മൂപ്പരെ വിളിച്ചുണർത്തി കട്ടൻ ചായകൊടുത്തിട്ട് ഞാൻ നേരെ പോയത് അമ്മായി അമ്മയുടെ മുറിയിലേക്കാണ്….

Story written by SAJI THAIPARAMBU

::::::::::::::::::::::::::::::::::::

ഏഴാം മാസത്തിൽ വിളിച്ചോണ്ട് പോകാൻ വീട്ട്കാര് വരുന്നതിൻ്റെ ആഹ്ളാദത്തിലായിരുന്നു ഞാൻ

സാധാരണ സുബ്ഹി ബാങ്ക് കേട്ടാലും ഉറക്കത്തിൻ്റെ ആലസ്യത്തിൽ പുതപ്പിനടിയിലേക്ക് ചുരുണ്ട് കൂടുന്ന എന്നെ,മൂപ്പരാണ് എന്നും കുത്തിപ്പൊക്കി എഴുന്നേല്പിക്കാറുള്ളത്,

പക്ഷേ ഇന്ന് സുബ്ഹിക്ക് മുന്നേ ഞാനുണർന്നു ,അല്ല അങ്ങനെ പറയാൻ കഴിയില്ല, അതിന് ഉറങ്ങിയാലല്ലേ ഉണരാൻ കഴിയു, മാസങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകുന്ന എനിക്ക് ജീവപര്യന്തമനുഭവിക്കുന്ന തടവുകാരന് ലഭിക്കുന്ന പരോള് പോലെയാണ് തോന്നിയത് .

ചായ്പിൻ്റെ മോന്തായത്തിൽ തിരുകി വച്ചിരുന്ന ഈർക്കിൽ ചൂലെടുത്ത് മുറ്റമടിക്കുമ്പോൾ എന്നും പ്രാകാറുള്ള കരിയിലയെ, അന്ന് ഞാൻ പ്രാകിയില്ല ,

മുനിസിപ്പാലിറ്റിയുടെ പൈപ്പിൻ ചുവട്ടിൽ ,അന്ന് ഞാനാണ് വെള്ളമെടുക്കാൻ ആദ്യം കുടം കൊണ്ട് വച്ചത് ,സാധാരണ കുടിക്കാനും പാചകത്തിനും രണ്ട് കുടം വെള്ളമാണ് എടുത്ത് വയ്ക്കാറുള്ളത്, പക്ഷേ അന്നെനിക്ക് വല്ലാത്തൊരു ഊർജ്ജം ഫീല് ചെയ്തത് കൊണ്ട്, മൂപ്പർക്ക് കുളിക്കാനും, കക്കൂസിൽ പോകാനും വരെ, ഞാനൊരു ഗർഭിണിയാണെന്ന ബോധം പോലുമില്ലാതെ ,പൈപ്പിൻ ചുവട്ടിൽ നിന്ന് വെള്ളമെടുത്തോണ്ട് വന്ന് ബക്കറ്റുകളിൽ നിറച്ച് വച്ചു.

അടുക്കളയോട് ചേർന്ന മുറിയിലാണ് അമ്മായി അമ്മ കിടക്കുന്നത് ,ഞാനെഴുന്നേറ്റ് മുറ്റമടിച്ച് വെള്ളം പിടിച്ച് വച്ച് അടുക്കളയിൽ കയറി ജോലി തുടങ്ങിയാലും കൂർക്കം വലിച്ചുറങ്ങുന്ന അമ്മായി അമ്മയെ കാണുമ്പോൾ എനിക്ക് സഹിക്കാറില്ലായിരുന്നു, അത് കൊണ്ട് അവരെ ഉണർത്താനായി ഇന്നലെ വരെ ഞാൻ പാത്രങ്ങൾ തട്ടിയും മുട്ടിയും കലപില ശബ്ദമുണ്ടാക്കാറുണ്ടായിരുന്നു…

ഇന്ന് പക്ഷേ ,അടുക്കളയുടെ വാതില് ചേർത്തടച്ചിട്ട്, സമാധാനത്തിലായിരുന്നു പാചകം ചെയ്തത് ,നാളെ മുതൽ ഈ സമയത്ത് ഞാൻ എൻ്റെ വീട്ടിൽ സുഖസുഷുപ്തിയിലായിരിക്കുമല്ലോ, എന്ന ചിന്തയാണ് എന്നെ കൊണ്ട് ഇങ്ങനയൊക്കെ ചെയ്യിക്കുന്നത്.

മൂപ്പർക്ക് കട്ടൻ ചായ ഇട്ടതിനൊപ്പം, വെള്ളം ചേർക്കാത്ത പശുവിൻ പാലൊഴിച്ച് തിളപ്പിച്ച ഒരു ഗ്ളാസ്സ് ,പാൽചായയും കൂടി ഞാൻ കൈയ്യിലെടുത്തു

മൂപ്പരെ വിളിച്ചുണർത്തി കട്ടൻ ചായകൊടുത്തിട്ട് ഞാൻ നേരെ പോയത് അമ്മായി അമ്മയുടെ മുറിയിലേക്കാണ്

ഉമ്മാ… ഉമ്മാ… ദേ നേരം പുലർന്നു, എഴുന്നേല്ക്കുന്നില്ലേ?

