പക്ഷെ അച്ഛനെ കാണുമ്പോൾ മോൾ പേടിച്ചു ഒളിക്കാൻ തുടങ്ങിയപ്പോഴാണ് ആദ്യമായി അയാളെ….

ദൈവത്തിന്റെ കൈകൾ

എഴുത്ത്: ഹക്കീം മൊറയൂർ.

ആൾ പാർപ്പില്ലാത്ത അടുത്ത വീടിന്റെ വിറക് പുരയിൽ നിന്നും ശിവേട്ടൻ ഇറങ്ങി വരുന്നത് കണ്ടപ്പോൾ തന്നെ അനിതയുടെ ഇടനെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി. തൊട്ട് പിന്നാലെ അഴിഞ്ഞുലഞ്ഞ മുടി വാരിചുറ്റി മീനൂട്ടി ഇറങ്ങി വരുന്നത് കൂടെ കണ്ടപ്പോൾ വീണു പോവാതിരിക്കാനായി അവൾ ജനലഴികളിൽ മുറുക്കി പിടിച്ചു.

പ്രായത്തിൽ കൂടുതൽ ശരീര വളർച്ചയുള്ള അവളുടെ ബുദ്ധി ഉറക്കാത്ത നോട്ടവും ഭാവവും കണ്ടപ്പോൾ അ ടിവയറ്റിലൂടെ ഒരു വേദന അവളിൽ അള്ളി പിടിച്ചു കയറാൻ തുടങ്ങി.

അനിത ജനലിലൂടെ നോക്കുന്നത് അയാൾ കണ്ടിരുന്നു. ഒരു പുച്ഛ ചിരിയോടെ അയാൾ നടന്നു വരുന്നത് അനിത അസ്വസ്ഥതയോടെ കണ്ട് നിന്നു. അയാളെ പേടിച്ചാണ് പ്ലസ്ടു പഠിക്കുന്ന മോളെ പോലും തന്റെ വീട്ടിൽ നിർത്തി പഠിപ്പിക്കേണ്ടി വന്നത്. മോളോടുള്ള വാത്സല്യം എന്നാണ് ആദ്യമൊക്കെ അനിത കരുതിയിരുന്നത്.

പക്ഷെ അച്ഛനെ കാണുമ്പോൾ മോൾ പേടിച്ചു ഒളിക്കാൻ തുടങ്ങിയപ്പോഴാണ് ആദ്യമായി അയാളെ അനിത വെറുക്കാൻ തുടങ്ങിയത്. ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്നായിരുന്നു അയാളുടെ ഭീഷണി. മാത്രവുമല്ല, അവൾ പറഞ്ഞാലും ആരും വിശ്വസിക്കാത്ത രീതിയിൽ അവളെ അയാളൊരു മാനസിക രോഗിയായി ചിത്രീകരിച്ചിരുന്നല്ലോ.

സമൂഹത്തിലും നാട്ടുകാരുടെ ഇടയിലും അടിമുടി മാന്യനായ അയാളുടെ കുട്ടികളോടുള്ള അമിത വാത്സല്യവും സ്നേഹ പ്രകടനവും പിന്നെ എന്നും അനിതയുടെ നെഞ്ചിൽ തീ കോരിയിട്ടിട്ടെ ഉള്ളൂ. വിഭ്രാന്തിയുള്ള ഭാര്യയെ ഉപേക്ഷിക്കാതെ സ്നേഹിച്ചു ജീവിക്കുന്ന ത്യാഗ സൽഗുണ സമ്പന്നനായ ഒരു ഭർത്താവായിരുന്നു മറ്റുള്ളവരുടെ മുന്നിൽ അയാൾ. ആ സിമ്പതി അയാൾക്ക് ഒരു ഹരമായിരുന്നു. ഭാര്യയുടെ അസുഖവും താല്പര്യ കുറവും പറഞ്ഞു അന്യ പെണ്ണുങ്ങളോട് അടുത്ത് ഇട പഴകാൻ അയാൾ സമർത്ഥനായിരുന്നു.

അതിൽ പിന്നെ പെണ്മക്കളുള്ള ആരും വീട്ടിലേക്ക് വന്നാൽ അനിത അയാൾ വരുന്നതിനു മുൻപേ പറഞ്ഞു വിടാറാണ് പതിവ്.

‘അനി ചേച്ചീ ‘.

കുട്ടികളെ പോലെ കൊഞ്ചി കുഴഞ്ഞു മീനൂട്ടി വരുന്നത് കണ്ടപ്പോൾ അവൾ വേഗം കണ്ണുനീർ തുടച്ചു.

‘ചേച്ചി എന്തിനാ കരയുന്നെ?’.

നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ടപ്പോൾ അനിത അറിയാതെ അവളെ മാറോടു ചേർത്ത് പൊട്ടിക്കരഞ്ഞു. തന്നെ വിശ്വസിച്ചാണ് അവളുടെ അമ്മ അവളെ തന്റെ അടുത്തേക്ക് വിടാറുള്ളത് എന്നോർത്തപ്പോൾ അവളുടെ കരച്ചിലിന്റെ ശക്തി കൂടി.

മീനൂട്ടിയുടെ ദേഹത്തു നിന്നും അയാളുടെ വിയർപ്പിന്റെ മണം അനിതക്ക് കിട്ടുന്നുണ്ടായിരുന്നു.

സംഭവിച്ചത് എന്താണെന്നു തിരിച്ചറിയാനുള്ള ബുദ്ധി പോലും മീനൂട്ടിക്ക് ഇല്ലല്ലോ എന്നാണ് അവൾ ചിന്തിച്ചത്. എന്തു ചെയ്യണം എന്നറിയാതെ അവൾ അന്തം വിട്ട് നിന്നു. അതിനിടെ മീനൂട്ടി പോയതും നേരം ഇരുട്ടിയതും ഒന്നും അവൾ അറിഞ്ഞില്ല.

പിറ്റേന്നു കാലത്ത് അനിതയുടെ നിലവിളി കേട്ടാണ് അയൽ വീട്ടുകാർ അവിടേക്ക് ഓടി വന്നത്.

അവിടെ പുരയിടത്തോട് ചേർന്നുള്ള പൊട്ട കിണറ്റിൽ ശിവന്റെ മൃതദേഹം കിടന്നിരുന്നു.

ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന സ്വഭാവമുള്ള ശിവൻ പൊട്ടക്കിണറ്റിൽ വീണു മരിച്ചതിൽ പോലീസിന് പോലും സംശയം ഉണ്ടായിരുന്നില്ല.

വീഴ്ചയിൽ കല്ലിൽ തലയടിച്ചാണ് മരണം സംഭവിച്ചത് എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഉറക്കത്തിൽ അല്ല, സ്വബോധത്തിൽ രണ്ട് വീടകലെയുള്ള കാമുകിയോട് സല്ലപിക്കാൻ പുറപ്പെട്ടു പോയപ്പോഴാണ് അയാൾ കിണറിൽ വീണതെന്നു അനിതക്കും പിന്നെ ദൈവത്തിനും മാത്രമേ അറിയാമായിരുന്നുള്ളൂ.

പിറ്റേന്നു രാത്രി അനിത അയാളെ തള്ളി വീഴ്ത്തിയ അതെ കൈകൾ കൊണ്ട് മോളെ കെട്ടിപ്പിടിച്ചു വളരെ കാലത്തിനു ശേഷം സമാധാനത്തോടെ ഉറങ്ങി.