എഴുത്ത്: മനു തൃശ്ശൂർ
ഒരിക്കൽ കൂടി അമ്മയെ കാണണമെന്ന് ആഗ്രഹം കൊണ്ടാണ് മരിച്ചു പോയ എൻ്റെ അമ്മയുടെ ഫോട്ടോ സഹിതം അന്ന് ഗുരുവായൂർ അമ്പലത്തിൽ സംഭവിച്ച അനുഭവം അതെപടി ഫേസ്ബുക്കിൽ പകർത്തിയെഴുതി അവസാനം ഇങ്ങനെ കുറിച്ചു ..
” ഒരിക്കൽ കൂടി… ഈ മകൻ അമ്മയെ കാണാൻ ആഗ്രഹിക്കുന്നു അമ്മയിത് കാണുകയാണെങ്കിൽ വിളിക്കാൻ എൻ്റെ ഫോൺ നമ്പറും ചുവടെ കൊടുത്താണ് പോസ്റ്റ് ചെയ്തത്…
കൂടെ ഉണ്ടായിരുന്ന ആത്മ സുഹൃത്തുകൾ പോസ്റ്റ് സാമൂഹിക മദ്ധ്യമങ്ങളിൽ പോസ്റ്റ് വൈറലായി നിൽക്കെ അപരിചിതമായ് ഒരു ഫോൺ കാൾ എന്നെ തേടി വന്നത് ..
അപ്പോഴത്തെ സഹചര്യത്തിൽ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ആ കാൾ അമ്മയുടെ ആകുമെന്ന് ഫോണെടുത്തു കാതോട് ചേർത്ത് വെച്ചപ്പോൾ
” മോനേന്നുള്ളൊരു വിളിയൊച്ച കാതിലേയ്ക്ക് ഒഴുകിയെത്തി ഒപ്പം അമ്മയാണ് മോനെ എന്നൊരു വാക്കും..
അത് കേട്ടപ്പോൾ നെഞ്ചിൻ കൂട് തകർന്നു ഹൃദയം ചോർന്ന് പോകും പോലെ..കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു..
എന്തു പറയണം എന്നറിയാതെ ഒരിറ്റു ശ്വാസത്തിന് വേണ്ടി തൊണ്ട പിടയ്ക്കുമ്പോൾ.. എന്റെ ചുണ്ടുകൾ കിതപ്പോടെ പറഞ്ഞു ..
” അമ്മേ… എൻ്റെ അമ്മെ എവിടെയാ എനിക്കൊന്നു കാണണം. എന്നുണ്ട്..
ആദ്യത്തെ പതർച്ച.. കൗതുകവും.. ആകാംഷയും.. അമ്മയോടുള്ള അതിരറ്റ സ്നേഹവുമായി ഒഴുകി നീണ്ടു നിന്ന സംസാരത്തിന് അവസാനം ഒന്ന് കാണാനുള്ള അമ്മയുടെ സമ്മതം കിട്ടിയപ്പോൾ.. ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്..
കാൾ കട്ട് ചെയ്യും മുന്നേ പോകാനൊരു ദിവസവും കുറിച്ചി കഴിഞ്ഞിരുന്നു
ഒടുവിൽ അമ്മയുടെ അടുത്തേക്ക് പോകാൻ തീരുമാനിച്ച ദിവസം.. യാത്ര ഇറങ്ങുമ്പോൾ ചുമരിൽ വച്ചിരുന്ന എൻ്റെ അമ്മയുടെ ഫോട്ടോയും ഞാൻ കൈയ്യിൽ കരുതി..
യാത്രയിൽ ഉടനീളം അനുസരണ ഇല്ലാത്ത കുട്ടിയെ പോലെ മനസ്സ് വല്ലാതെ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു….
യാത്രയ്ക്ക് അമ്മ പറഞ്ഞു തന്നിരുന്ന അടയാളം വെച്ച് വീടു കണ്ടു പിടിക്കാൻ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല
പറഞ്ഞ അഡ്രസ്സിൽ അമ്മയുടെ വീടിന്റെ മുറ്റത്തേക്ക് ഞാൻ കയറി ചെല്ലുമ്പോൾ
അതൊരു വലിയൊരു തറവാട് വീടായിരുന്നു. ചുറ്റും പഴമയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം
ഞാൻ മെല്ലെ കാറിൽ നിന്നും ഇറങ്ങി ആ വലിയ വീടിന്റെ പൂമുഖത്തേക്ക് കയറി ചെല്ലുമ്പോൾ അകതളത്തിലെ ഇരുളിൽ നിന്നും തെളിഞ്ഞു വരുന്ന സ്ത്രീ രൂപത്തെ നോക്കി എൻ്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു ..
