സെൽഫി
Story written by Saji Thaiparambu
=============
എന്തിനാടാ നീ എൻ്റെ ഫോട്ടോ എടുത്തത് ?
വെയ്റ്റിംഗ് ഷെഡ്ഡിലെ ടൈല് പാകിയ ബെഞ്ചിലിരുന്ന് കുഞ്ഞിന് മു ലപ്പാല് കൊടുക്കുകയായിരുന്ന യുവതി തൊട്ടടുത്ത് നിന്ന യൂണിഫോമിട്ട പയ്യനോട് ഒച്ചവച്ചു.
അയ്യോ ചേച്ചി..ഞാനെൻ്റെ സെൽഫിയെടുത്തതാണ്
അത് നിനക്ക് വേറെ എവിടെയെങ്കിലും പോയി എടുത്തുടെ, ഞാനിവിടെ കുഞ്ഞിന് പാല് കൊടുക്കുന്നത് കണ്ടൂടെ…?
യുവതിയുടെ ശബ്ദം ഉയർന്നപ്പോൾ, ബസ്സ് കാത്ത് നിന്ന മറ്റുള്ളവരും അങ്ങോട്ട് തിരിഞ്ഞു
എന്താ പെങ്ങളെ എന്ത് പറ്റി?
ഒരു സദാചാരി കാര്യമന്വേഷിച്ചു
ദേ ഈ നില്ക്കുന്നവൻ ഞാൻ പാല് കൊടുക്കുന്ന ഫോട്ടോ എടുത്തിരിക്കുന്നു , അത് ചോദിച്ചപ്പോൾ അവൻ പറയുവാ അവൻ്റെ സെൽഫിയെടുത്തതാണെന്ന്
നേരാണാടോ, നീയൊക്കെ പഠിക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്നത് ഇത് പോലെ തോന്ന്യാസം കാണിക്കാനാണല്ലേ?
അയ്യോ ചേട്ടാ…ഞാനാ ടൈപ്പല്ല. ഞാൻ കവലയിലെ സൂപ്പർ മാർക്കറ്റ് നടത്തുന്ന ജനാർദ്ദനൻ്റെ മകനാണ്,
അതെന്താടാ ജനാർദ്ദനൻ്റെ മകന് എന്തും ആകാമെന്നാണോ?
മറ്റൊരാൾ മുന്നോട്ട് വന്ന് ചോദിച്ചു
ഉം..നീ കൂടുതല് കിടന്നുരുളണ്ടാ..ഷൈജുവേട്ടാ നിങ്ങള് പോലീസിനെ വിളിക്ക് , ഇത് പോലുള്ള ഞരമ്പ് രോഗികളെ അവര് കൈകാര്യം ചെയ്തോളും
അയ്യോ ചേച്ചീ..എന്നെയൊന്ന് വിശ്വസിക്ക്, ഇതാ , നിങ്ങള് വേണമെങ്കിൽ ഞാനെടുത്ത സെൽഫി നോക്കിക്കോ? അതിൽ മോശമായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ എൻ്റെ ഫോൺ പൊട്ടിച്ച് കളഞ്ഞോളു , എനിക്കിന്ന് ടെസ്റ്റ് പേപ്പറുള്ളതാണ് ചേച്ചീ…ഞാൻ പൊയ്ക്കോട്ടെ പ്ളീസ് ..
