ഓളങ്ങൾ ~ ഭാഗം 08, എഴുത്ത്: ഉല്ലാസ് OS

ഭാഗം 07 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അങ്ങനെ എല്ലാവരുടെയും അനുഗ്രഹാശിസുകളോടെ വൈശാഖൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി.

മഹാദേവാ…… നീ തന്നെ തുണ…അവളുടെ കൈയിൽ പിടിച്ചു കൊണ്ട് കതിര്മണ്ഡപത്തിനു വലം വെയ്ക്കുമ്പോൾ അവൻ പ്രാർത്ഥിച്ചു..

ഫോട്ടോഗ്രാഫേർസ് ആണ് പിന്നീട് അങ്ങോട്ട് കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത്.

അവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു വൈശാഖനും ലക്ഷ്മിയും ചേഷ്ടകൾ കാണിക്കുന്നുണ്ട്

ഇടക്കെല്ലാം അശോകന്റെ പരിചയത്തിലുള്ള പ്രമുഖ വ്യക്തികളെ എല്ലാം അയാൾ വന്നു പരിചയപ്പെടുത്തി പോയി.. രാഷ്ട്രീയ നേതാക്കന്മാരും, പ്രമുഖ വ്യവസായ സംരംഭകരും ഒക്കെ ഉണ്ട്..വൈശാഖൻ തന്റെ കുട്ടുകാരെ എല്ലാവരെയും വിളിച്ചു ഫോട്ടോ എടുപ്പിച്ചു.

വിജിയും വീണയും ഉണ്ണിമോളും എല്ലാവരും വളരെ സന്തോഷത്തിൽ ആണ്…..

“വൈശാഖേട്ട. ഇത് എന്റെ ക്ലാസ്സ്‌ ടീച്ചർ ആണ്,ഇത് അക്കൗണ്ടൻസി പഠിപ്പിക്കുന്ന സാർ, അതു സെക്കന്റ്‌ ലാംഗ്വേജ് പഠിപ്പിക്കുന്ന ടീച്ചർ, ലക്ഷ്മി അവളുടെ കോളേജിൽ നിന്ന് വന്ന ടീച്ചേഴ്സിനെ ഓരോരുത്തരെ ആയി പരിചയപ്പെടുത്തി..

വൈശാഖൻ എവിടെ ആണ് വർക്ക്‌ ചെയുന്നത്…? രാജി ടീച്ചർ ചോദിച്ചപ്പോൾ ലക്ഷ്മി ഒന്നു പതറി പോയി..

വർക്ക്‌ ചെയ്യുന്നില്ല… ഒന്നു രണ്ട് പരീക്ഷ എഴുതിയിട്ട് റിസൾട്ട് വെയിറ്റ് ചെയുവാ…അവൻ പറഞ്ഞു..

ആണോ… ഓക്കേ.. ഓക്കേ… ടീച്ചർ അവനെ നോക്കി പുഞ്ചിരി തൂകി.

ലക്ഷ്മിക്ക് ആകെ ഒരു കുറച്ചിൽ അനുഭവപെട്ടു..

ജോലി ഇല്ലാത്തതിന്റെ നാണക്കേട് ആദ്യമായി വൈശാഖനും തോന്നി.

ലക്ഷ്മിയുടെ കൂട്ടുകാരുടെ മുൻപിലും വൈശാഖന്റെ തൊഴിലില്ലായ്മ ഒരു ചർച്ച ആയി മാറി..

എടാ… വൈശാഖ… ഇടയ്ക്കു അനൂപ് അവന്റെ അടുത്തേക്ക് വന്നു.

അവന്റെ പ്രണയിനി ആയ പ്രിയയും അവന്റെ കൂടെ ഉണ്ടായിരുന്നു.

പ്രിയയും ലക്ഷ്മിയും വാതോരാതെ സംസാരം ആണ്.

എടാ… ലക്ഷ്മിയുടെ ബെസ്റ്റ് ഫ്രണ്ട് ആണ് പ്രിയ… അനൂപ് പറഞ്ഞു.

എന്റേടി ഈ വേലേം കൂലിയും ഇല്ലാത്തവന്റെ കൂടെ ആണോ നിന്റെ അച്ഛൻ നിന്നെ കെട്ടിച്ചയക്കുന്നത്… പ്രിയ പതിയെ അവളോട് ചോദിച്ചു.

നിനക്ക് അറിയാമോ വൈശാഖട്ടനെ… അമ്പരപ്പ് വിട്ടു മാറാതെ ലക്ഷ്മി അവളെ നോക്കി.

