അപ്രതീക്ഷിതമായ ആ ഭാവമാറ്റത്തിൽ അയാൾ ഞെട്ടി. വീണ്ടും ധൈര്യം സംഭരിച്ച് അയാൾ വിളിച്ചു…

താളപ്പിഴകൾ…

എഴുത്ത്: റാണി കൃഷ്ണൻ

:::::::::::::::::::::::::::::::::

ഇളം വെയിലിന്റെ ശോഭയാൽ ദീപ്തമായ പൂമുഖത്തിലെ ഇരിപ്പിടത്തിൽ ഇരുന്നു, മറ്റുള്ളവർ ചെടി നനയ്ക്കുന്നത് നോക്കുകയാണ് ശ്രുതിയും ശാരദാമ്മയും…പടികടന്ന് വരുന്ന ആളിനെ കണ്ടപ്പോൾ ശാരദമ്മ ഒന്നു ഞെട്ടി. കണ്ണട നേരെ വെച്ചു ഒന്നുകൂടെ ഉറപ്പ് വരുത്തി.

“അത് അവൻ തന്നെ, തന്റെ പൊന്നു മകൻ! പത്തുമാസം ചുമന്ന് നൊന്തു പ്രസവിച്ച തന്റെ കുട്ടി…”

ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അവനെ നേരിൽ കാണുന്നത്. അവർ പതിയെ എഴുന്നേറ്റു…ശ്രുതിയോടായി അവർ പിറുപിറുത്തു..

“അവൻ വരുന്നുണ്ട്… എന്റെ മകൻ.. “

കണ്ണട എടുത്തു തുടച്ചുകൊണ്ട് ശാരദാമ്മ പൂമുഖത്തേക്കു കയറിയ അയാളെ നോക്കി…അവരുടെ തേജസ്സാർന്ന പുഞ്ചിരി അവരുടെ മുഖത്തിന്റെ പ്രൗഡിയും ശോഭയും പതിന്മടങ്ങ് വർധിപ്പിച്ചു…അയാൾ അവരുടെ തൊട്ടു മുന്നിലെത്തി നിന്നു. ശ്രുതി പതിയെ അവിടെനിന്ന് മാറിക്കളഞ്ഞു. അവർ അമ്മയും മകനും സംസാരിക്കട്ടെ…

അമ്മയുടെ മുഖത്തേക്ക് ഉറ്റു നോക്കി അയാൾ നിന്നു. പണ്ടുള്ളത് പോലെ തന്നെ ഒരു മാറ്റവും കാണുന്നില്ല അമ്മയ്ക്ക്. അപാര കഴിവാണ് ഈ തന്റേടം!

“അമ്മേ…” അവരുടെ മനസ്സിലൂടെ ഒരു ഈർച്ചവാൾ കണക്ക് ആ വിളി പാഞ്ഞുപോയി! പക്ഷേ മുഖത്ത് ഒരു പതർച്ചയും, കണ്ണുകൾ നിറയാതെയും അവർ ശ്രദ്ധിച്ചു.

‘മോനെ’ എന്നൊരു വിളി ചുണ്ടോളം വന്നെങ്കിലും അവർ വിളിച്ചില്ല…നിർവികാരയായി നിന്ന അമ്മയുടെ കൈകൾ അയാൾ കവർന്നെടുത്തു കൈകളിൽ കൊരുത്തു.

പെട്ടെന്നാണ് അവർ പൊട്ടിത്തെറിച്ചത് “അമ്മയോ, ആരുടെ അമ്മ..???”

അപ്രതീക്ഷിതമായ ആ ഭാവമാറ്റത്തിൽ അയാൾ ഞെട്ടി. വീണ്ടും ധൈര്യം സംഭരിച്ച് അയാൾ വിളിച്ചു “അമ്മേ..”

