ഏത് നിമിഷവും തന്റെ പ്രിയപ്പെട്ടവൻ അതിലൂടെ കടന്നുവരാം. തന്നെ കൂട്ടികൊണ്ട് പോകാൻ…

എഴുത്ത്: ദേവാംശി ദേവ

::::::::::::::::::::::::::::::::::::::::

അന്ന് അവൾ പതിവിലും സുന്ദരി ആയിരുന്നു..അവളുടെ കവിളുകൾ ചുമന്ന് തുടുത്തിരുന്നു..ചുണ്ടുകളിൽ നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരി തെളിഞ്ഞു നിന്നു…

രാവിലെ തുടങ്ങിയ മഴ വൈകുന്നേരമായിട്ടും അവസാനിച്ചിരുന്നില്ല..

അവളെപോലെ സുന്ദരിയായ മഴ..ഓരോ തുള്ളികളും അത്രയും പ്രണയത്തോടെ ഭൂമിയെ ചുംബിക്കുമ്പോൾ അവളുടെ ഹൃദയവും ഒരു ചുംബനത്തിൻെറ ആലസ്യത്തിൽ തുടികൊട്ടുന്നുണ്ടായിരുന്നു..

അത്രമേൽ പ്രണയത്തോടെ..അത്രമേൽ വാത്സല്യത്തോടെ, അത്രമേൽ കരുതലോടെ..തന്റെ നെറ്റിതടത്തിൽ പതിഞ്ഞ ആ ചുംബനം ഓർക്കവേ ആ കണ്ണുകൾക്ക് വീണ്ടും തിളക്കമേറി….

ഉരുളൻ തൂണിൽ ചാരി തേക്കിൻ തടിയിൽ തീർത്ത സോപാനത്തിൽ അവൾ ഇരുന്നു…അവളുടെ വെള്ളത്തുള്ളികൾ ഇറ്റു വീഴുന്ന നീളൻ മുടിയിഴകൾ മാറിനെ മറച്ച് മുന്നിലേക്ക് ഒഴുകി കിടന്നു..

കണ്ണുകൾ ദൂരെ കൊയ്ത്തു കഴിഞ്ഞ പാടത്താണ്…മഴ നനഞ്ഞ് കുറച്ചു കുട്ടികൾ ഫുഡ് ബോൾ കളിക്കുന്നുണ്ട്..പാടത്തിന്റെ നടുവിലൂടെ വരുന്ന മൺപാത…

ഏത് നിമിഷവും തന്റെ പ്രിയപ്പെട്ടവൻ അതിലൂടെ കടന്നുവരാം.തന്നെ കൂട്ടികൊണ്ട് പോകാൻ…

മഴയും നനഞ്ഞ് ആ ശരീരത്തോട് ചേർന്ന് ഇരുന്ന് ബൈക്കിൽ ഒരു യാത്ര..അവരുടെ ജീവിതത്തിലേക്ക്…ഹരിയുടെയും ജാനിയുടെയും മാത്രം ജീവിതത്തിലേക്ക്…

ആ യാത്ര കണ്മുന്നിൽ കാണും പോലെ ജാനി ഒന്ന് ചിരിച്ചു…അവളുടെ കണ്ണുകൾ അടഞ്ഞു. പതിയെ ആ കാഴ്ചമറഞ്ഞു..

ഇപ്പോൾ ആ മൺറോഡിലൂടെ നടന്നു വരുന്നത് രണ്ട് പെൺകുട്ടികൾ ആണ്. സ്കൂൾ യൂണിഫോമിൽ കളിയും ചിരിയും തമാശകളുമായി..ജാനിയും കൂട്ടുകാരിയും..

പ്ലസ് ടു വിന്റെ അവസാന പരീക്ഷ ദിവസം..എല്ലാ പരീക്ഷയും നന്നായി എഴുതാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ജാനി..

വീടിന്റെ പടിപ്പുര കടന്നപ്പോൾ തന്നെ കണ്ടു ഉമ്മറത്ത് നിരന്ന് ഇരിക്കുന്ന അമ്മാവൻമാരെ..

എന്നും ഭയത്തോടെ മാത്രമേ അവരെ നോക്കിയിട്ടുള്ളൂ..ഗൗരവത്തോടെ മാത്രമേ അവർ സംസാരിച്ചിട്ടുള്ളൂ..

