ഭാര്യ ~ ഭാഗം 15 , എഴുത്ത്: Angel Kollam

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കിരൺ ബോധം കെട്ടുറങ്ങുമ്പോൾ ആ ബെഡിന്റെ തലയ്ക്കൽ നിരാശയോടെ ശീതൾ ഇരുന്നു.. അവളുടെ മനസിലേക്ക് പഴയ പലകാര്യങ്ങളും കടന്ന് വന്നു..

അച്ഛന്റെ രാജകുമാരി ആയിരുന്നു താൻ.. അമ്മയുടെ മരണശേഷം മറ്റൊരു വിവാഹം പോലും കഴിക്കാതെ അച്ഛൻ ജീവിച്ചത് തനിക്ക് വേണ്ടി മാത്രമായിരുന്നു.. തന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു തന്നിട്ടുണ്ട് അച്ഛൻ.. താൻ ആഗ്രഹിച്ചതെല്ലാം ഇതുവരെ നേടിയിട്ടുമുണ്ട്.. ഒന്നൊഴികെ.. ഹരീഷിനെ സ്വന്തമാക്കാൻ കഴിയാഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വല്യ നഷ്ടമെന്നോർക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു വിങ്ങൽ പോലെ തോന്നുന്നു.. കിരണിന് തന്നോടൊരു സ്നേഹവുമില്ല, ഭാര്യയാണെന്ന പരിഗണന പോലുമില്ല.. ഇതൊന്നുമല്ലായിരുന്നു തന്റെ സ്വപ്നത്തിലെ ജീവിതം..

രാത്രിയിൽ ഒരുമിച്ചു കറങ്ങാൻ പോകണം.. കടൽക്കാറ്റേറ്റ് ആ തീരത്തിലൂടെ കൈകോർത്തു നടക്കണം.. തന്റെ ബർത്ത്ഡേയ്ക്ക് സർപ്രൈസ് സമ്മാനം തന്ന് തന്നെ സന്തോഷിപ്പിക്കണം.. അങ്ങനെ എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.. തങ്ങൾ പ്രണയിച്ചിരുന്ന ഈ നാല് വർഷവും ഹരീഷ് തന്റെ ബർത്ത്ഡേയ്ക്ക് തനിക്ക് ഗിഫ്റ്റ്സ് തന്നിരുന്നു.. അവനോടൊപ്പം ഉണ്ടായിരുന്ന ഓരോ നിമിഷവും തനിക്കു സന്തോഷം മാത്രം ഉള്ളതായിരുന്നു… ഇപ്പോൾ അതെല്ലാം വെറും ഓർമ്മകൾ മാത്രം… ആ ഓർമ്മകൾ തന്റെ മനസിനെ പൊള്ളിക്കുന്നത് പോലെ തോന്നി..

ഉറങ്ങാൻ കഴിയാതെ ആ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ശീതൾ കിരണിന്റെ മുഖത്തേക്ക് നോക്കി.. അവൻ തന്നെയൊന്ന് ചേർത്ത് പിടിച്ചിരുന്നുവെങ്കിലെന്ന് അവൾ വെറുതെ മോഹിച്ചു.. അവനെന്താണ് ഒരു ശത്രുവിനെപോലെ തന്നോട് പെരുമാറുന്നതെന്ന് അവനോട് ചോദിക്കണമെന്ന് അവൾ മനസ്സിൽ കരുതി..

രാവിലെ കിരൺ ഓഫീസിൽ പോകാനിറങ്ങുമ്പോൾ ശീതൾ അവനോട് ചോദിച്ചു.

“എന്തിനാ കിരൺ ഒരു ശത്രുവിനെപോലെ എന്നോട് പെരുമാറുന്നത്?”

“നീ എന്റെ ഭാര്യ അല്ലേ? ശത്രു അല്ലല്ലോ?”

“അത്‌ തന്നെയാണ് എനിക്കും പറയാനുള്ളത്?”

“നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ അത്‌ തെളിച്ചു പറയ്.. ഇങ്ങനെ പറഞ്ഞാൽ ആർക്കും ഒന്നും മനസിലാകില്ല “

“കിരൺ.. നീ എന്തിനാ ഇങ്ങനെയൊക്കെ എന്നോട് പെരുമാറുന്നത്? ഒരു ഭാര്യ എന്ന നിലയിലുള്ള എന്റെ ഒരു ആഗ്രഹവും നീ സാധിച്ചു തരാറില്ല.. ഞാൻ പ്രെഗ്നന്റ് ആയതിനു ശേഷം ഇതുവരെയുള്ള ഒരു ചെക്കപ്പിനും നീ എന്റെ കൂടെ വന്നിട്ടില്ല.. അതൊക്കെപ്പോട്ടെ ഇത്രയും ദിവസമായിട്ടും എനിക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്നെങ്കിലും നീ ചോദിച്ചിട്ടുണ്ടോ?”

“നീ പ്രെഗ്നന്റ് ആണെന്ന് ഡോക്ടർ പറഞ്ഞ ആ ദിവസം തന്നെ ഞാൻ നിന്നോട് പറഞ്ഞതല്ലേ, ഞാൻ തിരക്കാണെന്നു, അതുകൊണ്ട് നിന്നെ ശ്രദ്ധിക്കാൻ കഴിയില്ലെന്ന് “

“എത്ര തിരക്കായാലും സ്വന്തം ഭാര്യയ്ക്ക് വേണ്ടി കുറച്ച് സമയം ചിലവഴിക്കാൻ പറ്റില്ലേ?”

“ഈ സാഹചര്യത്തിൽ പറ്റില്ല “

“നിനക്ക് ഫ്രണ്ട്സിനോടൊപ്പം സമയം ചിലവഴിക്കാം.. അവർക്ക് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാം… എന്റെ കാര്യം അന്വേഷിക്കാനാണ് പറ്റാത്തത് “

“ശീതൾ നിന്നോട് സംസാരിച്ചു സമയം കളയാൻ എനിക്ക് തീരെ താല്പര്യമില്ല.. “

കിരൺ റൂമിൽ നിന്നിറങ്ങിപ്പോയി.. താനിത്രയൊക്കെ പറഞ്ഞിട്ടും തന്റെ വാക്കുകൾക്ക് ഒരു വിലയും കൽപ്പിക്കാതെ അവനിറങ്ങി പോയപ്പോൾ ശീതളിന് ദേഷ്യവും അമർഷവും വന്നു.. ആരോടും പറയാനില്ലാത്തത് കൊണ്ട് അതൊക്കെ ഉള്ളിലൊതുക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ..

ദിവസങ്ങൾ കടന്ന് പോയി.. രാത്രി വൈകി വരുന്നത് കിരൺ പതിവാക്കി.. ശീതൾ അവനെ കാത്തിരിക്കുമായിരുന്നു.. എന്നാലും അവളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അവൻ കിടക്കയിലേക്ക് വീഴും..

ജീവൻ അവന്റെ മാതാപിതാക്കളെ കൂട്ടി ഗായത്രിയുടെ വീട്ടിലെത്തി.. അധികം വൈകാതെ ആ വിവാഹം നടത്താൻ തീരുമാനമായി.. ദീപ്തിയെ ഏഴാo മാസത്തിൽ വിളിച്ചു കൊണ്ട് വരുന്ന ചടങ്ങ് കഴിഞ്ഞിട്ട് വിവാഹം മതിയെന്നായിരുന്നു ലളിത പറഞ്ഞത്..

നാട്ടുനടപ്പ് അനുസരിച്ചു ദീപ്തിയെ പ്രസവത്തിനായി അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.. കൃത്യം ഒരാഴ്ച കഴിയുന്നതിന് മുൻപ് അവൾ അമ്പാടിയിലേക്ക് തന്നെ തിരിച്ചു വന്നു.. ഹരീഷിനെ പിരിഞ്ഞിരിക്കാൻ അവൾക്ക് പ്രയാസമായിരുന്നു.. അവനും അവളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു..

