അവിഹിതം
Story written by Shabna Shamsu
:::::::::::::::::::::::::::::::::::::
അഞ്ചാറ് കൊല്ലം മുമ്പ് ഒരു ബലി പെരുന്നാൾ ദിവസം… വൈകിട്ട് ഞാനും ഇക്കയും മക്കളേം കൂട്ടി എൻ്റെ വീട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്…അന്ന് ഞങ്ങക്ക് കാറില്ല..ബസിലാണ് പോണത്..അന്ന് മക്കള്‍ രണ്ടാളേ ഉള്ളൂ…പ്രൈവറ്റ് ബസാണ്…ഞാനും ചെറിയ മോളും ഒരു സീറ്റിൽ..ഇക്കയും വല്യ മോളും നേരെ മുമ്പിലെ സീറ്റിലും…മുക്കാൽ മണിക്കൂർ യാത്രയുണ്ട് എൻ്റെ വീട്ടിലേക്ക്…
1995 ലെ പ്രേമ ഗാനങ്ങള്‍ ബസില്‍ നിറഞ്ഞൊഴുകാണ്..ഞാൻ കണ്ണടച്ച് കിടന്നു..യേശുദാസും ചിത്രയും മത്സരിച്ച് പാടുന്നുണ്ട്…
എനിക്കന്നേരം ഞങ്ങളെ വീടിൻ്റെ മുമ്പിലത്തെ വയലില്‍ ഫുട്ബോള്‍ കളിക്കിടെ എന്നോട് സൈറ്റടിച്ച വെളുത്ത് സുന്ദരനായ ചെങ്ങായിനെ ഓർമ വന്നു…പ്ലസ്ടുന് പഠിക്കുമ്പോ എൻ്റെ പുറകെ നടന്ന കോഴിക്കടേലെ ചെക്കനെ ഓർമ വന്നു..പത്താം ക്ലാസിൽ പഠിക്കുമ്പോ വാലൻൈറൻസ് ഡെൻ്റെ അന്ന് കടലപാക്ക് പോലെയുള്ള വെള്ള പ്ലാസ്റ്റിക് കൂടിൻ്റെ ഉള്ളിലെ ചുവന്ന റോസാപ്പൂ എൻ്റെ ബുക്കിൻ്റെ ഉള്ളില്‍ വെച്ച ഇപ്പളും പേരറിയാത്ത ആളെ ഓർമ വന്നു…
ഒഴുകുന്ന പാട്ടിനൊപ്പം അവരോടൊപ്പം മെല്ലെ ഡെൻസ് കളിക്കാനോക്കിയപ്പളാണ് മുമ്പിലത്തെ സീറ്റിൽ അങ്ങിങ്ങായി നര വീണ മുടിയുള്ള സുന്ദരനായ ചെറുപ്പക്കാരനെയും എൻ്റെ മടിയിലും മൂപ്പരെ തോളിലും ഉറങ്ങുന്ന ഞങ്ങളെ കുസുമങ്ങളെയും കൺ കുളിർക്കെ കണ്ടപ്പോ ഞാൻ എൻ്റെ ചിലങ്കയെടുത്ത് ചുരുട്ടിക്കൂട്ടി ദൂരെ എറിഞ്ഞു…
ഇനി കണ്ണടക്കണ്ട… സീറ്റിൽ തല ചായ്ച്ച് കണ്ണ് തുറന്ന് കിടക്കാം…
ആ ബസ്സിൻ്റെ ബർത്തിൻ്റെ അടിഭാഗം സ്റ്റീൽ കൊണ്ട് കവറ് ചെയ്തതാണ്… കണ്ണാടില് നോക്കുന്ന പോലെ വ്യക്തമായി കാണാം…
ഹോർലിക്സിൻ്റെ പരസ്യത്തിലെ കുട്ടിയെ പോലെ ഓടിച്ചാടി നടന്ന പെണ്ണായ്നു പണ്ട്.. ഇപ്പോ കവിളൊട്ടി കണ്ണ് കുഴിഞ്ഞ് കഴുത്തിലെ എല്ല് പൊങ്ങി ആകെ കോലം കെട്ട് പോയി…മേലോട്ട് നോക്കുന്തോറും അപകർഷത കൊഞ്ഞനം കുത്തി…
നോക്കണ്ട….ഞാൻ പിന്നേം കണ്ണ് പൂട്ടി സീറ്റില്‍ തല ചായ്ച്ച് കിടന്ന്……പൊരേല് പോത്തിൻ്റെ ബിരിയാണി ആയാ മതിയായ്നു…കോഴി പൊരിച്ചതും മാങ്ങച്ചാറും സേമിയ പായസോം കൂടിണ്ടേൽ പൊളിച്ചേനെ…..
