തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചുരുന്ന കൈകളാണ് ഇന്ന് തള്ളി പറയുന്നത്….

രാധമാധവം 02 ~ എഴുത്ത്: ഗൗതമി ഗീതു

“ഏട്ടാ… വേണ്ടാ. രാധക്ക് പഠിക്കണം. എന്നെ അയാൾക്ക് കൊടുക്കല്ലേ. പ്ലീസ് ഏട്ടാ. ന്നെ പറഞ്ഞയക്കല്ലേ.”

പൊട്ടി കരഞ്ഞ് രാധ കാലിൽ വീണ് കേണിട്ടും ആ സഹോദര ഹൃദയം അലിഞ്ഞില്ല.

“ഹ..! നീയെന്താ ഇങ്ങനെ കരഞ്ഞു വിളിക്കുന്നെ? ഇത് നല്ല കൂത്ത്. നിന്നെയും ഒക്കതിരുത്തി നടക്കാൻ പറ്റുവോ എപ്പോഴും? സിദ്ധു., നീ ചുമ്മാ ഇവളുടെ വാക്കിൽ വീഴാൻ നിൽക്കാതെ വേഗം വരാൻ നോക്ക്.”

ഏടത്തി ഇഷ്ടക്കേടോടെ പറഞ്ഞ് മുന്നിൽ നടന്നു.

“രാധേ, എനിക്കിത്തിരി സമാധാനം വേണം. അയാൾക്ക് വയസ് കുറച്ച് കൂടുതലാണെന്നെ ഉളൂ. നിനക്കിപ്പോ ഇരുപത്തിമൂന്ന് ആയില്ലേ. അയാൾക്കൊരു മുപത്തിനാലൊക്കെ കാണും. അത് നീ കാര്യമാക്കണ്ട. ഇത് നടന്ന് കിട്ടിയാൽ ബാധ്യത തീരും. അമ്മയുടെ ചികിത്സചിലവും. നീ സമ്മതിക്കണം. എത്ര കാലം നിന്നെയും താങ്ങി ഞാൻ നിൽക്കും? എനിക്കും ജീവിക്കണ്ടേ?”

നിഷ്കരുണം തന്റെ സഹോദരൻ പറഞ്ഞ് തീർത്തപ്പോൾ തകർന്ന് പോയിരുന്നു അവൾ. കുഞ്ഞിലെ ആ കൈകൾ കിടന്ന് വളർന്നവൾ ആണ്. തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചുരുന്ന കൈകളാണ് ഇന്ന് തള്ളി പറയുന്നത്.

“ഏട്ടാ. മാനുവേട്ടൻ..! നിക്ക് മനുവേട്ടനെ മതി.., അർച്ചനെച്ചിയെ ഏട്ടൻ സ്നേഹിച്ചു കല്യാണം ചെയ്തില്ലേ? എന്നിട്ടും ന്നെ എന്താ മനസ്സിലാക്കത്തെ? പൊന്നോ പണമോ ഒന്നും തരേണ്ട. അമ്മേനേം ഞാൻ കൂടെ കൂട്ടാം.ആർക്കും ഒരു ബാധ്യതേം ഉണ്ടാക്കില്ല. ഒന്ന് സമ്മതിക്കുവോ? അത്രേം സ്നേഹിച്ച് പോയൊണ്ട. നിക്ക് അത്രേം ഇഷ്ടായോണ്ട.”

വിതുമ്പിക്കൊണ്ട് അവന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു.

“മിണ്ടരുത് നീ. ഇത്രേം വലിയൊരു പണക്കാരൻ അപ്പുറത്ത് നിൽകുമ്പോൾ അവന്റെ കൂടെ പോകാനോ? സമ്മതിക്കില്ല ഞാൻ. അന്ന് വീട്ടിൽ വന്ന് ചോദിച്ചപ്പോഴേ അവനോട് ഞാൻ പറഞ്ഞതാണ് ഇത് നടക്കില്ലെന്ന്. മാറി നിൽക്കങ്ങോട്ട്.”

രാധയുടെ കൈ തട്ടിമാറ്റിയവൻ നടന്ന് നീങ്ങി. ഉമ്മറപടിക്കൽ കണ്ണീരോടെ അവർ പോകുന്നതും നോക്കി അവൾ ഇരുന്നു.

കുറച്ച് മാസങ്ങൾക്ക് മുൻപ് തന്നെയും അമ്മയെയും ഒറ്റക്കാക്കി പട്ടണത്തിലെ ഏതോ ഫ്ലാറ്റിലേക്ക് മാറിയതാണ് ഏട്ടനും ഏട്ടത്തിയും. ഇടക്കൊക്കെ വന്ന് കാണും. കുറച്ച് പണം തരും. ഫോണിൽ വിളിച്ചാലും ഒന്നോ രണ്ടോ വാക്ക്.

‘അത്രേം വെറുത്തോ ഏട്ടാ ഈ പെങ്ങളെയും അമ്മയെയും? എന്ത് തെറ്റ് ചെയ്തിട്ട? ഇപ്പോൾ ഉള്ള കല്യാണലോചന പോലും പണത്തിനുവേണ്ടിയല്ലേ? ഞാൻ പണയവസ്തുവായോ ന്റെ ഏട്ടന്? കണ്ണാ..! സഹിക്കുന്നില്ലെനിക്ക്..! ന്റെ മനുവേട്ടനെ മതി നിക്ക്..! എന്ത് ചെയ്യും ഞാൻ?’