അടുത്തേക്ക് ചിരിയോടെ വന്ന ആ മുഖത്തേക്ക് നോക്കി അറിയാതെ ഞാൻ അമ്മേന്ന് വിളിച്ചു കൊണ്ട് ആ തോളിലേക്ക് തലചായ്ച്ചു …
ഒടുവിൽ കണ്ണുകൾ തുടച്ചു അമ്മയെ മതിവരുവോളം നോക്കി നിൽക്കുമ്പോൾ.. അമ്മയുടെ ഭർത്തവും ഏക മകനും എന്നെ കണ്ടു അകത്ത് നിന്നും ചിരിയോടെ പുറത്തേക്ക് വന്നു കഴിഞ്ഞിരുന്നു ..
സ്നേഹത്തോടെ അവർ എനിക്കൊപ്പം സംസാരിച്ചു ഇരിക്കുമ്പോൾ ഞാൻ പറഞ്ഞു..
” അമ്മയാകെ മാറിയിട്ടോ മുടിയൊക്കെ നരച്ചു ചുളിവ് വന്നിരിക്കുന്നു ന്ന്..
അതുകേട്ട് ഒരു ചിരിയോടെ എൻ്റെ കൈകളിൽ പിടിച്ചു പതിയെ തലമുടിയിൽ തഴുകുമ്പോൾ എന്തോ ഓർത്തു ഞാൻ പറഞ്ഞു..
അതെ ഒരു കാര്യം കാണിച്ചു തരാം ഞാനത് മറന്നെന്ന് പറഞ്ഞു കാറിന്റെ അടുത്തേക്ക് പോയി മുൻ സീറ്റിൽ വച്ചിരുന്ന എൻ്റെ അമ്മയുടെ ആൽബം എടുത്തു വീണ്ടും അമ്മയ്ക്ക് അടുത്ത് വന്നിരുന്നു..
എന്താണ് ഇതെന്ന ചോദ്യ ഭാവത്തോടെ എന്നെ നോക്കുന്ന അമ്മയുടെ കൈലേയ്ക്കു ആ ആൽബം വച്ച് കൊടുക്കുമ്പോൾ അമ്മയുടെ കണ്ണുകൾ എന്നിൽ തന്നെയായിരുന്നു..
അമ്മയോട് ഇതൊന്ന് നോക്കെന്ന് പറഞ്ഞ നേരം ആ കണ്ണുകൾ ആ ഫോട്ടോയിലേക്ക് പതിഞ്ഞതും അമ്മയുടെ കണ്ണിൽ നീർകുടങ്ങൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു ..
ഒടുവിൽ ആ ഫോട്ടോ അമ്മ തിണ്ണയിൽ വച്ചു എന്നെയൊന്നു നോക്കി പൊട്ടി കരഞ്ഞു കൊണ്ട അകത്തേക്ക് പോയത് .
ഞാനെഴുന്നേറ്റു അകത്തളത്തിലേക്ക് കയറി ചെല്ലുമ്പോൾ നടുമുറ്റത്തിനോട് ചേർന്നുള്ള തൂണു ചാരി നിന്ന് വിതുമ്പുന്ന അമ്മയെ കണ്ടു..
മെല്ലെ അടുത്തേക്ക് ചെന്നു തോളിൽ പിടിച്ചു ഞാൻ പറഞ്ഞു
” സാരമില്ല എനിക്ക് അറിയാം ഇനിയൊരിക്കലും എൻ്റെ അമ്മ തിരിച്ചു വരില്ലെന്ന്..
എൻ്റെ വാക്കുകൾ കേട്ടാവണം അമ്മ തിരിഞ്ഞു നിന്ന് ശബ്ദമില്ലാതെ പറഞ്ഞത്..
” അരുത് എൻ്റെ മോന് അമ്മയില്ലെന്ന് പറയരുത് നീയെന്നും എനിക്ക് എൻ്റെ മോൻ തന്നെയാണ് ..
