അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ, പെൺകുട്ടിയായ ഞാൻ അച്ഛനോടൊപ്പം പോയതു കണ്ട് പലരും നെറ്റി ചുളിച്ചു…

Story written by Saji Thaiparambu

:::::::::::::::::::::::::::::::::

അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ, പെൺകുട്ടിയായ ഞാൻ അച്ഛനോടൊപ്പം പോയതു കണ്ട് പലരും നെറ്റി ചുളിച്ചു,

പക്ഷേ, എനിക്കതിൽ യാതൊരു വിഷമവും തോന്നിയില്ല, കാരണം അച്ഛന്റെ ഭാഗത്തായിരുന്നു ന്യായം.

ഓർമ്മ വെച്ച നാൾ മുതൽ,തൊട്ടതിനും പിടിച്ചതിനുമൊക്കെ അച്ഛനോട് വഴക്ക് കൂടുന്ന അമ്മയോട് എന്ത് കൊണ്ടോ എനിക്കൊരിക്കലും സ്നേഹം തോന്നിയിരുന്നില്ല

അത് കൊണ്ട് തന്നെ അച്ഛൻ്റെ മേൽ അമ്മ ആരോപിച്ച പരസ്ത്രീ ബന്ധവും അമ്മയ്ക്ക് അച്ഛനെ കുറ്റപ്പെടുത്താനുള്ള ഒരു കാരണമായേ ഞാൻ കണ്ടിരുന്നുള്ളു

മോളേ അമ്മ പറയുന്നത് സത്യമാണ് അച്ഛൻ കുറച്ച് നാളുകളായി അമ്മയെ ചീറ്റ് ചെയ്തോണ്ടിരിക്കുവാ

ഒരിക്കൽ അമ്മ എന്നോട് സ്വയം ന്യായീകരിച്ചു

ഒന്ന് ചുമ്മാതിരിയമ്മേ…അമ്മയ്ക്കെല്ലാം ഒരു തരം സംശയമാണ്, അച്ഛൻ ഒരു പബ്ലിക് ഫിഗറാണ്, അത് കൊണ്ട് ധാരാളം പേരുമായി അടുത്തിടപഴകുകയും, അവരോടൊപ്പം സെൽഫിയെടുക്കുകയും ചെയ്തിട്ടുണ്ടാവാം , എന്ന് വച്ച്, അതൊക്കെ അവിഹിത ബന്ധമാണെന്ന് അമ്മയ്ക്ക് തോന്നുന്നെങ്കിൽ, അമ്മ ഇപ്പോഴും പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിക്കുന്നത് കൊണ്ടാണ്

അന്ന് ഞാൻ പറഞ്ഞത് അമ്മയ്ക്ക് ഒരു പാട് വിഷമമായി എന്നെനിക്ക് മനസ്സിലായത്, പിന്നീടൊരിക്കലും അമ്മ എന്നോട് അച്ഛൻ്റെ കുറ്റങ്ങൾ പറയാതിരുന്നപ്പോഴാണ്.

അച്ഛനോട് മിണ്ടാതായത് പോലെ, എന്നോടും അമ്മ മൗനം പാലിച്ച് തുടങ്ങിയിരുന്നു.

ആ നിശബ്ദത വലിയൊരു കൊടുങ്കാറ്റിനുള്ള സൂചനയായിരുന്നെന്ന് , പിന്നീടാണ് എനിക്ക് മനസ്സിലായത്.

പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ, അമ്മ ഒരു ബാഗിൽ ഉടുവസ്ത്രങ്ങളുമെടുത്ത് കൊണ്ട് ,വീട്ടിൽ നിന്നിറങ്ങി പോയി.