ആരും തുണയില്ലാതെ അവൾ പൊട്ടി കരഞ്ഞു. മറ്റൊരു മുറിയിൽ ഇതെല്ലാം കണ്ടും കെട്ടും ഒരു മാതൃഹൃദയം വെന്തുരുകുന്നുണ്ടായിരുന്നു. ഒന്ന് പ്രതികരിക്കാനാവാതെ.., മകളെയൊന്ന് ചേർത്ത് പിടിക്കാനാവാതെ.

രാത്രിയിൽ ഉറക്കമില്ലാതെ മുറിയിൽ കഴിയുമ്പോഴും മനസ്സ് മരിവിച് പോയിരുന്നു.

‘ആരുമില്ലല്ലോ ഈ അമ്പലവാസി പെണ്ണിന് കണ്ണാ. നിന്നോട് വന്നൊന്ന് സങ്കടം പറയാന്നു വെച്ചാൽ അതിനും നീ വിലക്ക് വെച്ചില്ലേ?’

മുറിക്കുള്ളിലെ ആലില കണ്ണന്റെ ചിത്രത്തിലേക്ക് നോക്കിയവൾ പദം പറഞ്ഞു. ജനലരികിൽ ഒരാളനക്കം കണ്ടതും രാധ ഞെട്ടി പിടഞ്ഞ് എഴുനേറ്റു.

“രാധേ. മനുവാണ്. നീ പുറത്തൊട്ട് വാ.”

പ്രിയപെട്ടവന്റെ ശബ്‌ദം കാതിൽ പതിച്ചതും വീടും പൂട്ടിയവൾ പുറത്തേക്കിറങ്ങി. ഒന്നും ചോദിക്കാതെ അവളുടെ കൈയും പിടിച്ചവൻ മുന്നോട്ട് നടന്നു. നിലാ വെളിച്ചത്തിൽ അമ്പലത്തിന്റെ പടികൾ കയറുമ്പോൾ ഒന്നും മനസ്സിലാവാതെ അവൾ നോക്കി നിന്നതേ ഉള്ളു. അടച്ചിട്ട കവാടത്തിന് മുന്നിൽ അവളെ നിർത്തിയവൻ പോക്കറ്റിൽ ഒളിപ്പിച്ച താലി കൈയിലെടുത്തു. ഒരു അനുവാദത്തിന് കാത്തുനിൽക്കാതെ താലി അവളിലേക്ക് ചാർത്തി. സീമന്തരേഖയിൽ തന്റെ ചുണ്ടകൾ ചേർത്ത് പ്രണയത്തിന്റെ ചുവപ്പ് രാശി പടർത്തി.

“ഇതല്ലാതെ എന്റെ മുന്നിൽ വേറെ വഴിയൊന്നും ഇല്ല മോളെ. ഒത്തിരി ഞാൻ പറഞ്ഞ് നോക്കി നിന്റെ ഏട്ടനോട്. കാല് പിടിച്ച് അപേക്ഷിച്ചു. അവൻ സമ്മതിക്കുനില്ല. എന്നോട് ക്ഷമിക്ക്. തനിച്ചാക്കാതെ ഈ നെഞ്ചിൽ ചേർത്ത് നിർത്തിയേക്കാം എന്നും. വയ്യെടി നിന്നെ കൈവിട്ട് കളയാൻ. നീയീ മാധവന്റെ മാത്രം രാധികയാണ്. എന്റെ മാത്രം പ്രണയം!”

അവന്റെ മുഖമാകെ പ്രഹരമെറ്റ പാടുകൾ ഉണ്ടായിരുന്നു. ഏട്ടൻ ചെയ്യിപ്പിച്ചതാവും. കണ്ണുനീർ കാഴ്ചകളെ മറക്കുമ്പോഴും അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് വിതുമ്പി.

കുളപ്പടവിലിരുന്ന് വിരിഞ്ഞ് തുടങ്ങുന്ന വെള്ളതാമരയെ കണ്ണെടുക്കാതെ നോക്കുമ്പോഴും ഇനിയും ഒരു മാസം കഴിഞ്ഞേ തന്റെ പ്രാണനെ കാണുകയുള്ളു എന്ന സങ്കടം അവളെ തളർത്തിയിരുന്നു.

“പോകാതെ പറ്റില്ല രാധേ. ഞാനൊരു അധ്യാപകൻ അല്ലെ. അവിടെ നിന്നും ഇപ്പോൾ തന്നെ വിളിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്നായി. ഒരു മാസം മതി. അതുവരെ നീയൊന്ന് പിടിച്ച് നിൽക്കണം. നിന്റെ ഏട്ടൻ വന്ന് ചോദിച്ചാൽ ഈ താലിയങ് കാട്ടികൊടുക്ക്. മാധവന്റെ പെണ്ണാണെന്ന് പറ. കുറച്ച് ദിവസം മാത്രം മതി. ഞാൻ കിച്ചനോട് എല്ലാം പറഞ്ഞിട്ടുണ്ട്. അവൻ നിന്റെ കൂടെ കാണും.”

അവൾ അവന് നേരെ ഒന്ന് പുഞ്ചിരിച്ചു.

“സാരമില്ല. പോയിട്ട് വേഗം വന്നാൽ മതി.”

