നിനക്കായ് മാത്രം ~ ഭാഗം 26, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ദേവൻ ബൈക്കുമായി അവിടെ കൂടി നിന്ന പുല്ലിന്റെ പുറത്തേക്ക് വീണു. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു ഗൗരി ശ്വാസം വലിച്ച് വിട്ടു. കണ്ട സ്വപ്നം മനസിനെ വല്ലാതെ പേടിപ്പെടുത്തിയിരുന്നു. ശരീരം വിയർത്തിട്ടുണ്ട്. എന്തോ മനസിന്‌ പേടി തോന്നിയതും ഫോൺ എടുത്തവനെ വിളിച്ചു നോക്കി. ഫോൺ എടുക്കുന്നില്ലെന്നു കണ്ടതും കയ്യും കാലും വിറക്കാൻ തുടങ്ങിയിരുന്നു. പെട്ടന്നാണ് ബൈക്കിന്റെ ശബ്‌ദം കേട്ടത്. താഴേക്ക് വേഗം ഇറങ്ങി.വാതിൽ തുറന്ന് മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവനെ ചെന്നു കെട്ടിപിടിച്ചു കരഞ്ഞു.

“””എന്താടി….”””

ദേവൻ പേടിയോടെ ചോദിച്ചതും അവന്റെ മുഖത്തും ദേഹത്തുമെല്ലാം തപ്പി നോക്കി കൊണ്ടിരുന്നു. ഒരു മുറിവ് പോലും പറ്റിയിട്ടില്ലെന്നു ഉറപ്പു വരുത്താൻ….അതിനിടയിലാണ് അവന്റെ കൈമുട്ടിൽ ഗൗരിയുടെ വിരലുകൾ തട്ടി ദേവൻ വേദനയോടെ എരിവ് വലിച്ചത്. നോക്കിയതും കണ്ടു ചെറുതായി മുറിവ് പറ്റിയ കൈമുട്ട്.പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കി.

“””അത് ഒന്നുമില്ല. പോകുന്ന വഴിക്ക് ചെറുതായൊന്നു ബൈക്ക് മറിഞ്ഞു. അപ്പോൾ സംഭവിച്ചതാണ്.”””

കേട്ടതും അവനെ വലിച്ച് സോഫയിൽ ഇരുത്തി.മുറിവിൽ മരുന്ന് പുരട്ടി ഊതികൊണ്ടിരുന്നു.

“””ഒരു ചെറിയ മുറിവാ…നീ പോയി ഇത് കഴിക്ക്… രാത്രി കഷ്ട്ടപെട്ടു വാങ്ങി കൊണ്ട് വന്നിട്ട് കഴിക്കാതെ ഇരിക്കല്ലേ. ചെല്ല്…””

ദോശ എടുത്ത് മേശയിൽ വെച്ചവളെ പിടിച്ചിരുത്തി. കൂടെ നിന്നു കഴിപ്പിച്ചു. അവൾ കഴിക്കുന്നതിന്റെ ഇടയിൽ ഓരോ കഷ്ണം അവന്റെ വായിലും വെച്ചു കൊടുത്തിരുന്നു.

കിടന്നതും അവനെ ചുറ്റി പിടിച്ചവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു. നെഞ്ചിൽ നനവറിഞ്ഞതും സംശയത്തോടെ അവളുടെ മുഖമുയർത്തി നോക്കി.അവൾ കരയുകയാണെന്ന് കണ്ടതും കണ്ണുനീർ തുടച്ച് കൊടുത്തു.

“””നീ ഇങ്ങനെ തുടങ്ങിയാൽ എന്താ ഞാൻ ചെയ്യേണ്ടതെന്റെ ഗൗരി…? ഏത് നേരോം കരഞ്ഞും പേടിച്ചും. ഇതത്ര നല്ലതല്ല…”””

അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് പറഞ്ഞു.

“””ഇനി ഉറങ്ങാൻ നോക്ക്… ഇപ്പോൾ തന്നെ ഒരുപാട് വൈകി പോയി…”””

അവളെ തട്ടിയുറക്കി രണ്ടുപേരും ഉറക്കത്തിലേക്കു വഴുതി വീണു.

????????

ഇന്നാണ് ശിവൻ ദേവുവിനെ പെണ്ണ് കാണാൻ വരുന്ന ദിവസം. രാവിലെ തന്നെ അമ്പലത്തിൽ പോയി ഒരുങ്ങി കൊണ്ട് നിൽക്കുകയാണ് ദേവു. അവളെ ഒരുക്കാൻ ഗൗരിയും ദുർഗകുട്ടിയും ഒപ്പമുണ്ട്.

“””ദേ കുട്ടിയടക്കേ….ആ ലിപ്സ്റ്റിക് എടുത്ത് കളിക്കാതെ അടങ്ങി ഇരുന്നേ….”””

ദേവു ദേഷ്യത്തിൽ പറഞ്ഞതും ദുർഗകുട്ടിയവളെ പുച്ഛിച്ച് ചിരിച്ചു.

“””എടി നിന്നോടാ പറഞ്ഞത് “””

അനുസരിക്കുന്നില്ലെന്നു കണ്ടതും ദേഷ്യത്തോടെ എഴുന്നേറ്റു ചെന്ന് ചെവിക്കു പിടിച്ചു.

“””അല്ലെങ്കിലും ഇതൊക്കെ ഇട്ടിട്ടും ദേവേച്ചിക്ക് ഒരുമാറ്റവുമില്ല. ആ ഭൂതത്തെ പോലെയുള്ള മുഖവും, സ്വഭാവവും..ഭൂതം മേക്കപ്പ് ചെയ്തത് പോലെയുണ്ട്…”””

ചിറി കോട്ടികൊണ്ട് പുറത്തേക്ക് പോയി ദുർഗകുട്ടി.

“””പാറുട്ടാ ആ പെണ്ണ് പറഞ്ഞത് സത്യമാണോ….ശോ കണ്ണിന് ചുറ്റും കറുപ്പ് വീണിട്ടുണ്ട്. പുട്ടി നല്ല കട്ടിയിലിടാം… “””

മുഖത്ത് ഓരോന്നും വാരി തേക്കുന്നത് കണ്ടതും ഗൗരി ചിരിച്ചു പോയിരുന്നു.

“””ഇത് തീർന്നില്ലേടി….”””

ദേവൻ മുറിയിലേക്ക് വന്നപ്പോൾ കണ്ണാടിക്ക് മുന്നിലിരുന്നു ഓരോന്നും ചെയ്യ്തു കൊണ്ടിരിക്കുന്ന ദേവുവിനെയാണ്. ഗൗരി കട്ടിലിൽ ഇരുന്നത് നോക്കി ചിരിക്കുന്നുണ്ട്. ദേവന്റെ ശബ്‌ദം കേട്ടതുമവർ തിരിഞ്ഞു നോക്കി.

“””നീ കഥകളിക്കാണോ ദേവു പോകുന്നത്.എന്റെ ശിവനെ പേടിപ്പിച്ചോടിക്കുമോ നീ…”””

കളിയാക്കി ചോദിച്ചതും ദേവനെ ദേഷ്യത്തോടെ നോക്കി.

“””എന്റെ ഗൗരിയെ നോക്ക് നീ. ഒരു മേക്കപ്പും ഇല്ലെങ്കിലും എന്താ ഗ്ലാമർ…”””

വലിച്ചടുപ്പിച്ചു പറഞ്ഞതും അവന്റെ കയ്യിലൊന്നു നുള്ളി.

“””ഓ….. നമ്മളൊന്നും അത്ര ഭംഗിയുള്ള കൂട്ടത്തിലല്ല. ഉള്ള സൗന്ദര്യം വെച്ച് അഡ്ജസ്റ്റ് ചെയ്തോളാം..ഈ വാടി കൊഴഞ്ഞു നിൽക്കുന്ന ഇതിനെ ഇനിയും മുറുക്കി പിടിച്ച് ഉള്ള ജീവനും കളയല്ലേ ഏട്ടാ….””

കളിയാക്കി പറഞ്ഞു കൊണ്ടവൾ മുറിക്ക് പുറത്തേക്കിറങ്ങി. പിന്നാലെ ദേവുവും, ഗൗരിയും.

ചായയുമായി ചെന്നതും ദേവുവിന്റെ മുഖം നാണത്തോടെ ചുവന്ന് തുടുത്തു. എല്ലാവർക്കും ചായ കൊടുത്തവൾ മാറി നിന്നു.

””’ശേഖരേട്ടനറിയാലോ ഇവരുടെ അച്ഛൻ രണ്ടുവർഷം മുൻപ് ഞങ്ങളെ വിട്ട് പോയതാ. കുറെ പാടവും പറമ്പുമൊക്കെയുള്ളത് കൊണ്ട് മാത്രമാണ് പട്ടിണിയറിയാതെ ജീവിച്ചത്. ഇവനിപ്പോൾ ജോലിക്കും പോയി തുടങ്ങിയിട്ടുണ്ട്. ശിഖയുടെ കല്യാണം കൂടി നോക്കാനൊരു തീരുമാനമായിട്ടുണ്ട്. എന്നാൽ രണ്ട് വിവാഹം കൂടി ഒന്നിച്ച് നടത്താലോ….”””

“””ആ അതും നല്ലതാണ്. ജാതകം നോക്കി ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്യാം.നിച്ഛയം അതിനനുസരിച്ചു തീരുമാനിക്കാം.””

ശിവനും ദേവുവും സംസാരിക്കാനായി പുറത്തേക്കിറങ്ങി.

“””ടി നീ കുമ്മായത്തിൽ വീണോടി “””

കളിയായി ചോദിച്ചതും അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.

“””നിന്റെ ഈ മുഖത്തെക്കാൾ തിളക്കവും, നിഷ്കളങ്കതയും ഉള്ളത് ചമയങ്ങൾ ഇല്ലാത്ത മുഖത്താണ്. ഇത് വെറും മൂടുപടമല്ലേ..? യഥാർത്ഥ സൗന്ദര്യത്തെ മറച്ചു കൊണ്ടുള്ളത്. അതുകൊണ്ട് ഈ മുഖം മൂടി നമുക്കിനി വേണ്ട.എന്റെ ദേവു ആ പഴയ ദേവു ആയാൽ മതി…””

കണ്ണുകളിലേക്ക് നോക്കി പറഞ്ഞു കൊണ്ടവളുടെ കൈകളിൽ പിടിച്ചു സംസാരിച്ചു നിന്നു.

“””മതി മക്കളെ ഇനി പിന്നെ സംസാരിക്കാം…””

ദേവനും,ഗൗരിയും,ശിഖയും വന്നതും അവർ വേഗം വിട്ട് മാറി നിന്നു.

“””ഇനി ശിഖക്കും കൂടി ഒരു ചെക്കനെ കണ്ടു പിടിക്കണം. എന്നിട്ട് രണ്ട് കല്യാണവും ഒന്നിച്ച് നടത്താം നമുക്ക്. ഇന്ന് തന്നെ നല്ലൊരു ചെക്കനെ തിരയാൻ ആ ബ്രോക്കറോട് പറയണം.””

കേട്ടതും ശിഖയുടെ കയ്യും കാലും വിറക്കാൻ തുടങ്ങി. ഫോണിലേക്ക് നോക്കി ഇരുന്നു.

“”എന്നാൽ ഇറങ്ങാ ശിവാ…”””

അമ്മ ചോദിച്ചതും വേഗം പോയി കാർ എടുത്ത് കൊണ്ട് വന്നു. ശിഖയും അമ്മയും കയറിയതും അവരോടു അന്വേഷണം പറഞ്ഞു പോയി. പോകുന്നതിനു മുൻപ് ശിവ ദേവുവിനെ നോക്കി ഒന്ന് കണ്ണ് ചിമ്മിയതുമവൾ നാണത്തോടെ തല താഴ്ത്തി. എന്നാൽ കാറിൽ ഇരുന്ന ശിഖക്ക് സമാധാനം നഷ്ടപ്പെട്ടിരിക്കുകയായിരുന്നു.

????????

