അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് അമ്മയ്ക്കരികിൽ ഇരുന്ന് പറയുമ്പോൾ, കരയാൻ പോലും മറന്ന്…

ടീച്ചറമ്മ

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

:::::::::::::::::::::::::::::::

അന്ന് രാത്രി അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നമുക്ക് രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല…

ഓർമ്മ വയ്ക്കുന്ന കാലത്തിന് മുൻപേ അച്ഛൻ ഞങ്ങളെവിട്ട് പോയി,പിന്നെ എന്നെയും അനിയത്തിയെയും പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. ചെയ്യാത്ത ജോലികൾ ഒന്നുമില്ല, നാട്ടുകാർ ഒരുപാട് ഇല്ലാ കഥകൾ പറഞ്ഞു പരത്തി എങ്കിലും അമ്മ അതൊക്കെ ചിരിച്ചുകൊണ്ടാണ് നേരിട്ടത്, അമ്മയുടെ ഉള്ളിൽ ഒറ്റ വശിയെ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾ രണ്ടു പേരെയും പഠിപ്പിച്ച് നല്ലൊരു ജോലി വാങ്ങിപ്പിക്കുക എന്നത് മാത്രം..

വളർന്ന് വരുന്നതോടൊപ്പം എനിക്ക് ടീച്ചർ ആകാൻ ആയിരുന്നു ഇഷ്ടം, പഠിക്കുന്നതിനൊപ്പം വീട്ടിൽ കുട്ടികൾക്ക് ട്യുഷൻ എടുത്ത് ഞാനും അമ്മയെ സഹായിച്ചു, പഠനം കഴിഞ്ഞ് ജോലി അന്വേക്ഷിക്കുമ്പോഴും ട്യുഷൻ സെന്ററിലും വീട്ടിലുമായി കുട്ടികൾക്ക് ക്ലാസ്സെടുത്ത് ചെറിയ വരുമാനം കിട്ടി തുടങ്ങിയപ്പോഴാണ് അമ്മയെന്ന് നാടു നിവർത്തി തുടങ്ങിയത്…

“എനിക്ക് ഒരാളെ ഇഷ്ടമാണ് എനിക്ക് അയാളെ തന്നെ കെട്ടണം…”

ഒരു ദിവസം എല്ലാവരുംകൂടി അത്താഴം കഴിച്ചിരിക്കുമ്പോൾ ആണ് അനിയത്തി അത് പറഞ്ഞത്. അത് കേട്ടപ്പോൾ അമ്മയെപ്പോലെ ഞാനും ഒന്ന് ഞെട്ടി …

” എന്താടി നി പറയുന്നത് അതിനാണോ നിന്നെ ഞാൻ കഷ്ടപ്പെട്ട് വളർത്തിയത്….”

അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അമ്മയുടെ ശബ്ദം വീട്ടിൽ ഉയർന്നു…

” ഞാൻ എന്റെ ഇഷ്ടം പറഞ്ഞു, ബാക്കിയുള്ളവരെ ആലോചിച്ച് ഇരുന്ന് എന്റെ ഇഷ്ടം നഷ്ട്ടപ്പെടുത്താൻ എനിക്ക് പറ്റില്ല, കെട്ടിച്ചു തന്നില്ലേൽ ഞാൻ ഇറങ്ങിപോകും അത്രതന്നെ….”

അത് പറഞ്ഞ് തീരും മുൻപേ അമ്മയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. അടിയ്ക്ക് ഒപ്പം കവിളിൽ പതിഞ്ഞ ചൊറിന്റെ അവശിഷ്ടങ്ങൾ തുടച്ച് കളയുന്നതിനൊപ്പം തന്റെ മുന്നിൽ ഇരിക്കുന്ന ചോറുപത്രം അവൾ തട്ടി തെറിപ്പിച്ച്, മുറിയിലേക് കയറി വാതിൽ ശക്തമായി അടച്ചു. അൽപ്പനേരം എന്ത് ചെയ്യണം എന്നറിയാതെ ഞാൻ മിഴിച്ചിരുന്നുപോയി…

” എന്താ അമ്മേ അവൾ അവളുടെ ഇഷ്ടം പറഞ്ഞന്നല്ലേ ഉള്ളൂ….”

അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് അമ്മയ്ക്കരികിൽ ഇരുന്ന് പറയുമ്പോൾ,കരയാൻ പോലും മറന്ന് തല കുമ്പിട്ടിരിക്കുക ആയിരുന്നു അമ്മ, കുറച്ചു നേരം കൂടി ഒന്നും മിണ്ടാതെ അമ്മയ്ക്കരികിൽ ഇരുന്ന ശേഷം അവളുടെ മുറിയുടെ വാതിലിൽ ചെന്ന് തട്ടി വിളിച്ചു. ഒരുപാട് നേരം കഴിഞ്ഞ ശേഷമാണ് അവൾ വാതിൽ തുറന്നത്..

” എന്താ മോളെ അമ്മയോട് അങ്ങനെയൊക്കെ ആണോ സാംസരിക്കുക…”

അവളുടെ കവിളിൽ തടവികൊണ്ടു പറയുമ്പോൾ അവളെന്റെ കൈ തട്ടി മാറ്റി…

” എന്റെ കാര്യം ഞാൻ പറഞ്ഞു അതിൽ മാറ്റം ഇല്ല,,,,”

അവളുടെ ശബ്ദം ഉറച്ചത് ആയിരുന്നു, ഒന്നും മിണ്ടാതെ ഞാൻ അവളുടെ കട്ടിലിൽ ഇരിക്കുമ്പോൾ ചെറിയ വൈബ്രേഷനോടെ അവളുടെ മൊബൈലിൽ തളിഞ്ഞു വന്ന ആളിന്റെ മുഖം കണ്ടു… കുറച്ച് നേരം കൂടി ഇരുന്ന ശേഷമാണ് ഞാൻ മുറിവിട്ട് ഇറങ്ങിയത്, ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അവൾ വീണ്ടും വാതിൽ അടച്ചു..

തറയിലും മേശയ്ക്ക് ചുറ്റുമായി കിടന്ന ചോറെല്ലാം തൂത്ത് വാരി കളഞ്ഞ് പാത്രവും കഴുകി വച്ച് അമ്മയുടെ അടുക്കൽ ചെന്ന് കിടക്കുമ്പോൾ അമ്മയുടെ തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു. അന്ന് മുതൽ അമ്മയെ തനിച്ചുവിടാൻ പേടിയായത് കൊണ്ട് പിന്നെയുള്ള രാത്രിയിൽ അമ്മയ്ക്കൊപ്പം ആയി കിടത്തം..