മുൻപും അച്ഛനുമായി വഴക്കിട്ട് തറവാട്ടിലേക്ക് ഇറങ്ങി പോകുന്ന സ്വഭാവം അമ്മയ്ക്കുണ്ടായിരുന്നത് കൊണ്ട്, ഞാനും അച്ഛനും അത് കാര്യമാക്കിയിരുന്നില്ല

പക്ഷേ ,വിവാഹ മോചനം ആവശ്യപ്പെട്ടുള്ള വക്കീൽ നോട്ടീസ് അച്ഛൻ്റെ പേരിൽ വന്നപ്പോഴാണ്, ഞാനും അച്ഛനും ഞെട്ടിയത്.

ഒടുവിൽ ഡൈവോഴ്സ് അനുവദിച്ച കോടതിയോട് അമ്മ, എന്നെ വിട്ട് കിട്ടണമെന്ന് വാശി പിടിച്ചു.

ലക്ഷ്മി പ്രായപൂർത്തിയായൊരു പെൺകുട്ടിയാണെന്നും ആരുടെയൊപ്പം പോകണമെന്നത് അവളുടെ തീരുമാനമാണെന്നും കോടതി നിരീക്ഷിച്ചപ്പോൾ, അമ്മ എന്നെ ദയനീയതയോടെ നോക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു.

എൻ്റെ അച്ഛനെ നിർദ്ദയം ഉപേക്ഷിച്ച ,പൊതു സമൂഹത്തിന് മുന്നിൽ ഒരു കുറ്റവാളിയാക്കിയ അമ്മയോടെനിക്ക്, വെറുപ്പായിരുന്നു.

അത് കൊണ്ട് തന്നെ അച്ഛനോടൊപ്പം പോയാൽ മതിയെന്ന് കോടതിയോട് വിളിച്ച് പറയാൻ, എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

അച്ഛൻ്റെ കൈപിടിച്ച് കോടതി വരാന്തയിലൂടെ പുറത്തേക്കിറങ്ങുമ്പോൾ , ദൂരെ നിറകണ്ണുകളോടെ എന്നെ നോക്കി നില്ക്കുന്ന അമ്മയെ, ഞാൻ നിസ്സംഗതയോടെയാണ് കണ്ടത്.

പിന്നീട് അച്ഛനായിരുന്നു, എനിക്കെല്ലാം, എൻ്റെ ആഗ്രഹങ്ങളെല്ലാം അച്ഛൻ യാതൊരു മടിയും കൂടാതെ സാധിച്ച് തന്ന് കൊണ്ടിരുന്നു.

അമ്മയെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം തരാതെ, അച്ഛൻ എന്നെ സന്തോഷിപ്പിച്ച് കൊണ്ടിരുന്നു.

അങ്ങനെ അമ്മയെ ഞാൻ പതിയെ മറന്ന് തുടങ്ങി.

ഒരു ദിവസം അച്ഛൻ നന്നായി മദ്യപിച്ചാണ് വീട്ടിൽ വന്നത് ,ആദ്യമായിട്ടായിരുന്നു അച്ഛനെ അത്ര ബോധമില്ലാതെ ഞാൻ കാണുന്നത്.

ഇന്നലെ നല്ല പൂസായിരുന്നല്ലോ അച്ഛാ.. എന്ത് പറ്റി?

പിറ്റേന്ന് രാവിലെ അച്ഛന് ചായകൊടുക്കാൻ ചെന്നപ്പോൾ ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

നിൻ്റെ അമ്മ അച്ഛൻ്റെ ജീവിതം മാത്രമല്ല മോളേ തകർത്തത്, പാവം ഒരു പെൺകുട്ടിയുടെ കൂടെയാണ്

അമ്മ എന്ത് ചെയ്തച്ഛാ ..?