ജീവന്റെയും ഗായത്രിയുടെയും വിവാഹം വളരെ ലളിതമായ രീതിയിൽ നടത്തി. ഇന്റർകാസ്റ്റ് മാര്യേജ് ആയത് കൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം രജിസ്റ്റർ മാര്യേജ് നടത്തുകയായിരുന്നു.. ഗായത്രിയും കൂടി പോയതോട് കൂടി ഒറ്റയ്ക്കായിപ്പോയ ലളിതയെ ഹരീഷ് അമ്പാടിയിലേക്ക് കൂട്ടിക്കൊണ്ട് വന്നു.. ദീപ്തിയ്ക്ക് ഭയങ്കര സന്തോഷം തോന്നി.. ഹരീഷിനെ സ്നേഹചുംബനങ്ങൾ കൊണ്ട് മൂടി തന്റെ സന്തോഷം അവളറിയിച്ചു..

രണ്ടു മാസങ്ങൾ കൂടി കടന്ന് പോയി.. ദീപ്തിയ്ക്ക് ഒമ്പതാം മാസമാണിപ്പോൾ.. ഗർഭകാല അസ്വസ്ഥതകൾ തീവ്രമാണിപ്പോൾ.. രാത്രിയിൽ കാലിന്റെ മസിൽ കയറുന്നത് കാരണം പല രാത്രികളിലെയും ഉറക്കം നഷ്ടമായി.. വയറിന്റെ വലിപ്പം കൂടിയത് കാരണം ശ്വാസം മുട്ടലാണ്.. പല ദിവസങ്ങളിലും കസേരയിൽ തലയണ ചാരി വച്ചിരുന്നു നേരം വെളുപ്പിക്കുകയാണ് പതിവ്.. ഒമ്പത് മാസമായെങ്കിലും ചില ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ അവൾക്കിപ്പോളും ശർദ്ധിയാണ്.. എത്ര ബുദ്ധിമുട്ട് സഹിച്ചാലും ഏറെ വൈകാതെ തങ്ങളുടെ പൊന്നോമന എത്തുമല്ലോ എന്നോർക്കുമ്പോൾ തന്നെ മനസിൽ കുളിരാണ്..

ശീതൾ തന്റെ വിധിയെ കുറിച്ചോർത്തു ആശങ്കപെട്ടിരിക്കുമ്പോൾ ജയദേവന്റെ ഫോൺ വന്നു.. അച്ഛന്റെ ശബ്ദം കേട്ടപ്പോൾ മനസിലൊരു സമാധാനം പോലെ.. പക്ഷേ അച്ഛന്റെ സ്വരത്തിൽ സങ്കടമാണെന്ന് അവൾ തിരിച്ചറിഞ്ഞു..

“എന്ത് പറ്റി അച്ഛാ സ്വരം വല്ലാതെയിരിക്കുന്നത്?”

“ഒന്നുമില്ല മോളെ.. നിനക്കവിടെ സുഖമല്ലേ?”

“ഉം… സുഖം..”

“മോളെ പ്രസവത്തിനു നിന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന ഒരു ചടങ്ങുണ്ട്..ഞാൻ ഒറ്റയ്ക്കുള്ള ഈ വീട്ടിലേക്ക് നിന്നെ കൂട്ടിക്കൊണ്ട് വന്നാൽ ഞാൻ ഓഫീസിൽ പോകുമ്പോൾ നീ തനിച്ചാകും.. എന്നാലും ഇനി ഞാനായിട്ട് ചടങ്ങ് തെറ്റിച്ചെന്ന് വേണ്ട.. ഞായറാഴ്ച ഞാൻ നിന്നെ വന്നു കൂട്ടികൊണ്ട് വരാം “

