. ഇപ്പോൾ ഭിക്ഷ യാചിച്ചു ജീവിക്കുന്നു,,,, ആഹാരത്തിനുള്ളത് ഞങ്ങൾക്ക് കിട്ടുന്നുണ്ട് പിന്നെ ഏതേലും കടയുടെ മുൻപിൽ പോയി ഉറങ്ങും രാത്രി ആകുമ്പോൾ…. കുറച്ചു കാലം കൂടി കഴിഞ്ഞാൽ മകന് ഞങ്ങളുടെ മരണ വാർത്തയും കേൾക്കാം അജ്ഞാത ശവം പറഞ്ഞു അല്ലെങ്കിൽ ഇപ്പോൾ അതൊക്കെ കേൾക്കാനും പറയാനും ആർക്കാണ് നേരം അല്ലേ മോനെ…. “”

അവരുടെ സംസാരം കേട്ടപ്പോൾ എനിക്കു അവരോടു കൂടുതൽ അടുപ്പം തോന്നി… ഞാൻ അവരെ കുറിച്ചു കൂടുതൽ അറിയാൻ ആകാംഷ കാണിച്ചു…… ആ വൃദ്ധൻ ഒന്നു ചിരിച്ചുകൊണ്ട് എന്നോടു ചോദിച്ചു…..

“” മോൻ വല്ല കഥാകൃത്തും ആണോ… ഞങ്ങളുടെ കഥ എഴുതാൻ ആണോ… ആണെങ്കിൽ വേണ്ട,,,, ഒന്നും ഇല്ലാത്തവന്റെ കഥ വായിക്കാനും സഹതപിക്കാനും മാത്രമേ ആൾക്കാർക്ക് ഇഷ്ടം ഉണ്ടാവു….അല്ലാതെ എത്ര കണ്ടാലും കേട്ടാലും നന്നാവില്ലാത്ത ജന്മങ്ങൾ ആണ് മനുഷ്യ ജന്മം അതുകൊണ്ട് മോൻ വെറുതേ എഴുതി അത്രയും സമയം കളയണ്ട….””

“”ഞാൻ കഥാകൃത്തു ഒന്നുമല്ല എന്തോ നിങ്ങളെ കണ്ടപ്പോൾ ചോദിക്കണം തോന്നി പോയി,,,,അതുകൊണ്ട് ചോദിച്ചതാണ്…… നിങ്ങൾക്കു മക്കളും ജോലിയും ഒന്നും ഇല്ലായിരുന്നോ…. അല്ല ഈ വിധി വന്നതുകൊണ്ട് ചോദിച്ചതാണ്….. “”

എന്റെ ആ ചോദ്യത്തിനും ആ വൃദ്ധൻ പതറുകയോ വൃദ്ധയുടെ മുഖത്തു ഒന്നും ഇല്ലാത്തവന്റെ ഭാര്യ ആണെന്നുള്ള കുറ്റബോധമോ എനിക്കു കാണാൻ കഴിഞ്ഞില്ല….

“” മോനെ ഞാനൊരു കറി പൗഡർ കമ്പനി നടത്തുക ആയിരുന്നു… ഒരുപാട് പൈസ ശമ്പളം കൊടുക്കാതെയും പിശുക്കിയും ഉത്പന്നത്തിൽ മായം ചേർത്തും ഉണ്ടാക്കി…. എല്ലാം എന്റെ മക്കൾക്ക്‌ ആയി ഞാൻ മാറ്റിയും വെച്ചു…. അഞ്ചു മക്കൾ ഉണ്ട് എല്ലാവർക്കും അന്തസുള്ള ജീവിതം ഒരുക്കി കൊടുത്തു… സ്വത്ത് മുഴുവൻ അവരുടെ പേരിൽ ആയപ്പോൾ ഞാനും ഇവളും അവർക്കു അധികപറ്റു ….. പിന്നെ ഇനിയും അവിടെ നിന്നാൽ ഞങ്ങളെ അവർ അടിച്ചു ഇറക്കും,,,, ആ പാപം കൂടി മക്കളെ കൊണ്ട് ചെയ്യിക്കണ്ട വച്ചു നേരത്തെ ഇറങ്ങി…. നിയമപരമായി മാർഗം ഒക്കെ ഉണ്ട് എല്ലാം തിരിച്ചു നേടാൻ, പക്ഷെ അങ്ങനെ ഞാൻ എന്റെ മക്കളെ തോൽപ്പിച്ചിട്ട് ആർക്കു മുൻപിൽ ആണ് ജയിക്കേണ്ടത്…. “”

