ഓളങ്ങൾ ~ ഭാഗം 36, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വരുന്ന വഴിക്ക് തട്ടുകടയിൽ നിന്ന് മൊരിഞ്ഞ തട്ട് ദോശയും ചിക്കൻ ഫ്രയും ചമ്മന്തിയും ഒക്കെ അവൻ അവൾക്ക് മേടിച്ചു കൊടുത്തു.

ലക്ഷ്മി ആസ്വദിച്ചു ഇരുന്നു കഴിയ്ക്കുന്നത് നോക്കി ഇരിക്കുക ആണ് വൈശാഖൻ…

“നിനക്ക് ഇത് കഴിയ്ക്കാൻ കൊതി ആയിരുന്നോടി… “വീട്ടിലേക്ക് ഉള്ള പാർസൽ വാങ്ങി വണ്ടിയിലേക്ക് കയറുമ്പോൾ അവൻ ലക്ഷ്മിയോട് ചോദിച്ചു..

“. അങ്ങനെ ഒന്നുമില്ല ഏട്ടാ… എന്നാലും കൊതി ഇല്ലാതില്ലാ കെട്ടോ.. “അവൾ ചിരിച്ചു..

“ഓഹ് ഇപ്പോളെങ്കിലും ഒന്ന് ചിരിച്ചു കണ്ടല്ലോ… ഹാവൂ സമാധാനം ആയി.. “

“ഓഹ് അങ്ങനെ…. “

“മ് എന്തായാലും പോയ പോലെ അല്ല ഇപ്പോൾ ആള്.. ഇനി ആ ഡോക്ടറെ കാണിച്ചാൽ മതി കെട്ടോ… “വീട്ടിലെത്തിയതും സുമിത്ര പറഞ്ഞു..

രാത്രിയിൽ ഭക്ഷണം കഴിയ്ക്കാൻ ഇരുന്നപ്പോൾ ആണ് വൈശാഖാനോട് ലക്ഷ്മിയെ പ്രസവത്തിനു വിടുന്ന കാര്യത്തെ കുറിച്ച് സുമിത്ര സംസാരിച്ചത്..

“പറഞ്ഞപോലെ അങ്ങനെ ഒക്കെ ഉണ്ടല്ലോ അല്ലേ.. ഞാൻ അതൊക്കെ മറന്നു…… “

” ലക്ഷ്മി മോളുടെ അച്ഛൻ, കണിയാന്റെ അടുത്ത് പോയി നേരം കുറിപ്പിച്ചിട്ടു വിളിക്കാം എന്നാണ് പറഞ്ഞത്….. “

“മ്…. “അവൻ ഒന്ന് മൂളി..

“ഓഹ് ഏട്ടന് ഏട്ടത്തിയെ അയക്കാൻ തീരെ താല്പര്യം ഇല്ലാ കെട്ടോ അമ്മേ.” ഉണ്ണിമോൾ ചിരിച്ചു.

” അതിനു ഒരുപാടു ദിവസം ഒന്നും നിൽക്കുന്നില്ല, ഏറിയാൽ ഒരാഴ്ച അത്രയും അല്ലേ ഉള്ളൂ അമ്മേ” ലക്ഷ്മി പറഞ്ഞു..

അതൊക്കെ മതി മോളെ, തന്നെയുമല്ല ഇവിടെ കല്യാണവും അല്ലേ, മോള് പോയിട്ട് പെട്ടെന്ന് ഇങ് പോരെ “

ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ശേഖരന്റെ ഫോൺ ശബ്ദിച്ചു…

അശോകനാണ് വിളിക്കുന്നത്,,,, അയാൾ ഊണ് കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു..

ഹലോ അശോക….. ആണോ,, പോയിരുന്നു അല്ലേ…. അന്ന് നല്ല ദിവസം ആണെങ്കിൽ അത് തന്നെ നോക്കാം.. ഞാൻ ഇവിടെ എല്ലാവരോടും പറഞ്ഞിട്ട് ഇപ്പോൾ തന്നെ തിരിച്ചു വിളിക്കാം….അയാൾ ഫോൺ കട്ട് ചെയ്തു..

“എന്താ പറഞ്ഞത്.. “സുമിത്ര അയാളുടെ അടുത്തേക്ക് വന്നു..