എടി അനൂപേട്ടന്റെ ഫ്രണ്ട് ആണ്, നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ നിന്നെ ഈ വിവാഹത്തിന് ഞാൻ സമ്മതിപ്പിക്കില്ലായിരുന്നു… പ്രിയയുടെ വാക്കുകൾ കേട്ടതും ഇടിവെട്ടേറ്റത് പോലെ നിൽക്കുക ആണ് ലക്ഷ്മി.

ദീപയും അവളുടെ നാത്തൂനും അവരുടെ വീട്ടുകാരും ഒക്കെ ഫോട്ടോ എടുക്കാനായി വന്നു.

അപ്പോളേക്കും പ്രിയ അവിടെ നിന്നു പിൻവാങ്ങി..

ഇനി ഊണ് കഴിക്കാം കെട്ടോ….. സമയം പോയി… ശേഖരൻ അവരെ വന്നു വിളിച്ചു.

എല്ലാവരും ആസ്വദിച്ചിരുന്നു സദ്യ കഴിക്കുക ആണ്..

പാലട പ്രഥമനും അടപ്രഥമനും പാൽ പായസവും…. മൂന്നുതരം പായസം കൂട്ടി ഉള്ള വിഭവങ്ങൾ ആണ് ഇലയിൽ നിരന്നത്..

ഈ നാരങ്ങ അച്ചാറും ഇഞ്ചി പച്ചടിയും മാത്രം മതി ചോറുണ്ണാൻ… ഏതോ ഒരു കാരണവർ അഭിപ്രായപെടുന്നുണ്ട്..

എല്ലാവരും വലിയ സന്തോഷത്തിൽ ആണ്…

കുറെ സമയം കൂടി ഫോട്ടോഎടുക്കൽ എന്ന കർമം തുടർന്ന് കൊണ്ടേ ഇരുന്നു..

അങ്ങനെ ലക്ഷ്‌മിക്കും വൈശാഖനും ഇറങ്ങാനുള്ള മുഹൂർത്തം ആയി..

ദീപയുടെ കൈയിൽ മുറുക്കെ പിടിച്ചിരിക്കുക ആയിരുന്നു ലക്ഷ്മി.

അശോകന്റെയും ശ്യാമളയുടെയും കാൽ തൊട്ടു വന്ദിക്കുമ്പോൾ, ലക്ഷ്മിക്ക് അതു വരെ അടക്കിപ്പിടിച്ച കണ്ണീർ അണപൊട്ടി ഒഴുകി….

അച്ഛനും മകളുംകൂടി വിങ്ങി കരഞ്ഞപ്പോൾ എല്ലാവർക്കും സങ്കടം ആയി…

അപ്പോളേക്കും അശോകന്റെ പെങ്ങളുടെ മകൻ കണ്ണൻ അലങ്കരിച്ച ഒരു ഹോണ്ടാസിറ്റി കാറും ആയി അവിടേക്ക് വന്നു..

അശോകൻ ആ കാറിന്റെ ചാവി മേടിച്ചു വൈശാഖന്റെയുo മകളുടെയും കൈയിൽ കൊടുത്തു…

അച്ഛന്റെയും അമ്മയുടെയും വിവാഹ സമ്മാനം ആണിത്… അയാൾ മകളോട് പറഞ്ഞു.

വീണയ്ക്കും വിജയ്ക്കും ഒന്നും ഇപ്പോളും ഞെട്ടൽ വിട്ടുമാറിയിട്ടില്ല…

ഈശ്വരാ… അടിപൊളി കാർ…

അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞിട്ട് അവർ രണ്ടാളും അശോകൻ മേടിച്ചു കൊടുത്ത കാറിൽ കയറി..

വൈശാഖൻ ഇടയ്ക്കു ലക്ഷ്മിയുടെ കൈയിൽ പിടിച്ചപ്പോൾ അവൾ അതു തട്ടി മാറ്റി..

ആക്രാന്തം പാടില്ല കുട്ടാ….. അവൻ തന്നോട് തന്നെ പറഞ്ഞു.

വൈശാഖന്റെ വീടിന്റെ മുറ്റത്തു കാർ വന്നു നിന്നു.

ഇറങ്ങിവാടോ…. വൈശാഖൻ അവളെ വിളിച്ചു.

അവൾ സാവധാനം കാറിൽ നിന്ന് ഇറങ്ങി.

ചുറ്റിനും ഒന്നു കണ്ണോടിച്ചു.

ഒരു സാധാരണ വീട് ആണെന്ന് അവൾക്ക് തോന്നി..

വിജി വന്നു അവളുടെ കൈയിൽ പിടിച്ചു..

വരു….മോളേ… ഏതോ ഒരു സ്ത്രീ വന്നു അവളെ വിളിച്ചു.