അവൻ ദയനീയതയോടെ ചോദിച്ചു
നീയിന്ന് പരീക്ഷയെഴുതെണ്ടടാ, നീയൊക്കെ പരീക്ഷയെഴുതാതെ തോറ്റ് പോകുന്നത് തന്നെയാണ് നല്ലത്
കാഴ്ചക്കാരിൽ ഒരാൾ അവൻ്റെ കോളറിൽ കയറി പിടിച്ചു
വേണ്ട ചേട്ടാ…അവൻ വേണമെങ്കിൽ സ്കൂളിൽ പൊയ്ക്കോട്ടെ ,പക്ഷേ ഒരു കാര്യം, എടാ ചെക്കാ..നിൻ്റെ ഫോൺ എൻ്റെ കൈയിൽ തന്നിട്ട് പോയാൽ മതി , എനിക്കത് മുഴുവൻ അരിച്ച് പെറുക്കി നോക്കണം , ഞാനറിയാതെയും നീ വേറെ വല്ല ഫോട്ടോയും എടുത്തിട്ടുണ്ടോന്ന് എനിക്കറിയില്ലല്ലോ ?പിന്നെ ഫോൺ തിരിച്ച് ഞാൻ നിൻ്റെ അച്ഛൻ്റെ കടയിൽ കൊടുത്തേക്കാം , നീയവിടുന്ന് വാങ്ങിച്ചോ?
നിസ്സഹായതയോടെ അവൻ ഫോൺ യുവതിയുടെ നേർക്ക് നീട്ടി .
ഇതിൻ്റെ പാസ് വേഡ് എന്തു വാടാ ഒന്ന് കാണിച്ച് തന്നേ?
യുവതിക്ക് പാസ്വേഡ് കൈമാറിയിട്ട്, ആ പയ്യൻ അടുത്ത ബസ്സിൽ കയറി സ്കൂളിലേക്ക് പോയി.
അല്പസമയം കഴിഞ്ഞപ്പോൾ യുവതിക്ക് പോകേണ്ട ബസ്സും സ്റ്റോപ്പിൽ വന്ന് നിന്നപ്പോൾ അവർ വേഗം അതിൽ കയറി.
ബസ്സ് മുന്നോട്ടെടുത്തപ്പോൾ അവളുടെ കൈയ്യിലിരുന്ന ആ പയ്യൻ്റെ ഫോണിലേക്ക് ഒരു കോള് വന്നു, അമ്മ എന്ന് സ്ക്രീനിൽ പേര് കണ്ടപ്പോൾ അവൾ അമ്പരന്നു ,
അവൻ്റെ അമ്മയായിരിക്കും വിളിക്കുന്നത് , അറ്റൻഡ് ചെയ്താൽ അവരോട് താൻ എന്ത് പറയും ഒരു പക്ഷേ അവൻ പറഞ്ഞത് സത്യമാണെങ്കിൽ, അവനൊരു പാവമായിരിക്കും ,അപ്പോൾ പിന്നെ കുറച്ച് മുൻപ് നടന്ന സംഭവങ്ങൾ അവരോട് പറഞ്ഞാൽ അവൻ്റെ അമ്മ , കാര്യമറിയാതെ മകനെ വെറുക്കില്ലേ? അത് വേണ്ട ,തല്ക്കാലം ഫോൺ അറ്റൻ്റ് ചെയ്യണ്ടാ
യുവതി ഫോൺ അറ്റൻറ് ചെയ്തില്ല,
പക്ഷേ ആദ്യബെല്ലടിച്ച് കഴിഞ്ഞ് ,ഒരു മിനുട്ട് കഴിഞ്ഞപ്പോൾ വീണ്ടും ഫോൺ റിങ്ങ് ചെയ്തു
ചേച്ചീ ഫോൺ ബെല്ലടിക്കുന്നു
അടുത്ത് നിന്ന കണ്ടക്ടർ ,യുവതിയെ തോണ്ടിയിട്ട് പറഞ്ഞു
ഇതെൻ്റെ ഫോണല്ല?
ങ്ഹേ ,ചേച്ചീടെ ഫോണല്ലേ?പിന്നെയിതെങ്ങനെ ചേച്ചീടെ കൈയ്യിൽ വന്നു ?
അയാൾ സംശയത്തോടെ ചോദിച്ചു.