പിന്നെയും രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് അവളോട് ചെറുക്കന്റെ വീട്ടുകാരോട് വീട്ടിൽ വരാൻ അമ്മ പറഞ്ഞത്, വന്നവരോട് അമ്മ വീട്ടിലെ അവസ്ഥകൾ എല്ലാം പറഞ്ഞു, പെണ്ണിനെ മാത്രം മതി സ്വർണ്ണവും പണവും ഒന്നും വേണ്ടന്ന് പറയുമ്പോൾ അമ്മയ്ക്ക് അതൊരു ആശ്വാസം ആയിരുന്നു..

ഉള്ളത് എല്ലാം നുള്ളി പെറുക്കിയും, അവിടുന്നും ഇവിടുന്നും കടം വാങ്ങിയും ഞാനും അമ്മയും കൂടി ചെറിയ രീതിയിൽ അവളുടെ കല്യാണം നടത്തി, കല്യാണം കഴിയുമ്പോഴേക്കും നല്ല രീതിയിൽ നമ്മൾ കടത്തിലേക്ക് മുങ്ങി കഴിഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോൾ ആണ് അവൾ വല്യ ബാഗും തൂക്കിപ്പിടിച്ച് വീട്ടിലേക്ക് വരുന്നത്…

“എന്താ മോളെ ബാഗൊക്കെ ആയിട്ട് അവിടെ എന്തെലും പ്രശ്നം ഉണ്ടോ …”

അമ്മയുടെ മനസ്സറിഞ്ഞ് ഞാനാണ് അവളോട് ചോദിച്ചത്….

” ഓ ഞാൻ പിണങ്ങി വന്നത് ഒന്നുമല്ല, അവിടെ എല്ലാവർക്കും കൂടി താമസിക്കാൻ ബുദ്ധിമുട്ട്, പിന്നെ ഏട്ടന് ഇവിടെ നിന്ന് ജോലിക്ക് പോകാൻ ആണ് കുറച് കൂടി എളുപ്പം. എന്തായാലും ഈ വീട് എനിക്ക് തന്നെയാണല്ലോ അപ്പൊ പിന്നെ ഇവിടെ നിന്ന് ആരും ഇറക്കി വിടില്ലല്ലോ…”

അവൾ അത് പറയുമ്പോൾ ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി നിൽക്കുക ആയിരുന്നു, നമ്മളെ ശ്രദ്ധിക്കാതെ അതും പറഞ്ഞവൾ മുറിയിലേക്ക് പോയി. പിന്നെയുള്ള ദിവസങ്ങളിൽ അവരുടെ കളിയും ചിരിയുടെയും ഇടയിൽ ഞാനും അമ്മയും അവർക്ക് ഒരു ബുദ്ധിമുട്ട് ആയത് പോലെ തോന്നി തുടങ്ങി, ഇടയ്ക്ക് ഇടയ്ക്ക് അവളുടെ മുള്ള് വച്ചുള്ള സംസാരവും അവന്റെ അർത്ഥം വച്ചുള്ള നോട്ടവും സഹിക്ക വയ്യാതെ ആയപ്പോൾ വാടകയ്ക്ക് ഒരു വീട് എടുക്കാം എന്ന് ഞാനും അമ്മയും തീരുമാനിച്ചു, ഇതൊന്നും പോരാത്തതിന് ചേച്ചിയെ നിർത്തി അനിയത്തിയെ കെട്ടിച്ചു വിട്ടത്തിൽ നാട്ടുകാരുടെ മുറുമുറുപ്പ് വേറെയും തുടങ്ങി കഴിഞ്ഞിരുന്നു…

വാടകയ്ക്ക് വീട് എടുക്കാൻ തീരുമാനിക്കുമ്പോൾ ആണ് ടീച്ചറായിട്ടുള്ള അപ്പോയിന്മെന്റ് ഓർഡർ കയ്യിൽ കിട്ടുന്നത്, അതും മറ്റൊരു നാട്ടിൽ ആണെന്ന് അറിഞ്ഞപ്പോൾ അതിലേറെ സന്തോഷമായി, എങ്കിലും ജനിച്ചു വളർന്ന വീട്ടിൽ നിന്ന് മാറി താമസിക്കണം എന്നോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ എന്നെക്കാൾ കൂടുതൽ അത് അമ്മയ്ക്ക് ആണ്, കുറച്ച് നാളെങ്കിലും അച്ഛനോത്ത് താമസിക്കാൻ കഴിഞ്ഞ, അച്ഛന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട്ടിൽ നിന്ന് ഇറങ്ങേണ്ട അവസ്‌ഥ, ആ ദുഃഖം പേറിയ അടക്കി പിടിച്ച വിങ്ങൽ എനിക്ക് കേൾക്കാം. എന്നാലും ഒഴിഞ്ഞു കൊടുത്തെ പറ്റുള്ളൂ എത്രപെട്ടെന്നാണ് ജീവിതം മാറി മറിയുന്നത് …

” അതേ ടീച്ചറെ വീടെത്തി….”

കാർ ഡ്രൈവറുടെ ആ ശബ്ദം ചെവിയിൽ പയതിഞ്ഞപ്പോഴാണ് ഞാൻ ചിന്തകിളിൽ നിന്നുണർന്നത്. കണ്ണ് തുറന്ന് നോക്കുമ്പോൾ കാർ ഒരു വീടിന്റെ മുറ്റത്ത് എത്തിയിരുന്നു, എന്റെ തോളിൽ തല ചായ്‌ച്ച് കിടക്കുന്ന അമ്മയെ ഞാൻ തട്ടി വിളിച്ചുണർത്തി…

ഓട് മേഞ്ഞ ചെറിയ ഒരു വീട്, മുറ്റത്തെ പുല്ലൊക്കെ പിഴുത് കളഞ്ഞ് വൃത്തിയാക്കി ഇട്ടിട്ടുണ്ട്, ഒന്നോ രണ്ടോ ഇലച്ചെടികൾ അല്ലാതെ മുറ്റത്ത് മറ്റ്‌ ചെടികളൊന്നും ഇല്ല, ഞാനും അമ്മയും കൂടി വീട് ചുറ്റി കാണുമ്പോൾ മുറ്റത്തേക്ക് ഒരു സ്‌കൂട്ടർ വന്ന് നിന്നു അതിൽ നിന്ന് ഒരു പത്ത് അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന മനുഷ്യൻ ചിരിച്ചുകൊണ്ട് ഇറങ്ങി അടുത്തേക്ക് വന്നു. കണ്ടപ്പോഴേ മനസ്സിലായി അത് ഗോവിന്ദൻ നായർ ആണെന്ന്…

