Written by Diju AK
=========
കഴിഞ്ഞ ദിവസം ഒരു പെണ്ണ് കാണാൻ ഒരു വീട്ടിൽ പോയി… (എനിക്ക് വേണ്ടി അല്ല…??) ഒരു സുഹൃത്തിൻ്റെ അനിയന് വേണ്ടി…
സത്യത്തിൽ പെണ്ണ് കാണാൻ പോയതല്ല…പെണ്ണ് ചോദിക്കാൻ പോയതാ…പെണ്ണ് കാണലും പെണ്ണ് ചോദിക്കലും തമ്മിൽ വ്യത്യാസം ഉണ്ടല്ലോ…
പെണ്ണിനെ ചെക്കൻ നേരുത്തെ കണ്ടിട്ടുള്ളതും അറിയാവുന്നവരും ഒരുമിച്ച് ഒരേ ഓഫീസിൽ ജോലി ചെയ്യുന്നവരും ആണ്…
എൻ്റെ അറിവിൽ ചെക്കനും പെണ്ണും ശാന്ത ശീലരും സമാന സ്വഭാവ ക്കാരും ആണ്…
സ്വാഭാവികമായും, സമാന ചിന്താഗതി ഉളളവർ ആയതുകൊണ്ട് തന്നെ ഒരുമിച്ച് ജീവിക്കാൻ രണ്ട് പേർക്കും ഒരു മോഹം…Just ഒരു മോഹം അത്രേയുള്ളൂ…
ചെക്കൻ പെണ്ണിനോട് തന്നെ അഭിപ്രായം ആരാഞ്ഞു…
പെൺകുട്ടി വിഷയം വീട്ടിൽ അവതരിപ്പിച്ചു…
വീട്ടിൽ ചെറിയ പൊട്ടിത്തെറി കൾ, പിണക്കങ്ങൾ, കരച്ചിൽ…
സ്വാഭാവികം…
കാര്യങ്ങൾ കരയ്ക്ക് അടുക്കുന്ന ലക്ഷണങ്ങൾ ഒന്നും ചെക്കൻ കാണുന്നില്ല…എന്ത് ചെയ്യണം എന്ന് ഒരു കൺഫ്യൂഷൻ…എന്താണ് അടുത്ത പടി…??
ചെക്കൻ സ്വന്തം ചേട്ടനോട് കാര്യം പറയുന്നു…ചെക്കനും ചേട്ടനും കൂടി എന്നോട് കാര്യങ്ങൾ പറയുന്നു…ഹരികൃഷ്ണൻസ് ഈ കേസ് ഏറ്റെടുക്കുന്നു…
ഇതൊരു പ്രേമം അല്ലാത്തതിനാലും ചെക്കനും പെണ്ണും വിവാഹ പ്രായം എത്തി നിൽക്കുന്നതിനാലും കാര്യങ്ങളിൽ ഒരു പക്വത വ്യക്തമാണ്…
അതുകൊണ്ട് തന്നെ ഞാൻ ഒരു suggestion വച്ചു…എന്തിന് കാട് കയറണം…നുമ്മ straight forward ആയി deal ചെയ്യുന്നു…?? നേരെ പഞ്ചാബികളുടെ വീട്ടിലേക്ക് ചെല്ലുന്നു ബോട്ട് ചോദിക്കുന്നു എന്ന രീതി….
അങ്ങനെ ഞാനും ചെക്കൻ്റെ ചേട്ടനും കൂടി പെണ്ണിൻ്റെ വീട്ടിലേക്ക്…
കഥയിലെ പ്രശ്നം എന്താണെന്ന് പിടി കിട്ടിയോ…!!??
കഥയിലെ നായകൻ ഈഴവനും നായിക നായരും ആണ്… (ഇത് രണ്ടും ജന്മം കൊണ്ട് സംഭവിച്ചു പോയതാണ് കേട്ടോ…അവരുടെ കുറ്റമല്ല…)
ചെന്ന പാടേ…പെണ്ണിൻ്റെ അച്ഛൻ കസേര പിടിച്ച് ഇട്ട് തന്നിട്ട് ഇരിക്കാൻ പറഞ്ഞു…ഞങ്ങ ഇരുന്നു…ഞാൻ കുശലാന്വേഷണം നടത്തി പതുക്കെ കാര്യത്തിലേക്ക് കടന്നു…
കാര്യം അവതരിപ്പിച്ചു…അദ്ദേഹത്തിൻ്റെ മുഖത്ത് ഒരു തരി പോലും ഞെട്ടൽ കണ്ടില്ല…അദ്ദേഹം ഈ രംഗത്തിന് നെരുത്തെ തന്നെ prepared ആണെന്ന് എനിക്ക് തോന്നി…അദ്ദേഹം വളരെ കൂൾ ആയി മറുപടി തന്നു…
“അയ്യോ മോനേ…അവളുടെ കല്യാണം രണ്ട് വർഷം മുമ്പേ ഉറപ്പിച്ചല്ലോ…ഞാൻ വാക്കും കൊടുത്തല്ലോ…എൻ്റെ ഒരു കൂട്ടുകാരൻ്റെ മോൻ ആണ് പയ്യൻ…ഇനി ഞാൻ എങ്ങനാ വാക്ക് മാറുന്നത്…” കാണാപ്പാഠം പഠിച്ചത് പോലെ തട്ടും തടവും ഇല്ലാതെ അദ്ദേഹം തുടർന്നു കൊണ്ടേയിരിക്കുന്നു….