“പഴയ കാലമൊന്നുമല്ലല്ലോ അച്ഛാ അതുകൊണ്ട് ചടങ്ങിനൊന്നും അത്രയ്ക്ക് പ്രാധാന്യം ഒന്നുമില്ല.. എങ്കിലും ഞാൻ കിരണിനോട് ചോദിച്ചിട്ട് അച്ഛനെ വിവരമറിയിക്കാം “

“ശരി മോളെ “

ശീതളിന് തന്റെ മനസിലെ സങ്കടങ്ങൾ അച്ഛനോട് പറഞ്ഞിട്ട് പൊട്ടിക്കരയണമെന്നുണ്ടായിരുന്നു.. പക്ഷേ.. കഴിയുന്നില്ല.. മനസിന്റെ സങ്കടം മിഴികളിലൂടെ പെയ്തിറങ്ങുമ്പോൾ അവൾ കരമുയർത്തി തന്റെ മിഴിനീർ തുടയ്ക്കാൻ പോലും മറന്ന് നിന്നു.. ഒരുനിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ വിളിച്ചു.

“മോളെ..”

“പറയ്.. അച്ഛാ…”

“കിരണിന് നിന്നോട് സ്നേഹമാണോ മോളെ “

“അച്ഛനെന്താ അങ്ങനെ ചോദിച്ചത്?”

“ഒന്നൂല്ല മോളെ വെറുതെ ചോദിച്ചതാണ്”

“അല്ല എന്തോ ഉണ്ട്.. അച്ഛൻ എന്തോ എന്നിൽ നിന്നും മറയ്ക്കാൻ ശ്രമിക്കുന്നുണ്ട് “

“മോളെ.. നമ്മുടെ കമ്പനി നമുക്ക് നഷ്ടമാകും മോളെ.. ഇത്രയും നാളിനിടയിൽ കിരൺ ഒരു തവണ പോലും ആ ലോണിന്റെ പലിശ പോലും അടച്ചിട്ടില്ല.. അവന്റെ പുതിയ പ്രൊജക്റ്റ്‌ നഷ്ടമായത് കൊണ്ടായിരിക്കുമെന്നാണ് ഞാൻ കരുതിയത്.. എന്നാൽ.. അവൻ ആ വീടിന്റെ ബാധ്യതകളെല്ലാം തീർത്തിട്ട് പ്രമാണം ബാങ്കിൽ നിന്നെടുത്തുവെന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ എനിക്ക് അറിയാൻ കഴിഞ്ഞത്.. അത്‌ മാത്രമല്ല അവരുടെ കമ്പനിയുടെ പേരിലുള്ള ലോണും അവൻ തിരിച്ചടയ്ക്കുന്നുണ്ട്….നമ്മുടെ കമ്പനിയിലെ പ്രമാണം വാങ്ങി അവൻ ആ ബിസിനസ് തുടങ്ങിയപ്പോൾ അതിൽ നിന്ന് കിട്ടിയ ലാഭത്തിൽ നമ്മുടെ പ്രമാണമല്ലേ അവൻ ആദ്യം എടുത്ത് തരേണ്ടത് “

“ഞാൻ കിരണിനോട് ചോദിച്ചു നോക്കാം അച്ഛാ “

“വേണ്ട മോളെ ഈ അവസ്ഥയിൽ നീ അവനോട് വഴക്കിടണ്ട “

“വഴക്കൊന്നും ഇടത്തില്ല.. ഒന്ന് ചോദിച്ചു നോക്കാം “

അച്ഛൻ ഫോൺ വച്ചതും അവൾ കിരണിനെ വിളിച്ചു.