“മ്… ഇന്ന് തിങ്കൾ അല്ലേ… ഇനി മൂന്ന് ദിവസം കുടി, വ്യാഴാഴ്ച നല്ല ദിവസം ആണെന്ന് കണിയാൻ പറഞ്ഞത്.. “

” അന്നു വൈശാഖൻ ജോലിക്ക് പോകണ്ടേ മോനേ,,, അവധി എടുക്കാൻ പറ്റുമോ?

എന്റെ കാര്യം ഉറപ്പില്ല ഞാൻ ജോലിക്ക് ജോയിൻ ചെയ്തത് അല്ലേ ഉള്ളൂ.. അവനും അച്ഛന്റെ അടുത്തു സെറ്റിലേക്ക് വന്നിരുന്നു..

” വ്യാഴം കഴിഞ്ഞാൽ പിന്നെ രണ്ടുമൂന്ന് ആഴ്ച കൂടി കഴിയണം ശുഭമുഹൂർത്തം ഇല്ല എന്നാണ് അശോകൻ പറഞ്ഞത്”

” എങ്കിൽ പിന്നെ വ്യാഴാഴ്ച തന്നെ നടത്താം, അടുത്ത ആഴ്ച ഒക്കെ ആകുമ്പോൾ, വീണയ്ക്ക് മന്ത്രകോടി എടുക്കാൻ പോകാൻ അവർ വിളിക്കും,,, പിന്നെ കല്യാണം വിളിയും തുടങ്ങണ്ടേ,,, വ്യാഴാഴ്ച തന്നെ നടത്താo അല്ലേ ശേഖരേട്ട… “

” നിങ്ങളോട് എല്ലാവരോടും കൂടി ആലോചിച്ചിട്ട് ഞാൻ അശോകനെ വിളിക്കാം എന്നാണ് പറഞ്ഞത്”

” എങ്കിൽ അച്ഛൻ വിളിച്ചു പറഞ്ഞോ,,, വ്യാഴാഴ്ച അവര് വരട്ടെ,, അല്ലേ ലക്ഷ്മി,, “

” എല്ലാവരുടെയും സൗകര്യം പോലെ ചെയ്യാം ഏട്ടാ”

“ശേഖരൻ അപ്പോൾ തന്നെ ഫോൺ വിളിച്ചു അശോകനോട്‌ വ്യാഴാഴ്ച തന്നെ ചടങ്ങ് നടത്താം എന്ന് പറഞ്ഞു”

” വ്യാഴാഴ്ച പോയിട്ട് ഞായറാഴ്ച ഇങ്ങോട്ട് വരാo അല്ലേ ലക്ഷ്മി” രാത്രിയിൽ കിടക്കാൻ നേരം വൈശാഖൻ ലക്ഷ്മിയോട് പറഞ്ഞു..

“ഏഴു ദിവസം എങ്കിലും നിൽക്കണം എന്നാണ് എല്ലാവരും പറയുന്നത്,, ഞാൻ അമ്മയോട് ചോദിക്കട്ടെ “

“കുഞ്ഞവയോട് മിണ്ടാതെ അത്രയും ദിവസം എങ്ങനെ ആണ്… “അവൻ അവളുടെ വയറിലേക്ക് മുഖം ചേർത്ത്..

“ആഹ്… ഉറങ്ങാതെ കിടക്കുവാണോ മുത്തേ.. “അവന്റെ സംസാരം കേട്ടതും കുഞ്ഞ് ഒന്ന് അനങ്ങി..

“കൂട്ടിലെത്താൻ കൊതിയ്ക്കുന്ന….

………. ഒരായിരം രാവുകൾ കാത്തിരുന്നു ഞാൻ…

അവന്റെ പാട്ട് കേട്ടതും കുഞ്ഞ് വീണ്ടും വീണ്ടും അനങ്ങി..

“നോക്കെടി…ദേ.. ദേ.. അച്ഛെടെ മുത്തേ… എന്താടാ….എന്റെ തക്കുടു.. അവൻ തുരുതുരെ വയറ്റിൽ ഉമ്മ വെച്ച്…

“വാവയ്ക്ക് എന്തായാലും അച്ഛ കഴിഞ്ഞേ ഒള്ളു ബാക്കി എല്ലാo.. അത് ഉറപ്പാ…”അവൾ ചിരിച്ചു..