അവർ കൈകൾ വിടുവിച്ചു..”അമ്മ!! അവർ മുഖം ഒരു വശം കോട്ടി…എനിക്ക് മക്കളില്ല..” ഇവരൊക്കെയാണ് ഇപ്പോൾ എനിക്ക് ഉള്ളത്”

അയാൾ പതുക്കെ പറഞ്ഞു.. “ആയിക്കോട്ടെ, ഞാൻ അമ്മയെ തിരികെ കൊണ്ടുപോകാനാണ് വന്നത്..”

“എവിടേക്ക്??”

“എന്റെ വീട്ടിലേക്ക്” അവരുടെ മുഖത്തിൽ നിന്നും ദൃഷ്ടി മാറ്റി അയാൾ ഒച്ച താഴ്ത്തി പറഞ്ഞു..

അവർ ഉറക്കെ ചിരിച്ചു..”കൊള്ളാമല്ലോ, നിനക്ക് തോന്നുമ്പോൾ ഇറക്കിവിടാനും നിനക്ക് തോന്നുമ്പോൾ വന്നു വിളിച്ചു കൊണ്ട് പോകാനും..ഇറങ്ങി പൊയ്ക്കോണമിപ്പോൾ.. എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത്…”

അവർ അകത്തേക്ക് പാഞ്ഞു കയറി പോകുന്നത് ശ്രുതി ശ്രദ്ധിക്കുന്നുണ്ടായിരുന്നു…കയറിയപാടെ അവർ വാതിൽപാളികൾ ആഞ്ഞടച്ചു…അവിടവിടെ അല്ലറചില്ലറ പണിയും ആയി നിന്നവരൊക്കെ ഈ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പരസ്പരം നോക്കിയെങ്കിലും അവർ ആരുംതന്നെ അടുത്തേക്ക് ചെന്നില്ല. പക്ഷേ ശ്രുതി പതിയെ അയാളെ സമീപിച്ചു. “നിങ്ങൾ ശാരദാമ്മയുടെ മകൻ ആണോ??”

അയാൾ അഗാധമായ വിഷമത്തോടെ അവളെ തിരിഞ്ഞു നോക്കി.. “അതെ, എന്റെ അമ്മയാണ്”

“ഞാൻ ശ്രുതി, ഇവിടെ നഴ്സാണ്..നാലു വർഷമായി ഇവിടെ ഞാനുണ്ട്.. പക്ഷേ ഞങ്ങൾക്ക് ആർക്കും ശാരദാമ്മയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല….മകൻ ഉള്ള കാര്യം അമ്മ പറഞ്ഞു കേട്ടിട്ടുമില്ല..ഇത്രയും വർഷത്തിനിടയിൽ നിങ്ങൾ ഒരു ദിവസം പോലെ വന്നിട്ടുമില്ല, വിളിച്ചിട്ടുമില്ല..ഇത്ര വർഷം കഴിഞ്ഞിട്ട് നിങ്ങളെ കണ്ടപ്പോൾ എന്താ ആയമ്മ ഇത്രയും കോപിച്ചത്??? ഇത്രയും ക്ഷോഭിച്ച് ഞാനവരെ കണ്ടിട്ടുമില്ല..”

ശ്രുതി സംസാരിച്ചപ്പോൾ അയാൾ അവളെ കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു. ഏറിയാൽ ഒരു ഇരുപത്തിയഞ്ച് വയസ്സ് വരും…വളരെ പക്വതയോടെ കാര്യങ്ങൾ ചോദിച്ചറിയുന്നു..

“അമ്മ….എന്റെ അമ്മ, ഇവിടെ വന്നിട്ട് വർഷം ഏഴ് കഴിഞ്ഞു…അയാൾ തുടർന്നു…എന്നെ നാണം കെടുത്തിയാണ് എന്റെ വീട്ടിൽ നിന്നും അമ്മ ഇറങ്ങി പോയത്.. പക്ഷേ ഇവിടെ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു.”