സുമിത്രയും ഒന്നു രണ്ട് സ്ത്രീകളും ചേർന്ന്, നിലവിളക്കും ആരതിയും ഒക്കെ ആയി അവളെ സ്വീകരിച്ചു..

അങ്ങനെ വലതുകാൽ വെച്ചു അവൾ ഗ്രഹപ്രേവേശനം നടത്തി.

മധുരം വെയ്പ്പായിരുന്നു അടുത്ത ചടങ്ങ്.

ലക്ഷ്മിക്കാണെങ്കിൽ പാൽ കുടിച്ചപ്പോൾ ശർധിക്കാൻ വരുന്നുണ്ടായിരുന്നു…കാരണം അവൾ ബ്രൂ കോഫി ആണ് കുടിച്ചുകൊണ്ട് ഇരുന്നത്.. പാൽ കുടിക്കില്ല..

കുറെ സ്ത്രീകൾ പുതിയ പെണ്ണിനെ കാണാൻ എത്തിയിരുന്നു..

ലക്ഷ്മിക്ക് ആണെങ്കിൽ ആകെ അസ്വസ്ഥത ആയിരുന്നു…

ഈ ആഭരണങ്ങൾ എല്ലാം അണിഞ്ഞ കൊണ്ടുളള ഈ നിൽപ്പ്…

കുറച്ചു കഴിഞ്ഞതും വിജി അവളുടെ അടുത്തേക്ക് വന്നു.

നമ്മൾക്ക് പോയി ഈ വേഷം ഒക്കെ മാറാം.. വിജി അവളെ വിളിച്ചുകൊണ്ടു വൈശാഖന്റെ മുറിയിലേക്ക് പോയി.

സ്വര്ണാഭരങ്ങൾ എല്ലാം അഴിച്ചുമാട്ടി ഭദ്രമായിട്ടു സുമിത്ര അലമാരയിൽ വെച്ചു പൂട്ടി..

വൈകിട്ടത്തെ ഫങ്ക്ഷന് ഉളള ഡ്രസ്സ്‌ മാറിക്കോളു,,, ബ്യുട്ടീഷൻ വന്നിട്ടുണ്ട്… വീണ പറഞ്ഞു.

അങ്ങനെ വൈകിട്ടത്തേക്കുളള മേക്കപ്പ് ആയിരുന്നു അടുത്തത്..

ഇടയ്ക്ക് വൈശാഖൻ വന്നു എത്തി നോക്കിയപ്പോൾ റൂം അടച്ചു ലോക്ക് ചെയ്തിരിക്കുക ആയിരുന്നു.

5.30 ആയപ്പോൾ ആളുകൾ എല്ലാവരും എത്തി തുടങ്ങിയിരുന്നു..

അശോകനും കുടുംബാംഗങ്ങളും എല്ലാവരും കൂടി 6മണി ആയപ്പോൾ വന്നു.

കുറച്ചു സ്ത്രീകൾ ലെക്ഷ്മിയുമായി അവരുടെ മുറിയിൽ വന്നു.

ഈ ഡ്രെസ്സ് സൂപ്പർ ആണ് കെട്ടോ… വല്യമ്മയുടെ മകൾ അനുരാധ പറഞ്ഞു.

എല്ലാവരും അതു ശരി വെച്ചു…

എ സി ഇല്ലേടി ഈ റൂമിൽ… അച്ഛന്റെ പെങ്ങൾ ശരദ ചോദിച്ചപ്പോൾ ആണ് ലക്ഷ്മി പോലും അതു ശ്രദ്ധിച്ചത്.

ഈ മരങ്ങളുടെ ഒക്കെ നല്ല തണുപ്പും കുളിർമയും ഉള്ളപ്പോൾ എന്തിനാ അപ്പച്ചി എ സി…. ദീപ അതു ഏറ്റുപിടിച്ചു.

കുറച്ചു സ്ത്രീജനങ്ങൾക്ക് വീടും ചുറ്റുപാടും അത്രക്ക് രസിച്ചില്ല.. ഈ മുതൽ എല്ലാം കൊടുത്തിട്ട് കുറച്ചൂടെ നല്ല വീട്ടിലേക്ക് പറഞ്ഞു അയക്കമായിരുന്നു… ചിലർ അടക്കം പറഞ്ഞു.

ചെറുക്കന്റെ സൗന്ദര്യം കണ്ട് വീണുപോയതാണ്… ശാരദ പറഞ്ഞു.

ആഹ്… അഴകുള്ള ചക്കയിൽ ചുള ഇല്ലാ… വല്യച്ഛന്റെ മകൾ രാധ പറഞ്ഞപ്പോൾ ദീപക്ക് ദേഷ്യം വന്നു .

