അവളുടെ ചോദ്യത്തിന് എന്തെങ്കിലും മറുപടി പറയും മുൻപേ അടുത്ത് നിന്നിരുന്നവൻ ചാടിക്കയറി ചോദിച്ചു….

ധ്വനി  ❤❤

Story written by Bindhya Balan

===============

‘ദൈവമേ…ഇത്‌ അവളല്ലേ…… ‘

ജിമ്മിൽ പോയി വെയിറ്റ് എടുത്ത് സാമാന്യം നല്ല രീതിക്കൊന്നു നടു വെട്ടിയപ്പോ, ഡോക്ടർ എഴുതി തന്ന പ്രകാരം കുത്തിവയ്‌പ്പെടുക്കാൻ ഇഞ്ചക്ഷൻ റൂമിലെ ബെഡിൽ കമിഴ്ന്നു കിടന്ന് വേദന തിന്നുന്നതിനിടയ്ക്കാണ്  ഇഞ്ചക്ഷൻ എടുക്കാനുള്ള സിറിഞ്ചും നീഡിലും മരുന്നുമൊക്കെയായി മുറിയിലേക്ക് കയറി വരുന്ന നേഴ്സിനെ  ഞാൻ ശ്രദ്ധിച്ചത്.

കണ്ടതും കണ്ണിലൊക്കെ ഇരുട്ട് കയറുന്നത് പോലെ തോന്നിയെനിക്ക്. വേദനയൊക്കെ ദേഹത്ത് നിന്നിറങ്ങി ഓടി. അവൾ മുറിക്കകത്തേക്ക് കയറി, കയ്യിലിരുന്ന ട്രേ മേശപ്പുറത്തു വച്ചിട്ട് സിറിഞ്ചിൽ മരുന്ന് നിറയ്ക്കുന്നതും നോക്കി കിടന്നു കൊണ്ട്, അടുത്ത് നിന്ന കൂട്ടുകാരനെ മെല്ലെ തോണ്ടി ഞാൻ.

“എന്താടാ..വേദന കൂടിയോ..സാരമില്ല ഇഞ്ചക്ഷൻ എടുത്തു കഴിഞ്ഞാൽ മാറും.. “

എന്റെ ദയനീയമായ കിടപ്പ് കണ്ട് എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അവൻ അവളോട്‌ ചോദിച്ചു

“സിസ്റ്ററേ ഇഞ്ചക്ഷൻ കഴിഞ്ഞാൽ പോകാല്ലോ അല്ലേ.. “

“ആ..ഇഞ്ചക്ഷൻ കഴിഞ്ഞൊരു അരമണിക്കൂർ കൂടി കിടക്കണം. എന്നിട്ട് പോകാം “

അവളുടെ സ്വരം.

ഈശ്വരാ..ലോകത്തു ഇത്രയും ഗതി കെട്ടവൻ വേറെ ആരെങ്കിലും ഉണ്ടാകുമോ എന്ന് സിനിമയിൽ ജയസൂര്യ ചോദിക്കുന്നത് പോലെ മനസ്സിൽ ചോദിച്ചങ്ങനെ കിടക്കുമ്പോൾ ആണ്, അടുത്ത് നിൽക്കുന്ന അലവലാതി പറയുന്നത്

“അളിയാ നിന്റെയൊരു യോഗം നോക്കണേ…ഇഞ്ചക്ഷൻ എടുക്കുന്നത് അപ്സരസിനെപ്പോലൊരു പെണ്ണ്..അതും നിന്റെയീ അവിഞ്ഞ ചന്തിക്ക്….”

“പോടാ തെ ണ്ടി.. “

ഞാൻ പല്ല് ഞെരിച്ചു. പിന്നെ അവനോട് സ്വകാര്യം പറയുന്നത് പോലെ പറഞ്ഞു

“ഡാ..എനിക്കിപ്പോ ഇഞ്ചക്ഷൻ വേണ്ട എന്ന് അതിനോട് ഒന്ന് പറയെടാ..ആ മരുന്ന് ദേ എന്റെ വയ്ക്കകത്തേക്ക് ഒഴിച്ച് തന്നാ മതി ഞാൻ കുടിച്ചോളാന്ന് പറയ്..പ്ലീസ് “

“ഇത് കുടിക്കാൻ ഉള്ള മരുന്നല്ല..കുത്തിവയ്ക്കാൻ ഉള്ളതാണ്…ഓരോ രോഗത്തിനും എന്ത് മരുന്ന് എങ്ങനെ എപ്പോൾ എന്നൊക്കെ തീരുമാനിക്കാൻ ഡോക്റ്റേഴ്സും ഞങ്ങൾ നേഴ്സുമാരും ഉണ്ട് ഇവിടെ..പേഷ്യന്റിന്റെ അഭിപ്രായം വേണ്ട..താനേ ആ ജീൻസിന്റെ സിബ് അഴിച്ചിട്ടു മിണ്ടാതെ കമിഴ്ന്നു കിടന്നേ.. “

ഞാൻ അവനോട് പറഞ്ഞതിന് മറുപടി അവളിൽ നിന്നാണ് ഉണ്ടായത്. ഒരു കീഴടങ്ങലല്ലാതെ എനിക്ക് മറ്റ് പോംവഴികൾ ഇല്ലെന്നു ഉറപ്പായതോടെ ജീൻസിന്റെ ബട്ടൺ അഴിച്ച്, ജീൻസും ഇന്നറും കൂടി കൂട്ടിപ്പിടിച്ചു താഴ്ത്തി ഞാൻ കണ്ണടച്ചു.

