എന്തെങ്കിലും തന്നാൽ മതി എന്ന് പറഞ്ഞു വിളിച്ചു റൂമിനകത്തു കേറ്റിയാൽ ഇവറ്റകളുടെ സ്വഭാവം മാറും…

ചുവന്ന തെരുവ്

എഴുത്ത്: ഹക്കീം മൊറയൂർ

==============.

‘വരൂ സാബ്. എന്തെങ്കിലും തന്നാൽ മതി ‘.

കൊഞ്ചി കുഴഞ്ഞു കൊണ്ട് അവൾ വീണ്ടും പറഞ്ഞു. ഞാൻ അവളെ ഒന്ന് കൂടെ ശ്രദ്ധിച്ചു നോക്കി. അവൾ അറിയാതെ ഞാൻ ഹി ഡൻ കാമറയിൽ വീഡിയോ നന്നായി പതിയുന്നുണ്ട് എന്നു ഉറപ്പ് വരുത്തി. ചുവന്ന തെരുവിൽ നിന്നും ഒരു വീഡിയോ ചിത്രീകരിച്ചു യൂട്യൂബ് ചാനലിൽ ഇട്ടാൽ കാഴ്ചക്കാർ കൂടുമെന്ന് ഉറപ്പാണ്. എത്രയോ യൂട്യൂബർസ് അങ്ങനെ ചെയ്യുന്നുണ്ട്. ലൈം ഗികതയുമായി ബന്ധപ്പെട്ട എന്തും മലയാളികൾക്ക് ആഘോഷമാണ്.

ഇരു നിറമാണ് അവൾക്ക്. ആവശ്യത്തിന് തടി, ആവശ്യത്തിന് ഉയരം. കാണാൻ ഭംഗിയുള്ള മുഖം. ചെറിയ മൂക്ക്. ലിപ്സ്റ്റിക് തേച്ചു ചുവപ്പിച്ച നേർത്ത അധരങ്ങൾ. നീണ്ടു മെലിഞ്ഞ കഴുത്തിനു താഴെ ഒതുക്കവും സമൃദ്ധിയുമുള്ള മാ റിടങ്ങൾ. അല്പം ചാടിയ വയറും തടിച്ച അര ക്കെട്ടും തടിച്ചു കൊഴുത്ത തു ടകളും കൂടെ ചേർന്ന് അവൾക്ക് നല്ല ചന്തം നൽകുന്നുണ്ട്. ഒരു ശരാശരി മലയാളിക്ക് സമൃദ്ധമായ കാഴ്ചയൊരുക്കാൻ ഇവൾ ധാരാളം മതിയാവും.

എന്തെങ്കിലും തന്നാൽ മതി എന്ന് പറഞ്ഞു വിളിച്ചു റൂമിനകത്തു കേറ്റിയാൽ ഇവറ്റകളുടെ സ്വഭാവം മാറും. ചോദിക്കുന്നത് കൊടുത്തില്ലെങ്കിൽ പിന്നെ പ്രശ്നമാണ്.

‘നൂറു രൂപക്ക് നടക്കുമോ?’.

രണ്ടും കൽപ്പിച്ചായിരുന്നു എന്റെ ചോദ്യം. നൂറു രൂപയെന്നു കേട്ടപ്പോൾ അവളുടെ മുഖം മങ്ങി.

‘ഇരുന്നൂറ് രൂപ’.

അല്പം പതുക്കെ അവൾ പറഞ്ഞു കൊണ്ട് പ്രതീക്ഷയോടെ എന്നെ നോക്കി.

പറ്റില്ലെന്ന് ഞാൻ മെല്ലെ ആംഗ്യം കാട്ടി. അവളുടെ മുഖത്തു സങ്കടം തിങ്ങുന്നത് ഞാൻ കണ്ടു.

‘ഇന്നു ആദ്യത്തെ കസ്റ്റമർ ആണ്. ഒരു നൂറ്റമ്പത് രൂപ ‘.

യാചനാ സ്വരത്തിൽ അവൾ ചോദിച്ചു.

‘നൂറു രൂപക്കാണേൽ മതി. അല്ലെങ്കിൽ എനിക്ക് വേണ്ട ‘.