” കുറെ നേരമായോ ടീച്ചറെ വന്നിട്ട്, വീട്ടിൽ കെട്ടിയോൾക്ക് പനിയാണ് അവളേം കൊണ്ട് ആശുപത്രിയിൽ പോയിട്ട് വന്നപ്പോൾ അല്പം താമസിച്ചു പോയ്‌, ഈ സർക്കാർ ആശുപത്രിയിലൊക്കെ ഇപ്പൊ എന്താ തിരക്ക്…”

ഫോണിൽ വിളിച്ചു സംസാരിച്ചപ്പോൾ പോലെ തന്നെ ആൾ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാനും അമ്മയും ഒരു ചിരിയോടെ കേട്ട് നിന്നു..

” ആ ഞാൻ ഇങ്ങനെയ സംസാരിച്ചു തുടങ്ങിയൽ പിന്നെ നിർത്തില്ല, എന്റെ കെട്ടിയോൾ ഇതിനാണ് എപ്പോഴും വഴക്കിടുന്നത്…”

ചിരിച്ചുകൊണ്ട് അതും പറഞ്ഞ് അയാൾ പോക്കറ്റിൽ നിന്ന് വീടിന്റെ താക്കോലെടുത്ത് അമ്മയ്ക്ക് നേരെ നീട്ടി…

” ദേ ഐശ്വര്യമായി വാങ്ങി കയറിക്കോ…”

ഗോവിന്ദൻ നായരുടെ കയ്യിൽ നിന്ന് താക്കോലും വാങ്ങി അമ്മ എന്നെയും കൂട്ടി വാതിൽ തുറന്ന് അകത്തേക്ക് കയറി. നമ്മൾ വീടിന്റെ ഉള്ളിലൊക്കെ ചുറ്റി കറങ്ങി വീണ്ടും ഉമ്മറത്തേക്ക് എത്തുമ്പോഴേക്കും ഗോവിന്ദൻനായരും ഡ്രൈവറും കൂടി കാറിൽ നിന്ന് സാധനങ്ങൾ എടുത്ത് ഉമ്മറത്തേക്ക് വച്ചിരുന്നു…

” ഇത്രയേ ഉള്ളോ സാധങ്ങൾ…”

നമ്മളെ കണ്ടപ്പോൾ സംശയത്തോടെ ഗോവിന്ദൻ നായർ ചോദിച്ചു..

” ഫർണിച്ചറൊക്കെ ഇവിടെ കിടപ്പുണ്ട് എന്ന് പറഞ്ഞത് കൊണ്ട് വേറെ ഒന്നും എടുത്തില്ല, ഇനിയിപ്പോ എന്തെലും വേണമെങ്കിൽ ഇവിടുന്ന് വാങ്ങാല്ലോ…”

ഞാൻ എന്തേലും പറയും മുമ്പേ അമ്മ കയറി പറഞ്ഞു…

“അത് ശരിയാ, എന്തിനാ വെറുതെ വണ്ടിയും വിളിച്ച് എല്ലാം കൊണ്ട് വന്ന് പൈസ കളയുന്നത്, പുതിയ വീട് വച്ചപ്പോൾ മോന് എല്ലാം പുതിയത് വേണം, അത് കൊണ്ട് പഴയത് എല്ലാം ഇവിടെ തന്നെ വച്ചു, കുറെ ആൾക്കാർ വാടകയ്ക്ക് ചോദിച്ചതാ ഞാൻ കൊടുത്തില്ല,ചിലതൊക്കെ വന്നാൽ എല്ലാം നശിപ്പിക്കുമെന്നെ… ഇതിപ്പോ നമ്മുടെ സ്കൂളിലെ ടീച്ചർ ആകുമ്പോൾ നമുക്ക് അങ്ങനെ ഒഴിവാക്കാൻ പറ്റില്ലല്ലോ, ദേ അതാണ് എന്റെ വീട്…”

ഗോവിന്ദൻ നായർ വീടും ചൂണ്ടി കാണിച്ച് വീണ്ടും കഥയുടെ കെട്ട് അഴിച്ചു തുടങ്ങിയപ്പോഴേക്കും കാറും ചാരി നിന്ന ഡ്രൈവർക്ക് ഞാൻ പേഴ്സിൽ നിന്ന് പൈസ കൊടുത്തു. അയാൾ അതും വാങ്ങി തിരികെ പുറപ്പെട്ടപ്പോഴേക്കും ഗോവിന്ദൻ നായർ വീണ്ടും സംസാരം തുടങ്ങി…

” സാധങ്ങളൊക്കെ വാങ്ങാൻ ഇവിടെ ഒരു കടയുണ്ട് വിളിച്ചു പറഞ്ഞാൽ മതി ആള് വീട്ടിൽ കൊണ്ട് തരും സാധങ്ങൾ, ടീച്ചറുടെ കാര്യം ഞാൻ അവിടെ സൂചിപ്പിച്ചിട്ടുണ്ട്…”

അത് പറഞ്ഞ് ഗോവിന്ദൻ നായർ മൊബൈലിൽ നിന്ന് നമ്പർ എടുത്ത് എനിക്ക് നൽകി…

” എന്നാൽ ഞാൻ പോട്ടെ കെട്ടിയോൾക്ക് കഞ്ഞി കൊടുക്കണം, ഞാൻ ഇല്ലേൽ അവൾ ഒന്നും കഴിക്കില്ല…”

അത് പറഞ്ഞ് അയാൾ വണ്ടിക്ക് അരികിലേക്ക് നടന്നു…

” അതെ വൈകുന്നേരം ആകുമ്പോൾ പായസം കിട്ടണം കേട്ടോ, അടുത്ത് ഒന്ന് രണ്ട് വീടുകളെ ഉള്ളു അവർക്ക് കൂടി കൊടുക്കണം ടീച്ചർ ഇവിടെ താമസിക്കുന്നത് അവർ കൂടി അറിയട്ടെ..”

