ഉളുക്ക് ജീവിതം…
Written by Shabna Shamsu
=============
കയിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് ഒന്നര കിലോ മത്തിയും കൊണ്ട് അടുക്കളൻ്റെ പുറക് വശത്തുള്ള മുളയുടെ ചോട്ടിലെ പലകയിലിരുന്ന് പുതിയ കഥയും ആലോയ്ച്ച് മുറിച്ചോണ്ടിരിക്കുകയായിരുന്നു…
മുമ്പിലത്തെ പൂച്ച അയ്ൻ്റെ തല ഇനിക്ക് താടീന്ന് പലവട്ടം ചോയ്ച്ച്ട്ടും ഞാൻ കൊടുത്തില്ല…
ഒരുമിച്ച് തരാ…ഇയ്യൊന്ന് സബൂറാക്ക്ന്ന് പൂച്ച നോട് പറഞ്ഞതാ….
അങ്ങനെ മീൻ മുറി കഴിഞ്ഞു…വേസ്റ്റ് വെള്ളവും കൊണ്ട് എണീച്ചപ്പോ ദില് വാനെ പുച്ച് ദേ നെ ക്യാ…. ഓ ……. എന്ന ബിജിഎം ആണ് ഓർമ വന്നത്.. ഞാൻ സ്റ്റക്കായി പോയി…നിവരാൻ പറ്റാണ്ട് ഊര ഉളുക്കിപ്പോയി…
വരയൻ പൂച്ച അപ്പളും കാലിന് വട്ടം ചുറ്റി കരയുന്നു… എനിക്കാണെങ്കിൽ വേസ്റ്റ് വെള്ളം കളയാൻ പോലും പറ്റുന്നില്ല… ഒരു വിധത്തിൽ മത്തി കഴുകി അകത്തോട്ട് വച്ചു… ഇക്കാനെ വിളിച്ചു….നമ്മളിനി എന്ത് സെയ്യും മല്ലയ്യാ…
പിറ്റേ ദിവസം ഓർത്തോ ഡോക്ടറെ കാണിച്ചു..മരുന്ന് തന്നു.. ഒരാഴ്ച റെസ്റ്റെടുക്കണം…വേദനക്കിടയിലും മനസ്സിലെവിടെയോ ഒരു ലഡു പൊട്ടി…
റസ്റ്റ്…. ചിലപ്പോ ആ വാക്ക് കേട്ടതോണ്ടാവും…
കാണിച്ച് തിരിച്ച് വരുമ്പോ ഇക്ക വീണ്ടും ചോദിച്ചു…
നമ്മളിനി എന്ത് സെയ്യും മല്ലയ്യാ….
ഒരു നാലഞ്ച് കൊല്ലം മുമ്പ് ഞങ്ങളെ വീട്ടിലേക്കുള്ള റോഡ് പണി നടക്കുന്ന സമയം..വണ്ടിയൊന്നും പോവൂല… ഒരു കുറുക്ക് വഴിയിലൂടെ ഓട്ടോ വിളിച്ച് ഞാൻ ഡ്യൂട്ടിക്ക് പോവായിരുന്നു…പകുതി എത്തിയപ്പോ ഓട്ടോക്കാരൻ പറഞ്ഞു… ആ വളവ് കഴിഞ്ഞ് കാണുന്ന ആദ്യത്തെ വീടാണ് സിനിമാ നടി അനു സിത്താരൻ്റെത്….
സിനിമ കാണല് വളരെ കുറവാണെങ്കിലും സിനിമാ നടിയെ നേരിട്ട് കാണാൻ വല്ലാത്ത പൂതി….അങ്ങനെ അനുസിത്താരൻ്റെ വീടിൻ്റെ മുമ്പിലെത്തിയപ്പോ എൻ്റെ തലയും ഉടലിൻ്റെ പകുതിയും പുറത്തേക്കിട്ട് ഞാൻ സിനിമാ നടി പുറത്തെ വിടേലും ഉണ്ടോന്ന് നോക്കി….ആരെയും കണ്ടില്ല… വീട് കഴിഞ്ഞ് ചെറിയ ഒരു ഇറക്കം എത്തോളം വീണ്ടും വീണ്ടും ഞാൻ നോക്കി കൊണ്ടിരുന്നു…
പെട്ടെന്നാണത് സംഭവിച്ചത്….ഓട്ടോൻ്റെ ബാലൻസ് തെറ്റി… ഇടത് വശത്തേക്ക് ചെരിഞ്ഞ് വീണു… ഞാൻ പകുതിയും പുറത്തായതോണ്ട് ബാക്കി വീഴാൻ ബുദ്ധിമുട്ടുണ്ടായില്ല…
ആളുകള് കൂടി ,.. ഹോസ്പ്പിറ്റലിൽ എത്തിച്ചു.. കാലിന് ഫ്രാക്ച്ചറും കുറച്ച് പരിക്കും പറ്റി… ഒന്ന് രണ്ട് മാസം കിടപ്പിലായി…
അതിന് ശേഷം വലിയ പെരുന്നാളും ഓണവും ഒക്കെ വരുന്ന പോലെ കൊല്ലത്തിലൊരിക്കൽ എൻ്റെ ഡിസ്കും തെറ്റും…റിപ്പയർ ചെയ്യാൻ എൻ്റെ വീട്ടില് വരും… എൻ്റെ റൂമിലെ മരത്തിൻ്റെ മച്ചില് തൂക്കിയിട്ട സ്വർണ്ണ കളറ് ചിത്ര പണിയുള്ള കാപ്പിപ്പൊടി കളറ് ഫാൻ നോക്കി കുറച്ച് ദിവസം കിടക്കും… വേദന കുറയുമ്പോ തിരിച്ച് പോവും…. ഇപ്പോ കിടപ്പിലാണ്… അട്ടം നോക്കിയുള്ള കിടപ്പ്…
ഊര ഉളുക്കിയത് ആചാര വിരുദ്ധമാണെന്ന് പറയുന്നവരുണ്ട്.. സ്വന്തം വീട്ടിലേക്ക് പോവാനുള്ള അടവാണെന്നും പണിയെടുക്കാതെ കിടക്കാനാണെന്നും പറയുന്നവരുണ്ട്….
മെഡിക്കൽ ഷോപ്പിലെ കറങ്ങുന്ന കസേരയിലിരുന്ന് കുശു കുശുക്കുന്നവരായാലും ശരി, ഓൺലൈൻ ക്ലാസ്സിലെ ഫോണിന് മുമ്പിലിരിക്കുന്ന കുരുന്നുകളായാലും ശരി, ഇനി ഇത് പറയുന്ന കെട്ടിയോനേം മക്കളേം കലാപരമായും കഥാപരമായും നേരിടുന്നതായിരിക്കും…
Shabna shamsu❤️