‘എന്ത് വിധിയിത്..വല്ലാത്ത ചതിയിത്..ഓർക്കാപ്പുറത്തെന്റെ പിന്നീന്നൊരടിയിത് ‘ എന്ന ബി ജി എമ്മിൽ മനസും ശരീരവും ഒരുപോലെ തളർന്നങ്ങനെ കിടക്കുമ്പോൾ
അവൾ പഞ്ഞി കൊണ്ട് അവിടം തടവുന്നതും സൂചി കുത്തിയിറക്കുന്നതും, നീഡിൽ വലിച്ചെടുത്തു വീണ്ടും പഞ്ഞി കൊണ്ട് തിരുമ്മുന്നതും ഒന്നും ഞാൻ അറിഞ്ഞില്ല..

ഇഞ്ചക്ഷൻ എടുപ്പോക്കെ കഴിഞ്ഞു പിന്നെയും അരമണിക്കൂർ അവിടെ കിടന്നതിന് ശേഷം ഫാർമസിയിൽ നിന്നു പുരട്ടാനുള്ള ഓയിന്മെന്റ് ഒക്കെ വാങ്ങി തിരിയുമ്പോൾ ആണ് വീണ്ടും അവളെ കണ്ടത്. ഒരളിഞ്ഞ ചിരിയോടെ അവളെ നോക്കിയങ്ങനെ നിൽക്കുമ്പോൾ അവൾ അടുത്തേക്ക് വന്നിട്ട് ചോദിച്ചു

“പെയിൻ കുറവുണ്ടോ “

“മ്മ്മ്..ഉണ്ട്.. “

ചമ്മിയ മുഖത്തോടെ ഞാൻ പറഞ്ഞു. എന്റെ മുഖത്തെ വിളർച്ചയും പിന്നെ അടപടലം തേഞ്ഞൊട്ടിയുള്ള  എന്റെ നിൽപ്പും കണ്ട് ചിരിയമർത്തിപ്പിടിച്ച്‌  അവൾ ചോദിച്ചു

“വൈഫ്‌ എന്തിയെ… കുട്ടികൾ ആയോ “

“… അല്ല സിസ്റ്റർ അറിയോ ഇവനെ.. “

അവളുടെ ചോദ്യത്തിന് എന്തെങ്കിലും മറുപടി പറയും മുൻപേ അടുത്ത് നിന്നിരുന്നവൻ ചാടിക്കയറി ചോദിച്ചു. എന്റെ മുഖത്ത് നോക്കിയൊരു ചിരിയോടെ അതെയെന്ന് തലയാട്ടിയിട്ടു അവളെന്നോട് പറഞ്ഞു

“നമ്മൾ തമ്മിൽ എങ്ങനെയാ പരിചയമെന്ന് ഇയാള് തന്നെ പറയ് കൂട്ടുകാരനോട് “

“ഏഹ്..അപ്പോ ഏതാണ്ട് കാര്യമായിട്ട് ഉണ്ടല്ലോ..എന്താടാ കാര്യം..നീ എന്തെങ്കിലും തോന്നിവാസം ഒപ്പിച്ചോ ഇതിന്റെയടുത്ത്.. “

അവൻ എന്നെ നോക്കി കണ്ണുരുട്ടി ചോദിച്ചു.

“ഒന്ന് മിണ്ടാതിരിയെടാ മ.. മ..അല്ലേൽ അത് വേണ്ട..മത്തങ്ങാത്തലയാ. ഹോസ്പിറ്റൽ ആണെന്ന് നോക്കൂല്ല ഞാൻ…പറഞ്ഞേക്കാം.. “

ഞാൻ അവനെ നോക്കി പല്ല് കടിച്ചു.

“ശരി..ശരി..അത്‌ കൂട്ടുകാരനോട് സൗകര്യം പോലേ പറയ്.. ഞാൻ പോകുന്നു.. എനിക്ക് ഡ്യുട്ടി ഉണ്ട്.. .കാണാം ഇനീം “

ഒരു ചിരിയോടെ അവളതും പറഞ്ഞ് നടന്നകന്നതും ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു ഞാൻ

===============

“ടാ അളിയാ..പറയെടാ..നിനക്ക് ആ പെണ്ണിനെ എങ്ങനെ അറിയാം “

ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് അവൻ പിന്നെയും അവളെക്കുറിച്ചു ചോദിച്ചത്.

“ഞാൻ പറയാം. പക്ഷെ നീയെന്നെ അതും വച്ച് പിന്നെ ആക്കരുത്.. “

ഞാൻ അവനോട് പറഞ്ഞു

“ഇല്ലെടാ..നീ പറയ്.. “

അവൻ സ്റ്റിയറിങ് തിരിച്ചു കൊണ്ട് പറഞ്ഞു.