“അത്രയ്ക്ക് നാണം കെടാനും മാത്രം എന്ത് തെറ്റാണ് അമ്മ നിങ്ങളോട് ചെയ്തത്? ” അവൾക്ക് ആകാംക്ഷയായി…

അയാൾ അവളെ ഒന്നു നോക്കിയിട്ട് അരികിൽ കണ്ട സോഫയിൽ ഇരുന്നു.. പതിയെ ഒന്ന് പുഞ്ചിരിച്ചിട്ട് അയാൾ പറഞ്ഞു തുടങ്ങി..”എന്റെ കല്യാണം കഴിഞ്ഞിട്ട്, ഏതാണ്ട് ഒരു വർഷമായെങ്കിലും എന്റെ ഭാര്യയും അമ്മയും തമ്മിൽ പൊരുത്തപ്പെടാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല..അവൾക്ക് അമ്മയെ സ്നേഹിക്കുവാൻ കഴിഞ്ഞിട്ടില്ല എന്ന് പറയുന്നതാവും ശരി..അതിന്റെ കൂടെ അമ്മയെ ആവശ്യത്തിൽ കൂടുതൽ കുറ്റം പറയാൻ സമയം കണ്ടെത്താനും അവൾ ശ്രമിച്ചു കൊണ്ടേയിരുന്നു..സഹികെട്ട ഞാൻ, അവളെയും കൊണ്ട് താമസം മാറ്റിയെങ്കിലും അമ്മ സുഖമില്ലാതെയായി എന്ന് അറിഞ്ഞതുകൊണ്ട് തിരികെ വീട്ടിലേക്ക് പോകേണ്ടിവന്നു..”

അയാൾ ഒന്നു നിശ്വസിച്ചു. “വേറെ ആരെയും ആശ്രയിക്കാൻ ഇല്ലല്ലോ അമ്മയ്ക്കും..” അങ്ങനെയിരിക്കെയാണ് എന്റെ വകയിൽ ഒരു മാമൻ വീട്ടിൽ സ്ഥിരമായി വരാൻ തുടങ്ങിയത്..ആദ്യമൊക്കെ ഒരു ചെറിയ നീരസം ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ മാമൻ ഒരു ഉപാധിയായി മാറുകയായിരുന്നു..”

ശ്രുതി കൂർമ്മമായി അയാളെ നോക്കി നിൽക്കുകയായിരുന്നു.

“ഒരു ദിവസം ഭാര്യ ചെറിയൊരു ഉച്ചമയക്കത്തിന് ശേഷം എഴുന്നേറ്റ് ചെന്നപ്പോൾ അമ്മ അയാളോട് മാറിനിന്ന് സംസാരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു..അന്നുമുതൽ അവൾ അവരെ സംശയദൃഷ്ടിയോടെ നോക്കുകയും പറ്റാവുന്ന വിധത്തിൽ ഒക്കെ എന്നോട് അവരെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു…”

അയാൾ ഒന്നു നിറുത്തി വീണ്ടും തുടർന്നു..

“ഒരു ദിവസം ഓഫീസിൽ നിന്നും നേരത്തെ വന്ന ഞാൻ കാണുന്നത് അമ്മയുടെ കൈയിൽ പിടിച്ചു നിൽക്കുന്ന അയാളെ ആണ്..വല്ലാതെ ദേഷ്യം വന്നു ഞാൻ അമ്മയോട് കയർത്തു സംസാരിച്ചു..അമ്മ എന്നോട് മറുപടി പറയുവാൻ തയ്യാറായില്ല..അതൊരു പൊട്ടിത്തെറിയിലാണ് അവസാനിച്ചത്..”

അയാൾ അവളുടെ മുഖത്തേക്ക് നോക്കി.. അവൾ ആകാംഷയോടെ അയാളെ നോക്കി നിൽക്കുക ആയിരുന്നു..