താലിയിൽ പിടി മുറുക്കി അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. കാർമേഘം മാനത്ത് ഇരുണ്ടുകൂടി. കാലം തെറ്റി മഴ ആർത്തലച്ചു പെയ്തു. മഴയിൽ നനഞ്ഞ് കുതിർന്ന് ദാവണി തുമ്പിനെ അവൾ മാറോടടക്കി പിടിച്ചു. നിലാവിന്റെ അവസാന വെട്ടവും അണഞ്ഞിരുന്നു. കണ്ണുകൾ പരസ്പരം ഇടയുന്നുണ്ട്. നോട്ടങ്ങൾ തമ്മിൽ വല്ലാതെ കൊരുത്ത് വലിക്കുന്ന പോലെ. വിവേകത്തിന്റെ ചങ്ങല പൊട്ടിച്ച് ഇരു മനസ്സും പ്രണയത്തിൽ വീർപ്പുമുട്ടി. ഒരു നിമിഷത്തിന്റെ പിഴവിൽ അവന്റെ കൈകളും സ്ഥാനം മാറി ചലിച്ചുപോയി. ഇന്നേവരെ ഒരു നോട്ടം കൊണ്ട് പോലും കളങ്കപ്പെടുത്തിയിട്ടിലാത്തവനിൽ വികാരങ്ങൾ ഒരു നിമിഷം ആധിപത്യം സ്ഥാപിച്ചു. അവൾക്കും എന്തുകൊണ്ടോ എതിർക്കുവാൻ കഴിഞ്ഞില്ല. ഉടഞ്ഞുവീഴുന്ന ചുംബനങ്ങൾക്കിടയിലും ‘മാധവന്റെ മാത്രം രാധിക’ യെന്ന മന്ത്രം അവളുടെ മനസ്സ് പലവുരു ഉരുവിട്ടു. തണുത്ത് വിറക്കുന്ന ശരീരങ്ങൾ പ്രണയചൂടിൽ ഉരുകിയൊലിച്ചു. തന്നിലേക്ക് പടർന്നു കയറുന്ന പ്രണയത്തെ പരിഭവങ്ങളില്ലാതെ അവൾ ഏറ്റുവാങ്ങി. അഴിഞ്ഞുലഞ്ഞ ഉടയാടകളിൽ നാണത്താൽ വിവശയായി അവന്റെ മാറിലേക്ക് മുഖം ഒളിക്കുമ്പോൾ വിശ്വസം എന്നൊരു കവചം അവളെ പൊതിഞ്ഞ് പിടിച്ചുരുന്നു. ഒടുവിലൊരു നോവുണർത്തിയവൻ തന്നിലൊരു ല ഹരിയായി മാറുമ്പോൾ ഒഴുകിയിറങ്ങിയ കണ്ണീരിന് പോലും തന്നിലെ സ്ത്രീയെ പൂർണയാക്കിയവനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു.

“അതെ തന്റെ മാത്രം മാധവൻ….. ഈ രാധികയുടെ മാധവൻ…..”

രാത്രിയുടെ ഏതോ യാമങ്ങളിൽ തളർന്ന് തന്റെ മാ റിലുറങ്ങുന്ന പ്രണയത്തെ അവൾ അത്രമേൽ സ്നേഹത്തോടെ ചേർത്ത് നിർത്തി. മാ റിൽ നനവ് പടരുന്നതറിഞ്ഞതും ഞെട്ടലോടെ അവന്റെ മുഖം പിടിച്ചുയർത്തി നോക്കി.

“എന്നോട്… എന്നോട് ദേഷ്യമാണോ രാധേ? ഞാൻ ചതിച്ചുന്ന്….”

“ശൂ….”

പറഞ്ഞ് മുഴവനാക്കും മുന്നേ അവളുടെ വിരലുകൾ ചുണ്ടിന് മേൽ വിലക്ക് തീർത്തിരുന്നു.

“അരുത്. അങ്ങനെയൊന്നും തമാശക്ക് പോലും കേൾക്കാൻ ഈ രാധ ആഗ്രഹിക്കുന്നില്ല. വിശ്വാസമാണ്…. എന്നെക്കാൾ വിശ്വാസമാണ്…. ഞാൻ കാത്തിരിക്കും ഞാൻ..!”

****************

ദിവസങ്ങൾ കൊഴിഞ്ഞുവീണു. ഇടക്കുള്ള ഫോൺ കാളുകളിലൂടെ രാധയുടെയും മാധവന്റെയും പ്രണയം പിന്നെയും പൂത്തുലഞ്ഞു. കൂട്ടിന്ന് എന്തിനും ഏതിനും കിച്ചനും ഉണ്ടായിരുന്നു. പതിയെ മനുവിന്റെ തിരക്കുകൾ കൂടിയപ്പോൾ ഫോൺ വിളികളും കുറഞ്ഞ് തുടങ്ങി. എങ്കിലും കിച്ചനുള്ളത് അവനും സമാധാനമായിരുന്നു. രാധയും അവന്റെ തിരക്കുകൾ മനസ്സിലാക്കി തന്റെ മനസ്സിനെ പിടിച്ചു നിർത്തി.

പതിവ് പോലെ രാത്രിയിൽ ഭക്ഷണം കഴിച്ച് കിടക്കാൻ നേരം വീട്ടിലേക്ക് മ ദ്യപിച്ചു കയറി വന്ന ആ മനുഷ്യനെ കണ്ടവൾ ആർത്തു വിളിച്ചു. കെട്ടാൻ പോകുന്ന പെണ്ണിന്റെ ശരീരത്തിൽ കാ മം പൂണ്ട് അവളെ വലിച്ചടുപ്പിക്കുമ്പോൾ ഒന്നുമുരിയാടാനാകാതെ മൂകസാക്ഷിയായി നിൽക്കാനെ ആ അമ്മക്ക് കഴിഞ്ഞുള്ളു. മാനത്തിനായി കേഴുമ്പോഴും കാ മംപൂണ്ട കണ്ണുകൾ അവളുടെ ശരീരത്തെ കൊത്തി വലിക്കുകയായിരുന്നു. താൻ വിശ്വസിക്കുന്ന കുട്ടി കൃഷ്ണന്റെ കരുണകൊണ്ടോ എന്തോ ശബ്‌ദം കേട്ട് നാട്ടുകാർ ഓടി കൂടിയെങ്കിലും അടുത്ത പുലരിയിൽ തണുത്തുറഞ്ഞ പെറ്റമയുടെ ശരീരത്തിന് മുന്നിൽ നിസ്സംഗതയോടെയിരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളു.

