Story written by SAJI THAIPARAMBU
:::::::::::::::::::::::::::::
ഊണ് മേശയ്ക്കരികിൽ നിന്ന് വാഷ്ബേസനിലേക്ക് ഓടിപ്പോയി ഓക്കാനിക്കുന്ന മരുമകളെ കണ്ട് അമ്മായി അമ്മ കണ്ണടച്ച് നെഞ്ചത്ത് കൈവച്ച് ദൈവത്തോട് നന്ദി പറഞ്ഞു
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം,ഈ തറവാട്ടിലൊരു ഉണ്ണി പിറക്കാൻ പോകുന്നു, മോനേ ദിനേശാ… ഇത് അത് തന്നെ ,ഈശ്വരൻ നമ്മുടെ പ്രാർത്ഥന കേട്ടു , നീ രാവിലെ തന്നെ അവളെയും കൂട്ടി, മെഡിക്കൽ കോളേജിലെ ഗൈനക് ഒപിയിൽ കൊണ്ട് കാണിച്ചിട്ട് വാ
മുറിയിലെത്തി വേഷം മാറിക്കൊണ്ടിരുന്ന ഭാര്യ നീലിമയെ ദിനേശൻ സന്തോഷം കൊണ്ട് പൊക്കിയെടുത്ത് വട്ടം കറക്കി
അല്ലാ… ഇതെങ്ങ്ട്ടാ, രണ്ടാളും കൂടി
ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി എതിരെ വന്ന അയൽക്കാരി നാണിത്തള്ള കുശലം ചോദിച്ചു
നീലിമ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ ഓക്കാനിച്ചു നാണിയമ്മേ .. അപ്പോൾ അമ്മ പറയുവാ ഇവൾക്ക് വിശേഷമുണ്ടെന്ന് എന്നാൽ അതൊന്ന് ടെസ്റ്റ് ചെയ്തേക്കാമെന്ന് കരുതി
അത് കേട്ട നാണിത്തള്ള അടുത്ത് വന്ന് നീലിമയുടെ കൺപോള വിടർത്തി നോക്കി
സംശയിക്കണ്ട, ഇത് അത് തന്നെ ,ക്ഷീണം കണ്ടിട്ട് ഇരട്ട കുട്ടികളാണെന്ന് തോന്നുന്നു
അത് കൂടി കേട്ടപ്പോൾ ദിനേശൻ നീലിമയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.
ഹോസ്പിറ്റലിൽ നിന്നും തിരിച്ച് വരുമ്പോൾ, വഴിയരികിൽ വീണ്ടും അവർ നാണിത്തള്ളയെ കണ്ട് മുട്ടി.
ടെസ്റ്റ് ചെയ്തോ മക്കളെ ?
ഉവ്വ് നാണിയമ്മേ …
എന്നിട്ട് റിസൾട്ട് എന്തായി?
പോസിറ്റീവാണ്
കണ്ടോ? ഞാനപ്പോഴേ പറഞ്ഞില്ലേ ?അവളുടെ കണ്ണിലെ വിളർച്ച കണ്ടപ്പോഴെ എനിക്ക് ഉറപ്പായിരുന്നു, പോസിറ്റീവായിരിക്കുമെന്ന്, എൻ്റെ മോള് ഭാഗ്യവതിയാ,
നാണിയമ്മ ,സ്നേഹവാത്സല്യത്തോടെ നീലിമയെ വാരിപുണർന്നു.
അയ്യോ നാണിയമ്മേ… ഞങ്ങൾ ചെയ്തത് ഗർഭത്തിൻ്റെ ടെസ്റ്റല്ല, അവിടെ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞത്, ആദ്യം കോവിഡ് ടെസ്റ്റ് ചെയ്യാനാ, അപ്പോഴാ അറിയുന്നത്, നീലിമയ്ക്ക് ഓക്കാനം വന്നത് കോവിഡ് രണ്ടാം തരംഗത്തിൻ്റെ ലക്ഷണമായിരുന്നെന്ന്, അങ്ങനെ എന്നെയും ടെസ്റ്റ് ചെയ്തു, ഞാനും പോസിറ്റീവ്, ഇനി വീട്ടിൽ ചെന്നിട്ട് അമ്മേം അച്ഛനേം കൂടി പറഞ്ഞ് വിടണം
എങ്കിൽ വേഗം ചെല്ല് മോനേ…
അത് കേട്ട് ഞെട്ടിത്തെറിച്ച നാണിത്തള്ള, നീലിമയെ തള്ളിമാറ്റി കൊണ്ട് വിറയലോടെ പറഞ്ഞു.
അല്ല, രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് നാണിയമ്മയും ഒന്ന് ടെസ്റ്റ് ചെയ്യുന്നത് നല്ലതാട്ടോ?
അത് കേൾക്കേണ്ട താമസം നാണിത്തള്ള ബാണം വിട്ടത് പോലെ തിരിഞ്ഞോടി.