“കൂനിൻന്മേൽ കുരു പോലെ ഒരു ദിവസം രാവിലെ നോക്കുമ്പോൾ എന്റെ മകന്റെ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണമാലയും കാണാനില്ല…ഞങ്ങൾ അവിടെയെല്ലാം തിരഞ്ഞുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല..അതോടെ മകന്റെ സ്വർണമാല അമ്മ എടുത്ത് മാമന്റെ കയ്യിൽ കൊടുത്തു കാണുമെന്ന് എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ അവൾക്ക് കഴിഞ്ഞു..” അയാൾ ഒന്നു നിറുത്തി..

“ഞാൻ അതേപറ്റി പറഞ്ഞു, പ്രശ്നം ആകെ വഷളായി..മേലിൽ അയാൾ ഇവിടേക്ക് വരരുതെന്നു പൊട്ടിത്തെറിക്കുകയും ചെയ്തു..രണ്ടു ദിവസം കഴിയും മുൻപ് തന്നെ അമ്മ പുറത്തു പോകുന്നത് കണ്ടു സംശയം തോന്നിയ ഞാൻ അവരെ പിന്തുടർന്നു..അമ്മ പോയത് ബീച്ചിനോട് അടുപ്പിച്ചുള്ള ഒരു അമ്പലത്തിലേക്കായിരുന്നു..പക്ഷേ എന്റെ സമനില തെറ്റിക്കും പോലെ എവിടെനിന്നോ പൊട്ടി വീണതു പോലെ അയാൾ അമ്മയുടെ അടുത്ത് വന്നു…ഒരു കവർ അമ്മയുടെ കയ്യിൽ അയാൾ കൊടുക്കുന്നതു കണ്ടു..അമ്മ അയാളോടൊപ്പം നടന്നു ഒരു ഓട്ടോയിൽ കയറി പോകുന്നത് കണ്ടപ്പോൾ എന്റെ നിയന്ത്രണം പോയി..എനിക്ക് അവരെ പിന്തുടരാൻ തോന്നിയില്ല.”

അയാൾ ഒന്നു നിറുത്തി…”ഏതാണ്ട് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അമ്മ വീട്ടിലേക്കു തിരികെ വന്നു. എന്റെ നിലതെറ്റി ഞാൻ അമ്മയോട് കയർത്തു സംസാരിച്ചു. തോന്നിയത് പോലെ ജീവിക്കാൻ ആണെങ്കിൽ ഈ വീട്ടിൽ നടക്കില്ലെന്ന് ഒക്കെ തീർത്തു പറഞ്ഞു. നിറമിഴിയോടെ എന്നെ നോക്കിയ അമ്മ എന്റെ മുന്നിലേക്ക് കവറിൽ നിന്നും ഒരു പേപ്പർ എടുത്ത് തന്നു..പക്ഷെ ഞാൻ അത് വാങ്ങാൻ കൂട്ടാക്കിയില്ല…”

ശ്രുതിയെ ഒന്നു മുഖം ഉയർത്തി അയാൾ നോക്കി തുടർന്നു..”എന്റെ അടുക്കൽ വന്ന് ഭാര്യയും എന്നെ കൂടുതൽ വാശി കയറ്റുകയായിരുന്ന. ബഹളം കേട്ട് അടുത്ത വീട്ടിലുള്ളവർ ഒക്കെ വന്നപ്പോൾ എനിക്ക് ഒരുതരം ആവേശമായിരുന്നു അമ്മയോട് ദേഷ്യപ്പെടാൻ..എന്റെ മുന്നിൽ അമ്മ ഒരു കള്ളിയായി മാറുകയായിരുന്നു.മാല മോഷണം നടത്തിയെന്നും അതെടുത്തു അയാൾക്ക്‌ കൊടുത്തുവെന്നും, അയാളോടൊപ്പം അമ്മ യാത്ര ചെയ്‌തെന്നും ഒക്കെ ഞാൻ എല്ലാവർക്കും മുന്നിൽ വച്ച് ഉറക്കെ വിളിച്ചു പറഞ്ഞു…അമ്മ ആകെ നാണംകെട്ടത് പോലെയായി…അങ്ങനെ അന്ന് എന്റെ അടുക്കൽ നിന്നും ഇറങ്ങി പോയതാണ്‌ അമ്മ..പക്ഷേ അമ്മ എന്നെ അപമാനിക്കുകയായിരുന്നു എന്നാണ് എനിക്ക് തോന്നിയത്..