മകളുടെ വേദനയിൽ മനം നൊന്ത് മരിച്ച മാതൃഹൃദയം.! അലറികരഞ്ഞു കാണും… എന്റെ പൊന്നുമോളെ ഒന്നും ചെയ്യല്ലേ എന്ന് പലയാവർത്തി പറഞ്ഞു കാണും… ഒന്ന് ചേർത്ത് പിടിക്കാൻ ആ കൈകൾ വെമ്പൽകൊണ്ടുകാണും… ഒടുവിൽ ചങ്ക് പൊട്ടുന്ന വേദനയിൽ പ്രാണൻ വെടിഞ്ഞ്കാണും…..നന്നായി, നന്നായി പോയത്….! ഇനിയും വേദനകൾ ഏറ്റുവാങ്ങാതെ ദൂരെക്കകന്നത് നന്നായി….! പക്ഷെ ആരുണ്ട് ഇനിയീ രാധക്ക്? ബാധ്യത ആവുമെന്നോർക്കുന്ന ഏട്ടനോ? സഹതാപം ചൊരിയുന്ന നാട്ടുകാരോ? അമ്മയുടെ പട്ടട കത്തിതീരും മുന്നേ കേട്ടിരുന്നു ഏടത്തിയുടെ ആകുലതകൾ.

“ഞാൻ എങ്ങോട്ടുമില്ല. നിങ്ങൾ പൊക്കൊളു. ഇവിടം എന്റമ്മയുടെ ആത്മാവുണ്ട് കൂട്ടായി… അത് മതിയീ രാധക്ക്.”

അത്രമാത്രം പറഞ്ഞ് തന്റെ മുറിക്കുള്ളിൽ അവൾ ചുരുണ്ടുകൂടി.

ദിവസങ്ങൾ പിന്നെയും ഓടി മറഞ്ഞു. എന്നും പതിവ് വെള്ള താമരയുമായി അമ്പലനടക്കൽ അവൾ ചെല്ലും. പക്ഷെ വേദനകൾക്കിടയിലും മനസ്സ് ശൂന്യമായി നിൽക്കുന്നത് അവളിൽ അത്ഭുതമുണർത്തി. നാട്ടുകാർക്കെല്ലാം അവളുടെ അവസ്ഥയിൽ സഹതാപമായിരുന്നു… ഓടി ചാടി നടന്ന പാവം അമ്പലവാസി പെണ്ണിന്റെ മൂകത ആ ഗ്രാമത്തിലാകെ പടർന്നിരുന്നു. പക്ഷെ രാധ അതൊന്നും അറിഞ്ഞതെ ഇല്ല….! ശിശിരം വെടിഞ്ഞ് ഒരു വസന്തകാലത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു അവൾ. എത്രയും വേഗം അവിടെനിന്നും ഓടി പോകുവാൻ അവളുടെ മനസ്സ് കൊതിച്ചു. ചുറ്റിനും വരിഞ്ഞ് മുറുക്കുന്ന ഇരുണ്ട ഓർമ്മകളിൽ നിന്നും ഓടിയോളിക്കുവാൻ അതിയായി ആഗ്രഹിച്ചു.

ഇടക്കേപ്പോഴോ കണക്ക് തെറ്റിയ മാസമുറ അവളിൽ സംശയങ്ങളുണർത്തി. കിച്ചനറിയിക്കാതെ പ്രെഗ്നന്റ്സി കിറ്റ് വേടിച്ചു. അതിൽ തെളിഞ്ഞ രണ്ട് ചുവന്ന വരകൾ ജീവിതത്തിന്റെ താളം മാറ്റുന്നതവളറിഞ്ഞു. പ്രതീക്ഷയുടെ പുതുനാമ്പുകൾ അളവിലും മൊട്ടിട്ടു.

“എന്റെ കുഞ്ഞ്…! മാധവന്റെയും രാധികയുടെയും കുഞ്ഞ്”

ഉദരത്തിൽ പൂവിട്ട പോന്നോമനയെ ഓർത്ത് അവളിലെ മാതൃഹൃദയം സന്തോഷത്തിൽ ആർത്തുവിളിച്ചു. തൊട്ട് പിറകെ തന്റെ പ്രണയം, ഈ രാധികയുടെ മാത്രം മാധവൻ വരുന്നുണ്ടെന്ന വാർത്താക്കൂടെ കേട്ടതും മനസ്സ് നിറഞ്ഞവൾ കാത്തിരുന്നു. സമയത്തിന് പോലും അസൂയയാണെന്ന് തോന്നിയവൾക്ക്, അല്ലെങ്കിൽ എന്തിനാണ് നാഴികൾക്ക് ഇത്രമേൽ ദൈർഘ്യം?

രാവിലെ പതിവിലും നേരത്തെ അമ്പലത്തിലേക്ക് പുറപ്പെട്ടു. മനസ്സ് ശൂന്യമെങ്കിലും ഒരു കൈ ഉദരത്തിലും മറു കൈ താലിയിലും ചേർത്തവൾ കുഞ്ഞിക്കണ്ണന് നേരെ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു. ഒരു യാത്രപറച്ചിൽ എന്നോണം…! പതിവ് വെള്ള താമര നടക്കൽ വെച്ച് ഒന്നും ചിന്തിക്കാതെ ധൃതിയിൽ പാടത്തിനറ്റതെ ആ ഓടിട്ട വീട്ടിലേക്ക് നടന്നു. എത്രയും വേഗം തന്റെ പ്രാണനെ കാണണം എന്ന് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു.

