ഉമ്മാക്ക് വരനെ തിരഞ്ഞ മകൻ!
എഴുത്ത്: ഷബീർ കളിയാട്ടമുക്ക്
::::::::::::::::::::::::::::::::::::::
എന്റെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഒരു ബെറ്റര്‍ ലൈഫ് സ്വപ്നം കണ്ടാണ് സൗദിയിലേക്ക് പറക്കുന്നത്.
ആടിനെ മേയ്ക്കുന്ന വിസയായിരുന്നെങ്കിലും വലിയ അലച്ചിലില്ലാതെ മക്കയിലെ ഒരു പോളിക്ലിനിക്കില്‍ ഇന്‍ഷൂറന്‍സ് സെക്ഷനില്‍ ജോലി കിട്ടി.
ക്ലിനിക്കിന്റെ വിസയല്ലാത്തതു കാരണം പോലീസ് ചെക്കിംങ്ങിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ക്ലിനിക്കിന്റെ തൊട്ടടുത്ത് തന്നെയുള്ള റൂമിലാണ് താമസം ഒരുക്കിയിരുന്നത്.
രാത്രിയിലും മറ്റും അത്യാവശ്യത്തിന് ഉപയോഗിക്കുന്ന സ്റ്റാഫാണ് അവിടെ സഹമുറിയന്മാരായി ഉണ്ടായിരുന്നത്.
കൊണ്ടോട്ടിക്കാരന്‍ റസാഖ് ഭായ്,മഞ്ചേരിയുള്ള ഷൗക്കു,വളാഞ്ചേരിക്കാരന്‍ ശിഹാബ് ഭായ്…പിന്നെ അവനും.
ഞാന്‍ ആ റൂമിലേക്ക് കയറിച്ചെല്ലുമ്പോള്‍ ശരിക്കും അധികപ്പറ്റായിരുന്നു.കിടക്കാന്‍ ഒരൊറ്റ കട്ടിലും ഒഴിവുണ്ടായിരുന്നില്ല.
ഇക്കാര്യം മാനേജര്‍ എന്നോട് സൂചിപ്പിച്ചിരുന്നു..
“അതൊന്നും പ്രശ്നമില്ല,തറയില്‍ കിടന്നോളാമെന്ന് “ഞാന്‍.
ഒന്നാമത്തെ ദിവസം തന്നെ അവന് കട്ടിലില്‍ നിന്നിറങ്ങി തറയില്‍ ബെഡ് നിവര്‍ത്തി,അവന്റെ കട്ടില് എനിക്കായ് ഒഴിഞ്ഞു തന്നു.
അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു..
പുറംവാസം ജീവിതത്തിന്റെ വസന്തകാലമായ നാളുകള്‍..രാവേറെ ചെന്നും ഞങ്ങള്‍ സംസാരിച്ചിരുന്നു..സ്വപ്നങ്ങളെക്കുറിച്ച്,സംഗീതത്തെക്കുറിച്ച്,കുടുംബത്തെക്കുറിച്ച്…
എന്നെക്കാള്‍ രണ്ട് വയസ്സ് കൂടുതലുണ്ടായിരുന്നെങ്കിലും അവന്റെ വിവാഹം കഴിഞ്ഞിരുന്നില്ല.
ഉമ്മയും,അനിയത്തിയും ചേര്‍ന്നതാണ് അവന്റെ കുടുംബം.
അനിയത്തിയുടെ വിവാഹം കഴിഞ്ഞു.
ഉപ്പയെക്കുറിച്ച് ഒരു നാല് വയസ്സുകാരന്റെ ഓര്‍മ്മ മാത്രമാണ് അവനുള്ളത്.
പുഴയിൽ കുളിക്കാന്‍ പോയ സമയത്ത് അപസ്മാരം ഉണ്ടായി മുങ്ങി മരിക്കുകയായിരുന്നു.
പിന്നീട് ഉമ്മയാണ് ആങ്ങളമാരുടെ സഹായത്തോടെ അവനെയും അനിയത്തിയെയും വളര്‍ത്തിയത്.
അവന് എപ്പോഴും ഉമ്മയെക്കുറിച്ച് നല്ല വര്‍ത്തമാനങ്ങള്‍ മാത്രം പറഞ്ഞു.
നിരന്തരം ഉമ്മക്ക് ഫോണ്‍ ചെയ്തു..
“ഉപ്പ മരിച്ചതിന് ശേഷം ഉമ്മക്ക് ഒരുപാട് വിവാഹാലോചനകള്‍ വന്നെത്രെ..വീട്ടുകാരും,ബദ്ധുക്കളും ഒരുപാട് നിര്‍ബന്ധിച്ചു പുനര്‍ വിവാഹത്തിന്.
