വേഷപകർച്ചകൾ
Story written by Sebin Boss
===========
‘”ഇനിയെന്നാ നിന്റെ അടുത്ത പ്ലാൻ ?”’
ഉമ്മറത്തെ ചാരുകസേരയിലിരിക്കുന്ന അച്ഛന്റെയായിരുന്നു ചോദ്യം. എന്നും സപ്പോർട്ടിന് വന്നിരുന്ന, അപ്പുറത്തു അരപ്രേസിലി രിക്കുന്ന അമ്മയുമത് കേട്ടതായി ഭാവിച്ചില്ല . അതിനേക്കാൾ ഉപരി അമ്മയുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടിരുന്ന ശ്യാമയുടെ നിർവികാരമായ മുഖമാണ് മനേഷിനെ വിഷമിപ്പിച്ചത് .
മാളുവിനെ അവിടെയെങ്ങും കണ്ടില്ല . ഓൺലൈൻ ക്‌ളാസിലാവും . ഇനിയവളേത് മുഖത്തോടെയാവും വരവേൽക്കുന്നത് പോലും ?
തോളിൽ തൂക്കിയിരുന്ന ബാഗ് ബെഡിലേക്ക് വലിച്ചെറിഞ്ഞിട്ട് മനേഷ് ബാത്‌റൂമിൽ കയറി . കയ്യിലെ ഗ്ലൗസും മാസ്കും ഒക്കെ വേസ്റ്റ് ബിന്നിലിട്ടു , ഷവറിനടിയിലേക്ക് നിന്നു
മണിക്കൂറുകൾ കഴിഞ്ഞിട്ടും അമ്മയോ ശ്യാമയോ ഒന്നെത്തിപോലും നോക്കാത്തതു അവനെ വേദനിപ്പിച്ചു .
വിശന്നാളുന്നുണ്ട് . രാവിലെ വീട്ടിലേക്കായതിനാൽ നാളുകൾ കൂടി രുചിയുള്ള ആഹാരം കഴിക്കാമല്ലോയെന്നോർത്തു ഹോട്ടലിൽ നിന്ന് കിട്ടിയ ബ്രെക്ക് ഫാസ്റ്റുപോലും കഴിക്കാതാണിറങ്ങിയത് . ഇഡ്‌ലിയും സാമ്പാറും മുളക് ചട്ണിയും ആഹ് …എന്തൊരു സ്വാദാണ് അമ്മയുണ്ടാക്കുന്ന ആഹാരത്തിന് !!
”’ശ്യാമേ …” വിശപ്പ് അസഹനീയമായപ്പോഴാണ് മനേഷ് വാതിൽ തുറന്ന് , ഹാളിൽ ഇരുന്നെന്തോ ചെയ്യുകയായിരുന്ന ശ്യാമയെ വിളിച്ചത്
“‘ വിശക്കുന്നു “”‘ കണ്ണുകൊണ്ടെന്താണെന്ന് ആഗ്യം കാണിച്ച ശ്യാമയോടവൻ പറഞ്ഞു
”’ ഉം “‘ താഴെ മൂടിവെച്ചിട്ടിരിക്കുന്ന പാത്രത്തിലേക്കവൾ കണ്ണ് കാണിച്ചപ്പോഴാണ് മനേഷ് റൂമിന് പുറത്ത് തന്റെ കാൽച്ചുവട്ടിൽ പ്ളേറ്റിൽ വെച്ചിരിക്കുന്ന ചോറ് കണ്ടത് . കാലുകൊണ്ടതിനെ ചവിട്ടിത്തെറിപ്പിക്കാൻ തോന്നിയെങ്കിലും കത്തിക്കാളുന്ന വിശപ്പ് അവനെയതിൽ നിന്നും പിന്തിരിപ്പിച്ചു.
അല്ലെങ്കിലും വിശപ്പിനേക്കാൾ വില ആത്മാഭിമാനത്തിനില്ലന്ന് കഴിഞ്ഞ ആറേഴു മാസം കൊണ്ട് അനുഭവിച്ചു മനസ്സിലാക്കിയത് അല്ലെ താൻ.