“ആ കൈ ചേർത്ത് പിടിച്ച് പറയണം മാധവനും രാധികക്കും ഇടയിൽ പുതിയൊരു സന്തോഷം കൂടെ വരുന്നെന്ന്. വേഗം തന്നെ ഇവിടുന്ന് കൊണ്ടുപോകണമെന്ന്. ഇനിയും കാത്തിരിക്കാൻ വയ്യെന്ന്. ആ നെഞ്ചിൽ ചേർന്നിരുന്ന് സ്വപ്നങ്ങൾ നെയ്തെടുക്കണം….ആ സ്വപ്നങ്ങളിലൂടെ നമ്മുടെ പൊന്നോമനയെ ചേർത്ത് പിടിച്ച് കൈകോർത്ത് നടക്കണം….”

അടങ്ങാത്ത സന്തോഷത്തോടെ ആ വീട്ടു പടിക്കൽ എത്തിയപ്പോൾ കത്തിച്ച ചന്ദനതിരിയുടെ മണം നാസികയിൽ അരിച്ചു കയറി. ആളുകളൊക്കെ കൂടി നില്കുന്നുണ്ട്. കിച്ചേട്ടൻ കരുയുന്നുണ്ട്.

എന്താണ് നടക്കുന്നത്? മനുവേട്ടൻ എവിടെയാണ്? അകലങ്ങളിൽ നിന്നും തന്റെ കാലൊച്ച കേൾക്കുമ്പോൾ തന്നെ ഓടിവന്ന് ചേർത്ത് പിടിക്കേണ്ടതല്ലേ? മാധവന്റെ മാത്രം രാധികയെന്ന് ഈ കാതോട് ചേർന്ന് മൊഴിയേണ്ടതല്ലേ?എന്തിനാണ് എന്റെ ഹൃദയം ഇത്രമേൽ ഉച്ചത്തിൽ മിടിക്കുന്നത്? കാലുകൾ എന്തേ തളർന്ന് പോകുന്നത്..?

“വേണ്ട മോളെ… നീ പോകണ്ട… ഏട്ടൻ പറയുന്നത് കേൾക്ക്…!”

തന്നെ പിടിച്ചു മാറ്റാൻ വന്ന കിച്ചന്റെ കൈകളെ അവൾ അവഗണിച്ചു. ഉമ്മറത്തിണയിലേക്ക് കയറിയതും കണ്ടു വെള്ള പുതച്ച് ഉറക്കം പിടിച്ച ആ ക്രൂസൃതി കണ്ണുകളെ? ഞാൻ വന്നത് അറിഞ്ഞിലെ? എന്നെ എന്താ നോക്കാത്തെ? അവൾ പതിയെ നടന്ന് അവനരികിൽ ഇരുന്നു. ആ തലയിൽ മൃദുവായി തലോടി.

“മോളെ….”

കിച്ചൻ അവളുടെ തോളിൽ കൈ ചേർത്ത് വേദനയോടെ വിളിച്ചു.

“എന്നെ നോക്കാത്തതെന്താ കിച്ചേട്ടാ? നോക്കാൻ പറ. ഞാൻ വന്നിട്ടും ഉറങ്ങുന്നതെന്താ? എണീക്കാൻ പറ.”

വാടി തളർന്ന മുഖത്തോടെ അവൾ പറയുന്നത് കേട്ട് കിച്ചുവിന് തന്റെ ഹൃദയം തകരുന്ന പോലെ തോന്നി.

“ഇത്രയും ദിവസം ആരുമില്ലാതെ കാത്തിരിക്കുവായിരുന്നില്ലേ ഈ രാധ..! ഒരു രാത്രിയും എണ്ണിയെണ്ണി ഈ ദിവസത്തിനായല്ലേ കൊതിച്ചിരുന്നത്. എന്നിട്ടും എന്തേ ന്റെ വിളി കേൾക്കാത്തെ?”

അവന്റെ നെറുകിൽ തലോടിക്കൊണ്ട് തന്നെ അവൾ ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ടിരുന്നു.

“ഇല്ല മോളെ… അവൻ എഴുനേൽക്കില്ല… നമ്മളെ… നമ്മളെ വിട്ടിട്ട് പോയി മോളെ…. നമ്മളെയൊക്കെ വിട്ടിട്ട് ദൂരെക്ക് പോയി.”

“ആണോ…. മാനുവേട്ടൻ ന്നെ വിട്ടിട്ട് പോയോ? പറ…. പോയൊന്ന്…? പിന്നെ എന്തിനാ ഞാൻ കാത്തിരുന്നേ…. ആർക്ക് വേണ്ടിയാ? പറ്റിക്കുവായിരുന്നോ… പറ….. പറയാൻ. മോഹങ്ങൾ തന്ന് കിനാക്കൾ കാണിച്ച് ന്നെ പൊട്ടിയാക്കുവായിരുന്നോ?”

പൊട്ടി കരച്ചിലോടെ അവൾ ആ നെഞ്ചിലേക്ക് വീണു.

ഇല്ല……നിശബ്ദതയാണ്……തനിക്ക് പ്രിയപ്പെട്ട ഈ ഹൃദയതാളവും നേർത്ത്പോയിരിക്കുന്നു…. കൊടിയ നിശബ്ദത മാത്രം…..

“എന്റെ ഈശ്വരാ…. വയ്യാ…. സഹിക്കുന്നിലെനിക്ക്…. തിരിച്ചു വാ…. ന്നെകൂടെ കൊണ്ട് പോ….. നമ്മടെ വാവക്കിനി ആരാ….? ന്റെ കുഞ്ഞിനി ആരാ? തിരിച്ച് വാ മനുവേട്ടാ…. തനിച്ചാക്കല്ലേ ന്നെ… ആരുമില്ലെനിക്ക്….”