‘അതെന്താടി… “

“അല്ലാ.. ഏട്ടൻ വരുമ്പോൾ ഭയങ്കര ഡാൻസ് ആണ് ആള്… അതുകൊണ്ട് പറഞ്ഞതാ… “

“മ്..മോൾ ആണോ മോൻ ആണോ… അതാണ് എന്റെ മനസ്സിൽ എപ്പോളും… “

“മോൻ ആണെങ്കിൽ വിഷമം ആകുമോ… “

“ഓഹ്.. അങ്ങനെ ഒന്നും ഇല്ലാ…. എന്നാലും ഞാൻ കുഞ്ഞുലക്ഷ്മിയെ ആയിരുന്നു എപ്പോളും ഓർത്തിരുന്നത്…. എന്ന് കരുതി വിഷമം ഒന്നുല്ല കെട്ടോ.. മോൻ ആയാലും മോള് ആയാലും ഒന്ന് കണ്ടാൽ മതി… വേഗം ഒന്ന് പോയി ഡെലിവറി ആകെടി.. “

“എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ… ഇപ്പോൾ കിടന്നു ഉറങ്ങാൻ നോക്ക്.കാലത്തേ ഡ്യൂട്ടിക്ക് പോകേണ്ടത് അല്ലേ.. “

“മ്.. ശരിയാ… വാ കിടക്കാം… “

********************

രാജീവൻ ആണെങ്കിൽ ദീപയെ പൊന്ന് പോലെ ആണ് ഇപ്പോൾ കൊണ്ടുനടക്കുന്നത്..

അവൾക്ക് ഇഷ്ടമുള്ളത് എല്ലാം മേടിച്ചു കൊണ്ട് ആണ് അയാൾ വികിട്ട് വരുന്നത്..

“രാജീവേട്ടാ… ഈ പഫ്‌സും മീറ്റ് റോളും ഒന്നും എനിക്കു വേണ്ടാ… ഇതെല്ലാം കൂടി കഴിച്ചു ഞാൻ വണ്ണം വെയ്ക്കും കെട്ടോ.. “

“ഇത്തിരി വണ്ണം വെച്ച് എന്ന് കൊണ്ട് എന്താ പെണ്ണേ… നിനക്ക് ആണെങ്കിൽ ഒട്ടും ആരോഗ്യം ഇല്ലാ.. “

“അതിനു ഈ വക സാധനങ്ങൾ ഒന്നും അല്ലാ വേണ്ടത്.. ചെറുപയർ മുളപ്പിച്ചതും ഏത്തപ്പഴം പുഴുങ്ങിയതും അങ്ങനെ നാടൻ ഭക്ഷണം ആണ് കഴിക്കേണ്ടത്..ഇതൊക്ക എങ്ങനെ ഉള്ള എണ്ണയിൽ വറുത്തു പൊരിച്ചത് ആണെന്ന് ആർക്കറിയാം… “ഭാരതിയമ്മ രാജീവനെ വഴക്ക് പറഞ്ഞു..

“ഓഹ് ഞാൻ അതൊന്നും ഓർത്തില്ല അമ്മേ… ഇനി മേടിക്കുന്നില്ല.. “

“മ്.. അവള് പറഞ്ഞത് ശരിയാണ് കെട്ടോടാ.. പണ്ടത്തെ കാലം അല്ല ഇത്… എല്ലാം മായം ആണ്.. “

ദീപയ്ക്ക് വിശേഷം ആണെന്ന് അറിഞ്ഞപ്പോൾ മുതൽ രാജീവന്റെ അച്ഛന് വലിയ കാര്യം ആണ് അവളെ..

“അപ്പോൾ… ദീപേ.. നാളെ മുതൽ ചെറുപയറും നിലക്കടലയും നേന്ത്രപ്പഴവും ഒക്കെ കഴിക്കാം കെട്ടോ.. “

രാജീവൻ അവളെ നോക്കി കണ്ണിറുക്കി..

“ന്റെ രാജീവേട്ടാ…എനിക്ക് ആണെങ്കിൽ ഇതെല്ലo കഴിച്ചു ശ്വാസം മുട്ടും കെട്ടോ… “

“നീ പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി കെട്ടോ.. ഭാഗ്യത്തിന് ശർദി ഒന്നും ഇല്ലാലോ.. ആ ലക്ഷ്മിക്ക് എന്തൊക്കെ വയ്യാഴിക ആയിരുന്നു.. “

“മ്..അതെ…. അവളെ ഈ ആഴ്ച കൂട്ടികൊണ്ട് വരുവാ… അമ്മ വിളിച്ചു പറഞ്ഞതാ… അച്ഛൻ രാജീവേട്ടനെ വിളിക്കും കെട്ടോ.. “

“മ് അന്ന് ലീവ് എടുക്കാൻ പറ്റുമോ എന്നറിയില്ല….നമ്മൾക്ക് രണ്ടാൾക്കും കൂടി ഞായറാഴ്ച പോകാം അല്ലേ…”

“ആഹ്.. അങ്ങനെ എന്തേലും ചെയാം..

