വരയിടാത്ത ഒരു വെളുത്ത പേജിൽ അവൾ കുറിച്ച് വച്ച വരികൾ. ഈ അടുത്താണ് കണ്ടത്…

നീയില്ലായ്മകളിൽ

Story written by MEDHINI KRISHNAN

…………………………

ഭംഗിയായി ഫ്രെയിം ചെയ്തു മേശപ്പുറത്തു വച്ചിരിക്കുന്ന തന്റെ ഭാര്യയുടെ ഫോട്ടോയിലേക്ക് അയാളൊന്നു നോക്കി. മനോഹരമായി ചിരിച്ച വിടർന്ന മുഖം. തെളിഞ്ഞ നുണക്കുഴി.നെറ്റിയിലെ ചുവന്ന പൊട്ട്.. ഫോട്ടോയിൽ ഒരു മുല്ലമാല ചാർത്തിയിരുന്നു.

ഒരു നിമിഷം!!

ഒരു കരിങ്കല്ലിലേക്ക് ഭാരമുള്ള ഒരു ചുറ്റിക വന്നു വീണ് അത് രണ്ടായി പിളരുന്നത് പോലെയുള്ള ഒരു അവസ്ഥ അയാൾക്ക് അനുഭവപ്പെട്ടു. അയാൾ പിളർന്നു. ഉള്ളിൽ നിന്നും വേദനയുടെ തരികൾ കണ്ണുനീരിൽ തട്ടി കവിളിനെ നനയിച്ചു.

“എപ്പോഴും ഈ പരാതിയും പരിഭവവും പറയാതെ നിനക്ക് ചിരിച്ച മുഖമായി ഇരുന്നൂടെ വീട്ടിൽ..”

നീരസത്തോടെ താനത് പറയുമ്പോൾ അവൾ നനഞ്ഞ കണ്ണുകൾ ഉയർത്തി ഒന്ന് നോക്കും. “ഞാൻ ചിരിക്കാറുണ്ട്..”

അവൾ സ്വരം താഴ്ത്തി പറയും. ജോലിത്തിരക്കിനിടയിൽ അവളിലേക്കുള്ള വഴി താൻ മറക്കുന്നുവെന്നുള്ള ഓർമ്മപ്പെടുത്തലുകളിൽ നിന്നുണ്ടാവുന്ന പരാതികൾ. അത് സത്യമായിട്ടും താൻ അവളെ അവഗണിച്ചു. എനിക്കി കുത്തി വീർത്ത മോന്ത കാണണ്ടെന്നു എത്ര വട്ടം പറഞ്ഞിരിക്കുന്നു.”എന്നാൽ എന്റെ ഒരു ചിരിച്ച ഫോട്ടോ ഇവിടെ ചില്ലിട്ടു വയ്ക്കു. വിഷ്ണു അത് കണ്ടാൽ മതി. എന്നെ കാണണ്ട..” അതൊരു വെറും വാക്കായില്ല. തന്റെ മടിയിൽ കിടന്നു അവസാനശ്വാസം വലിക്കുമ്പോൾ അവളൊന്നു മനോഹരമായി ചിരിക്കാൻ ശ്രമിച്ചിരുന്നു. വിടർന്ന നുണക്കുഴിയിൽ പിരിയാനൊരുങ്ങി നിന്ന തുടിപ്പിലേക്കു ചുണ്ടുകൾ ചേർത്തപ്പോൾ ഒന്ന് പിടഞ്ഞു. മരണത്തിന്റെ അടഞ്ഞ വാതിലിനിപ്പുറം തന്നെ ആരോ ചവിട്ടി മെതിച്ചിട്ടിരുന്നു. കീറിയ ശരീരത്തിനുള്ളിൽ നിന്നും വികൃതമായ സ്വരത്തിൽ മനസ്സ് അലറി വിളിച്ചു കരഞ്ഞപ്പോൾ മനസ്സിലായി തനിക്ക് നഷ്ടമായത് എന്തെന്ന്. തിരക്കുകളിൽ മുങ്ങി നിവർന്നപ്പോൾ താൻ നഷ്ടപ്പെടുത്തിയ ഒരു ചിരി.. ചില്ലിട്ട പടമായി തനിക്ക് മുന്നിൽ പരിഹാസചിരിയോടെ.. മുല്ലമാലക്ക് ശവംനാറിപ്പൂവിന്റെ ഗന്ധം.