ആർത്തു വിളിച്ചവൾ പറയുന്നത് കേട്ടതും കൂടി നിന്നവരെല്ലാം ഞെട്ടി തരിച്ചു.

“മോളെ… എന്തൊക്കെയാ നീ…?”

“ന്റെ വാവ…. കിച്ചേട്ടാ…. ഇത് കണ്ടോ…. ഈ താലികേട്ടുമ്പോൾ ഒറ്റക്കാകില്ലെന്ന് പറഞ്ഞതാ. എപ്പോഴും നെഞ്ചോട് ചേർത്ത് നിർത്തിയേക്കാംന്ന് പറഞ്ഞതാ. ഇപ്പോ…. ന്നെയും ഞങ്ങടെ കുഞ്ഞിനേയും തനിച്ചാക്കി….! എണീക്ക്…..മാധവന്റെ മാത്രം രാധികയെന്ന് പറഞ്ഞ് പഠിപ്പിച്ചതൊക്കെ പാതിയിൽ തനിച്ചാക്കാനാണോ? ജീവിച്ചു തുടങ്ങിയില്ലല്ലോ മനുവേട്ടാ…. ഈ മുഖം കണ്ട് കൊതി തീർന്നില്ലലോ….. ന്തൊക്കെ കിനാക്കൾ കണ്ടു ഞാൻ..! ന്തൊക്കെ ആശിച്ച് കൂട്ടി…! താങ്ങിന്നുല്ലല്ലോ ദൈവങ്ങളെ….. ഇതൊന്നും ഈ പെണ്ണിന് താങ്ങുന്നില്ലല്ലോ…. മനുവേട്ടാ…. ഒന്നേനെ നോക്ക്… നമ്മടെ കുഞ്ഞിനെ ഒന്ന് തൊട്ട് നോക്കേട്ടാ…. ദാ ഇവിടെ… ഈ ഉദരത്തിൽ…. ഒന്നേനെ രാധേന്ന് വിളിക്കോ… മരിച്ചുപോവും ഞാൻ….”

കണ്ടു നിന്നവരെല്ലാം മുറുമുറുക്കാൻ തുടങ്ങി. കിച്ചന് ഹൃദയം തകരുന്ന വേദന.

“ഈശ്വരാ….എന്തിനീ പാവം പെണ്ണിനെ നീയിങ്ങനെ ശിക്ഷിച്ചു?”

കിച്ചൻ ആരോടെനില്ലാതെ മന്ത്രിച്ചു.

ഇന്നലെ രാത്രി തന്നെ അമ്മയെയും കൂട്ടി തന്റെ പെണ്ണിനെ കാണാൻ ഓടി പിടഞ്ഞ് പോന്നതാണ് മാധവൻ. രാത്രിയിൽ ഒരു ലോറിയുമായി കൂട്ടിയിടിച്ച് അമ്മ അപ്പോഴേ മരിച്ചു. ആശുപത്രിയിൽ എത്തും മുൻപ് മാധവനും. ആരൊക്കെയോ ചേർന്ന് തന്റെ പ്രാണനെ പട്ടടയിലേക്കെടുക്കുമ്പോൾ ഒരു ഭ്രാന്തിയായിമാറിയിരുന്നു അവൾ.

“ഈ പാവം അമ്പലവാസിക്കിനി ആരുണ്ട്? എന്തിനാ ന്നെ സ്നേഹിച്ചത്? പ്രണയിച്ചത്? ഒടുവിൽ ഉദരത്തിൽ ഈ മുദ്രണം ചാർത്തിയത്? ഒറ്റക്കാക്കി പോയി ല്ലാരും….ന്റെ കൃഷ്ണ ഇന്നേ വരെ ഒന്നും ഞാൻ ചോദിച്ചില്ലല്ലോ. ന്റെ… ന്റെ മനുവേട്ടനെ തന്നേക്കുവോ നീയെനിക്ക്? അത് മാത്രം മതി. എന്നും മുടങ്ങാതെ നിനക്ക് മുന്നിൽ വന്ന് നിൽക്കുന്നില്ലേ ഞാൻ…. എന്നും നീയെന്റെ വാക്കുകളെ വിലക്കിയിട്ടേ ഉളൂ…. ഇത് മാത്രം…. ഇത് മാത്രം മതിയെനിക്ക്.. തന്നേക്കുവോ എനിക്കെന്റെ പ്രണയത്തെ. കൊണ്ടുപോവല്ലേ…. ന്റെ ജീവനെ കൊണ്ടുപോവല്ലേ….. തനിച്ചാക്കല്ലേ ന്നെ….. “

കത്തിയമാരുന്ന തന്റെ മാധവന്റെ ശരീത്തിലേക്ക് ഓടി കയറാൻ ശ്രമിച്ച രാധയുടെ കവിളുകളിൽ ആഞ്ഞടിക്കുമ്പോൾ ഉരുകി ഒലിക്കുകയായിരുന്നു കിച്ചൻ….വാടികരിഞ്ഞൊരു താമര തണ്ട് കണക്കെ കിച്ചന്റെ കൈകളിലേക്കവൾ വീഴുമ്പോഴും ആ ചുണ്ടുകൾ ഒന്ന് മാത്രമേ മന്ത്രിച്ചുള്ളൂ

“മാധവന്റെ മാത്രം രാധിക….!”