ആ കവിതയുടെ ചെറുക്കൻ വീട്ടുകാരോട് , അവള് ശരിയല്ലെന്നും, നിൻ്റെ അമ്മയുടെ ജീവിതം തകർത്തത് കവിതയാണെന്നുമൊക്കെ പറഞ്ഞ് കൊടുത്തു, അങ്ങനെ ആ ബന്ധം അലസിപോയി ,കവിത എൻ്റെ സ്റ്റെനോ ആയത് മുതൽ, തുടങ്ങിയ സംശയമാണ് നിൻ്റെ അമ്മയ്ക്ക്, എൻ്റെ ജീവിതമോ ഇങ്ങനെയാക്കി ,പാവം ആ പെൺകുട്ടി എന്ത് പിഴച്ചു ,അവൾക്കിനിയൊരു നല്ലവിവാഹ ജീവിതം കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല ,കാരണം ഇനി വരുന്ന ഓരോ ആലോചനകളും, നിൻ്റെ അമ്മ മുടക്കി കൊണ്ടിരിക്കും, സംശയ രോഗിയായ അവൾക്ക്, കവിതയോട് തീർത്താൽ തീരാത്ത വൈരാഗ്യമുണ്ട്,

അച്ഛൻ പറഞ്ഞത് കേട്ട് അമ്മയോടെനിക്ക് വൈരാഗ്യം കൂടി.

അച്ഛാ.. ഒരു പെണ്ണിൻ്റെയും ശാപം ,അച്ഛൻ്റെ തലയ്ക്ക് മേൽ ഉണ്ടാകാൻ പാടില്ല, കവിതയാൻറിയെ അച്ഛൻ വിവാഹം കഴിക്കണം, അതേയുള്ളു ഇതിനൊരു പരിഹാരം,

നിരപരാധിയായ അച്ഛനെയും പാവം കവിതയാൻ്റിയെയും ദ്രോഹിക്കുന്ന അമ്മയോടുള്ള എൻ്റെ പ്രതികാരമായിരുന്നു അത്.

എതിർപ്പൊന്നും കൂടാതെ അച്ഛൻ സമ്മതം മൂളിയപ്പോൾ എനിക്ക് സന്തോഷമായി.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.

അച്ഛൻ്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചെറിയ സദസ്സിനെ സാക്ഷിയാക്കി കവിതയാൻ്റിയെ അച്ഛൻ താലികെട്ടി.

ഇന്ന് മുതൽ ഞാൻ നിൻ്റെ ആൻറിയല്ല, അമ്മയാണ്

ആ സ്നേഹത്തിന് മുന്നിൽ ഞാൻ വീണ് പോയി.

പിന്നീടുള്ള അവരുടെ പെരുമാറ്റത്തിൽ , നഷ്ടപ്പെട്ട എൻ്റെ സ്വന്തം അമ്മയെ തിരിച്ച് കിട്ടിയത് പോലെയാണ്, എനിക്ക് തോന്നിയത്.

കല്യാണം കഴിഞ്ഞ് ഇരുപത്തിയൊന്നാം ദിവസം എൻ്റെ രണ്ടാനമ്മ ഗർഭിണിയാണെന്നറിഞ്ഞപ്പോഴാണ്, ഞാൻ ഞെട്ടിപ്പോയത്.

എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.

വിവരമറിഞ്ഞ അച്ഛൻ ,സ്വീറ്റ്സുമായാണ് വീട്ടിലേക്ക് വന്നത് ,യാതൊരു കൂസലുമില്ലാതെ എൻ്റെ മുന്നിൽ വച്ച് ഗർഭിണിയായ ഭാര്യയെ പൊക്കിയെടുത്ത് സന്തോഷം പ്രകടിപ്പിക്കുന്ന അച്ഛനോട്, എനിക്ക് അവജ്ഞതോന്നി.

എനിക്ക് തെറ്റ് പറ്റിയെന്നും, അമ്മയായിരുന്നു ശരിയെന്നും ഞാനപ്പോഴാണ് മനസ്സിലാക്കിയത്.

ആ ദിവസം മുഴുവൻ രണ്ടാംഭാര്യയെ പരിചരിച്ച് കൊണ്ട് നടന്ന അച്ഛൻ, എന്നെയൊന്ന് മൈൻഡ് ചെയ്യുക പോലുമുണ്ടായില്ല.

പതിയെ പതിയെ ഗർഭിണിയായ ഭാര്യയെ മാത്രം ശ്രദ്ധിച്ച് നടന്ന അച്ഛൻ, ഞാനെന്നൊരു മകള് കൂടി ആ വീട്ടിലുണ്ടെന്ന കാര്യം മറന്ന് പോയിരുന്നു .