****************

അടുത്ത ദിവസങ്ങളിൽ എല്ലാം വൈശാഖൻ ജോലിക്ക് പോകാൻ തുടങ്ങി..

അങ്ങനെ തരക്കേടില്ലാതെ അവരുടെ ജീവിതം മുന്നോട്ട് പോകുവാൻ തുടങ്ങിയിരിക്കുന്നു…

ഒരു ദിവസം ഉച്ച തിരിഞ്ഞപ്പോൾ വീണ വെളിയിൽ അലക്കി ഇട്ടിരിക്കുന്ന തുണികൾ എടുക്കുകയാണ്,, കുറേ സമയമായി അവളുടെ ഫോൺ റിംഗ് ചെയ്യുന്നു..

ലക്ഷ്മി നോക്കിയപ്പോൾ ശ്രീരാജ് ആയിരുന്നു.

അവൾ ഫോൺ എടുത്തു കാതോട് ചേർത്തു.,

എടി കുരങ്ങി.. നീ ഇത് എവിടെ പോയി കിടക്കുകയായിരുന്നു.. ശ്രീരാജിന്റെ ശബ്ദം ലക്ഷ്മിയുടെ കാതിൽ കേട്ടു..

“അയ്യോ… ആ കുരങ്ങി മുറ്റത്ത് തുണി പെറുക്കുകയാണ്.. ഇത് അവളുടെ നാത്തൂൻ കുരങ്ങി ആണ്..

“അയ്യോ.. ലക്ഷ്മിയേച്ചി ആയിരുന്നോ.. സോറി ട്ടൊ.. ഞാൻ അറിയാതെ.. ‘

“അതൊന്നും കുഴപ്പമില്ല… ശ്രീ എവിടെ ആണ്… ഓഫീസിൽ ആണോ.. “

“ഞാൻ ഇന്ന് ഹാഫ് ഡേ ലീവ് എടുത്തു… അമ്മയും ഞാനും കൂടി മൂത്ത അമ്മാവനെ കല്യാണം വിളിക്കുവാൻ പോകുവാ.. ആ അമ്മാവൻ ആണ് ഇപ്പോൾ കാരണവർ സ്ഥാനത്തു ഉള്ളത്.. “

“ഓഹ്.. ശരി ശരി… അത് എവിടെ ആണ്.. “

“കായംകുളം ആണ് അവർ താമസിക്കുന്നത്.. ഞങ്ങൾ അവിടേക്ക് പോകുവാ.. “

“അമ്മ എവിടെ.. കൂടെ ഉണ്ടോ.. “

“അമ്മ ഇപ്പോൾ ഒരു ബേക്കറിയിൽ കയറിയതാണ്.. “

“ഓഹ്… ആ തക്കത്തിന് പ്രിയസഖിയെ വിളിച്ചതാണ് അല്ലേ.. ഞാൻ കൊടുക്കവേ… “

ലക്ഷ്മി ഫോൺ വീണയ്ക്ക് കൈ മാറി..

ബുധനാഴ്ച വൈകുന്നേരം സുമിത്രയ്ക്ക് ആണെങ്കിൽ ഒരുപാടു ജോലി ഉണ്ടായിരുന്നു..

നാളെ ലക്ഷ്മിയുടെ വീട്ടിൽ നിന്നും ഒൻപത് പേർ വരും എന്നാണ് പറഞ്ഞത്…

എല്ലാവർക്കുമുള്ള ഊണ് ഉണ്ടാക്കണം…

“അമ്മയുടെ ആ കിടിലൻ ബീഫ് ഫ്ര ഉണ്ടാക്കുന്നത് നോക്കി പഠിക്കുക ആണ് വീണ..