എന്ത് പറയണമെന്ന് അവൾ ഒരു നിമിഷം ആലോചിച്ചു
ഇതെനിക്ക് കളഞ്ഞ് കിട്ടിയതാണ്
അവളൊരു കളവ് പറഞ്ഞു
കളഞ്ഞ് കിട്ടിയതാണോ ?അപ്പോൾ അതിൻ്റെ ഉടമയായിരിക്കും വിളിക്കുന്നത്. അത് അറ്റൻറ് ചെയ്തിട്ട് ഫോൺ ചേച്ചിയുടെ കൈയ്യിലുണ്ടെന്ന് പറയ്, ആ പാവത്തിന് സമാധാനമാവട്ടെ
കണ്ടക്ടർ , സഹതാപത്തോടെ പറഞ്ഞു.
അത് ഉടമയാണെന്ന് തനിക്കെങ്ങനെ അറിയാം. താൻ തൻ്റെ ജോലി നോക്ക്, ഈ ഫോൺ എന്ത് ചെയ്യണമെന്ന് എനിക്കറിയാം
അവൾ അനിഷ്ടത്തോടെ പറഞ്ഞു
അത് ശരി , അപ്പോൾ നിങ്ങൾക്കിത് കളഞ്ഞ് കിട്ടിയതല്ലാ, അതാണ് നിങ്ങളിങ്ങനെ തിരിഞ്ഞ് കളിക്കുന്നത് , തങ്കപ്പേട്ടാ വണ്ടി സ്റ്റേഷനിലോട്ട് വിട് , കൈക്കുഞ്ഞുങ്ങളുമായി ചില യുവതികൾ മോഷണത്തിനിറങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു ന്യൂസുണ്ടായിരുന്നു, ഇവരെ ആദ്യം കണ്ടപ്പോഴെഎനിക്ക് സംശയം തോന്നിയതാ
ആങ്ഹാ അത് കൊള്ളാമല്ലോ? കണ്ടാൽ പറയില്ലാട്ടാ? വേഷം കെട്ടല് കണ്ടാൽ നല്ല തറവാടി ലുക്കൊക്കെയുണ്ട്
പിന്നിലേക്ക് നോക്കിയിട്ട് മുൻസീറ്റിലിരുന്നൊരമ്മാവൻ കമൻറടിച്ചു
അങ്ങനെയാണെങ്കിൽ ഇവളെ സ്റ്റേഷനിൽ കൊണ്ട് പോയി ഒരു ശാരീരിക പരിശോധന നടത്തണം, സാരിക്കുള്ളിലും ബ്ളൗസിനുള്ളിലും എന്തെല്ലാം ഒളിപ്പിച്ചിട്ടുണ്ടെന്നാർക്കറിയാം?
മറ്റൊരു യാത്രക്കാരൻ സംശയം പറഞ്ഞു
ദേ അനാവശ്യം പറയരുത് ഞാനത്തരക്കാരിയല്ല
യുവതി അവർക്ക് നേരെ ചീറി
എത്തരക്കാരിയാണെന്ന് പോലീസ് തീരുമാനിക്കട്ടെ , നിങ്ങള് വണ്ടി സ്റ്റേഷനിലോട്ട് വിട് തങ്കപ്പേട്ടാ..
അബദ്ധം പറ്റിയ യുവതി എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരുന്ന് പോയി.
അടുത്ത പോലീസ് സ്റ്റേഷൻ്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ കണ്ടക്ടറും രണ്ട് മൂന്ന് യാത്രക്കാരും ചേർന്ന് യുവതിയെ സ്റ്റേഷനകത്തേക്ക് കൂട്ടിക്കൊണ്ട് പോയി
എസ് ഐ യുടെ റൂമിലെത്തിയ കണ്ടക്ടർ ,നടന്ന സംഭവം പറഞ്ഞു.
നേരാണോ പെങ്ങളെ ഈ സഹോദരൻ പറഞ്ഞത് ?