അത് പറഞ്ഞയാൾ വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ ഞാനും അമ്മയും ചിരിച്ചുകൊണ്ട് തലയാട്ടി നിന്നു. ഗോവിന്ദൻ നായർ പോയി കഴിഞ്ഞ് നമ്മൾ രണ്ടും കൂടി സാധനങ്ങളൊക്കെ അകത്തേക്ക് എടുത്ത് വച്ചു, അടുക്കളയിൽ അവർ ഉപയോഗിച്ച എല്ലാം പാത്രങ്ങളും ഉണ്ട് അത് ഉള്ളത് കൊണ്ട് വേറെ വാങ്ങേണ്ട അത് തന്നെ ഒരു ആശ്വാസം. വീട് മൊത്തം വൃത്തിയാക്കി ഇട്ടിട്ടുണ്ട് എങ്കിലും ഞാനും അമ്മയും കൂടി എല്ലാം വീണ്ടും ഒന്ന് കൂടി അടിച്ചു തുടച്ച് വൃത്തിയായി. അത് കഴിഞ്ഞ് ഗോവിന്ദൻ നായർ തന്ന നമ്പറിൽ വിളിച്ച് കുറച്ച് സാധനങ്ങൾ കടയിൽ നിന്ന വരിത്തിപ്പിച്ചു…

ഏതാണ്ട് സമയം സന്ധ്യയ്ക്ക് അടുത്തപ്പോഴാണ് ജോലിയൊക്കെ ഒതുക്കി പായസം വച്ചു കഴിഞ്ഞത്. ആദ്യം ഗോവിന്ദൻ നായർക്ക് കൊടുക്കാം എന്ന് കരുതി ഒരു പാത്രത്തിൽ പായസവും എടുത്ത് ഞാനും അമ്മയും കൂടി അയാളുടെ വീട്ടിലേക്ക് നടന്നു. ഗേറ്റ് തുറന്ന് ചെല്ലുമ്പോൾ സിറ്റൗട്ടിൽ രണ്ട് ഗ്ലാസ്സിലേക്ക് ചായ മാറി മാറി ഒഴിച്ചു തണുപ്പിക്കുന്ന തിരക്കിലാണ് ഗോവിന്ദൻ നായർ അയാൾക്ക് അടുക്കലായി കൈകൾ കൂട്ടി പിടിച്ച് അയാളുടെ ഭാര്യയും ഇരിപ്പുണ്ട്…

” ആ ടീച്ചറെ വാ, എടി ഇതാണ് ആ ടീച്ചറും അമ്മയും…”

നമ്മളെ വീട്ടിലേക്ക് ക്ഷണിച്ച് അയാൾ പറയുമ്പോൾ ആ സ്ത്രീ ഭവ്യതയോടെ എഴുന്നേറ്റു…

” ആ ഇരിക്ക് ഇരിക്ക്, എങ്ങനെയുണ്ട് പനി കുറവുണ്ടോ…”

അമ്മ അതും ചോദിച്ച് അവർക്ക് അരികിലേക്ക് ചെന്നു…

” ഇനി പായസം കിട്ടിയില്ല എന്ന പരാതി വേണ്ട…”

കയ്യിലിരുന്ന പായസം ഞാൻ ഗോവിന്ദൻ നായരെ ഏൽപ്പിച്ചു, അതു വാങ്ങി അവിടെ വച്ച് അയാൾ ഉള്ളിലേക്ക് കയറിപ്പോയി ഒരു സ്പൂണുമായി തിരികെ വന്നു. പായസത്തിന്റെ പാത്രം തുറന്ന് അതിൽ നിന്ന് ഒരു സ്പൂൻ പായസം ആ സ്ത്രീയുടെ വായിൽ വച്ചുകൊടുത്തു…

“ആഹാ അസ്സലായിട്ടുണ്ട്…”

പായസം കുടിച്ചിറക്കുമ്പോൾ അവർ പറഞ്ഞു…

” നിങ്ങളിരിക്ക് ഞാൻ ചായ എടുക്കാം…”

ഒരു സ്പൂൻ പായസം വായിൽ വച്ചുകൊണ്ട് ഗോവിന്ദൻ നായർ അകത്തേക്ക് തിരിഞ്ഞു…

“അയ്യോ ഇപ്പോൾ വേണ്ട പിന്നെ ഒരു ദിവസം ആകാം, നേരം സന്ധ്യയായി ഇത് ബാക്കി ഉള്ളവർക്ക് കൂടി കൊടുക്കട്ടെ…”

അത് പറഞ്ഞ് ഞാൻ വേഗം മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അമ്മയും കൂടെ ഇറങ്ങി…

” എന്നാൽ ഒരു ദിവസം നമുക്ക് ഇവിടെ കൂടാം…”

ഗോവിന്ദൻ നായർ വീണ്ടും ഭാര്യയുടെ അടുക്കൽ വന്ന് അത് പറയുമ്പോൾ നമ്മൾ തിരികെ വീട്ടിലേക്ക് നടന്നു…

ചുറ്റുമുള്ള ബാക്കി രണ്ട് വീട്ടിലും കൊടുത്ത് കഴിഞ്ഞാണ് ആ വീട്ടിലേക്ക് പോയത്, ഉള്ളിലിൽ നിന്ന് കുട്ടികളുടെ സംസാരം കേൾക്കുന്നുണ്ട് പുറത്ത് ആരും ഇല്ലാത്തത് കൊണ്ടാണ് കാളിംഗ് ബെൽ അടിച്ചത്. ബെൽ അടിച്ചു കഴിഞ്ഞപ്പോൾ അഞ്ചാറ് വയസ്സ് പ്രായം തോന്നിക്കുന്ന പെറ്റികോട്ട് ഇട്ട മെലിഞ്ഞ ഒരു പെൺകുട്ടി വാതിലിന്റെ അരികിലേക്ക് വന്നു…

” ആരാ, എന്ത് വേണം…”

രണ്ട് കയ്യും നടുവിന് താങ്ങി ആ പെൺകുട്ടി ചോദിക്കുമ്പോൾ, എനിക്കും അമ്മയ്ക്കും ചിരിയാണ് വന്നത് നമ്മൾ പര്സപരം മുഖത്തോട് മുഖം നോക്കി ചിരി അടക്കി പിടിക്കാൻ ശ്രമിച്ചു..

” മോളുടെ അമ്മയില്ലേ അകത്ത്..”