ലക്ഷ്മിമോളെ…. സുമിത്ര വന്നു വിളിച്ചു.

വരു മോളേ… വൈശാഖൻ വിളിക്കുന്നു, അവന്റെ സാർ വന്നിട്ടുണ്ട്, എന്നു പറഞ്ഞു അവർ അവളെ അവിടെ നിന്നും കൂട്ടി കൊണ്ട് പോയി…

ശാരദ അപ്പച്ചി ജനിച്ചു വീണത് എ സി യിലോട്ട് ആണോ അമ്മേ… ദീപ ശ്യാമളയോട് ചോദിച്ചു

മിണ്ടാതിരിക്കു…നൂറു കുറ്റം കാണും ഒരു കല്യാണം കഴിയുന്പോൾ. നമ്മൾ കണ്ടിലാ കേട്ടില്ല ന്നു നടിച്ചാൽ മതി.. അവർ മകളോട് പറഞ്ഞു

9മണിയോട് കൂടി ആണ് എല്ലാവരും പിരിഞ്ഞു പോയത്….

ലക്ഷ്മിക്ക് ആണെങ്കിൽ വേഷം മാറി ഒന്നു കുളിച്ചു കഴിഞ്ഞപ്പോൾ ആണ് സമാധാനം ആയത്..

ആരൊക്കെയോ ചേർന്ന് മണിയറ ഒക്കെ നന്നയി അലങ്കരിച്ചിരുന്നു..

പാലും പഴങ്ങളും ഒക്കെ മേശമേൽ വെച്ചിട്ടുണ്ട്..

ഭക്ഷണം കഴിച്ചിട്ട് വൈശാഖനും ലക്ഷ്മിയും കൂടി മുറിയിലേക്ക് പോയി. ആഹ്ഹാ ആരാണ് ഈ അലങ്കോല പണികൾ ഒക്കേ ചെയ്തു വെച്ചിരിക്കുന്നത്… ലക്ഷ്മി അടക്കി ചിരിച്ചു കൊണ്ട് കട്ടിലിൽ പോയി ഇരുന്നു..

എന്തൊരു ചൂട് ആണ് വൈശാഖേട്ട… അവൾ ഒരു മാഗസിൻ എടുത്തു വീശി.

ഫാനിനു നല്ല സ്പീഡ് ഉണ്ടല്ലോ… അവൻ പോയി പരിശോദിച്ചു നോക്കിയിട്ട് പറഞ്ഞു.

ഏട്ടാ… അത്യാവശ്യം ആയിട്ട് നമ്മൾക്ക് ഒരു എ സി മേടിക്കണം…എനിക്ക് ഈ ചൂട് സഹിച്ചു കിടക്കാൻ വയ്യാ… അവൾ പറഞ്ഞപ്പോൾ വൈശാഖൻ അന്തം വിട്ടു അവളെ നോക്കി..

അവൻ പതിയെ കട്ടിലിന്റെ അടുത്തേക്ക് ചെന്നു, അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു..

എന്നിട്ട് ജനാലയുടെ അടുത്തേക്ക് കൊണ്ടുപോയി.

ജനാലവാതിൽ അവൻ തുറന്നിട്ട്‌..

പാടവരമ്പത്തു നിന്നും നല്ല തണുത്ത കാറ്റ് അടിച്ചു വന്നു.. അവൾക്ക് നല്ല ഒരു ഉന്മേഷം തോന്നി.

ഒരു നിമിഷം അവൾ അവിടെ നിന്നു..

അപ്പോളേക്കും അവൻ അവളെ പിടിച്ചു തനിക്കഭിമുഖമായി നിർത്തി..

ഈ സുഖം ഏത് കമ്പനിയുടെ എ സി ക്ക് കിട്ടും മോളേ… അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു…

അവൾ അവനെ അടിമുടി ഒന്നു നോക്കി…

കിടക്കണ്ടേ… ഇങ്ങനെ നിന്നാൽ മതിയോ..

അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

മ്… അവൾ ഒന്നു മൂളി.

അതേയ്… ഈ വേഷം ഒക്കെ മാറി പോയി കുളിക്ക്..

അവൾ പറഞ്ഞതും അവൻ വേഗം ബാത്റൂമിലേക്ക് പോയി.

ആസ്വദിച്ചുള്ള കുളി ഒക്കെ കഴിഞ്ഞു ഒരു മൂളിപ്പാട്ടും പാടി ഇറങ്ങിവന്നപ്പോൾ വൈശാഖൻ ഞെട്ടി പോയി.

ലക്ഷ്മി സുഖമായി ഉറങ്ങുന്നു..

ലക്ഷ്മി… അവൻ പതിയെ വിളിച്ചു.