അവൾ സങ്കടത്തോടെ എന്നെ നോക്കി. ഞാൻ പോകാൻ തുടങ്ങുകയാണെന്നു കണ്ടു അവൾ പെട്ടെന്ന് തന്നെ എന്റെ കയ്യിൽ പിടിച്ചു നിർത്തി. അര മണിക്കൂറിനു ശേഷം കിട്ടാൻ പോവുന്ന നൂറു രൂപ അവൾക്ക് എത്രത്തോളം അത്യാവശ്യമാണ് എന്നെനിക്ക് മനസ്സിലായി. അവൾ എന്റെ നേരെ കൈ നീട്ടി. നൂറു രൂപയ്ക്കു വേണ്ടിയാണു അവൾ കൈ നീട്ടുന്നത് എന്ന് മനസ്സിലാക്കി ഞാൻ നിഷേധ രൂപേനെ തലയാട്ടി.

‘ആദ്യം ജോലി. പിന്നെ കൂലി ‘.

അവൾ സങ്കടത്തോടെ എന്നെയും പിന്നെ തൊട്ടപ്പുറത്തു ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന കുട്ടികളെയും നോക്കി. അഞ്ചു വയസ്സോളം പ്രായമുള്ള ഒരാൺകുട്ടിയും എട്ടു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ആയിരുന്നു അത്‌.

‘കുട്ടികൾ ഇന്നു ഒന്നും കഴിച്ചിട്ടില്ല.’.

യാചന സ്വരത്തിൽ അവൾ പറഞ്ഞു. ഞാൻ എന്റെ വാച്ചിൽ നോക്കി. സമയം മൂന്ന് മണി ആവാറായിരുന്നു.

‘നീ കഴിച്ചോ?’.

‘എനിക്കതെല്ലാം ശീലമാണ്. പക്ഷേ കുട്ടികൾ.’.

പണത്തിനു വേണ്ടി ദേഹം വിൽക്കുന്ന ഒരു തെരുവ് പെണ്ണിന്റെ ലാസ്യതയിൽ നിന്നും മാതൃത്വത്തിന്റെ സ്നേഹ ഭാവത്തിലേക്ക് നിമിഷം കൊണ്ട് അവൾ കൂടു മാറുന്നത് അമ്പരപ്പോടെ ഞാൻ കണ്ടു. അവൾ പറയുന്നത് സത്യമാണ് എന്നെനിക്ക് മനസ്സിലായി. കൊറോണ ചു വന്ന തെരുവിനെയും കീഴടക്കിയിരിക്കുന്നു. തെരുവുകൾ അവിശ്വസനീയമാം വിധം ശൂന്യമാണ്.പത്തും ഇരുപതും കസ്റ്റമർ വന്നിടത്ത് ഇപ്പോൾ ഒരാൾ പോലും വരാത്ത അവസ്ഥ. കൊറോണ കഴിഞ്ഞു കടകളും തെരുവുകളും ഉണർന്നിട്ടും ശാപം കിട്ടിയ കന്യകയെ പോലെ ചുവന്ന തെരുവ് അനാഥമായി വരണ്ട് കിടന്നു.

‘നമുക്ക് വല്ലതും കഴിച്ചാലോ?’.

എന്റെ ചോദ്യം കേട്ട് അമ്പരപ്പോടെ അവൾ എന്നെ നോക്കി. അവളുടെ മറുപടിക്ക് കാക്കാതെ ഞാൻ അത്‌ വഴി പോയ ഒരു ടാക്സിക്ക് കൈ കാണിച്ചു.

‘മക്കളെയും വിളിച്ചൊ ‘.

മടിച്ചു മടിച്ചു എന്റെ കൂടെ കാറിലേക്ക് കയറുമ്പോൾ ഞാനവളോട് പറഞ്ഞു. കാറിൽ ഇരിക്കുമ്പോൾ അവളും കുട്ടികളും മൂകരായിരുന്നു. കുട്ടികളുടെ മുഖത്ത് നിന്നും ആദ്യമായി കാറിൽ കയറുന്നതിന്റെ പകപ്പ് എന്റെ കാമറ വേർതിരിച്ചെടുത്തു.