” എനിക്കതിന് അമ്മയില്ലെന്ന് അറിഞ്ഞൂടെ…”

ഞാൻ ചോദിച്ചു തീരും മുൻപേ വന്ന അവളുടെ ആ മറുപടി അൽപ്പനേരം നമ്മൾ രണ്ടാളെയും നിശബ്ദരാക്കി…

” ആരാ അമ്മു അവിടെ…”

നമ്മൾ മറിച്ച് എന്തേലും ചോദിക്കും മുൻപേ ഉള്ളിൽ നിന്ന് ഒരു പുരുഷന്റെ ശബ്ദം കേട്ടു ഒപ്പം ആളും പുറത്തേക്ക് വന്നു, ഷർട്ട് ഇടാതെ കാവി മുണ്ട് മടക്കി കുത്തി തലയിൽ ഒരു തോർത്തും ചുറ്റി പറത്തേക്ക് വന്നയാൾ നമ്മളെ കണ്ടപ്പോൾ പെട്ടെന്ന് തോർത്ത് അഴിച്ച് തോളിലേക്ക് ഇട്ടു..

” ഞങ്ങൾ അവിടെ വന്ന പുതിയ താമസക്കാർ ആണ്…”

അമ്മയാണ് അത് പറഞ്ഞത്…

” ആ ഗോവിന്ദേട്ടൻ പറഞ്ഞിരുന്നു, പുതിയ ടീച്ചർ വരുന്ന കാര്യം,.. ഞാനും അതേ സ്കൂളിൽ ആണ്…”

അയാൾ അത് പറയുമ്പോൾ ഞാൻ ഒന്ന് ചിരിച്ചു.

” ഇതാ കുറച്ച് പായസം…”

എന്റെ കയ്യിൽ ഇരുന്ന പാത്രം വാങ്ങി അമ്മ അയാൾക്ക് നേരെ നീട്ടി…

” ഹായ് എനിക്കും വേണം പായസം…”

അത് പറഞ്ഞ് ഉള്ളിൽ നിന്ന് മറ്റൊരു പെൺകുട്ടിയും പുറത്തേക്ക് വന്നു, രണ്ടും ഇരട്ടകൾ ആണെന്ന് കണ്ടപ്പോൾ മനസ്സിലായി…

” ചൂടാണ്, അത് അകത്ത് കൊണ്ട് പോയി വയ്ക്ക് അമ്മു, അച്ഛൻ എടുത്ത് തരാം..”

അയാൾ മക്കളെ ശാസിച്ചപ്പോൾ അവർ പാത്രവും ആയി അകത്തേക്ക് നടന്നു…

” അച്ഛാ അച്ഛന്റെ കറി ഇന്നും കരിഞ്ഞെന്ന തോന്നുന്നെ….”

ഉള്ളിൽ നിന്ന് വീണ്ടും ശബ്ദം പുറത്തേക്ക് വന്നപ്പോൾ അയാൾ അറിയാതേ തലയിൽ കൈ വച്ചു…

” അയ്യോ അടുപ്പിൽ കറിയുണ്ട്, എന്നാൽ നമുക്ക് പിന്നെ വിശദമായി പരിചയപ്പെടാം…”

അത് പറഞ്ഞ് മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അയാൾ അകത്തേക്ക് പോയപ്പോൾ ഞാനും അമ്മയും ചിരിച്ചുകൊണ്ട് തിരികെ നടന്നു. വീട്ടിലേക്ക് നടക്കുമ്പോൾ നമ്മുടെ സംസാരം ആ കുട്ടികളെ കുറിച്ചയിരുന്നു,അവരുടെ അമ്മയ്ക്ക് എന്ത് പറ്റിയത് ആകും എന്ന ചിന്തയും നമ്മളിൽ വന്നിരുന്നു..

എന്നത്തേയും പോലെ പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് തന്നെ അമ്മ എഴുന്നേറ്റു…

” കുറച്ചു കൂടി കിടക്ക് അമ്മേ.. ആർക്കും എങ്ങും പോണ്ടല്ലോ…”

എഴുന്നേറ്റ അമ്മയോട് അത് പറയുമ്പോൾ അമ്മ അത് കേൾക്കാതെ അടുക്കളയിലേക്ക് നടന്നു, കുറച്ച് നേരം കൂടി കഴിഞ്ഞാണ് ഞാൻ എഴുന്നേറ്റത്,അല്ലേലും അമ്മയെ തനിച്ച് അടുക്കളയിലേക്ക് വിടുന്നത് എനിക്കിഷ്ടമല്ല…

ഞാൻ ചെല്ലുമ്പോഴേക്കും അമ്മ കട്ടൻ ചായ തിളപ്പിച്ചു വച്ച് ഒരു ഗ്ലാസ് കട്ടൻ ചായയുമായി അടുക്കള വാതിലിൽ ഇരുന്ന് കുടിച്ച് തുടങ്ങി, ഈ കട്ടൻ ചായയിൽ ആണ് അമ്മയുടെ ദിവസം ആരംഭിക്കുന്നത്, പണ്ടൊക്കെ ഒരു കട്ടൻ ചായയിൽ തന്നെയാണ് അമ്മ ഉച്ചവരെ പിടിച്ചു നിന്നിരുന്നതും…

ഒരു ഗ്ലാസ്സിൽ കട്ടൻ ചായ പകർന്ന് അമ്മയ്ക്ക് അരികിലേക്ക് നടക്കുമ്പോൾ അടുത്ത വീട്ടിലെ അടുക്കളയിൽ വെളിച്ചം കണ്ടു, അടുക്കളയിൽ ഓരോ ജോലി എടുക്കുന്ന അയാളെ ജന്നലിൽ കൂടി കണ്ടപ്പോൾ അതും നോക്കി നിന്ന് പോയി, അത് കഴിഞ്ഞ് മുറ്റമടിക്കുകയും, കുട്ടികളുടെ പുറകെ ഓടി അവരെ കുളിപ്പിക്കുകയും, സ്കൂളിലേക്ക് കൊണ്ട് പോകാൻ ഒരുക്കുകയും ചെയ്യുന്ന അയാളെ കണ്ടപ്പോൾ മനസ്സിൽ ഒരു ബഹുമാനമാണ് തോന്നിയത്…

” ഞാൻ സ്കൂൾ വരെ പോയിട്ട് വരാം അമ്മേ.. നാളെ മുതൽ ജോയിൻ ചെയ്യാം…”

