ഏട്ടാന്ന് വിളിച്ച് നോക്കിയപ്പോൾ കണ്ടു പിന്തിരിഞ്ഞു നടക്കുന്ന ഏട്ടനെ കൈകൊണ്ട് നിറഞ്ഞ കണ്ണ് തുടയ്ക്കുന്ന ഏട്ടനെ….

ധനം

Story written by NIJILA ABHINA

:::::::::::::::::::::::::::::::::

നിന്റെ ആട്ടും തുപ്പും കേട്ട് നിന്റെ അടിമപ്പണി ചെയ്യാനല്ല ചെല്ലും ചെലവും കൊടുത്തിവളെ ഇത്രേം വലുതാക്കീത്…. തലയിൽ വെച്ചാ കൊണ്ട് നടന്നത് ഇനിയും അതങ്ങനെ തന്നെയാവും…

ഇത്ര നാളും കാണാത്ത ഏട്ടന്റെ ഭാവം കണ്ട് കരയണോ സന്തോഷിക്കണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാനും…

പണ്ടെപ്പഴോ എന്നെ തള്ളിയിട്ടോടിയ വികൃതി പയ്യനെന്നെല്ലാരും വിളിക്കുന്ന ഷിനിലിനെ ഓടിച്ചിട്ട് തല്ലിയ ഏട്ടനെയാണ് ഓർമ വന്നത്…. അന്നച്ചൻ ഏട്ടനെ വഴക്ക് പറയുമ്പോഴും അമ്മ കണ്ണുരുട്ടുമ്പോഴും അത് കണ്ട് വിങ്ങി കരയുന്ന എന്നെ നോക്കി കണ്ണിറുക്കി കാണിച്ച് പറയുന്നുണ്ടാരുന്നു.. എന്റെ പൊന്നൂനെ ഞാൻ തല്ലും പിച്ചും മാന്തും. പക്ഷേ വേറാരും തൊടാൻ നിക്കണ്ടാന്ന്…

ഏട്ടനെ വഴക്ക് പറഞ്ഞ അച്ഛനും കണ്ണുരുട്ടിയ അമ്മയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചിരുന്നു അന്ന്…

വളർന്നു വരുന്തോറും ഏട്ടൻ അകന്നു തുടങ്ങിയപ്പോൾ ഏറെ കൊതിച്ചിരുന്നു പഴേ പോലെ ഏട്ടന്റെ പൊന്നൂന്നുള്ള വിളി കേൾക്കാൻ ഏട്ടന്റെ കൂടെയൊന്ന് പുറത്തു പോകാൻ ഏട്ടനോട് തല്ലു കൂടാനും ബൈക്കിന്റെ പിന്നിലിരുന്നു സിനിമയ്ക്ക് പോകാനുമൊക്കെ….

മനഃപൂർവം അകറ്റി നിർത്തുന്നത് പോലെ തോന്നിയപ്പോഴാണ് ആഗ്രഹങ്ങളൊക്കെ അങ്ങനെ തന്നെ മനസിലടക്കിയത്……

ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് ചങ്കിൽ കത്തി കുത്തുന്ന പോലെയാ വാക്ക് കേട്ടത്. നാളെയാരോ തന്നെ കാണാൻ വരുന്നൂന്ന്…..

വേണ്ടെന്ന് പറഞ്ഞു കരഞ്ഞപ്പോഴും സമ്മതിക്കില്ലെന്ന് പറഞ്ഞു ബഹളം വെച്ചപ്പോഴും അച്ഛന്റെയും അമ്മയുടെയും മുഖത്ത് നിസഹായതയായിരുന്നു….നിനക്ക് പ്രായമിത്രേ ആയില്ലേന്നുള്ള ചോദ്യവും…

ഒരുപാട് നാളുകൾക്കു ശേഷമേട്ടൻ റൂമിലേക്ക് വന്നപ്പോ ഏറെ സന്തോഷിച്ചു അന്ന്..

“പൊന്നൂ….

ഒരുപാട് നാളുകൾക്കു ശേഷം…. ഏട്ടന്റെ വായിൽനിന്ന് പൊന്നൂന്നൊരു വിളി…അതിലലിഞ്ഞു പോയിരുന്നു എന്റെ സങ്കടങ്ങളെല്ലാം….