തുറന്നു കിടന്ന ഒരു ചെറിയ ഹോട്ടലിന്റെ അടുത്ത് ടാക്സി നിന്നു. പൈസ കൊടുത്ത് ഞാൻ അവരെയും കൊണ്ട് അകത്തേക്ക് കയറി.

‘എന്താ കഴിക്കുന്നത്?’.

എന്റെ ചോദ്യം അവർ കേട്ടില്ലെന്നു തോന്നി. വീണ്ടും ചോദിച്ചപ്പോൾ അവളുടെ കണ്ണ് നിറയുന്നത് കണ്ടു.

‘നിങ്ങളുടെ ഇഷ്ടം ‘.

അവൾ എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. വെയ്റ്റർ ഓർഡർ എടുക്കാൻ വന്നപ്പോൾ അവൾ നാണിച്ചു കൊണ്ട് നിലത്തേക്ക് നോക്കി.

കുട്ടികൾ സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നതും നോക്കി അവൾ ഇരുന്നു. അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞു തുളുമ്പാൻ തുടങ്ങിയിരുന്നു. ഇടക്കെപ്പോഴോ അവളുടെ നോട്ടം എന്റെ കണ്ണുകളുമായി ഉടക്കി. തിരിച്ചറിയാൻ കഴിയാത്ത മുഖഭാവത്തോടെ അവൾ കണ്ണുകൾ പിൻവലിച്ചു. വളരെ പതുക്കെ എന്തോ ആലോചിച്ചു കൊണ്ട് അവൾ ഭക്ഷണം കഴിച്ചു തീർത്തു.

ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ പുറത്തൊരു കുൽഫി ഐസ് കട കണ്ടു. കുട്ടികളുടെ നോട്ടം അങ്ങോട്ടാണെന്നു കണ്ടു അവൾ ശാസനയോടെ അവരെ നോക്കി.

‘കുൽഫി വേണോ?’.

എന്റെ ചോദ്യം കേട്ട് കുട്ടികൾ സന്തോഷത്തോടെ എന്നെ നോക്കി.

‘വേണ്ട. ഒത്തിരി പൈസയാവും ‘.

അവളുടെ മറുപടി കേട്ട് കുട്ടികളുടെ മുഖം വാടി. അവളുടെ എതിർപ്പ് വക വെക്കാതെ ഞാൻ നാല് കുൽഫി വാങ്ങി. കുട്ടികൾക്ക് കൊടുത്തു കഴിഞ്ഞു ഒന്ന് അവൾക്ക് നേരെ നീട്ടി. ഒരു മടിയും കൂടാതെ അവൾ അത്‌ വാങ്ങി. അവളും അത്‌ ആഗ്രഹിക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായത് അപ്പോഴാണ്.

കുൽഫി കഴിച്ചു ആ തെരുവിലൂടെ ഞങ്ങൾ നടന്നു. തിരക്ക് കുറഞ്ഞ തെരുവിൽ കുട്ടികൾ ആഘോഷത്തോടെ ഓടി നടന്നു. അവൾ ഏതോ സ്വപ്ന ലോകത്തായിരുന്നു. ഞാൻ പറയുന്നത് പലപ്പോഴും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.

‘ പായൽ ‘.

പെൺകുട്ടി ഒരു കടയിലേക്ക് ഓടി കയറുന്നത് കണ്ടപ്പോൾ അവൾ ധൃതിയിൽ വിളിച്ചു. അത്‌ കളിപ്പാട്ടങ്ങളും ഫാൻസി ആഭരണങ്ങളും വിൽക്കുന്ന ഒരു കടയായിരുന്നു. ഒരു എട്ടു വയസ്സുകാരിക്ക് വേണ്ട എല്ലാ സ്വപ്നങ്ങളും അവിടെ വാങ്ങാൻ കിട്ടുമായിരുന്നു.