അത് പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സമയം പതിനൊന്നിനോട് അടുത്തിരുന്നു. വീട്ടിൽ നിന്ന് കുറച്ച് ദൂരമുള്ള സ്കൂളിലേക്ക് നടന്നാണ് പോയത്, സ്കൂളിലെ ഹെഡ് മാസ്റ്ററുടെ മുറിയിലെ വാതിലിൽ മുട്ടി അകത്തേക്ക് കയറുമ്പോൾ, കട്ടി മീശയും വല്യ ഫ്രെയിമുള്ള കണ്ണട വച്ച ആളിനെ കണ്ടപ്പോൾ തന്നെ ആദ്യമായി സ്കൂളിൽ വരുന്ന കുട്ടിയെ പോലെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തത് തുടങ്ങി…

” സാർ, ഞാൻ ഗ്രീഷ്മ പുതിയ ടീച്ചർ ആയിട്ട് അപ്പോയിന്മെന്റ് ചെയ്തത്..,”

വിനയത്തോടെ പറഞ്ഞ് കയ്യിൽ ഉണ്ടായിരുന്ന ലെറ്റർ സാറിനെ ഏൽപ്പിച്ചു..

” ആ ഗ്രീഷ്മ… ഇരിക്കു, ഇന്നലെ എത്തിയല്ലേ വീടും നടുമൊക്കെ ഇഷ്ടമായോ…”

ഞാൻ ഇരുന്നപ്പോഴേക്കും സർ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു കഴിഞ്ഞിരുന്നു…

” ആ കുഴപ്പമില്ല, എല്ലാം ഇഷ്ടമായി…”

അപ്പോഴും എന്റെ വാക്കുകളിൽ ചെറിയ ഭയം ഉണ്ടായിരുന്നു..

” ഇപ്പോൾ ഇന്റർവെൽ ആകും വാ നമുക്ക് സ്റ്റാഫ് റൂമിൽ പോയി എല്ലാവരെയും ഒന്ന് പരിചയപ്പെടാം…”

സർട്ടിഫിക്കറ്റ് എല്ലാം നോക്കി കഴിഞ്ഞ് സർ എന്നോട് പറയുമ്പോൾ ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു, അപ്പോഴേക്കും ഇന്റർവെല്ലിനുള്ള മണി മുഴങ്ങി കഴിഞ്ഞു, സാറിനൊപ്പം ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ സ്കൂൾ മുറ്റം നിറയെ കുട്ടികൾ ഓടി കളിച്ചു തുടങ്ങിയിരുന്നു. സ്റ്റാഫ് റൂമിലേക് ചെന്നപ്പോൾ ആറേഴ് അദ്ധ്യാപകർ ഉണ്ട് സാർനെ കണ്ടപ്പോൾ എല്ലാവരും എഴുന്നേറ്റു. അദ്ദേഹം ഓരോരുത്തരെ ആയിട്ട് എനിക്ക് പരിചയപ്പെടുത്തി തന്നു, സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് അയാൾ അവിടേക്ക് വന്നത്….

” ആ ടീച്ചറേ ഇത്‌ രവി മാഷ്..മാഷേ ഇത് പുതിയ ടീച്ചർ പേര് ഗ്രീഷ്മ…”

സർ എനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നു…

” ടീച്ചർ എന്റെ അയൽവാസി ആണ് സാറേ, കഴിഞ്ഞ ദിവസം നമ്മൾ കണ്ടിരുന്നു കറി വയ്ക്കുന്ന തിരക്ക് കാരണം കൂടുതൽ പരിചയപ്പെടാൻ കഴിഞ്ഞില്ല…”

രവി മാഷ് ചിരിച്ചുകൊണ്ട് പറയുമ്പോൾ ഞാനും സാറും കൂടെ ചിരിച്ചു, എനിക്ക് ആശംസകൾ പറഞ്ഞ് മാഷ് പോകുമ്പോൾ ഞാനും വീട്ടിലേക്ക് നടന്നു. വീട്ടിൽ ചെല്ലുമ്പോൾ തന്നെ ഉമ്മറത്ത് അമ്മ ഇരിപ്പുണ്ട്…

” എന്തായി മോളെ…”

” നാളെ മുതൽ ജോയിൻ ചെയ്യാം അമ്മാ, എല്ലാവരും നല്ല സ്നേഹമുള്ള ആൾക്കാർ ആണ്….”

അത് പറയുമ്പോൾ അമ്മയുടെ മുഖത്തും ഒരു ആശ്വാസം വിരിയുന്നത് ഞാൻ കണ്ടു…

” ആ മോളെ അപ്പുറത്തെ വീട്ടിലെ സാറിന്റെ ഭാര്യ മരിച്ചു പോയതാ…”

ഉച്ചയ്ക്ക് ചോർ കഴിക്കുമ്പോൾ ആണ് അമ്മ അത് പറഞ്ഞത്…

” അമ്മയോട് ആരാ പറഞ്ഞത്…”

” ആ ഗോവിന്ദൻ നായര് വന്നിരുന്നു, അയാൾ പറഞ്ഞതാ,, മൂന്ന് വർഷമേ അവർ ഒരുമിച്ചു തമാസിച്ചിരുന്നുള്ളൂത്രേ, രണ്ടും വല്യ സ്നേഹത്തിൽ ആയിരുന്നു, ആ കൊച്ച് മരിച്ചു കഴിഞ്ഞ് കുറെ നാൾ ആരോടും മിണ്ടതെയും പുറത്ത് പോകതേയും വീടിനുള്ളിൽ തന്നെ ആയിരുന്നു, കുട്ടികളെ സ്കൂളിൽ ആക്കി കഴിഞ്ഞപ്പോൾ ആണ് വീണ്ടും ജോലിക്ക് പോയി തുടങ്ങിയത്… പാവം രണ്ട് നല്ല സുന്ദരികുട്ടികൾ…..”

