ഒന്നിലും പ്രതികരിക്കാത്ത പൊട്ടൻ കുഞ്ഞൻ്റെ മറുപടി പറച്ചില് കേട്ട് അർത്ഥം വെച്ച് തലയാട്ടി കൂട്ടുകാര് പോവും…

എഴുത്ത്: ജിഷ്ണു

::::::::::::::::::::::::::::

“അവൻ്റെ വീട്ടിലെ വേലക്കാരി ചേച്ചി കിടിലനാണ് ഡാ… ചെക്കൻ്റെയൊരു ഭാഗ്യം നോക്കണേ…! സ്കൂള് കഴിഞ്ഞ് ചെന്നാല് അവനും അവരും മാത്രല്ലേ ഉണ്ടാവൂ…അച്ഛൻ വരുന്നത് രാത്രിയിലും അമ്മ ഇല്ലതാനും..”

പത്താം ക്ലാസ്സിലെ കുഞ്ഞൻ ചെക്കനെ നോക്കി ചങ്ങായിമാര് കിട്ടാക്കനി പറഞ്ഞപ്പോ പതിവ് പോലെ അവനൊന്നു ഇടം കണ്ണിട്ടു നോക്കി…

ഉച്ചയ്ക്ക് തേങ്ങാ ചമ്മന്തിയും, മോര് കാച്ചിയതും, മൊട്ട പൊരിച്ചതും കുത്തി നിറച്ച കുഞ്ഞൻ്റെ ചോറ്റുപാത്രം തുറക്കുമ്പോ പങ്ക് പറ്റാൻ ചങ്ങായിമാര് ചുറ്റും കൂടും…

ഓരോ പിടി കൂട്ടാനും പങ്ക് വെയ്ക്കുമ്പോ കുഞ്ഞൻ പറയും, “നിങ്ങള് മോശാണെന്ന് പറയണ വേലക്കാരി ചേച്ചി വെളുപ്പിന് വന്ന് ഉണ്ടാക്കി വെച്ചിട്ട് പോണതാണ്ട്ര ഇതൊക്കെ…” വഴക്കിന് പോവാണ്ട് ഇത്രമാത്രം പറയും കുഞ്ഞൻ…

ഒന്നിലും പ്രതികരിക്കാത്ത പൊട്ടൻ കുഞ്ഞൻ്റെ മറുപടി പറച്ചില് കേട്ട് അർത്ഥം വെച്ച് തലയാട്ടി കൂട്ടുകാര് പോവും…

ചെലപ്പോ കുഞ്ഞൻ്റെ ചെവീല് വന്നിട്ട് പറയും, ‘ ഡാ നിൻ്റെ വീട്ടില് വരണ ചേച്ചി അത്ര നല്ലവളല്ലടാ…നാട്ടുകാര് ചെലോരു പറയണ കേട്ടു പോക്ക് കേസാണെന്ന്…’

” നീ എന്താടാ ഇങ്ങനെ പറയണത്…! എനിക്ക് വയ്യാണ്ടാവുമ്പോ തുണി നനച്ചിട്ടു തരും, എനിക്ക് ഇഷ്ടമുള്ള ഗോതമ്പ് ദോശയും ചമ്മന്തിയും ഉണ്ടാക്കി തരും, എൻ്റെ അമ്മ ഡയറിയിൽ എഴുതി വച്ചിട്ടുള്ള പാട്ട് ഞാൻ കേൾക്കെ പാടും, ചേച്ചിടെ വീട്ടിലെ ജോലിയും കഴിഞ്ഞ് രണ്ട് കുട്ടികളെയും കൊണ്ടാടാ അവരു സഹായത്തിനു വരണത്…”

അത്രമാത്രം പറഞ്ഞ് കുഞ്ഞൻ ജനാലയ്ക്ക് പുറത്തേക്ക് നോക്കിയിരിക്കും…

എന്നിട്ട് കുഞ്ഞൻ വീണ്ടും പറഞ്ഞു, “ഡാ അവരെനിക്ക് എൻ്റെ അമ്മേനെ പോലെയാണ്ട്രാ… ഒരിക്കല് അമ്മ ഇല്ലാണ്ടായാ വല്ലാണ്ട് നെഞ്ച് വിങ്ങും… രാത്രിയില് കരച്ചില് വരൂടാ… അടുക്കളയില് പോവാൻ തന്നെ തോന്നില്ലടാ…”

കുഞ്ഞൻ്റെ വീട്ടിലെ വേലക്കാരി ചേച്ചി വെച്ചുണ്ടാക്കണ മോര് കാച്ചിയതും മൊട്ട പൊരിച്ചതും കയ്യിട്ട് വാരി തിന്നിട്ട് ചങ്ങായിമാര് വീണ്ടും അവനോട് അടക്കം പറയുമായിരുന്നു…

പിന്നെയും കുഞ്ഞൻ മടുപ്പില്ലാതെ മുഷിപ്പില്ലാതെ സുന്ദരമായി മനോഹരമായി അവരോട് പറയും,

” നിങ്ങക്കും ചെല നാട്ടാർക്കും മോശമായ അവരെനിക്ക് എൻ്റെ അമ്മയെ പോലെയാണ്ട്ര…”