പിന്നീട് അമ്മയുടെ കയ്യിൽ നിന്നും വീണ പേപ്പർ എടുത്തു നിവർത്തിയ എനിക്ക്, അന്നാണ് അമ്മ ഹോസ്പിറ്റലിലേക്കാണ് മാമന്റെ കൂടെ പോകുന്നത് എന്ന് എനിക്ക് മനസ്സിലായത്…എനിക്ക് അമ്മയുടെ കാര്യങ്ങൾ നോക്കാൻ സമയമില്ലാരുന്നല്ലോ.” അയാൾ ശ്രുതിയുടെ മുഖത്തു നോക്കി ഒന്നു വിഷാദത്തോടെ ചിരിച്ചു..

“ഏതൊക്കെയോ ടെസ്റ്റ് റിസൽട്ട് ആയിരുന്നു അതിനകത്ത്..അമ്മ എങ്ങോട്ടാണ് പോയത് എന്ന് പോലും നോക്കാതെ വായിൽ വന്നതൊക്കെ ഞാൻ വിളിച്ചു പറഞ്ഞിരുന്നു..അതുകഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്റെ മകൻ കട്ടിലിന്റെ അരികിൽ നിന്നും മാല തിരികെ കൊണ്ടുവരികയും ചെയ്തു..അപ്പോഴാണ് എനിക്ക്, എന്റെ തെറ്റ് മനസ്സിലായത്…പക്ഷേ അമ്മ അപ്പോഴേക്കും എവിടെയാണെന്ന് എനിക്കറിയില്ലാതായി…ഏഴ് വർഷമായി അമ്മ വീട്ടിൽ നിന്നും ഇറങ്ങിയിട്ട്..പോലീസിൽ കംപ്ലൈന്റ് കൊടുത്തുവെങ്കിലും എനിക്ക് അമ്മയെ കണ്ടെത്താനായില്ല..”

അയാൾ ഒരു ദീർഘനിശ്വാസം എടുത്തു “കഴിഞ്ഞ ദിവസമാണ് നിങ്ങളോടൊപ്പം അമ്മയെ ഷോപ്പിങ് കോംപ്ലക്സിൽ വച്ച് കണ്ടു എന്ന് പറഞ്ഞ് ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞത്..അവനാണ് നിങ്ങളെ ഫോളോ ചെയ്ത് ഇവിടെ ഉണ്ടെന്ന് അറിഞ്ഞത്..അമ്മ സുരക്ഷിതയാണ് എന്നറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി…”

ശ്രുതി എല്ലാം കേട്ടുകൊണ്ട് തൂണിൽ ചാരി നിൽക്കുകയായിരുന്നു..അയാൾ പറഞ്ഞു നിർത്തിയിട്ട് അവളെ നോക്കി..”എന്റെ അമ്മയെ എന്നോടൊപ്പം പറഞ്ഞു വിടണം. എത്ര പണം വേണമെങ്കിലും ഞാൻ നിങ്ങൾക്ക് തരാം”

ശ്രുതി ഒരു പുച്ഛച്ചിരിയോടെ അയാളെ നോക്കി..”നിങ്ങളുടെ ഭാര്യയ്ക്ക് അത് ഇഷ്ടമാകുമോ???” അവർ സമ്മതിക്കുമോ അമ്മയെ തിരികെ കൂട്ടിക്കൊണ്ടുപോകാൻ?”