പക്ഷേ..മക്കളെ വിട്ട് ഭര്‍ത്താവിന്റെ വീട്ടില്‍ പോവേണ്ടി വരുമെന്നതിനാല്‍ ഉമ്മ ഒരു വിവാഹത്തിനും സമ്മതിച്ചില്ല.
ആരോടും പരാതി പറയാതെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും താങ്ങും തണലുമായി ഉമ്മ ജീവിച്ചു..”
ഇപ്പോള്‍ ഉമ്മക്ക് അനുയോജ്യനായൊരു വരനെ തേടുകയാണ് അവൻ.പക്ഷേ ഉമ്മ സമ്മതിക്കുന്നില്ല.
“എന്റെ കല്ല്യാണത്തിന്റെ പ്രായമൊക്കെ കഴിഞ്ഞു..ഇനി നീയൊന്ന് പെണ്ണ് കെട്ടി കണ്ടാല്‍ മതി…അന്റെ പെണ്ണിനിം നോക്കി,അന്റെ കുട്ടിയേളിം കളിപ്പിച്ച് ഞാനിവിടെ ജീവിച്ചോളാമെന്ന് ” ഉമ്മ.
ഉമ്മ വിവാഹത്തിന് സമ്മതിക്കാതെ താന്‍ വിവാഹം കഴിക്കില്ലെന്ന വാശിയിലാണവന്‍.
അതാണ് അവന്റെ വിവാഹം ഇത്ര വൈകാന്‍ കാരണം.
ചെറു പ്രായത്തില്‍ ഉപ്പ മരിച്ച് ജീവിതത്തില്‍ ഒറ്റക്കായിട്ടും മറ്റൊരു ജീവിതം തേടി പോകാതെ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കയായിരുന്നു ഉമ്മ.ആ ഉമ്മ ഒറ്റക്കുള്ള വീട്ടില്‍ ഞാനും ഇണയും ഉമ്മക്ക് മുന്നില്‍ എങ്ങിനെ സന്തോഷത്തോടെ ജീവിക്കാനാണ്..ഉമ്മയുടെ ത്യാഗം ഞാന്‍ കാണാതെ പോയാല്‍ ഞാനെന്ത് മകനാണ്…ഉമ്മക്കൊരു കൂട്ടുള്ള വീട്ടിലേക്ക് ഞാനെന്റെ ഇണയോടൊപ്പം കയറിച്ചെല്ലുന്നത് എന്തുമാത്രം സന്തോഷമുള്ള കാര്യമായിരിക്കും…”
ഇതൊക്കെയാണ് അവന്റെ ന്യായങ്ങള്‍.
നിരന്തരം അവന് ഹറമില്‍ പോയി പ്രാര്‍ത്ഥിച്ചു.
എന്നെങ്കിലും ഒരിക്കല്‍ തന്റെ വാശിക്കു മുന്നില്‍ ഉമ്മ സമ്മതിക്കുമെന്നായിരുന്നു അവന്റെ പ്രതീക്ഷ.
പിന്നീട് അപ്രതീക്ഷിതമായി ഉറൂബാക്കപ്പട്ട് (സ്പോണ്‍സറുടെ അടുത്ത് നിന്ന് ചാടിപ്പോയി എന്നു പറഞ്ഞ് വിസ ക്യാന്‍സല്‍ ചെയ്യുക)എനിക്ക് നാട്ടിലേക്ക് തിരിച്ച് പോരേണ്ടി വന്നു.
രണ്ട് മാസത്തിന് ശേഷം ക്ലിനിക്കിന്റെ തന്നെ പുതിയ വിസയില്‍ സൗദിയിലേക്ക് വിമാനം കയറിയെങ്കിലും ജിദ്ദ എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെട്ടു. ഞാന്‍ അവരുടെ ‘ബ്ലാക്ക് ലിസ്റ്റിലാണെത്രെ’!
എന്നെ നാടുകടത്തിയതാണ്..അഞ്ച് വര്‍ഷത്തിന് അങ്ങോട്ട് വരേണ്ടെന്ന്.
നല്ല കഥ..! ഉറൂബ് തുറക്കാനും മറ്റും ഒരുപാട് പൈസ പോയത് മിച്ചം. ഹാ…!സംഭവിച്ചതെല്ലാം നല്ലതിന്.
അതോടു കൂടി ഞാനും അവനും തമ്മിലുള്ള ബദ്ധം മുറിഞ്ഞു.അന്ന് ഫെയ്സ്ബുക്കും, വാട്ട്സാപ്പുമൊന്നും സജീവമായിട്ടില്ല.
പിന്നീട് ഞാനെന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു…ആ സൗഹൃദവും പതുക്കെ മറവിയിലേക്ക് നീങ്ങി.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂട്ടുകാരോടൊപ്പം മലപ്പുറം കോട്ടക്കുന്നില്‍ പോയപ്പോള്‍ പിറകില്‍ നിന്നൊരു വിളി..