(എട്ട് വർഷങ്ങൾക്ക് ശേഷം )

“എന്റെ തുമ്പി നിനക്ക് വേണ്ടിയല്ലേ ഞാൻ പ്രാർത്ഥിക്കുന്നത്… നിനക്ക് പറയാൻ ഉള്ളതൊക്കെ ഞാൻ പറയുന്നുണ്ടല്ലോ. പിന്നെന്താ?”

“നീ നിനക്ക് വേണ്ടത് മാത്രം പറഞ്ഞാമതി അമ്പാടി…. ഹും….. ഞാൻ പിണക്കവ ഈ കള്ളനോട്.”

കൈയിലെ വെള്ള താമര നടക്കൽ വെച്ച് കൈയും കെട്ടി മുഖം വീർപ്പിച്ച് നിൽപ്പാണ് തുമ്പി. ഇത് കെട്ടാണ് നമ്പൂര്യച്ഛൻ പൂജ കഴിഞ്ഞിറങ്ങിയത്.

“തുടങ്ങിയോ രണ്ടെണ്ണവും. എന്റെ തുമ്പി…. നിന്റെ അമ്മയും പണ്ടിത്പോലെയായിരുന്നു ഈ നടക്കൽ നിന്നത്. പക്ഷെ നിനക്ക് ഭാഗ്യമുണ്ട്, നിനക്ക് വേണ്ടത് കൂടി പലിശ സഹിതം കൂട്ടി വെടിക്കാൻ ഈ കുഞ്ഞി കള്ളൻ അമ്പാടിയെ കൂടെ തന്നിലെ.”

“എന്നാലും ഞാൻ പിണക്കവാ.”

അതും പറഞ്ഞ് തുമ്പി ചവിട്ടി തുള്ളി പുറത്തേക്കിറങ്ങി. പിന്നാലെ ചിരിച്ചുകൊണ്ട് അമ്പാടിയും. പുറത്ത് തങ്ങളെ നോക്കി പുഞ്ചിരിക്കുന്ന കിച്ചനെ കണ്ട് തുമ്പി ഓടിച്ചെന്ന് കെട്ടി പിടിച്ചു.

“ആരിത്… മാമന്റെ തുമ്പി മോളോ? അമ്പാടി എന്ത്യേ?”

“ഞാനിവിടുണ്ടല്ലോ….”

പിന്നിൽ നിന്നും അമ്പാടിയും ഓടി വന്നു.

“ഞങ്ങൾക്ക് ഒന്നും കൊണ്ട് വന്നില്ലേ മാമ?”

“പിന്നെ കൊണ്ട് വരാതെ…. ഒത്തിരി കൊണ്ടു വന്നിട്ടുണ്ട്… മക്കൾ അമ്മയെയും കൂട്ടി വായോ…. ഇന്ന് മാമന്റെ വീട്ടിൽ കൂടാം. വാവ നിങ്ങളെ കാത്തിരിക്കുവായിരുന്നില്ലേ….”

“ആണോ? എന്നാലെ, അമ്മയേയും കൂട്ടി വേഗം വന്നേക്കാം….”

രണ്ട് പേരും ചിരിയോടെ തലയാട്ടി കുളപുരയിലേക്ക് നടന്നു. അവർ പോയ വഴിയേ നോക്കി കിച്ചൻ നിറഞ്ഞ കണ്ണുകൾ തുടച്ചു.

“അമ്മേ….”

കുളപടവിൽ തിരിഞ്ഞിരിക്കുന്ന രാധികയെ രണ്ട് പേരും പിന്നിൽ നിന്നും ഇറുകെ പുണർന്നു.

“അമ്മേ…. മാമൻ വന്നിട്ടുണ്ട്. നമ്മളോട് വീട്ടിലേക്ക് ചെല്ലാൻ. ഇന്ന് മാമന്റെ വാവയുടെ പിറന്നാൾ അല്ലെ. പോകാം?”

“കുറച്ചൂടെ കഴിഞ്ഞ പോകാം മക്കളെ.”

രണ്ടുപേരുടെയും തലയിൽ തലോടിയവൾ പറഞ്ഞു.

“അമ്മേ, ഇനിയെങ്കിലും അമ്പലത്തിലോട്ട് വന്നൂടെ? പാവം അല്ലെ നമ്മടെ കുഞ്ഞി കൃഷ്ണൻ “

അമ്പാടി കൊഞ്ചലോടെ ചോദിച്ചു.

“ഓഹ് പിന്നെ…. കള്ളന… പേരും കള്ളൻ”

തുമ്പി കേറുവെച്ചുകൊണ്ട് പറഞ്ഞു. അത് കണ്ട് രാധ ഒന്ന് പുഞ്ചിരിച്ചു.

“അതിനകത്ത് അമ്മക്കാരും ഇല്ല മക്കളെ. അമ്മേടെ കൃഷ്ണൻ ഈ കുളപടവിലാണ്. എന്നെയും കാത്ത് ഇവിടെയുണ്ട്. എന്റെ ജീവൻ.! എന്നെ കാണാതായാൽ ഉള്ള് പിടയുന്നൊരു ആത്മാവ്.”

ഒരു പുഞ്ചിരിയോടെ അവൾ അവരോട് പറഞ്ഞു. രണ്ട് പേരും അത് കേട്ടതും ഒന്നും മനസ്സിലാവാതെ കളിക്കാൻ തുടങ്ങി.

ദ്രൗപതിയും അച്യുതനും..! തന്റെ തുമ്പിയും അമ്പാടിയും..! അമ്പാടിക്ക് മാധവന്റെ ആ കുസൃതി കണ്ണുകളാണ്. തുമ്പിക്ക് ആ നുണക്കുഴികളും. അവരെ കാണെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.

“ന്തിനാ ഞങ്ങളെ തനിച്ചാക്കി പോയെ മനുവേട്ടാ..?”