അവർക്ക് മുന്നിലൂടെ തലയും കുനിച്ച് അകത്തേക്ക് കയറി..

“ജാനി.. പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു..” വല്യമ്മാവന്റെ ഗനഘനഗംഭീര ശബ്ദത്തോടെയുള്ള ചോദ്യം കേട്ടതും തലകുനിച്ചു തന്നെ മറുപടി കൊടുത്തു.

“നന്നായിരുന്നു”

“ങും..പോയി കുളിച്ച് ആഹാരം കഴിക്ക്‌.”

അകത്തേക്ക് നടക്കുമ്പോൾ പുറകിൽ അമ്മാവന്റെയും അച്ഛന്റെയും സംസാരം കേൾക്കുന്നുണ്ടായിരുന്നു.

ഇനി വെച്ച് താമസിപ്പിക്കണ്ട.. എത്രയും പെട്ടെന്ന് തന്നെ നടത്താം അവൾക്ക് കഴിഞ്ഞാഴ്ച 18 തികഞ്ഞ ല്ലോ..

സാമ്പത്തികമായി അൽപം പിന്നോട്ട് ആണെങ്കിലും എന്തുകൊണ്ടും നമുക്ക് ചേർന്ന ബന്ധം തന്നെയാണ്..

പേരുകേട്ട കുടുംബം.. പോരാത്തതിന് പയ്യൻ സ്കൂൾ മാഷ്..പിന്നെ പ്രായ വ്യത്യാസം അത്ര വലിയ കാര്യം ആക്കാൻ ഒന്നുമില്ല..12 വയസ്സിന് വ്യത്യാസം അല്ലേ ഉള്ളൂ..”

വിവാഹ കാര്യമാണ് അവർ സംസാരിക്കുന്നത് എന്ന് മനസ്സിലാക്കി നെഞ്ചിടിപ്പോടെ അടുക്കള വശത്തേക്ക് ഓടി..

അവിടെ വല്യമ്മായിയും മകൾ പാറു ചേച്ചിയും അമ്മയോട് സംസാരിക്കുകയായിരുന്നു.

“എന്തിനാ അമ്മായി ഇത്രയും കുഞ്ഞിലെ അവളുടെ വിവാഹം നടത്തുന്നത്.. അതും ഇത്രയും പ്രായമുള്ള ഒരാളെ…”

“നല്ല പയ്യനും നല്ല കുടുംബം ആണെന്ന ചേട്ടൻ പറഞ്ഞത്.”

” ഇതുതന്നെയല്ലേ എന്റെ കാര്യത്തിലും അച്ഛൻ പറഞ്ഞത്..എന്നിട്ടോ..അനുഭവിക്കുന്നത് എല്ലാം ഞാനും.

എന്തെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാൽ ഉടനെ വരും അതിനുള്ള മറുപടി..പെണ്ണാണ് സഹിക്കണം ക്ഷമിക്കണം ഭൂമിയോളം താഴണം കുടുംബത്തിന്റെ അഭിമാനം നോക്കണം…..

മടുത്തു ജീവിതം..ആത്മഹത്യ ചെയ്യാതെ പിടിച്ചുനിൽക്കുന്നത് എന്റെ മോനെ കരുതി മാത്രമാണ്..

ജാനിക്ക് ആ ഗതി വരരുത്..ഇത്രയും സ്ത്രീധനം കൊടുത്ത്, ഇങ്ങനെ ഒരു വിവാഹം ആവശ്യമുണ്ടോ..ഇത് പണത്തിന് വേണ്ടി മാത്രമുള്ള വിവാഹം ആണ്..അമ്മിയി ഒന്നുകൂടി അമ്മവനോട് സംസാരിക്ക്..”

“എന്തുപറയാനാ മോളെ.. ആരും കേൾക്കില്ല നിനക്ക് അറിയാവുന്നതല്ലേ നിന്റെ അച്ഛന്റെയും അമ്മാവൻെറയും സ്വഭാവം

എല്ലാം കേട്ട് തറഞ്ഞു നിൽക്കാനേ കഴിഞ്ഞുള്ളൂ ജാനിക്ക്..

തന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു…അതും തന്നെക്കാൾ എത്രയോ പ്രായം മുതിർന്ന ഒരാളെ..വലിയൊരു തുക സ്ത്രീധനം പറഞ്ഞുറപ്പിച്ച്..

