എന്റെ അമ്മയ്ക്കു ഒരു കൂട്ടായി ഞാൻ അണിയിക്കുന്ന താലിയുടെ അവകാശിയായി എനിക്ക് ഒപ്പം വരാൻ നിനക്കു പറ്റുമോ…

Story written by Kavitha Thirumeni

===============

ഡീ….. തീപ്പെട്ടിക്കൊള്ളീ… നീ ഇന്നും പൂവ് കട്ടുപറിച്ചല്ലേ…? നിക്കെടീ അവിടെ….

നീ പോടാ കോലുമിഠായി…..ആ പൂക്കൾ മുഴുവൻ നിനക്കു വേണ്ടി വിരിഞ്ഞത് ഒന്നുമല്ലല്ലോ.. ഓണക്കാലത്ത് ഈ കാണുന്ന പൂവെല്ലാം വിരിയുന്നതേ ഞങ്ങൾക്കു പൂക്കളം ഒരുക്കാനാ….

അത് അങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി…എന്റെ വീട്ടിലെ പൂക്കളെല്ലാം ഞങ്ങൾക്കുള്ളതാ…

എന്നാലെ നീ കൊണ്ടുപോയി കേസ് കൊടുക്ക്…പൂക്കൂട നിറയെ പൂവുമായി അവളും കൂടെ കുറെ കുട്ടി പട്ടാളങ്ങളും നിമിഷ നേരം കൊണ്ട് ഓടി മറഞ്ഞു. വഴി അവസാനിക്കുന്നതു വരെ അവളുടെ കൊലുസ്സിന്റെ കിലുക്കം കാതുകളിൽ അലതല്ലുന്നുണ്ടായിരുന്നു….പിറ്റേന്ന് പുലർച്ചെ തന്നെ അവളെയും കാത്ത് അവൻ ഉമ്മറപ്പടിയിൽ സ്ഥാനം ഉറപ്പിച്ചു.

ഇന്നു നിന്നെ വിടില്ല മോളെ…നീയാണല്ലേ ഈ നാട്ടിലെ ആസ്ഥാന മോഷടാവ്..കള്ളീ..

ആഹ്… എന്റെ കൈ വിട്. എനിക്ക് നോവുന്നൂ.ഞാൻ ഇവിടുന്ന് കുറച്ചു പൂവ് പൊട്ടിച്ചാൽ തനിക്കെന്താടോ മാഷേ നഷ്ടം..?

സ്വന്തം വീട്ടിൽ നിന്നു ആരെങ്കിലും പൂ മോഷ്ടിക്കുവോടീ പൊട്ടീ….

തനിക്ക് തലയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ..? ഇത് ഇയാളുടെ വീടാ…ഞാൻ മേലേപ്പറമ്പിലെ നാരായണ പണിക്കരുടെ മോളാ…ആ വയലിന്റെ അപ്പുറത്തുള്ള വീടില്ലേ….

ഓഹ്….അതൊക്കെ എനിക്കറിയാം. ആദ്യം നീ ഈ വായ് ഒന്നു അടക്കുവോ..ഏതു നേരവും കലപില എന്നു ചിലച്ചോണ്ട് ഇരുന്നോളും..എന്തൊരു നാവാ ഈ പെണ്ണിനു…

(അവളുടെ സംസാരം അവൻ മുഴുവിപ്പിച്ചില്ല) ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്…

ആഹ്..എന്നാ പറയ്….

എനിക്ക് അമ്മ മാത്രയുള്ളൂ.. അമ്മയ്ക്ക് ഞാനും..

മ്മ്..എനിക്കറിയാം…അതിന്.. ?

എന്റെ അമ്മയ്ക്കു ഒരു കൂട്ടായി ഞാൻ അണിയിക്കുന്ന താലിയുടെ അവകാശിയായി എനിക്ക് ഒപ്പം വരാൻ നിനക്കു പറ്റുമോ..?

അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ ചോദിച്ചൂ.. അവന്റെ ചുടു ശ്വാസം അവളുടെ മുഖത്തെ തഴുകിക്കൊണ്ടിരുന്നൂ… ഒരു മൗനം മാത്രം മറുപടിയായി കൊടുത്ത് കൊണ്ട് അവൾ ആ പഠിപ്പുര താണ്ടി പുറത്തേക്കു നടന്നു..

2 ദിവസത്തേക്ക് അവളെ അവിടേക്ക് കണ്ടതേയില്ല… പിറ്റേന്ന് അവൻ തന്നെ അവളെ അന്വേഷിച്ചിറങ്ങി.. വയലിനു നടുവിലായി ഒരു ചെറിയ നാലുകെട്ട്…കുറച്ച് മാറി കറ്റ മെതിക്കാൻ പാകത്തിനു അടുക്കി വെച്ചിരിക്കുന്നു. അടുത്തടുത്തായി 3 ,4 വീടുകളുമുണ്ട്.. കുറച്ചു നേരം അവൻ വേലിയിലും പരിസരത്തുമൊക്കെ ചുറ്റിപ്പറ്റി നിന്നു…അവളെ പുറത്തേക്ക് കാണുന്നേയില്ല..

ഡോ കോലുമിഠായി…താൻ എന്താടോ അവിടെ ഒളിച്ചു നിൽക്കുന്നത്…?

പൂവ് ഇടുന്ന തിരക്കിനിടയിൽ നിന്നു അവൾ പതിയെ എണീറ്റു…

അത്…പിന്നെ. …ഏയ് ഒന്നുമില്ല..ചുമ്മാ ഇതു വഴി പോയപ്പോ…..

ഹ്മ്..ഹ്മ്… മനസ്സിലായി…..

അല്ല 2 ദിവസായിട്ട് അവിടേക്ക് കണ്ടില്ലല്ലോ…പൂ വേണ്ടേ..?

ഓഹ്..ഇപ്പൊ അങ്ങനെ ആയോ…. പൂവ് ഇറുക്കിയതിന് അല്ലേ ഇയാൾ എന്നെ വഴക്കിട്ടത്..? എന്നിട്ട് ഇപ്പോ പൂ വേണ്ടേന്നൂ…. ആളു കൊള്ളാല്ലോ…

അതല്ല…കണ്ടപ്പോൾ വെറുതെ ചോദിച്ചന്നേയുള്ളൂ…എന്നാ ശരി തന്റെ പരിപാടി നടക്കട്ടെ.. ഞാൻ ശല്യം ചെയ്യുന്നില്ല..

ഡോ…

ആഹ്…വിളിച്ചോ..?

മ്മ്…അവിടെ ഈ പരിപാടി ഒന്നുമില്ലേ..

ഇല്ല…എന്തേ..?

അല്ല….അടുത്ത തവണ ആ മുറ്റത്ത് പൂവിടാൻ ഞാൻ തയ്യാറാണ് കേട്ടോ….

ഒരു കള്ളച്ചിരിയിൽ എല്ലാം ഒളിപ്പിച്ചു കൊണ്ട് അവൻ തിരിഞ്ഞ് നോക്കിയപ്പോൾ നാണത്താൽ അവളുടെ മുഖം ചുവന്നിരുന്നു…