“അത് പിന്നെ.. രണ്ട് കൊല്ലം മുൻപ് ഞാൻ..ഞാനവളെയൊന്നു പെണ്ണ് കാണാൻ പോയാരുന്നു.. “

മടിച്ചു മടിച്ചു ഞാൻ പറഞ്ഞു നിർത്തിയതും സഡൻ ബ്രെക്കിട്ട് അവൻ വണ്ടി നിർത്തിയതും ഒരുമിച്ചായിരുന്നു. ഒരു സെക്കന്റ്‌ ഒന്ന് ഞെട്ടിയിരുന്നിട്ട് അവനൊരൊറ്റ ചിരിയായിരുന്നു. ചിരിയെന്നു പറഞ്ഞാൽ, ലേ ഫ്രണ്ട്സ് സിനിമയിൽ മ്മടെ ശ്രീനിവാസന്റെ ഒരു ചിരിയുണ്ടല്ലോ..ഏതാണ്ട് അതേപോലെ.

“ചിരിക്കാതെടാ തെണ്ടി “

അവന്റെ ചിരിയിലേക്ക് നോക്കി ദയനീയമായി ഞാൻ പറഞ്ഞു.

ഒരു വിധം ചിരിയമർത്തി അവൻ ചോദിച്ചു

“ഏത്..നിനക്ക് കൃഷ്ണയുമായി അഫേർ ഉണ്ടായിരുന്ന സമയത്ത് ഒരിക്കൽ പെണ്ണ് കാണാൻ പോയ കുട്ടി ആണോ..നിനക്ക് ചായ കൊണ്ട് തന്നിട്ടും നീ അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല എന്നൊക്കെ നിന്റെ അമ്മ പറഞ്ഞ സംഭവം..ആണോടാ “

“മ്മ്.. അത് തന്നെ അളിയാ “

“അടിപൊളി…എനിക്ക് അവളുടെ മുഖവും കാണണ്ട..എന്റെ മുഖം അവളും കാണണ്ട എന്നൊക്കെ പറഞ്ഞ് മസില് പിടിച്ച് അന്ന്  ഇറങ്ങി പോന്നത്, ഇന്നിപ്പോ അവളെ ഇങ്ങനെ നിന്റെ പിന്നാമ്പുറം കാണിക്കാൻ ആയിരുന്നല്ലേ  ” 

ചിരി സഹിക്കാൻ വയ്യാതെ കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയ്ക്ക് അവനങ്ങനെ ചോദിക്കുന്നത് കേട്ട്  ഒരളിഞ്ഞ ചിരിയോടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ രണ്ടു കൊല്ലം മുൻപത്തെ കാര്യങ്ങൾ മനസിലേക്കോടി വന്നു.

സ്കൂൾ ടൈം തൊട്ട് പ്രണയിച്ചവളെ മറക്കാൻ പറ്റാതെ ജീവിക്കുമ്പോൾ ഒരു രീതിയിലും അത് വീട്ടിൽ അംഗീകരിക്കാതെ വന്നതും അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി പെണ്ണ് കാണാൻ പോയതും, അവളോട്‌ തനിച്ചു സംസാരിക്കണമെന്ന് പറഞ്ഞതും, മനസ്സിൽ മറ്റൊരു പെണ്ണുണ്ട് എന്നും താൻ എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് വീട്ടുകാരോട് പറയണമെന്ന് പറഞ്ഞതും, മുഖത്തൊരു സങ്കടത്തോടെ എന്നെ നോക്കി നിന്ന അവളെ തിരിഞ്ഞു പോലും നോക്കാതെ തിരിച്ചു പോന്നതും  എല്ലാം ഓർമ്മയിൽ നിറഞ്ഞു.

“ടാ.. ഇറങ്.. വീടെത്തി.. “

ഓർമ്മകളുടെ ചരട് മുറിച്ചു കൊണ്ട് വണ്ടി ഓഫ് ചെയ്തു  അവൻ പറഞ്ഞപ്പോഴാണ് ഞാൻ ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നത് .

റൂമിൽ വന്ന് കറങ്ങുന്ന ഫാനിന്റെ കീഴിൽ ഉത്തരത്തിലേക്ക് നോക്കിയങ്ങനെ കിടക്കുമ്പോൾ മനസ് ആകെ കലങ്ങി മറിഞ്ഞിരുന്നു

================

വേദനകളും മരുന്നുമൊക്കെ കഴിഞ്ഞു മനസും ശരീരവും ഫ്രീ ആയ പിറ്റേ ആഴ്ച അമ്മയുടെ ഒപ്പം സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് കൗണ്ടറിൽ നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്നൊരു വിളി കേട്ടത്