ഞാൻ ഉള്ളിൽ ചിരിച്ചു…അടുക്കും ചിട്ടയോടും കൂടി കള്ളം പറയുന്നത് കണ്ടപ്പോ എനിക്ക് ചിരി ആണ് വന്നത്…ഞാൻ അദ്ദേഹത്തിൻ്റെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്ന് എല്ലാം കേട്ടു…
അദ്ദേഹം പറയുന്ന കള്ളങ്ങൾ ഞങ്ങളെ convince ചെയ്യാൻ വേണ്ടി അദ്ദേഹം പല ഉപ കഥകളും ചേർക്കുന്നുണ്ട്…സമൂഹത്തിൽ അദ്ദേഹത്തിൻ്റെ ഉയർന്ന സ്ഥാനങ്ങളെ പറ്റി വാചാലൻ ആകുന്നുണ്ട്…
ആദ്യം വന്ന ചിരി എൻ്റെ ഉള്ളിൽ നിന്ന് മാറി വിഷമം തോന്നി തുടങ്ങി…
ഞാൻ പോയ കാര്യം നടന്നില്ലല്ലോ എന്നോർത്തല്ല എനിക്ക് വിഷമം വന്നത്…സ്വന്തം മകൾക്ക് വന്ന ഒരു നല്ല പ്രോപോസൽ യാതൊരു ഉളുപ്പും ഇല്ലാതെ തട്ടി കളയുന്നത് കണ്ട് എനിക്ക് വിഷമം തോന്നി…
അങ്ങനെ എനിക്ക് തോന്നാൻ കാരണം നമ്മുടെ നായകനെ എനിക്ക് നന്നായിട്ട് അറിയാം…അവൻ്റെ മാന്യതയും സംസ്കാരവും പൈതൃകവും സാമ്പത്തിക അവസ്ഥയും ഒക്കെയും അറിയാം…
എങ്കിൽ ഇറങ്ങിയേക്കാം എന്ന നിലയിൽ ഞാൻ എഴുന്നേറ്റപ്പോൾ അദ്ദേഹം ഒരു ഓഫർ വച്ചു… “അല്ലാ ചായ കുടിച്ചിട്ട് പോകാം…”
നമ്മുടെ proposal ഒരു കാരണവശാലും മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത വണ്ണം ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന് എനിക്ക് ബോധ്യപ്പെട്ടു…കാരണം അദ്ദേഹം പറഞ്ഞത് വേറെ കല്യാണം fix ചെയ്തു എന്നാണല്ലോ…പിന്നെ ഇനി അവിടെ കൂടുതൽ ഡയലോഗുകൾ ക്ക് സാധ്യത ഇല്ലല്ലോ…
അപ്പൊൾ ഇനി ഈ വീട്ടിലേക്ക് മിക്കവാറും ഇനി ഒരു വരവ് ഉണ്ടാകില്ല…അതുകൊണ്ട് തന്നെ ചായ കുടിച്ചേക്കാം എന്ന് ഞാനും തീരുമാനിച്ചു…ഞാൻ പറഞ്ഞു… “ആയിക്കോട്ടെ ചായ എടുത്താട്ടെ… “
അകത്തേക്ക് ഓർഡർ പോയി…ഡേയ്…മൂന്ന് ചായ…
ചായ വരുന്നത് വരെ ഞങൾ രാഷ്ട്രീയ ചർച്ചകളിലേക്ക് കടന്നു…ചായ കിട്ടാൻ വേണ്ടി ഞാൻ അതിനും തയ്യാറായി എന്നതാണ് സത്യം…
ഒടുവിൽ ചായ കാത്തിരുന്ന ഞങ്ങടെ മുമ്പിലേക്ക് മൂന്ന് കട്ടൻ ചായകൾ ഒരു പ്ലേറ്റിൽ കയറി വന്നു…
ഞാൻ ഒരു ഗ്ലാസ്സ് എടുത്ത്…രംഗം ശാന്തം..ഞാൻ കട്ടൻ ഊതി ഊതി കുടിച്ചു…എനിക്കും ഗുപ്തനും ചൂട് കട്ടൻ ഊതി ഊതി കുടിക്കുന്നത് ആണല്ലോ ഇഷ്ടം…
ഞങ്ങൾ എഴുന്നേറ്റു…കൈ കൂപ്പി വിട പറഞ്ഞു…വണ്ടിയിൽ കയറിയ ഞാൻ അദ്ദേഹത്തോട് പറഞ്ഞു മോളുടെ കല്യാണം ഞങ്ങളേയും വിളിക്കണം ട്ടോ…
“ഓകെ” എന്ന് അദ്ദേഹവും…