സമയം മൂന്നുമണി കഴിഞ്ഞിരിക്കുന്നു . മയങ്ങിപോയതിനാൽ മുറിയിൽ ഉണ്ണാൻ മുട്ടിവിളിച്ചതറിഞ്ഞു കാണില്ല .അങ്ങനെ സമാധാനിച്ചുകൊണ്ടവൻ തണുത്ത ചോറും പുളിശ്ശേരിയും വെണ്ടയ്ക്കാ മെഴുക്കുപുരട്ടിയും വെട്ടിവിഴുങ്ങി .
കഴിഞ്ഞ ലീവിനുള്ള വരവ് എന്ത് രസമായിരുന്നു .
വില്ലേജ് ഓഫീസിൽ ജോലിയുണ്ടായിരുന്ന അച്ഛനെയും വീട്ടുജോലികളുമായി മുന്നോട്ട് പോയിരുന്ന അമ്മയെയും അധികം ബുദ്ധിമുട്ടിക്കാതെയാണ് ബി ടെക് പാസായത് . എം ടെക്കിന് പോകണമെന്നുണ്ടായിരുന്നെങ്കിലും ഒരുവർഷത്തിനുള്ളിൽ അച്ഛൻ വിരമിക്കുമെന്നതിനാൽ അനിയത്തിയുടെ വിദ്യാഭ്യാസവും ഒക്കെയോർത്തു ക്യാംപസ് സെലക്ഷനിൽ ലഭിച്ച ജോലിയിൽ കയറി. മുംബൈയിലായിരുന്നു ആദ്യം . പിന്നീട് കൂടെ ജോലിചെയ്തിരുന്ന ഒരു കൂട്ടുകാരൻ ഖത്തറിലേക്ക് പോയപ്പോൾ അവൻ മുഖേന അവിടെ ജോലിക്ക് കയറി.
രണ്ടര വർഷത്തിന് ശേഷം ആദ്യത്തെ ലീവിന് വന്നപ്പോൾ ബാധ്യതകൾ ഒട്ടൊന്നൊതുങ്ങിയിരുന്നു . വീടൊന്ന് പുതുക്കി പണിതു . അനിയത്തിയെ നേഴ്‌സിംഗിന് ചേർത്തു .വിവാഹത്തിന് അമ്മ നിർബന്ധിച്ചപ്പോൾ അൽപം കൂടിയൊന്ന് സെറ്റിലായിട്ട് മതിയെന്ന് പറഞ്ഞെങ്കിലും അച്ഛനും വിവാഹാലോചനയുമായി മുന്നോട്ട് നീങ്ങിയപ്പോൾ പിന്നെയെതിർത്തില്ല . അച്ഛന്റെ ഒരു ഫ്രണ്ടിന്റെ മോൾ , മിഡിൽ ക്‌ളാസ് ഫാമിലി .കാണാനും മോശമൊന്നുമല്ല . അല്ലെങ്കിലും സൗന്ദര്യത്തിന് ജീവിതത്തിലെന്താണ് പ്രസക്തി ? യൗവ്വനത്തെ ത്രസിപ്പിക്കുന്ന ഒന്ന് മാത്രമല്ലേ സൗന്ദര്യം . ജീവിതത്തിലേക്ക് കടക്കുമ്പോൾ പരസ്പരം മനസ്സിലാക്കുന്നതിലും പിന്തുണക്കുന്നതിലുമാണ് കാര്യം .
വിവാഹം കഴിഞ്ഞൊരുവർഷം കഴിഞ്ഞപ്പോൾ വീണ്ടും ലീവ് . എല്ലാ ഗൾഫുകാരന്റേയും മടങ്ങിവരവിലെന്നപോലെയായിരുന്നു ഇവിടെയും ഭാര്യ വീട്ടിലെയും സ്വീകരണം . പിന്നെ മടങ്ങിയിട്ട് ഏഴുമാസങ്ങൾക്കിപ്പുറം ഈ വരവിൽ എന്താണ് സംഭവിച്ചത് ?