നിറഞ്ഞൊഴുകുന്ന കണ്ണുകൾ പിടിച്ചുനിർത്താൻ അവർക്ക് കഴിഞ്ഞില്ല.

തന്റെ സ്വപ്നങ്ങൾ,മോഹങ്ങൾ പഠിച്ചു വലിയ ഉയരങ്ങളിൽ എത്തണമെന്ന ആഗ്രഹം…എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നുവീഴുകയായിരുന്നു..

എതിർക്കാൻ ധൈര്യം ഇല്ലാത്തതുകൊണ്ടോ എതിർത്തിട്ട് കാര്യമില്ല എന്നറിഞ്ഞിട്ടോ..പിന്നീടങ്ങോട്ട് ജാനി മൗനമായിരുന്നു.

ദിവസങ്ങൾ കഴിയവേ ഒരു ദിവസം അമ്മ പറഞ്ഞു “നിന്നെ കാണാൻ പയ്യന്റെ വീട്ടുകാർ വരുന്നുണ്ട്..”

അമ്മ തന്നെ അണിയിച്ചൊരുക്കി.. കൈയ്യിൽ ചായ കപ്പുമായി പയ്യന്റെ അടുത്തേക്ക് ചെന്നപ്പോൾ ഒരു നോക്ക് ആ മുഖത്തേക്ക് നോക്കി..

കറുത്ത നിറം..ഗൗരവമാർന്ന മുഖം..

ഒരിക്കലും ജാനി എന്ന കൗമാരക്കാരിയുടെ ആഗ്രഹത്തിനൊത്ത ആളായിരുന്നില്ല ഹരീന്ദ്രൻ എന്ന സ്കൂൾ മാഷ്..

ഒരിക്കലും അയാളെ സ്നേഹിക്കാനും അയാളുടെ കൂടെ ജീവിക്കാൻ കഴിയില്ല എന്നും ആ നിമിഷം തന്നെ ജാനിക്ക് മനസ്സിലായി..

എങ്കിലും അവൾ എതിർത്തൊന്നും പറഞ്ഞില്ല..

ഒരു തരം വാശി പോലെ..നിശബ്ദമായി,ഒരു പാവയെ പോലെ അവൾ എല്ലാം അനുസരിച്ചു.

ആഡംബരം ഒട്ടും കുറയാതെ തന്നെ ജാനിയുടെയും ഹരീന്ദ്രന്റെയും വിവാഹം നടന്നു..

ആദ്യരാത്രി ജാനിയോട് സംസാരിക്കാൻ വന്ന ഹരിയുടെ മുഖത്ത് നോക്കി ജാനി പറഞ്ഞു..

” എനിക്ക് നിങ്ങളെ ഇഷ്ടമല്ല”

അതിനൊരു പുഞ്ചിരി ആയിരുന്നു ഹരിയുടെ മറുപടി..

പിന്നെ പലയിടത്തും അവൾ അത് ആവർത്തിച്ചു

ഹരിയോടൊപ്പം ക്ഷേത്രത്തിലേക്ക് പോകാൻ പറഞ്ഞ ഹരിയുടെ അമ്മയോട് അവള് പറഞ്ഞു..

“അയാൾ ഞാൻ ഇഷ്ടപ്പെടുന്നില്ല..”

അവളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച ഹരിയുടെ ചേച്ചിയോട് പറഞ്ഞു

“ഞാൻ അയാളെ ഇഷ്ടപ്പെടുന്നില്ല..”

പക്ഷേ ഒരിക്കൽ പോലും ഹരിയോ ഹരിയുടെ വീട്ടുകാരോ അവളെ ഇതിന്റെ പേരിൽ കുറ്റപ്പെടുത്തിയില്ല..

ഒന്നിനും അവളെ ശല്യപ്പെടുത്തരുതെന്ന് ഹരി പറഞ്ഞിട്ടുണ്ടായിരുന്നു…

എങ്കിലും അവൾ ഉറങ്ങുമ്പോൾ ഹരി അവളുടെ അടുത്ത് വന്ന് ആ മുഖം നോക്കി ഒരുപാട് നേരം ഇരിക്കും…

നെറ്റിയിലേക്ക് വീണ് കിടക്കുന്ന അവളുടെ മുടിയിഴകൾ മാടി ഒതുക്കും..

വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടും..