“എന്തിനാ വന്നേ ഇപ്പൊ.. ഇത്രേം നാളെന്നെ തനിച്ചാക്കിയതല്ലേ ഞാനിവിടുന്നു പോവാന്നറിഞ്ഞപ്പോ സന്തോഷായിക്കാണൂലെ… “

“തനിച്ചാക്കീന്ന് നിനക്കെപ്പഴാ പൊന്നൂ തോന്നിയെ…. സാഹചര്യങ്ങൾ കൊണ്ട് നിനക്ക് തരേണ്ട സമയം മാറ്റി വെക്കപ്പെട്ടിട്ടുണ്ട് പക്ഷേ അതൊന്നും നിന്നെ മാറ്റി നിർത്തിയതല്ല.. നിനക്ക് വേണ്ടിയല്ലാതെ പിന്നാര്ക്ക് വേണ്ടിയാ മോളെ ഞാൻ ജീവിക്കുന്നെ…

ഏട്ടാന്ന് വിളിച്ചാ നെഞ്ചിൽ തലചേർത്തു കരയുമ്പോഴും ഞാനറിഞ്ഞിരുന്നില്ല ഏട്ടൻ പാതി വഴിയിൽ പഠനം നിർത്തിയതും ഏട്ടന്റെ പ്രിയപ്പെട്ട മോഹങ്ങൾ പലതും വേണ്ടെന്നു വെച്ചതും എനിക്ക് വേണ്ടിയാണെന്ന്…. ടൂർ പോകണമെന്ന് ഞാൻ വാശി പിടിച്ചു കരഞ്ഞപ്പോൾ രാത്രിയേറെ വൈകി കതകിൽ മുട്ടി മണ്ണ് പറ്റിയ നോട്ടുകളെന്റെ കയ്യിൽ തന്ന് ഒന്നും മിണ്ടാതെ വാതിൽ വലിച്ചടച്ചു പോയപ്പോൾ അന്നേട്ടൻ ദേഷ്യപ്പെട്ടതായാണ് തോന്നിയത്. എന്നാൽ മൂന്ന് രാത്രി ഏട്ടൻ വീട്ടിൽ വരാതിരുന്നത് ക്ലാസ്സ്‌ കഴിഞ്ഞ് ബീരാൻക്കയുടെ വർക്ഷോപ്പിൽ പണിക്ക് പോയിട്ടാണെന്നും അന്നറിഞ്ഞില്ല.

എന്റെ മുടി മാടിയൊതുക്കി ഏട്ടനെന്നോട് പറഞ്ഞിരുന്നു അന്ന്…

നല്ല ആലോചനയാ പൊന്നൂ ഇത്.. ഏട്ടനെല്ലാം അന്വേഷിച്ചു കല്യാണം കഴിഞ്ഞും മോൾക്ക് പടിക്കാലോ അച്ഛനിനി എത്ര കാലം കാണുമെന്നു നിനക്കുമറിയാലോ ആ കൈകൊണ്ട് നിന്നെയൊരു കൈകളിലേൽപ്പിക്കാൻ അച്ഛനൊരുപാട് ആഗ്രഹിക്കുന്നുണ്ട്.. ഈ ഞാനും…

അത് പറഞ്ഞു കഴിഞ്ഞപ്പോൾ എന്നെപ്പോലെ ഏട്ടനും കരഞ്ഞിരുന്നു…. ആശുപത്രിയും വീടുമായി കഴിയുന്ന അച്ഛന്റെ അവസാന ആഗ്രഹം ഒരുപക്ഷെ അതാവും ഞാനും അതിന് സമ്മതിക്കാനുള്ള കാരണം….

