Story written by Saji Thaiparambu
“രമേ… നാളെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നുണ്ടെങ്കിൽ കുറച്ച് കട്ടിയുള്ള ചുരിദാറ് ധരിച്ചിട്ടേ വരാവു, അല്ലാതെ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ,വെള്ളം നനയുമ്പോൾ തൊലി കാണുന്ന ലോലമായതൊന്നും ഇട്ടേക്കരുതേ?” ഞാൻ വലിയൊരു ട്രാവൽബാഗിൽ രണ്ട് ദിവസത്തെ വിനോദയാത്രയ്ക്കുള്ള ഡ്രെസ്സുകൾ അടുക്കി വയ്ക്കുമ്പോഴാണ് ദിനേശേട്ടൻ്റെ കമൻ്റ്
ശരിയാ, കഴിഞ്ഞ വെക്കേഷന് പുനലൂര് പോയപ്പോഴാണ് ദിനേശേട്ടൻ പറഞ്ഞത്, എന്തായാലും ഇവിടെ വരെ വന്ന സ്ഥിതിക്ക്, കുറ്റാലത്ത് കൂടി പോയിട്ട് വരാമെന്ന്, അത് കേൾക്കേണ്ട താമസം, ഞാനും കുട്ടികളും തുള്ളിച്ചാടി.
അങ്ങനെ യാതൊരു പ്രിപ്പറേഷനുമില്ലാതെ പോയത് കൊണ്ടാണ്, അന്ന് ഒരു വൈറ്റ് ചുരിദാറിട്ട് വെള്ളച്ചാട്ടത്തിലിറങ്ങണ്ടി വന്നത്,
മലമുകളിൽ നിന്ന് കുത്തി വീഴുന്ന തണുത്ത ജലത്തിൽ കുളിരോടെ ലയിച്ച് നില്ക്കുമ്പോഴാണ് ,ദിനേശേട്ടൻ എന്നോട് ,കുളിച്ചത് മതിയെന്നും വേഗം കയറി വാ എന്നും പറഞ്ഞത് , ആദ്യമെനിക്ക് നീരസം തോന്നിയെങ്കിലും , ചുറ്റിലും നില്ക്കുന്ന പുരുഷൻമാരുടെ തുറിച്ച നോട്ടം എൻ്റെ നനഞ്ഞൊട്ടിയ ദേഹത്താണ് പതിയുന്നതെന്ന് മനസ്സിലാക്കിയ ഞാൻ ചൂളിപ്പോയി.
ആ സംഭവത്തെ ആസ്പദമാക്കിയാണ് ദിനേശേട്ടൻ എന്നോടങ്ങനെ പറഞ്ഞത്.
എടാ പിള്ളേരെ, നേരത്തെ കിടന്നുറങ്ങാൻ നോക്ക്, നാളെ അതിരാവിലെ എഴുന്നേല്ക്കേണ്ടതാ, ഏഴ് മണിക്കെങ്കിലും ഒരുങ്ങിയിറങ്ങിയാലെ, ഉച്ചയ്ക്ക് മുമ്പ് മൂന്നാറെത്തുകയുള്ളു…
മൊബൈലിൽ ഗെയിം കളിച്ച് കൊണ്ടിരുന്ന ശിവയോടും കേശുവിനോടും പറഞ്ഞിട്ട് ഞാൻ അടുക്കളയിലേക്ക് പോയി.
നാളത്തെ രാവിലത്തെയും ഉച്ചക്കത്തേയും ഫുഡിനുള്ളതൊക്കെ തയ്യാറാക്കി വയ്ക്കണം…എന്താന്നറിയില്ല, ജോലി ചെയ്യാൻ വല്ലാത്തൊരു മൂഡ്, അത് മറ്റൊന്നുമല്ല , അവസാനമായി ടൂറ് പോയിട്ട് വർഷം രണ്ടാകുന്നു
ഒന്നാം തരംഗത്തിൽ തുടങ്ങി മൂന്നാം തരംഗത്തോടെ അവസാനിച്ച മഹാമാരി, ഞങ്ങടെ ഇടയ്ക്കിടെയുള്ള ഔട്ടിങ്ങിനെ ഇല്ലാതാക്കിയിരുന്നു.
ഏറെ നാളത്തെ ഗൃഹ വാസത്തിന് ശേഷം, പുറം ലോകത്തേയ്ക്ക് ദീർഘനിശ്വാസമുതിർത്ത് കൊണ്ട് പറക്കാൻ പോകുകയാണെന്ന ചിന്തയാണ് ,എന്നെ പതിവില്ലാതെ ഊർജ്ജസ്വലയാക്കിയത്.
അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് മുറിയിൽ തിരിച്ചെത്തിയപ്പോൾ, മക്കള് രണ്ട് പേരും കട്ടിലിൽ കമിഴ്ന്ന് കിടന്ന് നല്ല ഉറക്കം, കെട്ടിയോനാണെങ്കിൽ അപ്പോഴും മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ എന്തോ കണ്ടോണ്ടിരിക്കുവാ
അതൊന്ന് ഓഫ് ചെയ്ത് വച്ചിട്ട് കിടന്നുറങ്ങാൻ നോക്ക് ദിനേശേട്ടാ .. മണി പന്ത്രണ്ട് കഴിഞ്ഞു , നാളെ കുറെ ദൂരം ഡ്രൈവ് ചെയ്യാനുള്ളതല്ലേ?
സാരമില്ല, എന്തായാലും ഇത്രയുമായില്ലേ? നീ പോയി കുളിച്ചിട്ട് വാ
പാവം ഞാനൊറ്റയ്ക്കായി പോകുവെന്ന് കരുതിയാണ് ഉറങ്ങാതിരിക്കുന്നത്,
പ്രണയത്തോടെ ഞാൻ മൊബൈലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന കെട്ടിയോനെയൊന്ന് നോക്കിയിട്ട്, മാറ്റിയുടുക്കാനുള്ള ഉടയാടകളുമായി ബാത്റൂമിലേക്ക് കയറി.
രമേ..ഇത് വരെ കഴിഞ്ഞില്ലേ?
കുളി കഴിഞ്ഞ് ഈറൻ മാറുമ്പോഴാണ് ,ദിനേശേട്ടൻ്റെ അക്ഷമയോടെയുള്ള ചോദ്യം
പാവം ,ഉറക്കം വന്ന് കാണും…ഞാൻ വേഗം മേൽവസ്ത്രം മാത്രം ധരിച്ച് കൊണ്ട് വെളിയിലേക്കിറങ്ങി വന്നപ്പോൾ, മക്കളെ രണ്ട് പേരെയും അടുത്ത മുറിയിൽ എടുത്ത് കിടത്തിയിട്ട്, ദിനേശേട്ടൻ ദേ എന്നെയും കാത്ത് കിടക്കുന്നു,
ഉറങ്ങിക്കോളു ദിനേശേട്ടാ.. എൻ്റെ പരിപാടികളൊക്കെ കഴിഞ്ഞു
ഓഹ് എൻ്റെ ഉറക്കമൊക്കെ പോയി, നീയാ ലൈറ്റ് ഓഫ് ചെയ്തിട്ട് ഇവിടെ വന്ന് കിടക്ക് നമുക്ക് കുറച്ച് സൊറ പറയാം
അമ്പട കള്ളാ… സണ്ണിക്കുട്ടാ .. ചുമ്മാതല്ല ഉറക്കമിളച്ച് ഭാര്യയെ കാത്തിരുന്നത്
എന്തായാലും, ആ സൊറ പറച്ചിലും കഴിഞ്ഞ് കിടന്നപ്പോൾ, മണി രണ്ട് കഴിഞ്ഞിരുന്നു.
മൊബൈലെടുത്ത് അഞ്ച് മണിക്ക് അലാറം സെറ്റ് ചെയ്ത് വച്ചിട്ട്, കണ്ണടയ്ക്കുമ്പോൾ പിറ്റേന്ന് മൂന്നാറിലെ നീലക്കുറിഞ്ഞി പൂത്തുലഞ്ഞ് നില്ക്കുന്ന കാഴ്ചയായിരുന്നു മനസ്സ് നിറയെ, വരയാടുകളെ കാണാൻ കുത്തനെയുള്ള മലമുകളിലേക്ക് ഫോറസ്റ്റിൻ്റെ ട്രക്കിൽ കയറ്റം കയറുമ്പോഴാണ് അലാറമടിക്കുന്നത്
കൺകുളിരെ കണ്ട കാഴ്ചകളെ നശിപ്പിച്ച അലാറത്തെ ശപിച്ച് കൊണ്ട് എഴുന്നേല്ക്കുമ്പോൾ കാൽമുട്ടുകൾക്കിടയിൽ വലത് കൈ തിരുകിവച്ചുറങ്ങുന്ന കെട്ടിയോൻ, പാതിരാത്രി സൊറ പറഞ്ഞത്തിൻ്റെ ഹാങ്ങ് ഓവറിൽ നിന്ന് അപ്പോഴും മുക്തനായിരുന്നില്ല.