ചെവിയിൽ നിന്നും ഫോണൊന്നു മാറ്റാൻ മണിക്കൂറുകളോളം കാത്തുനിന്നു മുഷിഞ്ഞ അവളുടെ പരിഭവം. “വിഷ്ണുന് എന്നോട് സംസാരിക്കാൻ നേരല്ല്യ..എപ്പോഴും ഫോണിൽ.. ” അത് കേൾക്കുമ്പോൾ താൻ അലറും. പരിഹസിക്കും. അപമാനിക്കും. “എന്നാ നാളെ തൊട്ട് നീ പോ ജോലിക്ക്.. “

നനഞ്ഞ മിഴികൾ താഴെയൂന്നി അവൾ പറയും.. “മഴ മാറിയപ്പോ.. ഈ തണുപ്പിൽ വിഷ്ണുന്റെ കൂടെ ഈ മുറ്റത്തൊന്ന് നടക്കാൻ തോന്നി..” എത്ര നിസ്സാരമായ ആഗ്രഹം. പുച്ഛം തോന്നി. ഇന്ന് അറിയുന്നു..വേദനിക്കുന്നു..ആ നെറ്റിയിലെ ചുവന്ന പൊട്ടിൽ തന്റെ രക്തം ഇറ്റ് നിൽക്കുന്നു. ആ ചിരി.. മാംസത്തെ അടർത്തിയെടുക്കുന്ന ഈർച്ചവാളാവുന്നു.. കുറ്റബോധം.രക്തത്തിൽ ഇഴയുന്ന അട്ടയെ പോലെ.. വയ്യാ..

ഇടക്കൊക്കെ കുറ്റബോധം തോന്നുമ്പോൾ പറഞ്ഞു പോവും.”സ്നേഹം ഇല്ലാഞ്ഞിട്ടല്ല ചാരു.. ഉള്ളിലുണ്ട്. നീ കാണാഞ്ഞിട്ടാണ്. പിന്നെ എനിക്കത് അങ്ങനെ പ്രകടപ്പിക്കാൻ ഇഷ്ടല്ല്യന്നു കരുതിക്കോളു..അതിനൊട്ടു നേരല്ല്യന്നും.”

ആ വാടിയ മുഖത്തൊരു ചിരി പരക്കും. “സ്നേഹം.. ക്ക് മനസ്സിലാവണില്ല..” അവൾ പിറുപിറുക്കും.

വരയിടാത്ത ഒരു വെളുത്ത പേജിൽ അവൾ കുറിച്ച് വച്ച വരികൾ.. ഈ അടുത്താണ് കണ്ടത്..

പലവട്ടം വായിച്ചു. അവളുടെ മനസ്സായിരുന്നു അത്..

ഭൂമിക്കടിയിൽ മനോഹരമായൊരു പുഴയൊഴുകുന്നുണ്ടെന്നു വിഷ്ണു ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. എന്നാൽ ഞാനിതു വരെ അത് കണ്ടിട്ടില്ല. എനിക്ക് കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. മണ്ണിനു മേലെ ഒഴുകുന്ന പുഴ മാത്രമേ ഞാൻ ഇത് വരെ കണ്ടിട്ടുള്ളു. ആ നനവ് മാത്രമേ എന്റെ ശരീരത്തെ നനക്കുമായിരുന്നുള്ളൂ. ആ തണുപ്പിന്റെ വികാരം മാത്രമേ ഞാൻ അറിയുമായിരുന്നുള്ളു. മുങ്ങി നിവരാൻ എനിക്ക് മണ്ണ് പോരാ. നദി തന്നെ വേണമായിരുന്നു. കാരണം ഞാനൊരു സാധാരണ പെണ്ണായി പോയി. തെറ്റ് എന്റേതാണ്. എന്റേത് മാത്രം!!

നോക്കിയിരിക്കെ അയാൾക്ക്‌ കണ്ണുകൾ പൊള്ളി..അയാൾ ആ ഫോട്ടോയെടുത്തു.. മാല ഊരി വലിച്ചെറിഞ്ഞു. അത് അലമാരയിൽ വച്ചു.

“നീ എന്തിനാ ഫോട്ടോ മാറ്റിയെ.. “അമ്മ ചോദിച്ചപ്പോ അയാളൊരു വിളറിയ ചിരി ചിരിച്ചു. “മരിച്ചവരുടെ ഫോട്ടോയല്ലേ മാലയിട്ട് സൂക്ഷിക്കുക.”