ആ നെറ്റിയിൽ തന്റെ അധരങ്ങൾ ചേർക്കും..

പലപ്പോഴും അവളത് അറിയുന്നുണ്ടെങ്കിലും കണ്ണുകൾ തുറക്കാറില്ല…

പതിയെ പതിയെ ജാനി ഹരിയുടെ വീട്ടുകാരുമായി അടുത്തെങ്കിലും ഹരിയെ അവളെന്നും ഒഴിവാക്കി നിർത്തി..

എങ്കിലും ഒരു പരാതിയും പരിഭവവും ഇല്ലാതെ അവൻ അവളുടെ എല്ലാ കാര്യങ്ങളും നോക്കി

ഒരിക്കലും ഒരു ഭർത്താവിന്റെ അധികാരം ഹരി ജാനിയോട് കാണിച്ചിരുന്നില്ല..

വേദനകൊണ്ട് പുളയുന്ന ആ ർത്തവദിനങ്ങളിൽ അവൾ പറയാതെ തന്നെ ഹരി അവർക്ക് മരുന്ന് വാങ്ങി കൊടുത്തു..

പനിപിടിച്ച ദിവസങ്ങളിൽ അവളുടെ അടുത്ത് ഇരുന്ന് അവളെ ശുശ്രൂഷിച്ചു..

അവളുടെ നെറ്റിയിൽ തുണി നനച്ചിട്ടു..

അവൾക്ക് കഞ്ഞി കോരി കൊടുത്തു..

ഹരി പതിയെ അവൾക്ക് ഒരു കൗതുകം ആയി മാറി…കാരണം അവളുടെ വീട്ടിൽ അച്ഛനും അമ്മാവനും പാറു ചേച്ചിയുടെ ഭർത്താവിനും ഭാര്യ ഒരു അടിമ മാത്രമായിരുന്നു..

പക്ഷേ ഹരി അതിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു..അവൻ ഒരിക്കലും അവളോട് ദേഷ്യപ്പെട്ടില്ല..അവന്റെ ചുണ്ടുകളിൽ പുഞ്ചിരി ഒരിക്കലും മാഞ്ഞിരുന്നില്ല…

ഡിഗ്രിക്ക് അല്പം ദൂരെയുള്ള കോളേജിൽ ഹരി അവർക്ക് അഡ്മിഷൻ എടുത്തു..അതും അവളോട് ചോദിക്കാതെ തന്നെ..

ഹോസ്റ്റലിൽ താമസം ശരിയാക്കി…

പോകുന്നതിന് തലേദിവസം ഹരിയുടെ സഹോദരി അവളോടൊരു കാര്യം പറഞ്ഞു..

ചേച്ചിയുടെ ഹാർട്ട് ഓപ്പറേഷൻ വേണ്ടിയാണ് ഹരി അത്രയും വലിയൊരു തുക സ്ത്രീധനം വാങ്ങിയത്..

സഹോദരിയുടെ ജീവൻ രക്ഷിക്കാൻ മറ്റൊരു മാർഗ്ഗം ഇല്ലാത്തതുകൊണ്ട് മാത്രം…

ജാനിക്ക് അതൊരു പുതിയ അറിവായിരുന്നു…ഹരിയോട് അവൾക്ക് സ്നേഹത്തിനും അപ്പുറം ഒരു ബഹുമാനം തോന്നി…

ഹരി തന്നെയാണ് അവളെ ഹോസ്റ്റലിൽ കൊണ്ടാക്കിയത്.

വിവാഹം കഴിഞ്ഞ സ്ത്രീകൾ പഠിക്കേണ്ട ആവശ്യമില്ല എന്ന് അവളുടെ അച്ഛനും അമ്മാവനും എതിർത്തെങ്കിലും ഹരി അത് കേട്ടില്ല…

അവൾക്ക് പഠിക്കാൻ ഉള്ള എല്ലാ സൗകര്യവും ചെയ്തു കൊടുത്തു..

ജാനിയുടെ ഹൃദയത്തിൽ ഹരിയോടുള്ള സ്നേഹത്തിന്റെ വിത്തുകൾ രൂപം കൊണ്ടു..
അത് മുളപൊട്ടി പ്രണയമായി വളർന്നു…

ഹോസ്റ്റൽ മുറിയിലെ ഓരോ രാത്രികളിലും അവൾ ഹരിയെ സ്വപ്നം കണ്ടു…

എല്ലാ ആഴ്ചകളിലും ഹരി അവളെ ഹോസ്റ്റൽ ലാൻഡ് ഫോണിൽ വിളിച്ച് വിശേഷം തിരക്കുമായിരുന്നു.