വാഷ്ബേയ്സനിൽ കൈയ്യും മുഖവും കഴുകി വേഗം അടുക്കളയിലേക്ക് കയറി തലേന്ന് പാതിയാക്കി വച്ച പാചക കസർത്തുകൾ തുടർന്നു.
ആറര മണിയായപ്പോഴേക്കും എല്ലാം റെഡി.
പിന്നെ അമാന്തിച്ചില്ല
കെട്ടിയോനെയും കുട്ടികളെയും തട്ടിയുണർത്തി ബാത്റൂമിൽ കയറ്റിയിട്ട് ഞാൻ ഇസ്തിരിയിടാൻ തുടങ്ങി. അപ്പോഴാണ് അ ടിവയറ്റിൽ നിന്നൊരു ദു:സ്സൂചന, സംശയ നിവാരണത്തിനായി ഞാൻ ചുമരിൽ തൂക്കിയ കലണ്ടറിലേക്ക് നോക്കി
ഈശ്വരാ .. ഇന്നലെയായിരുന്നു ഡേറ്റ്, എന്തേ ഞാനതോർത്തില്ല, രണ്ട് വർഷമായി കാത്ത് കാത്തിരുന്ന് പ്ളാൻ ചെയ്ത യാത്രയാണ് ,അദ്ദേഹവും കുട്ടികളുമൊക്കെ വലിയ സന്തോഷത്തിലാണ് ,
ചിന്തിച്ച് നില്ക്കുമ്പോൾ തന്നെ വേദന കലശലായി , ഇസ്തിരിപ്പെട്ടി ഓഫ് ചെയ്തിട്ട് ഞാൻ അടുത്ത് കിടന്ന കട്ടിലിലേക്ക് കമിഴ്ന്ന് കിടന്നു
ഇല്ല, ഞാൻ കാരണം അവരുടെ സന്തോഷം ഇല്ലാതാകാൻ പാടില്ല, വേദന സഹിച്ചിട്ടാണേലും പോകണം തനിക്ക് വെള്ളത്തിലിറങ്ങാനും തുള്ളിച്ചാടാനും പറ്റില്ലെന്നല്ലേയുള്ളു ,അത് സാരമില്ല, ഇനി ഉടനെയൊന്നും ദിനേശേട്ടന് ലീവ് കിട്ടില്ല ,ഇന്ന് പോകാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിനും കുട്ടികൾക്കും തന്നോടൊരു മുഷിപ്പ് തോന്നാനിടവരും
ഞാൻ പതിയെ എഴുന്നേറ്റു, അലമാര തുറന്ന് നാപ്കിനും ഡാർക്ക് നിറമുള്ള ചുരിദാറുമെടുത്ത് മുകൾനിലയിലുള്ള ബാത്റൂമിലേക്ക് പോയി.
എന്താ രമേ.. നീ ഇഞ്ചി തിന്ന കുരങ്ങിനെ പോലെ ഇരിക്കുന്നത്
ഡ്രൈവ് ചെയ്യുന്നതിനിടയിൽ ദിനേശേട്ടൻ കളിയാക്കി ചോദിച്ചു
എനിക്ക് പി രീഡ്സായി
പിറകിലിരിക്കുന്ന കുട്ടികൾ കേൾക്കാതെ ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു
പെട്ടെന്ന് അദ്ദേഹത്തിൻ്റെ മുഖത്തെ പ്രകാശം മാഞ്ഞു. ഉടൻ വണ്ടി നിർത്തുമെന്നും എങ്കിൽ നമുക്ക് യാത്ര ക്യാൻസൽ ചെയ്ത് തിരിച്ച് പോകാമെന്ന് വെറുതെയെങ്കിലും അദ്ദേഹം പറയുമെന്നും കരുതിയ എന്നെ വിഡ്ഡിയാക്കിക്കൊണ്ട് കാറ് മുന്നോട്ട് തന്നെ പോയി കൊണ്ടിരുന്നു.
ഇടയ്ക്കദ്ദേഹം മൊബൈലെടുത്ത് ഏതോ നമ്പരിലേക്ക് വിളിച്ചിട്ട് പെട്ടെന്ന് തിരിച്ച് പോക്കറ്റിലേക്ക് വയ്ക്കുന്നത് കണ്ടു.
ബാക്ക് സീറ്റിൽ കുട്ടികൾ ഒന്നുമറിയാതെ പുറത്തെ കാഴ്ചകളെ കുറിച്ച് വാതോരാതെ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു
അടുത്ത നിമിഷം അദ്ദേഹത്തിൻ്റെ മൊബൈൽ റിംങ്ങ് ചെയ്തു.
