ഇന്ന് നമ്മൾ അവർ പറയുന്നതിന് വഴങ്ങിയാൽ നാളെ മറ്റെന്തെങ്കിലും ആയിരിയ്ക്കും അവരുടെ ആവശ്യം…

വിൽക്കാനില്ല സ്വപ്‌നങ്ങൾ….

Story written by Vijaykumar Unnikrishnan

::::::::::::::::::::::::::::::::::::

ഹരി.ആ ബ്രോക്കർ രാമൻകുട്ടി വന്നിരുന്നു ഇന്ന്…..

അതെന്താ അമ്മേ അയാൾ ഇപ്പോൾ പെട്ടെന്നൊരു വരവ് ചെറുക്കനും കുടുംബവും രണ്ടു ദിവസം മുൻപ് വന്നിട്ട് പോയതല്ലേ…

അതല്ലടാ കാര്യം..അവർ പറഞ്ഞു വിട്ടിട്ട് വന്നതാണ് അയാൾ മറ്റുള്ള കാര്യങ്ങളെ പറ്റി സംസാരിക്കാൻ…ഒരു തീരുമാനം അറിയണമെന്ന് പറഞ്ഞു.

മറ്റുള്ള എന്തു കാര്യമാണ് ഇനി തീരുമാനം എടുക്കേണ്ടത്..

വേറെയൊന്നുമല്ല മോനെ നമ്മുടെ കുട്ടിയ്ക്ക് നമ്മൾ എന്തു കൊടുക്കുമെന്ന് അവർക്കറിയണം…അച്ഛനുമായി ഒരുപാട് സംസാരിച്ചു…

ഓ സ്ത്രീധനം അതല്ലേ അവരുടെ വിഷയം എന്നിട്ട് അച്ഛൻ എന്ത് മറുപടി പറഞ്ഞു..

എന്തു പറയാൻ അവർ ചോദിയ്ക്കുന്ന അത്രയൊക്കെ കൊടുക്കാൻ നമുക്ക് പറ്റുമോ..അവർക്കാണെങ്കിൽ ഒരു വിട്ടുവീഴ്ചയും ഇല്ല…ചെറുക്കൻ വലിയ ഉദ്യോഗസ്ഥൻ അല്ലേ..

അത് ശരി അപ്പോൾ അങ്ങനെയാണ് കഥ..ഇനിയിപ്പോൾ അച്ഛന്റെയും അമ്മയുടെയും തീരുമാനം എന്താ ഈ കാര്യത്തിൽ..

നിന്നോട് ആലോചിയ്ക്കാതെ ഞങ്ങൾ ഒരു തീരുമാനം എടുക്കുമോ.. നമുക്ക് അവരുമായി ഒന്ന് കൂടി സംസാരിച്ചാലോ മോനെ…

എന്തിനാ അമ്മേ….

ഒരു പെൺകുട്ടിയുടെ ഭാവി അല്ലേ മോനെ..

എന്റെ പെങ്ങളുടെ ഭാവി അല്ലേ അത് തീരുമാനിക്കാൻ എനിക്ക് അവകാശമുണ്ട്…എവിടെ അവൾ..?

അകത്തുണ്ട് ഇതെല്ലാം അവൾ അറിഞ്ഞു ഒന്നാമത് ഒട്ടും താല്പര്യമില്ല അവൾക്ക് വിവാഹത്തിന് അതിനിടയിൽ ഇങ്ങനെ കൂടി ഓരോ പ്രശ്നങ്ങൾ വരുന്നു…

“ഗൗരി.

എന്താ ഏട്ടാ..