കോവിഡ് എന്ന മഹാമാരി ലോകത്തെയാകമാനം പിടിച്ചുലച്ചപ്പോൾ എല്ലാവരെയുമെന്നപോലെ തന്റെ ജോലിയെയും ബാധിച്ചു . എക്സ്പീരിയൻസ് ഉള്ളവരെ നിർത്തി, മറ്റുള്ളവരെയോരോരുത്തരെയായി പറഞ്ഞു വിടുന്നത് കണ്ടപ്പോൾ വിഷമമമായെങ്കിലും ജോലിയിലുള്ള ആത്മാർത്ഥ കാരണം തന്നെയവർ മടക്കിയയച്ചില്ല . എങ്കിലും ശമ്പളം പാതിയായി, പിന്നെയതില്ലാതായി . ഒടുവിൽ ആ മഹാമാരി തന്നെയും തേടിയെത്തിയപ്പോൾ കമ്പനിയും കയ്യൊഴിഞ്ഞു . ന്യുമോണിയ കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ ആദ്യമൊക്കെ കുറച്ചു ഫ്രെണ്ട്സ് സഹായിച്ചു . പാതി ശമ്പളത്തിലോ അതിലും താഴെയോ പണിയെടുക്കുന്ന അവരുമെങ്ങനെ അധികനാൾ താങ്ങാൻ . വിമാനസർവീസുകൾ ഇല്ലാത്തതിനാൽ നാട്ടിലേക്ക് പോകാനും വയ്യ .
വില കുറഞ്ഞ കുബൂസും റൊട്ടിയും പോലുള്ള ആഹാരങ്ങളുമായി മുറിയിൽ ഒതുങ്ങി .ഇന്ത്യാ ഗവണ്മെന്റ് പ്രവാസികളെ തിരിച്ചുകൊണ്ടുവരാനായി വിമാനസർവീസ് തുടങ്ങിയപ്പോഴേ ബുക്ക് ചെയ്തു, അങ്ങനെ അവസാനം നാട്ടിലെത്തി .
ഹോട്ടലിലെ ക്വറന്റീൻ കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുമ്പോൾ അധികം ആശകളൊന്നുമുണ്ടായിരുന്നില്ല….കാരണം ജോലി നഷ്ടപ്പെട്ട നാളുകളിലെ ഫോൺകോളുകളിൽ നിന്നും നാട്ടിലുള്ളവരുടെ മനോഭാവം മനസ്സിലാക്കിയിരുന്നു. ക്വറന്റീൻ നാളുകളിൽ ഒരിക്കൽ പോലും ഭാര്യവീട്ടിൽ നിന്നൊരുകോൾ പോലും തേടിയെത്തിയതുമില്ല
“”അവിടെ വെച്ചാ മതി . വൈകിട്ടും ആഹാരം അങ്ങോട്ട് തന്നേക്കാം “” ഊണ് കഴിഞ്ഞു പ്‌ളേറ്റുമായി പുറത്തേക്കിറങ്ങിയതും അച്ഛന്റെ നിർദ്ദേശം വന്നു
വിഷമമൊന്നും തോന്നിയില്ല . അവിടെ കോവിഡ് വന്നപ്പോഴും , നാട്ടിലെത്തി ക്വറന്റീനിൽ ഇരുന്നപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ലല്ലോ . പക്ഷെ , മൂന്നാഴ്ച ക്വറന്റീൻ ഇരുന്നിട്ടുമിനിയുമെന്തിനാണ് ?
ഒരുമാസം കടന്നു പോയി .
“” നിനക്കിനിയെന്താ പ്ലാൻ . ഇനിയങ്ങോട്ട് പോകാൻ പറ്റില്ലല്ലോ . വേറെയെതേലും രാജ്യത്ത് ?””
വന്നുകയറിയപ്പോൾ തുടങ്ങിയ ചോദ്യം വീണ്ടും .
“‘പുറത്തൊന്നും ഇപ്പോൾ രക്ഷയില്ല അച്ഛാ . നാട്ടിലെന്തേലും നോക്കണം “”
“‘എന്ത് നോക്കാൻ ?അതിലും കഷ്ടമാ ഇവിടെ . ചുമ്മാ എന്റെ കാശ് പോയത് മിച്ചം “” കണ്ണടക്ക് മുകളിലൂടെ കാണുന്ന കണ്ണുകളിൽ നിറഞ്ഞ അവജ്ഞ .