ജനകീയനായ എസ്ഐ മാർദ്ദവത്തോടെ ചോദിച്ചു
പച്ചക്കള്ളമാണ് സർ ,ഞാനൊരു അന്തസ്സുള്ള കുടുംബത്തിലുള്ളതാണ്. എൻ്റെ ഭർത്താവിന് നല്ലൊരു ജോലിയുണ്ട് എനിക്ക് മോഷ്ടിക്കേണ്ട ആവശ്യമൊന്നുമില്ല
അവൾ അമർഷത്തോടെ പറഞ്ഞു
ഓഹോ, എന്നാൽ പിന്നെ അതിലേക്ക് തുടർച്ചയായി കോളുകൾ വന്നിട്ട് മേഡമെന്താ അറ്റൻ്റ് ചെയ്യാതിരുന്നത്?
അത് പിന്നെ സർ….
ഉം പറയൂ എന്താ നിങ്ങള് അറ്റൻ്റ് ചെയ്യാതിരുന്നത് ?
എസ് ഐ ചോദ്യം ആവർത്തിച്ചു
ഞാൻ പറയാം സാർ
യുവതി ബസ് സ്റ്റോപ്പിൽ വച്ചുണ്ടായ കാര്യങ്ങളെല്ലാം വിശദീകരിച്ച് പറഞ്ഞു
എന്നിട്ട് നിങ്ങൾ അതിലുണ്ടായിരുന്ന ഫോട്ടോസ് ചെക്ക് ചെയ്തോ?
ഇല്ല സാർ അപ്പോഴാണ് ഈ ഇഷ്യൂ ഉണ്ടായത്
ശരി നിങ്ങളത് ഓപ്പൺ ചെയ്യു എന്നിട്ട് ഗ്യാലറി പരിശോധിച്ച് നോക്ക്
എസ്ഐയുടെ നിർദ്ദേശപ്രകാരം യുവതി ഫോണിൻ്റെ ഗ്യാലറി പരിശോധിച്ചപ്പോൾ, അവൻ്റെ വീട്ടുകാരോടൊപ്പമുള്ള ഫോട്ടോസ് കൂടാതെ ആ പയ്യൻ നേരത്തെ കാണിച്ച ഒരു സെൽഫി മാത്രമേ അതിലുണ്ടായിരുന്നുള്ളു, അതിൽ അവൻ്റെ പുറകിലിരിക്കുന്ന തൻ്റെ മുഖം മാത്രമേ പതിഞ്ഞിട്ടുമുള്ളു
ഇതാ നോക്കു സർ ,ആ പയ്യൻ്റെയും എൻ്റെയും ഫോട്ടോ, ഇപ്പോൾ സാറിന് വിശ്വാസമായോ?
അവൾ കോൺഫിഡൻസോടെ ചോദിച്ചു.
അപ്പോൾ…ഒരു വിധത്തിൽ പറഞ്ഞാൽ, ആ പയ്യൻ സെൽഫിയെടുത്തത് കൊണ്ട്, തനിക്ക് തൻ്റെ നിരപരാധിത്വം തെളിയിക്കാൻ പറ്റി, ചില സന്ദർഭങ്ങളിൽ, ഈ സെൽഫി, ഒരനുഗ്രഹം കൂടിയാണല്ലേ?
എസ് ഐ ചിരിച്ച് കൊണ്ട് ചോദിച്ചു.
ആ സമയം, വീണ്ടും ആ ഫോൺ റിങ്ങ് ചെയ്തു.
അത് അവൻ്റെ അമ്മയാണ് സർ , അവരോട് ഞാൻ എന്ത് പറയുമെന്ന കൺഫ്യൂഷൻ കൊണ്ടാണ് ഫോൺ എടുക്കാതിരുന്നത്
പക്ഷേ ഇനിയും എടുക്കാതിരുന്നാൽ പാവം ആ അമ്മ വിഷമിക്കില്ലേ?
എസ് ഐ സഹതാപത്തോടെ പറഞ്ഞു.