“ശ്രീപ്രിയൻ.. “

തിരിഞ്ഞു നോക്കുമ്പോൾ അവളാണ്. എനിക്ക് അത്ഭുതം തോന്നി. എന്നോ ഒരിക്കൽ മാത്രം കണ്ട് പിരിഞ്ഞവന്റെ പേര് ഓർമ്മയിലുള്ള അവളെ തന്നെ നോക്കിയങ്ങനെ നിൽക്കുമ്പോൾ അടുത്തേക്ക് വന്ന അവൾ ചോദിച്ചു

“എല്ലാം മാറിയോ..പെയിനൊന്നും ഇപ്പൊ ഇല്ലലോ അല്ലേ “

ഇല്ല എന്ന അർത്ഥത്തിൽ ഞാനൊന്ന് തലയാട്ടി 

“സാധനങ്ങൾ എടുത്തോണ്ട് നിൽക്കുമ്പോൾ ഞാൻ ഇയാളെ കണ്ടായിരുന്നു..അപ്പൊ ശല്യം ചെയ്യണ്ടാന്ന് കരുതിയാണ് ഞാൻ മിണ്ടാതെ പോയത്.. “

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. പിന്നെ അടുത്ത് നിന്ന അമ്മയോട് പറഞ്ഞു

“അമ്മയ്ക്ക് ഓർമ്മയുണ്ടോ എന്നെ..എന്റെ പേര് ധ്വനി.. രണ്ടു കൊല്ലം മുൻപ് എല്ലാവരും കൂടി വീട്ടിൽ വന്നിട്ടുണ്ട്..എന്നെ പെണ്ണ് കാണാൻ.. “

“ആ ഓർമയുണ്ട് മോളെ…മോൾക്ക്‌ സുഖം ആണോ..ഇപ്പൊ എന്ത് ചെയ്യുവാ..കല്യാണം ഒക്കെ കഴിഞ്ഞോ “

അമ്മ ചോദിച്ചു.

“ഞാൻ ഇപ്പൊ ഇവിടെ ആസ്റ്റർ മെഡിസിറ്റിയിൽ നഴ്സ് ആണ്. അമ്മയൊക്കെ അന്നെന്നെ കാണാൻ വരുമ്പോൾ ഞാൻ നേഴ്സിംഗ് സെക്കന്റ്‌ ഇയർ ആയിരുന്നു. പഠിത്തമൊക്കെ കഴിഞ്ഞു ഉടൻ തന്നെ ജോലി കിട്ടി.. “

അവൾ പറഞ്ഞു നിർത്തി.

“കല്യാണം കഴിഞ്ഞോ മോളുടെ “

“ഇല്ല അമ്മേ.. “

അവളെന്നെ നോക്കിക്കൊണ്ടാണ് അമ്മയോട് പറഞ്ഞത്.

“ഇനീം വച്ച് നീട്ടണ്ട മോളെ…അമ്മയ്ക്ക് ഇപ്പോഴും അതൊരു സങ്കടം ആണ്..അതെങ്ങനാ എല്ലാത്തിനും ഇവനെ പറഞ്ഞാൽ മതിയല്ലോ.. “

അമ്മ എന്നെയൊന്നു ചുഴിഞ്ഞു നോക്കിക്കൊണ്ട് അവളോട്‌ പറഞ്ഞു. അവൾ എന്നെ നോക്കിയൊന്നു ചിരിച്ചു.

“സാരമില്ല അമ്മേ..ഓരോരുത്തർക്കും ഈശ്വരൻ ഓരോ ആളുകളെ പറഞ്ഞു വച്ചിട്ടുണ്ട്..അതിനെ എതിർത്തു നമുക്കൊന്നും ചെയ്യാനില്ലല്ലോ..പക്ഷെ എനിക്ക് അമ്മയുടെ മോനോട് ദേഷ്യം ഒന്നുമില്ലാട്ടോ..എന്തായാലും ശ്രീപ്രിയൻ ആഗ്രഹിച്ചത് പോലെ തന്നെ സ്നേഹിച്ച കുട്ടീടെ കൂടെ ജീവിക്കാൻ പറ്റിയില്ലേ… “

അമ്മയുടെ കൈ പിടിച്ച് എന്നെ നോക്കി അവളെങ്ങനെ പറഞ്ഞതും ഒരു ഞെട്ടലോടെ അമ്മ പറഞ്ഞു

“ആരുടേ കല്യാണം മോളെ….ഇവന്റെയോ… “

“അമ്മേ..വാ പോകാം. “

അമ്മയെ പറയാൻ അനുവദിക്കാതെ ഞാൻ അമ്മയുടെ കയ്യിൽ പിടിച്ചു വലിച്ച് നടക്കാൻ ആഞ്ഞതും എന്റെ കൈ വിടുവിച്ചു കൊണ്ട് അമ്മ അവളോട്‌ പറഞ്ഞു