“””ദേ മനുഷ്യാ നിങ്ങൾക്കെന്നെ കെട്ടണമെങ്കിൽ വീട്ടിൽ വന്നു പെണ്ണ് ചോദിക്ക്. അല്ലെങ്കിൽ ഞാൻ എന്റെ ഏട്ടൻ കണ്ടു പിടിക്കുന്ന ഒരുത്തനേം കെട്ടി സുഖമായി ജീവിക്കും പറഞ്ഞേക്കാം….”””

“””എന്റെ പെണ്ണേ നീ ഇങ്ങനെ എന്നോട് ദേഷ്യം പിടിച്ചിട്ടെന്താടി കാര്യം… ഒരു പെണ്ണ് കാണലല്ലേ “””

ഫോണിലൂടെ അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതും ശിഖ ദേഷ്യത്തോടെ പല്ല് ഞെരിച്ചു.

“”ഹ… ഹ… ഹ.. ഹാ. ഹാ….””

അവന്റെ പൊട്ടി ചിരി കേട്ടതും വീണ്ടും ദേഷ്യം വന്നു.

“”ദേ എനിക്ക് ഭ്രാന്ത് വന്നിരിക്കാ… ഞാൻ വല്ലതും വിളിച്ചു പറയും. പൊട്ടൻമാരെ പോലെ നിന്നു ചിരിക്കാതെ കാര്യം പറയടോ….””

“””എടോ…. ന്നോ…ടി കള്ളി നിനക്ക് ഈയിടയായി ഒരു ബഹുമാനവുമില്ലാട്ടോ..ഒന്നുമല്ലെങ്കിലും ഞാൻ നിന്റെ ഏട്ടന്റെ കൂട്ടുകാരനല്ലെടി….”””

ശ്യാമിന്റെ സംസാരം കേട്ടതും ശിഖ വീഡിയോ കാളിലൂടെ അവനെ ദേഷ്യത്തോടെ നോക്കി.

“””ഏത് നേരത്താ ഭഗവാനെ എനിക്ക് ഈ പൊട്ടബുദ്ധി വന്നത്.ഏട്ടന്റെ കൂട്ടുകാരൻ സ്വന്തം ഏട്ടനെ പോലെ കാണേണ്ടതാ. ഇങേരുടെ കണ്ണീരിൽ വീണു പോയതാ. പോലീസ് ആണെന്ന് പറഞ്ഞിട്ടെന്താ…ഞാൻ അവസാനമായി പറയാണ്. വീട്ടിൽ വന്നു പെണ്ണ് ചോദിച്ചില്ലെങ്കിൽ നിങ്ങളേം കൊല്ലും ഞാനും ചാവും…””

ഓഫ്‌ ചെയ്യ്തു ഫോൺ കട്ടിലിലേക്ക് ഇട്ടു ശിഖ.

“””ടി… വെക്കല്ലേ…””

ശ്യാം പറഞ്ഞെങ്കിലും മറുപുറത്തു ഫോൺ ഓഫ്‌ ആയി കഴിഞ്ഞിരുന്നു. അവൻ ടെറസിൽ ആകാശത്തേക്ക് നോക്കി കിടന്നു. കണ്ണിൽ ആ പെണ്ണിനെ കണ്ട ദിവസം ഓർമയിൽ വന്നു.

പണ്ട് കോളേജിൽ പഠിച്ചിരുന്ന സമയത്ത് ദേവൻ ഗൗരിയുടെയും ദേവുവിന്റെയും ഫോട്ടോ കാണിച്ച കൂട്ടത്തിൽ കണ്ടിരുന്നു അവരെ പോലെ വസ്ത്രം ധരിച്ച മറ്റൊരു കുട്ടിയെ….അവരോടു ചോദിച്ചപ്പോഴാ ശിവയുടെ അനിയത്തിയാണെന്നറിഞ്ഞത്. പിന്നെ അവളെ കാണാൻ ആഗ്രഹമുണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ട് അതിന് സാധിക്കാറില്ലായിരുന്നു. പിന്നെ ജീവിതത്തിൽ പ്രേതീക്ഷിക്കാതെ വന്ന പല പ്രേശ്നങ്ങൾ കൊണ്ട് പഠിച്ചു ജോലി നേടാൻ ആഗ്രഹമായിരുന്നു. അച്ഛന്റെ കൊലയാളികളെ കണ്ടു പിടിക്കാനുള്ള ശ്രെമം. കഷ്ട്ടപെട്ട് പഠിച്ചു. ജോലിയെല്ലാം നേടി.