ഒന്നു രണ്ട് ആവർത്തി കൂടി വിളിച്ചു കഴിഞ്ഞപ്പോൾ അവൾ ഒന്നു ഞെരങ്ങി..

എന്താ മുത്തശ്ശി… കിടന്നു ഉറങ്ങു.. അവൾ അവ്യക്തമായി പറഞ്ഞു.

മുത്തശ്ശിയോ… എടി പെണ്ണേ…. ഇത് മുത്തശ്ശി അല്ല…. നിന്റെ കെട്ടിയോൻ ആണ്… അവൻ പിറുപിറുത്തു.

പാവം…. നല്ല ക്ഷീണം ഉണ്ട്… ഉറങ്ങട്ടെ… അവനും മനസില്ലാമനസോടെ കട്ടിലിൽ കയറി കിടന്നു.

ചെരിഞ്ഞുകിടന്നു ഉറങ്ങുന്ന ലക്ഷ്‌മിയെ അവനൊന്നു നോക്കി.

ഒന്നുമറിയാതെ കിടക്കണ കിടപ്പ് കണ്ടില്ലേ… അവളുടെയൊരു എ സി….

എപ്പോളോ അവന്റെ കണ്ണുകളും അടഞ്ഞു.

***************

രാവിലെ 6മണി….

വൈശാഖൻ പതിവ് പോലെ എഴുനേറ്റു.

നോക്കിയപ്പോൾ ലക്ഷ്മി നല്ല ഉറക്കത്തിൽ ആണ്.

സാധാരണ ഭാര്യമാർ ആണ് ഭർത്താവിനെ വിളിച്ചു എഴുന്നേൽപ്പിച്ചു കാപ്പി ഒക്കെ ആയിട്ട് നിൽക്കണത്..

ഇത് നേരെ തിരിച്ചു ആവുമോ..

ലക്ഷ്മി…. എഴുന്നേൽക്കു….ലക്ഷമി…. അവൻ കുറെ തട്ടി വിളിച്ചപ്പോൾ അവൾ ചാടി എഴുനേറ്റു .

അയ്യോ… നേരം എത്ര ആയി… അവൾ അവനോട് ചോദിച്ചു.

അവൻ ക്ലോക്കിലേക്ക് വിരൽ ചൂണ്ടി..

അവൻ എടുത്തു കൊടുത്ത ബ്രഷും മേടിച്ചുകൊണ്ട് വേഗം അവൾ ബാത്റൂമിലേക്കയറി.

പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കിടുകിടാന്നു വിറച്ചു കൊണ്ട് അവൾ പുറത്തേക്ക് വന്നു.

താൻ കുളിച്ചോ… അവൻ ചോദിച്ചു.

മ്… എന്റെ മുത്തശ്ശി പറഞ്ഞു കുളിച്ചിട്ടേ അടുക്കളയിൽ പോകാവൊള്ളൂ എന്നു…അവൾ വിറച്ചു..

ആഹ് ബെസ്റ്റ്….. ശരി ശരി എന്നാൽ ചെല്ല്… അവൻ പറഞ്ഞപ്പോൾ അവൾ വേഗം പുറത്തേക്ക് ഇറങ്ങി പോയി …..

അവൾ അടുക്കളയിലേക്ക് ചെന്നപ്പോൾ മൊരിഞ്ഞ ദോശയുടെ മണം അവിടമാകെ നിറഞ്ഞിരുന്നു..

വീണ എഴുനേറ്റ് മുറ്റം അടിക്കുന്നുണ്ട്..

സുമിത്ര അടുക്കളയിൽ എന്തൊക്കെയോ പണികൾ ആണ്..

വിജി ആണെങ്കിൽ അമ്മിക്കല്ലിൽ ചമ്മന്തി അരക്കുക ആണ്..

“എന്റെ മോളേ… നീ കുളിച്ചോ…. ഈ വെള്ളം മാറി കാലത്തെ കുളിച്ചാൽ എന്താകുമോ… സുമിത്ര വന്നു അവള്‌ടെ മുടിയിൽ പിടിച്ചു…

സാരമില്ലമ്മേ….കുഴപ്പമിl.ല്ല…അവൾ പറഞ്ഞു..

അപ്പോളേക്കും ഉണ്ണിമോളും അടുക്കളയിലേക്ക് വന്നു..

അയ്യോ.. ചേച്ചി കുളിച്ചോ… വല്ല പനിയും പിടിക്കും കെട്ടോ… അവൾ പറഞ്ഞു..

