പ്രായത്തിനപ്പുറമുളള മോളുടെ പക്വതയിൽ പിന്നീടുള്ള എന്റെ ദിവസങ്ങൾ അത്ഭുതപ്പെടുകയായിരുന്നു….

വിളക്ക്

Story written by Nijila Abhina

:::::::::::::::::::::::::::::::::

“കല്യാണം ഉറപ്പിച്ച പെണ്ണല്ലേ ഏട്ടാ അവള് ഇത്രേം നേരായിട്ടും വരാറായില്ലേ…. “

ഏട്ടൻ തന്നെയാ ഇതിനൊക്കെ വളo വെച്ചു കൊടുക്കണേ…

പെങ്ങളുടെ വാക്കുകൾ കേട്ടില്ലെന്നു നടിച്ചു.. അവളെന്നും ഇങ്ങനെയായിരുന്നു.. പ്രഭ ഉള്ളപ്പോഴും മരിച്ചതിനു ശേഷവും അവളെ കുറ്റപ്പെടുത്താൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല..കൂടെ മക്കളെയും….

നീണ്ട പതിനാറു വർഷം ഒരേ ചിന്തകളും ഒരേ സ്വപ്നങ്ങളും പങ്കുവെച്ച ജീവന്റെ പാതി പാതിവഴിയിലെന്നെ തനിച്ചാക്കി പോയപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത്‌ ഉണ്ണിമോളെ ഓർത്തായിരുന്നു….

ഉത്തരവാദിത്തമില്ലാത്തവനെന്ന്‌ വിളിച്ച അതെ നാവുകൊണ്ട് അമ്മയെന്നെ പുകഴ്ത്തിയിട്ടുണ്ടെങ്കിൽ അതിനൊരൊറ്റ കാരണമെ ഉണ്ടായിരുന്നുള്ളൂ എന്റെ പ്രഭ…അവളുടെ നഷ്ടം എന്റെ ജീവിതത്തിലെ എല്ലാ പ്രഭയും കെടുത്തി എന്നതാണ് സത്യം..

പന്ത്രണ്ടു വയസുള്ള ഉണ്ണിമോളെയും പതിനഞ്ചുകാരൻ യദുവിനെയും ചേർത്തു പിടിച്ചന്ന്‌ കരയുമ്പോൾ അവളില്ലാത്ത വീടും മക്കളുടെ ഭാവിയും എനിക്ക് ഉത്തരമില്ലാത്ത സമസ്യയായിരുന്നു…

പ്രായത്തിനപ്പുറമുളള മോളുടെ പക്വതയിൽ പിന്നീടുള്ള എന്റെ ദിവസങ്ങൾ അത്ഭുതപ്പെടുകയായിരുന്നു….

ഒരാഴ്ച മുമ്പ് വരെ അമ്മയുടെ വാലിൽ തൂങ്ങി നടന്ന, വൈകിട്ട് പണി കഴിഞ്ഞെത്തുന്ന എന്റെ കയ്യില് നിന്നു പതിവ് പലഹാരം കൈ നീട്ടിയാദ്യം വാങ്ങാൻ വാശി പിടിക്കുന്ന കുഞ്ഞു കുറുമ്പ് കാട്ടി യദുവിനോട് അടിയുണ്ടാക്കുന്ന അവൾ എത്ര പെട്ടെന്നാണ് ഒരു കുടുംബിനീയുടെ റോളിലേക്ക്‌ മാറിയത്….

ഉണ്ണിമോളുടെ മാറ്റം എന്നെ ഒരുപാട് സന്തോഷിപ്പിച്ചു… ഒരുപക്ഷേ പ്രഭ പോയതിന്റെ ഷോക്ക് എനിക്കത്ര ഫീൽ ചെയ്യാത്തതിനുo കാരണം ഇതാവും….. പിന്നീടുള്ള ഓരോ ദിനവും അവളെന്റെ വീടിന്റെ വിളക്ക് അല്ല നെടുന്തൂണ് ആവുകയായിരുന്നു…

എത്ര പെട്ടെന്നാണവൾ ഓരോന്നും പഠിച്ചത്….ഇതുവരെയും അടുക്കളയിൽ അമ്മയുടെ വാലായി നിന്നവൾ ഇന്ന് അടുക്കള ഭരിക്കുന്നു പാത്രങ്ങളും പച്ചക്കറികളുമൊക്കെ എത്ര പെട്ടെന്നാണ് അവളോടിണങ്ങിയത്…. കുഞ്ഞു കൈകൾ കൊണ്ട് കഴുകിയ തുണികൾ അയയിൽ വിരിച്ചിടുന്നത് കാണുമ്പോൾ ഒരുപാട് വേദനിച്ചിരുന്നു….. അറിഞ്ഞോണ്ടാവാം യദുവും അവന്റെ കാര്യങ്ങൾ തനിയെ ചെയ്യാൻ തുടങ്ങിയിരുന്നു….. വീട്ടിലെ ഓരോ മുക്കിലും മൂലയിലും അവളുടെ കണ്ണും കയ്യുമെത്തുന്നത് പിന്നീട് ഞാൻ അനുഭവിച്ചറിഞ്ഞിരുന്നു…