എല്ലാ വെക്കേഷനും ഹരി അവളെ കൂട്ടി കൊണ്ടു പോകാൻ എത്തുമായിരുന്നു..

പക്ഷേ ഒരിക്കലും ജാനി അവളുടെ പ്രണയം ഹരിയോട് പറഞ്ഞിരുന്നില്ല..

കോളേജിൽ അവൾക്ക് കിട്ടുന്ന ഓരോ പ്രണയാഭ്യർത്ഥനകളും അവൾ തിരസ്കരിച്ചു…

“ഞാൻ ഹരിയുടെ പെണ്ണാണ്..ഹരിയുടെ മാത്രം..” അവൾ മനസ്സിൽ ഉറക്കെ ഉറക്കെ പറഞ്ഞു..

ഓരോ ദിവസവും,ഓരോ നിമിഷവും,ഓരോ സെക്കന്റും അവൻ അറിയാതെ ജാനി അവനെ പ്രണയിച്ചു കൊണ്ടേയിരുന്നു..

അത്രയും തീവ്രമായി അത്രയും ഭ്രാന്തമായി..

ഹരി എന്ന പേരിലേക്ക് അവളുടെ ലോകം ചുരുങ്ങി…

ഓരോ ആഴ്ചയും അവന്റെ ശബ്ദം കേൾക്കാൻ അവൾ കാതോർത്തിരുന്നു…

ഒരോ വെക്കേഷനും അവനോടൊത്തുള്ള വീട്ടിലേക്കുളള യാത്രകൾ അവൾ അത്രമേൽ ആസ്വദിച്ചു..

മൂന്നുവർഷം അതിവേഗം കടന്നുപോയി…അവസാന പരീക്ഷയും കഴിഞ്ഞു ആ കോളേജിനോടും ഹോസ്റ്റലിനോടും വിട പറയാൻ അവൾ തയ്യാറായി…കൂട്ടത്തിൽ ഹരിയോട് തന്റെ പ്രണയം തുറന്നു പറയാനും..

അവൾ അവനായി കാത്തിരുന്നു..എന്നാൽ പതിവിനു വിപരീതമായി അന്ന് അവളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയത് അവളുടെ അച്ഛൻ ആയിരുന്നു…

വീട്ടിലെത്തിയ ഉടനെ അവൾ ഫോൺ എടുത്തു ഹരിയെ വിളിച്ചു..

“ഹലോ”

“എന്താ എന്നെ കൂട്ടാൻ വരാത്തത്?”

“അച്ഛൻ വന്നല്ലോ ജാനിയെ കൂട്ടാൻ.”

“എന്താ എന്നെ കൂട്ടാൻ വരാത്തത്?”

“ഞാൻ വരുന്നത് ജാനിക്ക് ഇഷ്ടമാണോ.”

“മ്മ്മ്മ്.”

“എത്ര ഇഷ്ടം”

“ഒത്തിരി”

” ഒത്തിരിന്നു വെച്ചാൽ..”

” ഒത്തിരി ഒത്തിരി ഒത്തിരി”

“ജാനിക്ക് എന്നോട് വെറുപ്പ് അല്ലേ…”

“അത് അന്ന് അല്ലേ ..”

“അപ്പോൾ ഇന്നോ?”

“ഇന്ന് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്..എനിക്ക് കാണാൻ തോന്നുവാ.. കാണാതിരിക്കുമ്പോൾ കണ്ണ് നിറയും..”

“അപ്പൊ ജാനിക്ക് എന്നോട് പ്രണയമാണോ.” ഹരിയുടെ വാക്കുകൾ ആർദ്രമായി.

“എന്താ ജാനിക്കുട്ടി ഒന്നും മിണ്ടാത്തത്..നിനക്കെന്നോട് പ്രണയമാണോ ജാനി?”

“മ്മ്മ്മ്.”

“എന്നോടൊത്ത് ജീവിക്കാൻ നിനക്ക് സമ്മതമാണോ..”

“മ്മ്മ്മ്.”

“നീ എന്നെ വിട്ടു പോകുമോ..

