Story written by KANNAN SAJU
അമ്മക്ക് അച്ഛൻ ചോറ് വാരി കൊടുക്കുന്നത് താൻ പലപ്പോഴും കണ്ടിട്ടുണ്ട്… തന്റെ ലൈഫിൽ കണ്ട ഏറ്റവും രസകരമായ കാഴ്ച്ച ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയും..
”എന്റെ അച്ഛൻ അമ്മക്ക് ചോറ് വാരി കൊടുക്കുന്നത് കാണുന്ന ആ നിമിഷം “
കണ്ടതെന്ന് തനിക്കു ഒരിക്കലും പറയേണ്ടി വന്നിട്ടില്ല… കാണുന്ന… അങ്ങനായിരുന്നു അച്ഛന്റെ മരണം വരെ…അല്ല.. അച്ഛന്റെ അല്ല.. അച്ഛൻ മരിച്ചു മുപ്പതു സെക്കന്റുകൾ… അത്രയേ അമ്മയും ഈ ലോകത്തു ജീവിച്ചുള്ളു..കുഴഞ്ഞു വീണു….
എല്ലാവർക്കും അത്ഭുദമായിരുന്നു ആ സ്നേഹം.. എങ്ങനെയാ ഇങ്ങനൊക്കെ നിനക്കിവളെ സ്നേഹിക്കാൻ കഴിയുന്നെ കൃഷ്ണാ എന്ന് കൂട്ടുകാർ ചോദിക്കുന്നത് കേട്ടിട്ടുണ്ട്…
അതിനു മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു… പിന്നീടെപ്പോഴോ വാരണം ആയിരം സിനിമ കാണാൻ ഇടയായി…
അതിൽ സൂര്യ സിമ്രാനെ സ്നേഹിക്കുന്ന സീനുകൾ പലർക്കും അവിശ്വസിനീയമായി തോന്നിയപ്പോൾ താൻ കണ്ടത് സ്വന്തം അച്ഛനെയും അമ്മയെയും ആയിരുന്നു….
കുട്ടികൾ മുതിർന്നവർ പറയുന്നതിനേക്കാൾ അവർ ചെയ്യുന്നത് പകർത്തുന്നവർ ആണെന്നത് എത്ര വാസ്തവം ആണ്…
ഒരു പെണ്ണിനേയും ബഹുമാനിക്കണം സ്നേഹിക്കണം എന്ന് അച്ഛനോ അമ്മയോ തന്നോട് പറഞ്ഞിട്ടില്ല.. പക്ഷെ അവർ ചെയ്തു കാണിച്ചു..
ജീവിതത്തിലെ ഓരോ കൊച്ച് കൊച്ച് നിമിഷങ്ങളിൽ പോലും തീരുമാനങ്ങൾ എടുക്കും മുന്നേ അച്ഛൻ അമ്മയോടും ഒരു വാക്ക് ചോദിച്ചിരുന്നു…സത്യത്തിൽ പലപ്പോഴും അമ്മക്ക് തീർത്തും അറിവില്ലാത്ത കാര്യങ്ങളിൽ പോലും അച്ഛൻ അത് ചെയ്തിരുന്നു…
ഇടയ്ക്കിടെ ആകാംഷ അടക്കാനാവാതെ താൻ ചോദിച്ചിട്ടുണ്ട്…
”അമ്മക്കതിനെ പറ്റി ഒന്നും അറിയില്ലെന്ന് അച്ഛന് അറിഞ്ഞൂടെ.. ?? പിന്നെന്തിനാണ് അച്ഛൻ അമ്മയോട് എപ്പോഴും ഇങ്ങനെ ചോദിക്കുന്നെ ?? “
അപ്പോഴെല്ലാം ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറയും,
”അമ്മക്ക് അതിനെ പറ്റി അറിവില്ലായിരിക്കും.. പക്ഷെ അമ്മയോളം അച്ഛനെ പറ്റി അറിയുന്ന ആരും ഇല്ല മോനേ ” എന്ന്.
അമ്മ വേണ്ടെന്നു പറഞ്ഞ ഒന്നും അച്ഛൻ ചെയ്തിരുന്നില്ല… അമ്മ അധികം ഒന്നും അങ്ങനെ വേണ്ടെന്നും പറഞ്ഞിട്ടില്ല…
ഇടയ്ക്കിടെ രണ്ട് പേരും വഴക്കു കൂടുന്നത് നോക്കി നിക്കാൻ നല്ല രസമാണ്… എന്നാൽ അധിക നേരം പിണങ്ങി ഇരിക്കുവോ അതും ഇല്ല… ഏറ്റവും ആദ്യം സോറി പറയുന്നത് എപ്പോഴും അച്ഛനായിരുന്നു…
എത്രയോ കുട്ടികൾ അമ്മമാരേ ഒച്ച എടുക്കുന്നത് താൻ കേട്ടിട്ടുണ്ട്.. പക്ഷെ ഒരിക്കലും പോലും അമ്മയെ കടുപ്പിച്ചൊന്നു നോക്കുവാൻ പോലും അച്ഛൻ സമ്മതിച്ചിരുന്നില്ല….