മോളേ… ഇനി, കുളിക്കുവൊന്നും വേണ്ട കെട്ടോ… ഇവിടെ അങ്ങനെ ഒന്നും ഇല്ലാ… സുമിത്ര അത് പറഞ്ഞപ്പോൾ അവൾക്ക് സന്തോഷം ആയി…

ഇതാ മോളേ.. ഈ ചായ കൊണ്ടുപോയി വൈശാഖന് കൊടുക്ക്.. സുമിത്ര ഒരു കപ്പ് ചായ അവൾക്ക് കൊടുത്തിട്ട് പറഞ്ഞു.

അവൾ അതുമായി മുറിയിലേക്ക് ചെന്നു.

അവൻ കാപ്പി മേടിച്ചു മേശയിൽ വെച്ചിട്ട് അവളെ വാരിപ്പുണർന്നു..

അയ്യേ…..ഇതെന്താ ഈ കാണിക്കുന്നത്… അവൾ അവനെ തള്ളി മാറ്റിയിട്ട് വേഗം റൂമിനു പുറത്തേക്ക് ഇറങ്ങി.

കാലത്തെ ദോശയും ചമ്മന്തിയും ആയിരുന്നു ബ്രേക്ക്‌ഫാസ്റ്റ്..

എല്ലാവരും കൂടി ഒരുമിച്ചു ഇരുന്നു ആണ് കഴിച്ചത്..

അച്ഛൻ ഒരുപാട് ഒന്നും സംസാരിക്കുന്ന പ്രകൃതം അല്ലെന്നു ലക്ഷ്മിക്ക് തോന്നി…

കാലത്തെ തന്നെ അശോകനും ശ്യാമളയും ദീപയും ഒക്കെ അവളെ വിളിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു.

അവൾ സന്തോഷത്തോടെ ആണ് എന്ന് എല്ലാവർക്കും അവളുടെ സംസാരത്തിൽ നിന്ന് മനസിലായി..

വൈശാഖൻ കാലത്തെ ഡ്രസ്സ്‌ മാറി വന്നപ്പോൾ വിജി അവിടേക്ക് വന്നു.

നീ എവിടെ പോകുവാ…അവൾ ചോദിച്ചു.

മിക്സി നന്നാക്കാൻ കൊടുക്കാൻ പോകുവാടി… അവൻ പുറത്തേക്ക് ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയി.

കാറിൽ നോക്കി കൊണ്ട് നിൽക്കുക ആണ് വിജിയും, വീണയും…

നല്ല കാർ ആണ്… അവർ ലക്ഷ്മിയോട് പറഞ്ഞു..

അച്ഛൻ എന്നോട് പോലും പറഞ്ഞില്ലെന്നേ… ഞാൻ അറിയുന്നത് ഇന്നലെ ഇങ്ങോട്ട് പുറപ്പെടാൻ നേരം ആണ്… ലക്ഷ്മി അവരോട് പറഞ്ഞു..

“ചേച്ചിക്ക് ഡ്രൈവിംഗ് അറിയാമോ “ഉണ്ണിമോൾ ചോദിച്ചപ്പോൾ അവൾ തലകുലുക്കി…

വല്യേട്ടൻ പഠിച്ചിട്ടില്ല… ഇനി പഠിക്കാൻ പറയണം… വീണയും പറഞ്ഞു

ലക്ഷ്മി മുറ്റത്തൂടെ ഒക്കെ നടന്നു..

കുറെ പച്ചക്കറികളും കപ്പയും വാഴയും ചേനയും ഒക്കെ ഉണ്ട്.. എല്ലാം അച്ചന്റെ അധ്വാനമാ…. ഉണ്ണിമോൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

ആണോ…. വൈശാഖേട്ടൻ ഒന്നുംചെയ്യാറില്ലേ… അവൾ ചോദിച്ചു.

അയ്യോ ഇല്ലന്നെ…. വല്യേട്ടന് ഇതെല്ലാം മടിയാണ്.. ഏട്ടൻ ഒഴിഞ്ഞുമാറിപോകും… ഉണ്ണിമോൾ ഒരു നാളികേരം കൊഴിഞ്ഞു കിടക്കുന്നത് എടുക്കുക ആണ്…

സുമിത്രയും വിജിയും കൂടെ കുറെ തുണിയും വാരികെട്ടി ഇറങ്ങി വന്നു….

ഇതെല്ലാം നനയ്ക്കാൻ ഉള്ളത് ആണോ അമ്മേ… വീണ തലയിൽ കൈ വെച്ചു.
പിന്നല്ലാതെ… എത്ര ആളുകൾ ഉണ്ടായിരുന്നു രണ്ട് ദിവസമായിട്ട്… സുമിത്ര പറഞ്ഞു.

അമ്മയും മക്കളും കൂടി എല്ലാം നനച്ചിടുവാണ്…

ഈശ്വരാ, ഇവിടെ ഒരു വാഷിംഗ്‌ മെഷീൻ പോലും ഇല്ലേ… ലക്ഷ്മി ഓർത്തു.