“ഇല്ല…എന്നെ കൂട്ടാൻ വരുമോ..” കൊഞ്ചലോടെ അവൾ ചോദിച്ചു..

“വരാം..ഇന്നല്ല.. മൂന്ന് ദിവസം കഴിഞ്ഞ്.”

“അതെന്താ മൂന്നുദിവസം..” ജാനിയുടെ ശബ്ദത്തിൽ പരിഭവം കലർന്നു..

“ഞാൻ ഒരു മീറ്റിങ്ങിൽ ആണ് ജാനിക്കുട്ടി ..ഇനി മൂന്നു ദിവസം കൂടി ഉണ്ട്. അത് കഴിഞ്ഞേ എനിക്ക് നാട്ടിൽ വരാൻ പറ്റൂ..”

“ഞാൻ കാത്തിരിക്കും.”

***********************

താഴെ കോളിംഗ് ബെൽ ശബ്ദം കേട്ടപ്പോഴാണ് ജാനി ഓർമ്മകളിൽ നിന്നും ഉണർന്നത്…

ഹരിയാകും എന്ന് കരുതി അവൾ താഴേക്ക് ഓടി..

എന്നാൽ മഴ നനഞ്ഞു കുതിർന്ന ഒരു ചെറിയ കുട്ടി അവിടെ നിൽപ്പുണ്ടായിരുന്നു.,

“ചേച്ചി നമ്മുടെ പാലം തകർന്നു വീണു..”

ജാനിയെ കണ്ടതും അവൻ പറഞ്ഞു

ജാനി ഒന്നും മനസ്സിലാവാതെ അവനെ തന്നെ നോക്കി നിന്നു..

“ഹരി സാറ്…ഹരി സാർ പാലത്തിലൂടെ വരുമ്പോഴായിരുന്നു പാലം തകർന്നുവീണത്..

ഹരി സാറും ബൈക്കും പുഴയിലേക്ക് വീണു..” പറയുമ്പോൾ അവൻ കിതക്കുന്നുണ്ടായിരുന്നു..

“എ.. എന്നിട്ട്..” ജാനിക്ക് ശ്വാസം നിലക്കുമ്പോലെ തോന്നി..

ഹരി സാറിനെ കുറച്ചുപേർ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി..”

അത് കേട്ടതും ജാനി പുറത്തേക്കിറങ്ങി ഓടി..

വീട്ടിൽ നിന്ന് കിലോമീറ്ററോളം ദൂരമുണ്ട് ഹോസ്പിറ്റലിലേക്ക്..അത്രയും ദൂരം ആ മഴയത്ത്,കണ്ണീരോടെ,പ്രാർഥനയോടെ തന്റെ പ്രിയപ്പെട്ടവന്റെ അരികിലേക്ക് ഓടിയെത്തുകയായിരുന്നു അവൾ..

ആരോടൊക്കെ ചോദിച്ചും പറഞ്ഞും അവൾ ICU വിന്റെ മുമ്പിലെത്തi..

അവിടെ അവളുടെ അച്ഛനും അമ്മാവനും ഉണ്ടായിരുന്നു…

“അച്ഛാ… ഹരിയേട്ടൻ…ഹരിയേട്ട…ൻ” പറഞ്ഞു പൂർത്തിയാവും മുൻപ് ജാനി അവരുടെ കൈ കളിലേക്ക് കുഴഞ്ഞു വീണു..

***********************

അവന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും സന്തോഷവതി അവളാണെന്ന് ജാനിക്ക് തോന്നി…

അവന്റെ വിരലുകൾ അവളുടെ മുടിയിഴകളെ തലോടി…അവന്റെ അധരങ്ങൾ അവളുടെ കാതുകളിൽ ഇക്കിളി കൂട്ടി…

അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു..ഉറക്കെ.. ഉറക്കെ…

ആ ചിരിയോടൊപ്പം അവളുടെ കാലുകളിലെ ചങ്ങലയും കിലുങ്ങി…

അടച്ചിട്ട മുറിക്ക് പുറത്ത് മഴ പിന്നെയും തിമിർത്തു പെയ്തു..

തെക്കേ തൊടിയിൽ ഒരു ആത്മാവ് ഇന്നും കാത്തിരിക്കുന്നു…

തന്റെ പ്രിയപ്പെട്ടവൾക്കായി…

????

സ്വന്തം ദേവ❤️❤️