അന്ന് അമ്മയുടെ കൈപുണ്യം പെങ്ങളിൽ അനുഭവിച്ചത് കൊണ്ടാവാം യദുവിന്റെ കണ്ണില് നിന്നൽപ്പം നീരു പൊടിഞ്ഞത്‌…. കൂടെ എന്റെ കണ്ണും നിറഞ്ഞിരുന്നു എന്ന് മനസിലായത് അച്ഛനെന്തിനാ കരയണേ എന്ന മോളുടെ ചോദ്യത്തിൽ നിന്നായിരുന്നു…

അമ്മയില്ലാത്ത കുട്ടികൾക്കൊരു കൂട്ടാവട്ടേ പെങ്ങളെ വിളിച്ചു വീട്ടിൽ നിർത്തു എന്ന ചിലരുടെ വാക്ക് കേട്ടാണ് ഞാൻ പെങ്ങളെ കൂട്ടിനായി കൊണ്ട് വന്നത്… ഭർത്താവ് പുറത്തായതിനാൽ അന്നവൾക്കും അതൊരു സന്തോഷമാവും എന്ന് കരുതി… എന്നാൽ മക്കളുടെ സന്തോഷമായിരുന്നു ഞാൻ ആഗ്രഹിച്ചതെങ്കിൽ അവരെ വേദനിപ്പിക്കാൻ മാത്രമേ അവൾ ശ്രമിച്ചിരുന്നുള്ളൂ……

അമ്മയെ കുത്തുവാക്കുകൾ പറഞ്ഞതിന്റെ ദേഷ്യമാവാം ഇപ്പൊ ഇവിടെ നിന്നിറങ്ങിക്കോ എന്ന യദുവിന്റെ വാക്കിന് മുന്നിൽ ഞാനും മൗനം പാലിച്ചു അന്ന്…..

അന്നവന് എന്നോട് പറഞ്ഞിരുന്നു… അമ്മ പോയെന്നു ആരാ അച്ഛാ പറഞ്ഞത് വീടിന്റെ വിളക്കായി ഇവളില്ലേ നമുക്കെന്ന്….

“അച്ഛനെന്താ ആലോചിക്കുന്നെ “

പടി കയറി വന്നുകൊണ്ടുള്ള മോളുടെ ചോദ്യമാണെന്നെ ചിന്തയിൽ നിന്നുണർത്തിയത്…

“എന്താ കുട്ടി ഇത്ര താമസിച്ചത് വേഗം വരണംന്ന് പറഞ്ഞിരുന്നില്ലേ നിന്നോട് “

“അച്ഛാ വരുന്ന വഴി സോജിടെ വീട്ടിൽ കൂടി കേറീട്ടാ വന്നത്… അമ്മേടെ അനുഗ്രഹം വാങ്ങാൻ തോന്നി. അതാച്ഛാ….. “

“നന്നായി മോളെ “

വീണ്ടും വീണ്ടും അവളെന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു…. അതെ അവളാണ് ശെരി ഇന്നാ അമ്മ സന്തോഷിച്ചിട്ടുണ്ടാവും ഒരുപാട്….തന്നെ കാണുമ്പോഴൊക്കെയും അവര് പറയുന്നതാണ് എന്റെ മനസ്സിലപ്പോൾ തെളിഞ്ഞത്…..

“ഒരുപാട് ആഗ്രഹം ണ്ടാരുന്നു മാഷെ സോജി മോളെയൊരു നല്ല കൈകളിൽ ഏൽപ്പിക്കണമെന്ന് അവളൊന്നു പറഞ്ഞിരുന്നെങ്കിൽ ഞാനും സമ്മതിച്ചേനെ മാഷെ അവളെനിക്ക് ഒന്നല്ലേള്ളൂ അത്രയ്ക്ക് ദുഷ്ടയാ ഞാനെന്നു തോന്നീട്ടുണ്ടാവും ല്ലേ “

“പണ്ടുള്ളോരു പറയുന്നത് സത്യാ മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന് “ആ എന്റെ വിധി ഇങ്ങനെയാകും എന്നെങ്കിലും തിരിച്ചു വരുവാരിക്കും ഇല്ലേ മാഷെ അതോ അതിനും ഈ പാപിക്ക് ഭാഗ്യം ണ്ടാവില്ലേ “”

അന്നെന്റെ ഉണ്ണിമോളാ കൈകളിൽ പിടിച്ചു പറഞ്ഞതിന്നുമെന്റെ ഓർമയിലുണ്ട് എനിക്കൊരു അമ്മയില്ലാത്ത സങ്കടം മാറിയത് ഈ കൈകൊണ്ടു വിളമ്പി തന്ന ചോറുണ്ടപ്പോഴാണ്, ഈ വാത്സല്യം പലപ്പോഴുമെന്നെ തലോടിയപ്പോഴാണ്…. ആരൊക്കെ പോയാലും ഈ അമ്മോടൊപ്പം ഉണ്ണിമോളെന്നും ണ്ടാവും “”