അച്ഛനോട് പറഞ്ഞു ഉടനെ ഒരു വാഷിംഗ്‌ മെഷീൻ മേടിപ്പിക്കണം.. അവൾ തീർച്ചപ്പെടുത്തി.

കുറെ സമയം കഴിഞ്ഞപ്പോൾ വൈശാഖൻ വന്നു.

അവന്റെ കൈയിൽ ഒരു പൊതി ഉണ്ടായിരുന്നു…

ഉണ്ണിമോളേ… അവൻ ഉറക്കെ വിളിച്ചു.

ലക്ഷ്മി നോക്കി നിൽക്കുക ആണ്..

അവൻ അതു ഉണ്ണിമോളുടെ കൈയിൽ കൊടുത്തു..

അവൾ അതു തുറന്നപ്പോൾ പരിപ്പുവട ആയിരുന്നു അതിൽ..

അവൾ അതു എല്ലാവർക്കും പങ്കു വെച്ചു.

ലക്ഷ്മി മാത്രം കഴിച്ചില്ല… അവൾക്ക് അതു ഇഷ്ടമല്ല, എന്നു പറഞ്ഞു.

ഉച്ച കഴിഞ്ഞപ്പോൾ വിജി യാത്ര പറഞ്ഞു പോയി.. തലേദിവസം തന്നെ ഗോപനും കട തുറക്കേണ്ടത് കൊണ്ട് പോയിരുന്നു.

രണ്ടാളും കൂടി വീട്ടിലേക്ക് വിരുന്നിനു വരുമ്പോൾ അവിടേക്ക് വരണം… വിജി ലക്ഷ്മിയോട് പ്രത്യേകം പറഞ്ഞിട്ട് ആണ് പോയത്..

മിക്സി നന്നാക്കി കൊണ്ട് വന്നത് കൊണ്ട്, സുമിത്രക്ക് ആശ്വാസം ആയിരുന്നു.

അരക്കാനും പൊടിക്കാനും ഒക്കെ ആരെ കൊണ്ട് പറ്റും എന്റെ മോനേ … സുമിത്ര മകനോട് പറഞ്ഞു.

ഉച്ച കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ലക്ഷ്മിക്ക് തുമ്മൽ..

ജലദോഷം പിടിക്കാനാണോ ന്റെ കൃഷ്ണാ…. സുമിത്ര അവൾക്ക് ആവി പിടിക്കാൻ വേണ്ടി തുളസിയിലയും പനിക്കൂർക്ക ഇലയുo കൂടി തൊടിയിൽ നിന്നു പറിച്ചെടുത്തോണ്ട് വന്നു..

മോള് പോയി കുറച്ചു സമയം കിടക്കു… അപ്പോളേക്കും മാറിക്കോളും.. സുമിത്ര അവളെ മുറിയിലേക്ക് പറഞ്ഞു അയച്ചു

വൈശാഖൻ അവളുടെ അടുത്തേക്കു ഇടയ്ക്കു പോയി.

അവൾ പതിയെ മയങ്ങുക ആയിരുന്നു.

അവൻ റൂമിൽ നിന്നു തിരിച്ചു പോന്നു..

അവളുടെ കൂടെ കിടക്കണം എന്നു ആഗ്രഹം ഉണ്ടായിട്ടല്ല, എന്ത് ചെയ്യാനാ….. അവൻ ഓർത്തു..

നല്ല പഴംപൊരിയുടെ മണം നാസികയിലേക്ക് തുളച്ചു കയറിയപ്പോൾ ആണ് ലക്ഷ്മി കണ്ണ് തുറന്നത്..

നേരം വൈകിയെന്നു അവൾക്ക് മനസിലായി..

അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു അടുക്കളയിൽ ചെന്നപ്പോൾ വൈശാഖനും വീണയും കൂടി എന്തൊക്കെയോ പറഞ്ഞു ചിരിക്കുക ആണ്..

ആഹ്… കുറഞ്ഞോ ഏടത്തി… വീണ അവളോട് ചോദിച്ചു..

മ്..കുറവുണ്ട് എന്നു പറഞ്ഞു കൊണ്ട് അവൾ അവരുടെ അടുത്തേക്ക് ചെന്നിരുന്നു.

വൈശാഖൻ ഒരു പഴംപൊരി എടുത്തു ലക്ഷ്മിക്ക് കൊടുത്തു..

അപ്പോളേക്കും വീണ അവൾക്ക് ചായയും എടുത്തു കൊടുത്തു

അവൾ കഴിക്കുന്നതും നോക്കി ഇരിക്കുക ആണ് വൈശാഖൻ..