..നീയൊന്ന് പുറത്തേയ്ക്ക് വന്നേ ഒരു കാര്യം സംസാരിക്കാനുണ്ട്…

അവൾ പുറത്തേയ്ക്ക് വന്നു…

ഞാൻ അച്ഛനെയും അമ്മയെയും കൂടി വിളിച്ചു…

ഗൗരി നിനക്ക് ഈ വിവാഹത്തിന് താല്പര്യമില്ല അല്ലേ …

ഒട്ടും താല്പര്യമില്ല ഏട്ടാ എന്നിട്ടും ഞാൻ സമ്മതിച്ചത് നിങ്ങളുടെ എല്ലാവരുടെയും സന്തോഷത്തെ കരുതിയാണ്..ഇങ്ങനെ സ്ത്രീധനത്തോട് ആർത്തിയുള്ള കുടുംബത്തിൽ ചെന്ന് കയറിയാൽ എന്റെ ഭാവി ഇല്ലാതാകും ചിലപ്പോൾ എന്റെ ജീവൻ തന്നെ നഷ്ടപ്പെടും…ഒരുപാട് സ്വപ്‌നങ്ങൾ എനിക്കുണ്ട് ..

അച്ഛനും അമ്മയും കേട്ടല്ലോ അവൾ പറഞ്ഞത്..ഉള്ളതെല്ലാം കെട്ടുന്ന ചെറുക്കന് കൊടുത്തു ഒഴിവാക്കി വിടാൻ മാത്രമുള്ള ബാധ്യതയാണോ നമുക്കിവൾ…ഒരിക്കലുമല്ല..

ഇന്ന് നമ്മൾ അവർ പറയുന്നതിന് വഴങ്ങിയാൽ നാളെ മറ്റെന്തെങ്കിലും ആയിരിയ്ക്കും അവരുടെ ആവശ്യം …അതിനായി അവർ ഇവളെ ഉപദ്രവിയ്ക്കും..അതൊക്കെ നമ്മൾ കാണേണ്ടി വരും.. അവളുടെ പഠനം പോലും മുടങ്ങും..

നീ എന്തു തീരുമാനം എടുത്താലും ഞങ്ങൾ കൂടെയുണ്ട് മോനെ..

എന്നാൽ അച്ഛൻ ഉടനെ ആ പയ്യനെ വിളിച്ചു പറഞ്ഞേക്കൂ നിങ്ങളുടെ കുടുംബത്തിലേയ്ക്ക് തരാൻ ഇവിടെ പെണ്ണില്ല എന്ന്..ഇതും പറഞ്ഞു ഈ പടി കയറരുത് എന്ന് ആ ബ്രോക്കർ രാമൻകുട്ടിയോടും പറഞ്ഞേക്കൂ.

അവൾ പറഞ്ഞത് പോലെ സ്വപ്നങ്ങൾ ഓരോന്നും പൂർത്തിയാക്കട്ടെ ആദ്യം അവളുടെ പഠനം,പിന്നെ ഒരു ജോലി എന്നിട്ട് ആലോചിയ്ക്കാം പണത്തോട് ആർത്തിയില്ലാത്ത ഒരു പയ്യനുമായി വിവാഹം….

കാരണം ഞാൻ അവളുടെ ചേട്ടനാണ് എന്റെ പെങ്ങളുടെ സ്വപ്‌നങ്ങൾ സാധിച്ചു കൊടുക്കുക എന്റെ അവകാശമാണ്..അത് മറ്റൊരുത്തനു വിട്ടു കൊടുത്താൽ അത് അവനു ബാധ്യത ആകുകയേയുള്ളൂ..

അത് വേണ്ടാ അവൾക്ക് വേണ്ടി ജീവിയ്ക്കുന്ന ഒരു ചേട്ടൻ ഇവിടെയുണ്ട് അത് മതി…എന്റെ പെങ്ങളുടെ സ്വപ്‌നങ്ങൾ വിൽക്കാൻ ഞാൻ തയ്യാറല്ല …..അവൾ ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്ന ദിവസങ്ങളെ പറ്റി മാത്രം ഇപ്പോൾ ചിന്തിയ്ക്കട്ടെ..

അല്ലേ മോളെ…ഗൗരി..

അല്ല പിന്നെ ഇതാണ് ഏട്ടൻ…ഇതാവണം ഏട്ടൻ

N.B: ആരെയും വിമർശിക്കാൻ വേണ്ടി എഴുതിയതല്ല ആരൊക്കെ എതിർത്താലും സ്വന്തം വീട്ടുകാരുടെ പിന്തുണ ഉണ്ടെങ്കിൽ കുറെയധികം പ്രശ്നങ്ങളിൽ നിന്നും നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാവും..