ധൈര്യവതിയൊക്കെ ആണെങ്കിലും വയറധികം വലുപ്പം വെക്കാത്തത് എന്നെ ചിന്താവിഷ്ടയാക്കി…

ഒരമ്മയുടെ രോദനം…

Written by Aswathy Joy Arakkal

:::::::::::::::::::::::::::::::::::

പ്രഗ്നൻസി ഏഴാംമാസം ആയതോടെ ജോലിക്ക് പോക്കും നിർത്തിച്ചു ചടങ്ങുപോലെ അപ്പനും അമ്മയും കുടുംബക്കാരും കൂടെ ഒരു ലോറിക്കുള്ള പലഹാരങ്ങളുമായി വന്നു കെട്ടിപ്പെറുക്കി എന്നെ സ്വന്തം വീട്ടിലേക്കാനയിച്ചു.. ഷുഗറു പിടിച്ചു മധുരം കാണുന്നതേ നിഷിദ്ധം എന്ന രീതിയിൽ നിൽക്കുന്ന അമ്മായപ്പനും, അമ്മായമ്മയും ദയനീയ ഭാവത്തിൽ എന്നെയും പലഹാരങ്ങളെയും മാറി മാറി നോക്കി… പിന്നെ നാട്ടാർക്കും, കുടുംബക്കാർക്കും കൊടുത്തു അഡ്ജസ്റ്റ് ചെയ്യാം എന്ന ഭാവത്തിൽ ഒന്നു ദീർഘമായി നിശ്വസിച്ചു.

ഇതെന്തു പ്രഹസനമാണ് അമ്മച്ചി എന്ന രീതിയിൽ പെറ്റമ്മയെ നോക്കിയപ്പോൾ എന്റെ മനസ്സിലിരിപ്പ് മനസ്സിലാക്കിയ പോലെ “ഇതൊക്കെ ചടങ്ങാ.. ഇല്ലെങ്കിൽ നാട്ടുകാര് അതുമിതും പറയും ” എന്നു പറഞ്ഞു കൊണ്ടെന്റെ വായടപ്പിച്ചു എന്റെ പൊന്നമ്മച്ചി …എല്ലായിടത്തും നാട്ടാര് പറയുന്നതാണല്ലോ പ്രശ്നം.. കെട്ടിയോൻ പട്ടാളം നാട്ടിലില്ലാത്തതു കൊണ്ട് കരഞ്ഞു പിഴിഞ്ഞ് അലമ്പാക്കാതെ സന്തോഷത്തോടെ തുള്ളിച്ചാടി ഞാൻ സ്വഗൃഹത്തിലേക്കു പുറപ്പെട്ടു.. പഞ്ചിനു പറഞ്ഞൂന്നേയുള്ളു മിക്കപ്പോഴും ഓരോ ഉഡായിപ്പും പറഞ്ഞു അവിടെ തന്നെയാണ്…

വീട്ടിലെത്തി… എന്റെ പൊന്നോ… സന്ദർശകരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു… ഏഴുമാസം ഗർഭിണി ആണെന്ന് പറഞ്ഞിട്ടും അതിനൊത്ത് വയറിനു വലിപ്പമില്ലെന്നു ഒരു കൂട്ടർ… ഉണ്ടായിരുന്ന വണ്ണം കൂടെ പോയെന്നല്ലാതെ ഒട്ടും നന്നായില്ലല്ലോ എന്നു മറ്റൊരു കൂട്ടർ… ഉള്ള നെറോം കൂടെ പോയി മുഖത്തൊക്കെ പാടുമായി കോലം കേട്ടെന്നു വേറൊരു വിഭാഗം. ഇങ്ങനെയായാൽ കുഞ്ഞിന് തൂക്കം തീരെ കാണത്തില്ല, നിനക്ക് പാല് ഉണ്ടാകത്തില്ല… സന്ദർശക വൈദ്യന്മാർ അഭിപ്രായം പറഞ്ഞു തകർത്തു..

അതെ സമയം തന്നെ എരിതീയിൽ എണ്ണ ഒഴിക്കാനെന്ന പോലെ അയൽവക്കത്തെ സുന്ദരിക്കോത രമ്യയും പ്രസവത്തിനെത്തി. ഒപ്പം പഠിച്ചതാണെങ്കിലും അവളെയെനിക്ക് കണ്ണിനു കണ്ട് കൂടാ… കാരണം വേറൊന്നുവല്ല അവളുടെ പണ്ടാര സൗന്ദര്യത്തോടുള്ള കുശുമ്പ് തന്നെ. പിന്നെ അവള് മൊത്തത്തിൽ അടങ്ങിയൊതുങ്ങി പക്കാ ഒരു എന്നാ പറയാനാ “നല്ല മോള് ” അങ്ങനൊക്കെ പറയത്തില്ലേ അതുപോലൊരു മൊതല്… ഞാനാണെങ്കിലോ വീട്ടുകാരെ പറയിപ്പിക്കാൻ എന്ന രീതിയിൽ നടക്കുന്ന ഐറ്റം… പ്രേമിച്ചു കെട്ടിയതോടെ തീർന്നു. മനുഷ്യൻ ചന്ദ്രനിൽ പോയി ചായക്കട ഇട്ടാലും പ്രേമം ഇപ്പോഴും ഒരു വൻ അപരാധം ആണല്ലോ. പിന്നെ കെട്ട്യോനെ പേര് വിളിക്കുന്നു, തന്നിഷ്ടത്തിനു നടക്കുന്നു… ചേട്ടാനെങ്ങാനും വിളിച്ചാ ഞാനെന്തോ വേണ്ടാതീനം പറഞ്ഞപോലെ അങ്ങോരു ദഹിപ്പിക്കുന്നൊരു നോട്ടവുണ്ട് അതൊന്നും ഏഷണികൂട്ടത്തിനു അറിയില്ലല്ലോ..

ഒള്ള മനുഷ്യകോലം കൂടെ പോയി പാടത്തു വെക്കാൻ പറ്റിയ കോലം കണക്കെ ഞാനിരിക്കുമ്പോ….രാവിലെ എണിറ്റു മഞ്ഞളൊക്കെ തേച്ചു കുളികഴിഞ്ഞു മുടിയൊക്കെ അഴിച്ചിട്ടു വയറു വെയില് കൊള്ളിക്കാനൊരു ഇരുപ്പുണ്ടവള്… രാവിലെ ഉറക്കം എണിറ്റു മൊബൈലുമായി ഉമ്മറത്ത് വന്നിരിക്കുമ്പോ ഉള്ള സ്ഥിരം കാഴ്ച… ഈ വൃത്തികെട്ടവൾക്കു പിന്നാമ്പുറത്തെങ്ങാനും പോയിരുന്നു കൂടെ എന്നു മനസ്സിൽ പ്രാകി അവളെ നോക്കിയൊരു ചിരിയും ചിരിച്ചു അമ്മച്ചി കട്ടനെടുത്തോ എന്നു പറഞ്ഞു ചെല്ലുമ്പോ അമ്മച്ചി സാരോപദേശം തുടങ്ങും.. അവളെ കണ്ടുപടി.. അവളെങ്ങനെ. അവളിങ്ങനെ… എന്നെ ഇതൊക്കെ കേൾപ്പിക്കാൻ എനിക്കൊപ്പം തന്നെ ഗർഭിണി ആയ അവളെ ഞാനെത്ര ചീത്ത വിളിച്ചട്ടുണ്ട് എന്നറിയോ… മനസ്സിൽ…

അങ്ങനെ എത്ര മറിച്ചും തിരിച്ചും നോക്കിയാലും എല്ലാംകൊണ്ടും അവളൊരു ഒന്നാന്തരം ഗർഭിണി… ഞാനോ തനി പേക്കോലം.. എങ്ങനെ നന്നാകും എന്നെക്കാളും മോശമായ കൈയിലിരിപ്പുള്ള ഒന്നല്ലേ വയറ്റിൽ കിടക്കുന്നതു… ആർത്തിമൂത്ത് കണ്ണിൽ കണ്ടതൊക്കെ വലിച്ചുവാരി തിന്നുവെങ്കിലും അതു വയറ്റിയിലേക്കു എത്തുന്നേന് മുന്നേ തിരിച്ചെത്തും… ആകെ വയറ്റിൽ കിടക്കുന്ന ചെറുതിനിഷ്ടം കരിക്കിൻ വെള്ളം മാത്രം.. അതോണ്ട് തന്നെ തേങ്ങയിടുന്ന രാമേട്ടന് കുറേകാലം ശമ്പളം കൊടുത്തത് എന്റെ അപ്പനായിരുന്നു.. കരിക്കിട്ടു ഇട്ടു തെങ്ങിൽ മച്ചിങ്ങ മാത്രവായി, തെങ്ങു രാമേട്ടന്റെ പിതാശ്രീക്ക് വിളിക്കാൻ തുടങ്ങിയതോടെ അതും നിർത്തി.. എങ്കിലും എവിടുന്നേലുവൊക്കെ അപ്പൻ കരിക്കെത്തിക്കും… എനിക്കൊരു ഡോഗിയുടെ വിലപോലും ഇല്ലെങ്കിലും എന്റെ വയറ്റിയിലുള്ളത് കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി അല്ലേ.. ആ സ്നേഹം…

പിന്നെ എന്തു പറഞ്ഞാലും കെട്ടിയോൻ ഒപ്പമില്ലാത്ത പേര് പറഞ്ഞൊരു ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ് കം കരച്ചിൽ പ്രകടനവും.. എല്ലാവരും ഫ്ലാറ്റ്..നമ്മളോടാ കളി..

അപ്പൊ എവിടെയാ പറഞ്ഞു നിർത്തിയെ.. ആ.. ലവള് വന്നതോടെ അയൽവക്കത്തെ മഹിളാരത്നങ്ങൾ എന്നെയും അവളെയും ഡീറ്റൈലായി കമ്പയർ ചെയ്തു അഭിപ്രായം പറച്ചിൽ തുടങ്ങി…അവളെ കെട്ട്യോനും വീട്ടുകാരും പൊന്നുപോലെ നോക്കുന്നു, ലവൻ കുങ്കുമപ്പൂ വാങ്ങിച്ചു പാലിൽ ചേർത്തു ലവൾക്കു കൊടുക്കുന്നു…കുഞ്ഞിന് നിറം വെക്കാൻ ആണ് പോലും, അത്രയും ദൂരെ നിന്ന് (ദൂരന്നു പറയണത് 15km )അവൻ അവളെ കാണാൻ ഇടയ്ക്കിടെ വരുന്നു… അങ്ങനെ അവർക്കില്ലാത്ത വിശേഷണങ്ങൾ ഇല്ല. ഇടയ്ക്കിടെ എന്നെനോക്കി തോന്നിവാസം നടന്നാൽ ഇതൊക്കെ സാധിക്കുമോ എന്നൊരു മുനവെച്ച വർത്തമാനവും .. പ്രേമിച്ചുകെട്ടി അയിനാണ്… കുങ്കമപ്പൂ കുടിച്ചാൽ കൊച്ചു വെളുക്കും എന്നു കേട്ടപ്പോൾ ഞാൻ നേടിയ ജനറ്റിക്സിലെ ഡിഗ്രികൾ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു… പിന്നെ ഈ മൊതലുകളോടൊന്നും പറഞ്ഞിട്ട് കാര്യവില്ലാത്തതു കൊണ്ട് ഞാനടങ്ങി… ഒപ്പം കശ്മീരിൽ നിന്ന് കെട്ട്യോനും, ഗൾഫിൽ നിന്നും ആങ്ങളയും കൊടുത്തുവിട്ട ഇതുവരെ തുറന്നുപോലും നോക്കാത്ത കുങ്കുമപ്പൂ ടപ്പകൾ ഷെൽഫിലിരുന്ന് എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു… അതുപോലെ 15 km അപ്പുറത്തു നിന്നും അവളുടെ കെട്ടിയോൻ വരുന്നപോലെ പത്തു 3500 km അപ്പുറത്ത് നിന്നു എന്റെ കെട്ട്യോന് ഡെയിലി വന്നു പോകാൻ സാധിക്കില്ലെന്നു ഈ മറുതകളോട് ഒന്നു പറഞ്ഞു മനസ്സിലാക്കാൻ ആരുമില്ലേ എന്റെ കർത്താവെ എന്ന രോധനവും എന്റെ തൊണ്ടയിൽ ഉടക്കി നിന്നു…

അവള് ചീര കഴിക്കുന്നു, മുരിങ്ങയില കഴിക്കുന്നു… അങ്ങനെ അനക്കം പോലും മഹിളാമണികൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്… ഓരോന്നൊക്കെ കേൾക്കുമ്പോൾ എനിക്കെന്തോക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നുള്ള പേടി അമ്മച്ചിയുടെ കണ്ണിലും തെളിയാറുണ്ട്.

ധൈര്യവതിയൊക്കെ ആണെങ്കിലും വയറധികം വലുപ്പം വെക്കാത്തത് എന്നെ ചിന്താവിഷ്ടയാക്കി.. ഡോക്ടറോട് ചോദിച്ചപ്പോൾ വയറൊക്കെ ഫ്ലൂയിഡ് ലെവൽ കൂടെ നോക്കിയാണ് വലുതാകുന്നത് … പിന്നെ എനിക്ക് തോട്ടിപോലെ പൊക്കം അല്ലേ അതാ വയറു തോന്നിക്കാത്തത് എന്നു പറഞ്ഞു ഡോക്ടർ സമാധാനിപ്പിച്ചെങ്കിലും ഏഴുമാസം ഗർഭിണി ആയിരുന്നു സമയത്ത് ജോലിക്ക് ബസിൽ പോയപ്പോഴുണ്ടായ ഒരു അനുഭവം..അനുഭവം അല്ല അപമാനം… എന്റെ മനസ്സിൽ മായാതെ കിടന്നു…

കൊച്ചുമായി ബസിൽ കയറിയ ചേച്ചിക്കു ഒന്നു ഒതുങ്ങി ഇരുന്നു ഞാൻ സ്ഥലം കൊടുത്തപ്പോൾ “ഒന്നു എണിറ്റു കൊടുത്തൂടെ “എന്നു കണ്ടക്ടർ എന്നോട് .. ഞാൻ ഗർഭിണിയാടോ മനുഷ്യാ എന്നു ഞാനും… ഞാൻ പറഞ്ഞതൊട്ടും വിശ്വാസമില്ലാത്തപോലെ എന്നെ തുറുപ്പിച്ചു നോക്കി അയാൾ അയാളുടെ പാട്ടിനു പോയി .. അതീപ്പിന്നെ ഗർഭിണി ആയിട്ടും അതു തോന്നിക്കാൻ സീരിയലിലൊക്കെ കാണാറുള്ള പോലെ വയറിൽ വല്ലതും വെച്ചു കെട്ടിയാലോ എന്നു വരെ ഞാൻ ചിന്തിച്ചിട്ടുണ്ട് സൂർത്തുക്കളെ.. ശോകം തന്നെ …

അങ്ങനെ യാതൊരു വിലയും കിട്ടാതെ ഗർഭകാലം കടന്നു പോകുന്നതിനിടയിലാണ് കൂനിന്മേൽ കുരു എന്നപോലെ അതു സംഭവിച്ചതു…

മ്മടെ തൃശ്ശർപൂരം കൊടിയേറിയ സമയം… പൂരപ്പറമ്പിലെ എക്സിബിഷൻ തൃശ്ശൂർക്കാരുടെ ചാകരയാണല്ലോ … അയൽവക്കത്തെ കുടുംബശ്രീകളൊക്കെ കൂടി അവിടെ പോകാൻ പ്ലാൻ ഇടുന്നു .. ഒഴിഞ്ഞുമാറാൻ നോക്കിയിട്ടും അവസാനം എനിക്കും പോകേണ്ടി വന്നു.. ന്റെ ശത്രു ലവൾ രമ്യയുമുണ്ട് ..അങ്ങനെ എല്ലാവരും കൂടെ ജാഥയായി പോകുന്നു… നടക്കുന്നു… സാധനങ്ങളൊക്കെ കണ്ട് വാരിവലിച്ചിട്ടു വാങ്ങാതെ അവരുടെ പ്രാക്കും കേട്ടു വീണ്ടും മുന്നോട്ടു തന്നെ ..

അതിനിടയിലാണ് എല്ലാവരുടെയും ശ്രദ്ധ ഒരു സ്ഥലത്തേക്ക് പതിയുന്നത്…മറ്റൊന്നുവല്ല നമ്മുടെ സോനാ സ്ലിം ബെൽറ്റ്‌… വണ്ണം കുറയുന്നു കേട്ടാ ബഹിരാകാശത്തേക്ക് വരെ മ്മള് പോകുവല്ലോ.

എല്ലാവരും കൂടെ കൂട്ടത്തോടെ അവിടേക്കു ചെന്നതും കടക്കാരൻ ഒരു കസേരയെടുത്തു രമ്യക്ക് കൊടുത്തു അവളെ അതിലിരുത്തുന്നു… കുറെ പെണ്ണുങ്ങളുണ്ടല്ലോ… അപ്പൊ സ്വാഭാവികമായും സമയം കുറേയെടുക്കും. ഗർഭിണി നിന്നു വിഷമിക്കണ്ടല്ലോ എന്ന അയാളുടെ ഉദ്ദേശശുദ്ധി ഞാൻ മനസ്സിലാക്കുന്നു… അപ്പൊ ഞാനോ… എന്റെ ഗർഭത്തിനു വിലയില്ലേ കടക്കാരാ…. എന്ന ചോദ്യം എന്റെ തൊണ്ടയിൽ കിടന്നു കുരുങ്ങി ശ്വാസം മുട്ടി….

അയാള് തന്നില്ലെങ്കിലും അവിടെ അപ്പുറത്ത് കിടന്ന കസേരക്കരുകിലേക്കു പോകാൻ തുടങ്ങിയ എന്നെ അയാൾ വിളിച്ചു.. കസേരയിട്ട് ഇരുത്തും എന്നു കരുതി ചെന്ന എന്നെ അയാള് ഇരുത്തുക തന്നെ ചെയ്തു..

ഞാൻ അവിടേക്കു ചെന്നതും ലവനെന്നെ കളിയാക്കിയതാണോ, അബദ്ധം പറ്റിയതാണോയെന്നു എനിക്കിപ്പോഴും ഉറപ്പില്ല … ലവൻ പറയുകയാണ് …

“കുട്ടിക്ക് ഈ ബെൽറ്റ്‌ അത്യാവശ്യമാണ് … വണ്ണം അധികം ഇല്ലെങ്കിലും കണ്ടില്ലേ വയറിങ്ങനെ തള്ളി നിൽക്കുന്നത്… ബെൽറ്റ്‌ ഒരുമാസം ഇട്ടാമതി ഇതൊക്കെ കുറഞ്ഞു നല്ല ഷേപ്പ് ആയികിട്ടും വയറെന്ന് . “

ഒരു രണ്ടുമൂന്നു മിനിറ്റ് മിണ്ടാതിരുന്ന ശേഷം “അതങ്ങനെയൊന്നും പോകുന്ന വയറല്ല ചേട്ടോ” എന്നു പറഞ്ഞവടെ എല്ലാരൂടെ കൂട്ടച്ചിരി മുഴങ്ങി..

അപമാനിതയായി എങ്കിലും എനിക്കും ചിരി അടക്കാനായില്ല ..എല്ലാം കേട്ടപ്പോൾ എന്റെ കെട്ടിയോൻ പട്ടാളം തലതല്ലി ചിരിക്കുന്നു…

അങ്ങനെ സോനാ സ്ലിം ബെൽറ്റു വരെ പണി തന്ന ഒരു ഗർഫിണിയുടെ… ഒരമ്മയുടെ രോദനം… നിങ്ങൾക്കൂഹിക്കാൻ പോലും സാധിക്കില്ല സൂർത്തുക്കളെ… അതുകണ്ട് പിടിച്ചവനെയൊക്കെ അന്നു എന്റെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ഉണ്ടല്ലോ…

ഇനിയെത്ര കിട്ടാനിരിക്കുന്നു.. അതുകൊണ്ട് തളരരുത് രാമൻകുട്ടി എന്നു എന്റെ മനസ്സിലിരുന്നാരോ പറഞ്ഞു…

മോങ്ങാനിരുന്ന ഡോഗിന്റെ തലയിൽ കോക്കനട്ട് വീണു എന്നു പറഞ്ഞപോലെ മഹിളാമണികൾക്കു പറയാൻ വീണ്ടുമൊരു കഥ..

അങ്ങനെ നൂറായിരം കഥകളുമായി ദിവസങ്ങൾ മുന്നോട്ടു പോയി.. ഞാനും ലവളും ഒരാഴ്ച വ്യത്യാസത്തിൽ പ്രസവിച്ചു… ദൈവാനുഗ്രഹത്താൽ കുഞ്ഞിന് മൂന്നര കിലോ വെയിറ്റും , കുങ്കുമപ്പൂ കഴിച്ചില്ലേലും നെറോം ഹെൽത്തി ബേബി ആയിരുന്നു… ബോയ് ആയിരുന്നു കേട്ടോ …

എല്ലാം കഴിഞ്ഞു ഡിസ്ചാർജ് ആയി വീട്ടിലെത്തി.. വീണ്ടും സന്ദർശകർ..

മൊതലുകള് പ്ലേറ്റ് നേരെ തിരിച്ചു… ഓഹ്.. അവളുടെ രൂപോം ഭാവോം കണ്ടപ്പോ ഞങ്ങള് വിചാരിച്ചു അവളുടെ കുഞ്ഞിന് 5kg തൂക്കം ഉണ്ടാകുന്നു.. കഴിച്ചതൊക്കെ അവളുടെ ദേഹത്താ പിടിച്ചേ… എലികുഞ്ഞുപോലെ ഇരിക്കുന്നു കുഞ്ഞു ..(രമ്യയെയാണ് )…അന്നക്കൊച്ചിനെ (എന്നെ ) കണ്ടില്ലേ ശെരിക്കു അമ്മമാര് ക്ഷീണിച്ചിരിക്കണം, എന്നാലേ കുഞ്ഞു നന്നാകു… ഇത്രനാളും നേരെ തിരിച്ചു പറഞ്ഞിരുന്ന മുതലുകൾ ഒരു ഉളുപ്പുമില്ലാതെ മാറ്റി പറഞ്ഞു.

ഇങ്ങനല്ലല്ലോ മുന്ന് പറഞ്ഞിരുതെന്നു ചോദിക്കാനാഞ്ഞ എന്നെ അമ്മച്ചി തടഞ്ഞു…

പിന്നെ അവൾക്കു പെണ്ണാ… ആദ്യത്തേതില് തന്നെ ആണ് കിട്ടാനും വേണം യോഗം..അന്നക്കൊച്ചിനിനി ടെൻഷൻ അടിക്കണ്ടല്ലോ എന്നു പറഞ്ഞപ്പോ എനിക്ക് പ്രതികരിക്കാതിരിക്കാനായില്ല…. എന്നിലെ സ്ത്രീയെന്നെ പ്രതികരിക്കാതിരിക്കാൻ സമ്മതിച്ചില്ല…

“ആണായാലും, പെണ്ണായാലും ആരോഗ്യള്ള കുഞ്ഞു പോരെ.. ഈ പറയുന്ന നമ്മളും പെണ്ണുങ്ങളല്ലേ “എന്നു ചോയ്ച്ചപ്പോ അതത്ര പിടിക്കാത്ത പോലെ ചിരിച്ചു കാണിച്ചു കൊണ്ട് അവരിറങ്ങി… പുറത്തിറങ്ങി എന്റെ കുറ്റം പറയാൻ ആണെന്ന് നൂറുതരം.

അവരിറങ്ങിയതും “നിനക്കെന്നാത്തിന്റെ കേടാ പെണ്ണെ… അവരെന്നതേലും പറഞ്ഞേച്ചു പോകില്ലായിരുന്നോന്നു” ചോദിച്ചു അമ്മച്ചി കെർവിച്ചു..

അതും കേട്ടാണ് അപ്പൻ രംഗപ്രവേശം ചെയ്തത്.

“നീയൊന്നു മിണ്ടാതിരി സിസിലികുട്ടി… രാവിലെ ഇറങ്ങിക്കോളും ഓരോന്ന് എവിടെക്കേറി കുത്തിത്തിരുപ്പുണ്ടാക്കണം, ആരുടെ സമാധാനം കളയണം എന്നാലോചിച്ചോണ്ടു.. പാഷാണങ്ങള്… ഇവിടുന്നു ഇറങ്ങി അപ്പുറത്ത് കേറി ഇപ്പൊ അവരുടെ സമാധാനം കളയുന്നുണ്ടാകും… “

“ഇവളുമാരുടെ വാക്കുകേട്ട് അന്നക്കൊച്ചു പ്രസവിക്കണവരെ നീ കടന്നു ഉരുകിയതെത്രയാന്നു എനിക്കറിയാം .. “

“നീ പറഞ്ഞത് കുറഞ്ഞു പോയെങ്കിലേ ഒള്ളു കൊച്ചേയെന്നും ” പറഞ്ഞു അപ്പൻ എന്റൊപ്പം കട്ടക്ക് നിന്നു.

“നിങ്ങളാ ഇവളെ ഇങ്ങനെ നശിപ്പിക്കുന്നേന്നും ” പറഞ്ഞു ചവിട്ടി കുത്തി അമ്മച്ചി tv യുടെ മുന്നിലേക്ക്‌ പോയി..

ഞാൻ നാശവായി എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസങ്ങൾ ഒന്നുമില്ലാത്തതുകൊണ്ടു പിന്നെ പ്രശ്നവില്ല

എന്നെയൊന്നു കണ്ണിറുക്കി കാണിച്ചു അപ്പനും പിറകെ ഞാനും മോനുമായി tv കാണാനെത്തി..

Tv ഓൺ ആക്കിയതും ദാ നിൽക്കുന്നു വനമാലകൾ.. സിക്സ്‌പാക്കിൽ സോനാ സ്ലിംബെൽറ്റും കെട്ടി ഹിന്ദിവാല ചേട്ടനും ചേച്ചിയും ..

മുഖം വീർപ്പിക്കലൊക്കെ മറന്നു എല്ലാവരും ചിരിച്ചപ്പോൾ അതോടൊപ്പം മോണകാട്ടി എന്റെ കുരുട്ടടക്കയും ഒരു ചിരി പാസ്സാക്കി… ഇതിന്റെ പേരിലൊക്കെ നടന്ന പുകിലൊന്നും അറിയാതെ..

വാൽകഷ്ണം

പ്രെഗ്നനെൻസി അല്ലെങ്കിൽ ഒരു കുഞ്ഞുണ്ടാകുന്ന സമയം എന്നുള്ളതൊക്കെ ഒരുപാട് സന്തോഷങ്ങൾക്കൊപ്പം സംശയങ്ങളുടെയും, ടെൻഷൻസിന്റെയും കൂടി സമയമാണ്… എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ അനാവശ്യ അഭിപ്രായങ്ങൾ പറഞ്ഞു ആ സമയങ്ങളിൽ മറ്റുള്ളവരെ ടെൻഷൻ അടിപ്പിക്കുക എന്നത് ചിലർക്ക് ഹോബി പോലെയാണ്.. അതു മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെ പറ്റിയൊന്നും പലരും ചിന്തിക്കുന്നില്ല എന്നുള്ളതാണ് സത്യം…