“” മക്കൾക്ക്‌ ആയി ഇത്രയൊക്കെ നന്മ ചെയ്ത നിങ്ങളെ മക്കൾ തഴഞ്ഞെന്നോ…. മനുഷ്യൻ ഇത്രക്കും ക്രൂരൻ ആണല്ലോ…. എന്ത് ചെയ്യാൻ ആണ് കലി കാലം….. “”

“” അതെ മോനെ ഇനി കാലത്തിനെ കുറ്റം പറഞ്ഞാൽ മതി…. എല്ലാം നമ്മുടെ തന്നെ തെറ്റുകൾ ആണ്… കട്ടും മോഷ്ട്ടിച്ചും ഞാൻ ഉണ്ടാക്കിയതിന്റെ ഫലം ആണ് ഇപ്പോൾ കിട്ടിയത് സത്യത്തിൽ….. പിന്നെ വയസ്സു ആയപ്പോൾ എന്റെ സ്വഭാവം അവർക്കു ഇഷ്ടം ആകുന്നില്ല.,,പിന്നെ അവരെ പറഞ്ഞിട്ട് കാര്യമുണ്ടോ….എന്റെ മക്കൾ മാത്രമല്ല ഒരുവിധപ്പെട്ട എല്ലാ മനുഷ്യരും ഇപ്പോൾ അങ്ങനെ ആണ്….. എന്തൊക്കെ നന്മ ചെയ്തു കൊടുത്താലും ചെറിയൊരു കുറ്റം കണ്ടാൽ തള്ളി പറയും……ആ അവസ്ഥ അനുഭവിക്കുന്നവനും ഒരു മനസ്സ് ഉണ്ടെന്നു പോലും ഓർക്കാതെ……””

“”എന്നാലും നിങ്ങളുടെ മക്കൾ ഇത്രക്കും കണ്ണിൽ ചോര ഇല്ലാത്തവർ ആയി പോയല്ലോ…..അവർക്കായി എല്ലാം കഷ്ടപ്പെട്ടു ഉണ്ടാക്കി ഇട്ടു കൊടുത്തതിന്റെ നന്ദി കാണിക്കാമായിരുന്നു…. “”

“‘അതു അങ്ങനെയാണ് മോനെ ഇത്രയൊക്കെ നന്മകൾ നമ്മൾ ചെയ്താലും എന്തെങ്കിലും ഒരു കുറ്റം മതി നന്ദി ഇല്ലാത്ത മനുഷ്യൻ മനുഷ്യനെ തന്നെ കുറ്റപ്പെടുത്തും……പിന്നെ നല്ലത് ആണേലും ചീത്ത ആണേലും താലി കെട്ടിയ പെണ്ണ് മാത്രം കൂടെ ഉണ്ടാകും അല്ലാതെ ഒരുവിധം മക്കൾ ഒന്നും ഉണ്ടാവില്ല…… അതോർത്തു വേണം ജീവിക്കാൻ…… മോനെങ്കിലും ഇതൊക്കെ ഓർമ്മ വേണം ജീവിക്കുമ്പോൾ….എന്റെ നല്ല കാലത്ത് മക്കളുടെ സന്തോഷത്തിനു വേണ്ടി മാത്രം ഞാൻ ജീവിച്ചു ഭാര്യയെ ഒന്നു ഗൗനിച്ചു പോലുമില്ല പക്ഷെ അവസാനം അവള് മാത്രാണ് കൂടെ ഉള്ളത് അതുകൊണ്ട് എനിക്കു പറ്റിയ തെറ്റു മോനു പറ്റരുത് ആകാവുന്നടത്തോളം ചേർത്തു പിടിച്ചോണം ഭാര്യയെ,,, അവളെ ഉണ്ടാവു അവസാന ശ്വാസം വരെ കൂടെ…… അതൊക്കെ പോട്ടെ,, മോൻ പൊക്കോ ഞങ്ങൾക്ക് ഇപ്പോൾ ഭിക്ഷ യാചിക്കൻ തുടങ്ങിയാൽ മാത്രമേ ഉച്ചക്ക് വല്ലതും കഴിക്കാൻ പറ്റത്തൊള്ളൂ…. അതുകൊണ്ട് ഞങ്ങൾ നടക്കട്ടെ…. “”