പിന്നെ ഒരിക്കൽ അവരുടെ കോളേജ് വഴി വരുമ്പോഴാണ് ഗൗരിയെ കണ്ടത്. വെറുതെ കണ്ടപ്പോൾ സംസാരിക്കാൻ ഇറങ്ങിയതും കണ്ടു ദേവുവിന്റെയും ഗൗരിയുടേയും പുറകിൽ പേടിയോടെ തന്നെ നോക്കിയ ആ കണ്ണുകളെ. പോകുന്നതിനു മുൻപ് അവളുടെ കണ്ണുകളിൽ നോക്കി തന്നെ വീണ്ടും കാണണം എന്ന് പറഞ്ഞതും ആ കണ്ണുകൾ പിടക്കുന്നത് കണ്ടതാണ്.

പിന്നെ എപ്പോഴോ ശിവനെ വിളിച്ചപ്പോൾ ഫോൺ എടുത്തത് ശിഖയായിരുന്നു. കുളിക്കാൻ പോയതാണെന്നും ഏട്ടൻ തിരിച്ചു വന്നിട്ട് വിളിക്കാൻ പറയാം എന്ന് പറഞ്ഞപ്പോൾ കേട്ടു നിന്നു. ഒന്നും പറയാൻ കഴിഞ്ഞില്ല. ശബ്‌ദം പുറത്ത് വരാതെ വല്ലാത്ത അവസ്ഥ. കുറച്ച് സമയങ്ങൾക്ക് ശേഷം ശിവൻ തിരിച്ചു വിളിച്ചതും കേൾക്കുന്നില്ലെന്നു കള്ളം പറഞ്ഞു ശിവനോട്. അവൻ ശിഖയുടെ ഫോണിൽ വിളിച്ചതും ആ നമ്പർ സേവ് ചെയ്യ്തു.

പിന്നെ എപ്പോഴോ ആ നമ്പറിൽ വിളിച്ചു. താനാണെന്ന് പറഞ്ഞെങ്കിലും ഒന്നും മിണ്ടാതെ നിന്നു. ഫോൺ വെക്കുന്നതിനു മുൻപ് ഇനി ഒരിക്കലും വിളിക്കരുതെന്നു പറഞ്ഞവൾ. പക്ഷേ മനസ് അനുവദിക്കാതെ ആയതും സമയം കിട്ടുമ്പോഴൊക്കെ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു.

അന്ന് അമ്പലത്തിലെ ഉത്സവത്തിന്റെയന്നും താൻ വിളിച്ചു. പക്ഷേ അവൾ ഒരുപാട് ദേഷ്യപ്പെട്ടു. അവസാനമായി വിളിച്ചതാണെന്നും ഇനി ശല്യം ചെയ്യില്ലെന്നും പറഞ്ഞു. മനസ്സിൽ നിന്നും മറക്കാൻ കഴിയാതെ അവൾ നിന്നതും ആ നമ്പർ ഡിലീറ്റ് ചെയ്യ്തു കളഞ്ഞു. പിന്നെ മറക്കാനുള്ള ശ്രമമായിരുന്നു. പിന്നെ വിളിച്ചിട്ടുമില്ലായിരുന്നു.

ഒരിക്കൽ അവൾ ഇങ്ങോട്ട് വിളിച്ച് സംസാരിച്ചു. സഞ്ജനയെ പിടിച്ച കാര്യം പറഞ്ഞ് അഭിനന്ദിച്ചു. അന്ന് മുതൽ വീണ്ടും താൻ വിളിച്ചെങ്കിലും അധികം സംസാരിക്കാതെ മൂളി കേട്ടിരുന്നവൾ,പിന്നെ എപ്പോഴോ പരസ്പരം പ്രണയം തുറന്ന് പറഞ്ഞു. വിവാഹം കഴിക്കാൻ ഇഷ്ട്ടമാണെന്ന് പറഞ്ഞു. പിന്നെ അവളുടെ ഇഷ്ടത്തെ കൂട്ട് പിടിക്കുകയായിരുന്നു. ഇന്ന് വിളിച്ച് ദേഷ്യപ്പെട്ടത് കണ്ടപ്പോൾ ചിരി വന്നു പോയി. അവളെ ദേഷ്യം പിടിക്കാൻ ഓരോന്ന് പറഞ്ഞതും അവൾ ദേഷ്യത്തോടെ ഫോൺ വെച്ച് പോയി.