“കിരൺ.. എനിക്ക് അത്യാവശ്യമായിട്ടൊരു കാര്യം പറയാനുണ്ട്.. പെട്ടന്ന് വീട്ടിലേക്ക് വാ “

“നീയെന്താ കുഞ്ഞ് കളിക്കുകയാണോ? ഞാനിവിടെ ബിസിയാണ്.. നീ വിളിക്കുമ്പോൾ ഓടി വരാനൊന്നും പറ്റില്ല “

“കിരൺ നീ അരമണിക്കൂറിനുള്ളിൽ ഇവിടേക്ക് വന്നില്ലെങ്കിൽ ഞാൻ ഓഫീസിലേക്ക് വരും… പിന്നേ ഞാൻ സംസാരിക്കുന്നത് അവിടെയുള്ളവർ മുഴുവൻ കേൾക്കേണ്ടി വരും.. അത്ര നല്ലകാര്യമൊന്നുമല്ല എനിക്ക് സംസാരിക്കാനുള്ളതെന്ന് എന്റെ സ്വരം കേട്ടപ്പോൾ തന്നെ നിനക്ക് മനസിലായല്ലോ “

“എന്താ നിനക്ക് പറയാനുള്ളത്?”

“അതാ പറഞ്ഞത് എനിക്ക് നേരിട്ട് സംസാരിക്കണം.. അരമണിക്കൂർ നിന്നെ ഞാൻ വെയ്റ്റ് ചെയ്യും.. നീ വരണം “

കിരൺ പെട്ടന്ന് തന്നെ തന്റെ കാറെടുത്തു വീട്ടിലേക്ക് ചെന്നു.. ശീതൾ അവനെ കണ്ടതും ദേഷ്യത്തോടെ ചോദിച്ചു.

“നീ എത്രയും പെട്ടന്ന് തിരിച്ചെടുത്തു കൊടുക്കാമെന്നു പറഞ്ഞിട്ടല്ലേ അച്ഛന്റെ കമ്പനിയുടെ പ്രമാണം വാങ്ങിയത്? അതുകൊണ്ട് പെട്ടന്ന് അത്‌ തിരിച്ചെടുത്തു കൊടുക്കണം “

“അത്‌ തിരിച്ചെടുത്തു കൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. നീയെന്ത് ചെയ്യും?”

ശീതൾ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു.

“ചതിയാ.. എന്റെ അച്ഛന്റെ ചോരയും നീരുമാണ് ആ കമ്പനി.. എന്നിട്ട് ആ പാവം മനുഷ്യനോട് ഈ ചതി ചെയ്യാൻ നിനക്കെങ്ങനെ മനസ്സ്‌ വന്നു? “

“ആരാടി പാവം മനുഷ്യൻ? നിന്റെ അച്ഛനോ? വിശ്വസിച്ച് കൂടെ നിന്ന ഒരു പാവത്തിനെ പറ്റിച്ചല്ലേ നിന്റെ അച്ഛൻ ഈ നിലയിലായത്.. അയാൾ കാണിച്ചത്രയും വല്യ ചതിയൊന്നും ഞാൻ ചെയ്തിട്ടില്ല “

“എന്റെ അച്ഛൻ ആരെയും ചതിച്ചിട്ടില്ല.. അതൊക്കെ എന്റെ അച്ഛന്റെ വളർച്ചയിൽ അസൂയയുള്ളവർ പറഞ്ഞുണ്ടാക്കിയ കഥകളാണ് “

അത് കേട്ടതും കിരൺ ദേഷ്യത്തിൽ അവളെ നോക്കി. ശീതളിന്റെ വലതു കൈയിൽ ബലമായി പിടിച്ചു വലിച്ചു കൊണ്ട് കിരൺ മുന്നോട്ട് നടന്നു.

“നീയെന്താ ഈ കാണിക്കുന്നത്.. എന്നെ വിട് “

അവൻ അവളുടെ പിടിത്തം കൂടുതൽ മുറുക്കി.. കാറിന്റെ ഫ്രണ്ട് ഡോർ അവൻ വലിച്ചു തുറന്നു, അവളെ അതിലേക്ക് തള്ളി… എന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ട് ഭ്രാന്തമായ ആവേശത്തോടെ കാർ സ്റ്റാർട്ടാക്കി.. ശീതൾ പേടിയോടെ അവനെ നോക്കി..