അയാൾ അവളെ തിരിഞ്ഞു നോക്കി, ഒരു ചെറു നിശ്വാസത്തോടെ പറഞ്ഞു.. “അവളുടെ പ്രവർത്തികൾക്കുള്ള ഫലം അവൾക്ക് കിട്ടി. അടുക്കളയിൽ തെന്നിവീണ അവൾ നട്ടെല്ലിന്റെ ഒരു ഭാഗം പൊട്ടി കിടപ്പിലാണ്.. ബെഡ് റസ്റ്റ് ആയപ്പോൾ മുതൽ അവൾ അമ്മയോട് ചെയ്തു കൂട്ടിയ ഓരോ കാര്യങ്ങൾ ഓർത്തു കരയും.. തെറ്റുകുറ്റങ്ങൾ എന്നോട് ഏറ്റുപറയുകയും ചെയ്തു..”

അയാൾ ഒന്നു നിറുത്തി.. “ഇന്ന് അവൾക്ക് കുറ്റബോധമുണ്ട് അമ്മയോട് ചെയ്തു പോയതിലൊക്കെ.. അമ്മ ഇവിടെ ഉണ്ടെന്നറിഞ്ഞ് ഇന്നലെ തന്നെ ഇവിടെ വന്നു അമ്മയെ കൂട്ടി കൊണ്ട് പോകാൻ അവളെന്നെ നിർബന്ധിക്കുകയായിരുന്നു.. ഞങ്ങളുടെ മകനെ ഹോസ്റ്റലിലാണ് നിർത്തിയിരിക്കുന്നത്..അമ്മ വരണം ഞങ്ങളുടെ അടുക്കൽ… എന്റെ ഐശ്വര്യം എന്റെ അമ്മയാണ്..”

ശ്രുതി വീണ്ടും പുച്ഛത്തോടെ അയാളെ നോക്കി “അപ്പോൾ മാമൻ വന്നു വിളിച്ചാൽ വീണ്ടും അമ്മ ഇറങ്ങി പോകില്ലേ?”

അയാളുടെ മുഖം മഞ്ഞളിച്ചു പോയി.. പെട്ടെന്നാണ് അവരുടെ മുന്നിലേക്ക് ആ വാതിൽ തുറന്നത്…പ്രൗഢമായ മുഖത്തോടെ മുന്നിൽ നിൽക്കുന്ന ശാരദാമ്മയെ കണ്ടപ്പോൾ അയാൾ അവരുടെ അടുത്തേക്ക് ചെന്നു..പക്ഷേ അവർ അയാളെ നോക്കിയില്ല.. പകരം ശ്രുതിയോടായി ശബ്ദമുയർത്തി അവർ പറഞ്ഞു “ഇവനോട് ഇവിടം വിട്ടു പോകാൻ പറയൂ…പുതിയ സൂത്രവുമായി വന്നിരിക്കുകയാണ്..എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇവൻ വന്നത്..ഇവൻ പറഞ്ഞതെല്ലാം കള്ളമാണ്.. അവന്റെ ഭാര്യക്ക് ഒന്നും സംഭവിച്ചിട്ടില്ല. അവരുടെ മകൻ ബോർഡിങ് സ്കൂളിലും അല്ല..ഇവന് ഇവിടം വിറ്റു ഇപ്പോൾ ഹൈദരാബാദിൽ പോകണം.. അതിനാണ് അവനിപ്പോൾ എന്നെ തേടി കണ്ടുപിടിച്ചത്..ഇവൻ താമസിക്കുന്ന വീട് എന്റെ പേരിൽ ആണ്..അത് വിൽക്കണമെങ്കിൽ ഞാൻ ഒപ്പിടണം.ഇപ്പോൾ മനസ്സിലായോ, ഏഴ് വർഷങ്ങൾക്ക് ശേഷം എന്റെ മകന് എന്തുകൊണ്ടാണ് എന്നോട് പെട്ടെന്ന് സ്നേഹം വന്നതെന്ന്??”