“””ആർക്കും വിട്ട് കൊടുക്കില്ലെടി പെണ്ണേ നിന്നെ..എനിക്ക് വേണം നിന്നെ…””

പുഞ്ചിരിയോടെ കണ്ണുകളടച്ചു കിടന്നു.

???????

രാവിലെ എഴുന്നേറ്റ ശിഖ കാണുന്നത് വീട്ടിലെ ഓരോയിടവും തട്ടി വൃത്തിയാക്കുന്ന അമ്മയെയാണ്. കോട്ടുവാ ഇട്ടവൾ വാതിൽ ചാരി നിന്നു.

“””എന്ത് പറ്റിയമ്മേ വൃത്തിയാക്കുന്ന ഇടം തന്നെ വീണ്ടും വീണ്ടും വൃത്തിയാക്കുന്നത്..?””

“”ഇപ്പോളാണോ തമ്പുരാട്ടിയുടെ പള്ളിയുറക്കം കഴിഞ്ഞത്. ആ നല്ലൊരു ദിവസമായിട്ട് ഞാനൊന്നും പറയുന്നില്ല.വേഗം ചെന്ന് കുളിച്ച് വൃത്തിയായിക്കോ…””

“””എന്തിന്…?””

സംശയത്തോടെ സോഫയിലേക്ക് കിടന്നു.

“””എടി അസത്തെ പറയുന്നത് കേൾക്കേടി. ഇന്ന് നിന്നെ പെണ്ണുകാണാൻ ഒരുകൂട്ടർ വരുന്നുണ്ട്. ചെക്കൻ നല്ല ജോലിയൊക്കെയുണ്ട്. ദേവു വരും നിന്നെ ഒരുക്കാൻ….ചെല്ല് “”

കേട്ടതും ഞെട്ടി പോയി.അമ്മ തള്ളി വിട്ടതും മുറിയിലേക്ക് പോയി. ഫോണെടുത്തു ശ്യാമിനെ വിളിച്ചു.

“””ഹലോ…..”””

“””ശ്യാമേട്ടാ…. ഇന്നൊരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട്… ഞാൻ എന്താ ചെയ്യേണ്ടത്. ഏട്ടനൊന്നു ശിവേട്ടനോട് പറയ്‌ പ്ലീസ്… “”””

കരഞ്ഞു കൊണ്ട് പറഞ്ഞതും അവൻ ഒന്ന് മൂളി.

“””നിങ്ങൾ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ…?””

“””ആ കേൾക്കുന്നുണ്ട്…ഞാൻ അറിഞ്ഞു.ശിവയെന്നെ വിളിച്ചിരുന്നു. നീ അതിന് സമ്മതിച്ചോ…അവൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ എന്നെക്കാളും നല്ല ആളാ. ഞാൻ മറന്നോളാം, നീയും മറക്കണമെന്നെ.”””

ശ്യാം കരഞ്ഞു കൊണ്ട് പറഞ്ഞതും ശിഖ തറഞ്ഞു നിന്നു.

“””ഏട്ടനെങ്ങനെ പറയാൻ കഴിഞ്ഞു മറക്കാൻ. പിന്നെ എന്തിനാ എന്റെ ജീവിതത്തിലേക്ക് വന്നത്. എന്നേ ഇഷ്ട്ടാണ് വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പറഞ്ഞത്.”””

കരഞ്ഞു കൊണ്ട് അവനോടു കെഞ്ചി.

“”എനിക്കറിയില്ല…നീ ഇനി വിളിക്കണ്ട. ഞാൻ ഫോൺ ഓഫ്‌ ആക്കാൻ പോവാണ്…ബൈ പിന്നെ കാണാം.”””

ശ്യാം ഫോൺ വെച്ചതും ശിഖ കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് വീണു.

തുടരും…

©️copyright protected