അതും പറഞ്ഞു അമ്മ എൻ്റെ നെറ്റിയിൽ അമർത്തി ചുംബിക്കുമ്പോൾ ആ ചുംബനത്തിന് ഒരമ്മയുടെ മനസ്സിൻ്റെ നിസ്സഹായതയുടെ ഭാരമുണ്ടായിരുന്നു…
പതിയെ എൻ്റെ കരങ്ങളെ കൂട്ടി പിടിച്ചു കഴിച്ചിട്ട് പോയ മതിട്ടോ പറയുമ്പോൾ ആ വാക്കുകൾ എവിടെയൊക്കെയോ പാതി മുറിഞ്ഞിരുന്നു..
ഒടുവിൽ ഉച്ചയ്ക്ക് അമ്മയുണ്ടാക്കിയ ഭക്ഷണം മനസ്സ് നിറച്ചു കഴിച്ചിട്ടാണ് ഞാനിറങ്ങിയത്..
മുന്നോട്ടു നടക്കുമ്പോൾ ഒരിക്കൽ കൂടെ ഞാൻ തിരികെ അമ്മയുടെ അടുത്തേക്ക് ചെന്നു ..
എനിക്ക് പോവൻ പറ്റുന്നില്ലമ്മേ..എനിക്ക് ആരുമില്ലെന്ന് സത്യം എന്നെ മൂടി പിടിച്ചിരിക്കാന്ന് അത്രയും പറഞ്ഞു ആ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ എൻ്റെ ഹൃദയ മിടിപ്പുകൾക്ക്..
“അമ്മ എന്ന വാക്കിൻ്റെ താളമുണ്ടായിരുന്നു…
തിരിച്ചുള്ള യാത്രയിൽ എന്തോ ഒരു ശക്തി തന്നെ വീണ്ടും പിന്നിലോട്ട് പിടിച്ചു വലിക്കും പോലെ..അമ്മയിൽ നിന്നും വേർപ്പെട്ട് പോകുന്ന ഒരു കുഞ്ഞിൻ്റ് നിലവിളി ചങ്കിലെവിടെയോ കുടുങ്ങി കിടപ്പുണ്ടായിരുന്നു..
രാത്രിയിൽ വീട്ടിൽ തിരിച്ചു എത്തിയിട്ടും കാറിൽ നിന്നും എനിക്ക് ഇറങ്ങാൻ തോന്നിയില്ല കാരണം ജീവിതത്തിൽ തീർത്തും തനിച്ചായത് പോലെ ഒരുപാട് ആളുകളിൽ നിന്നും പെട്ടെന്ന് ഒറ്റ പെട്ടത് പോലെ കണ്ണിലാകെ ഇരുട്ട് മൂടിയത് പോലെ മനസ്സിൽ കാർമേഘം ഇരുണ്ടു കൂടി ശരീരം ആകെ ഒരു തണുപ്പ്…
ഞാൻ ജനിച്ചപ്പോൾ ആയിരുന്നു അമ്മ മരിച്ചത്. അതുകൊണ്ട് അമ്മയെ ഞാൻ കണ്ടിട്ടില്ല. അമ്മയുടെ സ്നേഹം ഞാൻ അറിഞ്ഞിട്ടില്ല.ആകെ അമ്മയെ കണ്ടിരുന്നത് അച്ഛൻ കരുതി വച്ച അമ്മയുടെ ഫോട്ടോ നിറഞ്ഞ ആൽബത്തിലാണ്
” അതായിരുന്നു എൻ്റെ അമ്മ..എൻ്റെ ലോകം..”
അങ്ങനെ ഇരിക്കുമ്പോഴ അച്ഛനും വല്ലിച്ഛനും വല്ല്യമ്മയ്ക്കും ഒപ്പം എൻ്റെ അഞ്ചാമത്തെ വയസ്സിൽ ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ പോയപ്പോൾ..അമ്മയെ പോലെ മുഖമുള്ള സ്ത്രീയെ കാണുന്നത്..
അത് എൻ്റെ അമ്മയാണെന്ന് കരുതി ഓടി ചെന്നു കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ.ആ സ്ത്രീയിൽ അപ്പോൾ ഉണ്ടായിരുന്ന പതർച്ചയും നോട്ടവും എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു…
എൻ്റെ അപ്പോഴുള്ള പരാക്രമത്തിൽ ആളുകൾ ചുറ്റും കൂടുമ്പോൾ..