നാളെ രാവിലെ തന്നെ തിരിച്ച് പോരണം..അതിനിടക്ക് അടുത്തുള്ള വീടുകളിലൊക്കെ ഒന്ന് മുഖം കാണിക്കണം…പണ്ട് വയലിലെ ചെളിയില്‍ കുതിർന്ന് നടക്കുന്ന കാലത്ത് ആർക്കും ഒരു വെലയും ഉണ്ടായിരുന്നില്ല…
കല്യാണം കയിഞ്ഞപ്പോ പാഷൻ ഫ്രൂട്ടിൻ്റെ വള്ളി മാതിരിയാ.. എല്ലാ വീട്ടിലും പോണം… എല്ലാരേം കാണണം…
അങ്ങനെ ഓരോന്നാലോയ്ച്ച് വീണ്ടും മേലോട്ട് നോക്കി കിടക്കാണ്…
ഇക്ക അന്നേരം ഫോണില്‍ വാട്ട്സപ് നോക്കാണ്…ഫോണിൻ്റെ റിഫ്ലക്ഷൻ മേലെ ബർത്തിൻ്റെ സ്റ്റീലിൽ നന്നായി കാണുന്നുണ്ട്…
പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്…ഇക്ക ആർക്കോ മെസേജ് അയക്കുന്നു..അപ്പോ തന്നെ ഡിലിറ്റ് ആക്കുന്നു…എൻ്റെ ഹൃദയത്തിലന്നേരം ഒരു സ്ഫോടനം നടന്നു…എൻ്റെ ആട്രിയവും വെൻട്രിക്കിളും ഒരു നിമിഷം കൊണ്ട് വീർത്ത് പൊട്ടാനായി…
ഇതിനിടയിൽ കിടന്ന് എൻ്റെ അയോട്ട ശ്വാസം കിട്ടാതെ തിങ്ങി ഞെരുങ്ങി….
അഞ്ച് മിനിറ്റോളം ഇക്ക ആർക്കോ മെസേജ് അയച്ചു…അയച്ചതൊക്കെയും ഡിലീറ്റാക്കി ഫോൺ പോക്കറ്റിൽ വെച്ചു…
എനിക്കിത് വിശ്വസിക്കാൻ പറ്റിയില്ല…ആ നിമിഷം വരെ ഒരു പൊടി പോലും സംശയം ഇല്ലാത്ത ഭാര്യയായിരുന്നു ഞാൻ…
എന്തിനും ഏതിനും കട്ടക്ക് കൂടെ നിന്ന് എടീ പോടാന്നുള്ള തരത്തില്‍ വളർത്തി കൊണ്ടോന്ന ബന്ധം….അങ്ങനെത്തെ എൻ്റെ കെട്ടിയോൻ ആർക്കോ മെസേജ് അയച്ച് ഡിലീറ്റാക്കുന്നു…
അപ്പളേക്കും ഇറങ്ങേണ്ട സ്ഥലം എത്തി…
വീട്ടിലേക്കുള്ള ബേക്കറീം വാങ്ങി ഓട്ടോയില്‍ കയറി…
പെട്ടെന്ന് അനക്കം നിന്ന് പോയ എന്നെ നോക്കി
” ഇയ്യെന്താ പൊരുത്തില്‍ കെടക്കണ കോയീൻ്റെ പോലെ മുണ്ടാണ്ടക്ക്ണത്..”
“ഒന്നൂല്ല”
ന്നെ പൊരുത്തില്‍ കെടത്തീട്ട് ങ്ങള് നാട് മുയുവനും മുട്ട ഇടാൻ നടന്നോളി എന്ന് മനസില്‍ വന്നെങ്കിലും മുണ്ടീല….
അങ്ങനെ വീടെത്തി…ആ സമയത്തൊക്കെ എനിക്ക് ഇടക്കിടക്ക് മൈഗ്രേൻ വരാറുണ്ടായിരുന്നു…
വീട്ടിൽ ചെന്ന് തലവേദനയാന്നും പറഞ്ഞ് എൻ്റെ റൂമില്‍ തലയും കുമ്പിട്ട് കിടന്നു…
കണ്ണിന്ന് കുടുകുടൂന്ന് വെള്ളം വരാൻ തുടങ്ങി…എന്നെ ചതിച്ചു …പറ്റിച്ചു…
സത്യം കണ്ട് പിടിക്കണം…എന്നെ ചതിച്ചതാണേൽ ഉപ്പാനോട് പറയണം..