“എന്റെ മോളെ.. ഇവന് പണ്ടൊരു പെണ്ണിനെ ഇഷ്ടം ആയിരുന്നു. ഇവന് അസ്ഥിക്ക് പിടിച്ച പ്രേമം ആയിരുന്നു.  അവൾക്ക് തിരിച്ചും..അല്ല  ഈ മണ്ടൻ അങ്ങനെ വിശ്വസിച്ചു. പക്ഷെ അവളു ഇവനെക്കാൾ നല്ലൊരുത്തനെ കണ്ടപ്പോൾ അവന്റെ കൂടെ പോയി..അവള് ഇട്ടേച്ചു പോയെന്നും പറഞ്ഞ് പിന്നെ ഇവൻ കാണിച്ചു കൂട്ടിയതൊന്നും പറയാതിരിക്കുന്നതാണ് ഭേദം.. ഓർക്കാൻ കൂടെ വയ്യ മോളെ അതൊന്നും. “

അമ്മയുടെ സ്വരമിടറാൻ തുടങ്ങിയതും, ഇനിയും നിന്നാൽ ആകെ സീൻ ആകും എന്നെനിക്ക് മനസിലായി.

“അമ്മ വന്നേ.. എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട് “

എന്നും പറഞ്ഞ് സാധങ്ങൾ എല്ലാമെടുത്തു പുറത്തേക്ക് നടക്കുമ്പോൾ ആണ് അവളോടി വന്ന് പറഞ്ഞത്

“പ്രിയൻ.. നാളെ എന്റെ പിറന്നാൾ ആണ്.. ഫ്രണ്ട്സിന് ചെറിയൊരു പാർട്ടി കൊടുക്കുന്നുണ്ട്..പ്രിയനും  വരണം ..ഇത്രേം ആയ സ്ഥിതിക്ക് നമ്മളിപ്പോ നല്ല ഫ്രണ്ട്സ് അല്ലേ, “

എനിക്കെന്തോ അത് വരെയില്ലാത്തൊരു ആശ്വാസവും സമാധാനവുമൊക്കെ തോന്നി അന്നേരം..നാളത്തെ ബർത്ത് ഡേ പാർട്ടിക്ക് വരാമെന്നേറ്റു പരസ്പരം ഫോൺ നമ്പറുകൾ കൈ മാറി ഞങ്ങൾ പിരിഞ്ഞു.

===============

പിറ്റേന്ന് അവൾ വിളിച്ചു പറഞ്ഞ ടൈമിൽ തന്നെ ഞാൻ അവൾ പറഞ്ഞ റെസ്റ്റോറന്റിൽ എത്തി. നോക്കുമ്പോൾ എല്ലാവരെയുംകാൾ നേരത്തെ അവൾ എത്തിയിട്ടുണ്ട്.

പീക്കോക്ക് ബ്ലൂ നിറത്തിൽ നേരിയ കസവു ബോർഡർ ഉള്ള സാരിയുടുത്ത് നീണ്ടു വിടർന്ന കണ്ണുകളിൽ മഷിയെഴുതി ഇടതൂർന്ന മുടി അലസമായങ്ങനെ അഴിച്ചിട്ട് ഒരു നനുത്ത പുഞ്ചിരിയോടെ ഇരിക്കുന്ന അവളെയങ്ങനെ നോക്കിയിരിക്കുമ്പോൾ മനസ് കൈ വിട്ടു പോകുന്നത് പോലൊരു തോന്നൽ. ഒരു നിമിഷത്തിന്റെ തോന്നലിൽ നിന്ന് തെന്നി മാറി ഞാൻ ചോദിച്ചു

“ഞാനാണോ ആദ്യം വന്നത്? “

“മ്മ്മ് “

അവളൊന്നു മൂളി. അവളുടെ കണ്ണുകളിൽ നോക്കി ഒരു ചിരിയോടെ ബർത്ത് ഡേ ഗിഫ്റ്റ് നീട്ടി ഞാൻ പറഞ്ഞു

“വിഷ് യൂ എ വെരി ഹാപ്പി ബർത്ത് ഡേ ധ്വനി.. “

“താങ്ക് യൂ “

നിറഞ്ഞ ചിരിയോടെ അവൾ ഗിഫ്റ്റ് വാങ്ങി.

ഞാൻ പറഞ്ഞു

“എന്നാലും ഇന്നലെ സൂപ്പർ മാർക്കറ്റിൽ വച്ച് കണ്ട് എന്റെ പേര് വിളിച്ചപ്പോ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി കേട്ടോ..ധ്വനിക്ക് എന്റെ പേര് ഓർമ്മയുണ്ടാകുമെന്നു ഞാൻ കരുതിയില്ല..എന്നെ ആകെ രണ്ട് തവണയല്ലേ കണ്ടിട്ടുള്ളൂ.. അതും ആദ്യം കണ്ടത് രണ്ട് കൊല്ലം മുൻപ്… ഓർമ ശക്തി അപാരം തന്നെ തന്റെ “

“ചിലർ അങ്ങനെയാണ് പ്രിയൻ …ഒരൊറ്റ തവണ കണ്ടാൽ മതി.. മനസ്സിൽ ആഴത്തിലങ്ങു പതിയും “

അവൾ പറഞ്ഞു. ചങ്കിനകത്തൊരു കൊളുത്തു മുറുകുന്നത് പോലെ ഞാനൊന്നു പിടഞ്ഞു. അവളുടെ മുഖത്ത് നോക്കാനെന്തോ ഒരു അശക്തി.