ഉറക്കച്ചടവോടെ കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്ന അവരുടെ നേരെ, ചൂട് ചായയും നീട്ടിപ്പിടിച്ച് നില്ക്കുന്ന എന്നെ കണ്ടവർ പുറത്തേയ്ക്ക് തലയിട്ട് തിരിഞ്ഞും മറിഞ്ഞും നോക്കി.

എന്താ ഉമ്മാ നോക്കുന്നത്?

ഞാൻ വളരെ സൗമ്യമായി ചോദിച്ചു.

അല്ല, കാക്ക മലർന്നു പറക്കുന്നുണ്ടോന്ന് നോക്കിയതാ…

പതിവില്ലാതെ എൻ്റെ കൈയ്യിൽ നിന്ന് ആദ്യമായി , ബെഡ് കോഫി കിട്ടിയത് കൊണ്ട് അതെന്നെ കളിയാക്കിയതാണെന്ന് , എനിക്ക് മനസ്സിലായിരുന്നു

ഞാൻ നേരെ അടുക്കളയിലേക്ക് പോയി.

ഇടിയപ്പവും മുടക്കറിയുമുണ്ടാക്കി അടച്ച് വച്ചിട്ട്, അലക്കാനുള്ള തുണികളെല്ലാമെടുത്ത് കല്ലിൻ്റെ ചുവട്ടിൽ വന്നു.

ഉമ്മാടെ മുഷിഞ്ഞ കുപ്പായോം തുണിയും വല്ലതുമുണ്ടെങ്കിൽ എടുത്ത് തന്നേയ്ക്ക് ഞാൻ കഴുകിയിട്ടേക്കാം

നിനക്കിതെന്ത് പറ്റി ഷെമീനാ .. ?ഇന്ന് നീ ആരെയാ കണികണ്ടത് ?വല്ലാത്ത ഉസാറണല്ലോ നിനക്ക്

അത് ഞാനിന്ന് സ്വന്തം വീട്ടിലേക്ക് പോകുവല്ലേ ഉമ്മാ.. അതിൻ്റെ സന്തോഷമാണെന്ന് പറയാൻ വെമ്പിയെങ്കിലും ഞാൻ സ്വയംനിയന്ത്രിച്ചു.

തൊഴുത്തിൽ ചെന്ന് പൈക്കളെ അഴിച്ച് പറമ്പിൽ കൊണ്ട് കെട്ടിയിട്ട്, തിരിച്ച് വന്ന് മൺവെട്ടി കൊണ്ട് ചാണകം വടിച്ചെടുക്കുമ്പോൾ, എന്ത് കൊണ്ടോ, എനിക്ക് ഓക്കാനം വന്നില്ല ,ഗോമൂത്രം കലർന്ന ചാണകത്തിന് ഇന്ന് നല്ല സുഗന്ധമുണ്ടെന്ന് എനിക്ക് തോന്നി.

ജോലിയൊക്കെ ഒരു വിധം ഒതുങ്ങിയപ്പോൾ, ഞാൻ പോയി തേച്ചുരച്ച് നന്നായി കുളിച്ചു.

എന്നിട്ട് ചെറിയ പെരുന്നാളിൻ്റെയന്ന് ഇട്ടിട്ട് മാറ്റി വച്ചിരുന്ന പുതിയ ചുരിദാറും , സ്വർണ്ണനൂലിൻ്റെ ചിത്രപണികളുള്ള ചുവന്ന ഷാളും തലവഴി പുതച്ച് കൊണ്ട് ഞാനിറങ്ങി വന്നപ്പോൾ, മൂപ്പരെന്നെ പെണ്ണ് കാണാൻ വന്നപ്പോൾ നോക്കിയത് പോലെ അടിമുടി ഉഴിഞ്ഞ് നോക്കുന്നു.

അല്ലാ.. നിങ്ങളെന്താ എന്നെ ആദ്യായിട്ട് കാണുന്നത് പോലെ നോക്കുന്നത്?

അല്ല ഷെമീനാ..നീയിതെവിടേയ്ക്കാണ് പുത്തനുടുപ്പൊക്കെയിട്ട് ഒരുങ്ങി പോകുന്നത്?

ആ ചോദ്യം കേട്ടെനിക്ക് അരിശം വന്നു.

നിങ്ങളിതെന്താണ് ഒന്നുമറിയാത്തത് പോലെ സംസാരിക്കുന്നത് ,അവരെല്ലാം ഇപ്പോഴിങ്ങെത്തും, ഞാനപ്പോൾ മുഷിഞ്ഞ വേഷത്തിൽ തന്നെ നിന്നാൽ അവരെന്ത് വിചാരിക്കും

അതിന് ആര് വരുന്ന കാര്യമാ നീ പറയുന്നത്?

