ഇവൻ എന്റെ മകൻ
Story written by AMMU SANTHOSH
ആദ്യമേ പറയാം ഞാൻ ഒരു നല്ല മകനല്ല. എന്റെ അച്ഛനുമമ്മയ്ക്കും അവരാഗ്രഹിക്കുന്നതൊന്നും കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഒരു തരത്തിൽ അവരങ്ങനെ ആഗ്രഹിക്കുന്നത് തെറ്റല്ലേ? എനിക്ക് എന്റെ ജീവിതം ജീവിക്കണ്ടേ? എന്റെ ഇഷ്ടങ്ങൾ, എന്റെ ല ഹരികൾ അവരാഗ്രഹിക്കും പോലെ ജീവിച്ചാൽ അതവരുടെ ജീവിതം ആയിപ്പോവില്ലേ?
പക്ഷെ എന്റെ അനിയനും അനിയത്തിയും എന്നെ പോലെയല്ല പഠിക്കാൻ മിടുക്കർ അച്ഛനും അമ്മയ്ക്കും അവരെന്നേക്കാൾ പ്രിയപ്പെട്ടവരായതു അത് കൊണ്ട് മാത്രം അല്ല. നല്ല അനുസരണയുള്ള മക്കളാണവർ. ഞാൻ പ്ലസ് ടൂ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ഒരു താന്തോന്നിയാണ്. രാത്രി പന്ത്രണ്ടു വരെ കൂട്ടുകാർക്കൊപ്പം കറങ്ങി നടന്നു അല്പം ലഹരി ഒക്കെ അകത്താക്കി, ചിലപ്പോളൊക്കെയും കണ്ടവന്മാരോടൊക്കെ തല്ലുണ്ടാക്കി, വീട്ടിൽ ചെന്ന് വീടിന്റെ പിൻവാതിൽ തുറന്ന് അകത്തു കടന്ന് അമ്മ വിളമ്പി മൂടി വെച്ചിരിക്കുന്ന തണുത്ത ചോറും സാമ്പാറും മീൻ ചാറും (കഷണങ്ങളൊക്ക നേരത്തെ തീരും ) കഴിച്ച് സോഫയിൽ ചുരുണ്ടു കൂടുന്ന ഒരു കൊച്ച് തെമ്മാടി ചെക്കൻ .
അനിയത്തിയും അനിയനും കഴിയുന്നതും എന്നോട് സംസാരിക്കാറില്ല. വഴിയിൽ വെച്ചു കണ്ടാലും ഒഴിഞ്ഞു മാറി പോകുകയാണ് പതിവ്. അതിനവരെ കുറ്റം പറയാനും പറ്റില്ല. അവർക്ക് അഭിമാനിക്കത്തക്കതൊന്നും ഞാൻ നേടിയിട്ടില്ല. ഒരു തെമ്മാടി ചേട്ടൻ ആണെന്ന് പറയാൻ അവർക്കും കുറച്ചിൽ ഉണ്ടാകും.
അന്നും പതിവ് പോലെ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോളാണ് വീട്ടിൽ നിന്നു ഫോൺ വന്നത്. “അച്ഛൻ ഒന്ന് വീണത്രെ ” ഒന്ന് വീണതിന് ഇത്രയും വിളിച്ചു പറയാനെന്തിരിക്കുന്നു. ഞാൻ പതിവ് സമയത്ത് തന്നെയാണ് പോയത്.
അടുക്കളവാതിൽ തുറന്ന് അകത്ത് കയറുമ്പോൾ പക്ഷെ എന്നെത്തെയും പോലെ ചോറുണ്ടായിരുന്നില്ല. അച്ഛന്റെ മുറിയിൽ വെളിച്ചമുണ്ട്. ഞാൻ ഒന്ന് പാളി നോക്കി. അമ്മ അരികിലുണ്ട്. അമ്മ എന്നെ കണ്ടു മുഖം തിരിച്ചു. അമ്മ എന്നോട് മിണ്ടാതെയായിട്ടു എത്ര വർഷങ്ങൾ ആയിട്ടുണ്ടാകും?
അച്ഛൻ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു. അച്ഛന്റെ നെറ്റിയിൽ ഒരു വെച്ചുകെട്ട് ഉണ്ടായിരുന്നു കാലിൽ പ്ലാസ്റ്ററും.
അച്ഛനോട് ഞാൻ കാശ് ഒന്നും വാങ്ങാറുണ്ടായിരുന്നില്ല. ചെറിയ ജോലികൾ ഒക്കെ ചെയ്തു ഞാൻ അത് കണ്ടെത്താറുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അച്ഛന്റെ കിടപ്പ് എന്നെ ആദ്യമൊന്നും ബാധിച്ചിരുന്നുമില്ല. പക്ഷെ വീടിന്റെ അവസ്ഥ മോശമാകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. വല്ലാത്ത ഒരു അസ്വസ്ഥത എന്നെ പൊതിഞ്ഞു.
“അച്ഛൻ എന്നത് ഒരു വികാരം ആണ് പ്രത്യേകിച്ച് ഞങ്ങൾ ആണ്മക്കൾക് “
എന്റെ അച്ഛന്റെ പഴയ സ്കൂട്ടർ ഞാൻ പൊടി തുടച്ചു വെച്ചു. അച്ഛന്റെ ചാരുകസേരയിൽ തൊടുമ്പോൾ ഒരു വിറയൽ പോലെ. “അപ്പു “എന്നാ വിളിയൊച്ച കേൾക്കും പോലെ. “എന്റെ അച്ഛൻ ” എന്റെ ആത്മാവിലായിരുന്നോ താമസിച്ചിരുന്നത്? അച്ഛൻ വീണു പോകുമ്പോളാണ് അത് ഒരു വന്മരമായിരുന്നെന്നും അതിന്റെ തണൽ പറ്റി കഴിഞ്ഞിരുന്ന ചെറു കിളികൾ ആണ് നാമെന്നും മനസിലാക്കുക. അതേത് കുടുംബത്തിലും അങ്ങനെ തന്നെ.