ഖത്തറിന് പോയപ്പോൾ വിസക്കും ഏജന്റിന്റെ കമ്മീഷനുമായി ഒക്കെ അൽപം പണം അച്ഛന്റേതാണ് പോയത് . എന്നാലും മുംബൈയിലും പിന്നെ ഖത്തറിലുമായി മൂന്നാല് വർഷത്തോളം ജോലി ചെയ്ത പണമൊക്കെയും കുടുംബത്തിന് വേണ്ടിത്തന്നെയാണ് ചിലവഴിച്ചത് . ഇപ്പോൾ കയ്യിലുള്ള പതിനയ്യായിരത്തോളം രൂപയല്ലാതെ അകൗണ്ടിൽ ചില്ലി പൈസയില്ലതാനും.
“‘ഉം ..എന്തേലും നോക്കണം”‘ മറുത്തൊന്നും പറയാതെ ഒഴിഞ്ഞു മാറി.
ദിവസങ്ങൾ കഴിഞ്ഞു .
“”‘ആ ഡെറ്റോളെടുത്തു കൊടുക്കടി . അമോണിയ ചേർത്ത മീനാ ഇപ്പൊ വരുന്നേ. നാറ്റം പോകൂല്ല “” വന്ന് കയറിയതേ അച്ഛന്റെ ശബ്ദം .
“” കഷ്ടപ്പെട്ടിത്രേം പഠിപ്പിച്ചിട്ടവൻ മീൻ വിൽക്കാൻ പോയേക്കുന്നു . നാട്ടുകാരുടെയിടേൽ എന്റെ തോലുരിഞ്ഞിട്ട് നടക്കാൻ വയ്യ. തറവാടിന്റെ പേര് കളയാൻ ഓരോന്ന് “”‘
ഒന്നും പറയാൻ നിന്നില്ല .
കയ്യിലുണ്ടായിരുന്ന മീൻ അടുക്കളയിൽ നിന്നൊരു ചട്ടിയെടുത്തതിലിട്ടിട്ട് ശ്യാമയുടെ അടുത്തേക്ക് നീക്കി വെച്ചിട്ട് , പുറത്തെ ബാത്റൂമിലേക്ക് കയറി .ഗൾഫിൽ പോയ ശേഷം തന്റെ കാശുകൊണ്ട് പുതുക്കി പണിത വീടാണെങ്കിലും അറ്റാച്ചഡ് ബാത്‌റൂമിൽ മീന്റെ ഉളുമ്പ് നാറ്റം വേണ്ടല്ലോ . പല കമ്പനികളിലും ബയോഡാറ്റ അയച്ചു കൊടുത്ത ശേഷം കാത്തിരിക്കാൻ പറ്റാത്ത സ്ഥിതിയായപ്പോഴാണ് എന്തേലും സ്വന്തമായി തുടങ്ങാൻ ആലോചന തുടങ്ങിയത് . ഗൾഫിൽ നിന്നും വന്നവർ വഴിയോര കച്ചവടം തടത്തുന്ന വാർത്ത പേപ്പറിൽ കണ്ടപ്പോഴാണ് അതിലേക്കാലോചന നീണ്ടത് . മുടക്കുമുതൽ ഇല്ലാത്തവന് പറ്റുന്നത് മീൻകച്ചവടം ആണെന്ന് ഒരു കൂട്ടുകാരൻ പറഞ്ഞപ്പോൾ , പഴയ ഒരു ഓമ്നി വാൻ അവന്റെ റിസ്കിൽ വാങ്ങി . വെളുപ്പിനെ മീൻ എടുക്കാൻ പോകുമ്പോ തലേന്നെടുത്ത മീനിന്റെ പൈസ കൊടുത്താൽ മതിയെന്നതിനാൽ ഗുണമായി . ഹോൾസെയിലിൽ നിന്ന് മീൻ എടുത്തിട്ട് ഹൈവേയുടെ ഏതേലും ഓരത്തുകൊണ്ട്പോയി ഇടും . സ്റ്റീൽ കൊണ്ടടിച്ച തട്ടുകളിൽ മീൻ നിരത്തും . കുഴപ്പമില്ല , മീൻ എടുക്കുന്നതിന്റേം ഓമ്‌നിയുടെ പൈസയും ദിവസേന മാറ്റിവെച്ചിട്ടും കുഴപ്പമില്ലാത്ത സംഖ്യ ബാലൻസുണ്ട് .
“‘ഏട്ടൻ മീൻ കച്ചോടം തുടങ്ങിയോ ?”’