കുഞ്ഞുന്നളു മുതൽ ഉണ്ണിമോളോടൊപ്പം കളിച്ചു വളർന്നതാണ് സോജിയും.. എങ്കിലും പെട്ടെന്നൊരു ദിനം ഏതോ ഒരുത്തനോടൊപ്പം അവളിറങ്ങി പോയി എന്ന് കേട്ടപ്പോൾ നെഞ്ചിൽ ആധിയായിരുന്നു…… അമ്മയില്ലാതെ വളരുന്ന കുഞ്ഞാണ് നിന്റെയൊരു കണ്ണ് എപ്പോഴും അവളിലുണ്ടാവണം എന്ന് യദുവിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞത് ഇന്നുമെനിക്കോർമയുണ്ട്…

നമ്മളവളെ കരുതുന്നതിനെക്കാൾ നമ്മളവളെ സ്നേഹിക്കുന്നതിനെക്കൾ ഇരട്ടി ഒരുപക്ഷേ അമ്മയെ പോലെ അവൾ നമ്മളെ സ്നേഹിക്കുന്നുണ്ടച്ചാ… അവൾ പറന്നു നടന്നോട്ടെ അവളുടെ ആകാശത്തിന് നമുക്ക് പരിധി നിർണയിക്കേണ്ട എന്ന്…

അന്നാ വാക്കുകൾ കേട്ട് പുറത്തേക്ക് വന്നയവൾ യദുവിനെ കെട്ടിപ്പിടിച്ചെന്നോട് പറഞ്ഞിരുന്നു

“ഇതേ എന്റെ ഏട്ടനാ അല്ലേടാ ഏട്ടാ എന്ന് “

അന്നാ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു ഏട്ടന്റെ അനിയത്തിക്കുട്ടിയായതിൽ അവൾക്കും അവളുടെ ഏട്ടനായതിൽ അവനുമുളള അഭിമാനം…

അതിനെക്കാൾ ഞാൻ സന്തോഷിച്ചിരുന്നു അവരെന്റെ മക്കളായതിൽ….

നെഞ്ചകം വല്ലാതെ നീറുന്നുണ്ട് നാളെ മുതൽ അവളുടെ സാമീപ്യവും അവളുടെ ശബ്ദവും ഇവിടെയില്ല എന്നോർക്കുമ്പോൾ….

അവളുടെ പാദസരത്തിന്റെ കിലുക്കം ഇനിമുതൽ മറ്റൊരു വീടിന്റെ സ്വന്തമാകും എന്നോർക്കുമ്പോൾ… നിറയുന്ന കണ്ണുകൾ ഞാൻ കാണാതിരിക്കാൻ പാടുപെടുന്ന യദുവിനെ കണ്ടപ്പോൾ നെഞ്ച് നീറുകയായിരുന്നു…..

മൂന്നാം ദിവസം ഉണ്ണിമോൾ വിരുന്നു വന്നപ്പോൾ നഷ്ടപ്പെട്ട ശ്വാസം വീണ്ടുകിട്ടിയ പ്രതീതിയായിരുന്നു വീട്ടിൽ……

അമ്മയില്ലാതെ വളർന്ന കുട്ടിയാണ് അതിന്റെതായ അനുസരണക്കേടുകൾ ഉണ്ട് അഹങ്കാരം ഉള്ള പോലെ തോന്നുന്നതാണ് ട്ടോ അവൾ പാവം കുട്ടിയാണ് എന്നെന്റെ പെങ്ങൾ അവസരോചിതമായി പറഞ്ഞപ്പോൾ ദേഷ്യം കൊണ്ടെന്നെ വെട്ടി വിറയ്ക്കുന്നുണ്ടായിരുന്നു….

എന്നാൽ അവളെ ചേർത്തു പിടിച്ച് ” ഈ സ്നേഹവും ഈ കരുതലും എനിക്കൊരു അഹങ്കാരമായല്ല ഒരലങ്കാരമായാണ് തോന്നിയിട്ടുള്ളത് ,, കൂടാതെയാ അമ്മയില്ലാത്ത കുട്ടിയെന്ന വിശേഷണം എന്റെ കുട്ടിക്കാവശ്യമില്ല കാരണം എനിക്കിവൾ മരുമകളല്ല മകൾ തന്നെയാണ് എന്നയവരുടെ ഉത്തരത്തിൽ എനിക്ക് മനസിലായിരുന്നു ഈ വീടിനെ വെളിച്ചം നൽകി പുനർജീവിപ്പിച്ചയെന്റെ മോൾക്ക്‌ ആ വീട്ടിലും പ്രകാശം പരത്താൻ സാധിക്കുമെന്ന് അവരവളെ നെഞ്ചിൽ തന്നെ കൊണ്ട് നടക്കുമെന്ന്….

NijilaAbhina