ശ്രുതി അവരെ അത്ഭുതത്തോടെ നോക്കി. ഇങ്ങനെ ഒരു ട്വിസ്റ്റ് ഇവിടെ ഉണ്ടാകും എന്ന് അവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല…അവളുടെ അന്താളിച്ചു ഉള്ള നിൽപ്പ് കണ്ട അവർ, അവളുടെ അടുത്തേക്ക് ചെന്നു…

“അതെ, അവനു വേണ്ടെങ്കിലും ഞാൻ അവന്റെ പുറകെ ഉണ്ടായിരുന്നു. എന്റെ മകൻ ആയിപ്പോയില്ലേ..അവൻ ചലിക്കുന്നത് പോലും ഞാനറിയുന്നുണ്ടായിരുന്നു..”

ശ്രുതി അത്ഭുതത്തോടെ ശാരദാമ്മയെ നോക്കി നിന്നു പോയി… ‘ഇത്രയും മകനെക്കുറിച്ച് അറിയാമായിരുന്നെങ്കിലും, ഒരു വാക്ക് പോലും അയാളെയും കുടുംബത്തെയും പറ്റി പറഞ്ഞു ശ്രുതി കേട്ടിട്ടേയില്ല..’

അത്ഭുതമാണ് ചിലർ..എന്തുണ്ടായാലും, മനസ്സിന്റെ കവാടം അടച്ചു ഉള്ളിൽ തന്നെ സൂക്ഷിക്കും… അത് അവിടെ സുരക്ഷിതമായിരിക്കും..

ചിലരാണെങ്കിലോ? തുറന്നുവിട്ട മല വെള്ളപ്പാച്ചിൽ പോലെ..എന്തായാലും ശാരദാമ്മ ഒരു അത്ഭുതം തന്നെയായി അവൾക്ക് മുന്നിൽ…

അയാൾക്ക് അവരുടെ മുന്നിൽ നിൽക്കാൻ പോലും ഭയവും നാണക്കേടും തോന്നി..’വരേണ്ടിയിരുന്നില്ല ഇവിടെ..’അവിടവിടെ നിന്നുകൊണ്ട് പലരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..ആകെ നാണക്കേടായി…

അയാൾ ചുറ്റുപാടും നോക്കുന്നത് കണ്ടപ്പോൾ ശാരദാമ്മ കണ്ണട ഒന്ന് ഒരു ശരിയാക്കി എല്ലാവരോടുമായി പറഞ്ഞു..”എല്ലാവരും കണ്ടോളൂ…ഇതാണ് എന്റെ ഏക സൽപുത്രൻ!!”

കൈ കൊണ്ട് അയാളുടെ നേരെ ഒരു ആംഗ്യംകാണിച്ചു അവർ ചിരിച്ചു..പതുക്കെ എല്ലാവരും ശാരദാമ്മയുടെ അടുത്തേക്ക് വന്നു..അവരുടെ ആശ്രിതവത്സലായായ സ്നേഹിത ആണവരെല്ലാം…