കണ്ണുകളിൽ ആർദ്രത നിറച്ച് അവൾ പറഞ്ഞു

“ചുമ്മാ പറഞ്ഞതാ  ഞാൻ… അത് പോട്ടെ.. പ്രിയന്റെ  വിശേഷം പറയ്..ഇന്നലെ അമ്മ പറഞ്ഞത് സത്യം ആണോ.. ആ പെൺകുട്ടി പ്രിയനേ … “

അവൾ പാതിക്ക് വച്ച് നിർത്തി.

കുറച്ചു നേരം മൗനാമായിരുന്നിട്ട് ഞാൻ പറഞ്ഞു

“അമ്മ പറഞ്ഞത് ശരിയാണ്.. കൃഷ്ണ എന്നായിരുന്നു അവളുടെ പേര്.. പ്ലസ് ടു ടൈം തൊട്ട് ഞങ്ങൾ ഇഷ്ട്ടത്തിലായിരുന്നു. പഠിത്തമൊക്കെ കഴിഞ്ഞു ഞാൻ ഇവിടെ ഒരുഐ ടി കമ്പിനിയിൽ ജോലിക്ക് കയറി. അവൾക്ക് ബാംഗ്ലൂർ ആയിരുന്നു ജോലി.. മനസില്ലാ മനസോടെയാണ് ഞാൻ അവളെ അവിടേക്ക് വിട്ടത്..നാട്ടിൽ നിന്ന് പോയ ആള് അല്ലായിരുന്നു പിന്നെ തിരിച്ചു വന്നത്.. മൊത്തത്തിൽ മോഡേൺ ആയി അവള്.. അവളുടെ ആ മാറ്റം എനിക്കും ഒത്തിരി ഇഷ്ടം ആയിരുന്നു. കാരണം അവൾ അപ്പോഴും മനസ് കൊണ്ട് ആ പഴയ കുട്ടി തന്നെ ആയിരുന്നു.. പിന്നെ ഒരു നിമിഷം പോലും അവളെ പിരിഞ്ഞു ജീവിക്കാൻ വയ്യ എന്ന അവസ്ഥ വന്നു. അവളുടെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു. പക്ഷെ അമ്മയ്ക്ക് എന്തോ അവളെ ഇഷ്ടം ആയില്ല.. മോഡേൺ ആയത് കൊണ്ടാവാം.. പിന്നെ ബാംഗ്ലൂർ ആണ് അവൾക്ക് ജോലി എന്ന് കൂടി കേട്ടതും അമ്മ ആകെ ഡെസ്പ് ആയി.. പഴയ മനസ്സല്ലേ.. അമ്മയുടെ ആ വാശിപുറത്താണ് ഞാൻ തന്നെ പെണ്ണ് കാണാൻ വന്നത്. എനിക്ക് തന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള ഏക കാരണം കൃഷ്ണ മാത്രം ആയിരുന്നു.. അവസാനം ഞാൻ തന്നെ ജയിച്ചു.. കിച്ചുവുമായുള്ള കല്യാണത്തിന് വീട്ടിൽ സമ്മതമായി. അത് പറയാൻ അവളെ പിറ്റേന്ന് ഞാൻ വിളിച്ചു. ജീവിതത്തിന്റെ താളം അവിടെ തെറ്റി തുടങ്ങി.. അവൾ എന്തൊക്കെയോ പറഞ്ഞു. പക്ഷെ അവസാനം പറഞ്ഞത് മാത്രം ഇപ്പോഴും കാതിലുണ്ട്, അവളെ ഇനിയൊരിക്കലും ശല്യം ചെയ്യരുത്.. അവളുടെ ജീവിതത്തിൽ ഇപ്പൊ മറ്റൊരാളുണ്ട്….എന്ന് അതിന് ശേഷം ഞാൻ അവളെ വിളിച്ചിട്ടില്ല.. “

നിർവികാരതയോടെ ഞാൻ പറഞ്ഞു നിർത്തി.

“പിന്നെ കൃഷ്ണയെ കണ്ടിട്ടേയില്ലേ ? “

“ഇല്ല.. പിന്നെ അറിഞ്ഞു അവളുടെ കല്യാണം കഴിഞ്ഞു എന്ന്… എത്രയോ കാലം ഉയിരിൽ കൊണ്ട് നടന്ന പെണ്ണ്..മറ്റൊരുത്തന്റെ ആയി എന്നറിഞ്ഞ നിമിഷം.. പിന്നെ ജീവിക്കാൻ തോന്നിയില്ല… പക്ഷെ അവിടെയും മരണം തോറ്റു.. ഒരുപക്ഷെ എന്റെ അമ്മയുടെ പ്രാർത്ഥന ആയിരിക്കും എന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്.. “

പറഞ്ഞു നിർത്തുമ്പോൾ സ്വരം ഇടറിയിരുന്നു..കുറെ നാളുകൾക്ക് ശേഷം എന്തൊക്കെയോ ഓർത്തിരിക്കുന്നു. അസ്വസ്ഥതയോടെ മുഖം തുടച്ചു കൊണ്ട് എഴുന്നേറ്റ് പുറത്തേക്ക് നടക്കുമ്പോൾ ആണ് പെട്ടന്ന്  അവളെന്റെ കൈയ്യിൽ പിടുത്തമിട്ടത്..