അത് തന്നെ വലിയൊരു തെളിവായിരുന്നു.. അദ്ദേഹം അമ്മയെ അദ്ദേഹത്തെ പോലെ തന്നെ കണ്ടിരുന്നു എന്നതിന്..ഒരുപക്ഷെ.. എനിക്ക് പലപ്പോഴും തോന്നാറുണ്ട്.. ജീവിതത്തിൽ ഏറ്റവും ഭാഗ്യം ചെയ്ത മകൻ ഞാനായിരിക്കും എന്ന്…
മാസത്തിൽ ചില ദിവസങ്ങളിൽ രാവിലെ അച്ഛൻ അടുക്കളയിൽ കയറുന്നതു കാണാം.. അപ്പൊഴെല്ലാം അമ്മ നല്ല ഉറക്കമായിരിക്കും..
ചിലപ്പോഴൊക്കെ ആ ദിവസങ്ങളിൽ അമ്മയുടെ നടുവിന് ചൂട് വെച്ചു കൊടുക്കണത് കാണാം.. കുഞ്ഞായിരുന്നപ്പോൾ അതൊന്നും മനസ്സിലായില്ല.. എല്ലാ മാസവും വരുന്ന പനിയോ… അതെന്താവും എന്നാലോചിച്ചു ഒരുപാട് തല പുണ്ണാക്കിയിട്ടുണ്ട്…
വളർന്നു വന്നപ്പോളാണ് അതിനെ അറിയുന്നത്.. അപ്പോൾ അച്ഛനോട് തോന്നിയ ആദരവ് ഒരുപാട് വലുതായിരുന്നു…
ആണെന്ന ചിന്ത മനസ്സിൽ ഉദിക്കാതെ എങ്ങിനെ ഒരാണിന് തന്റെ പെണ്ണിനെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നു…?
ഒരിക്കലെങ്കിലും തന്റെ ദുരഭിമാനം അയ്യാളെ വേട്ടയാടി കാണില്ലേ ???
അച്ഛൻ… അമ്മ…. ഒരു മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹവും ഏറ്റവും വലിയ ശാപവും അവന്റെ മാതാ പിതാക്കൾ ആണ്…
ജനിക്കുമ്പോഴേ കുപ്പയിലേക്കു വലിച്ചെറിയ പെട്ടിരുന്നെങ്കിൽ? അമ്മയെ മദ്യപിച്ചു തല്ലുന്ന അച്ഛൻ ആയിരുന്നെങ്കിൽ? അച്ഛനെ വഞ്ചിച്ചു മറ്റൊരാൾക്കൊപ്പം ഒളിച്ചോടുന്ന അമ്മ ആയിരുന്നെങ്കിൽ?
മക്കളെ മനസ്സിലാക്കാത്ത അവരെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ അനുസരിച്ചു മാത്രം വളർത്തുന്ന അച്ഛനും അമ്മയും ആയിരുന്നെങ്കിൽ എന്റെ ഗതി എന്താവുമായിരുന്നു ??
ഓർക്കാൻ കൂടി വയ്യ…
എന്തായാലും ഈ ലോകത്തെ ഏറ്റവും സ്നേഹ നിധിയായ അച്ഛനെയും അമ്മയെയും എനിക്ക് സമ്മാനമായി തന്ന ദൈവത്തിനു നന്ദി.
വൈഷ്ണവ്.
രക്ഷിതാക്കൾ എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ പ്ലസ്‌ടു ബി 2 വിലെ വൈഷ്ണവ് ദാസ് ഒന്നാം സമ്മാനം നേടിയിരിക്കുന്നു….
സന്തോഷത്തോടെ പുറത്തേക്കിറങ്ങിയ വൈഷ്ണവിനെ ആനി ടീച്ചർ പിന്നിൽ നിന്നും വിളിച്ചു…..
”ഞാനാ മാർക്കിട്ടെ… നന്നായിട്ടുണ്ട്. അച്ഛനോടും അമ്മയോടും എന്റെ അന്വേഷണം പറയണം “
” ഓ.. അതിനെന്താ പറയാം ടീച്ചറെ ” അവൻ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു നടന്നകന്നു..
” ടീച്ചർ എന്ത് പണിയാ ഈ കാണിച്ചേ? ” ഞെട്ടലോടെ അടുത്തു നിന്ന ബിൻസി ടീച്ചർ ചോദിച്ചു
” എന്തെ ബിൻസി? “
” അപ്പൊ ടീച്ചർക്കൊന്നും അറിയില്ലേ?
” ഹാ.. ബിൻസി കാര്യം എന്നാന്നു വെച്ചാ പറ “
” ഇവന്റെ അപ്പൻ മുഴു കുടിയനായിരുന്നു… അമ്മയെ വെട്ടിക്കൊന്നു ഇവനെയും വെട്ടി അയാളും വിഷം കഴിച്ചു…
എന്തോ ഭാഗ്യത്തിന് നാട്ടുകാർ ചെല്ലുമ്പോ ഇവൻ മരിച്ചിട്ടില്ലായിരുന്നു.. രണ്ട് കൊല്ലം ആവുന്നേ ഉള്ളൂ സംഭവം നടന്നിട്ടു.. ടീച്ചർ പുതിയതയോണ്ട ഒന്നും അറിയാത്തെ… ഇവിടെ ബാക്കി എല്ലാവർക്കും അറിയാം “
ആനി ടീച്ചർ ഒറ്റയ്ക്ക് സംസാരിച്ചു നടന്നകലുന്ന വൈഷ്ണവിനെ നോക്കി നിന്നു…
”ഒരു കുട്ടിയുടെ ഏറ്റവും വലിയ അനുഗ്രഹവും അവന്റെ ഏറ്റവും വലിയ ശാപവും അവന്റെ മാതാ പിതാക്കൾ തന്നെ ആണ് “
വൈഷ്ണവിന്റ വാക്കുകൾ ആനിയുടെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.