പിന്നീടുള്ള ദിനങ്ങൾ ഞാനും ആസ്വദിച്ചിരുന്നു ആനന്ദിനും വീട്ടുകാർക്കും എന്നെ വലിയ കാര്യവുമായിരുന്നു… ഏട്ടനേയും വീടുമൊക്കെ വിട്ടു പോകുന്നതൊഴിച്ചാൽ ആകെ മൊത്തം സന്തോഷം……

താലി കെട്ടി കഴിയുമ്പോൾ ഏട്ടന്റെ കണ്ണിൽ നിറഞ്ഞ കണ്ണ് നീരിന് അഭിമാനത്തിന്റെ തിളക്കവുമുണ്ടായിരുന്നു…. ആനന്ദിന്റെ കൈകളിലേക്ക് എന്നെ കൈ പിടിച്ചു നൽകുമ്പോൾ ഏട്ടനൊന്നേ പറഞ്ഞുള്ളു…

“കണ്ണ് നിറയിക്കരുത് എന്റെ ശ്വാസമാ ഞാൻ നിന്നെയേല്പിക്കുന്നതെന്ന് “

ഏട്ടാന്ന് വിളിച്ച് നോക്കിയപ്പോൾ കണ്ടു പിന്തിരിഞ്ഞു നടക്കുന്ന ഏട്ടനെ കൈകൊണ്ട് നിറഞ്ഞ കണ്ണ് തുടയ്ക്കുന്ന ഏട്ടനെ…..

ഓരോ ദിവസവും വിളിച്ചിരുന്നു ഏട്ടനും അമ്മയും എന്റെ സന്തോഷങ്ങൾ ഓരോന്നും ഞാൻ പങ്കു വെച്ചു… എനിക്ക് കിട്ടിയ നല്ല ജീവിതമോർത്ത് സന്തോഷിച്ചു അവരും… സന്തോഷത്തിന് ഇരട്ടി മധുരം കൊണ്ട് വന്നു മോളുടെ വരവ്…

പിന്നീടെപ്പോഴാണ് അതൊക്കെ മാറി മറിഞ്ഞത്….ഒരുപക്ഷെ ദേഹം മുഴുവൻ സ്വർണവും എണ്ണിയാലൊടുങ്ങാത്ത സ്ത്രീധനവുമായി കേറിവന്ന അനിയന്റെ പെണ്ണിന് മുമ്പിൽ മനസ് നിറയെ സ്നേഹവുമായി കേറിവന്ന എനിക്ക് സ്ഥാനമില്ലാതായിട്ടുണ്ടാവാം… തൊട്ടതിനും പിടിച്ചതിനും അമ്മയ്ക്ക് കുറ്റം കണ്ട് പിടിക്കാൻ അധിക നേരം വേണ്ടിയിരുന്നില്ല….. ചെയ്തിട്ടും ചെയ്തിട്ടും പണികൾ തീരാതെ വന്നതും അടുക്കളയിലെ ഗ്യാസ് അറിയാതെ ഓണായി കിടന്നതും കണ്ടില്ലെന്ന് നടിച്ചു. എന്നോടുള്ള വെറുപ്പ് മോളോട് കൂടി കാണിക്കുന്നത് കണ്ണീരടക്കി പിടിച്ചു കണ്ടു നിന്നു.. കുറ്റപ്പെടുത്തലിലും ദ്രോഹിക്കലിനുമൊടുവിൽ ഒരു സാന്ത്വനം പ്രതീക്ഷിച്ച ആനന്ദിൽ നിന്നും കേട്ട് തുടങ്ങിയപ്പോൾ മടുത്തു തുടങ്ങിയിരുന്നു ജീവിതം…

വീട്ടിൽ നിന്ന് കാണാതെ പോയ അനിയത്തിയുടെ വളയ്ക്ക് പകരമായി എന്നെ തല്ലി ചതയ്ക്കുമ്പോൾ അമ്മേ തല്ലല്ലേ അച്ഛാ എന്ന മോളുടെ കരച്ചിൽ പോലും വകവെച്ചിരുന്നില്ല ആരും….. ഇടയിൽ കേറിയ മോളെ തള്ളി താഴെയിട്ട ആനന്ദിനെ അന്നാദ്യമായി വെറുപ്പോടെ നോക്കി ഞാൻ…. കുഞ്ഞിനെ കെട്ടി പിടിച്ചിരുന്നു കരയാൻ മാത്രമേ അപ്പോഴും കഴിഞ്ഞിരുന്നുള്ളൂ എനിക്ക്…

എന്നിട്ടും വീട്ടിൽ നിന്നുള്ള വിളിയിൽ എന്റെ സന്തോഷം മാത്രം പങ്കു വെച്ചു.. സങ്കടങ്ങൾ ആരും കാണാതെ ഒളിപ്പിച്ചു…അമ്മേ അച്ഛൻ തല്ലി മാമാ എന്ന മോളുടെ വാക്ക് ആരും കേൾക്കാതിരിക്കാൻ ഫോൺ പൊത്തി പിടിച്ചു അന്ന്.. എന്നിട്ടും ഏട്ടനത് കേട്ടു…

“പൊന്നൂ “

പണ്ടെന്നോ വിളിച്ച അതേ വിളി… ആ വിളിയിൽ പൊട്ടി കരഞ്ഞു പോയി അന്ന്….