ഒരു പഴയ തറവാട്ട് വീടിന് മുന്നിൽ കാർ നിർത്തിയതിന് ശേഷം കിരൺ ഡോർ തുറന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ആ വീടിനുള്ളിലേക്ക് കൊണ്ട് പോയി.. അവിടെ അകത്തെ മുറിയിൽ അസ്ഥിപഞ്ജരമായ ഒരു മനുഷ്യൻ കിടക്കുന്നു.. ആ മുറിയിലെത്തിയതും ശീതളിന്റെ കയ്യിലെ പിടി വിടുവിച്ചു കൊണ്ട് കിരൺ പറഞ്ഞു.

“ഇതാണ്.. നിന്റെ അച്ഛൻ ചതിച്ച ആ മനുഷ്യൻ “

ശീതൾ വിശ്വാസം വരാതെ കിരണിനെ നോക്കി.. അവരുടെ സംസാരം കേട്ടിട്ട് ഒരു സ്ത്രീ അകത്തു നിന്നും ആ മുറിയിലേക്ക് വന്നു. അവരെ ശീതൾ തിരിച്ചറിഞ്ഞു ‘ കിരണിന്റെ വല്യമ്മായി ‘..തങ്ങളുടെ കല്യാണദിവസവും അല്ലാതെ പലപ്പോഴും അവരെ താൻ കണ്ടിട്ടുണ്ട്.. മക്കളില്ലാത്ത അവരെ കിരണിന്റെ അച്ഛനാണ് സാമ്പത്തികമായി സഹായിക്കുന്നതെന്ന് തനിക്കറിയാം.. അല്ലാതെ മറ്റു വിവരങ്ങൾ ഒന്നും അറിയില്ല…

ശീതൾ അമ്പരപ്പോടെ നിൽക്കുന്നത് കണ്ടപ്പോൾ കിരൺ ദേഷ്യത്തോടെ പറഞ്ഞു.

“നിന്റെ അച്ഛന്റെ വഞ്ചനയുടെ ഫലമാണെടി ഈ കിടക്കുന്നത്.. എന്റെ അമ്മായിയുടെ ഭർത്താവാണിത്.. ഇവരുടെ വിവാഹം കഴിഞ്ഞ സമയത്താണ് ഇദ്ദേഹത്തിന് സ്ത്രീധനമായി കിട്ടിയ തുകയും അമ്മായിയുടെ സ്വർണവും കൊണ്ട് ബിസിനസ് ചെയ്തു ഭാഗ്യം പരീക്ഷിക്കാൻ ബോംബെയിലേക്ക് ട്രെയിൻ കയറുന്നത്.. ആ യാത്രയിലാണ് നിന്റെ അച്ഛനെ പരിചയപ്പെട്ടത്.. ആ പരിചയമാണ് നിന്റെ അച്ഛനോടൊപ്പം ബിസിനസ് തുടങ്ങാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.. സ്വന്തം സഹോദരനെപോലെ നിന്റെ അച്ഛനെ വിശ്വസിച്ച ഇദ്ദേഹത്തെ നിന്റെ അച്ഛൻ വഞ്ചിച്ചു.. മദ്യത്തിന്റെ ലഹരിയിൽ ഇരുന്നപ്പോൾ ഇദ്ദേഹത്തെക്കൊണ്ട് ഏതൊക്കെയോ മുദ്രക്കടലാസ്സിൽ ഒപ്പ് വാങ്ങിയെടുത്തു നിന്റെ അച്ഛൻ.. ഞങ്ങളുടെ മുത്തശ്ശന്റെ മരണവാർത്ത അറിഞ്ഞു ഇദ്ദേഹം ഇവിടെയെത്തിയപ്പോൾ ആ തക്കത്തിന് പൂനെയിലെ സകല സ്വത്തും ഏതോ മാർവാടിക്ക് വിറ്റു.. എല്ലാം കഴിഞ്ഞു തിരിച്ചു പൂനെയിലെത്തിയപോളാണ് ഇദ്ദേഹം നിന്റെ അച്ഛന്റെ ചതി അറിയുന്നത്.. തന്റെ കയ്യിലെ സകല സമ്പാദ്യവും തന്റെ സുഹൃത്ത് തട്ടിയെടുത്തു എന്ന തിരിച്ചറിവ് ഇദ്ദേഹത്തെ പ്രാന്തനാക്കി.. വെറും കയ്യോടെ ഇങ്ങോട്ടേക്കു തിരികെ വരാൻ കഴിയാതെ ഇദ്ദേഹം താൻ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും താഴെക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.. അടുത്തുള്ളവരെല്ലാം ചേർന്ന് പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് അദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.. പക്ഷേ ആ വീഴ്ചയിൽ അദേഹത്തിന്റെ അരയ്ക്ക് താഴെക്ക് ചലനശേഷി നഷ്ടപ്പെട്ടു “