ഒരു ദീര്ഘനിശ്വാസത്തോടെ അമ്മ അത് പറഞ്ഞവസാനിപ്പിക്കുമ്പോൾ കാരണമില്ലാതെ ഒരു ദുഃഖം എന്റെ ഉള്ളിലും രൂപപ്പെട്ട് തുടങ്ങി. വൈകുന്നേരം സ്കൂൾ കഴിഞ്ഞ് മാഷും കുട്ടികളും വരുമ്പോഴും, അവിടത്തെ കളി ചിരികളും ഞാൻ ശ്രദ്ധിച്ചിരുന്നു…

പിറ്റേന്ന് രാവിലെ സ്കൂളിൽ പോകുന്ന വഴിക്ക് അമ്പലത്തിൽ കയറി പ്രാർത്ഥിച്ചിരുന്നു, ആ പ്രാർത്ഥനയിൽ അറിയാതെ എങ്കിലും ആ രണ്ട് കുട്ടികളുടെ മുഖവും എന്റെ മനസ്സിൽ തെളിഞ്ഞു വന്നത് എന്തിനാകുമെന്ന് ആലോചിച്ച് നടക്കുമ്പോൾ എന്റെ മുന്നിൽ കൂടി മാഷും കുട്ടികളും ബൈക്കിൽ പോകുന്നത് കണ്ടു, പിറകിൽ ഇരുന്നയാൾ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുമ്പോൾ ഞാനും ചിരിച്ചുകൊണ്ട് കൈ വീശി കാണിച്ചു…

ഒന്നാം ക്ലസിലേക്ക് പോകുമ്പോൾ ആ കുറുമ്പികൾ രണ്ടും ആദ്യ ബഞ്ചിൽ തന്നെ ഇരിപ്പുണ്ടായിരുന്നു, വീട്ടിലെപോലെ വല്യ കുറുമ്പ് ക്ലാസ്സിൽ കാണിക്കാതെ ഇരുന്നപ്പോൾ മാഷ് നല്ലൊരു അച്ഛനാണെന്നു കൂടി എന്റെ മനസ്സ്‌ പറഞ്ഞു…

ഉച്ചയ്ക്ക് സ്റ്റാഫ് റൂമിൽ എല്ലാവരും കൂടി ഇരുന്ന് കഴിക്കുമ്പോൾ മാഷ് കുട്ടികളെയും കൂട്ടി വന്നു, രണ്ടാളെയും മേശപ്പുറത്ത് കയറ്റി ഇരുത്തി ബാഗിൽ നിന്ന് പ്ളേറ്റ് എടുത്ത് അതിലേക്ക് കൊണ്ട് വന്ന ചോർ ഇട്ടപ്പോൾ രണ്ടുപേരും അതിൽ നിന്ന് കഴിച്ചു തുടങ്ങി…

” മാഷേ ഇന്നെന്താ കറി…മാമ്പഴ പുളിശ്ശേരി ഉണ്ടോ…”

സരിത ടീച്ചർ അത് ചോദിച്ചപ്പോൾ ചോറിൽ കുറച്ച് കറി ഒഴിച്ച് ബാക്കി കറി പാത്രം ടീച്ചർക്ക് നേരെ നീട്ടി, ടീച്ചർ അത് വാങ്ങി ചോറിൽ ഒഴിക്കുമ്പോൾ അടുത്തയാൾ കൈ നീട്ടി ആ കറി പാത്രം വാങ്ങി…

” കേട്ടോ ടീച്ചറെ സാറിന്റെ മാമ്പഴ പുളിശ്ശേരി, ഹോ ഒരു രക്ഷയും ഇല്ലാട്ടോ…”

സരിത ടീച്ചർ എന്നോട് പറയുമ്പോൾ ഞാനൊന്നു ചിരിച്ചു, സരിത ടീച്ചർ തന്നെയാണ് അല്പം കറി എന്റെ ചോറ്റിലേക്ക് ഒഴിച്ചു തന്നതും, മാഷ് നല്ലൊരു പാചകക്കാരൻ കൂടി ആണെന്ന് എനിക്കന്ന് മനസ്സിലായി..

പിന്നെയും ദിവസങ്ങൾ കടന്ന് പോകുമ്പോൾ മാഷിനെ കുറിച്ച് കൂടുതൽ അറിയുമ്പോൾ എന്റെ മനസ്സിൽ എവിടെയോ ഞാൻ പോലും അറിയാതെ മഷിനോടൊരിഷ്ടം ഉടലെടുത്തത് തുടങ്ങിയിരുന്നു…

പിന്നെയൊരു ദിവസം രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങുമ്പോൾ ആണ് വഴിയരികിൽ മക്കളെയും കൊണ്ട് നിൽക്കുന്ന മാഷിനെ കണ്ടത്…

” ടീച്ചറെ വിരോധം ഇല്ലെങ്കിൽ ഇവരെ കൂടി സ്കൂളിലേക്ക് ആകുമോ ഞാൻ ഇന്ന് ലീവാണ്…”

ഒരേ സ്‌കൂളിലും അയൽവാസികളും ആണെങ്കിലും അന്നാണ് മാഷ് എന്നോട് ആദ്യമായി സംസാരിക്കുന്നത്…

” അതിനെന്താ മാഷേ, അല്ല എന്തുപറ്റി എന്താ ലീവ്…”

” ചെറിയ ഒരു പനി, വച്ചോണ്ടിരിക്കാതെ ആശുപത്രിയിൽ കാണിക്കാം എന്ന് കരുതി…”

” അയ്യോ ഞൻ ഒരു ബുക്ക് എടുക്കാൻ മറന്നു ഒരു മിനിറ്റ് മാഷേ…”

ബാഗും തപ്പി അതും പറഞ്ഞ് ഞാൻ വീട്ടിലേക്ക് ഓടി കയറി, അടുക്കളയിൽ ചെന്ന് ഒരു പാത്രം എടുത്ത് ബാഗിൽ തിരുകി വച്ചു…

” നിനക്ക് എന്തിനാ പാത്രം…”

പുറകിൽ നിന്ന് അമ്മയുടെ ശബ്ദം ഉയർന്നു…

” ആ അത് വേണം, പിന്നെ ആ മാഷിന് പനി ആണെന്ന് പറഞ്ഞു അമ്മ ഇടയ്ക്ക് ഒന്ന് ശ്രദ്ധിച്ചേക്കണേ….”