പകച്ചു നിൽക്കുന്ന എന്നെ നോക്കി കയ്യിലെ പിടുത്തം വിട്ട് കൊണ്ട് അവൾ പറഞ്ഞു

“അമ്മയുടെ പ്രാർത്ഥന മാത്രമല്ല കേട്ടോ.. എന്റെയും ഉണ്ട് “

അവൾ പറഞ്ഞത് മനസിലാകാതെ പകച്ച്‌ നിൽക്കുന്ന എന്നെ നോക്കി അലിവോടെ ചിരിച്ചിട്ട്, മെല്ലെ എന്റെ ഇടം കൈത്തണ്ടയിലേ മുറിപ്പാടിൽ  വിരലോടിച്ചു കൊണ്ട് അവൾ പറഞ്ഞു

“പ്രണയമേൽപ്പിച്ച പ്രിയന്റെ ഈ മുറിവ് തുന്നിയത് ഞാനാണ് “

ഒരു ഞെട്ടലോടെയാണ് ഞാനത് കേട്ടത്. എഴുന്നേറ്റിടത്ത് തന്നെ ഇരുന്നു പോയി ഞാൻ. എന്റെ ആ ഞെട്ടലിലേക്ക് നോക്കിയൊരു ചിരിയോടെ  അവൾ ബാക്കിയെന്നോണം പറഞ്ഞു

“രണ്ടു കൊല്ലം മുൻപ് വെയ്ൻ കട്ടായി ക്രിട്ടിക്കലായി പ്രിയനെ  ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോ അന്ന് പ്രിയനെ  നോക്കിയ ഡോക്ടറേ അസിസ്റ്റ് ചെയ്തത് ഞാനാണ്.  മുറിഞ്ഞു പോയ ഞരമ്പ് തുന്നി ചേർക്കുമ്പോൾ എന്തോ ഒരു പിടച്ചിൽ ആയിരുന്നു ഉള്ളിൽ…അത് കഴിഞ്ഞ് പിന്നെ മൂന്നു നാല് ദിവസം അൺകോൺഷ്യസ് ആയി പ്രിയൻ ഐ സി  യുവിൽ കിടന്ന ടൈമിൽ ഒരു പോള കണ്ണടയ്ക്കാതെ  കൂട്ടിരിക്കുമ്പോൾ മനസ്സിൽ നിറഞ്ഞത് അന്നെന്നെ കാണാൻ വന്നപ്പോൾ സ്നേഹിക്കുന്ന പെണ്ണിനെക്കുറിച്ചു പറഞ്ഞ് നിറഞ്ഞു ചിരിച്ച പ്രിയന്റെ  മുഖം ആയിരുന്നു.. ആ ചിരി ഇനിയും കാണാൻ കഴിയണേ എന്നായിരുന്നു അപ്പോഴൊക്കെ എന്റെ പ്രാർത്ഥന.. കാര്യങ്ങൾ ഒക്കെ എനിക്ക് ഊഹിക്കാൻ ഉള്ളതെ ഉണ്ടായിരുന്നുള്ളൂ.. അതാണ്‌ ഹോസ്പിറ്റൽ വിടുന്ന ദിവസം ഞാൻ വന്ന് കാണാതിരുന്നത്. തോറ്റു പോയവനെപ്പോലെ പ്രിയൻ  എന്റെ മുന്നിൽ നിക്കുന്നത് എനിക്ക് കാണാൻ കഴിയില്ലായിരുന്നു… അന്നാണ് ഞാൻ തിരിച്ചറിഞ്ഞത് എന്റെ പ്രണയം പ്രിയൻ ആയിരുന്നു എന്ന്..പിന്നെ കഴിഞ്ഞ ആഴ്ച ഒട്ടും പ്രതീക്ഷിക്കാതെ പ്രിയനെ വീണ്ടും കണ്ടപ്പോൾ ഷോക്ക് ആയി ഞാൻ … “

പറഞ്ഞു നിർത്തുമ്പോൾ ഞാൻ കണ്ടു, എനിക്ക് നേരെ നോക്കുന്ന നിറഞ്ഞ രണ്ട് കണ്ണുകളെ. ആ കണ്ണുകൾ എനിക്ക് പറഞ്ഞു തന്നു  പ്രണയം എന്താണെന്ന്.