ഇദ്ദേഹം പറഞ്ഞ കഥകൾ എല്ലാം കള്ളം ആണെന്ന്, എനിക്കും, അദ്ദേഹത്തിനും, അകത്ത് ഇരുന്ന് പ്രതീക്ഷയോടെ ചെവി വട്ടം പിടിച്ച് കേൾക്കുന്ന മകൾക്കും അറിയാം…
ഞാൻ ഇങ്ങോട്ടുള്ള യാത്രയിൽ ആലോചിച്ചത് മുഴുവൻ ആ പെൺകുട്ടിയുടെ മാനസിക അവസ്ഥയെ കുറിച്ചാണ്…
നല്ല ഒരു ആലോചന…നല്ല ഒരു പയ്യൻ…തനിക്ക് ഇഷ്ടപ്പെട്ട ഒരു പയ്യൻ…കൂടെ ജോലി ചെയ്യുന്ന പയ്യൻ…അച്ഛൻ്റെ ഒരു വാക്ക് മതി കാര്യങ്ങള് fix ആകാൻ…പക്ഷേ അച്ഛൻ അത് ചെയ്തില്ല…അച്ഛൻ ഒരിക്കലും തുറക്കാൻ പറ്റാത്ത വിധം ആ ചാപ്റ്റർ ക്ലോസ് ചെയ്തിരിക്കുന്നു…എന്താ അച്ഛൻ ഇങ്ങനെ…!!!??????
അച്ഛൻ എന്താ ഇങ്ങനെ എന്ന് നായികയ്ക്ക് അറിയില്ലാ എങ്കിലും എനിക്ക് അറിയാം…
അച്ഛൻ ആ നാട്ടിലെ എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് ആണ്…അച്ഛൻ ഉയർന്ന ജാതിയിൽ ജനിച്ചവൻ ആണ്…മകളെ ഒരു ചോവൻ്റെ കൂടെ ജീവിക്കാൻ വിട്ടാൽ പ്രസിഡൻ്റ് സ്ഥാനം ഒഴിയെണ്ടി വരും…കരയോഗങ്ങളിൽ പങ്കെടുക്കാൻ പറ്റാതെ വരും…ഗർവ് നഷ്ടപ്പെടും…ഗമ നഷ്ടപ്പെടും…അന്തസ്സ് നഷ്ടപ്പെടും…തല താഴ്ന്നു പോകും…
അങ്ങനെ നിനക്ക് വേണ്ടി എനിക്ക് ഇതൊന്നും നഷ്ടപ്പെടുത്താൻ വയ്യ എൻ്റെ പൊന്നുമോളെ…
നമുക്ക് ഇപ്പൊ കടുത്ത ദാരിദ്ര്യം ഉണ്ടെന്നേ ഉള്ളൂ പക്ഷേ നമ്മൾ ഇപ്പോളും നായന്മാർ ആണല്ലോ…അത് മതി മോളെ നമുക്ക്…പട്ടിണി കിടന്ന് ചത്താലും വേണ്ടില്ല നമുക്ക് നായരായി തന്നെ മരിക്കാം…
ഞാൻ ഇത് ഇവിടെ എഴുതിയത് എന്തിനാണെന്ന് ചോദിച്ചാൽ…വിഷമം കൊണ്ടാണ്…വിഷമം എന്താച്ചാൽ…അദ്ദേഹം ഞങ്ങളെ സമർത്ഥമായി പറ്റിച്ചു എന്ന മുഖഭാവത്തിൽ ആണ് ഞങ്ങളെ യാത്രയാക്കിയത്…അദ്ദേഹത്തിൻ്റെ മുഖത്ത് നോക്കി നിങൾ പറയുന്നത് എല്ലാം കള്ളം ആണെന്ന് ഞങ്ങള്ക്ക് മനസിലായി എന്ന് പറയാൻ എനിക്ക് അപ്പൊൾ തോന്നിയില്ല…പറ്റിയില്ല…
അയാള് പറ്റിച്ചത് ഞങ്ങളെ ആണോ അയാളുടെ മകളെ ആണോ…??
ലോകത്തെ അവസാനത്തെ പയ്യൻ അല്ല നമ്മുടെ നായകൻ എന്ന് എനിക്ക് അറിയാം…അവൾക്ക് ഇവനേക്കാൾ നല്ല ഒരു പയ്യനെ കിട്ടും എന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം…??
എങ്കിലും നമ്മുടെ നായകനെ വേണ്ട എന്ന് വയ്ക്കാൻ ജാതി അല്ലാതെ വേറെ ഒരു കാരണവും ഞാൻ കാണുന്നില്ല…
മകളെക്കാൾ ജാതിയെ സ്നേഹിക്കുന്ന ഒരു അച്ഛൻ…
പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടുകാരൻ….അല്ലെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടുകാരൻ…??