രണ്ടാമത്തെ ബെല്ലിന് തന്നെ ഫോൺ അറ്റൻ്റ് ചെയ്ത് ചെവിയിൽ വച്ചു.
ങ്ഹാ പറയെടാ എന്താ വിശേഷം? ങ്ഹേ, സത്യമാണോ ?
ഓഹ് ഷിറ്റ് ,രമയും കുട്ടികളുമൊക്കെ ഭയങ്കര എക്സൈറ്റഡായിരുന്നു, അവരോട് ഞാനെന്ത് സമാധാനം പറയും ,ശ്ശെ, നാശം പിടിക്കാൻ
അദ്ദേഹം ആകെ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ ഞാനത് കണ്ട് അമ്പരപ്പോടെ ഇരുന്നു.
മക്കളെ… സോറി ഡാ ..
എന്താ പപ്പാ …
മോനേ … മൂന്നാറിലേക്കുള്ള ഹൈറേഞ്ച് റോഡില് മലയിടിച്ചില് കാരണം രണ്ട് ദിവസത്തേക്ക് ഗതാഗതം നിരോധിച്ചെന്ന് ,ഇനി തിരിച്ച് വീട്ടിലേക്ക് പോകാനേ മാർഗ്ഗമുള്ളു
ആണോ പപ്പാ… എന്ത് കഷ്ടമാണ് ,മലയിടിയാൻ കണ്ടൊരു നേരം, ഈ മലകളൊക്കെ ഉണ്ടാക്കിയവനെ പിടിച്ച് നല്ല കുത്ത് കൊടുക്കണം
മക്കള് രണ്ട് പേരും കടുത്ത നിരാശയിൽ എന്തൊക്കെയോ വിളിച്ച് പറയുന്നതിനിടയിൽ ദിനേശേട്ടൻ കാറ് തിരിച്ച് വിട്ടു
നമ്മള് ,മൂന്നാറ് ടൂറ് പോകുന്ന കാര്യം നിങ്ങള് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നോ? അല്ല, അങ്ങോട്ടുള്ള വഴിയിൽ മണ്ണിടിഞ്ഞ കാര്യം, കൂട്ടുകാരൻ രാവിലെ തന്നെ വിളിച്ച് പറഞ്ഞത് കൊണ്ട് ചോദിച്ചതാ
വീട്ടിലെത്തിയപ്പോൾ കുട്ടികൾ കേൾക്കാതെ, സംശയം തീർക്കാനായി , ഞാനദ്ദേഹത്തോട് ചോദിച്ചു.
വിളിച്ചത്, മറ്റാരുമല്ല ഓഫീസിലെ രമേശനാ, ഞാനെന്തിനാ രാവിലെ അവനെ മിസ്സ്ഡ് കോളടിച്ചത് എന്ന് ചോദിക്കാനായിരുന്നു
എന്നിട്ട് നിങ്ങള് പിന്നെ അങ്ങനെയൊക്കെ സംസാരിച്ചതോ?
അത് പിന്നെ മക്കളെ കേൾപ്പിക്കാനായി ഞാനൊരു നാടകം കളിച്ചതല്ലേ?
എന്തിന് ?
എടി, നിനക്ക് വയ്യാതെയിരിക്കുമ്പോൾ ടൂറ് പോയാൽ നിനക്കത് ആസ്വദിക്കാൻ കഴിയില്ലെന്ന് എനിക്ക് നന്നായിട്ടറിയാം, നീ ആസ്വദിക്കാതെ പിന്നെങ്ങനെയാ ,എനിക്ക് സന്തോഷിക്കാൻ കഴിയുന്നത്? ഇത് വല്ലതും പറഞ്ഞാൽ എട്ടും പൊട്ടും തിരിയാത്ത പിള്ളേരുടെ തലയിൽ കയറുമോ ?അത് കൊണ്ടാണ് അവർക്ക് വിശ്വസിക്കാനും മനസ്സിലാക്കാനും പറ്റുന്ന ഒരു നാടകം ഞാൻ ക്രിയേറ്റ് ചെയ്തത് ,ഇനി ഓഫീസിൽ ചെന്നിട്ട് വേണം, രമേശൻ്റെ കൺഫ്യൂഷൻ മാറ്റാൻ
അമ്പട കള്ളാ… സണ്ണിക്കുട്ടാ…
സ്നേഹം കൊണ്ട് എനിക്കങ്ങേരെ കടിച്ച് തിന്നാനാണ് തോന്നിയത്.
ശുഭം