കൈ നിറയെ സാധനങ്ങളുമായാണ് പായലും അവളുടെ അനിയനും അവിടുന്ന് ഇറങ്ങിയത്. അതെല്ലാം എന്റെ കാമറ കൃത്യമായി പകർത്തിയെടുത്തു. തിരിച്ചു ടാക്സിയിൽ ഇരിക്കുമ്പോൾ അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അവളെ ഇറക്കി പോവാൻ നേരം അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി. തിരിച്ചറിയാൻ കഴിയാത്ത ഒരു വികാരത്തോടെ അവളുടെ കണ്ണുകൾ എന്തൊക്കെയോ പറയുന്നത് എന്റെ ഹൃദയം അറിയുന്നുണ്ടായിരുന്നു.

‘അങ്കിൾ ഇനി എന്നാണ് വരുക?’.

പുഞ്ചിരിച്ചു കൊണ്ട് പായൽ ചോദിച്ചു. അവളുടെ അനിയൻ അതൊന്നും ശ്രദ്ധിക്കാതെ ഐസ്ക്രീം കഴിക്കുകയാണ്. ഇടക്കിടെ അവൻ തലയുയർത്തി എന്നെ നോക്കും. അപ്പോഴൊക്കെ ഒരു പുഞ്ചിരി അവന്റെ മുഖത്ത് വിരിയും.

ഞാൻ പായലിനെ നോക്കി. അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ രണ്ട് സൂര്യൻ ഉദിച്ചു നിൽക്കുകയാണ്. ഞാൻ പതിയെ അവളുടെ അമ്മയെ നോക്കി.

അവളുടെ കണ്ണുകളിലും ഞാൻ ആ ചോദ്യം കണ്ടു. ആ പാവങ്ങൾ ജീവിതത്തിൽ ആദ്യമായി കിട്ടിയ സ്നേഹം ആസ്വദിക്കുകയാണ്. അവർക്കറിയില്ലല്ലോ ഞാൻ സ്നേഹം കാണിച്ചു കാമെറയിൽ പകർത്തിയത് യൂട്യൂബിൽ വില്പനക്ക് വെക്കാൻ പോവുകയാണെന്ന്. ആ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതത് മുതൽ കിട്ടാൻ പോവുന്ന റീച് മാത്രമാണല്ലോ എന്റെ ലക്ഷ്യം.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് നാണത്തിന്റെ അരുണിമ പടർന്നിരിക്കുന്നു. കണ്ണുകളിൽ രണ്ടു സമുദ്രങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. അവൾക്ക് എന്തൊക്കെയോ എന്നോട് പറയാൻ ഉള്ളത് പോലെ ചുണ്ടുകൾ വിറക്കുകയാണ്.

ഞാൻ നോട്ടം മാറ്റി വീണ്ടും പായലിനെ നോക്കി. അവൾ പ്രതീക്ഷയോടെ പുഞ്ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കുന്നത് കണ്ടു . അവളുടെ അനിയൻ തീർന്ന കപ്പിലെ ഐസ്ക്രീം വിരൽ കൊണ്ട് വടിച്ചു നക്കി എന്നെ നോക്കി. അവന്റെ ചുണ്ടിലും കവിളിലുമെല്ലാം ഐസ്ക്രീമിന്റെ വെളുത്ത പത കാണാമായിരുന്നു.

‘അടുത്ത ഞായറാഴ്ച ‘.

പായലിന്റെ കണ്ണുകളിൽ ഒത്തിരി കുഞ്ഞ് നക്ഷത്രങ്ങൾ ഉദിച്ചുയർന്നു. ഞാൻ അവളുടെ അമ്മയെ നോക്കി. അവൾ നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി പുഞ്ചിരിച്ചു.

ഒന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു. എനിക്കെന്തോ ആരും കാണാതെ പൊട്ടി കരയണം എന്ന് തോന്നി. ആ വീഡിയോ ഒരിക്കലും പോസ്റ്റ്‌ ചെയ്യില്ലെന്ന് തീരുമാനിച്ചു ഞാൻ തിരിഞ്ഞു നോക്കി.

പ്രതീക്ഷയോടെ എന്നെ തന്നെ നോക്കി നിൽക്കുന്ന മൂന്ന് ജോഡി കണ്ണുകളെ കണ്ണീരിനിടയിലൂടെ ഞാൻ കണ്ടു.

(വായനക്ക് നന്ദി )

സ്നേഹത്തോടെ ഹക്കീം മൊറയൂർ.