അമ്മ അമ്പരപ്പോടെ മകനെ നോക്കി…..അവൾ മരിച്ചിട്ടില്ല.. “അമ്മ കേൾക്കുന്നില്ലേ അവൾ സംസാരിക്കുന്നത്.. എപ്പോഴും പരാതിയാ.. സങ്കടമാ..ഇനിയില്ല. ഇനി ഞാൻ അവളെ സങ്കടപ്പെടുത്തില്ല. എനിക്ക് അവളെ സ്നേഹിക്കണം. സന്തോഷിപ്പിക്കണം.. ഞാൻ കാരണം.. ചിരിക്കുന്ന അവളുടെ മുഖം എനിക്കൊന്നു കാണണം. അമ്മ കണ്ടിട്ടില്ലേ ചിരിക്കുമ്പോൾ വിരിയുന്ന അവളുടെ നുണക്കുഴി.. ന്ത് ചന്തമാണെന്നറിയോ..അവളെ എനിക്ക് സ്നേഹിക്കണം.. സ്നേഹിക്കണം.. ” ചാരു….അയാൾ ഭ്രാന്ത് പിടിച്ചത് പോലെ ഉറക്കെ വിളിച്ചു…

ഇരുട്ടിൽ മുറ്റത്തെ മഴചാറ്റലിൽ അവളുള്ളത് പോലെ.. ആ രൂപം. തെളിഞ്ഞു വരുന്നു.

നനഞ്ഞ സന്ധ്യയുടെ നെഞ്ചിലേക്ക് ഉതിർന്നു വീണ കറുത്ത ചുരുണ്ട നീണ്ട മുടിക്കെട്ടിൽ ചൂടിയ വിരിയാറായ മുല്ലപ്പൂക്കളുടെ സുഗന്ധം.. അവളില്ലായ്മകളിൽ തന്റെ ഓർമ്മകളിലേക്ക് അരിച്ചിറങ്ങുന്ന ആ സുഗന്ധം.. കനവിലൂറുന്ന പ്രണയത്തിന്റെ മഞ്ഞുത്തുള്ളികൾ ആ പൂക്കളുടെ ഗന്ധത്തിലേക്ക് അറിയാതെ പൊഴിഞ്ഞു വീഴുന്നതറിയുന്നു ഇവിടെ… ഇതാ .. ഞാൻ നിന്നെ പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉരുവിടുന്ന ഹൃദയമന്ത്രത്തിലേക്ക് അലിഞ്ഞു ചേരുന്ന നിന്റെ പുഞ്ചിരി.. ഒരു ചുവന്നു തുടുത്ത സന്ധ്യ നിന്റെ ചുണ്ടുകളിൽ തപസ്സിരിക്കുന്നു..
നെറ്റിയിലെ ചുവന്ന പൊട്ടിൽ മറന്നു വച്ച എന്റെ ചുണ്ടുകളുടെ ചുവപ്പ്..

നീയില്ലായ്മകളിൽ ഞാൻ നിന്നിലേക്ക്‌ ഒരു വിയർപ്പുത്തുള്ളിയായി പരന്നൊഴുകുന്നുണ്ട്.. നിന്നിലെ ഇതളുകളെ ചുംബിച്ചു കൊണ്ടു ആ വിയർപ്പുത്തുള്ളികൾ നിന്നിൽ അലിഞ്ഞ് അലിഞ്ഞ്…നീയില്ലായ്മകളിൽ…ഞാൻ എന്നിൽ നിന്നെ തന്നെയാണ് തേടുന്നത്..ഞാൻ എന്നിലെ നിന്നെ പ്രണയിച്ചു തുടങ്ങുമ്പോൾ എല്ലാം നീയായി മാറുന്നു. നീയില്ലായ്മകളിൽ…ഞാൻ അറിയാതെ എന്നിൽ രൂപപ്പെടുന്ന നീർചാലുകളിൽ എന്റെ പ്രണയത്തിന്റെ ഉറവകളാണ്.. ഒഴുകി പടരുന്നതും നിന്നിലേക്ക്..നിന്റെ അസാന്നിധ്യത്തിന്റെ മരുഭൂവിലേക്കു ഞാൻ മറന്നു വച്ച സ്നേഹത്തിന്റെ നീർചാലുകൾ.. മണ്ണിനു മുകളിൽ നീ കാണാൻ കൊതിച്ച പുഴയായി മാറുന്നതറിയുന്നുവോ.. നിന്നെ നനക്കുന്നതറിയുന്നുവോ..

നീയില്ലായ്മകളുടെ തുരുത്തിൽ ഞാൻ നീയായി മാറുന്നു.. ഞാൻ നീയായി മാറുന്നു. അയാൾ പിറുപിറുത്തു കൊണ്ടു നനഞ്ഞ മണ്ണിൽ പതിഞ്ഞു കിടക്കുന്നത് അമ്മ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു.പക്ഷേ അയാളപ്പോൾ അവളുടെ മടിയിൽ ഒരു കുഞ്ഞിനെ പോലെ ചുരുണ്ടു കിടക്കുകയായിരുന്നു.അവളെ സ്നേഹിക്കുകയായിരുന്നു. അവളുടെ സ്നേഹം എന്തെന്ന് അറിയുകയായിരുന്നു. അനുഭവിക്കുകയായിരുന്നു.

Medhini krishnan