ശേഖരൻ അപ്പോളേക്കും കുറച്ചു കപ്പയും ആയിട്ട് അവിടേക്ക് വന്നു.

മോളേ… എങ്ങനെ ഉണ്ട്, കുറഞ്ഞോ… ശേഖരൻ വാത്സല്യത്തോടെ ലക്ഷ്മിയോട് ചോദിച്ചു.

ഉവ്വ് അച്ഛാ… അവൾ കസേരയിൽ നിന്നു എഴുനേറ്റു..

അവിടെ ഇരിക്ക്‌… ഇരുന്നു കഴിക്ക്… അതും പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങി പോയി.

കപ്പക്കെന്താ അമ്മേ കറി വെയ്ക്കുന്നത്… വീണ ചോദിച്ചു.

ആ പൂവനെ കൊല്ലാം എന്നു പറഞ്ഞാണ് അച്ഛൻ… ഭയങ്കര ചികച്ചിൽ ആണ് ആ പൂവൻ.. സുമിത്ര ചീനച്ചട്ടിയിൽ നിന്നു പാത്രത്തിലേക്ക് പഴംപൊരി എല്ലാം എടുത്തു വെച്ച് കൊണ്ട് പറഞ്ഞു

അതാണ് നല്ലത്… വൈശാഖൻ പറഞ്ഞു..

മോൾക്ക് എന്നു മുതൽ ആണ് കോളേജിൽ പോകേണ്ടത്… സുമിത്രയും അവളുടെ അടുത്തേക്ക് ചായയും ആയിട്ട് വന്നിരുന്നു.

അടുത്ത ആഴ്ച മുതൽ പോകണം അമ്മേ.. അവൾ പറഞ്ഞു.

ഇനി രണ്ട് വർഷം കൂടി ഉണ്ട് അല്ലേ മോളേ… സുമിത്ര ചോദിച്ചപ്പോൾ അവൾ തലകുലുക്കി..

അന്ന് രാത്രിയിൽ കിടക്കാൻ നേരം ലക്ഷ്മി അവനോട് കുറച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു.

അതേയ്… എനിക്ക് ഇനി രണ്ട് വർഷം കൂടി ക്ലാസ്സ്‌ ഉണ്ട് …മുടങ്ങാതെ ക്ലാസിൽ പോകണം എന്നാണ് എന്റെ ആഗ്രഹം… താങ്കൾ അതിനു തടസമാകില്ല എന്ന് ഞാൻ വിശ്വസിച്ചോട്ടെ…

അവൾ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് മനസിലാക്കൻ എം എസ് സി മാത്‍സ് പഠിക്കണമെന്ന് ഇല്ലാ എന്നു അവനു അറിയാമായിരുന്നു.

അപ്പോൾ നീ രണ്ടും കല്പ്പിച്ചു ഇറങ്ങിയേക്കുവാനല്ലേ….ഒടുവിൽ അവൻ ചോദിച്ചു.

യെസ്…. നിങ്ങളെ പോലെ തെക്കുവടക്കു നടക്കുന്ന ഒരാൾക്ക് എന്നെ പിടിച്ചു കെട്ടിച്ചത് എന്റെ വിധി.. പക്ഷേ എനിക്ക് അങ്ങനെ തോറ്റു പിന്മാറണം എന്ന് ആഗ്രഹം ഇല്ല…ഞാൻ ഒരു ജോലി സമ്പാദിക്കും.. ഒരു വരുമാനം എനിക്ക് വേണം.. അതു കഴിഞ്ഞു മതി ബാക്കി എല്ലാം… എനിക്ക് അതിനു മാത്രം പ്രായം ആയില്ല മാഷേ… അവൾ ബെഡ് എല്ലാം കുടഞ്ഞു വിരിച്ചു.

തനിക്ക് സ്വന്തമായി ഒരു ജോലി ഇല്ലാ… വരുമാനം ഇല്ലാ…. അതൊരു വല്യ പ്രശ്നo ആണെന്നു അവൻ ഓർത്തു.

അവൾ നേരിട്ടു അല്ലെങ്കിലും അങ്ങനെ ആണ് സൂചിപ്പിച്ചത്..

തന്റെ അദ്ധ്യാപകരും കൂട്ടുകാരും, ബന്ധുക്കളും എല്ലാവരും എതിർപ്പ് പറഞ്ഞത്… ജോലി ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ ആണ് വൈശാഖൻ എന്നായിരുന്നു..

എത്രയൊക്കെ ശ്രമിച്ചിട്ടും അവളുടെ മനസ്സിൽ നിന്ന് അതു പോയില്ല…

തുടരും…