അതും പറഞ്ഞു ചിരിച്ചുകൊണ്ട് ആ വൃദ്ധനും വൃദ്ധയും നടന്നു നീങ്ങി…..

അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ടപ്പോൾ എനിക്കു അമ്മ പറഞ്ഞതാണ് ഓർമ്മ വന്നത്…… പ്രിയക്ക് ഒരു കുട്ടിക്ക് ജന്മം നൽകാൻ കഴിയുന്നില്ല എങ്കിലും ബാക്കി ഉള്ള എല്ലാത്തിലും ബെസ്റ്റ് ആണെന്ന കാര്യം…… ശരിയാണ് അമ്മ പറഞ്ഞത് എനിക്കായി മാത്രം ജീവിക്കുന്ന പ്രിയയെ നഷ്ടപ്പെടുത്തി കൂടാ…. ചേർത്തു പിടിക്കണം ആവോളം…… പിന്നെ കുഞ്ഞു ഉണ്ടാകാതെ ഇരുന്നപ്പോൾ അവൾ ആദ്യം പറഞ്ഞതും ഓർക്കണമായിരുന്നു ഞാൻ,,,, എന്റെ കുറ്റം കൊണ്ട് ആണെങ്കിൽ ഏട്ടൻ പറയുന്നത് പോലെ ഞാൻ ചെയ്യാം പക്ഷെ ഏട്ടന്റെ കുഴപ്പം ആണെങ്കിലും എനിക്കി നെഞ്ചിലെ ചൂട് പറ്റി ഉറങ്ങണം ജീവനുള്ള നാൾ…. എനിക്കു വേണം എന്റെ ആദിയേട്ടനെ…..അത്രയും സ്നേഹം എന്നോടുള്ള അവളോട് ഒരിക്കലും ഞാൻ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു….. തെറ്റു വലിയ തെറ്റു തന്നെയാണ് എന്റെ ഭാഗത്തു നിന്നും ഉണ്ടായത്….. അവൾ വീട്ടിൽ നിന്നും പോയി എങ്കിൽ പോയി കരഞ്ഞു കാലു പിടിച്ചു ആണേലും കൂടെ കൂട്ടണം ഇനിയുള്ള ജീവിതം മുഴുവൻ…… ഞാൻ അതു മനസ്സിൽ ഉറപ്പിച്ചു…… ഈ വൃദ്ധരുടെ അടുത്തേക്ക് വരാൻ തോന്നിച്ച ആ ശക്തിയോടു ഞാൻ മനസ്സിൽ ഒരുപാട് നന്ദി പറഞ്ഞു ഒരുപക്ഷെ ഇങ്ങനെ ഉണ്ടാവുന്ന ഈ പോസിറ്റീവ് ചിന്തകളെ ആവും ദൈവം എന്നു വിളിക്കുന്നത്…. തിരിച്ചറിവുകൾ നമുക്കായി നമ്മുടെ മുൻപിൽ നൽകുന്ന ശക്തി…..