എങ്കിലും തിരിച്ചൊന്നും പറയാനില്ലായിരുന്നു എനിക്ക്…ഒരിക്കൽ തട്ടിത്തെറിപ്പിച്ചു പോയതാണ് ഞാൻ..അവഗണിച്ചു വിട്ടവളാണ്. അത് കൊണ്ട് തന്നെ  പ്രാണൻ തിരിച്ചു പിടിച്ച് ഒരു പുനർജ്ജന്മം തന്നവളെ ജീവിതത്തിലേക്ക് കൂട്ടാനുള്ള യോഗ്യതയില്ലെന്ന തിരിച്ചറിവിൽ ചങ്ക് പൊട്ടിയിരിക്കുമ്പോൾ ആണ് അവൾ പറഞ്ഞത്

“ഇന്നെൻറെ പിറന്നാൾ അല്ല സത്യത്തിൽ. പ്രിയനെ  ഒന്ന്  തനിച്ചു കാണാൻ ഞാൻ ഒരു കള്ളം പറഞ്ഞതാണ്.. അന്ന് ഹോസ്പിറ്റലിൽ വച്ച് പ്രിയനെ വീണ്ടും കണ്ടപ്പോൾ, ഇനിയും ഒന്നുകൂടി കാണാൻ സാധിച്ചാൽ  എല്ലാം തുറന്നു പറയണമെന്ന് അന്നേ കരുതിയതാണ് ഞാൻ. പിറന്നാൾ അല്ലെങ്കിലും, എനിക്കിത് അതിനേക്കാൾ സ്‌പെഷ്യൽ ആയ ദിവസം ആണ്.. രണ്ടു കൊല്ലം മുൻപ് ഈ ദിവസം ആണ് പ്രിയൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആകുന്നത്.. പ്രിയൻ  കാണാതെ പ്രിയൻ പോകുന്നതും നോക്കി ഞാൻ നിന്ന ദിവസം.. ഇത് തന്നെയാണ് എനിക്ക് ഏറ്റവും സ്‌പെഷ്യൽ…കള്ളം പറഞ്ഞു വരുത്തിയതിനു സോറി… ഇപ്പൊ മനസ് ശാന്തമാണ്… പ്രിയനോട്  എല്ലാം പറയാൻ കഴിഞ്ഞല്ലോ.. ഇത്രയും നേരം എന്നെ കേട്ടതിനു ഒത്തിരി സ്നേഹം…ഇനി പ്രിയന്  പോകാട്ടോ… “

ഒന്നും മിണ്ടാതെ ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു…പുറത്തെത്തിയതും ഞാൻ തിരിഞ്ഞു നോക്കി…ഇരുകൈകളും തലയ്ക്കൂന്നി ഇരിക്കുന്ന അവളെ കണ്ടതും ചങ്കിനകത്തൊരു കത്തി കുത്തിയിറങ്ങുന്നത് പോലൊരു നോവ്‌..ആകെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ.. പിന്നെ ഒന്നും ഞാൻ ആലോചിച്ചില്ല. നേരെ അവളുടെ അടുത്തേക്ക് ചെന്നു. ആ അരികിലേക്ക് കസേര വലിച്ചിട്ടിരുന്നിട്ട് ഏതാനും നിമിഷങ്ങൾ അവളുടെ കണ്ണുകളിൽ തന്നെ ഉറ്റു നോക്കിയിരുന്നിട്ട്  പറഞ്ഞു

“തോറ്റു പോയവനെപ്പോലെ ഞാൻ നിൽക്കുന്നത് കാണാൻ ഇഷ്ടമില്ലെന്ന് പറഞ്ഞില്ലേ നേരത്തെ… ഇനിയങ്ങോട്ടും ഞാൻ തോറ്റു കാണാൻ ഇഷ്ട്ടം ഇല്ലേല് എന്റെ ആകാമോ പെണ്ണേ നിനക്ക്…എന്റെ മാത്രം.. എന്റെ ശ്വാസം പോലെ കാത്തോളാം ഞാൻ…സമ്മതം ആണെങ്കിൽ, നാളെ തന്നെ വീട്ടിൽ വന്ന് ചോദിച്ചോട്ടെ ഞാൻ, എന്റെ പെണ്ണായി ഇങ്ങ് തന്നേക്കാമോ എന്ന്.. “

കണ്ണുകൾ നിറച്ചൊരു തേങ്ങലോടെ സമ്മതമെന്നു തലയാട്ടുന്നവളെ നെഞ്ചോട് ചേർത്ത് പിടിച്ച്, ഒരിക്കലെന്റെ പ്രാണൻ പൊതിഞ്ഞു പിടിച്ച അവളുടെ വലതു കൈ വെള്ളയിൽ ചുണ്ടമർത്തുമ്പോൾ നെറുകിലേക്ക്  ഇറ്റു വീണ കണ്ണീർതുള്ളികളെന്നെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു

‘ഇതാണ് പ്രണയം…ഇത് മാത്രമാണ് പ്രണയം.

വാൽക്കഷ്ണം : ഹ്യൂമർ ചേർത്ത് എഴുതാൻ ആയിരുന്നു പ്ലാൻ..അതാണ്‌ കഥയുടെ തുടക്കം അങ്ങനെ ആക്കിയത്. പക്ഷെ ഈ ഹ്യൂമർ എനിക്ക് തീരേ വഴങ്ങാത്ത ഐറ്റം ആയതോണ്ട് കഥ വഴി തിരിച്ചു വിട്ടതാണ് കേട്ടോ ??

ബിന്ധ്യ ബാലൻ