കുളിച്ചു തുവർത്തി പൌഡർ ഇടുമ്പോഴാണ് ശ്യാമ ചായയുമായി കയറി വന്നത് .
“”” എല്ലാവർക്കും മാറ്റങ്ങളല്ലേ . അപ്പോൾ ഞാനും മാറാമെന്ന് കരുതി “”” ശ്യാമ പൌഡർ ടിന്നെടുത്തുനോക്കിയപ്പോൾ പറഞ്ഞു . പൗഡറോ ക്രീമോ ഒന്നും ഉപയോഗിക്കാറില്ലായിരുന്നു. കുളിച്ചിട്ടും മീന്റെ ഉളുമ്പ് ഉണ്ടെന്ന് ശ്യാമ കൂടി പറഞ്ഞാൽ അത് താങ്ങാനാകുമായിരുന്നില്ല .
“‘മനുവേട്ടൻ എന്നോടുപോലും പറഞ്ഞില്ല മീൻ കച്ചോടം തുടങ്ങുന്ന കാര്യം . അച്ഛൻ ചോദിച്ചപ്പോൾ ഞാനാകെ നാണം കെട്ടു “‘
“‘എന്തിന് ? മീൻ കച്ചോടക്കാരന്റെ ഭാര്യയെന്ന് അറിയപ്പെടാൻ നിനക്കും നാണക്കേടാണോ ശ്യാമേ ? പറഞ്ഞില്ല ..പറഞ്ഞില്ല …സത്യമാണത് . പറഞ്ഞാൽ നിങ്ങൾ അനുവദിക്കുമോ ? വന്നയന്നുമുതലുള്ള കുത്തും കോളും നിറഞ്ഞ സംസാരങ്ങൾ നീയും കേട്ടതല്ലേ ? “‘
“” അത് അച്ഛന് നാണക്കേട് ആയിട്ടാകും മനുവേട്ടാ. ഈ നാട്ടുകാരുടെയിടയിൽ മനുവേട്ടൻ മീൻ കച്ചോടം ചെയ്യുമ്പോൾ….””
“‘എന്ത് നാണക്കേടാണ് ശ്യാമേ ? കുന്നത്ത് വീട്ടിലെ ബാലകൃഷ്‌ണനെ ഈ നാട്ടുകാർ അറിയും, ശെരിയാണ് . ഇവിടം വിട്ടാൽ വീട്ടുപേരിനൊരു പ്രസക്തിയുമില്ല , എന്തെങ്കിലും രണ്ടോ മൂന്നോ അക്ഷരങ്ങളിൽ , അക്കങ്ങളിൽ ഒതുങ്ങിപോകുന്നതാണ് അഡ്രസ് . പേര് പോലും പരസ്പരം വിളിക്കാൻ മാത്രം . നാട് വിട്ടാൽ എങ്ങനെയെങ്കിലും ജീവിക്കണമെന്നുള്ള ആഗ്രഹം മാത്രമേയുള്ളൂ എല്ലാവർക്കും . കൊല്ലും കൊലപാതകവും മോഷണവുമൊഴികെ എന്തിനും അതിന്റെതായ വിലയുണ്ടെന്ന് ഞാൻ കഴിഞ്ഞ കുറെ മാസങ്ങളായി മനസ്സിലാക്കിയതാണ് . അച്ഛൻ പോട്ടെ , നീപോലും എന്നോട് സംസാരിക്കാൻ മടിച്ചില്ലേ ശ്യാമേ ? എന്തും സഹിക്കാം . പട്ടിണികിടന്നാലും എല്ലാം മനസ്സിലാക്കുന്ന , പിന്തുണ നൽകുന്ന , കൂടെ നിൽക്കുന്ന ഒരു ജീവിത പങ്കാളി മതി എത്ര നരകയാതനയിലൂടെയും ജീവിതം മുന്നോട്ട് പോകാൻ “”
“‘മനുവേട്ടാ ഞാൻ “‘
“”ഹേ .. ഞാൻ ചുമ്മാ പറഞ്ഞതാ . ഹമ് ..അമോണിയ ഒന്നുമില്ല …നല്ല മീനാ . നീപോയി കറിയുണ്ടാക്ക് “”‘ മനേഷ് വിതുമ്പിപ്പോയ ശ്യാമയുടെ നെറ്റിയിൽ ചുംബിച്ചിട്ട് ചിരിച്ചു .