രാത്രിക്ക് രാത്രി ഏട്ടൻ ഇവിടെയെത്തുമെന്ന് അറിയാമായിരുന്നു…. ഏട്ടന് മുന്നിൽ പുഞ്ചിരിക്കാൻ ശ്രമിച്ചു ഞാൻ ഹാപ്പി ആണെന്ന് കാണിക്കാനും….

വന്നയുടനെ എന്നോട് മിണ്ടാതെ ആനന്ദിന്റെ കരണത്ത് ഒന്ന് പൊട്ടിച്ചു ഏട്ടൻ…

“ഇതെന്റെ പെങ്ങളെ തല്ലിയതിനല്ല സ്വന്തം ചോരയെ പോലും പണത്തിന്റെ മുന്നിൽ കാണാതെ പോയതിന്…

നീയെന്താ കരുതിയത് കെട്ടിച്ചു തന്നെന്ന് കരുതി തീറെഴുതി തന്ന അടിമയാണെന്നോ… എല്ലാം അന്വേഷിച്ചറിഞ്ഞിട്ടാ ഞാൻ വരുന്നത് ഇനിയൊരു പൊടി മണ്ണ് പോലും ഇവരുടെ ദേഹത്തു വീഴില്ല …..നിനക്ക് വലുത് സ്വർണവും പണവുമൊക്കെയാവും എന്നാൽ എനിക്ക് ധനം എന്റെയീ ചോരയാ..

മകനെ തല്ലുന്നത് കണ്ട് തടസം പിടിക്കാൻ വന്ന അമ്മയോട് ഏട്ടൻ പറഞ്ഞു

“ഇവനിങ്ങനെ ആയിപ്പോയതിനും ത ന്തയില്ലാതരം കാണിച്ചതിനും തെറ്റ് പറയില്ല ഞാൻ. പെറ്റ തള്ള കാണിക്കുന്നതല്ലേ മക്കളും ചെയ്യൂ… നമുക്കിനിയും കാണണം ഇവിടെ വെച്ചല്ല കോടതിയിൽ വെച്ച്….

അതുപറഞ്ഞെന്റെ കയ്യിൽ നിന്ന് മോളെ വാങ്ങി ഏട്ടൻ പറഞ്ഞു.

“എടുക്കാനുള്ളതൊക്കെ എടുത്തോ ഒരു ഗ്ലാസ് അരി കൂടുതൽ ഇടാൻ മാത്രം മംഗലത്ത് വീട്ടിൽ ദാരിദ്ര്യം വന്നിട്ടില്ലാ..”

മുഖം കുനിച്ചു നിൽക്കുന്നയവന്റെ കോളറിൽ പിടിച്ചൊന്ന് കൂടി പറഞ്ഞു പെണ്ണിന്റെ ഉടലും അവളുടെ പണവും മാത്രം മതിയെന്ന് കരുതുന്നവരെ മാത്രേ നീയൊക്കെ അറിയൂ പെണ്ണിനെ ഉയിരായി കൊണ്ട് നടക്കുന്ന ആണിനെ അറിയില്ല എന്ന്….

അവിടെ നിന്ന് പടിയിറങ്ങുമ്പോൾ നഷ്ടബോധം തോന്നിയില്ല ഒട്ടും.. കാരണം ഏട്ടൻ പറഞ്ഞത് പോലെ പെണ്ണിന്റെ ഉടലിനെ പ്രണയിക്കുന്നവല്ല പെണ്ണിനെ ഉയിരായി കാണുന്നവനാണ് ആണ്…. അങ്ങനെയൊരാണിന്റെ തണലിൽ ഞാനെന്നും സുരക്ഷിതയാണെന്ന് എനിക്കറിയാമായിരുന്നു…

നിജില