പിന്നെ ഞാൻ ഒട്ടും താമസിച്ചില്ല നടന്നു നീങ്ങിയ വൃദ്ധരെ പോയി വിളിച്ചിട്ട് പറഞ്ഞു ഇനി നിങ്ങൾ ഭിക്ഷ യാചിക്കണ്ട മരണം വരെ എന്റെ വീട്ടിൽ കഴിയാം…. എനിക്കും എന്റെ വീട്ടുകാർക്കും അതിൽ സന്തോഷം മാത്രമേ കാണു…. ഒന്നും ഇല്ലെങ്കിലും ഒരു വലിയ തെറ്റിൽ നിന്നും നിങ്ങൾ എന്നെ രക്ഷിച്ചു…..

അവർ വരുന്നില്ല പറഞ്ഞു എങ്കിലും ഞാൻ നിർബന്ധിച്ചു ഓട്ടോ പിടിച്ചു അഡ്രസ് പറഞ്ഞു അവരെ എന്റെ വീട്ടിലേക്കു വിട്ടിട്ടു ഞാൻ എന്റെ വണ്ടിയിൽ പുറകെ ചെന്നു…. പെട്ടന്ന് പരിചയം ഇല്ലാത്ത രണ്ടു പേരുടെ കൂടെ എന്നെ കണ്ടിട്ട് വീട്ടുകാർ ഒന്നു പരിഭ്രമിച്ചു എങ്കിലും കാര്യങ്ങൾ പറഞ്ഞപ്പോൾ മനസ്സിലായി…… പ്രിയയെ വെളിയിലേക്കു ഒന്നും കാണാഞ്ഞതുകൊണ്ട് ഞാൻ മുറിയിലേക്ക് കയറി ചെന്നു…….

ഞാൻ ഒപ്പിടാൻ കൊടുത്ത ഡിവോഴ്സ് പേപ്പർ മുൻപിൽ വച്ചു ഞാൻ തല വെക്കുന്ന തലയിണയും കെട്ടി പിടിച്ചു എന്റെ ഫോട്ടോയിലും ഉമ്മ വെച്ചു കരഞ്ഞുകൊണ്ട് മുറിയിൽ ഇരിക്കുന്ന അവളെ കണ്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി……കുഞ്ഞുങ്ങൾക്ക് വേണ്ടി എന്നല്ല എന്റെ ജീവൻ പോകും പറഞ്ഞാലും ഇതുപോലെ പുണ്യം ആയുള്ള ഭാര്യയെ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പാടില്ലായിരുന്നു….. ഞാൻ അവളെ വിളിച്ചു…

“” പ്രിയേ, കരഞ്ഞത് മതി….. എന്റെ തെറ്റുകൾ എനിക്കു ബോധ്യമായി… നമുക്കൊരു കുഞ്ഞിനെ ദത്ത് എടുക്കാം എന്നിട്ടു നമ്മുടെ കുഞ്ഞു ആയി വളർത്താം…. ഈ ആദിയുടെയും പ്രിയയോടും പൊന്നോമന….നിനക്കു വിഷമം ആയെന്നു അറിയാം എങ്കിലും എന്നോടു പൊറുക്കണം എന്റെ പ്രിയ…. “”

അതു പ്രിയയുടെ മുൻപിൽ പറയുമ്പോൾ കഠിനഹൃദയനായ എന്റെ കണ്ണുകൾ പോലും നിറയുന്നുണ്ടായിരുന്നു…..

പ്രിയക്ക് എന്റെ വാക്കുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല… ഒരു അമ്പരപ്പോടെ മുപ്പത്തി മുക്കോടി ദൈവങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടവൾ എന്റെ നെഞ്ചിന്റെ ചൂടറിഞ്ഞു എന്റെ ജീവപാതിയായി….

അഭിപ്രായം പറയണേ കൂട്ടുകാരെ