“‘മോനേ ..അച്ഛന് ..അച്ഛന് സുഖമില്ല “‘ ഫോണിലൂടെ അമ്മയുടെ സ്വരം കേട്ടതും ഒരുവിധത്തിലാണ് മീൻ നിരത്തിയ ട്രേകൾ ഓംമ്നിയിലാക്കിയത് .
ആറുമാസം പിന്നിട്ടിരുന്നു കച്ചവടം തുടങ്ങിയിട്ട് . വൈകുന്നേരം കച്ചവടം കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ ഉണ്ടായിരിക്കില്ല . ലൈബ്രറിയിലോ ക്ഷേത്രമൈതാനത്തോ കൂട്ടുകാരുമായി കത്തിവെക്കാൻ പോകും . കോവിഡ് കൂടുകയാണ്, അധികം പുറത്തിറങ്ങണ്ടയെന്ന് ശ്യാമ വഴി അമ്മയിലൂടെ അച്ഛനോട് പറയാൻ ഏൽപ്പിച്ചിരുന്നു . അധികം മിണ്ടാട്ടം മീൻകച്ചവടം തുടങ്ങിയ അന്നുമുതൽ ഇല്ലായിരുന്നല്ലോ തന്നോട് . രാവിലെ അച്ഛന് ചുമയുണ്ടെന്ന് ശ്യാമ പറഞ്ഞപ്പോൾ , ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്യാൻ പറഞ്ഞേൽപ്പിച്ചതുമാണ് .
“”‘ എന്താമ്മേ ..എന്ന പറ്റിയെ ? അച്ഛന്റെകൂടെയാരാ ആശുപത്രിയിൽ ? ”
കുളിച്ച ശേഷം ആശുപത്രിയിലേക്ക് പോകാമെന്നു കരുതി വീട്ടിൽ ധൃതിയിലെത്തിയപ്പോൾ , നിഴൽ പോലെ എന്നും അച്ഛന്റെ കൂടെ ഉണ്ടാകുമായിരുന്ന അമ്മ അക്ഷമയോടെ ഉമ്മറത്തുണ്ട് .
“‘അച്ഛൻ രാവിലെ പനിക്ക് മരുന്ന് മേടിക്കാൻ പോയതാ .ഇപ്പൊ കൊറോണ ആണെന്ന് പറഞ്ഞാമ്പുലൻസിൽ കൊണ്ടുപോയി . .കൂടെയാരും വരണ്ടന്ന് പറഞ്ഞു . നമ്മളോട് വീടിന് പുറത്തുപോകരുതെന്ന് .അവരെന്തോ ഗേറ്റിലൊട്ടിച്ചിട്ടുണ്ട് മോനെ .എനിക്കാകെ പേടിയാവുന്നു “‘ ഒറ്റ ശ്വാസത്തിലാണമ്മ അത് പറഞ്ഞത് .
“‘പേടിക്കാൻ ഒന്നുമില്ലമ്മേ …എന്റെ കയ്യീന്ന് മീൻ വാങ്ങുന്ന ഒരു നേഴ്‌സ് ജനറൽ ആശുപത്രിയിലുണ്ട് . ഞാനവരെയൊന്ന് വിളിച്ചു നോക്കട്ടെ . “” അമ്മയെ ആശ്വസിപ്പിച്ച ശേഷം മാറിനിന്നവരെ വിളിച്ചു .
സംഗതി അൽപം ആശങ്കാജനകമാണ് . ഓക്സിജൻ ലെവൽ നന്നേ താണിരിക്കുന്നു . ആന്റിബയോട്ടിക്സ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് . വൈകുന്നേരം വരെ നോക്കിയ ശേഷം ഓക്സിജൻ ലെവൽ കൂടുന്നില്ലെങ്കിൽ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരും . ജനറൽ ഹോസ്പിറ്റലിൽ ഇപ്പോൾ വെന്റിലേറ്ററൊന്നും ഒഴിവില്ല, പ്രൈവറ്റ് ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ടി വരും . .അമ്മയോടൊന്നും പറയാൻ പോയില്ല . വെറുതെ എരിതീയിൽ എണ്ണയൊഴിക്കേണ്ടല്ലോ .