ശീതൾ താൻ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ നിന്നു.. കിരണിന്റെ അമ്മായിയുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

“നിന്റെ അച്ഛൻ എന്റെ അമ്മായിയോട് ചെയ്ത ചതിയ്ക്ക് നിന്നെ വിവാഹം ചെയ്തിട്ട് നിന്നോട് പകരം വീട്ടണമെന്നാണ് ഞാൻ കരുതിയത്.. പക്ഷേ ഒരു പെണ്ണിന്റെ ജീവിതം വച്ച് കളിക്കണ്ടെന്ന് അമ്മായി എന്നോട് പറഞ്ഞത് കൊണ്ട് മാത്രമാണ് നിന്നെ ഞാൻ വെറുതെ വിട്ടത്.. പക്ഷേ.. നിന്റെ അച്ഛൻ.. അപ്പോഴുo എന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നു.. ഞങ്ങളുടെ അമ്മായിയുടെ ജീവിതം നശിച്ചത് നിന്റെ അച്ഛന്റെ ദുരാഗ്രഹം കാരണമാണ്.. ആ സ്ഥിതിയ്ക്ക് ഈ ചെറിയ ശിക്ഷയെങ്കിലും ഞാൻ നിന്റെ അച്ഛന് കൊടുക്കണ്ടേ?”

ശീതളിന്റെ കണ്ണുകൾ ആ ബെഡിൽ കിടക്കുന്ന മനുഷ്യനിലായിരുന്നു.. ഏറെ നേരം അവിടെ നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല.. നിറഞ്ഞൊഴുകുന്ന മിഴികൾ തുടയ്ക്കുക പോലും ചെയ്യാതെ അവൾ പുറത്തേക്ക് നടന്നു.. അമ്മായി അവളുടെ പിന്നാലെ ചെന്ന് പതിഞ്ഞ സ്വരത്തിൽ വിളിച്ചു.

“മോളെ..”

അവൾ അവരുടെ നേർക്ക് നോക്കുക പോലും ചെയ്യാതെ ഇടറിയ കാലുകളോടെ പുറത്തേക്ക് നടന്നു.. കിരൺ അടുത്തേക്ക് വന്നതും വണ്ടിയെടുത്തതും സ്വപ്നത്തിലെന്ന പോലെയാണ് അവൾ കണ്ടത്..

കിരണിന്റെ വീടിന്റെ മുന്നിൽ വണ്ടി നിർത്തിയതും അവൾ മെല്ലെ ഇറങ്ങി പുറത്തേക്ക് നടന്നു.. ഓഫീസിൽ പോകണോ വേണ്ടയോ എന്നൊരു നിമിഷം ആലോചിച്ചു നിന്നതിനു ശേഷം കിരണും അവളുടെ പിന്നാലെ ചെന്നു.. അവനെ കണ്ടതും ശീതൾ ചോദിച്ചു..