അവർ എന്നിൽ നിന്നും ഒഴിഞ്ഞു മാറൻ ശ്രമിക്കുന്നത് അറിഞ്ഞു ഞാൻ വിടാതെ ചുറ്റി പിടിച്ചു കരഞ്ഞു.എൻ്റെ അമ്മേ അമ്മേ എന്നു വിളിച്ചു കരയുമ്പോൾ ..
അച്ഛൻ പറയുന്നുണ്ട് അത് നിൻ്റെ അമ്മയല്ലെന്ന് അപ്പോഴും. ഞാൻ പിടി വിടാതെ ഉള്ളിൽ നിറഞ്ഞു കൊണ്ടിരുന്ന എന്തൊ ഒരു ഭയത്തിൻ്റെ പരിഭ്രാന്തിയിൽ ഞാൻ പറഞ്ഞു..
” അതെ ഇതെൻ്റെ അമ്മയാണ് ഫോട്ടോയിൽ ഉള്ള എൻ്റെ അമ്മയാണെന്ന് ..
ഒടുവിൽ ആ അമ്മയ്ക്ക് കാര്യം മനസ്സിലായിട്ടവണം എന്നെ തലോടി വാരിയെടുത്ത് ഉമ്മ തന്ന് അതെ മോൻ്റെ അമ്മയാണെന്ന് പറഞ്ഞതും..
ചേർത്ത് പിടിച്ചു സ്നേഹം പകർന്നു തന്നിട്ട് അമ്മയിപ്പോൾ വരാന്ന് പറഞ്ഞു മോൻ അച്ഛൻറെ ഒപ്പം നിൽക്കെന്ന് കള്ളം പറഞ്ഞു എന്നിൽ നിന്നും എന്നെന്നേക്കുമായ് ഓടിയൊളിച്ചതും എന്നും ഓർമ്മ പെടുത്തുകയായിരുന്നു. ആ മുഖവും..
അന്ന് തൊട്ടു അമ്മയെ കാണണമെന്ന് വാശിപ്പിടിച്ചു കരഞ്ഞ മനസ്സിൻ്റെ ആഗ്രഹം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു…
ഞാൻ ഒരിക്കൽ കൂടെ സീറ്റിൽ വച്ചിരുന്ന അമ്മയുടെ ആൽബം നോക്കി മെല്ലെ വിരലോടിച്ചു ഓർക്കുമ്പോൾ നെഞ്ചിൽ അമ്മയുടെ മുഖം ചിരിച്ചു കൊണ്ട് തെളിഞ്ഞു..
ആ നിമിഷം മനസ്സിൽ ശൂന്യത നിറഞ്ഞു വരുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം ഞാൻ സീറ്റിൽ വച്ചിരുന്ന ആൽബം കൈയ്യിലെടുത്തു ഡോർ തുറന്നു ഇറങ്ങി ..
വീട്ടിലേക്ക് കയറി ഹാളിലേക്ക് നടന്നു ചുമരിലെ ശൂന്യതയിലേക്ക് നോക്കി വീണ്ടും അമ്മയുടെ ഫോട്ടോ അവിടെ ചേർത്ത് വെക്കുമ്പോൾ മനസ്സ് പറയുന്നുണ്ട്..
ഒരിക്കലും കാണാൻ കഴിയാതെ പോയ എൻ്റെ അമ്മ..എത്ര സുന്ദരിയാണ് എങ്ങനെ ആയിരിക്കും എൻ്റെ അമ്മയുടെ സ്നേഹം എൻ്റെ അമ്മയുടെ സ്വരം എന്തായിരിക്കും എന്തായിരിക്കും എൻ്റെ അമ്മ എന്നെ വിളിക്കുക ??
ഓർത്തപ്പോൾ മുന്നിലെ ചിത്രം കണ്ണിൽ മങ്ങുന്നത് പോലെ എനിക്ക് തോന്നി.ഒടുവിൽ ഒരു നീർ തുള്ളിയിൽ ആ മുഖം അലിഞ്ഞ് ചേർന്ന് ചില്ല് പോലെ വീണുടഞ്ഞിരിക്കുന്നു…..
ശുഭം ❤️?