അത് പറഞ്ഞ് വേഗം വീട്ടിൽ നിന്ന് ഇറങ്ങി കുട്ടികളെയും കൂട്ടി സ്കൂളിലേക്ക് നടന്നു, ക്ലാസ്സിൽ നിൽക്കുമ്പോൾ മാത്രമല്ല ഇടയ്ക്കൊക്കെ ഞാൻ ക്ലാസ്സിൽ ചെന്ന് കുട്ടികളെ ശ്രദ്ധിക്കാൻ മറന്നില്ല, അന്ന് ഉച്ചയ്ക്ക് ചോർ കഴിക്കുമ്പോൾ കുട്ടികളെ സ്റ്റാഫ് റൂമിൽ കൂട്ടികൊണ്ട് വന്ന ബാഗിൽനിന്ന് പ്ളേറ്റ്‌ എടുത്ത് അതിലേക്ക് ചൊറിട്ട് രണ്ടാൾക്കും കൊടുത്തു…

” എന്താ ടീച്ചറെ, മാഷിന്റെ മക്കളെ ഏറ്റെടുത്തോ…”

കൈകഴുകുമ്പോൾ ആണ് സരിത ടീച്ചർ അത് ചോദിച്ചത്. ഞാനൊന്ന് ചിരിച്ചതെയുള്ളൂ..

” കുറച്ചായി ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, മാഷ് നല്ലൊരു മനുഷ്യൻ ആണ് ടീച്ചറേ, വേണേൽ ഞങ്ങൾ തന്നെ മഷിനോട് സംസാരിക്കാം…”

” ആദ്യം അമ്മയോട് ഒന്ന് സൂചിപ്പിക്കട്ടെ ടീച്ചറേ, അമ്മയെ പിണക്കി എനിക്ക് ഒന്നും വേണ്ട…”

ഞാനത് പറയുമ്പോൾ ടീച്ചർ ഒന്ന് തലയാട്ടി. വൈകുന്നേരം കുട്ടികളെയും കൂട്ടി തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ അവർ എന്നോട് ഒരുപാട് അടുത്ത് കഴിഞ്ഞിരുന്നു. വീട്ടിൽ ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ മാഷ് ഇരിപ്പുണ്ട്…

” പനി കുറവുണ്ടോ മാഷേ…”

” ആ കുറവുണ്ട്, ഇവർ ടീച്ചറേ ബുദ്ധിമുട്ടിപ്പിച്ചോ…”

” ഏയ്‌ ഇല്ലച്ഛ… ടീച്ചറാ നമുക്ക് ഉച്ചയ്ക്ക് ചോർ എടുത്ത് തന്നത്…”

എനിക്കും മുന്നേ അമ്മു കയറി പറയുമ്പോൾ ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് തിരിച്ചു നടന്നു…

” അമ്മാ എനിക്കൊരു കാര്യം പറയാനുണ്ട്….”

അന്ന് ഉറങ്ങാൻ കിടക്കുമ്പോഴാണ് അമ്മയോട് അത് പറഞ്ഞത്…

” മാഷിന്റെ കാര്യമാണോ…”

എന്റെ പരുങ്ങൽ കണ്ടാകും അമ്മ അത് പറഞ്ഞത്, അമ്മ അത് പറയുമ്പോൾ ഞാനൊന്നു മൂളിയതെ ഉള്ളൂ…

” ഞാൻ ഉച്ചയ്ക് അവിടെ പോയിരുന്നു, നല്ലൊരു മനുഷ്യൻ, ഒറ്റയ്ക്ക് ആയി പോയവരുടെ വേദന നമുക്ക് ആരും പറഞ്ഞു തരണ്ടല്ലോ മോളെ,,, മോള് മഷിനോട് സംസാരിച്ചോ….”

” ഇല്ല….”

” ആദ്യം സംസാരിക്ക് എന്നിട്ട് നമുക്ക് കിനാവ് കാണാം…”

അമ്മ അത് പറയുമ്പോൾ വയറിലൂടെ കൈ ഇട്ട് അമ്മയെ ചേർത്ത് പിടിച്ച് കിടന്നു..

പിറ്റേന്ന് രാവിലെ നേരത്തേ റെഡിയായി അമ്മയോട് യാത്ര പറഞ്ഞ് മാഷിന്റെ വീട്ടിലേക്ക് നടന്നു. ഞാൻ ചെല്ലുമ്പോൾ മാഷ് കുട്ടികളെ ഒരുക്കുന്ന തിരക്കിലാണ്.

” ടീച്ചറേ ഈ മുടി ഒന്ന് കെട്ടി തരുമോ…”

എന്നെ കണ്ടപ്പോഴേക്കും ആമി പുറത്തേക്ക് ഇറങ്ങി വന്നു..

” എനിക്കും…”

ആമിയുടെ പുറകെ അമ്മുവും എത്തി…

” അതൊകെ ഞാൻ കെട്ടി തരാം..”

ഉള്ളിൽ നിന്ന് മാഷ് പുറത്തേക്ക് ഇറങ്ങി വരുമ്പോഴേക്കും ഞാൻ ആമിയുടെ തലമുടി കെട്ടി തുടങ്ങി…

” എനിക്ക് എന്നും കുട്ടികളുടെ അമ്മയായി ഇവിടെ നിൽക്കാനുള്ള അവസരം തന്നൂടെ മാഷേ…”

കുട്ടികളുടെ ബാഗും പിടിച്ച് മുറ്റത്തേക്ക് ഇറങ്ങും മുൻപേ മാഷിന്റെ കണ്ണുകളിൽ നോക്കി പറയാനുള്ള ധൈര്യം എവിടുന്ന് കിട്ടിയെന്ന് എനിക്ക് അറിയില്ലായിരുന്നു…

” ടീച്ചർ ആണോ ഇനി നമ്മുടെ അമ്മ…”

അമ്മു നിഷ്കളങ്കമായി ചോദിക്കുമ്പോൾ ” ടീച്ചറമ്മ..” ആമി മെല്ലെ അങ്ങനെ വിളിച്ചു, അത് അമ്മുവും ഏറ്റുപിടിച്ചു…

കുട്ടികളെയും ചേർത്ത് പിടിച്ച് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ഞാൻ ഒന്ന് കൂടി തിരിഞ്ഞു നോക്കി, ഞങ്ങളെയും നോക്കി ഉമ്മറത്ത് തന്നെ മാഷ് നിൽപ്പുണ്ട്, ആ കണ്ണുകളിലെ തിളക്കവും മുഖത്തെ ചിരിയും കണ്ടപ്പോൾ ഇനി ജീവിതകാലം മൊത്തം അത് മായാതെ നിൽക്കണെയെന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചുപോയി, കള്ളചിരിയോടെ മാഷ് എന്നെ കണ്ണിറുക്കി കാണിക്കുമ്പോൾ എന്റെ മുഖത്തും അന്ന് ആദ്യമായി നാണം വിരിഞ്ഞു….

✍️ശ്യാം…