അന്ന് രാത്രി കുഴപ്പമില്ലായിരുന്നു . പക്ഷെ പുലർച്ചയോടെ പ്രശ്നത്തിലേക്ക് നീങ്ങുവാൻ തുടങ്ങിയപ്പോൾ അവർ തന്നെ ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് റെഫർ ചെയ്തു. പൈസയിറങ്ങി പോയ വഴിയറിഞ്ഞില്ല . അച്ഛന്റെ അകൗണ്ടിൽ ഉണ്ടായിരുന്നത് നീക്കി , സ്വർണമുൾപ്പടെ എല്ലാം ഹോസ്പിറ്റൽ ബില്ലിലേക്കൊഴുകി
ദൈവാധീനമെന്ന് പറയട്ടെ ഇരുപത്തിയൊന്നാം നാൾ പഴയ അത്രയും ആരോഗ്യത്തോടെയല്ലെങ്കിലും അച്ഛൻ ആശുപത്രിയിൽ നിന്നും വീട്ടിലെത്തി . മാസാദ്യത്തെ ശനി ആയതിനാൽ കച്ചവടം ഒഴിവാക്കാനായില്ല . ആശുപത്രിക്കാർ ഏർപ്പെടുത്തിയ ആംബുലൻസിലാണ് അച്ഛനെ വീട്ടിലെത്തിച്ചത് . ഉറങ്ങുകയാണെന്ന് അമ്മ പറഞ്ഞിരുന്നു അല്പം മുൻപ് വിളിച്ചപ്പോൾ .
“‘മീൻ..മീനേയ് “‘ ചിലമ്പിച്ച ശബ്ദം കേട്ടാണ് മൊബൈലിൽ കണ്ണ് നട്ടിരുന്ന താൻ മുഖമുയർത്തിയത് .
“‘അച്ഛാ ..അച്ഛാ എന്തായിത് ?”’ ഉച്ചക്ക് ശേഷം അഞ്ചുമണി വരെ തിരക്കില്ലാത്തതിനാൽ ഒന്ന് തണലിലേക്ക് മാറിയിരുന്നതായിരുന്നു .
“‘എന്നോട് ക്ഷമിക്കടാ മോനെ . പണവും പദവിയും പേരും പ്രശസ്തിയുമൊന്നും വലുതല്ലന്ന് മനസ്സിലായി എനിക്ക്. പണവും അധികാരവും യശ്ശസുമുള്ള ആളുകളും പട്ടിണി പാവങ്ങളും ഒരേപോലെ പ്രാണവായുവിന് വേണ്ടി കേഴുന്ന കാഴ്ച്ചകൾ ഞാൻ ആശുപത്രിയിൽ കണ്ടു . .അടുത്ത ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥ…പരസ്പരമൊന്ന് ആശ്വസിപ്പിക്കാൻ പോലും പറ്റുന്നില്ലാത്ത അവസ്ഥ. ഐ സി യുവിൽ കിടന്നപ്പോ ഞാൻ ഓർത്തത് ഒരു കുഴപ്പവും ഇല്ലാഞ്ഞിട്ടും നീയിക്കാലത്ത് അനുഭവിച്ച നോവായിരുന്നു. അന്ന് ഞാൻ തീരുമാനിച്ചതാ നിന്റെ കൂടെ ഇവിടെ വന്നിരിക്കണമെന്ന്.. നിന്നോട് കാണിച്ചതും പറഞ്ഞതുമെല്ലാം നിസ്സഹായനായ ഒരച്ഛന്റെ വിഷമം ആണെന്ന് കരുതി നീയെന്നോട് ക്ഷമിച്ചു കളയ് …..മീൻ..മീനേയ്””
പതറിയ ശബ്ദത്തിൽ പറഞ്ഞിട്ട് വീണ്ടും ഉച്ചത്തിൽ മീൻ വിൽക്കാനൊരുങ്ങിയ അച്ഛനെ മനേഷ് ആശ്വസിപ്പിച്ചു കാറിൽ വീട്ടിലേക്ക് കൊണ്ട് പോകുമ്പോഴും ആംബുലൻസുകൾ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു, കെട്ടിപ്പടുക്കുന്ന ഒന്നും ശാശ്വതമല്ലെന്ന് ജനങ്ങളെ പഠിപ്പിക്കാൻ .
~ സെബിൻ ബോസ്