ബീഫ് ആണെങ്കിൽ കഴുകിവാരിയിട്ടു കുറച്ചു മുളക് പൊടിയും ഗരം മസാല പൊടിച്ചതും ഇഞ്ചി വെളുത്തുള്ളി ചതച്ചു ഇട്ടതും കുറച്ചു കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും കൂടി ഇട്ടു സുമിത്ര അടുപ്പത്തു വെച്ച്…

“വീണേ.. നന്നായി തീയ് പിടിച്ചിട്ട് വേണം ഇത് അടുപ്പത്തു വെയ്ക്കാൻ കെട്ടോ.. അല്ലെങ്കിൽ രുചി എല്ലാം പോകും.. “

“വീണയും ഉണ്ണിമോളും കൂടി ചെറിയ ഉള്ളിയും സബോളയും എല്ലാം തൊലി കളഞ്ഞു വെയ്ക്കുക ആണ്… നാളത്തേക്ക് എളുപ്പം ഉണ്ടല്ലോ അത് കൊണ്ട് ആണ്..

“എന്നിട്ട് എങ്ങനെ ആണ് അമ്മേ… “ലക്ഷ്മിയും അവിടേക്ക് രംഗപ്രവേശനം നടത്തി..

“ഈ ഇറച്ചി നന്നായി വെന്ത് കഴിയുമ്പോൾ നമ്മൾ ഇത് അടുപ്പത്തു നിന്ന് വാങ്ങി വെയ്ക്കണം മോളെ… എന്നിട്ട് നാളെ കാലത്തു നല്ല നാടൻ വെളിച്ചെണ്ണയിൽ കടുക് വറുത്തിട്ട് ചുവന്നുള്ളിയും ഇഞ്ചിവെളുത്തുള്ളി, പച്ച മുളക്, കറിവേപ്പില എല്ലാം കൂടി നന്നായി വഴറ്റണം.. അതിലേക്ക് കുറച്ചു മഞ്ഞൾ പൊടിയും, കുരുമുളക് പൊടിയും, ആവശ്യത്തിന് ഗരം മസാല പൊടിച്ചതും, പിന്നെ എരിവിന് അനുസരിച്ചു അല്പം മുളക് പൊടിയും കൂടി ഇട്ടു നന്നായി വഴറ്റണം… പച്ചമണം ഒക്കെ മാറി വരുമ്പോൾ ഈ വേവിച്ചു വെച്ചിരിക്കുന്ന ഇറച്ചി ഇട്ടുകൊടുക്കണം… അതിലേക്ക് ഈ മസാല എല്ലാം പിടിച്ചു വരണം.കുറച്ചു ഏലക്കായ പൊടിച്ചതും മേലെ ഇടണം . “

“സബോള വേണ്ടേ അമ്മേ… “

“വേണ്ട… ഈ ചുവന്നുള്ളി ചേർത്ത് വെയ്ക്കുമ്പോൾ ആണ് മോളെ രുചി കൂടുതൽ.. “

“മീറ്റ് മസാല ഒന്നും ചേർക്കുന്നില്ല അല്ലേ.. “

“ഇല്ലാ… ഗരം മസാലയുടെ പാക്കറ്റ്റ് മേടിച്ചു വറത്തു പൊടിയ്ക്കും… വറക്കുമ്പോൾ എണ്ണ ഒന്നും വേണ്ടാ കെട്ടോ.. “

“അമ്മേ അപ്പോൾ നാളികേരം കൊത്തി ഇടണ്ടേ… “വീണ യ്ക്ക് ആയിരുന്നു ആ സംശയം..

“നാളികേരം നമ്മള് വേറെ ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വറുത്തു ഇടും… ഈ ബീഫ് ഫ്രയി ആയി വരുമ്പോൾ ഇട്ടു കൊടുത്താൽ മതി..”

“മ്… വേറെ എന്തെങ്കിലും ശ്രദ്ധിക്കണോ അമ്മേ.. “

“വേറെ ഒന്നും ഇല്ലാ… പിന്നെ ഓട്ടുരുളിയിൽ ആണെങ്കിൽ ടേസ്റ്റ് കുടും…. തന്നെയുമല്ല ഒന്ന് ഒന്നേൽ തൊടാതെ കിടക്കണം ഈ ബീഫ്… കൂടി കിടന്നാൽ പകുതിയിലും മസാല പിടിക്കില്ല… കുരുമുളക് പൊടി കൂടി വിതറി വേണം അടുപ്പത്തു നിന്ന് ഇറക്കുവാൻ “

“സുമിത്രേ… മതി ക്ലാസ്സ്‌ എടുത്തത്…നേരത്തെ എല്ലാവരും കിടന്നു ഉറങ്ങാൻ നോക്ക്..”