എൻ്റെ വീടിൻ്റെ മുൻവശത്ത് ഒരു കിണറും അതിനോട് ചേർന്ന് പത്ത് സെൻ്റ് സ്ഥലവും ഉണ്ട്..അതിലൊരു വീട് വെക്കാം….മക്കളേം കൊണ്ട് അവിടെ ജീവിക്കാം..ചതിച്ചവരോട് പ്രതികാരം വീട്ടാം…ഇങ്ങനെയൊക്കെ ചിന്തിച്ച് വീണ്ടും ഞാൻ മുഖം പൊത്തി കിടന്നു…
ഉമ്മ തോർത്ത് നനച്ച് നെറ്റിയിൽ കെട്ടി..വിക്സ് തേച്ചു..കഞ്ഞി വെള്ളം കുടിപ്പിച്ചു…
കുറച്ച് കഴിഞ്ഞപ്പോ ബിരിയാണി തിന്നാൻ വിളിച്ചു…
“എനിക്ക് വേണ്ട,,,, “
പോത്തിൻ്റെ ബിരിയാണിയാ…
“ഇനിക്ക് വാണ്ട..”
ഇവിടെ ജീവിതം പോത്ത് നക്കി കിടക്കാ… അപ്പളാ….
എല്ലാരുടി ബിരിയാണി തിന്നാൻ തുടങ്ങി…
എറച്ചി ഹമീദിൻ്റെ പോത്താ… രണ്ട് കിൻറല്‍ തൂക്കം ണ്ടെയ്നു… നല്ല ഹലുവക്കണ്ടം പോലത്തെ എറച്ചി…
ഉപ്പ പോത്തിൻ്റെ മഹിമ പറീന്നുണ്ട്….
തല അറിയാതെ പൊന്തിയെങ്കിലും മനസ് പിന്നേം പിടിച്ച് കിടത്തി….
ന്നാലും ന്നെ ചതിച്ചല്ലോ… ഒരിക്കൽ പോലും സംശയിക്കാത്ത എന്നെ ഈ കോലത്തിലാക്കിയല്ലോ….
രാവിലെ എണീച്ച ഉടനെ ഞാനാ പത്ത് സെൻ്റ് സ്ഥലത്തില്‍ പോയി ഇരുന്നു…വഴുതനങ്ങകള്‍ പൂവിട്ടതും വെണ്ടക്ക കായ്ച്ചതും പയറ് തൂങ്ങിയാടുന്നതും നോക്കി കണ്ണില്‍ വെള്ളം നിറച്ചു….
അന്ന് ഞങ്ങള്‍ തിരിച്ച് പോയി….തലവേദന കുറവില്ലാലോ… കാണിക്കാൻ പോവാംന്ന് ഇക്ക പലവട്ടം പറഞ്ഞു….ഞാനന്നേരം മെരുകിൻ്റെ മോറ് പോലെ ചുണ്ട് കൂർപ്പിച്ച് കവിള് വീർപ്പിച്ച് മിണ്ടാതിരുന്നു…
തിരിച്ച് വീട്ടിലെത്തി പാത്രം മോറുമ്പോ സ്റ്റീൽ പാത്രങ്ങളൊക്കെയും തേച്ചൊരച്ച് കഴുകി…
ഇക്കാൻ്റെ പേൻറും ഷർട്ടും അലക്കുമ്പോ വീശി വീശി ആഞ്ഞടിച്ചു…
മുറ്റത്തെ മണ്ണിനൊപ്പം കല്ലും തെറിപ്പിച്ച് ചൂല് കുത്തി പിടിച്ച് ആഞ്ഞടിച്ച് വാരി…
പെരുന്നാളിൻ്റെ ബാക്കിയുള്ള ഇറച്ചി ചവച്ചരച്ച് ഇറക്കി ഒരു ഗ്ലാസ് വെള്ളം കുടിച്ച് എൻ്റെ അമർഷങ്ങളൊക്കെയും എൻ്റെ ഉള്ളിലൊതുക്കി…
ഡ്യൂട്ടിക്ക് പോവുമ്പോ ലോക്കൽ പോവുന്ന ഓട്ടോലാ പോവാ…അഞ്ചാള് ആവണം…അങ്ങനെ പോവുമ്പോ ബാക്കി നാലാളും എന്ത് മനോഹരമായിട്ടാ ചിരിക്കുന്നതെന്നോർത്ത് കണ്ണില്‍ വെള്ളം നിറച്ചു…
ഇനിയും എനിക്ക് താങ്ങാൻ വയ്യ…എൻ്റെ ഹൃദയത്തെ സുരക്ഷിതമാക്കണം..എൻ്റെ അട്രിയത്തേയും വെൻട്രിക്കിളിനേയും സംരക്ഷിക്കണം….