അവരുടെ നെറ്റിയിലെ കുങ്കുമത്തിനും കണ്ണിനും ഒരേ നിറമായി അയാൾക്ക് തോന്നി…”എന്റെ സമ്പാദ്യം പ്രതീക്ഷിച്ച്, നീ ഇനിയും കഷ്ടപ്പെട്ട് ഇവിടെ വരണമെന്നില്ല…ഈ ഒരു സംരംഭം തുടങ്ങിയത് ഞാനാണ്..എന്റെ സമ്പാദ്യം മുഴുവനും ഇവർക്കാണ്..സ്വത്തും പണവും പിടിച്ചുവാങ്ങി മക്കളാൽ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോയവരാണ് ഇവരൊക്കെ..എന്നെപ്പോലെയുള്ളവരെ കണ്ടെത്തി ഞാൻ എന്നോടൊപ്പം ചേർത്തുനിർത്തി..കാരണം ഞങ്ങൾക്ക് വേണ്ടത് സ്നേഹമാണ് മറ്റെന്തിനെക്കാളും.. നിങ്ങളുടെ കരുതലാണ്…പക്ഷേ നിങ്ങൾക്കോ?? അതുകൊണ്ട് പൊന്നുമോനേ..നിനക്ക് ആ വീടോ, സ്വത്തോ ക്രയവിക്രയം നടത്താൻ സാധിക്കില്ല.. പക്ഷേ നീ താമസിക്കുന്ന വീട്ടിൽ നിന്ന്, നിന്നെ ആരും ഇറക്കി വിടുകയില്ല നിന്റെ കാലം കഴിയുന്നതുവരെ… അതുമാത്രമാണ് എന്റെ മകൻ എന്ന നിലയിൽ നിനക്ക്, ഞാൻ തരുന്ന ഔദാര്യം..ശ്രുതിയുടെ ചുമലിൽ ചേർത്ത് അവർ അരികിലേയ്ക്കു നിർത്തി.. നിന്നെപ്പോലെ ഉള്ളവർ ഇവളെ കണ്ടു പഠിക്കണം..ഞങ്ങളെ സംരക്ഷിക്കുവാൻ വേണ്ടി ഞങ്ങളോടൊപ്പം കൂടിയതാ ഇവൾ!.. ഇങ്ങനെയുള്ള നല്ല മക്കളുമുണ്ട് അച്ഛനുമമ്മയ്ക്കും പിറന്നവരായിട്ട്..നിന്നെ പ്രതീക്ഷിച്ചു നോക്കിയിരുന്നു കണ്ണുകഴച്ച ഒരു കാലം എനിക്കുണ്ടായിരുന്നു..പക്ഷേ ഇന്ന്..”

അവർ ചുമൽ കൂച്ചി കണ്ണടച്ചുതുറന്നു പറഞ്ഞു..”എനിക്കതില്ല…എന്റെ പ്രിയപ്പെട്ട സൽപുത്രാ…ഞങ്ങൾക്ക് ഒരുപാട് കാര്യം ഇനിയും ചെയ്തുതീർക്കാനുണ്ട്..വെറുതെ നിന്ന് എന്റെ സമയം പാഴാക്കരുത്..നിനക്ക് വേണമെങ്കിൽ, നിന്റെ കുടുംബത്തെ അധ്വാനിച്ച് സംരക്ഷിച്ചു കൊള്ളുക..അല്ലാതെ എന്നെ കൊല്ലാൻ ഉള്ള മാർഗം നോക്കി വെറുതെ മെനക്കെടേണ്ട..നല്ല ഉശിരുള്ള കൊച്ചു ആമ്പിള്ളേരാ ഇപ്പോൾ പോലീസിൽ ഉള്ളത്..ഒരു പേപ്പർ ഞാൻ വെറുതെ അങ്ങ് കൊടുത്താൽ മതി, കേട്ടല്ലോ..”

അവരെ നോക്കാൻ പോലും അയാൾക്ക് ഭയമായി.. “ഇറങ്ങി പോടാ, എന്ന് ഞാൻ പറയുന്നില്ല..” അവർ പുറത്തേക്കു കൈചൂണ്ടി..”

ഒരു വാക്ക് പോലും തിരികെ പറയാൻ ആകാതെ മഞ്ഞളിച്ച മുഖത്തോടെ അയാൾ പതിയെ തിരിഞ്ഞുനടന്നു ..ഇനി ഒരിക്കലും നിവർത്താനാവാത്ത കുനിഞ്ഞ ശിരസ്സോടെ!!!..