ശേഖരൻ വന്നു പറഞ്ഞതും എല്ലാവരും ഓരോരോ മുറിയിലേക്ക് കയറി പോയി..

പ്രസവത്തിനു ലക്ഷ്‌മിയെ വിടുന്ന ദിവസം രാവിലെ വൈശാഖന് വിഷമം ആയിരുന്നു..

“ലക്ഷ്മി… നീ വളരെ സൂക്ഷിച്ചോണം കെട്ടോ.. സ്‌റ്റെപ്സ് ഒന്നുo കയറി പോകല്ലേ…ഒന്നാമത് ബാക്ക് പെയിൻ ഉള്ളതാണ് നിനക്ക്.. “

“ഞാൻ സൂക്ഷിച്ചോളാം ഏട്ടാ….”

“എന്തെങ്കിലും ക്ഷീണം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട കെട്ടോ.. “

“ഉവ്വ്… “

“എന്താ… നിനക്ക് വിഷമം ആണോ.. “

അവളുടെ മുഖം വാടി ഇരിക്കുന്നത് കണ്ടു കൊണ്ട് വൈശാഖൻ ചോദിച്ചു..

“ഇല്ലാ ഏട്ടാ… അങ്ങനെ ഒന്നും ഇല്ലാ “

“ഇറങ്ങുന്നതിനു മുൻപ് വിളിക്കണം കെട്ടോ… “അവൻ അവളെ ചേർത്തു പിടിച്ചു..

“മ്.. വിളിക്കാം… “

അവൻ അവൾക്കും കുഞ്ഞുലക്ഷ്മിയ്ക്കും മുത്തം കൊടുത്തിട്ട് കൂടുതൽ ഒന്നും പറയാതെ വേഗം പുറത്തേക്ക് ഇറങ്ങി..

“ഏട്ടാ… തൊപ്പി വെയ്ക്കാതെ ആണോ പോകുന്നത്…”വീണ പറഞ്ഞപ്പോൾ ആണ് അവൻ അത് ഓർത്തത്,

“ഓഹ്.. ഞാനത് മറന്നു…”അവൻ വീണ്ടും മുറിയിലേക്ക് ചെന്നു..

നോക്കിയപ്പോൾ ലക്ഷ്മി വിങ്ങി കരയുക ആണ്…

“ലക്ഷ്മി… “

അവൻ അവൾക്കരികിലേക്ക് ഓടി ചെന്നു..

“എന്താ മോളെ… “

“ഒന്നുല്ല ഏട്ടാ… ഞാൻ വെറുതെ… “

“വെറുതെയോ.. എന്തിനാ കരയുന്നത്… “

“എന്തോ… മനസ്സിൽ വല്ലാത്ത നീറ്റൽ… “

“ചെ ചെ… കരയുവാ… “അവൻ അവളുടെ കണ്ണീർ തുടച്ചു..

“ഏട്ടൻ നാളെ അങ്ങോട്ട് വന്നേക്കാം കെട്ടോ… മിടുക്കി കുട്ടി ആയിട്ട് ഇരിക്കണം… എനിക്കു സമയം പോയി.. “

അവളുടെ കവിളിൽ പതിയെ തട്ടിയിട്ട് അവൻ വാതിൽക്കലേക്ക് പോയി..

അവന്റെയും കണ്ണ് നിറഞ്ഞു വന്നിരുന്നു…

പാവം തന്റെ ലക്ഷ്മി… ആ വലിയ വയറുമായി അവൾ ഇറങ്ങി പോകുന്നത് കാണാൻ സങ്കടം ആയത് കൊണ്ട് ആണ് താൻ ഇന്ന് നേരത്തെ തന്നെ സ്റ്റേഷനിൽ പോയത്..

“അമ്മേ…. അവൾക്ക് നല്ല വിഷമം ഉണ്ട്… ഇനി അമ്മ കുടി കരഞ്ഞു ഇവിടെ ഒരു കൂട്ടക്കരച്ചിൽ ആക്കരുതേ… “ഇറങ്ങിയപ്പോൾ വൈശാഖൻ ഓർമ്മിപ്പിച്ചു..

തുടരും…