അന്ന് രാത്രി ഇക്കാൻ്റെ ഫോണിന്ന് ആ നമ്പർ ഞാനെൻ്റെ ഫോണിൽ സേവ് ചെയ്തു…
ഇക്കാൻ്റെ പുഞ്ചിരിക്കുന്ന മുഖമാണ് എൻ്റെ പ്രൊഫൈൽ….അതീന്ന് ഞാൻ ആ നമ്പറിലേക്ക് ഒരു Hi അയച്ചു…..
വീണ്ടും എൻ്റെ ഹൃദയം… എൻ്റെ അയോട്ട… നെഞ്ചിടിപ്പ് കൂടി വന്നു…
പത്ത് മിനിട്ട് കഴിഞ്ഞപ്പോ ആ നമ്പറിന്നൊരു വോയ്സ് മെസേജ്…
“ആ സംസോ… എന്തായി സാധനം ഒറപ്പിക്കല്ലേ… നാളെ കൊണ്ടോന്നാലോ…. “
ഘന ഗാംഭീര്യമുള്ള ഒരു പുരുഷ ശബ്ദം….
കൂടെ ഒരു പശൂൻ്റെ നാലഞ്ച് ഫോട്ടോയും….
വീണ്ടും വോയ്സ്…
” പതിനഞ്ച് ലിറ്ററ് പാല് ദിവസവും കിട്ടും… നാല് വയസ് ആയിറ്റുള്ളൂ… ഇയ്യി മറുപടി പറയ് ,…. നാളെ രാവിലെ കുട്ടിനേം തളളനേം പൊരേൽ എത്തിക്കാ…..”
യാ റഹ് മാനേ.. ഇതേതോ കാലി കച്ചോടക്കാരൻ്റെ നമ്പറാണല്ലോ…..
പാരസെറ്റമോളും സെട്രിസിനും പീടിയയും കയിഞ്ഞ് ഭാര്യനേം മക്കളേം വീട്ടിലെ അഞ്ച് എരുമനേയും ഒരുമയോടെ സ്നേഹിക്കുന്ന, ഇനിയൊരു പശൂനേം കൂടെ വാങ്ങുന്ന കാര്യം പെട്ടെന്ന് പറയുമ്പോ ഞാൻ പൊട്ടിത്തെറിക്കുമെന്നോർത്ത് കാലിക്കാരൻ്റെ മെസേജ് ഡിലീറ്റാക്കിയ, എൻ്റെ നെന്മ മരത്തെ രണ്ട് ദിവസം സംശയത്തിൻ്റെ മുൾ മുനയിൽ നിർത്തിയതോർത്ത് ഞാൻ ഏങ്ങലടിച്ച് കരഞ്ഞു…..
എറച്ചി ഹമീദ്ക്കാൻ്റെ രണ്ട് കിൻ്റല്‍ തൂക്കള്ള പോത്തെർച്ചി കൊണ്ട് എൻ്റെ ഉമ്മ ണ്ടാക്കിയ ബിരിയാണി തിന്നാണ്ട് തലേം കുമ്പിട്ട് കിടന്നതോർത്ത് എനിക്ക് ഉറക്കെ നിലവിളിക്കാൻ തോന്നി…
ഒരു തെറ്റിദ്ധാരണൻ്റെ പേരില്‍ കച്ചറ കൂടാത്തോണ്ട്,, ചുണ്ടും ചിറിയും കോട്ടി ആ ..ന്നാ പിന്നെ അനുഭവിച്ചോന്ന് പറയിപ്പിക്കാത്തോണ്ട് , ബാപ്പാൻ്റെ പത്ത് സെൻ്റ് സ്ഥലവും ആ കിണറും വഴുതനങ്ങ പൂവിട്ടും വെണ്ടക്ക കായ്ച്ചും പയറ് വള്ളികൾ തൂങ്ങിയാടിയും സുരക്ഷിതമായി ഇപ്പഴും വീടിൻ്റെ മുൻവശത്ത് തന്നെയുണ്ട്…
Shabna shamsu❤️