എസ് ഐ ഫോൺ അറ്റൻ്റ് ചെയ്തിട്ട് സ്പീക്കർ ഓൺ ചെയ്തു
എടാ മോനേ നീയെന്താടാ ഇത് വരെ ഫോൺ അറ്റൻ്റ് ചെയ്യാതിരുന്നത്? അമ്മ എത്രമാത്രം വിഷമിച്ചുന്ന് നിനക്കറിയാമോ? നിന്നോട് ഞാൻ പറഞ്ഞിരുന്നതല്ലേ ? സ്കൂളിൽ ചെന്നാൽ ഉടനെ നീ അമ്മയെ വിളിക്കണമെന്ന് ? സമയം കഴിഞ്ഞിട്ടും നീ വിളിക്കാതിരുന്നത് കൊണ്ടാണ് അമ്മ അങ്ങോട്ട് വിളിച്ചത്. നീയെന്താ മോനേ..ഒന്നും മിണ്ടാത്തത്?
അത് കേട്ടപ്പോൾ എല്ലാവർക്കും വിഷമമായി
എസ്ഐ അവരോട് സൗമ്യമായി കാര്യങ്ങൾ വിശദീകരിച്ചു
പിന്നെ , അമ്മമാർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ,സ്കൂളിൽ പോകുമ്പോൾ കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുത്ത് വിടരുത്. അതവരുടെ പഠിത്തത്തെ ബാധിക്കില്ലേ?
അയ്യോ സർ, ഇന്നാണ് അവൻ ആദ്യമായി സ്കൂളിലേക്ക് ഫോൺ കൊണ്ട് പോകുന്നത് അത് ഞാൻ പറഞ്ഞിട്ടായിരുന്നു എല്ലാ ദിവസവും അവൻ്റെ അച്ഛനാണവനെ സ്കൂളിൽ കൊണ്ട് വിടുന്നതും തിരിച്ച് കൊണ്ട് വരുന്നതും , ഇന്നദ്ദേഹത്തിന് കടയിൽ കണക്കെടുപ്പുള്ളത് കൊണ്ട് അതിരാവിലെ വീട്ടിൽ നിന്ന് പോയി , അവനാദ്യമായാണ് തനിച്ച് ബസ്സിൽ പോകുന്നത്. അത് കൊണ്ട് എനിക്കൊരു ടെൻഷനുള്ളത് കൊണ്ടാണ് അവൻ കൃത്യമായി സ്കൂളിലെത്തിയോ എന്നറിയാൻ ഫോൺ കൊടുത്ത് വിട്ടത് ,ഇനി അങ്ങനെ ഉണ്ടാവില്ല സർ.,
ഓകെ മനസ്സിലായി ,അപ്പോൾ അവൻ്റെ അച്ഛനോട്, സമയം പോലെ സ്റ്റേഷനിൽ വന്ന് ഫോൺ തിരികെ വാങ്ങാൻ പറയണം
ശരി സർ പറയാം
അവർ ഫോൺ കട്ട് ചെയ്തപ്പോൾ എസ് ഐ കൂടി നിന്നവരോട് ചോദിച്ചു.
അപ്പോൾ എല്ലാവർക്കും കാര്യങ്ങളൊക്കെ ഏതാണ്ട് ബോധ്യപ്പെട്ടു കാണുമല്ലോ ?ഇനിയെങ്കിലും കാര്യങ്ങളെ കുറച്ചുടെ മെച്ചൂരിറ്റിയോടെ കൈകാര്യം ചെയ്യാൻ നോക്കണം ,എന്നാൽ പിന്നെ എല്ലാവരും പോയാട്ടെ, എനിക്ക് കുറച്ച് ജോലി ബാക്കിയുണ്ട്
ഇളിഭ്യരായി വന്നവരൊക്കെ ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ച് പോയപ്പോൾ ആ യുവതി മാത്രം അവൻ്റെ സ്കൂളിലേക്കാണ് പോയത് ,തൻ്റെ തെറ്റിദ്ധാരണ കാരണം പാവം ,ഇപ്പോൾ ഒരുപാട് വിഷമിച്ചിരിക്കുകയായിരിക്കും…അവനോട് മാപ്പ് ചോദിക്കണം
ആർദ്രമായ മനസ്സുമായി അവൾ അടുത്ത ബസ്സിന് കൈ കാണിച്ചു .
~ സജി തൈപ്പറമ്പ്