വിതുമ്പുന്ന ചുണ്ടുകളെ അവൾ കൂട്ടി പിടിച്ചു.

കാലം എത്ര വേഗത്തിലാണ് കൊഴിഞ്ഞു പോകുന്നത്? ഋതുക്കൾ മറന്ന മരുഭൂമിയിലെ ചാറ്റൽ മഴയാണ് ഇന്ന് തന്റെ ഈ പോന്നോമനകൾ…. അവർക്ക് വേണ്ടിയാണ് എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നതും. പണ്ട് കേട്ട് പഠിച്ച കഥകളിലെ അതെ രാധ തന്നെയല്ലേ ഞാനും ഇന്ന്…. പ്രണയവും വിരഹവും ഒരു ത്രാസിൽ അളന്നാൽ വിരഹത്തിന്റെ തട്ട് തന്നെ താണിരിക്കും. തന്നെ പോലെയൊരു വിരഹിണി.

ആരൊക്കെയോ പറഞ്ഞു കേട്ടു രാധയെ കൊണ്ടുപോകാൻ നോക്കിയതിന് കോവിലിലെ കൃഷ്ണൻ നൽകിയ ശിക്ഷയാണ് മനുവേട്ടന്റെ മരണം എന്ന്. അന്ന് തൊട്ട് ആ നടക്കൽ ചെന്നിട്ടില്ല ഞാൻ. എങ്കിലും തനിക്കായി മാത്രം വിരിയുന്ന വെള്ള താമര മക്കളുടെ കൈയിൽ മുടക്കാതെ കൊടുത്ത് വിടും.

എനിക്കറിയാം എന്നെ തനിച്ചാകാതിരിക്കാൻ ആണ് നീ രണ്ട് കുസൃതി കുടുക്കളെ തന്നിട്ട് പോയതെന്ന്.എങ്കിലും ഓർമ്മകൾ കുത്തി നോവിപ്പിക്കുണ്ട്…. അവിടെ രക്തം ചൊരിയുന്നുണ്ട്…. മരുന്നിലാതെ അവ വൃണപെടുന്നുണ്ട്. ഞാൻ അനുഭവിക്കുന്ന ഏകാന്തതക്ക് പോലും ഇന്ന് മാധവന്റെ ഗന്ധമാണ്. ഓർമ്മകളിൽ വേന്തുരുകി…..വേർപാടിൽ ശ്വാസം മുട്ടി….വിരഹത്തിൽ നോന്ത് പിടയുകയാണ് മനസ്സ്. എങ്കിലും ഞാൻ ജീവിക്കും. നമ്മുടെ പ്രണയമല്ലേ ഈ പോന്നോമനകൾ. അവരെ ഞാൻ തനിച്ചാക്കില്ല. നിനക്ക് വേണ്ടി. നമ്മുടെ പ്രണയത്തിന് വേണ്ടി…!

“അമ്മേ….”

അമ്പാടിയുടെ ശബ്‌ദമാണ് അവളെ ഉണർത്തിയത്. കുളത്തിലെ ചുമരിലേക്ക് പടർന്ന പായൽ കല്ലുകൊണ്ട് ഉരച്ച് നീക്കി അവൻ കൈകൾ നീട്ടി. രാധ സംശയത്തോടെ അവിടെ ചെന്ന് നോക്കിയതും കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“മാധവന്റെ മാത്രം രാധിക…!”

ചുമരിൽ കോറിയിട്ട അക്ഷരങ്ങളിൽ അവൾ കൈചേർത്തു. വിതുമ്പുന്ന ചുണ്ടുകളെ അടക്കി പിടിച്ച് കണ്ണുകൾ ഇറുക്കിയടച്ചു. തഴുകി തലോടിയ കാറ്റിൽ അവളറിഞ്ഞിരുന്നു തന്റെ ഹൃദയം കവർന്നവന്റെ ഗന്ധം.

ഇന്നും അവനീ കുളപടവിൽ ഇരിപ്പുണ്ട്. എന്നും…. ഓരോ നിമിഷവും… തനിക്കായി… തന്നെയും കാത്ത്… ആ കുസൃതി ചിരിയോടെ…

ദൂരെ നിന്നും കിച്ചന്റെ ശബ്‌ദം കേട്ടതും മക്കളെയും കൂട്ടിയവൾ പടികൾ കയറി. മുകളിൽ എത്തനായതും എന്തിനോ അവളൊന്ന് തിരിഞ്ഞ് നോക്കി.

അതെ കുസൃതി നിറഞ്ഞ കണ്ണുകൾ. ആരെയും മയക്കുന്ന നുണക്കുഴി കവിളുകൾ. ചുണ്ടിൽ തന്നിക്കായി മാത്രം മോട്ടിട്ട പ്രണയം തുളുമ്പുന്ന പുഞ്ചിരി. മൗനത്തോടെ തന്നിലേക്കവൻ പ്രണയം ചൊരിയുകയാല്ലേ ഇന്നും..! ആത്മക്കൾ തൊട്ടറിഞ്ഞ ഭാഷയിൽ തന്നെ ചേർത്ത് നിർത്തുമേന്ന വാഗ്ദാനം നൽകുകയല്ലേ..! കൈകൾ മാറിൽ പിണച്ചുകെട്ടി അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു..! പതിയെ ഒരു പുകയായി വായുവിലെങ്ങോ ലയിച്ചു ചേർന്നു. അപ്പോഴും ഒരു നേർത്ത ചിരിയോടെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുകൊണ്ടിരുന്നു.

“മാധവന്റെ മാത്രം രാധിക..!?”

അവസാനിച്ചു