“ആ അമ്മാവന്റെ പേരെന്താണ്?”

“അരവിന്ദൻ “

“ഉം “

ശീതൾ ഫോണെടുത്തു ജയദേവന്റ നമ്പർ ഡയൽ ചെയ്തു. അയാൾ ഫോണെടുത്തതും മുഖവുരയൊന്നുമില്ലാതെ ചോദിച്ചു.

“അച്ഛന്റെ പൂനെയിലെ ബിസിനസ് പാർട്ണറിന്റെ പേര് എന്തായിരുന്നു?”

“അതെന്താ മോളെ നീ ഇപ്പോൾ ചോദിക്കുന്നത്?”

“എന്താ അച്ഛനോർമ ഇല്ലേ? ഓർമ ഉണ്ടെങ്കിൽ പറയ് “

“അരവിന്ദൻ “

ആ പേര് കേട്ടതും മറ്റൊന്നും പറയാതെ ശീതൾ ഫോൺ കട്ട്‌ ചെയ്തു.. ജയദേവന്റെ കാൾ വരുന്നത് കണ്ടതും അവൾ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു.. അവളുടെ മുഖഭാവം കണ്ടപ്പോൾ കിരണിന് എന്തോ പന്തികേട് തോന്നി.. ഉച്ചവരെ കട്ടിലിൽ അവൾ ഒരേയിരുപ്പ് ഇരുന്നു.. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേലക്കാരി വന്നു വിളിച്ചപ്പോൾ ശീതൾ ചെന്നില്ല.. കിരൺ ഭക്ഷണം കഴിക്കാൻ താഴെക്ക് പോയി..

പത്തു മിനിറ്റിന് ശേഷം അവൻ തിരികെ വന്നപ്പോൾ ശീതൾ മുറിയിലില്ല..ബാത്‌റൂമിന്റെ ഡോറിൽ തട്ടിക്കൊണ്ടു അവൻ പതിയെ വിളിച്ചു.

“ശീതൾ “

അകത്തു നിന്ന് അനക്കമൊന്നും കേൾക്കുന്നില്ല.. കിരൺ രണ്ടുമൂന്നു തവണ കൂടി വിളിച്ചു.. അവൾ ഡോർ തുറക്കാത്തത് കൊണ്ട് അവൻ ചവിട്ടിപൊളിച്ചു.. അവിടെ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു..

‘അവിടെ വെറും നിലത്ത് ഭിത്തിയോട് ചെറിയിരിക്കുന്ന ശീതൾ.. അവളുടെ ഇടതുകൈ ബക്കറ്റിലെ വെള്ളത്തിലാണ്.’

അവിടെ ഒഴുകി പരക്കുന്ന കൊഴുത്ത ചോര കണ്ടതും കിരണിന് തല കറങ്ങുന്നത് പോലെ തോന്നി. അവൻ അവളുടെ കവിളത്തു തട്ടി വിളിച്ചു.

“ശീതൾ.. ശീതൾ “

നേർത്തൊരു ഞരക്കത്തോടെ ശീതൾ അവന്റെ നെഞ്ചിലേക്ക് വീണു.. കിരൺ പെട്ടന്ന് തന്നെ ഒരു തുണിയെടുത്തു കൊണ്ട് വന്നു അവളുടെ കയ്യിലെ മുറിവ് കെട്ടി..അവളെ വാരിയെടുത്തു കൊണ്ട് കിരൺ ഉറക്കെ അലറി.

“ഡ്രൈവർ.. വണ്ടിയെടുക്ക് “

ശീതളിനെയും കൊണ്ട് ആ വണ്ടി ടൗണിലെ സ്വകാര്യ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.. കിരൺ അവളുടെ കവിളിൽ തട്ടി അവളെ ഉണർത്താൻ ശ്രമിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല… അവളിൽ നിന്ന് നേർത്തൊരു ഞരക്കം മാത്രം കേൾക്കാമായിരുന്നു…

തുടരും…