എൻ്റിക്കാ… ഏഴാം മാസത്തിൽ എന്നെ കൂട്ടിക്കൊണ്ട് പോകാൻ വീട്ടുകാര് വരുന്നത് ഇന്നല്ലേ?

അത് ശരി, അപ്പോൾ നീയൊന്നുമറിഞ്ഞില്ലേ? എടീ നീയിന്നലെ നേരത്തെ കിടന്നുറങ്ങിയത് കൊണ്ടാണ് അറിയാതെ പോയത് , ഇന്നലെ രാത്രിയിലെ വാർത്തയിലുണ്ടായിരുന്നു ഇന്ന് മുതൽ മുപ്പത് ദിവസത്തേയ്ക്ക് ലോക് ഡൗണാണെന്ന്, അപ്പോൾ തന്നെ ഞാൻ നിൻ്റെ വീട്ടിലേക്ക് വിളിച്ച് കാര്യം പറഞ്ഞു, അപ്പോഴാ അവരും വാർത്ത വച്ച് നോക്കിയത് ,കുറച്ച് കഴിഞ്ഞവർ , ഇങ്ങോട്ട് തിരിച്ച് വിളിച്ച് പറഞ്ഞു ,ഇനി എന്തായാലും ലോക് ഡൗൺ കഴിഞ്ഞിട്ടല്ലേ ചടങ്ങുകൾ നടത്താൻ പറ്റുകയുള്ളു, അത് കൊണ്ട് അവരിന്ന് വരില്ലെന്ന്

അത് കേട്ടതും എൻ്റെ തലചുറ്റുന്നത് പോലെ എനിക്ക് തോന്നി ,വല്ലാത്ത ദാഹവും വയറ്റിൽ നിന്ന് ഉരുണ്ട് കയറ്റവുമുണ്ടായി, വടക്കേപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന പശു തൊഴുത്തിൽ നിന്നും, ചാണകത്തിൻ്റെയും ഗോമൂത്രത്തിൻ്റെയും, ദുർഗ്ഗന്ധം വമിച്ച കാറ്റ് വന്നെൻ്റെ, നാസാരന്ധ്രങ്ങളിൽ തുളച്ച് കയറിയിട്ട്, എനിക്ക് ഓക്കാനം വരുന്നത് പോലെ തോന്നി ,

നാശം പിടിക്കാൻ, എനിക്കൊന്ന് ബോധം കെട്ടുറങ്ങാനും ,അടുക്കളയിൽ കയറാതെ, കഷ്ടപ്പെടാതെ, ഇരുന്നും, കിടന്നും മൂക്ക്മുട്ടെ കൊതിയുള്ള ആഹാരമൊക്കെ കഴിക്കാനും, കണ്ണ് കഴയ്ക്കുന്നത് വരെ മൊബൈലിൽ തോണ്ടി തോണ്ടി ഇരിക്കാനും , ഇനി ഞാൻ നീണ്ട ഒരു മാസം കാത്തിരിക്കേണ്ടി വരുമോ?

ഞാൻ ആത്മഗതം പറഞ്ഞത് മൂപ്പര് കേട്ടത് കൊണ്ടാവാം, കൈയ്യിലിരുന്ന പത്രത്തിലെ വാർത്ത ,അങ്ങേര് ഉറക്കെ വായിച്ചത്

മുപ്പത് ദിവസം കൊണ്ട് രോഗവ്യാപനം കുറഞ്ഞില്ലെങ്കിൽ, വീണ്ടും ഒരു മാസത്തേയ്ക്ക് അടച്ചിടാൻ സാധ്യതയുണ്ടത്രേ

മൂപ്പര് വായിച്ച പത്രവാർത്ത, വയറ്റിൽ കിടന്ന എൻ്റെ ഏഴാം മാസക്കാരൻ കേട്ടെന്ന് തോന്നുന്നു ,അവൻ അകത്ത് കിടന്ന് കൈകാലിട്ടടിക്കാൻ തുടങ്ങി.

ഉമ്മാ… ഞാനീ ഇരുട്ട് മുറിയിൽ ഒറ്റയ്ക്ക് കഴിയാൻ തുടങ്ങിയിട്ട് ഏഴ് മാസമാകുന്നു ,നിങ്ങളോട് ഒരു മാസമല്ലേ അകത്തിരിക്കാൻ പറഞ്ഞുള്ളു, ഒന്ന് സബൂർ ചെയ്യുമ്മാ … എല്ലാം ശരിയാകും , അപ്പോൾ നമുക്ക് മനസ്സ് തുറന്ന് സന്തോഷിക്കാം

ഇത്തിരി പോന്ന ഓന് കാത്തിരിക്കാമെങ്കിൽ പിന്നെ, എനിക്കെന്ത് കൊണ്ട് ആയിക്കൂടാ..

ഞാനും കാത്തിരിക്കുകയാണ്, ഒരു നല്ല നാളേയ്ക്ക് വേണ്ടി.

ശുഭം