“ഷബിയേ….”
അത്രമേല്‍ പ്രിയപ്പെട്ട ചുരുക്കം ചിലര്‍ മാത്രമാണ് എന്നെ അങ്ങിനെ വിളിക്കാറുള്ളത്…
ആ ശബ്ദം എളുപ്പത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു…
അതെ…അത് അവന് തന്നെയായിരുന്നു…കൂടെ ഒരു സുന്ദരിയും.
നിറഞ്ഞ കണ്ണുകളോടെ ഞങ്ങള്‍ കെട്ടിപ്പിടിച്ച് കുട്ടികളെ പോലെ കരഞ്ഞു..
കൂട്ടുകാര്‍ക്ക് അത്ഭുതം…എന്താണിവര്‍ ഈ കാണിക്കുന്നതെന്ന്.
ഞാന്‍ ആദ്യം അന്വോഷിച്ചത് ഉമ്മയെക്കുറിച്ചാണ്..
“ഉമ്മയെവിടെ…?”
“ദാ…അവിടെ ആ ബെഞ്ചില്‍ ഉപ്പയോടൊപ്പം…”
ഒരേ നിറമുള്ള വസ്ത്രങ്ങളണിഞ്ഞിരിക്കുന്ന അവരുടെ അടുത്തേക്ക് നിറഞ്ഞ കണ്ണുകളോടെ ഞാന്‍ നടന്നു.
സത്യം പറയാലോ അവരുടെ അടുത്തെത്തും തോറും എന്റെ കാഴ്ച് മറഞ്ഞുകൊണ്ടിരുന്നു…
ദാ…ഇത് എഴുതിയപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. എനിക്കറിയാം നിങ്ങളുടെ കണ്ണുകളും നിറഞ്ഞിരിക്കുകയാണെന്ന്.
സലാം പറഞ്ഞ് ഞാനാ ഉപ്പയെ കെട്ടിപ്പിടിച്ചു…
എന്തൊരു മണമാണ് അദ്ദേഹത്തിന്…
വെള്ള സോക്സിട്ട താടി രോമങ്ങള്‍ക്കിടയിലൂടെ എത്ര മനോഹരമായാണ് അദ്ദേഹം പുഞ്ചിരിക്കുന്നത്.
ഉമ്മക്ക് അനുയോജ്യനായൊരു വരനെ തന്നെയാണെടാ നീ കണ്ടെത്തിയിരിക്കുന്നത്..!
ഉമ്മയുടെ മുഖത്ത് ഒരു പ്രകാശമുണ്ട്..പെരുന്നാൾ പൊലിവ് ആ മുഖത്ത് നിറഞ്ഞിട്ടുണ്ട്..
ഉമ്മയോട് അല്പം സംസാരിച്ചപ്പോഴേക്കും കൂട്ടുകാര്‍ തിരികെ വിളിച്ചു. അവര്‍ക്കറിയില്ലല്ലോ ഉമ്മക്ക് വരനെ തേടിയ ഈ മകന്റെ സ്നേഹത്തിന്റെ കഥ.
അവന്റെ കയ്യില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി ഒരിക്കല്‍ കൂടി കെട്ടിപ്പിടിച്ച് ഞാന്‍ യാത്ര പറഞ്ഞിറങ്ങി.
കൂട്ടുകാരുടെ അടുത്തെത്തുന്നതിന് മുമ്പ് ഞാനൊന്ന് തിരിഞ്ഞു നോക്കി.
ആ ഉപ്പയും,ഉമ്മയും കാമുകി കാമുകന്മാരെ പോലെ ചേര്‍ന്നിരുന്ന് സംസാരിക്കുന്നു.
എന്തൊരു ചേലാണ് ആ കാഴ്ചക്ക്…
എന്റെ ഹൃദയം ഭാരമില്ലാതായിരുന്നു ആ കാഴ്ച്ചയില്‍.
ഇതുപോലുള്ള ഒരുപാട് ഉമ്മമാരും അമ്മമാരും നമ്മുടെ ചുറ്റിലുമുണ്ട്…
ഭർത്താവ് ഉപേക്ഷിച്ചവർ,ഭർത്താവ് മരിച്ചവർ..ശിഷ്ട്ട ജീവിതം മക്കൾക്ക് വേണ്ടി ഉരുകിയൊലിച്ചവർ…പക്ഷേ ഇതുപോലുള്ള മക്കളില്ല…
ജീവിതത്തില്‍ ഒറ്റക്കായി പോകുന്ന ഉമ്മമാര്‍ക്കും,അമ്മമാര്‍ക്കും കൂട്ടുണ്ടാക്കി കൊടുക്കുന്ന ഒരുപാട് മക്കളുണ്ടാവണമെന്ന ആഗ്രഹത്തോടെ……