ശരിക്കും ഒറ്റപ്പെടുകയായിരുന്നു ഞാൻ ,ഒരു പാട് നാളുകൾക്ക് ശേഷം അമ്മയെക്കുറിച്ച് ഞാനാലോചിച്ചു.

പാവം അമ്മ, കൗശലക്കാരനായ അച്ഛന് വേണ്ടി,ഞാനെൻ്റെ അമ്മയെ എത്ര മാത്രം വേദനിപ്പിച്ചു, അച്ഛനോടുള്ള വൈരാഗ്യം അമ്മയ്ക്ക് എന്നോടുമുണ്ടാവും,

അമ്മ പോയപ്പോൾ അച്ഛനുണ്ടാവുമെന്ന് കരുതി, ഇപ്പോൾ അച്ഛനും തന്നെ വേണ്ടാതായിരിക്കുന്നു, ആർക്കും വേണ്ടാത്ത താനെന്തിനാ ഇനി ജീവിച്ചിരിക്കുന്നത്?

അമ്മയെ അറിയാതെ പോയതിന്, കുറ്റപ്പെടുത്തിയതിന് ഒക്കെ ഒരു മാപ്പ് എഴുതി വച്ചിട്ട്, മരിക്കാം

ഒരു പാട് നാളുകൾക്ക് ശേഷം അലമാര തുറന്ന് ലക്ഷ്മി തൻ്റെ ഡയറി പുറത്തെടുത്തു.

അമ്മ പിരിഞ്ഞ് പോകുന്നതിന് മുമ്പ് വരെ എന്തെങ്കിലുമൊക്കെ ഡയറിയിൽ കുത്തിക്കുറിക്കുമായിരുന്നു, അവസാനമെഴുതിയ പേന ഡയറിക്കുള്ളിൽ തന്നെയിരിപ്പുണ്ടായിരുന്നത് കൊണ്ട് ,ലക്ഷ്മി ചൂണ്ട് വിരൽ ആ വിടവിൽ കടത്തിയാണ് ഡയറി തുറന്നത്.

തൻേറതല്ലാത്തൊരു കുറിപ്പ് അതിലെഴുതിയിരിക്കുന്നത് കണ്ട അവൾ, കൗതുകത്തോടെ അത് വായിച്ചു.

മോളേ ലച്ചൂ… ഇപ്പോൾ നിനക്ക് , നിൻ്റെ അച്ഛനാണ് വലുതെന്ന് എനിക്കറിയാം, എന്നെങ്കിലും നിനക്ക് ഈ അമ്മയായിരുന്നു ശരിയെന്ന് തോന്നും, അന്ന് നിനക്ക് എന്നോടൊപ്പം ജീവിക്കണമെന്ന് തോന്നിയാൽ, ഒരു മടിയും കൂടാതെ അമ്മയുടെ അരികിലേക്ക് ഓടിയെത്തണം, ഈ വീടും നിൻ്റെ അച്ഛനെയും ഉപക്ഷിക്കാൻ ഞാൻ തീരുമാനിച്ച് കഴിഞ്ഞു, നിൻ്റെ വരവും കാത്ത് അമ്മ നമ്മുടെ തറവാട്ടിലുണ്ടാവും ,നീ വരുന്നത് വരെ ,അവിടുത്തെ പടിപ്പുര തുറന്ന് തന്നെ കിടക്കുന്നുണ്ടാവും

അത് വായിച്ച് കഴിഞ്ഞപ്പോൾ ലക്ഷ്മിക്ക് ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നി.

തോളിലൊരു ബാഗും തൂക്കി, ദൂരെ പാടവരമ്പിലൂടെ മകൾ നടന്ന് വരുന്നതും നോക്കി, ലച്ചുവിൻ്റെ അമ്മ പടിപ്പുരയിൽ തന്നെ നില്പുണ്ടായിരുന്നു…