അമ്മ പറമ്പിലെ മാവും പ്ലാവുമൊക്ക വിൽക്കുന്നത് കാണെ ഞാൻ വീണ്ടും അസ്വസ്ഥനായി. വേറെ നിവൃത്തി ഒന്നുമില്ലല്ലോ അമ്മയ്ക്ക്?
ഞാൻ എന്റെ അച്ഛന്റെ മുറിച്ച മുറിയായിരുന്നു. ഫോട്ടോയിലെ പഴയ അച്ഛന്റെ രൂപം തന്നെയായിരുന്നു ഞാൻ. അച്ഛനെന്ന നന്മമരം ആകുക എളുപ്പമല്ല. പക്ഷെ അദേഹത്തിന്റെ മകനെങ്കിലും ആകാൻ എന്തെങ്കിലും ചെയ്യണം
കൂട്ടുകാരൻ നിയാസ് ഗൾഫിൽ പോകുന്നെന്ന് പറഞ്ഞപ്പോൾ ഞാൻ അവനോടിച്ചിരുന്ന ഓട്ടോറിക്ഷയെ കുറിച്ചോർത്തു. തവണകളായി പണം അടച്ചോളാം എന്ന് പറയുമ്പോൾ എന്റെ അച്ഛന്റെ മുഖം ആയിരുന്നു മനസ്സിൽ. അച്ഛൻ എന്നോട് മിണ്ടിയിട്ട് എത്ര നാളുകളായെന്നോ??
വീട്ടിൽ പച്ചക്കറിയുംഅരിയും മീനുമൊക്ക ഏല്പിക്കുമ്പോളും അനിയത്തിയുടെയും അനിയന്റെയും ഫീസ് അടയ്ക്കുമ്പോളും അച്ഛനുള്ള മരുന്നുകൾ വാങ്ങിയെത്തിക്കുമ്പോളും ഞാൻ ഒരു വലിയ കാര്യം ചെയ്യുകയാണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷെ അമ്മയുടെ മുഖത്തു ചിരി വിടരുന്നത് കാൺകെ, ചൂട് ചോറ് വിളമ്പി തന്നു അമ്മ ഊട്ടുന്നതിന്റെ സുഖം അറിയവേ അനിയത്തിയും അനിയനും “ഏട്ടാ” എന്ന് വിളിച്ചു വിശേഷങ്ങൾ പറയുന്നത് കേൾക്കേ ഉള്ളിലൊരു ആനന്ദമുണ്ടാകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്നിട്ടും അച്ഛനരികിൽ ചെന്നിരുന്നു സംസാരിക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. കാരണം ഞാൻ ഒരിക്കലും ഒരു നല്ല മകനായിരുന്നില്ല.
അച്ഛൻ വീണ്ടും ജോലിക്ക് പോയി തുടങ്ങിയ ദിവസം എന്നെ അരികിൽ വിളിച്ചു.
“എന്നെയൊന്നു ഓഫീസിൽ ആക്കണം. ബുദ്ധിമുട്ടുണ്ടാകുമോ? “
എന്റെ കണ്ണ് നിറഞ്ഞത് അച്ഛൻ കാണാതിരിക്കാൻ ഞാൻ വേഗം ഓട്ടോയിൽ കയറി. അച്ഛനെ ഓഫീസിൽ എത്തിച്ചപ്പോൾ സഹപ്രവർത്തകർ ചുറ്റിനും കൂടുന്നത് കണ്ട് ഞാൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു
“അപ്പു ഇറങ്ങി വാ “അച്ഛനെന്റെ പേര് ചൊല്ലി വിളിച്ചത് കേൾക്കേ കാത് അടഞ്ഞു പോയ പോലെ.
“എന്റെ മകനാണ് “
അച്ഛനെന്നെ അച്ഛന്റെ ശരീരത്തോട് ചേർത്തു പിടിച്ചു. അച്ഛന്റെ ഗന്ധം, അച്ഛന്റെ ശബ്ദം. എന്റെ ശരീരം കോരിത്തരിച്ചു. ഏത് സ്വർഗം വിളിച്ചാലും അച്ഛനെ വിട്ട്, എന്റെ കുടുംബം വിട്ട് പോകാതിരിക്കാൻ എനിക്കു ആ വാചകം മതിയായിരുന്നു
“ഇവൻ എന്റെ മകനാണ് “
അച്ഛന്റെ കാൽകീഴിലെ അടിമ ആകാൻ പോലും ആ നിമിഷം എനിക്ക് മടിയുണ്ടായിരുന്നില്ല.എന്റെ കുടുംബം തന്ന ലഹരിക്ക് മുകളിൽ നിൽക്കുന്ന ഒരു ലഹരിയും ഞാൻ അറിഞ്ഞിട്ടുമുണ്ടായിരുന്നില്ല…..
.ഞാൻ ഇപ്പോളും നല്ല മകൻ ആയിട്ടില്ല. പക്ഷെ ഞാൻ ശരിയായ പാതയിലാണെന്ന് എനിക്ക് അറിയാം…. ഒരിക്കലും പഴയതൊന്നിലേക്കും ഞാൻ പോവില്ലെന്നു എന്റെ അച്ഛനും അമ്മയ്ക്കുമറിയാം എനിക്ക് അത് മതി.ആ വിശ്വാസം മതി.